Translate

Friday, January 29, 2016

പുസ്തകചര്‍ച്ചയും നീതിന്യായരംഗത്തെ ശുദ്ധീകരിക്കാനുള്ള പദ്ധതിയും

KCRM പ്രതിമാസപരിപാടി

2016 ജനുവരി 30, ശനിയാഴ്ച 2 p.m. മുതല്‍, 

പാലാ ടോംസ് ചേമ്പര്‍ ഹാളില്‍

പുസ്തകം    :    അഡ്വ. ഡോ. ചെറിയാന്‍ ഗൂഡല്ലൂര്‍ രചിച്ച

'ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന കൈയേറ്റവും കേരളഹൈക്കോടതിയിലെ വന്‍തട്ടിപ്പും'

അദ്ധ്യക്ഷന്‍    :    ശ്രീ കെ. ജോര്‍ജ് ജോസഫ് (KCRM സംസ്ഥാന പ്രസിഡന്റ്)
ഗ്രന്ഥാവലോകനം    :    ശ്രീ കെ.കെ. ജോസ് കണ്ടത്തില്‍ (KCRM സംസ്ഥാന ജന. സെക്രട്ടറി)
പുസ്തകത്തെക്കുറിച്ചുള്ള
പ്രതികരണങ്ങള്‍    :    അഡ്വ. വി.ജെ. ജോസഫ് വലിയവീട്ടില്‍
    :    അഡ്വ. കെന്നഡി എം. ജോര്‍ജ്
    :    ശ്രീ ജോസഫ് വെളിവില്‍
    :    പ്രൊഫ. ഇപ്പന്‍
    :    അഡ്വ. ടോം ജോസ്, തൊടുപുഴ
    :    അഡ്വ. ഇന്ദുലേഖാ ജോസഫ്
നീതിന്യായരംഗം ശുദ്ധീകരിക്കാനുള്ള പ്ലാനും പദ്ധതിയും    :   
അഡ്വ. ഡോ. ചെറിയാന്‍ ഗൂഡല്ലൂര്‍

പ്രതികരണപ്രസംഗം    :    ശ്രീ റെജി ഞള്ളാനി
നീതിന്യായവ്യവസ്ഥയുടെ ഇന്നത്തെ അപചയങ്ങളെ ധീരമായി തുറന്നുകാണിക്കുന്ന ഒന്നാണ്, കഴിഞ്ഞ KCRM പരിപാടിയില്‍ പ്രകാശനം ചെയ്ത ടി ഗ്രന്ഥം. അത് ഗൗരവമായ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കുകയാണ്. ഒപ്പം, ഗ്രന്ഥകര്‍ത്താവ് നീതിന്യായരംഗം ശുദ്ധീകരിക്കാനുദ്ദേശിച്ച് ചില പദ്ധതികള്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുകയും ചെയ്യുന്നു. അതിനുശേഷം പൊതുചര്‍ച്ചയും ഉണ്ടായിരിക്കും.
ഈ പരിപാടിക്ക് എല്ലാവരുടെയും സാന്നിദ്ധ്യവും സജീവപങ്കാളിത്തവും അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹാദരവുകളോടെ,
    കെ.കെ.ജോസ് കണ്ടത്തില്‍ (8547573730)
    (KCRM സംസ്ഥാന ജന. സെക്രട്ടറി)

Thursday, January 28, 2016

പുരോഹിതർ ചുടലഭൂതമോ ?




ക്രീസ്തീയ മൃതസംസ്‌കാര ചടങ്ങുകൾക്കുള്ള നേതൃത്വം കുടുംബത്തിലേയും  നാട്ടിലേയും മുതിർന്നവർക്ക് നൽകുവാൻ സഭാ നേതൃത്വം അനുവാദം നൽകുന്നത് ഉചിതമായിരിക്കും


നമ്മൾ ഭാരതിയരാണ്. ആർഷഭാരതസംസ്‌കാരം ലോകംമുഴുവൻ ശ്രദ്ധിക്കപ്പെട്ടിട്ടുളളതും ആകർഷിക്കപ്പെട്ടിട്ടുള്ളതുമാണ്. നമ്മുടെ ഈ സംസ്‌കാരത്തിൽ ജനസംഖ്യ കുറവുണ്ടായിരുന്ന കാലത്ത് കൂട്ടുകടുംബ വ്യവസ്ഥിതിയും പന്നിട് കുടുംബ സംവിധാനവും നിലനിന്നു. ഈ സംസ്‌കാരത്തിന്റെ കെട്ടുറപ്പുമൂലം മാതാപിതാക്കളും മക്കളും സഹോദരങ്ങളും ബന്ധുക്കളും തമ്മിൽ ഗാഡമായ ബന്ധം നിലനിന്നു പോന്നു. മുതിർന്നവരെയും ഗുരുക്കൻമാരെയും  വളരെയധികം ബഹുമാനത്തോടെയും ആദരവോടെയും അനുസരണത്തോടെയും കണ്ടിരുന്നു. പ്രായമായോ അല്ലാതെയോ ഒരു വ്യക്തി മരിക്കുമ്പോൾ വീട്ടുവളപ്പിൽ ആദരപൂർവ്വം സംസ്‌കരിച്ചിരുന്നു .അവരുടെ ഓർമ്മയും കുടുംബത്തോടുള്ള ബന്ധവും വർഷങ്ങളോളം നിലനിർത്തുന്നതിന് അവിടെ തെങ്ങോ ഫലവൃക്ഷങ്ങളോ നട്ടിരുന്നു .തലമുറകൾ ഇതിനെ ആദരിച്ചിരുന്നു. പിന്നീട് മൃതശരീരം ദഹിപ്പിക്കുവാൻ തുടങ്ങിയപ്പോൾ അതിലെ ഭസ്മം എടുത്ത് പുണ്യ സ്ഥലങ്ങളിലും വീടിന്റെ മുറ്റത്ത് അസ്ഥിത്തറയിലോ തുളസിത്തറയിലോ സൂക്ഷിച്ചിരുന്നു. ഒരു ജന്മം മുഴുവൻ തന്റെ കുടുംബത്തിനു വേണ്ടി ജീവിച്ച് മരിച്ച ബഹുമാന്യ വ്യക്തിക്ക് അർഹമായ ബഹുമാനവും ആദരവും തുടർന്നും ഇതുവഴി ലഭിച്ചിരുന്നു. അവരുടെ മാർഗ്ഗനിർദ്ദേശങ്ങളും സാനിധ്യവും തുടർന്നും നിലനിന്നിരുന്നത് ആശ്വാസകരമായിരുന്നു.
    പതിനഞ്ചാം നൂറ്റാണ്ടോടെ വിദേശ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിൽ നിലയുറപ്പിക്കുകയും ക്രസ്തുമതം പ്രചരിപ്പിക്കപ്പെടുകയും ചെയ്തതിന്റെ ഫലമായി കാലക്രമത്തിൽ നമ്മുടെ ഭാരതീയ സംസ്‌കാരത്തിൽ നിന്നും വ്യതിചലിച്ച്  പാശ്ചാത്യ സംസ്‌കാരപ്രകാരം മൃതശരീരങ്ങൾ പള്ളിയോട് ചേർന്ന് സംസ്‌കരിക്കുവാൻ തുടങ്ങി. നമുക്കറിയാം അവരുടെ നാട്ടിൽ കുടുംബ ബന്ധങ്ങൾക്കും ശാരീരിക ബന്ധങ്ങൾക്കും യാതൊരുവിധ കെട്ടുറപ്പുകളും ഇല്ലെന്ന കാര്യം.
    ചരിത്രപരമായി നോക്കിയാൽ മൃതശരിരങ്ങൽ സ്ഥിരമായി അടക്കുന്നസ്ഥലങ്ങൾക്ക് ചുടലക്കാടെന്നാണല്ലോ പേര് . അതിന്റെ സുക്ഷിപ്പുകാർ ചുടല യക്ഷികളും ചുടലഭൂതങ്ങളുമാണെന്ന വിശ്വാസം നിലനിന്നിരുന്നു. ഇവിടെ പള്ളിയോടു ചേർന്നുള്ള സെമിത്തേരിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചുടലക്കാടിന്റെ സൂക്ഷിപ്പു ചുമതല നമ്മുടെ ബഹുമാനപ്പെട്ട പുരോഹിതരുടെ ചുമലിൽ കെട്ടിവച്ച് വിദേശിയർ രക്ഷപെടുകയായിരുന്നു. വിദേശരാജ്യങ്ങളിൽ മൃതസംസ്‌കാരചുമതല സർക്കാരിനാണ്. പുരോഹിതർ സർക്കാർ ജീവനക്കാരുമാണ്. വിരലിലെണ്ണാവുന്ന ആളുകളാണ് ഈ ചടങ്ങിന് അവിടെ കൂടുന്നത്. എന്നുവച്ചാൽ കുടുംബ ബന്ധങ്ങൾ ഇല്ലന്നുപറയാം.
    ഇവിടെയും സ്ഥിതി മറിച്ചാണെന്നു പറയുവാൻ വയ്യ. ഒരു വ്യക്തി മരിച്ചാൽ ശവശരീരത്തെ എടുത്തുകൊണ്ടു പോകുവാൻ പുരോഹിതൻ വരുന്നു കുറെ ആളുകൾ ചേർന്ന് പളളിയിലെത്തിച്ച് ശവം ചുടലക്കാട്ടിലെത്തിച്ച് പുരോഹിതന് വിട്ടുകൊടുത്ത് ഒരുമണിക്കൂറിനുള്ളിൽ ബന്ധുക്കൾ സ്ഥലംവിടുന്നു. പിറ്റേന്നും മുന്നുനാലുദിവസങ്ങളും കുറച്ചുപേർ പ്രാർത്ഥനക്കായി അരമണിക്കൂർ വീതമെത്തി പിരിയുന്നു. ആത്മാവിലും അവസാനനാളുകളിലെ ഉയിർപ്പിലും വിശ്വസിക്കുന്ന ക്രീസ്ത്യാനികൾ പുരോഹിതനെ കൂട്ടി മരിച്ചവിട്ടിലെത്തി വെഞ്ചിരിപ്പുനടത്തി ആത്മാവിനെ പുറത്താക്കുന്നതായി ഭാവിക്കുന്നു. അതോടെ ആ വിടിന്റെ താങ്ങും തണലുമായിരുന്ന ആ നല്ലമനുഷ്യൻ ആ കുടുംബത്തിന്റെ സ്മൃതി മണ്ഡലത്തിൽ നിന്നും മറയുന്നു . ഈ ആചാരം കത്തോലിക്കാ കുടുംബങ്ങളിലെ ഭാരതീയ സംസ്‌കാരത്തെ അറുത്തുമാറ്റി. കുടുംബ ബന്ധങ്ങളും സഹോദര സ്‌നേഹവും പരസ്പര ബന്ധങ്ങളും ഇല്ലാതാക്കിയിരിക്കുന്നു.

    ബഹുമാന്യ പുരോഹിതരെ ആത്മിയ ശുശ്രൂക്ഷയ്ക്ക് നമ്മൾ നിയോഗച്ചിരിക്കുന്നവരാണ്. ചുടലക്കാടിന്റെ സൂക്ഷിപ്പുകാരായി അവരെ നിയോഗിക്കുന്നത് ആധുനിക കാലഘട്ടത്തിന് ചേർന്നതല്ല. അവരും നമ്മേപ്പോലെ മനുഷ്യരാണ് .നമ്മുടെ കുടുംബങ്ങളിൽ നിന്നും പോയവരാണവർ കാരുണ്യമർഹിക്കന്നവരാണവർ. വിദേശീയർ ചുടലഭൂതത്തിന്റെ ഭാരം അവരുടെ ചുമലിൽ കെട്ടിവച്ചുവെങ്കിൽ ഇന്നും അവർ അടിമ വേല ചെയ്യണമെന്നു പറയുന്നത് തെറ്റാണ്. തോട്ടിപ്പണി ചെയ്തിരുന്ന കാലംപോലും ഇന്നുമാറിയില്ലേ. ചുടലക്കാടിന്റെ സംരക്ഷണം പുരോഹിതൻ ഏറ്റെടുക്കണമെന്ന സായിപ്പിന്റെ ഈ പ്രാകൃത അനാചാരം എടുത്തുകളഞ്ഞ് കാലഘട്ടത്തിന്റെ മാറ്റത്തിനനുസൃതമായി മൃതസംസ്‌കാര രീതികൾ മാറ്റി പുനക്രമീകരിക്കുവാൻ സഭാ നേതൃത്വവും വിശ്വാസികളും തയ്യാറാവണം.ക്രിസ്തുവിന്റെ കാലത്തുപോലും പളളിയോട് ചേർന്ന് ശ്മശാനങ്ങൾ ഇല്ലായിരുന്നു യേശുവിനെപോലും മറ്റൊരാളുടെ സ്ഥലത്താണ് മറവുചെയ്തത് . പള്ളിമുറ്റത്ത് ശവങ്ങൾ മറവുചെയ്യണമെന്ന് ബൈബിൾ പറയുന്നില്ല.
മരിച്ചവർ നമ്മുടെ ഹൃദയങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും വേഗം കുടിയിറങ്ങേണ്ടവരല്ലയെന്ന സത്യം തിരിച്ചറിയണം. അവരെ നമ്മൾ അൽപ്പമെങ്കിലും സ്‌നേഹിച്ചിരുന്നുവെങ്കിൽ  സാധ്യതയുള്ളവർ    ഹൃദയസ്പർശിയായ നമ്മുടെ പഴയ രീതി തിരിച്ചു കൊണ്ടുവരുന്നതാണ് ഉത്തമം .ഭൗതിക സാഹചര്യമില്ലാത്ത മറ്റുള്ളവർക്ക് സർക്കാർ ഉടമസ്ഥതയിലോ മറ്റു ലഭ്യമായ സൗകര്യങ്ങളോ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുകയും പ്രാത്ഥനാമുറിയിലോ നമ്മുടെ കണ്ണെത്തുന്ന സ്ഥലത്തോ     ഓർമ്മവസ്തുകുരിശിനോടു ചേർത്ത് സൂക്ഷിക്കുകയും ചെയ്യാം. ഇതിന് കുടുംബത്തിലേയോ നാട്ടിലേയോ മുതിർന്നവർ സാക്ഷ്യം വഹിക്കണം. ഒരുവ്യക്തി ക്രിസ്ത്യാനിയോ മറ്റുജാതിയിൽ പെട്ടവനോ നിരീശ്വരവാദിയോ ആയിക്കൊള്ളട്ടെ അവന്റെ പ്രവൃത്തിയുടെ ഫലം മാത്രമാണ് അവന്റെ മോക്ഷപ്രാപ്തിയെന്ന് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞത് അടുത്തകാലത്താണല്ലോ.തെറ്റാവരമുള്ള മാർപ്പാപ്പയിലൂടെ ലോകം കേൾക്കുന്നത്  ദൈവത്തിന്റെ സ്വരമാണെന്ന വിശ്വാസമാണ് ക്രീസ്തിയ വിശ്വാസം. സ്വർഗ്ഗത്തിൽ ചെന്നുചേരുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് ദൈവമാണ്.മനുഷ്യർക്ക് യാതോരു പങ്കുമില്ല.

    ചുടലക്കാട്ടിൽ ശവം അടക്കിയാൽ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. അടുത്തടുത്തുള്ള ശവങ്ങൾ അഴുകിചേരുവാൻ ആവശ്യമായ ബാക്ടിരിയ പ്രവർത്തനങ്ങൾ പലപ്പോഴും നടക്കാറില്ല. കോഴുപ്പുകളും മറ്റ് അവശിഷ്ടങ്ങളും മണ്ണിനടിയിലൂടെ അടുത്തുള്ള കിണറുകളിലും മറ്റ് ജല സ്രോതസ്സുകളിലും ചെന്നെത്തുന്നത് അതീവഗുരുതരമാണ്.  സർക്കാർ നിയമമനുസരിച്ച് ഇനി ചെറു നിലകളുള്ള സെല്ലുകളാണുണ്ടാവുക. ക്രമേണ അതിലൂടെ എല്ലാവരെയും ഒരു വലിയ കുഴിയിലേയ്ക്ക് തള്ളിയിടേണ്ടിവരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ആത്മിയവും ഭൗതീകവുമായ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാവുന്നു.ഇനിയും നമ്മുടെ ബഹുമാന്യ പുരോഹിതരെ ചുടലഭൂതത്തിന്റെ നിലയിലേയ്ക്ക് തള്ളിവിടാതെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ തന്നെ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിന് എല്ലാവരും കൂട്ടായി മുന്നോട്ടുവരണം . ആദ്യ പടിയെന്ന നിലയിൽ സാമൂഹിക പരിഷ്‌കർത്താക്കൾ മുന്നോട്ടുവന്ന് മാതൃകയാവുന്നത് ഉചിതമായിരിക്കും. ആർഷഭാരത സംസ്‌കാരത്തിൽ നമുക്ക് ഒന്നാവാം.

                          നമ്മുടെയെല്ലാം മേൽ ദൈവാനുഗ്രഹങ്ങൾ സമൃദ്ധമായി ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്
           
           സ്‌നേഹപുർവ്വം
 റെജി ഞള്ളാനി ,
ദേശീയ ചെയർമാൻ ,
കെ,സി. ആർ. എം , -പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ......


കര്‍ത്താവ് കേരളത്തില്‍ വന്നപ്പോള്‍....



മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി


(ജനയുഗം വാരികയില്‍ 1975-ല്‍ പ്രസിദ്ധീകരിച്ച നര്‍മ്മഭാവന

'സത്യജ്വാല' 2016 ജനുവരി ലക്കത്തിൽ പുനഃപ്രസിദ്ധീകരിച്ചത്)



ദൈവപുത്രന്റെ നീണ്ട കുപ്പായം അങ്ങിങ്ങു പൊടിഞ്ഞു തുടങ്ങിയിരുന്നു. ആരുമദ്ദേഹത്തെ ശ്രദ്ധിച്ചില്ല. ചുവപ്പും വെള്ളയും കാവിയും കാപ്പിപ്പൊടിയും നിറമുള്ള കുപ്പായമണിഞ്ഞവര്‍ ആ കവലയില്‍ക്കൂടി സദാസമയവും കടന്നുപോകാറുള്ളതാണ്.

മുമ്പിലെ റോഡിലൂടെ ഉന്നതനീതിപീഠത്തിന്റെ കവാടത്തിലേക്ക് വൈദികവേഷധാരികള്‍ തിരക്കിട്ടു നീങ്ങുന്നത് ക്രിസ്തു ശ്രദ്ധിച്ചു. പക്ഷേ, അവരദ്ദേഹത്തെ കണ്ടില്ല. ആ കൈകാലുകളിലെ ആണിപ്പഴുതുകള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. അവരെല്ലാം ബിസ്സിയായിരുന്നു.

'എന്താണാഭാഗത്ത് വിശേഷം?' ഒരു വഴിപോക്കനോട് അവിടന്നു തിരക്കി.

'നിങ്ങളെവിടത്തുകാരനാ? അറിഞ്ഞില്ലേ വിശേഷം? കൊലക്കേസില്‍ പ്രതിയായി തൂക്കിക്കൊല്ലാന്‍ വിധിച്ച കത്തോലിക്കാ അച്ചന്റെ അപ്പീല്‍വാദം നടക്കുന്നു. അച്ചനെ രക്ഷിക്കുവാന്‍വേണ്ടി വാദിക്കുന്നത് ഒരു കമ്യൂണിസ്റ്റുകാരന്‍ വക്കീലും! എന്താ രസം, അല്ലേ?'

ക്രിസ്തു ഞെട്ടിത്തരിച്ചു ഫുഡ്പാത്തില്‍ നിന്നു. എന്റെ സഭയിലെ വൈദികന്‍ കൊലക്കേസില്‍ പ്രതിയോ? വധശിക്ഷയ്ക്കു വിധിയോ? ഇതല്ലല്ലോ ഞാനിവരെ പഠിപ്പിച്ചത്! അടിക്കുന്നവന് മറുചെകിടുംകൂടി കാട്ടിക്കൊടുക്കേണ്ടവന്‍ കൊല്ലാന്‍ ആയുധമെടുത്തെന്നോ? കമ്യൂണിസ്റ്റുകാരന് അയിത്തം കല്പിച്ചവന്‍ കഴുത്തില്‍ കൊലക്കയര്‍ വീഴുമെന്നായപ്പോള്‍ അയാളുടെ സഹായം തേടിയത് ദൈവികനീതിയുടെ ന്യായീകരണംതന്നെ.

ക്രിസ്തു അസ്വസ്ഥതയോടെ ഹൈക്കോടതിക്കവലയില്‍ അങ്ങിങ്ങു നടന്നു.

നോക്കുന്നിടത്തെല്ലാം പള്ളികള്‍. ഒന്ന്, രണ്ട്, മൂന്ന്, നാല്... ഇതെന്തു കഥ? ഇത്ര വളരെ പള്ളികള്‍ ഇത്ര ചെറിയ ദൂരത്തില്‍ പണിതുവച്ചത് എന്തു ലക്ഷ്യംവച്ചാണ്? ഇതൊരുതരം മത്സരം മാതിരിയാണല്ലോ. എന്റെ സഭയ്ക്കുള്ളില്‍ കിടമത്സരത്തിനെന്തു സ്ഥാനം? ആരാധനാലയം ഒരു സ്ഥലത്ത് ഒന്നു മതി. രണ്ടു വേണ്ട. ഓറശ്‌ളത്ത് ഒരു പള്ളിയേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ നൂറുവാരയ്ക്കുള്ളില്‍ നാലു പള്ളികള്‍! ഇവര്‍ക്കെല്ലാം എന്തോ മാനസികതകരാറു സംഭവിച്ചിട്ടുണ്ട്, തീര്‍ച്ച.

നിരയായി പണിത പള്ളികളുടെ മുമ്പിലത്തെ വീതികുറഞ്ഞ റോഡിലൂടെ ക്രിസ്തു നടന്നു. ഉത്തുംഗമായൊരു ഇരുനിലമന്ദിരത്തിന്റെ മുമ്പിലൂടെ നീങ്ങിയ ക്രിസ്തുവിനോട് ഒരു കാരണവര്‍ ചോദിച്ചു:

'അച്ചോ, അച്ചന്‍ അരമനയില്‍ കേറുന്നില്ലേ? കേറി കൈമുത്താതെ പോകുന്നതു സെക്രട്ടറിയച്ചന്‍ കണ്ടാല്‍ കുഴപ്പമാകും.'

'അരമനയോ? ആരുടെ അരമന? ഇന്ത്യയില്‍ രാജാക്കന്മാരുടെ ഭരണം അവസാനിപ്പിച്ചെന്നാണല്ലോ ഞാന്‍ കരുതിയിരുന്നത്!' ക്രിസ്തുവിന്റെ അമ്പരന്ന പ്രതികരണം.

'ഇങ്ങേര്‍ക്കു വട്ടൊണ്ടോ? രാജാവിന്റെയല്ല, വല്ല്യപിതാവിന്റെ അരമന. റോമാസഭയിലെ രാജകുമാരനാണു തിരുമേനി. ചുവന്നപട്ടില്‍ തുന്നിയ കുപ്പായം. കട്ടിപ്പൊന്നില്‍ കടഞ്ഞെടുത്ത കുരിശും മാലയും. കിരീടം. പൊന്നില്‍ പൊതിഞ്ഞ അംശവടി. കൊട്ടാരംപോലുള്ള കാറിലാണു യാത്ര. കേറി കൈമുത്തി പോകുന്നതാണ് അച്ചന്റെ ഭാവിക്കു നല്ലത്. പിതാവു കോപിച്ചാല്‍ കൊതവറയ്‌ക്കോ പട്ടിക്കാട്ടിനോ ഒക്കെ സ്ഥലംമാറ്റംതന്നു ശിക്ഷിക്കും. ഞാന്‍ പറഞ്ഞില്ലെന്നുവേണ്ട.'

ക്രിസ്തുവിനു വീണ്ടും ഞെട്ടല്‍. എന്റെ സഭയില്‍ രാജകുമാരനും അരമനയുമോ? ഞാന്‍ പാവപ്പെട്ട തച്ചന്റെ പുത്രനായിരുന്നു. എന്റെ അമ്മ ദരിദ്രയായ തുന്നല്‍ക്കാരിയായിരുന്നു. അമ്മ പരുപരുത്ത പരുത്തിനാരുകള്‍കൊണ്ട് നെയ്തുതന്ന കുപ്പായമാണു ഞാനിപ്പോഴും അണിഞ്ഞിരിക്കുന്നത്. എന്റെ ശിഷ്യന്മാര്‍ പാവപ്പെട്ട മുക്കുവത്തൊഴിലാളികളും ചുങ്കക്കാരും ചുമട്ടുകാരും പട്ടിണിപ്പാവങ്ങളുമായിരുന്നു. ഞാന്‍ ചുമന്നതാകട്ടെ ഒരു മരക്കുരിശും. എന്റെ തലയില്‍ മുള്‍മൂടിയാണവര്‍ ധരിപ്പിച്ചത്. ഗാഗൂല്‍ത്താമലയുടെ നിറുകയിലോളം മുപ്പത്തിമൂന്നു വര്‍ഷക്കാലം ഞാന്‍ കാറിലല്ല, കാല്‍നടയ്ക്കാണു യാത്ര ചെയ്തത്. എന്റെ ശിഷ്യന്മാരുടെ കാല്‍ കഴുകി തുടച്ചവനാണു ഞാന്‍. എന്റെ കൈ ആരും മുത്തിയിട്ടില്ല. കൈ മുത്താത്തവരെ, നട്ടെല്ലുവളയ്ക്കാത്തവരെ സ്ഥലംമാറ്റം നല്‍കി ശിക്ഷിക്കുന്ന രാജകുമാരന്‍ വാഴുന്ന സഭ എന്റെ സഭയല്ല, തീര്‍ച്ച. ഇതു മറ്റെന്തോ ഏര്‍പ്പാടാണ്.

ഇരുനിലക്കെട്ടിടത്തില്‍നിന്നു സംസാരം. ക്രിസ്തു ചെവിയോര്‍ത്തു.

'നാം അന്തരിക്കുമ്പോള്‍, നമ്മുടെ പൂജ്യാവശിഷ്ടങ്ങള്‍ പൊതുജനവണക്കത്തിനായി വയ്ക്കാന്‍പറ്റിയ ഒരു പള്ളിയോ പള്ളിമൈതാനമോ നമുക്കില്ല. ലജ്ജാവഹം! നമ്മുടെ ഭദ്രാസനം തീരെ ചെറുതാണ്. വളരെ പഴകിയതും. അതുടനെ പൊളിച്ചുകളഞ്ഞ് അത്യന്താധുനികമായ ഒരു ഭദ്രാസനം പണിയണം. അരനിമിഷം ഇനി താമസിച്ചുകൂടാ. പണം പ്രശ്‌നമല്ല. ഉടന്‍ പണി തുടങ്ങട്ടെ എന്നു നാം ആജ്ഞാപിക്കുന്നു. മറ്റവര്‍ക്കു പറ്റിയ അബദ്ധം നമുക്കു പറ്റരുത്.'

ക്രിസ്തു അന്തംവിട്ടു നോക്കിനില്‍ക്കെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൃഹത്തായ ഭദ്രാസനദേവാലയം ഇടിച്ചുനിരത്തപ്പെട്ടു, കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ. ലോകമെങ്ങുംനിന്നു ജീവകാരുണ്യത്തിന്റെപേരില്‍ പിരിച്ചെടുക്കപ്പെട്ട ഡോളറുകളും മാര്‍ക്കുകളും സിമന്റുചാക്കുകളായി, മാര്‍ബിള്‍കല്ലുകളായി അവിടേക്കൊഴുകി. ജീവകാരണ്യത്തിനെത്തിയ ഗോതമ്പുചാക്കുകള്‍ രാത്രിയുടെ മറവില്‍ നൂറുരൂപാനോട്ടുകളായി രൂപാന്തരപ്പെട്ടു. ക്രിസ്തുവിനെയും വെല്ലുന്ന അത്ഭുതപ്രവര്‍ത്തനം! കണ്ണടച്ചുതുറക്കുംമുമ്പേ ബ്രഹ്മാണ്ഡമായൊരു ദേവാലയവും മൈതാനവും രൂപമെടുത്തു.

'മറ്റവന്മാരുടെ കെട്ടിടത്തിനു മുകളിലെ കര്‍ത്താവിന്റെ പ്രതിമയെക്കാള്‍ പൊക്കത്തിലാണു നമ്മുടേത്. അതാണ് വിജയം.' ഫോറിന്‍ സ്‌കൂട്ടറില്‍ പാഞ്ഞുനടക്കുന്ന തടിയന്‍ വികാരിയച്ചന്‍ വീമ്പിളക്കി.

ആരാണാവോ ഈ 'മറ്റവന്‍'? മുമ്പു രാജകുമാരനും 'മറ്റവരു'ടെ കാര്യം പറഞ്ഞു. പള്ളിവരാന്തയില്‍നിന്ന ചെറുപ്പക്കാരന്‍ കപ്യാരോടു ക്രിസ്തു തിരക്കി:

'ആരാണീ മറ്റവര്‍? പിശാചുക്കളുടെ കാര്യമാണോ പറയുന്നത്?'

'അച്ചനീനാട്ടിലെങ്ങുമല്ലേ ജീവിക്കുന്നത്?' കപ്യാര്‍ ക്രിസ്തുവിനെ സംശയദൃഷ്ടിയോടെ നോക്കി. 'മറ്റവരെന്നു പറഞ്ഞാല്‍ മറ്റേ റീത്തുകാര്‍. ഇങ്ങേരേതു റീത്താ? മറ്റേതാണെങ്കില്‍ ഈ മതിലിനകത്തു കേറണ്ട. കുഴപ്പമാ. കുറച്ചങ്ങു മാറിനില്ല്. രാജകുമാരന്‍തിരുമേനി എഴുന്നള്ളാന്‍ പോകുവാ.'

ക്രിസ്തു തെല്ലുമാറിനിന്നു. മുമ്പിലെ റോഡില്‍ ഒരാരവം. മുത്തുക്കുടകള്‍, ആലവട്ടങ്ങള്‍, വെണ്‍ചാമരങ്ങള്‍, മേക്കട്ടികള്‍. രാജകുമാരന്റെ ആഗമനം. പണ്ട് തന്നെ കുരിശുമരണത്തിനു വിധിച്ച ഹേറോദേസിന്റെ എഴുന്നള്ളത്തും ഇതുപോലായിരുന്നു. രാജകുമാരനെ ചൂഴ്ന്നു കള്ളക്കടത്തുകാരും കള്ളുഷാപ്പുകാരും കള്ളപ്പണക്കാരും കള്ളത്രാസുകാരുമായ പള്ളിപ്രമാണികളും കുടവയറന്മാരായ മോണ്‍സിഞ്ഞോറന്മാരും മറ്റും. രാജകുമാരന്റെ വേഷം കാവിനിറമുള്ള ടെറീകോട്ടണ്‍ കുപ്പായവും തടിച്ച പൊന്‍കുരിശും.

'എന്താണീ കാവിവേഷം? രാജകുമാരന്റെ വേഷം ചുവപ്പല്ലേ?' ക്രിസ്തു ഒരു വിശ്വാസിയോടു തിരക്കി.

'അതേ. പക്ഷേ ഇടയ്‌ക്കെല്ലാം ആളുകൂടുന്നിടത്തു കാവിയുടുപ്പിട്ടു വരും. ഭാരതവല്‍ക്കരണമെന്നാണ് അതിന്റെ പേര്.' വിശ്വാസിയുടെ വിശദീകരണം.

കാവിയില്‍ മുക്കിയ പൊയ്മുഖം. ക്രിസ്തു പല്ലിറുമ്മി.

നിരാശാതപ്തനായ ദൈവപുത്രന്‍ പള്ളിക്കു പിന്നിലെ ദരിദ്രരുടെ കോളനിയിലേക്കു നീങ്ങി. കുഴിഞ്ഞ കണ്ണുകളും വാടിയ മുഖങ്ങളും എരിയുന്ന വയറുകളുമായി കഴിയുന്ന നഗ്നരും അര്‍ദ്ധനഗ്നരുമായ കുഞ്ഞുങ്ങള്‍. ക്രിസ്തുവിന്റെ ഹൃദയമലിഞ്ഞു. അവിടന്നവരെ വാരിയെടുത്തു. സ്വര്‍ഗ്ഗരാജ്യത്തില്‍ മുന്‍ഗണനയുള്ള നിഷ്‌കളങ്കരായ പിഞ്ചോമനകള്‍. ഇവിടെ അവര്‍ അവഗണിക്കപ്പെടുന്നു. അഞ്ചപ്പവും രണ്ടു മീനും കിട്ടിയിരുന്നെങ്കില്‍- ദൈവപുത്രന്‍ ആശിച്ചു. പക്ഷേ നന്മയ്ക്കുവേണ്ടി ഒരപ്പക്കഷണംപോലും നീക്കിവയ്ക്കാത്ത സോദോം-ഗോമോറാ നാട്ടിലാണു വന്നുപെട്ടിരിക്കുന്നത്.

വീണ്ടും വടക്കോട്ട്. '' പോലെ വളഞ്ഞ ഓവര്‍ബ്രിഡ്ജിനും പ്രസംഗിച്ചാല്‍ മുഴക്കംമാത്രം കേള്‍ക്കുന്ന ടൗണ്‍ഹാളിനുമിടയില്‍ ഒരു കെട്ടിടത്തിനുള്ളില്‍നിന്നു ഗിതാറിന്റെയും വയലിന്റെയും ഹാര്‍മോണിയത്തിന്റെയും സിത്താറിന്റെയും കമ്പികളുതിര്‍ക്കുന്ന സംഗീതധാര. യുവകണ്ഠങ്ങളില്‍നിന്നുയരുന്ന നാദധാര.

'ഓശാന... ദൈവത്തിന്റെ സുതന് ഓശാന...'

ക്രിസ്തുവിന്റെ ഹൃദയം രോമാഞ്ചമണിഞ്ഞു. രണ്ടായിരം വര്‍ഷംമുമ്പത്തെ സംഭവങ്ങളുടെ സ്മരണകള്‍ മനസ്സില്‍ വേലിയേറ്റമുണ്ടാക്കുന്നു. ചുറുചുറുക്കുള്ള കഴുതക്കുട്ടിയുടെ പുറത്ത് ഓറശ്‌ളം നഗരവീഥിയിലൂടെ തന്റെ ജൈത്രയാത്ര. അംഗവസ്ത്രങ്ങളഴിച്ചു റോഡില്‍ വിരിച്ച് ഒലിവ്മരക്കൊമ്പുകള്‍ വായുവിലുയര്‍ത്തി ദൈവത്തിന്റെ സുതന് ഓശാന പാടിയ ഓറശ്‌ളത്തെ യുവതീയുവാക്കളുടെ ഉത്സാഹത്തിമിര്‍പ്പു ചെവിയില്‍ പ്രതിദ്ധ്വനിക്കുന്നു.

ആ കെട്ടിടത്തില്‍ നിശ്ശബ്ദം കറങ്ങുന്ന റിക്കാഡിങ്ങ് യന്ത്രങ്ങളെ ക്രിസ്തു കൗതുകത്തോടെ വീക്ഷിച്ചു. തന്റെ പരസ്യജീവിതകാലത്ത് ഈ യന്ത്രം ഉണ്ടായിരുന്നെങ്കില്‍! എങ്കില്‍ ഇന്നു തന്റെ വാക്കുകളെ ഓരോരുത്തരും അവസരംപോലെ വളച്ചൊടിക്കില്ലായിരുന്നു.

'ആരാണാ സന്ന്യാസി?' പാട്ടുകേട്ടുനിന്ന പയ്യനോടു ക്രിസ്തു ഒതുക്കത്തില്‍ ചോദിച്ചു.

'അച്ചനിവിടെ ആദ്യം വരുവാണോ?' പയ്യന്റെ ചോദ്യം. 'ഈ സന്ന്യാസിയാ ഇതിന്റെയെല്ലാം പ്രസിഡന്റ്. കര്‍ത്താവിനെ സ്തുതിച്ചു പാട്ടുകളെഴുതുന്ന കവി. എല്ലാ ജാതിക്കാരായ കലാകാരന്മാരെയും സംഘടിപ്പിച്ചു നല്ലനല്ല സംഗീതപരിപാടികള്‍ നടത്തുന്ന പ്രസ്ഥാനമാണിത്. വഴിതെറ്റിപ്പോകുമായിരുന്ന വളരെ ചെറുപ്പക്കാര്‍ ഇതുവഴി നന്നായിട്ടുണ്ട്. മുമ്പ് ഇങ്ങേര്‍ പത്രമാപ്പീസില്‍ ഇരിക്കുമ്പോള്‍ വലിയൊരു ബാലജനപ്രസ്ഥാനം സംഘടിപ്പിച്ചു. ഇന്ത്യന്‍പ്രധാനമന്ത്രിവരെ അഭിനന്ദനം പറഞ്ഞ പ്രസ്ഥാനം. പക്ഷേ, ഇങ്ങേരുടെ വളര്‍ച്ച കണ്ട് അസൂയ പെരുത്ത മറ്റു സന്ന്യാസികള്‍തന്നെ അതു തകര്‍ത്തുകളഞ്ഞു. ഇപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ച കണ്ട് ഇതിനോടും അസൂയ വളരുന്നുണ്ട്. എത്ര നല്ല റിക്കാര്‍ഡുകളാണ് ഇവിടുന്നു പുറത്തുവന്നിട്ടുള്ളത്! എല്ലാം ഈ സന്ന്യാസിയുടെ ഉത്സാഹം. യാത്രയ്ക്കിറങ്ങിയശേഷം ആദ്യമായി ദൈവപുത്രന്റെ മുഖം സന്തുഷ്ടമായി. അവിടന്ന് ആ സന്ന്യാസിയുടെ തോളില്‍ കൈവച്ചു. വയലിന്‍കമ്പികള്‍ സൃഷ്ടിച്ച മാന്ത്രികവലയത്തില്‍പ്പെട്ടു സ്വയം മതിമറന്നുനിന്ന സന്ന്യാസി അതറിഞ്ഞതേയില്ല.

'കൊള്ളാം, ഈ നല്ല ജോലി തുടരുക', ക്രിസ്തു മന്ത്രിച്ചു. 'ഇതു ഞാന്‍ കൈവിട്ടുപോയ ജോലിയുടെ പൂര്‍ത്തീകരണമാണ്. കലയിലൂടെ മനുഷ്യനും മനുഷ്യനുമായുള്ള സ്‌നേഹം വളര്‍ത്തുന്ന ജോലി.'

കോണിപ്പടികള്‍ ചവുട്ടിയിറങ്ങി ക്രിസ്തു അകന്നുപോകുമ്പോള്‍ പിന്നില്‍നിന്നു മനുഷ്യപുത്രനെ വരവേല്‍ക്കുന്ന ജയാരവം:

'ദൈവത്തിന്റെ നാമത്തില്‍ വന്നവനേ... ഓശാന....'
                                                               ഫോണ്‍: 9847061526

Wednesday, January 27, 2016

Bail denied to priest accused of molesting minor girl

Police have charged him of sexually molesting a 14-year-old girl.

The Kerala High Court declined to grant bail to Father Edwin Figarez of Kottappuram diocese, arrested for molesting a Catholic minor girl last year.

Justice Sunil Thomas on Monday considered the bail plea of 41-year-old, who was parish priest of Puthenvelikkara. He was absconding since April last year after Ernakulam rural police registered a case against him but was arrested in December.

Police have charged him of sexually molesting a 14-year-old girl of the parish several times between January and March last year, with the latest incident being on March 28th.

The priest who was active in the field of Christian devotional songs allegedly lured the girl by exploiting her interest in music, The Times of India reported.

Police had booked the priest for rape under provisions of Indian Penal Code (section 376) and Protection of Children from Sexual Offences Act, 2012. He was arrested after his petitions for obtaining anticipatory bail was turned down by the high court and then the Supreme Court.

While declining to grant anticipatory bail, the court said custodial interrogation is required to find out whether similar crimes were committed against any others by the same accused.

Source: Times of India

Sunday, January 24, 2016

വരുന്നൂ ദു:ഖ വ്യാഴാഴ്ച്ച!

സ്വന്തം തത്ത്വങ്ങൾ ലോകമെങ്ങും പ്രഘോഷിക്കപ്പെടാൻ വേണ്ടി യേശു ബോധപൂർവ്വമാണ് ഇങ്ങിനെയൊരു സഭയേയും പുരോഹിതവൃന്ദത്തേയും നിയോഗിച്ചതെങ്കിൽ, നേപ്പാളിയെ കുരുമുളകു പറിക്കാൻ വിട്ടപോലെയായിപ്പോയെന്നു പറയാതെ വയ്യ. ഒരു കേരള കർഷകൻ വീട്ടുവേലക്കു വന്ന നേപ്പാളിയെ രാവിലെ കുരുമുളകു പറിക്കാൻ പറഞ്ഞു വിട്ടു; സാധനമെന്താണെന്നു വെയിലത്ത് പരമ്പിൽ ഉണങ്ങാനിട്ടിരിക്കുന്നതു കാണിച്ചും കൊടുത്തു. ഉച്ചയായപ്പോൾ മുതലാളി ചെന്ന് നോക്കുമ്പം അവൻ ഓരോ തിരിയിൽ നിന്നും മുളകുമണികൾ ഒന്നൊന്നായി അടർത്തിയെടുത്തുകൊണ്ടിരിക്കുന്നു. ഉച്ചയായപ്പോഴേക്കും ഏതാണ്ട് പത്തു മുപ്പതു ഞെടുപ്പുകളിലെ മുളകു മണികൾ സഞ്ചിയിൽ വന്നിട്ടുണ്ട്. മെത്രാന്മാർ മനസ്സിലുദ്ദേശിക്കുന്നത് വിശ്വാസികൾ ചെയ്തിരിക്കണമെന്നാണ് മെത്രാന്മാരുടെ പ്ലാൻ; ഇവരൊട്ടു ചെയ്തു കാണിക്കുകയുമില്ല. വിദ്യാർത്ഥികൾ സമൂഹത്തിനു മുഴുവൻ വെളിച്ചം പകരേണ്ടവരാണെന്നാ കർദ്ദിനാൾ പറയുന്നത് (തൃക്കാക്കര). കാരണവന്മാർക്ക്‌ വമ്പൻ ഫീസ് കൊടുത്തു സ്ഥാപനത്തിൽ ചേരുമ്പോൾ മുതൽ വിദ്യാർത്ഥികൾ വെളിച്ചം വീശാൻ പഠിച്ചു തുടങ്ങും. ഒരു ജോലിക്കു ശ്രമിക്കുമ്പോഴും വെളിച്ചം വീശിക്കൊണ്ടിരിക്കാനുള്ള സൌകര്യം മാനേജ്മെന്റ് സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്, ഭാഗ്യം! സീറോസഭയുടെ മാതൃവേദി മൂവാറ്റുപുഴയിൽ ഉത്ഘാടനം ചെയ്തുകൊണ്ടു കോതമംഗലം തിരുമേനി പറഞ്ഞത് പ്രത്യേകം ഓർക്കണം, മാതാക്കൾ കരുണയുടെ നിറകുടങ്ങളാകണം എന്നാണത്രേ (പിതാക്കന്മാർക്ക് അത് ബാധകമല്ലായിരിക്കണം). ആരും ചിരിക്കരുത് പ്ലീസ്! 

ഒരു കഥ ഞാൻ പറയാം. ഇക്കഥ, അഡ്വ. കിരിറ്റ് ജെ മക്വാൻ എന്നയാൾ സഭാ നവീകരണകാരുടെ ആഗോള സംഘടനയായ സി സി ആർ ഇന്റർനാഷണലിനയച്ച ഒരു സംഭവകഥയാണ്, മാർപ്പാപ്പായുടെ കൈകളിലെത്തിക്കാൻവേണ്ടി. പരേതനായ ഒരു സജീവ ഇടവകപ്രവർത്തകന്റെ മകൾ കൺഠനാളാർബുദം വന്ന് 08-01-2016ൽ മരിക്കുന്നു. അഹമ്മദാബാദ് രൂപതയിലെ പെട്ലാദ് ഇടവകയിലാണു സംഭവം. ജഡം പള്ളിവക സിമിത്തേരിയിൽ അടക്കാൻ പള്ളികമ്മറ്റി ചോദിച്ച അയ്യായിരം രൂപാ കൊടുക്കാൻ ഈ വീട്ടുകാർക്കില്ലായിരുന്നു. 22 മണിക്കൂർ യുവതിയുടെ ജഡം സംസ്കരിക്കപ്പെടാതെ കാത്തിരുന്നു. ആർച്ച് ബിഷപ്പ് മക്വാനും സഹായിച്ചില്ല. അവസാനം പൊതുശ്മശാനത്തിൽ അവൾ ദഹിപ്പിക്കപ്പെട്ടു. ഈ കത്ത് വായിച്ചിട്ട് എഡ് ഷ്രൂസ് എന്നൊരു വിദേശി കാരണവർ കൊടുത്ത മറുപടി ഇങ്ങിനെ: ബിഷപ്പുമാർക്ക് ഇ-മെയിൽ വിലാസങ്ങളില്ല, അവർക്കുള്ള വെബ്സൈറ്റുകളിലാവട്ടെ ഒരു വശത്തേക്കു മാത്രമേ വാൽവ് തുറക്കൂ. പോപ്പ് ഫ്രാൻസിസ്‌ നിയോഗിച്ച മെത്രാന്മാരിൽ പലരും ഇപ്പോഴും ഏകാധിപത്യ പ്രവണത കാണിക്കുന്നു. മിക്കവാറും വൈദികരും, ശ്മ്മശാന നിയന്ത്രാക്കളും, സ്കൂൾ മാനേജർമാരും അനുസരണയുള്ള കുഞ്ഞാടുകളുമൊക്കെ ഈ ഗണത്തിലുണ്ട്. അവരേക്കൂടാതെ നാം സുവിശേഷം ജീവിക്കേണ്ടതുണ്ട്. നമ്മുടെ ആത്മാവിനെ നിയമങ്ങളിൽ നിന്നും അധികാരികളിൽ നിന്നും സ്വതന്ത്രമാക്കിയിട്ടാണ് നാമത് ചെയ്യേണ്ടത്, യേശു കാണിച്ചതു പോലെ. 

ലാറി എന്നൊരാൾ ബ്രിട്ടണിൽനിന്നെഴുതിയിരിക്കുന്നു: ചില വൈദികർ അവരുടെ താല്പ്പര്യമില്ലായ്മകൊണ്ട് വളരെ ക്രൂരമായ കാര്യങ്ങൾ ചെയ്ത് അനേകരെ വിഷമത്തിലാക്കുന്നു. അവരുടെ ധാർഷ്ട്യങ്ങളിൽ നിന്നും നാം മോചിക്കപ്പെടണം. ഇംഗ്ലണ്ടിൽ ഒരു നല്ല വിശ്വാസി സ്ത്രീ മരിച്ചപ്പോൾ അവിടുത്തെ വൈദികൻ കാണിച്ച അവജ്ഞയുടെ കഥയും അദ്ദേഹം വിവരിക്കുന്നു. സെ. പീറ്റേഴ്സ്‌  സ്ക്വയറിൽ വെച്ചു പ്രസവവേദന അനുഭവിച്ച ഒരു അനാഥസ്ത്രീയുടെ മുഴുവൻ സംരക്ഷണവും മാർപ്പാപ്പായുടെ മേൽനോട്ടത്തിൽ വത്തിക്കാൻ പോലീസ് ഏറ്റെടുത്തത് തൊട്ടടുത്ത കാലത്താണെന്നോർക്കണം. നമ്മുടെ ളോഹയിട്ട ചെകുത്താൻവർഗ്ഗം സിമിത്തേരികളും പൊത്തിപ്പിടിച്ചുകൊണ്ടിരിക്കട്ടെ; കുറേക്കാലം കൂടിയേ അതും ഉണ്ടാവാൻ പോകുന്നുള്ളൂ. എല്ലാക്കാലത്തേക്ക്കും എല്ലാവരെയും വിഡ്ഢികളാക്കാൻ ആർക്കും കഴിയില്ലെന്നുള്ളത് ഞാനുണ്ടാക്കിയ നിയമമല്ല. കേരള കത്തോലിക്കാസഭ കൂടുതൽ കൂടുതൽ തറയായിക്കൊണ്ടിരിക്കുന്നുവെന്നല്ലാതെ എന്തു പറയാൻ? കരുണയുടെ കുറെ നിറകുടങ്ങൾ! 

കരുണ കാണിക്കാൻ അറിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള വാഴൂർ  മൗണ്ട് കാർമ്മൽ പള്ളിയിലേക്ക്  നോക്ക്. തിരുനാൾ ആഘോഷങ്ങൾ കുറയ്ക്കുന്നു, കലാപരിപാടികൾ വേണ്ടെന്നു വെയ്ക്കുന്നു, അങ്ങനെ ലാഭിക്കുന്ന പണം പാവങ്ങളുടെ മരുന്നിനും ചികിത്സക്കും വേണ്ടി ചെലവിടുന്നു. ന്യുനപക്ഷങ്ങളുടെ പേരിൽ കിട്ടാവുന്നിടത്തോളം സൌജന്യങ്ങൾ വാങ്ങി സ്വസമുദായത്തിന്റെ കുംഭ മാത്രം വീർപ്പിക്കുന്നവർ പ്രബല പക്ഷങ്ങളെ പ്രകോപിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. കേരളത്തിൽ അറുപതു ശതമാനം വരുന്ന ഹിന്ദുക്കൾ നോക്കുമ്പോൾ പക്ഷം ന്യുനമെങ്കിലും പണിയുന്ന പള്ളികളെല്ലാം അന്യൂനം. ബി ജെ പി യുടെ നേതാക്കന്മാരെ കണ്ടു ചിരിച്ചു കാണിച്ചാലോ അവർക്ക് കുറെ ഫണ്ടു കൊടുത്താലോ അവർക്കുവേണ്ടി ഇടയലേഖനങ്ങൾ ഇറക്കിയാലോ ശാശ്വതമായി ഈ പ്രശ്നം തീരില്ല. സമൂഹത്തിന്റെ ആരോഗ്യം കൂടി നാം ഏറ്റെടുക്കുന്നതുവരെ ഈ പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കും. 

കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് ഇടുക്കി ബിഷപ്പ് പങ്കെടുത്ത വല്യ സമ്മേളനം നടന്നു, ഏലത്തിന്റെ വിലയിടിവിനെതിരായി. പിന്നാലെ ഇൻഫാമിന്റെ ദേശീയ ജന. സെക്ക്രട്ടറിയുടെ പിന്തുണക്കുറിപ്പും വന്നു. ആദ്യം തന്നെ ഇൻഫാമിന്റെ നേതൃത്വത്തിൽ ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളു ഇത്, മനസ്സ് വെച്ചാൽ. അങ്ങനെ ആലോചിക്കുമ്പം, അറക്കൽ മെത്രാൻ വെള്ളാപ്പള്ളിയുടെ വീട്ടിൽ പോയി ആർക്കോ വേണ്ടി സംസാരിച്ച കാര്യം ഓർമ്മവരും. ഇത്തരം ഓർമ്മകളെല്ലാം എല്ലായിടത്തു നിന്നും പോയിട്ട് ഇൻഫാമിനെ വളർത്തിയാൽ പപോരേ കർദ്ദിനാളേ? കോട്ടയത്ത് ജോസ് കെ. മാണി നിരാഹാരം കിടക്കുന്നിടത്ത് ഇൻഫാമിന്റെ പിന്തുണ എത്തിയോന്നു സംശയമാ. എല്ലാം കൂട്ടിവായിക്കുമ്പോൾ ജനങ്ങൾക്ക്‌ പഴയ കണക്കുകളും ഓർമ്മ വരും - അതാണു പ്രശ്നം!  

എനിക്ക് തോന്നുന്നത് വടക്കേ ഇന്ത്യയിലെ വാർത്തകൾ കേരളത്തിൽ എത്തുന്നതിനേക്കാൾ വേഗത്തിൽ ഗൾഫിലെത്തുന്നുവെന്നാണ്. പല പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തുകൂടുമല്ലോ ഇവിടെ. എന്നെ അറിയാവുന്ന എന്റെ വടക്കേ ഇന്ത്യൻ സുഹൃത്തുക്കൾ ചൂടു വാർത്തകൾ എത്തിച്ചു തരുകയും ചെയ്യും. ബറോഡാക്കാരൻ റൊഡ്രീഗൊയാണ്, വഡോധര ബിഷപ്പ്, ഗോഡ് ഫ്രേ റൊസ്സാരിയോ എസ് ജെ  ഒരു സെക്സ് കേസിൽ പെട്ടിരിക്കുകയാണെന്നും എഫ് ഐ ആർ പിൻവലിപ്പിക്കാൻ വേണ്ടി അതിക്രമത്തിനിരയായ കന്യാസ്ത്രിക്ക് പണം കൊടുത്തൊതുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞത് (ഇതിന്റെ നിജസ്ഥിതി ആരെങ്കിലും ഒന്ന് അന്വേഷിക്കുമോ?). അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം, അഹമ്മദാബാദിൽ മെത്രാൻ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട ഒരു വൈദികന്റെ സ്വഭാവവും മികച്ചതല്ലെന്നാണ്. വടക്കേ ഇന്ത്യയും കണക്കാണെന്നു നാം മനസ്സിലാക്കേണ്ടി വരുന്നെന്നു വെച്ചാൽ കഷ്ടമാണെന്നല്ലാതെ എന്ത് പറയാൻ? ഇവിടെ ലത്തീൻ കത്തോലിക്കരാണെങ്കിൽ വലിയ ശനിയാഴ്ച സി ബി എസ്  ഇ പരീക്ഷ നടുത്തുന്നുവെന്നു പറഞ്ഞു സമരത്തിനിറങ്ങിയിരിക്കുകയാ. വലിയ ആഴ്ച്ച പ്രമാണിച്ച് ഈ വർഷം മുഴുവൻ അവർക്കവധി കൊടുത്തേക്കാം അല്ലേ? വെറും പത്തിരുപത്തെട്ടു ദിവസം മാത്രം വർക്കിംഗ് ഡേയ്സ് ആയി ഒരു വർഷം കിട്ടിയിട്ടും നമുക്കൊന്നും ചെയ്യാനില്ലല്ലോ. സീറോക്കാർക്ക് ഇതൊന്നും പ്രശ്നമല്ല. മിക്കവാറും മെത്രാന്മാർ അമേരിക്കക്ക് ഷട്ടിൽ അടിക്കുന്നവരാ! അവർക്കറിയാം അവിടെയൊരു മത അവധിയെന്നു പറയാൻ ക്രിസ്മസ്സ് മാത്രമേ ഉള്ളൂവെന്ന്. അമേരിക്കക്കാർ ദൈവത്തിനൊരു ദിവസം കൊടുത്താൽ ചെകുത്താനും കൊടുക്കും ഒരു ദിവസം (ഹാല്ലോവിൻ ഡേയ്). ആർക്കും  ഒരു പ്രശ്നവുമില്ല. ഇവിടെ വന്നാൽ, വല്യ ആഴ്ചയിൽ മീൻ മസാലയിട്ട് കിഴങ്ങ് കറിപോലും വെയ്ക്കാൻ പറ്റില്ല. ഒന്നേമുക്കാൽ ശതമാനം ക്രിസ്ത്യാനികളെ നോക്കി ഇന്ത്യയിലെ മുഴുവൻ ജനങ്ങളും വല്യയാഴ്ച്ച മുഴുവൻ വീട്ടിലിരിക്കട്ടെ അല്ലേ? എന്തിനാ ശനിയാഴ്ച മാത്രമാക്കുന്നത്? 

താൻ പറയുന്നത് ഇവിടുത്തെ സുറിയാനി മെത്രാന്മാർ ഗൗനിക്കുന്നില്ലെന്നു മനസ്സിലായതുകൊണ്ടാവാം, അടുത്ത പെസഹാ വ്യാഴാഴ്ച പെണ്ണുങ്ങളുടെ മാത്രമല്ല അന്യജാതിക്കാരുടേയ്യും കാലു കഴുകാൻ അച്ചന്മാരോടു മാർപ്പാപ്പാ പറഞ്ഞിരിക്കുന്നത്. മാർപ്പാപ്പാ അനുഭവിക്കും! അല്ലാതെന്തു പറയാനാ ഞാൻ? 

അധ്യാപകര്‍ക്ക് ക്രൂരമര്‍ദ്ദനം പിന്നില്‍ ഫാദര്‍ഇമ്മാനുവേല്‍ എന്ന് അധ്യാപകര്‍

അധ്യാപകര്‍ക്ക് ക്രൂരമര്‍ദ്ദനം

പിന്നില്‍ ഫാദര്‍ഇമ്മാനുവേല്‍ 


കത്തോലിക്കാപുരോഹിതന്‍ ഫാദര്‍ ഇമ്മാനുവേലിന്റെ  സ്വരാജ് സയണ്‍ സ്‌കൂളിലെ അധ്യാപകര്‍ക്കാണ് ക്രൂരമര്‍ദ്ദനം ഉണ്ടായത്.   ഇടുക്കി ജില്ലയില്‍ കട്ടപ്പനക്കടുത്ത് സ്വരാജിലുള്ള ഈ സ്‌കൂളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള ശമ്പളം ചെക്കായി നല്‍കുകയും ഈ തുകയുടെ 50% പണമായി അച്ചനെ തിരിച്ചേല്‍പ്പിക്കയും ചെയ്യണം. ഇതുസംബന്ധിച്ച്  തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്  .

ഇക്കാരണത്താല്‍ ഉന്നത വിദ്യാഭ്യാസമുള്ള ഈ അധ്യാപകര്‍ക്ക് 5000 രൂപ മുതല്‍ ഏഴായിരം രൂപ വരെയാണ് പ്രതിമാസം ശമ്പളം ലഭിക്കുന്നത്. ഇത്രയും തുക തിരിച്ചു നല്‍കിയാല്‍ തങ്കള്‍ക്ക് ജീവിക്കുവാന്‍ കഴിയില്ലന്നും തിരിച്ചു തരുന്ന തുകയില്‍ കുറവു വരുത്തണമെന്നും ആവശ്യപ്പെട്ട സന്ധ്യാ വി നായര്‍ ,(മികച്ച അധ്യാപികക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡു ലഭിച്ചിട്ടുണ്ട്.) ജോര്‍ജ്ജ് കുട്ടി അഗസ്റ്റിന്‍ , എന്നിവരെ തരം താഴ്ത്തുകയും വിണ്ടും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു ഇതില്‍ പ്രതിക്ഷേധിച്ച പൊന്‍കുന്നം വര്‍ക്കി  അവാര്‍ഡു ജേതാവും ജീവകാരുണ്യ  പ്രവര്‍ത്തകനും അധ്യാപകനുമായ സിജു രാജാക്കാടിനെയും മേല്‍പറഞ്ഞവരേയും സസ്‌പെന്റൂ ചെയ്യുകയും പുറത്താക്കുകയും ചെയ്തു . ഈസംഭവത്തില്‍  നാട്ടുകാരും സാമൂഹികസംഘടനകളും പത്രമാധ്യമങ്ങളും  അധ്യാപകര്‍ക്ക് പിന്‍തുണ നല്‍കുകയും ലബ്ബക്കടയില്‍ പ്രതിക്ഷേധയോഗം ചേരുകയും ചെയ്തിരുന്നു .

ഇതിന്റെ പ്രതികാരനടപടിയെന്ന നിലയില്‍ അച്ചന്റെ ഗുണ്ടകള്‍ അധ്യാപകരെ മര്‍ദ്ദിക്കുകയായിരുന്നു.നാട്ടുകാര്‍ ഇവരെ കട്ടപ്പന ഗവണ്‍മെന്റ് ആശുപത്രിയില്‍എത്തിക്കുകയും കട്ടപ്പന പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ സഭാ നേതൃത്വത്തില്‍ നിന്നും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ഫാ. ഇമ്മാനുവേല്‍ സഭയുടെ സ്ഥാപനമെന്ന പ്രചാരണം നല്‍കി  കോടികള്‍ക്കുമേല്‍ മുടക്കി ആരംഭിച്ച സയണ്‍ സ്‌കൂള്‍ അച്ചന്റെ ബിനാമികളെ ചേര്‍ത്ത് ട്രസ്റ്റുണ്ടാക്കി സ്ഥാപനം അച്ചന്റെ സ്വന്തമാക്കിയെന്ന് സാമൂഹികപ്രവര്‍ത്തകനായ ശ്രീ. എം.എല്‍ ആഗസ്തി പറഞ്ഞു. ഇതിന്റെ പേരില്‍ വന്‍ വിദേശ സഹായവുംഅച്ചന് കിട്ടുന്നുണ്ടന്നും  പറഞ്ഞു .കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും ഉയര്‍ന്ന  ഫീസാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഓരോവര്‍ഷങ്ങളും ലക്ഷങ്ങള്‍ ലാഭമുണ്ടെങ്കിലും അധ്യാപകരോട് ഈ ക്രൂരതയാണ് കാട്ടുന്നത്. ലാഭത്തിന്റെ കണക്കുകള്‍ മറച്ചുവച്ചാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. 

കേരളത്തിലെ ഭൂരിപക്ഷം അണ്‍ എയിഡഡ് സ്‌കൂളുകളും നടത്തുന്നത് കത്തോലിക്ക പുരോഹിതരോ കന്യാസ്ത്രീകളോ ആണ്. ഒട്ടുമിക്ക സ്‌കൂളുകളിലേയും അധ്യാപകര്‍ക്ക് പാതി ശമ്പളമാണ് മാനേജുന്റുകള്‍ നല്‍കുന്നതെന്നും അവര്‍ക്ക് യാതോരു മനസ്സാക്ഷിയും ഇല്ലന്നും ഇക്കാര്യത്തില്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും അടിയന്തിര സഹായവും നിയമപരിരക്ഷയും പിന്‍തുണയും ആവശ്യമാണെന്നും കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ റ്റീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെ.യൂ. എസ്. റ്റി.ഓ.) സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. പ്രതിമാസം 5000 രുപനല്‍ക്ി ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ മാനേജുമെന്റു നിയമിക്കുകവഴി ഭാവിതലമുറക്ക് നാശമുണ്ടാവുകയാണ്.

അണ്‍ എയിഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഇരട്ടി ജോലിഭാരവുമുണ്ട്. 

K U S T O. യുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസവും പ്രതിഷേധ സമ്മേളനവും നടത്തി. ഈ സംഭവം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കേരള സര്‍ക്കാരിനും പരാതിനല്‍കി കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ സമൂഹ മനസാക്ഷി ഉയരണമെന്നും കാരുണ്യ വര്‍ഷത്തിലെ ഇത്തരം കാരുണ്യ പ്രവര്‍ത്തനം പുരോഹിതരും കന്യാസ്ത്രീകളും നടത്തിക്കൊണ്ട് സാധാരണ വിശ്വാസികളെ മറ്റു സമുദായക്കാരുടെ മുന്നില്‍ അപമാനിക്കരുതെന്നും പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു.

സയണ്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഉന്നതതല അന്വേഷണം ഉണ്ടാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.



Friday, January 22, 2016

ഗാന്ധിസവും ഗാന്ധിയൻ ചിന്തകളും

"എനിയ്ക്ക് നിങ്ങളുടെ കൃസ്തുവിനെ മതി. ക്രിസ്ത്യാനിയെ വേണ്ടായെന്നു" മിഷ്യനറിമാരോട്  സധൈര്യം പറഞ്ഞ മഹാത്മാ ഗാന്ധിജി മരിച്ചിട്ട് ഇന്നേയ്ക്ക് ജനുവരി മുപ്പതാംതിയതി 68 വർഷം കഴിഞ്ഞു. ഒരു നിമിഷം സിരസു നമിച്ചുകൊണ്ട് ഹൃദയസ്‌പര്‍ശിയായ ഈ ലേഖനം ആ മഹാത്മാവിനു കാഴ്ച വെക്കുന്നു. 


By ജോസഫ് പടന്നമാക്കൽ

മഹാനായ ഗുജറാത്തി, പ്രമുഖനായ ഇന്ത്യൻ, ഇന്ത്യയുടെ രാഷ്ട്രപിതാവ്, മഹാനുഭാവനായ ഏഷ്യൻ, ആഢ്യനായഹിന്ദു, ഇതിനെല്ലാമുപരി മനുഷ്യത്വത്തെ ദർശിച്ച ലോകൈക മഹാത്മാവ് എന്നീ നിലകളിൽ മഹാത്മാ ഗാന്ധിജിയെ അറിയപ്പെടുന്നു. മഹാനെന്ന നിർവചനത്തിൽ  മഹാന്മാരിൽ പരമോന്നതനുമാണ്. യുഗ പുരുഷനായ ഗാന്ധിജിയെക്കാളും മഹാനായ ഒരു വ്യക്തി ലോകത്ത് ജീവിച്ചിട്ടില്ല. ചർച്ചിലും റൂസ് വെൽറ്റും ലെനിനും മാവോയും നെഹ്രുവും  ഐൻസ്റ്റീനും മഹാന്മാരെങ്കിലും അവർക്കാർക്കും ഗാന്ധിജിയെപ്പോലെ മനുഷ്യത്വത്തെ ദർശിക്കാൻ സാധിച്ചിട്ടില്ല. അവരെക്കാളുമുപരി  ജീവിച്ചിരുന്ന നാളുകളിൽ അദ്ദേഹം ഒരു വിശ്വ പൌരനായിരുന്നു.  കാലത്തിനെയും അതിജീവിച്ച് ഇന്നും അനേകായിരങ്ങൾക്ക് ആ മഹാൻ ആവേശം നല്കിക്കൊണ്ടിരിക്കുന്നു.


ഗാന്ധിജിയെപ്പറ്റി ഓർമ്മിക്കുമ്പോൾ 1947-മുതലുള്ള സംഭവ ബഹുലമായ രണ്ടു കാര്യങ്ങൾ  പ്രാധാന്യം അർഹിക്കുന്നു. ആദ്യത്തേത്, ഹിന്ദു മുസ്ലിം കൂട്ടക്കൊലകൾ കൊണ്ട് താറുമാറായ കത്തിയെരിയുന്ന കല്ക്കട്ടാ നഗരം മഹാത്മാ ഗാന്ധിജിയുടെ മനസിനെ തളർത്തി. അവിടെ വേദനിക്കുന്ന ഒരു ജനതയ്ക്കൊപ്പം അവരുടെ മുറിവുകളുണങ്ങാൻ ആ മഹാത്മാവ് പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇരുണ്ട കൽക്കട്ടാ നഗരത്തിലെ ക്രൂര കൂട്ടക്കൊലകളും രക്തമൊഴുക്കലും സമൂഹമനസാക്ഷിയ്ക്കു തന്നെ ഒരു വെല്ലുവിളിയായിരുന്നു. രണ്ടാമത്തേത്, 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി അർദ്ധ രാത്രിസമയം സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ  ഡൽഹി നഗരം ഉജ്ജ്വലപ്രഭയാൽ പ്രകാശിതമായിരുന്നു. മിന്നുന്ന പ്രകാശ സ്രോതസ്സിൽ 'ജയ്‌ ഹിന്ദ്‌' എന്ന മുദ്രാ വാക്യം ഉച്ചത്തിൽ മുഴക്കിക്കൊണ്ട് കാവ്യാത്മകമായി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തോടായി പറഞ്ഞു,' "താലോലിക്കുന്ന ഇന്നത്തെ രാത്രിയുടെ അന്ത്യയാമത്തിൽ ലോകം ഉറങ്ങുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളിലേന്തി ഭാരതം ഉണർന്നിരിക്കുന്നു. നീണ്ട കാലം അടിമത്വത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു മുറിവുകളേറ്റ ഇന്ത്യയുടെ ആത്മാവ് പാരതന്ത്ര്യത്തിൽ നിന്നും മുക്തി നേടി. കല്ക്കട്ടായിലെ ഇരുണ്ട ദിനങ്ങളെ ഞാൻ ഓർമ്മിക്കുന്നു. ഗാന്ധിജിയുടെ മരണതുല്യമായ യാതനകളും ഓർമ്മിക്കുന്നു."


ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമാധാനത്തിന്റെ പാതകളിലും പ്രായോഗിക ഗാന്ധിസത്തിനായി പ്രയത്നിക്കുമായിരുന്നു.  ലോകത്തുള്ള സംഘട്ടനങ്ങളെ സമാധാനത്തിന്റെ വഴികളിലൂടെ  പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. ഇന്ന് ഗാന്ധിസം അപ്രത്യക്ഷമായിരിക്കുന്നു. വിഭാഗിക ചിന്തകൾ ഗാന്ധിസത്തെ കവർന്നെടുത്തു. സത്യാഗ്രഹവും  അക്രമരാഹിത്യ ചിന്തകളും  ഗാന്ധിജിയുടെ മാനവിക സംഭാവനകളാണ്. ലോകം മുഴുവനും ഗാന്ധിയൻ തത്ത്വങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കാനുള്ള മാർഗങ്ങൾ ആരായുകയും ചെയ്യുന്നു. ഗാന്ധിജിയുടെ മരണശേഷം അമേരിക്കൻ ഗാന്ധിയെന്ന പേരിൽ അമേരിക്കൻ ഐക്യ നാടുകളിൽ മാർട്ടിൻ ലൂതർ കിംഗ്‌ ഉയർത്തെഴുന്നേറ്റു.തെക്കേ കൊറിയായിൽ  ഹാം സോക്ക് ഹോണും പാലസ്തീനിൽ അവാദ് മുബാറക്കും അതാതു രാജ്യങ്ങളിലെ ഗാന്ധിയന്മാരായിരുന്നു. അഫ്ഗാനിസ്ഥാനിലെ 'ഖാൻ അബ്ദുൾ ഗാഫർഖാൻ' അതിർത്തി ഗാന്ധിയെന്നറിയപ്പെട്ടിരുന്നു.  ജനകീയ സ്വാതന്ത്ര്യ മുന്നേറ്റത്തിനായുള്ള  ചൈനയിലെ വിദ്യാർത്ഥി പ്രക്ഷോപണ  കാലത്തും ഗാന്ധിജിയുടെ ചൈതന്യം അവിടെ പ്രതിഫലിച്ചിരുന്നു. തെക്കേ ആഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരായ ലഹളകളിലും ഗാന്ധിജി ഒരു ഉത്തേജനമായിരുന്നു.  നെൽസൻ മണ്ഡാലയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും  ഗാന്ധി ചൈതന്യമുണ്ടായിരുന്നു.


രാജകോട്ടിലോ ബോംബെയിലോ നല്ലയൊരു വക്കീലായി ഗാന്ധിജി ശോഭിച്ചിരുന്നെങ്കിൽ, തെക്കേ ആഫ്രിക്കയിൽ പോകാതെ ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കിൽ യുഗപുരുഷനായ ഒരു മഹാത്മാവിനെ, ഗാന്ധിയെന്ന രാഷ്ട്രപിതാവിനെ ഇന്ത്യയ്ക്ക് ലഭിക്കില്ലായിരുന്നു. അദ്ദേഹത്തിൻറെ വക്കീലെന്നുള്ള ഇടപാടുകാരും  സാധാരണക്കാരായ ഹിന്ദുക്കളും അവരിൽ ഗുജറാത്തികളും മാത്രമായി അദ്ദേഹത്തിൻറെ ജീവിതം ഒതുങ്ങുമായിരുന്നു. സ്വന്തം തൊഴിലിന്റെ പരാജയത്തിൽ നിന്നും ലോകത്തിനു കിട്ടിയത്  ഹൈന്ദവ യാഥാസ്തിതിക ചിന്താഗതിക്കാരനായ ഒരു യുഗ പുരുഷനെയായിരുന്നു.


ആഫ്രിക്കയിൽ അദ്ദേഹം സേവനം ചെയ്തിരുന്ന പറ്റുവരവുകാർ ജീവിതത്തിന്റെ എല്ലാ  സാമൂഹിക മണ്ഡലങ്ങളിലും  വെളുത്ത വർഗക്കാരായവരുടെ വിവേചനം അനുഭവിക്കുന്നവരായിരുന്നു. സ്വന്തം വക്കീൽത്തൊഴിലിനൊപ്പം അദ്ദേഹം ഒരു സാമൂഹിക പ്രവർത്തകനായും പ്രവർത്തനം ആരംഭിച്ചു. ഭാരതത്തിൽ നിന്നും ആഫ്രിക്കയിൽ താമസിച്ചിരുന്നവർ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ജനതയെങ്കിലും ഭാഷകളും മതവും അവരെ  സ്വന്തം രാജ്യത്തെപ്പറ്റി ആത്മാഭിമാനികളാക്കിയിരുന്നു. ആഫ്രിക്കൻ ജീവിതത്തിൽ ഗാന്ധിജി ഒരു ചിന്തകനായി മാറി. തെക്കേ ആഫ്രിക്കയിലെ വക്കീലെന്നതിലുപരി ചുറ്റുമുള്ള സമൂഹത്തിൽ ഒരു നേതാവായി  അറിയപ്പെടാനും തുടങ്ങി. അവിടെനിന്നാണ് അന്നുവരെ ബ്രിട്ടീഷ് ചിന്താഗതിയുണ്ടായിരുന്ന അദ്ദേഹം തനി ഭാരതീയ ദേശാഭിമാനിയായത്. സ്വാതന്ത്ര്യ സമരത്തിൽ നേതൃത്വം നല്കിക്കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളോടു പോരാടിയ  ഗാന്ധിജിയ്ക്ക്  പടിഞ്ഞാറൻ ജനതയോട് ശത്രുതയുണ്ടായിരുന്നില്ല.വെളുത്തവരായ ഹെന്റി സോൾട്ട്, ജോൺ റസ്ക്കിൻ, ടോൾസ്റ്റോയ്  എന്നീ ചിന്തകരിൽ അദ്ദേഹം ആവേശഭരിതനായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും  ലണ്ടനിൽ  ബോംബു ചെയ്തപ്പോൾ ഗാന്ധിജി ദുഖിതനായിരുന്നു.


1893-മുതൽ 1914 വരെ അദ്ദേഹത്തിൻറെ യുവത്വകാലം  തെക്കേ ആഫ്രിക്കയിൽ ചെലവഴിച്ചു.  അവിടെ കൂടുതൽ സമയം ഒരു സാമൂഹിക പ്രവർത്തകനെന്ന നിലയിലും വക്കീലെന്ന നിലയിലും ജനസേവനത്തിനായി സമയം കണ്ടെത്തിയിരുന്നു. അന്ന് തെക്കേ ആഫ്രിക്കാ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. അവിടെ ഡച്ചുകാരായ ആഫ്രിക്കാക്കാരും, കറുത്ത വർഗക്കാരായ സ്വദേശികളും ഇന്ത്യയിലെ കരാറനുസരിച്ച് വന്ന കൂലിത്തൊഴിലാളികളും പ്രൊഫഷണലുകളും ചുറ്റുമുണ്ടായിരുന്നു. ഗാന്ധി തെക്കേ ആഫ്രിക്കയിൽ വന്നപ്പോൾ നീതികിട്ടാത്ത ഒരു ജനതയുടെയിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. അപരിചിതമായ ആ സാഹചര്യങ്ങളിൽ  നിന്നും ഗാന്ധിജി പിന്നീട് സ്വാതന്ത്ര്യ യോദ്ധാവ്, സാമൂഹിക പരിഷ്കർത്താവ്‌,  മത ചിന്തകൻ, തത്ത്വജ്ഞാനി, പ്രവാചകൻ   എന്നീ നിലകളിൽ  ഉയർന്നു വന്നു. തെക്കേ ആഫ്രിക്കയിലെ വർണ്ണ വിവേചനത്തെ അദ്ദേഹം എതിർത്തു. അതിനായി അവിടെയുള്ള എല്ലാ സമൂഹങ്ങളുടെയിടയിലും പ്രവർത്തിച്ചിരുന്നു. യഹൂദരും ക്രിസ്ത്യാനികളും രാജ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട കച്ചവടക്കാരും അക്കൂടെയുണ്ടായിരുന്നു.  ഇന്ത്യയിലെ അപ്രസിദ്ധനായിരുന്ന  'മോഹൻദാസ്‌ കരൻ ചന്ദ്  ഗാന്ധി'യെന്ന  കേസില്ലാ വക്കീൽ അതിമിടുക്കനും ചിന്തകനും സാമൂഹിക പ്രവർത്തകനും ജ്ഞാനിയും വിവേകവുമുള്ള വലിയ ഒരു മനുഷ്യനായി അറിയപ്പെടാൻ തുടങ്ങി.


ആഡംബരങ്ങൾ വെടിഞ്ഞ് ലളിതമായി ജീവിതം നയിക്കുന്നവരുടെയിടയിൽ ഗാന്ധിജി  ഇന്നും ജീവിക്കുന്നു. തെക്കേ ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഗാന്ധി ആശ്രമങ്ങൾ  ലാളിത്യത്തിലും അനാഡംഭരത്തിലും   ജീവിക്കുന്നവർക്കുള്ളതായിരുന്നു. ഭാരതത്തിലെ ഹരിതക വിപ്ലവത്തിലും പ്രകൃതിയുടെ സംരക്ഷണത്തിലും ഗാന്ധിജിയുടെ പ്രതിഫലനം മുഴങ്ങുന്നു. പരീസ്ഥിതി സംരക്ഷണം, ആരോഗ്യപരമായ ഭക്ഷണ രീതി, സസ്യാഹാരം ഇവിടെയെല്ലാം ഗാന്ധിജി  ജീവിക്കുന്നു. മതങ്ങൾ തമ്മിലുള്ള വൈരങ്ങൾ ഇല്ലാതാക്കി, മനുഷ്യനും മനുഷ്യനും തമ്മിലുള്ള വേർതിരിവുകൾ മാററി ,   പരസ്പരധാരണയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ലോകമതങ്ങളിലും ഗാന്ധിജിയുടെ ചൈതന്യം പ്രസരിക്കുന്നു. ഹിന്ദുക്കളും മുസ്ലിമുകളും ഒത്തു കൂടുക, കൃസ്ത്യാനികളും യഹൂദരും തമ്മിൽ പരസ്പര വിശ്വാസം പുലർത്തുക, മതങ്ങൾ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവകളിലെല്ലാം  ഗാന്ധിജിയുണ്ട്.  ആഗോള സമാധാനത്തിനായുള്ള ഒത്തുചേരലിലും ഗാന്ധിജിയുടെ  ആത്മചൈതന്യം വെട്ടിത്തിളങ്ങുന്നു. .


നശീകരണ ലോകായുധങ്ങളും  ന്യൂക്ലിയർ ബോംബുകളും  ഇല്ലായ്മ ചെയ്യണമെന്ന വിപ്ലവമുന്നേറ്റത്തിലും ഗാന്ധിജി  നമ്മോടൊത്ത് ജീവിക്കുന്നു. എവിടെ യുദ്ധമുണ്ടോ അസമാധനമുണ്ടോ അവിടെയെല്ലാം ഗാന്ധിജി സമാധാന ദൂതനായി ഉണ്ട്.  നൂക്ലിയർ ലോകത്ത് അദ്ദേഹം 29 മാസം ജീവിച്ചു. ലോക നിരായുധീകരണത്തിനായി ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ  മരണശേഷം കെന്നഡിയും  ക്രൂഷ്ചേവും നിരായുധീകരണത്തിനായി ശ്രമിച്ചു. പിന്നീട് ഗോർബച്ചോവുമായും നിരായുധീകരണ സമാധാന ഉടമ്പടികളുണ്ടായി.  ഗാന്ധിജിയിൽ അവേശഭരിതരായി പടിഞ്ഞാറും കിഴക്കുമുള്ള രാജ്യങ്ങളിൽ  അനേകമനേക സമാധാന പ്രകടന ജാഥാകളുണ്ടായിരുന്നു.   അതാതു രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളിൽ പ്രകടനക്കാർ  ഗാന്ധിജിയുടെ പടങ്ങൾ വഹിച്ചിരുന്നു.


ഗാന്ധി പ്രതിമകളും ഗാന്ധി മ്യൂസിയമുകളും  ഗാന്ധി എക്സിബിഷനും ഗാന്ധി സിനിമാകളും  ഓർമ്മകൾ പുതുക്കാൻ ഉപകരിക്കുന്നു. പുതിയ തലമുറകൾക്കും  അദ്ദേഹത്തെപ്പറ്റി ഓർമ്മിക്കാൻ  സാധിക്കും.  90 വാല്യങ്ങളിലായി (Volumes) അദ്ദേഹത്തിൻറെ  കൃതികളടങ്ങിയ പുസ്തകങ്ങൾ ലോകം മുഴുവൻ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അക്കൂടെ ഗാന്ധിജിയെപ്പറ്റി കുട്ടികൾക്കായുള്ള  പുസ്തകങ്ങളുമുണ്ട്. അങ്ങനെ എല്ലാ വിഭാഗങ്ങളിലും, ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലും എല്ലാ രാജ്യങ്ങളിലും ഒരു പക്ഷെ ഇന്ത്യയിലെക്കാൾ കൂടുതലായി പുറം രാജ്യങ്ങളിലും  ജാതിമത ഭേദമേന്യേ  അബാല വൃദ്ധ  ജനകോടികൾ ഗാന്ധിജിയെ സ്മരിക്കുന്നു.


ഗാന്ധിജിയെ വധിച്ചത് ഇന്ത്യാ   മുപ്പതു കോടി രൂപാ പാക്കിസ്ഥാനു കൊടുക്കാൻ കരാറുണ്ടാക്കിയ കാരണംകൊണ്ടെന്നു   അദ്ദേഹത്തിൻറെ എതിരാളികൾ പറയും. സത്യത്തിൽ അത് ശരിയല്ല. ഗാന്ധിജി  ജാതി വ്യവസ്ഥകൾക്ക് എതിരായി സംസാരിച്ചതു കൊണ്ടാണ് അദ്ദേഹത്തെ വധിച്ചത്. തീണ്ടലും തൊടീലും സമൂഹത്തിൽ ഇല്ലാതാക്കാൻ 'അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കണമെന്ന ചിന്താഗതികൾക്ക് ഏറെക്കാലം മുമ്പേ 'നത്തുറാം  ഗോഡ്സെ' ഗാന്ധിജിയെ വധിക്കാൻ ശ്രമിച്ചിരുന്നു. 1935 മുതൽ നാലു  പ്രാവശ്യം   ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.


'സത്യത്തിൽ അന്നത്തെ കോൺഗ്രസടക്കമുള്ള  നേതാക്കന്മാർക്കും സർക്കാരിലെ ചുവപ്പു നാടകൾക്കും  ഗാന്ധിജിയെ വധിക്കുന്ന വിവരം അറിയാമായിരുന്നുവെന്നും അവർ അറിയാത്ത ഭാവത്തിൽ കണ്ണടച്ചെന്നും അവർക്കാവശ്യം ജീവിച്ചിരിക്കുന്ന ഗാന്ധിയേക്കാൾ രക്ത സാക്ഷിയായിരുന്ന ഗാന്ധിജിയെ യായിരുന്നുവെന്നും' ഗാന്ധിജിയുടെ കൊച്ചുമകൻ അരുൺ ഗാന്ധി   ബീ ബി. സി.യു മായുള്ള അഭിമുഖ സംഭാഷണത്തിൽ പറയുകയുണ്ടായി. ജീവിച്ചിരുന്ന ഏതാനും ആഴ്ചകൾക്കു മുമ്പ് ഗാന്ധിജി ഒരു ബ്രിട്ടീഷ്  ജേർണ ലിസ്റ്റിന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു; 'ഞാൻ ജീവിച്ചിരിക്കുമ്പോൾ ഭാരതീയ ജനത എന്നെ പിന്തുടരും. മരിക്കുമ്പോൾ എന്നെ ആരാധിക്കും. പക്ഷെ എന്റെ ലക്ഷ്യങ്ങളായിരിക്കില്ല അവരുടെ ലക്ഷ്യം. എന്റെ  ചിന്തകൾ അപ്പാടെ തിരസ്ക്കരിക്കും.' ഒരു പ്രവാചകന്റെ  പ്രവചനം പോലെ അതെല്ലാം സത്യങ്ങളായി ഭവിച്ചു. കോൺഗ്രസ്സ്  പാർട്ടിയും ഇന്ത്യയിലെ പ്രമുഖ മറ്റു രാഷ്ട്രീയ പാർട്ടികളും ബ്രിട്ടീഷ് സാമ്രാജ്യ ഭരണം അവസാനിപ്പിച്ച് ഇന്ത്യൻ സാമ്രാജ്യ വാദികളായി. പൊങ്ങച്ചവും ആഡംബര പൂർണ്ണമായ പ്രകടനങ്ങളും ആഡംബര ജീവിതവും സാധാരണ ജനതയുമായുള്ള അകൽച്ചയും ജീവിക്കുന്ന ഗാന്ധിജി സമ്മതിക്കില്ലായിരുന്നു. ജീവിക്കുന്ന ഗാന്ധിജിയെ ഭയപ്പെട്ടതുകൊണ്ട് ഗാന്ധി വധത്തിൽ നിശബ്ദരായി തന്നെ  അവരും  കൂട്ടുനിന്നു.


അനേക മതങ്ങളുള്ള ഭാരതത്തിൽ ഒരു മതത്തിനും  രാഷ്ട്രീയത്തിൽ പ്രാധാന്യം കല്പ്പിക്കരുതായിരുന്നു. മതത്തെ പ്പറ്റിയുള്ള നമ്മുടെ മനസിലാക്കലും സങ്കുചിതമാണ്. മതങ്ങളെന്നു പറഞ്ഞാൽ അസഹിഷ്ണതയുടെ ഉറവിടങ്ങളാണ്.  പരസ്പര ധാരണയും സ്നേഹവും പരസ്പര ബഹുമാനവും പഠിപ്പിക്കന്നതിനു പകരം മതങ്ങൾ തമ്മിൽ മല്ലടിച്ചുകൊണ്ട് വെറുപ്പിന്റെ ഭാഷ പഠിപ്പിക്കുന്നു. മഹാത്മാ ഗാന്ധിജി അഭിമാനിയായ ഒരു ഹിന്ദുവായിരുന്നു. അദ്ദേഹം മറ്റുള്ള മതങ്ങളുടെ നല്ല സാരാംശങ്ങളെയും സ്വീകരിച്ചിരുന്നു. അമ്പല പൂജാരികളുടെ അന്ധവിശ്വാസം നിറഞ്ഞ ആചാരങ്ങളെ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. എന്നാൽ വേദങ്ങളിലെ വാക്യങ്ങൾ പഠിക്കുകയും മനസിലാക്കുകയും അവകളെ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരുകയും ചെയ്തു. അദ്ദേഹം സ്വന്തം മതത്തെ സ്നേഹിച്ചപോലെ മറ്റുള്ള മതങ്ങളെയും തുല്യമായി സ്നേഹിച്ചിരുന്നു. മതേതരത്വമെന്നാൽ സ്വന്തം മതത്തെ തിരസ്ക്കരിക്കയെന്നല്ല എല്ലാ മതങ്ങളെയും ഉൾക്കൊള്ളുക യെന്നതാണെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗാന്ധിജിയെ സംബന്ധിച്ച് മതമെന്നു  പറയുന്നത് വലിയ ഒരു പർവ്വതം കയറുന്നതിനു തുല്യമായിരുന്നു. നാമെല്ലാം ഒരേ പർവത ശിഖരത്തിലേയ്ക്ക് യാത്ര ചെയ്യുന്നുവെങ്കിൽ പർവതത്തിന്റെ ഏതു വശത്തുനിന്നു യാത്ര ചെയ്താലും ലക്ഷ്യസ്ഥാനം ഒന്നുതന്നെയാണെന്നു  ഗാന്ധിജി പറയുമായിരുന്നു.


1947-ൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കുമുമ്പ് പണ്ഡിറ്റ്‌ നെഹ്രുവിന്റെയും സർദാർ പട്ടേലിന്റെയും ദൌത്യവുമായി ഒരു സംഘം കൽക്കട്ടയിൽ ഗാന്ധിജിയെ കാണാനെത്തി. ഗാന്ധിജി ആ സമയങ്ങളിൽ ഹിന്ദു മുസ്ലിം മൈത്രിക്കുവേണ്ടിയും സമാധാനത്തിനായും ശ്രമിക്കുകയായിരുന്നു. അർദ്ധരാത്രിയിൽ വന്നെത്തിയ അവർ നെഹ്രുവിന്റെയും പട്ടേലിന്റെയും കത്തുകൾ ഗാന്ധിജിയ്ക്ക് കൈമാറി. വന്ന അതിഥികൾക്ക് ഭക്ഷണം കൊടുത്ത ശേഷം ഗാന്ധിജി ആ കത്തുകൾ പൊട്ടിച്ചു. കത്തിൽ  അവർ എഴുതിയിരുന്നു: "ബാപ്പുജി അങ്ങ് രാഷ്ട്ര പിതാവാണ്. 1947- ആഗസ്റ്റ് പതിനഞ്ചാം തിയതി ആദ്യത്തെ സ്വാതന്ത്ര്യ ദിനമായിരിക്കും. അങ്ങ് ഡൽഹിയിൽ വന്നു ഞങ്ങളെ അനുഗ്രഹിക്കണം." ഗാന്ധി പറഞ്ഞു, 'എന്തു വിഡ്ഢിത്വം, ബംഗാൾ കത്തിയെരിയുമ്പോൾ ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം കൊലകൾ നടത്തുമ്പോൾ കൽക്കട്ടയിലെ ഇരുണ്ട ഈ രാത്രിയിൽ ദയനീയമായ അവരുടെ യാതനകളെ ഞാൻ ശ്രവിക്കുന്നു. വെട്ടിത്തിളങ്ങുന്ന ദീപങ്ങളുടെ നടുവിൽ മുറിവേറ്റ ഭാരതാത്മാവിന്റെ വേദനകളും ആവഹിച്ചുകൊണ്ട് ഞാൻ എങ്ങനെ ഡൽഹിക്കു വരും?" ഇത് ഗാന്ധിജിയുടെ ഹൃദയ സ്പർശമായ വാക്കുകളായിരുന്നു. ഗാന്ധിജി പറഞ്ഞു, 'ബംഗാളിൽ സമാധാനം ഉണ്ടാക്കുന്നതിന് എനിയ്ക്കിവിടെ ജീവിക്കേണ്ടതായുണ്ട്. അവരിൽ സൗഹാർദവും സമാധാനവും കൈവരിക്കാൻ എന്റെ ജീവൻതന്നെ ബലി കഴിച്ചേക്കാം.'


സുപ്രഭാതമായപ്പോൾ നെഹ്രുവിന്റെയും പട്ടേലിന്റെയും  ദൗത്യ സംഘത്തെ ഗാന്ധിജി മടക്കി അയച്ചു. അദ്ദേഹം ഒരു മരത്തിന്റെ കീഴെ നില്ക്കുകയായിരുന്നു. ഒരു വരണ്ട ഇല മുകളിൽ നിന്ന് താഴെ വീണു. ഗാന്ധിജി അത് പെറുക്കിയെടുത്ത് ഉള്ളം കൈകളിലാക്കിക്കൊണ്ട് പറഞ്ഞു, "ചങ്ങാതിമാരെ നിങ്ങൾ ഡൽഹിക്ക് മടങ്ങി പോവുകയല്ലേ? നെഹ്രുവിനും പട്ടേലിനും സമ്മാനങ്ങൾ നല്കാൻ എന്റെ കൈവശം ഒന്നും തന്നെയില്ല. ഞാൻ അധികാരവും പണവുമില്ലാത്ത ഒരു സാധു മനുഷ്യനാണ്. സ്വാതന്ത്ര്യദിന സമ്മാനമായി ഈ ഉണങ്ങിയ ഇല നെഹ്രുവിനും പട്ടേലിനും സമ്മാനിക്കൂ. ഗാന്ധിജി ഇത് പറയുമ്പോൾ വന്ന അതിഥികളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തമാശരൂപേണ ഗാന്ധിജി വീണ്ടും പറഞ്ഞു, "ദൈവം എത്ര മഹത്വപ്പെട്ടതാകുന്നു. അവിടുന്നു നിങ്ങളുടെ  'ഗാന്ധി' ഉണങ്ങിയ ഇല കൊടുക്കാൻ ആഗ്രഹിക്കുന്നില്ല." ഗാന്ധിജി ഒരു നിമിഷം ധ്യാനനിരതനായ ശേഷം ഉണങ്ങിയ ഇലയിൽ വെള്ളം ഒഴിച്ചു. ഒരു ചിരിയോടെ അദ്ദേഹം "ഈ ഇല ഇപ്പോൾ മിന്നി തിളങ്ങുന്നില്ലേയെന്നു" ചോദിച്ചു. കണ്ണുനീരുകൾ നിറഞ്ഞ 'ഇല' എന്റെ സമ്മാനമായി അവർക്കു നല്കൂ. അതായിരുന്നു ഗാന്ധിജിയുടെ ഹൃദയ സ്പർശമായ മാനവിക വികാരം.


അബലകളായ സ്ത്രീകളുടെ കരളലിയിക്കുന്ന പ്രശ്നങ്ങൾ ഗാന്ധിജിയെ സ്പർശിച്ചിരുന്നു. 'ചമ്പരാൻ' ജില്ലയിൽ, പ്രശ്നങ്ങൾ പഠിക്കാൻ ഗാന്ധിജി ഏതാനും പേരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അവർ കൊണ്ടുവന്ന റിപ്പോർട്ടിൽ സ്ത്രീകളുടെ  പ്രശ്നങ്ങളൊന്നും പരാമർശിച്ചില്ലായിരുന്നു. സ്ത്രീകളെ തഴഞ്ഞുകൊണ്ടുള്ള ഒരു റിപ്പോർട്ട് എങ്ങനെ പൂർണ്ണമാകുമെന്നും ഗാന്ധിജി ചോദിച്ചു. സ്ത്രീകൾ ലജ്ജാവതികളായതുകൊണ്ട് വീടിനു പുറത്തിറങ്ങുകയില്ലെന്നും ആരെയും കാണാൻ സാധിച്ചില്ലെന്നും റിപ്പോർട്ട്  തയ്യാറാക്കിയവർ ഗാന്ധിജിയോട് മറുപടി പറഞ്ഞു. ഗാന്ധിജി ഉടൻ കസ്തൂർബാ ഗാന്ധിയേയും അവാന്റികബായി ഗോഖലെ എന്ന ഒരു സ്ത്രീയേയും സ്ത്രീകളുടെ യാതനകളറിയാൻ ചമ്പരാൻ പ്രദേശങ്ങളിൽ അയച്ചു. ചമ്പരാനിലെ സ്ത്രീകൾ അവരെ കാണുകയോ വാതിൽ തുറക്കുകയോ ഉണ്ടായില്ല. സൂര്യാസ്തമനമായപ്പോൾ കസ്തൂർബാ ഗാന്ധി ഒരു വീടിന്റെ വാതിലിൽ മുട്ടിയിട്ടു അകത്തുള്ള സ്ത്രീയോട് പറഞ്ഞു, "ഞങ്ങൾ സൂര്യോദയം മുതൽ അസ്തമയം വരെ ഈ ഗ്രാമത്തിൽ അലഞ്ഞു നടക്കുകയാണ്. ഞങ്ങൾക്ക് ദാഹിക്കുന്നു. ഒരു ഗ്ലാസ് വെള്ളം തരുമോ?" സാവധാനം ഒരു വാതിൽ പകുതിയായി തുറന്നു. ഒരു സ്ത്രീ വാതിലിനു മറവിൽ ഒളിച്ചിരുന്നുകൊണ്ട് ഒരു ഗ്ലാസ് വെള്ളവുമായി കൈകൾ നീട്ടി. കസ്തൂർബാ വെള്ളം കുടിച്ചുകൊണ്ട് പറഞ്ഞു, സഹോദരി, ഒരു ഗ്ലാസ് വെള്ളം പിടിച്ചുകൊണ്ടുള്ള നിങ്ങളുടെ കൈകൾ മാത്രം കാണുന്നു. എന്നാൽ കൈകൾക്ക് പുറകിലുള്ള നിങ്ങളെയാണ് ഞങ്ങൾക്ക് കാണേണ്ടത്." അകത്തുള്ള സ്ത്രീ പറഞ്ഞു, "ഈ വീട്ടിലുള്ള മൂന്നു സ്ത്രീകൾക്ക് ആകെയുള്ളത് കീറാത്ത ഒരു സാരി മാത്രമാണ്. ഒരാൾ ആ സാരിയുമുടുത്തുകൊണ്ട് പുറത്തിറങ്ങിയാൽ മറ്റുള്ള സ്ത്രീകൾ അർദ്ധ നഗ്നകളായി നിങ്ങൾക്ക് വാതിലെങ്ങനെ  തുറന്നു തരും." കരയുന്ന ആ സ്ത്രീയോട് കസ്തൂർബാ പറഞ്ഞൂ, "വാതിലടയ്ക്കൂ സഹോദരീ, നിങ്ങളുടെ ഹൃദയ വാതിലുകൾ തുറന്നിരിക്കുന്നു." ഹൃദയ സ്പർശമായ ഈ റിപ്പോർട്ടുമായി കസ്തൂർബായും അവാന്റിഭായിയും ഗാന്ധിജിയുടെ അടുത്തെത്തി. സ്ത്രീകളുടെ ആദരവു വർദ്ധിപ്പിച്ചുകൊണ്ട് അവർക്കായി പ്രവർത്തിക്കുമെന്നും അതുവരെ താൻ വിശ്രമിക്കില്ലെന്നും ഗാന്ധി അന്ന് പ്രതിജ്ഞ ചെയ്തു.

2002-ലെ ഗുജറാത്ത് കലാപം  നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ഹീനമായ ഒരു സംഭവമായിരുന്നു. അതു  സംഭവിച്ചത് ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലായിരുന്നു. യാതൊരു തത്ത്വങ്ങളുമില്ലാത്ത രാഷ്ട്രീയക്കളികൾമൂലം അനേക മനുഷ്യ ജീവിതങ്ങൾ നഷ്ടപ്പെട്ടു.  അധികാരം നിലനിർത്താൻ ഏതു മൃഗീയമായ  പ്രവർത്തികളും ഇത്തരക്കാർ രാഷ്ട്രീയത്തിൽ കളിക്കും. ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഗുജറാത്ത് സംഭവത്തിൽ അദ്ദേഹം അപമാനിതനാവുമായിരുന്നു. ഗുജറാത്തിയെന്നോ ഇന്ത്യനെന്നോ പറയാൻ മടിക്കുമായിരുന്നു.


കപടത നിറഞ്ഞ രാഷ്ട്രീയ ചൂതുക്കളിക്കാരുടെ  ലോകത്തിൽ ഗാന്ധിജിയുടെ ചിന്തകൾ  കൈവെടിഞ്ഞെങ്കിലും രാഷ്ട്രീയത്തിനുപരിയായി ചിന്തിക്കുന്നവരുടെ  സാമൂഹിക തലങ്ങളിലും  വിവിധ മാനുഷിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളിലും   അനേകായിരങ്ങളിലും ഗാന്ധിയൻ തത്ത്വങ്ങൾ ഉത്തേജനം നല്കിക്കൊണ്ടിരിക്കുന്നു.  അവർ ആതുര സേവനങ്ങളിലും ഗ്രാമീണ ഉദ്ധാരണങ്ങളിലും  സ്ത്രീകളുടെ നവോത്വാന മേഖലകളിലും പരീസ്ഥിതി ക്രമീകരണങ്ങളിലും  ശുദ്ധീകരണ മേഖലകളിലും പ്രവർത്തിക്കുന്നു. ഗാന്ധിജിയുടെ ചിന്തകളും ആശയങ്ങളും  ഇന്നും കാലത്തിനനുയോജ്യമെന്നു  കാണാം.  ഇന്ത്യയ്ക്കു  മാത്രമല്ല ലോകത്തിനു മുഴുവനായും അദ്ദേഹത്തിന്റെ ചൈതന്യം  അണയാത്ത ദീപമായി ശോഭിക്കുന്നു.  അനീതിയ്ക്കെതിരെ , ഏകാധിപത്യ പ്രവണതകളുള്ള   സർക്കാരുകൾക്കെതിരെ  അദ്ദേഹത്തിൻറെ അക്രമരാഹിത്യ സമര മുറകൾ വിവിധ  രാജ്യങ്ങൾക്ക് മാർഗദർശനം നല്കി.   മത സഹിഷ്ണതയും മതങ്ങൾ തമ്മിലുള്ള പരസ്പര സഹവർത്തിത്വവും ഗാന്ധിസത്തിന്റെ ഭാഗമാണ്. ഗാന്ധി വിഭാവന ചെയ്ത  പ്രകൃതിയെ നശിപ്പിക്കാത്ത സാമ്പത്തിക ശാസ്ത്രം ഇന്നും കാലത്തിനനുയോജ്യം തന്നെ.  സമാധാനത്തിലധിഷ്ടിതമായ ചർച്ചകളിൽ കൂടി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഗാന്ധിയൻ ആശയങ്ങളെ പരിഷ്കൃത ലോകങ്ങൾ  ആദരിക്കുന്നു.


ആല്ബർട്ട് ഐൻസ്റ്റീൻ പറഞ്ഞു, 'ഈ ഭൂമിയിൽ  രക്തവും മാംസവുമുള്ള ഒരു മനുഷ്യനായി  'ഗാന്ധിയെന്ന'  ഒരു മഹാൻ ജീവിച്ചിരുന്നുവെന്ന് തലമുറകൾ കടന്നു പോവുമ്പോൾ അവിശ്വസനീയമായി തോന്നും.'  ഗാന്ധിജി മരിച്ചു. ആ ദീപം പൊലിഞ്ഞു. അദ്ദേഹം ജീവിച്ച ഭൂമിയിലാണ് നാമിന്നു  ജീവിക്കുന്നത്. മനുഷ്യത്വത്തെയും ആക്രമണ രാഹിത്യത്തെയും ബഹുമാനിച്ചാൽ ഗാന്ധിജിയുടെ   ചൈതന്യം  നിത്യം ലോകത്തു വെളിച്ചം നല്കിക്കൊണ്ട് സമാധാനം ഉളവാകും.  അദ്ദേഹത്തിൻറെ ജീവിക്കുന്ന ചൈതന്യം ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ ദാഹികളായ ജനങ്ങളുടെ ഹൃദയങ്ങളിലും കുടികൊള്ളുന്നുണ്ട്. 


Thursday, January 21, 2016

സമര്‍പ്പിത ജീവിതത്തിന് മാര്‍പ്പാപ്പ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

ജിജോ കുര്യന്‍

   PLEASE VISIT:  

http://standawayfrommysun.blogspot.in/2016/01/blog-post.html



നാളിതുവരെയുള്ള മാര്‍പ്പാപ്പമാരും മെത്രാന്മാരും പഠിപ്പിച്ചതും അനുശാസിച്ചതും സഭയിലുള്ളവര്‍ കേട്ടിട്ടുണ്ട്, അനുസരിച്ചിട്ടുമുണ്ട്. ഇന്നത്തെ മാര്‍പ്പാപ്പയാകട്ടെ നമ്മുടെ സ്വപ്നങ്ങള്‍ പറയുന്നു, നമ്മുടെ ഭാഷ സംസാരിക്കുന്നു, നമ്മുടെ ചിന്തകള്‍ പ്രബോധനങ്ങളാക്കുന്നു. അതുകൊണ്ടാവണം പീറ്റര്‍ സാലി എഴുതിയത്, “അടുത്തയിടെയായി സഭ മുഴുവന്റെയും മുഖത്ത് ഒരു ചിരി കളിയാടുന്നുണ്ട്.” സാധാരണക്കാരന്റെ ഭാഗത്തു നിന്ന് സംസാരിക്കുന്ന മാര്‍പ്പാപ്പയുടെ ജീവിതവും പ്രബോധങ്ങളും സമര്‍പ്പിതരുടെ മുന്‍പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ഉന്നയിക്കുന്ന ചോദ്യങ്ങളും അതുകൊണ്ട് തന്നെ സമര്‍പ്പിതരെക്കുറിച്ചുള്ള ജനത്തിന്‍റെ പ്രതീക്ഷളാണ്. സമര്‍പ്പിതജീവിതം കാലഹരണപ്പെട്ട അവശിഷ്ടങ്ങളായി മാറാതിരിക്കമെങ്കില്‍ സമര്‍പ്പിതര്‍ ഏറേ തുറവിയോടും ആദരവോടും കൂടെ ഇക്കാലത്തിന്റെ നിര്‍ദ്ദേശങ്ങളെ പരിഗണിച്ചേ മതിയാകൂ.

ഒരു കഥയുടെ തുടക്കം

പോപ്പ് ഫ്രാന്‍സിസ് സ്വയം പ്രതിനിധാനം ചെയ്യാന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്ത സഭയുടേയും സന്യാസത്തിന്റേയും ആന്തരീക ചൈതന്യമായ ആ മനുഷ്യന്‍റെ കഥ പറഞ്ഞുകൊണ്ട് തുടങ്ങാം.

ഐഹികസാമ്രാജ്യത്തിന്റെ രാഷ്ട്രീയത്തിന് വശംവദനാകാത്ത നസ്രത്തിലെ തച്ചനില്‍നിന്ന് പടച്ചട്ടയണിഞ്ഞ ക്രിസ്തുവിലേക്കും, പിന്നെ ക്രിസ്തുരാജനിലേക്കും സഭയെത്തുമ്പോള്‍ കാലം പത്തുനൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. കൈകളെ തുളയ്ക്കുന്ന ആണികള്‍ക്കു പകരം കയ്യില്‍ അധികാരത്തിന്റെ ചെങ്കോലും, അങ്കികള്‍ ഉരിഞ്ഞുമാറ്റപ്പെട്ട നഗ്നതയ്ക്കു പകരം ആഡംബരത്തിന്റെ സുവര്‍ണ്ണയങ്കിയും, തലയില്‍ മുള്‍മുടിക്കു പകരം അധീശത്വത്തിന്റെ സ്വര്‍ണ്ണക്കിരീടവുമണിഞ്ഞ ക്രൂശിതനില്‍നിന്ന് സഭ ഒരു സാമ്രാജ്യത്വ-കൊളോണിയല്‍ ക്രിസ്തുസങ്കല്‍പ്പത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് ഫ്രാന്‍സിസ് എന്ന കൊച്ചുമനുഷ്യന്റെ രംഗപ്രവേശം.
കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുന്ന കാലം. ആഘോഷപൂര്‍വ്വമായ ആരാധനകള്‍, ദിവ്യബലികള്‍, യൂറോപ്പില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി വരുന്ന അംബരചുംബികളായ ദേവാലയങ്ങള്‍, ഭണ്ഡാരത്തില്‍ നിറയെ പണം. റോമിലെ ഭരണാധികാരിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത സഭക്കും സമൂഹത്തിനുമുള്ളിലെ ''സമാധാനകാലം''.അക്കാലത്താണ് അയാള്‍ അസ്സീസിയുടെ തെരുവുകളില്‍ വന്ന് വിളിച്ചുപറയുന്നത്, ''സഭ ജീര്‍ണ്ണിച്ചു വീണുകൊണ്ടിരിക്കുകയാണ.്'' കേട്ടവരൊക്കെ അടക്കിച്ചിരിച്ചു കടന്നുപോയി. ''ബര്‍ണഡോണിന്റെ മകന് ഭ്രാന്താണ്''എന്ന വാര്‍ത്ത അസ്സീസിയില്‍ പരക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത് നീണ്ട അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഒരു വെളിപാടായിരുന്നു.
യൗവ്വനത്തിന്റെ പ്രാരംഭദശയില്‍ ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അയാള്‍. അനുഷ്ഠാനമതത്തിന് അതിന് ഉത്തരം കൊടുക്കാനൊട്ടായതുമില്ല. വലിയ കത്തീഡ്രലുകളും സാന്‍ ജോര്‍ജ്ജിയോ ഇടവകദേവാലയവും അതിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്രൂശിതനുമൊന്നും അയാളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അവസാനം അയാള്‍ എത്തിനില്‍ക്കുന്നത് അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അസ്സീസി പട്ടണത്തിന് പുറത്ത് താഴ്‌വരക്കാട്ടിനുള്ളില്‍ തകര്‍ന്നുപോയ ഒറ്റപ്പെട്ട ഒരു കൊച്ചുകപ്പേള. അതിന്റെ കല്‍ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അഴകോ ആകാരഭംഗിയോ ഇല്ലാത്ത, ഒരു ലോയിന്‍ ക്ലോത്തു മാത്രം കലാകാരന്‍ വരച്ചുചേര്‍ത്ത, ഒരു ക്രൂശിതരൂപം. ആ ക്രൂശിതനില്‍ നിന്നാണ് അയാള്‍ക്ക് വെളിപാടുണ്ടായത്, ''പോവുക, എന്റെ ആലയം പുതുക്കിപ്പണിയുക.''രാജാധിരാജ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവാണ് അയാളെ പിന്നീട് നയിച്ചത്. അതുകൊണ്ടാണ് പിന്നീട് അയാള്‍ കണ്ട സ്വപ്നങ്ങളിലൊക്കെ കല്ലിലും മണ്ണിലും ബലവത്തായി പണിതുയര്‍ത്തിയ വന്‍ദേവാലയങ്ങളൊക്കെ തകര്‍ന്നുവീഴുന്നതും വഴിവക്കിലൂടെ മണികുലുക്കി നടന്നെത്തിയ ദുര്‍ഗന്ധം വമിക്കുന്ന കുഷ്ഠരോഗികളില്‍ ക്രിസ്തു അയാള്‍ക്ക് വെളിവാകുന്നതും.
സിനഗോഗുകളില്‍നിന്ന് പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവ സമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്.'ഫ്രാന്‍സിസ്' ഒരു വ്യക്തിക്കിട്ട പേരല്ല, ഒരു ജീവിതശൈലിക്ക് കാലം ചാര്‍ത്തിക്കൊടുത്ത പേരാണ്. അതുകൊണ്ടാണ്''ദരിദ്രരെക്കുറിച്ചൊരു കരുതല്‍ വേണം'' എന്ന് ഏതോ ഒരു സഹയിടയന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ 'ഫ്രാന്‍സിസ്' എന്നാവട്ടെ ഇനി സഭയുടെ തലക്കെട്ട് എന്ന് ആ വലിയ ഇടയന്‍ നിശ്ചയിച്ചത്. സ്ഥാനമേറ്റ് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു: “ദരിദ്രര്‍ക്ക് വേണ്ടി ദരിദ്രമായ ഒരു സഭയാണ് എന്‍റെ സ്വപ്നം.” ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്.

കൂട്ടുകൂടി ആള്‍കൂട്ടമായി മാറിയ സന്യാസം

സത്യത്തില്‍ സന്യാസത്തിന്റെ വിത്തുകള്‍ എവിടെയാണെന്ന് പുനര്‍വിചിന്തനം ചെയ്യേണ്ട ഒരു കാലത്തിലാണ് സഭയിന്ന്. മറ്റൊരു മതത്തിലും കാണപ്പെടാത്തതുപോലെ സന്യാസം സ്ഥാപനവത്ക്കരിക്കപ്പെടുകയും പൊതുവത്ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്ന ഒരു ഇടമാണ് കത്തോലിക്കാസഭ. അതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്ക് ചെയ്താല്‍ പരിമിതമായി പോയേക്കാവുന്ന ചില നന്മകള്‍ കൂട്ടമായി ചെയ്യുമ്പോള്‍ സമൂഹത്തില്‍ പത്തിരട്ടിയും ഇരുപതിരട്ടിയും ഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന തിരിച്ചറിവില്‍ ആണ് സന്യാസത്തിന്റെ കൂട്ടുജീവിതത്തിന്‍റെ തുടക്കം. ഒപ്പം ഒരേ മനസ്സോടെ ചിന്തിക്കുന്നവരോടോത്തുള്ള സഹവാസം വ്യക്തിജീവിതത്തിന് കൂടുതല്‍ ആവേശം പകരും എന്ന ചിന്തയും. എന്നാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒരു വിശുദ്ധമായ ജീവിതം നയിക്കാന്‍ ലോകത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു മാറ്റപ്പെട്ടവരുടെ കൂട്ടമാണ്‌ സന്യാസികളുടേത് എന്ന് ചിന്തിക്കാന്‍ തുടങ്ങുകയും അതിന് സ്വാതന്ത്ര്യത്തിന്‍റെ എല്ലാ വിശാലതകളേയും നിഷ്ഠകള്‍ കൊണ്ട് വിലക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സന്യാസത്തിന് അതിന്‍റെ അന്തസത്ത നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. സാവകാശം ഉള്ളില്‍ സന്യാസത്തിന്റെ നിധിയാല്ലാത്തവര്‍ സ്ഥാപനം തരുന്ന സുരക്ഷിതത്വവും സാമൂഹ്യ അംഗീകാരവും നോക്കി അതില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുക കൂടി ചെയ്തപ്പോള്‍ ഈ സന്യാസസ്ഥാപങ്ങള്‍ ആള്‍ബലത്തിലും എണ്ണത്തിനും വര്‍ദ്ധിച്ചു. അത് സന്യാസത്തിന്റെ “സുവര്‍ണ്ണ കാല”മായി കാണുന്നവര്‍ ഇനിയെങ്കിലും ഒരു പുനര്‍ വിചാരണക്കിരിക്കണം.

അവിടെയാണ് സന്യാസത്തിന്റെ പുത്തന്‍ വഴിതെളിച്ച അസ്സിസിയിലെ ആ കൊച്ചു മനുഷ്യന്‍ നമ്മെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോകുന്നത്. ഇരുപത്തിരണ്ടാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്ന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്ന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്ന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. ഇതാണ് സന്ന്യാസത്തിന്റെ വലിയ സംഘര്‍ഷങ്ങളില്‍ ഒന്ന്- കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ.

സന്യാസത്തിന്റെ പ്രതിസന്ധി

ഇപ്പോഴത്തെ സന്യാസത്തിന്റെ പ്രതിസന്ധി ഏറെപ്പേര്‍ സന്യാസസഭകളില്‍ ചേരുന്നില്ല എന്നതാണെന്ന് പൊതുവില്‍ പറയപ്പെടുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഏറേപ്പേര്‍ സന്യാസസഭകളില്‍ ചേര്‍ന്നിരുന്നു എന്നതാണ് സന്യാസത്തെ ഇത്രയും പ്രതിസന്ധിയില്‍ ആക്കിയ സംഗതി. കുടുംബജീവിതമാണ് പ്രകൃതിദത്തമായി (natural way) ഏതൊരു മനുഷ്യനും ജീവിക്കേണ്ട ദൈവീകമായ ജീവിതശൈലി. സന്യാസ മനസ്സ് പ്രകൃതിദത്തമായ സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതല്ല (supernatural way). അത് എല്ലാക്കാലത്തും അത്യപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ ഇസ്ലാം, യൂദ, സിക്ക് മതങ്ങളില്‍ ഒന്നും സന്യാസത്തിന്റെ പാരമ്പര്യം നാം കാണാത്തത്. കുടുംബജീവിതം അത്യന്തീകമായി ഒരു ഉള്‍വിളി ആയിരിക്കുന്നതുപോലെ ചിലരില്‍ സന്യാസം ആത്യന്തീകമായയൊരു ഉള്‍വിളിയാണ്. ഈ ഉള്‍വിളി ലഭിച്ചവര്‍ കുടുംജീവിതത്തില്‍ ചെന്നുപ്പെടുകയെന്നാല്‍ വിവാഹിതരായി ജീവിക്കേണ്ടവര്‍ ബ്രഹ്മചര്യം സ്വയം ഏറ്റെടുക്കുന്നതു പോലെയായിരിക്കും.

സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്യാസം. അതാണ്‌ “സുവിശേഷത്തിന്റെ സന്തോഷ”ത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത് (#6,7). ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവര്‍ അപൂര്‍വ്വമാണ്. അത് അങ്ങനെതന്നെയായിരിക്കുകയും വേണം. വയലിലെ ഈ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. കണ്ടുകിട്ടുന്നവരോ അതീവ സന്തോഷത്തില്‍ കയ്യില്‍ ഉള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കും. അവര്‍ക്ക് കൈമോശം വരുന്നതിനെക്കുറിച്ചല്ല ചിന്ത, കൈവരുന്ന സത്യത്താല്‍ സ്വതന്ത്രമാക്കപ്പെടുന്ന ആനന്ദത്തെക്കുറിച്ചായിയിരിക്കും. അങ്ങനെയാണ് ഒരു ഉപേക്ഷ വലിയൊരു ആനന്ദമായിമാറുന്നത്. നീണ്ട അങ്കിയും അവിവാഹിത ജീവിതവും നീട്ടിവളര്‍ത്തിയ താടിയും മുണ്ഡനം ചെയ്ത തലയും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം.

സ്വന്തം മനസ്സിന്‍റെ പ്രകൃതിദത്തമായ ചായ്‌വിനെ മനനം ചെയ്ത് കണ്ടുപിടിക്കുന്നതാണ് ദൈവവിളി തിരിച്ചറിവ്. വലിയ താത്പര്യമൊന്നും കാണിക്കാത്ത കുട്ടികളെപ്പോലും ചില ബാഹ്യമായ ഇന്സെന്റിവ് കൊടുത്ത് സന്യാസസഭകളിലേക്ക് ആകര്‍ഷിക്കുന്ന ചില ദൈവവിളി ക്യാമ്പുകളില്‍ ഈ വ്യക്തിപരമായ മനനം പോലും പ്രവര്‍ത്തീകമായിക്കൊള്ളണമെന്നില്ല. “ഉപ്പിലിട്ട മുളകുപോലെ ആയിരിക്കരുത് നിങ്ങളുടെ മുഖങ്ങള്‍” എന്ന് സന്യാസാര്‍ത്ഥികളോടും വൈദീകവിദ്യാര്‍ഥികളോടും പറഞ്ഞ മാര്‍പ്പാപ്പ “സമര്‍പ്പിത വര്‍ഷ”ത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു: “സമര്‍പ്പിത ജീവിതം വളരുന്നത് ദൈവവിളി ക്യാമ്പ് നല്ല രീതിയില്‍ സംഘടിപ്പിച്ചു കൊണ്ടല്ല. സന്യാസികള്‍ സന്തുഷ്ടരായി കാണപ്പെടുമ്പോള്‍ പുതുതലമുറ അവരിലേക്ക് ആകര്ഷിക്കപ്പെട്ടുകൊണ്ടാണ്.” ആരും പിന്നാലെ പോയി വിളിച്ചില്ലെങ്കിലും വിളി ഉള്ളില്‍ കിട്ടിയവര്‍ തേടിയിറങ്ങും. ദൈവവിളി പ്രോത്സാഹനത്തിന് “സുവിശേഷം പ്രസംഗിച്ചില്ലെങ്കില്‍ എങ്ങനെ കേള്‍ക്കും” എന്ന അപ്പസ്തോലന്റെ ചോദ്യത്തിന്‍റെ വിലയേയുള്ളൂ. വിത്തുകളൊക്കെ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു, ആരൊക്കെയോ വളവും വെള്ളവുമായി പോകുന്നെന്നേയുള്ളൂ.

സന്ന്യാസിനികളുടെ അംഗബലം കുറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയല്ല വേണ്ടത്, സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി കണ്ടാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെയാണ് നാം ഭയപ്പെടേണ്ടത്. ആള്‍ക്കൂട്ടം ചെറിയ അജഗണമല്ല, അല്‍പം പുളിമാവല്ല, ‘നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ’ എന്ന ചോദ്യത്തിന് ശേഷവും നില്‍ക്കുന്ന ഒരു ചെറുകൂട്ടം മനുഷ്യരല്ല. അതുകൊണ്ടുതന്നെ അവരെക്കൊണ്ട് ദൈവരാജ്യ ശുശ്രൂഷയില്‍ വലിയ ഗുണമുണ്ടാവില്ലെന്നു മാത്രമല്ല തിന്മയായി ഭവിച്ചേക്കാം.

പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ, അവരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്, സന്ന്യാസം ഒരു ജീവിതശൈലിയാണ്. അതുകൊണ്ടാണ് “കേവല പുരോഹിത്യം” (absolute ordination) എന്നൊന്ന് സഭയില്‍ ഇല്ലെന്ന് കാനോന നിയമം അനുശാസിക്കുന്നത്. സഭാ ശുശ്രൂഷയ്ക്ക് ആവശ്യമുള്ള അത്രയും പേരെ (അതിനായി സ്വയം സമര്‍പ്പിക്കാന്‍ മനസ്സുള്ളവരെ) മാത്രം ശുശ്രൂഷ പൌരഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് നമ്മുടെ മുന്‍പാരമ്പര്യം. ഇപ്പോള്‍ ആന്ധ്രയില്‍ ചില രൂപതകള്‍ അവര്‍ക്ക് ആവശ്യത്തിന് പുരോഹിതര്‍ ഉള്ളതുകൊണ്ട് പുതിയ വൈദീകാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ “അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുന്‍പേ, അനാദിയിലെ തിരഞ്ഞെടുത്തു” എന്ന നിരന്തര സൂചനകൊണ്ട് പൌരോഹിത്യത്തെ കുടുംബജീവിതത്തോടും സന്യാസജീവിതത്തോടും ഏകസ്ഥജീവിതത്തോടും തുലനം ചെയ്ത് അത് ഒരു ജീവിതവിളിയാണ് എന്ന ധാരണ സഭയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുകൊണ്ടിരിക്കുകയാണ്. ചില അച്ചടക്ക പാലനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്ക് കുടുംബജീവിതം വിലക്കുന്നുവേന്നെയുള്ളൂ. അതുപോലെ തന്നെ സഭാശുശ്രൂഷയ്ക്ക് ആവശ്യമെങ്കില്‍ സന്നദ്ധരായ സന്യാസികളേയും ഏകസ്ഥരേയും പുരോഹിതരാക്കുകയും ചെയ്യാം. അതിന്‍റെ അര്‍ത്ഥം പരോഹിത്യം ഒരു സഭാശുശ്രൂഷവിളി ആയിരിക്കുമ്പോള്‍ സന്യാസവും കുടുംബജീവിതവും ഒരു ജീവിതവിളിയാണ്. (വൈകാരിക പ്രതിസന്ധിയില്‍ പെട്ടുപോകുന്നത് സന്യാസത്തിലേക്ക് ആത്യന്തീക ദൈവവിളി സ്വീകരിക്കാത്ത വൈദീകര്‍ കുടുംബജീവിതം ഉപേക്ഷിച്ച് സന്യാസികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോഴാണ്).

പുരുഷസന്യാസത്തിന്റെ പ്രതിസന്ധി ഇപ്പോള്‍ പൌരോഹിത്യവുമായി ഇടകലര്‍ന്നു കിടക്കുന്നു. സത്യത്തില്‍ സന്യാസജീവിത ലക്ഷ്യവുമായി സന്യാസസഭകളില്‍ ചേരുന്നവരുടെ എണ്ണം അന്യംനിന്ന രീതിയിലാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു. (സന്യാസികളായി മാത്രം ജീവിച്ച പുരുഷസന്യാസസമൂഹങ്ങളില്‍ ചിലത് നിലനില്‍പ്പിനെപ്രതി വൈദീക-സന്യാസത്തിലേക്ക് ചേക്കേറുകയോ മറ്റ് ചിലത് അന്യം നില്‍ക്കലിന്റെ വക്കോളം എത്തുകയോ ചെയ്തിട്ടുണ്ട്). കേരളസഭ പുരോഹിതരെ കൊണ്ട് നിറയുകയും പുതുതായി വരുന്ന പുരോഹിതര്‍ സാര്‍വ്വത്രിക സഭയുടെ മിഷന്‍ മേഖലയിലേക്ക് പോകാന്‍ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സന്യാസസമൂഹങ്ങളില്‍ നിന്ന് എത്രമാത്രം സന്യാസികളെ വൈദീകപട്ടം കൊടുക്കണം എന്ന ഒരു പുനരാലോചന സഭാധികാരികളുടെ ഭാഗത്തുനിന്ന് എത്രയും നേരത്തെ ഉണ്ടാവേണ്ടതാണ്. പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. ‘വൈദീകന്‍ ആയില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും’ എന്ന ചോദ്യത്തിന് മുന്നില്‍ ഓരോ പുരുഷസന്യാസിയും നില്‍ക്കണം. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം.

കരുണയുടെ ഇടയന്‍
സഭയ്ക്ക് നഷ്ടമായത് അതിന്റെ കാരുണ്യഭാഷയാണ്‌. അതുകൊണ്ടു തന്നെ നമ്മുക്ക് ഒരു കരുണയുടെ വര്‍ഷം ആചരിക്കണം. വയലിലെ ലില്ലികളെ നോക്കി, ആകാശപ്പറവകളെ നോക്കി, വഴിവക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ നോക്കി, ധൂര്‍ത്തിന്റെ വഴിയില്‍നിന്ന് സ്‌നേഹത്തിന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുന്ന ശിരസ്സ് കുനിഞ്ഞ മനുഷ്യരെ നോക്കി, വേശ്യപ്പെണ്ണിന്റെ കണ്ണീരിലേക്ക് നോക്കി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൊല്ലിയ ഗുരുവില്‍നിന്ന് ശിക്ഷ -രക്ഷകളുടേയും ദൈവത്വ-മനുഷ്യത്വത്തിന്റേയും ഏകത്വ-ത്രിത്വത്തിന്റേയും ബൗദ്ധികദൈവശാസ്ത്ര ചര്‍ച്ചകളിലേക്ക് എത്തിയപ്പോഴേക്കും സഭ ക്രിസ്തുവില്‍നിന്ന് ഏറെ ദൂരത്ത്‌ പോയിരുന്നു.
സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന മനുഷ്യത്വത്തിന്റെ വിശാല നിലപാടെടുക്കാന്‍ ഒരു കാരുണ്യ ഹൃദയത്തിനേ കഴിയൂ. സന്ന്യാസ ആശ്രമങ്ങളും വൈദിക പരിശീലനക്കളരികളും ജീവിതത്തിന്‍റെ പച്ചയായ പരിഛെദം നഷ്ടപ്പെടുത്തി, സമൂഹത്തിന്‍റെ മധ്യത്തില്‍ നിന്ന് പറച്ചുമാറ്റപ്പെട്ട്, കഥകളേയും കവിതകളേയും ഉപമകളേയും പുറത്താക്കി, പകരം കാനോനിക നിയമസംഹിതകളും ആരാധനാനിഷ്ഠകളും കണിശമാക്കാന്‍ തുടങ്ങിയപ്പോള്‍ സഭക്ക് നഷ്ടമായത് ധൂര്‍ത്തപുത്രനെ വഴിയോരക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിന്റെ ഹൃദയവും മനുഷ്യത്വത്തിനുവേണ്ടി സാബത്തുനിയമം ലംഘിക്കാനുള്ള ഹൃദയവിശാലതയും അവസാന മണിക്കൂറില്‍ ജോലിക്കെത്തിയ ദുര്‍ബ്ബലനായവനും ആദ്യമണിക്കൂറില്‍ ജോലിക്കെത്തിയവനും ഒരേ കൂലി കൊടുക്കുന്ന യജമാനന്റെ നീതിബോധവുമാണ്.
കാരുണ്യം മതത്തില്‍നിന്ന് ചോര്‍ന്നുപോയാല്‍ അവിടെ തഴയ്ക്കാന്‍ പോകുന്നത് പ്രായോഗികവാദമാണ്. അതുകൊണ്ടാണ് ബുദ്ധന്‍ അനുഷ്ഠാന മതത്തെ തള്ളിക്കളഞ്ഞ് കാരുണ്യത്തെക്കുറിച്ച് മാത്രം സംസാരിച്ചത്. “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന്” പാലസ്തീനായിലെ ആ ഗുരു അസന്ദിദ്ധമായി പ്രഖ്യാപിച്ചത്. പോപ്പ് ഫ്രാന്‍സിസ് ഇടയന്മാരെകേണ്ട വൈദീകരോട് പറയുന്നു: “കാരുണ്യം കാണിക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരിക്കലും മടുപ്പുളവാകരുത്.” കാരുണ്യം നഷ്ടപ്പെട്ടാല്‍പ്പിന്നെ ഒരിടയനും കൂടെ നില്‍ക്കുന്ന അനുസരണവും വിധേയത്വവുമുള്ള തൊണ്ണൂറ്റൊന്‍പത് ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിന്റെ പിന്നാലെ പോകില്ല. സ്വന്തം പങ്കു വാങ്ങിപോയ ധൂര്‍ത്തനുവേണ്ടി ഒരു പിതാവും ഇനിയൊരു ചില്ലിക്കാശുപോലും വ്യയം ചെയ്യില്ല. മക്കള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട മേശയില്‍ ഒരു ചുങ്കക്കാരനും വേശ്യയും മുടന്തനും കുഷ്ഠരോഗിയും കയറിയിരിക്കില്ല. മക്കളുടെ അപ്പം മക്കള്‍ മാത്രം ഭക്ഷിക്കും. അങ്ങനെ നീതിമാന്മാരുടെയും ആരോഗ്യവാന്മാരുടെയും ദൈവരാജ്യത്തിന്റെ മക്കളുടെയും വിശുദ്ധ ഇടമായി സഭ നിലകൊള്ളും. അപ്പോള്‍ ഒരാള്‍ മാത്രം പുറത്തുനില്‍ക്കുന്നുണ്ടാവും, ക്രിസ്തു എന്ന കരുണാമയന്‍.


സന്യാസത്തിന്റെ പ്രവാചക ദൌത്യം


സന്യസ്തരോടും പുരോഹിതരോടും ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് പറയാനുള്ളത് ഇതാണ്: “അടഞ്ഞുകൂടി അനാരോഗ്യമാവുകയും സ്വന്തം സുരക്ഷിതത്വത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ഒരു സഭയേക്കാള്‍ എനിക്കിഷ്ടം മുറിവേറ്റ, വേദനിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ഒരു സഭയാണ്. കാരണം ആ സഭ പുറത്ത് തെരുവിലാണ്.” ഇതേ മനസ്സ് സൂക്ഷിച്ചിരുന്നു അസ്സിസിയിലെ ഫ്രാന്‍സിസ് എന്ന ആ ദരിദ്ര ഭിക്ഷുവും. സന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും സുരക്ഷിതമായി അടഞ്ഞുകൂടി ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിയ ഒരു മുന്നേറ്റമായിരുന്നു അത്. അതേ വഴിയിലായിരുന്നു കല്‍ക്കാത്തയിലെ ആ അമ്മയും. ആചാരപരമായി പോകുന്ന ഒരു മതത്തില്‍ നിന്ന് ആത്മീയതയെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച സഭാപിതാവ് സന്യാസിയായ ജോണ്‍ ക്രിസോസ്റ്റം പറഞ്ഞതിങ്ങനെ: “കര്‍ത്താവു തന്നെ പട്ടിണികിടക്കുമ്പോള്‍ എന്തിനാണ് സ്വര്‍ണ്ണ പാനപാത്രം കൊണ്ട് നിങ്ങളിങ്ങനെ കര്‍ത്താവിന്റെ മേശയെ ഭാരപ്പെടുത്തുന്നത്? ആദ്യം വിശക്കുന്നവന് ആഹാരം കൊടുക്കുക, പിന്നെ എന്തെങ്കിലും ശേഷിക്കുന്നെങ്കില്‍ അത് കര്‍ത്താവിന്റെ മേശയില്‍ ചെലവിടുക.” അനുഷ്ഠാനപരമായി അധ:പതിക്കുന്ന സഭയില്‍ പ്രവാചക ധര്‍മ്മമാണ് സന്യാസികളുടേത് എന്ന് മാര്‍പ്പാപ്പ സന്യാസികളെ ഓര്‍മ്മപ്പെടുത്തുകയാണ്: “ലോകത്തെ ഉണര്‍ത്തേണ്ട പ്രവാചക ദൌത്യമാണ് നിങ്ങളുടേത്. ക്രിസ്തു ഈ ലോകത്തില്‍ ജീവിച്ചതുപോലെ ജീവിക്കേണ്ട പ്രവാചകരാണ് നിങ്ങള്‍. പ്രാചകദൌത്യം ഉപേക്ഷിച്ചാല്‍ പിന്നെ സന്യാസത്തിന് അന്തസതയില്ല.” (സകല സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള അപ്പസ്തോലിക ലേഖനം, 21 നവം. 2014) സഭയെ നിരന്തരം നവീകരിക്കുകയും കാലത്തിന് മുന്‍പേ യാത്രചെയ്യുകയും ചെയ്യുക എന്നതാണ് പ്രവാചക ധര്‍മ്മം. പ്രവാചക ധര്‍മ്മം ജീവിക്കേണ്ടത് ജനമദ്ധ്യത്തില്‍ ആണ്. ഒരു വശത്ത്‌ സന്യാസികള്‍ തങ്ങളുടെ ജീവിതത്തെ വൈദീക ശുശ്രൂഷകൊണ്ട് പകരം വെക്കാനും ജപങ്ങളും പ്രാര്‍ഥനകളും മാത്രമായി ദേവാലയത്തിന് ഉള്ളിലേക്ക് ഉള്‍വലിയാനും ശ്രമിക്കുമ്പോള്‍ മറുവശത്ത്‌ ലോകത്തിലെങ്കിലും ലോകത്തിന്‍റെതല്ലാതെ ജീവിക്കാനുള്ള അവരുടെ വിളിയെ ജനമദ്ധ്യത്തില്‍ ഉപേഷിച്ച് പിന്മാറുകയാണ്. സന്യാസത്തിന്റെ ഉള്ളറിയാത്ത സന്യാസികള്‍ തന്നെയാണ് സന്യാസത്തിന്‍റെ വില കെടുത്തിയത്. “മതംമാറ്റത്തിലൂടെയല്ലാതെ ആകര്‍ഷണത്തിലൂടെ വളരേണ്ട സഭ”ക്കാണ് സന്യാസികള്‍ സാക്ഷ്യം വഹിക്കേണ്ടതെന്ന് ആ വലിയ ഇടയന്‍ പറയുമ്പോള്‍ സഭയെ ലോകത്തിന്‍റെ ഉപ്പും പുളിമാവും ആക്കേണ്ട ദൌത്യമാണ് അവരുടേത് എന്ന ഓര്‍മ്മപ്പെടുത്തലാണ്. ഉപ്പും പുളിമാവും കുറച്ചേ വേണ്ടു, അത് ജാതി-മത-ഭാഷാ-ദേശ വൈവിധ്യങ്ങള്‍ക്കപ്പുറം പ്രവാചകധര്‍മ്മത്തിന്റെ പുളിയായി, ഉപ്പായി, പടരും. എന്നാല്‍ ഉപ്പിന് ഉറകെട്ടുപോയാല്‍ എന്തുചെയ്യും? വലിച്ചെറിയപ്പെട്ട് മനുഷ്യരാല്‍ ചവിട്ടപ്പെടുന്ന ഒരു കാലം ഭാവിയില്‍ അസാധ്യമല്ലെന്ന് ഓര്‍ക്കുക.