സത്യജ്വാല' മാസികയുടെ
സെപ്റ്റംബര്‍ ലക്കത്തില്‍ പ്രൊഫ. പി.സി. ദേവസ്യ എഴുതിയിരുന്ന സഭാനവീകരണസംവാദം - ഒരു
പ്രതികരണം എന്ന കുറിപ്പ് അല്മായശബ്ദത്തില്‍
(http://almayasabdam.blogspot.in/2015/10/blog-post_13.html)
ചേര്‍ത്തിരുന്നല്ലോ. അതിന്റെ
അനുബന്ധമായി എഡിറ്റര്‍
ശ്രീ ജോര്‍ജ് മൂലേച്ചാലില്‍
എഴുതിയിരുന്ന പ്രതികരണമാണ് താഴെ:
2015 മെയ്
ലക്കത്തില്‍ സഭാനവീകരണത്തെപ്പറ്റി എഴുതിയിരുന്ന 'മുഖക്കുറി'യെയും, അതിനോടു
പ്രതികരിച്ച് ശ്രീ റ്റി.റ്റി. മാത്യു തകിടിയേല്‍ എഴുതിയ ലേഖനത്തെയും, തുടര്‍ന്നുള്ള
എന്റെ പ്രതികരണത്തെയുമെല്ലാം ഇത്ര സൂക്ഷ്മമായി വിലയിരുത്തുവാന്‍ താത്പര്യം കാണിച്ച സഭാനവീകരണരംഗത്തെ
എന്റെ ആദ്യ ഗുരുനാഥന്‍കൂടിയായ പ്രൊഫ.പി.സി. ദേവസ്യാ സാറിനോടുള്ള നന്ദി ആദ്യമേ പ്രകടിപ്പിക്കട്ടെ.
തകിടിയേല്‍ മാത്യുച്ചേട്ടനു ഞാന്‍ നല്‍കിയ മറുപടികളില്‍ ഭൂരിഭാഗവും
ശരിയും തൃപ്തികരവുമെന്ന് അദ്ദേഹം അംഗീകരിച്ചുകണ്ടതിലുള്ള സന്തോഷവും ഇവിടെ രേഖപ്പെടുത്തുന്നു.
എന്നാല്‍ഈ
വിഷയം അവസാനമായി ചര്‍ച്ചചെയ്ത ജൂലൈ ലക്കത്തില്‍, കാപട്യത്തെയും
ആത്മവഞ്ചനയെയുംകുറിച്ച് മനുഷ്യമനസ്സുകളില്‍ വേരുപിടിച്ചുനില്‍ക്കുന്ന ചില ധാരണകളെ തിരുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു.
എന്റെ ആ ഉദ്യമം വായനക്കാരുടെ മനസ്സുകളില്‍ അപകടകരമാംവിധം അവ്യക്തതകളുയര്‍ത്താന്‍ കാരണമായിരിക്കുന്നുവെന്നാണ്
ബഹു.ദേവസ്യാസാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തീര്‍ച്ചയായും ഇത് എന്നില്‍നിന്നും കൂടുതല്‍ വിശദീകരണം
ആവശ്യപ്പെടുന്നു.
ഗാന്ധിജി 'ഹിന്ദ്
സ്വരാജ്' അവസാനിപ്പിക്കുന്നത്, ''എന്റെ
ശിഷ്ടജീവിതം സമര്‍പ്പിച്ചിരിക്കുന്നത് ഈ സ്വരാജ് നേടുന്നതിനുവേണ്ടിയാണെന്ന് എന്റെ മനസ്സാക്ഷി
സത്യംചെയ്യുന്നു'' എന്ന വാക്യത്തോടെയാണ്. എന്നാല്‍, ഈ
പ്രതിജ്ഞ മാറ്റിവച്ച്, ഇന്ത്യയുടെ പാര്‍ലിമെന്ററി സ്വരാജിനു
വേണ്ടിയാണ് അദ്ദേഹം പിന്നീടു പ്രവര്‍ത്തിച്ചത് എന്നു നമുക്കറിയാം. 'ഹിന്ദ്
സ്വരാജി'ല്‍ അദ്ദേഹം ആവിഷ്‌കരിച്ച ഗ്രാമസ്വരാജ് സങ്കല്പത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെയായിരുന്നു
അദ്ദേഹത്തിന്റെ ഈ ചുവടുമാറ്റം എന്നോര്‍ക്കണം. അദ്ദേഹം പറയുന്നു: ''....അതിലെ
ആശയങ്ങളിലെനിക്കു വിശ്വാസം കൂടിയിട്ടേയുള്ളൂ.... എന്നാല്‍, പുസ്തകത്തില്‍ വിവരിച്ച
മട്ടിലുള്ള സ്വരാജിനു വേണ്ടിയല്ല ഞാനിപ്പോള്‍ യത്‌നിക്കുന്നത്. അതിനുമാത്രം പക്വത ഇന്ത്യയ്ക്കു
കൈവന്നിട്ടില്ല.... ഇന്ത്യാക്കാരുടെ ഹിതം മാനിച്ച് പാര്‍ലിമെന്ററി സ്വരാജ് നേടലാണ്
ഇപ്പോഴത്തെ എന്റെ പൊതുപ്രവര്‍ത്തനലക്ഷ്യം'' (യംഗ്
ഇന്ത്യ, ജനു. 1921). ബ്രിട്ടീഷ്
മോഡല്‍പാര്‍ലിമെന്ററി ജനാധിപത്യസമ്പ്രദായത്തെ 'മച്ചിയും
വേശ്യയും' എന്നു ക്രൂരമായി പരിഹസിച്ച ആളാണു
ഗാന്ധിജി എന്നോര്‍ക്കുക.)
ഇവിടെ, ഗാന്ധിജി
'അതിനുമാത്രം
പക്വത ഇന്ത്യയ്ക്കു കൈവന്നിട്ടില്ല' എന്നും, 'ഇന്ത്യാക്കാരുടെ
ഹിതം പാര്‍ലിമെന്ററി സ്വരാജ് നേടലാണ്' എന്നും മനസ്സിലാക്കിക്കൊണ്ട്
തനിക്കു വലിയ യോജിപ്പില്ലാത്ത ഒരു കാര്യത്തിനുവേണ്ടി തന്റെ പ്രവര്‍ത്തനപന്ഥാവ് മാറ്റുകയാണു
ചെയ്തത്. മഹാന്മാര്‍ക്കുപോലും, നിലവിലുള്ള
സാമൂഹികസാഹചര്യങ്ങള്‍ക്കും മനുഷ്യരുടെ ഹിതത്തിനും അനുസൃതമായേ പ്രവര്‍ത്തിക്കാനാവൂ എന്നും, അതൊന്നും
കാപട്യമോ ആത്മവഞ്ചനയോ അല്ലെന്നുമാണ് ഇതു തെളിയിക്കുന്നത്.
നികുതി നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ല
എന്നറിയാമായിരുന്നിട്ടും, അതു സ്ഥാപിക്കാന്‍ ശ്രമിക്കാതെ, 'നികുതി
പിരിവുകാര്‍ക്ക് ചിന്താക്കുഴപ്പം ഉണ്ടാക്കേണ്ട' എന്നു
പറഞ്ഞ് നികുതിയടയ്ക്കാന്‍ പത്രോസിനെ ചുമതലപ്പെടുത്തുന്ന യേശുവും (മത്താ. 17:24-27),
നിലവിലുള്ള
സാമൂഹിക വ്യവസ്ഥയെ പൂര്‍ണ്ണമായി അവഗണിച്ച്, സ്വന്തം
കാഴ്ചപ്പാടനുസരിച്ച് മനുഷ്യനു ജീവിക്കാനാവില്ല എന്ന സത്യത്തിലേക്കല്ലേ വിരല്‍ചൂണ്ടുന്നത്
എന്നോര്‍ത്തു നോക്കുക.
ഓരോ കാലത്തും
അപ്പോള്‍ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിക്കും പൊതുസാംസ്‌കാരിക നിലവാരത്തിനും കുറെയെങ്കിലും
വഴങ്ങിക്കൊണ്ടേ, എത്ര ഉന്നതമായ ആശയങ്ങളുള്ളവര്‍ക്കും
ജീവിക്കാനും പ്രവര്‍ത്തിക്കാനുമാകൂ എന്നാണ് ഇതില്‍നിന്നു നമുക്കു മനസ്സിലാക്കാനാകുന്നത്.
അവനവന്റെ ജീവിതത്തിലേക്കു നോക്കിയാലും സ്വന്തം കാഴ്ചപ്പാടനുസരിച്ചു ജീവിക്കാന്‍ പലപ്പോഴും
നമുക്കു കഴിയാറില്ല എന്നു കാണാനാകും. എന്നാല്‍ ചിന്തയ്ക്ക് അങ്ങനെയൊരു പരിമിതിയില്ല.
ആര്‍ജ്ജിക്കുന്ന അറിവിനും മൂല്യബോധത്തിനുമനുസരിച്ച് താന്‍ ജീവിക്കുന്ന വ്യവസ്ഥിതിയെ
നോക്കിക്കാണാനും അതിലെ ന്യൂനതകളും അനീതികളും മനസ്സിലാക്കാനും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളെക്കുറിച്ചു
ചിന്തിച്ച് ഒരു പുതിയ വ്യവസ്ഥിതി വിഭാവനംചെയ്യാനും മാര്‍ഗരേഖ ചമയ്ക്കാനുമൊക്കെ മനുഷ്യനു
സാധിക്കും. അതൊക്കെ ജനങ്ങളോടു പറയാനും സാധിക്കും. എന്നുവച്ച്, അയാള്‍വിഭാവനം
ചെയ്യുന്ന ആ ഭാവിലോകത്തെ മൂല്യവ്യവസ്ഥയ്ക്കനുസ്സരിച്ച്
ഇന്നുതന്നെ അയാള്‍ക്കു ജീവിക്കാനാകുന്നതെങ്ങനെ? ജീവിച്ചുകാണിക്കാനാകുന്നില്ല
എന്ന കാരണത്താല്‍ ചിന്തയും എഴുത്തും പറച്ചിലും ഒഴിവാക്കണമെന്ന് ആരെങ്കിലും വാദിക്കുമോ? (ചിലര്‍ അങ്ങനെയും വാദിക്കും. എന്നെ വ്യക്തിപരമായി അറിയാവുന്ന ഒരു
മുന്‍ വൈദികന്‍, എന്റെ
'യേശുവും
സഭയും'' എന്ന ഗ്രന്ഥത്തിന്, ഒരു
നിരൂപണം എഴുതിയതോര്‍ക്കുന്നു. പുസ്തകത്തിലെ ഒരു കാര്യവും പരാമര്‍ശിക്കാതെ, അങ്ങനെയൊരു
പുസ്തകമെഴുതാനുള്ള
എന്റെ അര്‍ഹതയെ വിശദമായി ചോദ്യം ചെയ്യുക മാത്രമാണ് അദ്ദേഹം അതില്‍ ചെയ്തത്. സ്വന്തം
കുട്ടികളെ പള്ളിയില്‍ പോയി മാമോദീസാ മുക്കുകയുംമറ്റും ചെയ്തിട്ടുള്ള ഒരാള്‍ക്ക് സഭാകാര്യങ്ങളെ
വിമര്‍ശിച്ചു പുസ്തകമെഴുതാന്‍ എന്തു യോഗ്യത എന്നതായിരുന്നു, അദ്ദേഹത്തിന്റെ
വാദം! സ്വയം ജീവിച്ചു കാണിക്കാന്‍ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ
എഴുതുകയോ ചെയ്യാന്‍ പാടില്ല എന്ന്!)
വ്യത്യസ്തമായ
കാഴ്ചപ്പാടുള്ളവരെ, അവരുടെ സാധാരണമായ പ്രായോഗികജീവിതം
കണ്ട്, 'അയാള്‍പറയുന്നതുപോലെ ജീവിക്കുന്നില്ല' എന്നു
പഴിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍, തെറ്റായ
സാമൂഹിക- മതവ്യവസ്ഥിതികള്‍ മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്ന നിസ്സഹായത തിരിച്ചറിയാത്തവരാണ്.
വ്യക്തമായി തിരിച്ചറിയേണ്ട ഒന്നാണിത് എന്നു തോന്നിയതിനാലാണ് ഇത്ര വിശദമായി ഇതേക്കുറിച്ച്
എഴുതിയത്.
തിരിച്ചറിയേണ്ട
മറ്റൊന്ന്, സ്‌നേഹത്തെപ്രതിയുള്ള വിട്ടുവീഴ്ചാമനോഭാവത്തിന്റെ
ആവശ്യകതയാണ്. കാരണം, അതും പലപ്പോഴും ആത്മവഞ്ചനയായും കാപട്യമായും
തെറ്റിദ്ധരിക്കപ്പെടുന്നു. 'ശാബത്ത് മനുഷ്യനുവേണ്ടിയാണ്' എന്ന യേശുവചസ്സ് ഉദ്‌ബോധിപ്പിക്കുന്നത്, എല്ലാ
നിയമങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും തത്ത്വസംഹിതകള്‍ക്കും മീതേയാണ് സ്‌നേഹവും മാനുഷിക ബന്ധങ്ങളും
എന്നാണ്; ആദര്‍ശത്തിനും ബോദ്ധ്യങ്ങള്‍ക്കുംവേണ്ടി, അവ
ശരിയാണെങ്കില്‍പ്പോലും, സ്‌നേഹത്തെ
ബലികഴിക്കരുതെന്നാണ്. പ്രിയപ്പെട്ടവരുടെയും കാരണവന്മാരുടെയും ആഗ്രഹപ്രകടനങ്ങള്‍ക്കുമുമ്പില്‍, 'എന്റെ
ബോധ്യങ്ങള്‍ അതിനെന്നെ അനുവദിക്കുന്നില്ല' എന്നു പറയുന്നത്
സ്‌നേഹനിരാസമല്ലേ? ആണെന്നു ഞാന്‍കരുതുന്നു. പകരം, സ്വന്തം
ബോധ്യങ്ങളില്‍ നിലനിന്നുകൊണ്ടുതന്നെ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതല്ലേ ക്രിസ്തീയം? പ്രതിമാവണക്കക്കാരുടെ
പ്രശ്‌നത്തില്‍ അവരിലൊരാളായിനിന്നു പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലും, പൗരോഹിത്യത്തിന്റെ
ഇരകളായിത്തീര്‍ന്ന അവരോടുള്ള സ്‌നേഹവും ആര്‍ദ്രഭാവവുമാണുള്ളത്. തീര്‍ച്ചയായും അത് ആത്മവഞ്ചനയോ
കാപട്യമോ ആകുന്നില്ല. ഞാനുദ്ധരിച്ചിരുന്ന പൗലോസ് ശ്ലീഹായുടെ ലേഖനഭാഗം (1 കോറി.
9:20-23)
അതു
വ്യക്തമായി സമര്‍ത്ഥിക്കുന്നുണ്ടെന്നു ഞാന്‍കരുതുന്നു. 'അഭിനയം' എന്ന
വാക്ക് അദ്ദേഹം ഉപയോഗിച്ചിട്ടില്ല എന്നു സമ്മതിക്കുന്നു. അങ്ങേയറ്റം പോയാല്‍ അത്തരം
പ്രവര്‍ത്തനങ്ങളെ ആര്‍ക്കും ദോഷം ചെയ്യാത്തതും സദുദ്ദേശ്യത്തോടെയുള്ളതുമായ അഭിനയം എന്നു
വേണമെങ്കില്‍വിളിക്കാം എന്നു പറഞ്ഞെന്നു മാത്രം.
എന്റെ ഈ വിശദീകരണം, പി.സി.
ദേവസ്യാസാര്‍ ഉന്നയിച്ചിരുന്ന 6 സന്ദേഹങ്ങളില്‍ ആദ്യത്തെ
4-നും
ഉത്തരമാകും എന്നു കരുതുന്നു.
''സഭയും സമുദായവും
രണ്ടാകേണ്ടതുണ്ട്''' എന്നു പറയുന്നത്, സഭയെന്നു
പറഞ്ഞുകൊണ്ട് പൗരോഹിത്യം സമുദായത്തെ ഭൗതികമായിക്കൂടി ഭരിക്കുന്ന സാഹചര്യം നിലവിലുള്ളതുകൊണ്ടാണ്.
ക്രൈസ്തവ വീക്ഷണമനുസരിച്ച് സഭയിലോ സമൂഹത്തിലോ ഭരണമില്ല; ശുശ്രൂഷയേയുള്ളൂ-
ആദ്ധ്യാത്മിക ശുശ്രൂഷയും ഭൗതിക ശുശ്രൂഷയും. ഓരോ ശുശ്രൂഷയും ഉത്തരവാദിത്തവുംകൂടിയാണ്.
അതായത്, തങ്ങളുടെ ആദ്ധ്യാത്മികശുശ്രൂഷകരെ
തിരഞ്ഞെടുത്തു നിയോഗിക്കാനും സഭാസമൂഹത്തിന്റെ ഭൗതികകാര്യങ്ങള്‍ ഏറ്റെടുത്തു നിര്‍വ്വഹിക്കാനുമുള്ള
ഉത്തരവാദിത്വം ഓരോ ക്രൈസ്തവ സമൂഹത്തിനുമുണ്ട്. സഭ (വിശ്വാസികളുടെ സമൂഹം) തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന
ആദ്ധ്യാത്മിക ശുശ്രൂഷകള്‍ ഏറ്റെടുത്തു നടത്തുവാനുള്ള ഉത്തരവാദിത്വമാണ് ആദ്ധ്യാത്മിക ശുശ്രൂഷകര്‍ക്കുള്ളത്.
ഇവിടെ, വിശ്വാസികളെ ആത്മീയാവബോധത്തിലും
വിശ്വാസത്തിലും വളര്‍ത്തുവാനും യേശുവിലുള്ള കൂട്ടായ്മയില്‍ ഒന്നിപ്പിക്കാനുമുള്ള ആദ്ധ്യാത്മിക ശുശ്രൂഷകരുടെ
ദൗത്യവും, അവര്‍ക്കു വേണ്ടതായ എല്ലാ സൗകര്യങ്ങളും
ഒരുക്കിക്കൊടുക്കാനും കൂട്ടായ്മാസമൂഹത്തിന്റെ സാംസ്‌കാരികവും ഭൗതികവുമായ ഉല്‍ക്കര്‍ഷത്തിനായി
പ്രവര്‍ത്തിക്കാനും പൊതു സമൂഹത്തിലും രാഷ്ട്രകാര്യങ്ങളിലും ഇടപെടാനുമുള്ള സഭാപൗരന്മാരുടെ
ദൗത്യവും പരസ്പരബന്ധിതമെങ്കിലും വ്യത്യസ്തങ്ങളാണ്.
വിഭിന്നങ്ങളായ
ഈ രണ്ടു ദൗത്യങ്ങളും യേശുവിന്റെ പ്രബോധനങ്ങള്‍ക്കും അപ്പസ്‌തോലിക മാതൃകകള്‍ക്കും വിരുദ്ധമായി
സ്വയം ഏറ്റെടുത്തുകൊണ്ട് സഭയുടെ പേരില്‍ സാമുദായികകാര്യങ്ങളെയും കൈപ്പിടിയിലൊതുക്കിയിരിക്കുന്നു, പൗരോഹിത്യം
ഇന്ന്. ഇവിടെ, സഭാപൗരന്മാരുടെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ അവരുടെതന്നെ
കൈകളിലേക്കു തിരിച്ചുകൊണ്ടുവരേണ്ടത് സ'യുടെ ആരോഗ്യകരമായ
നിലനില്പിനും വളര്‍ച്ചയ്ക്കും ആവശ്യമാണ്. അതിന് ആദ്യമായി, കൈവിട്ടുപോയ
അവരുടെ സാമുദായിക ഉത്തരവാദിത്വങ്ങള്‍ ഇന്നത്തെ പൗരോഹിത്യഘടനയില്‍നിന്നു വേര്‍പെടുത്തിയെടുക്കേണ്ടതുണ്ട്.
ഈ അര്‍ത്ഥത്തിലാണ് സഭയും സമുദായവും രണ്ടാകേണ്ടതുണ്ട് എന്ന് പറയുന്നത്.
ഇനി, ''കത്തോലിക്കാസഭയില്‍ എന്താണ്
അന്ധവിശ്വാസവും വിഗ്രഹാരാധനയും അല്ലാതായുള്ളത്?'' എന്നെഴുതിയതിനെപ്പറ്റി.
എന്റെ വീക്ഷണത്തില്‍ ക്രൈസ്തവജീവിതമെന്നാല്‍, യഥാശക്തി
ദൈവരാജ്യത്തിനായും ദൈവനീതിക്കായും പ്രവര്‍ത്തിച്ചുകൊണ്ടും, മറ്റുള്ളവരെയും
തന്നെപ്പോലെതന്നെ കണ്ടുകൊണ്ടുമുള്ള ജീവിതമാണ്. അതിനാവശ്യമായ ഒരു ദൈവദര്‍ശനവും സ്‌നേഹമാര്‍ഗവും
കൂട്ടായ്മാജീവിതത്തെ ഉത്തേജിപ്പിക്കാനുള്ള ജീവിതാനുഷ്ഠാനങ്ങളും യേശു അവതരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ഇന്ന്
ഇതില്‍നിന്നെല്ലാം മനുഷ്യനെ വ്യതിചലിപ്പിക്കുന്ന പുരോഹിതസൃഷ്ടമായ വിശ്വാസസത്യങ്ങളില്‍ വിശ്വസിക്കണമെന്നും, അതിന്റെ
അടിസ്ഥാനത്തില്‍ അവര്‍ ആവിഷ്‌കരിച്ചിരിക്കുന്ന അനുഷ്ഠാനങ്ങള്‍ ആചരിക്കണമെന്നുമാണ്, കത്തോലിക്കാ
സഭാധികാരം അനുശാസിക്കുന്നത്. ഇവിടെ മനുഷ്യന്‍ വിശ്വസിക്കുന്നത് പുരോഹിതസൃഷ്ടമായ ദൈവശാസ്ത്ര തത്ത്വങ്ങളിലാണ്, ദൈവത്തിലല്ല, എന്നു തിരിച്ചറിയേണ്ടതുണ്ട്. വാസ്തവത്തില്‍, ദൈവാന്വേഷണത്തിലേക്കോ
ദൈവവിശ്വാസത്തിലേക്കോ ഉള്ള വഴി മനുഷ്യരുടെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. ദൈവശാസ്ത്രവിശ്വാസത്തെ
ദൈവവിശ്വാസമായി മനുഷ്യര്‍ തെറ്റിദ്ധരിക്കുകയാണ്; അന്ധമായി
വിശ്വസിക്കുകയാണ്.
അതുപോലെതന്നെ, സ്‌നേഹത്തിന്റെയും
കൂട്ടായ്മയുടെയും ജീവിതാനുഷ്ഠാനമായിരുന്ന അപ്പം മുറിക്കല്‍ ശുശ്രൂഷയെ താന്ത്രിക വിധികളും
മന്ത്രോച്ചാരണങ്ങളും അധരപ്രാര്‍ത്ഥനകളും നിറഞ്ഞ പൂജയും ബലിയുമൊക്കെയാക്കിക്കൊണ്ട്
ജീവിതത്തില്‍നിന്നു വിച്ഛേദിച്ചു. അപ്പത്തെയും വീഞ്ഞിനെയും യേശുവിനെയും ആരാധനാവിഗ്രഹങ്ങളാക്കി
മാറ്റി. അതാണ്, ഇന്നത്തെ കുര്‍ബാനയാചരണംപോലും വിഗ്രഹാരാധനയല്ലേ
എന്നെഴുതിയത്.
സൂക്ഷ്മമായി നോക്കിയാല്‍, സഭയിലെ
എല്ലാ അനുഷ്ഠാനങ്ങളും വിഗ്രഹാരാധനയാണെന്നു കാണാം. ഇതു മനസ്സിലാക്കിയാല്‍ പ്രതിമാവണക്കമൊക്കെ, അതു
കുരീപ്പുഴയിലേതായാലും അരുവിത്തുറയിലേതായാലും, അതിന്റെ ഉപോല്‍പന്നങ്ങള്‍ മാത്രമാണെന്നും നിസ്സാരപ്പെട്ടതാണെന്നും കാണാം.
പ്രൊഫ.ദേവസ്യാസാര്‍ ശ്രീ
റ്റി.റ്റി. മാത്യു തകടിയേലിനോടു ചോദിക്കാനുദ്ദേശിച്ചതായി എഴുതിയിരുന്ന ചോദ്യങ്ങളോട്
അദ്ദേഹംതന്നെ പ്രതികരിച്ചെഴുതും എന്നു കരുതുന്നു.
No comments:
Post a Comment