Translate

Friday, January 22, 2016

ഗാന്ധിസവും ഗാന്ധിയൻ ചിന്തകളും

"എനിയ്ക്ക് നിങ്ങളുടെ കൃസ്തുവിനെ മതി. ക്രിസ്ത്യാനിയെ വേണ്ടായെന്നു" മിഷ്യനറിമാരോട്  സധൈര്യം പറഞ്ഞ മഹാത്മാ ഗാന്ധിജി മരിച്ചിട്ട് ഇന്നേയ്ക്ക് ജനുവരി മുപ്പതാംതിയതി 68 വർഷം കഴിഞ്ഞു. ഒരു നിമിഷം സിരസു നമിച്ചുകൊണ്ട് ഹൃദയസ്‌പര്‍ശിയായ ഈ ലേഖനം ആ മഹാത്മാവിനു കാഴ്ച വെക്കുന്നു. 


By ജോസഫ് പടന്നമാക്കൽ

മഹാനായ ഗുജറാത്തി, പ്രമുഖനായ ഇന്ത്യൻ, ഇന്ത്യയുടെ രാഷ്ട്രപിതാവ്, മഹാനുഭാവനായ ഏഷ്യൻ, ആഢ്യനായഹിന്ദു, ഇതിനെല്ലാമുപരി മനുഷ്യത്വത്തെ ദർശിച്ച ലോകൈക മഹാത്മാവ് എന്നീ നിലകളിൽ മഹാത്മാ ഗാന്ധിജിയെ അറിയപ്പെടുന്നു. മഹാനെന്ന നിർവചനത്തിൽ  മഹാന്മാരിൽ പരമോന്നതനുമാണ്. യുഗ പുരുഷനായ ഗാന്ധിജിയെക്കാളും മഹാനായ ഒരു വ്യക്തി ലോകത്ത് ജീവിച്ചിട്ടില്ല. ചർച്ചിലും റൂസ് വെൽറ്റും ലെനിനും മാവോയും നെഹ്രുവും  ഐൻസ്റ്റീനും മഹാന്മാരെങ്കിലും അവർക്കാർക്കും ഗാന്ധിജിയെപ്പോലെ മനുഷ്യത്വത്തെ ദർശിക്കാൻ സാധിച്ചിട്ടില്ല. അവരെക്കാളുമുപരി  ജീവിച്ചിരുന്ന നാളുകളിൽ അദ്ദേഹം ഒരു വിശ്വ പൌരനായിരുന്നു.  കാലത്തിനെയും അതിജീവിച്ച് ഇന്നും അനേകായിരങ്ങൾക്ക് ആ മഹാൻ ആവേശം നല്കിക്കൊണ്ടിരിക്കുന്നു.


ഗാന്ധിജിയെപ്പറ്റി ഓർമ്മിക്കുമ്പോൾ 1947-മുതലുള്ള സംഭവ ബഹുലമായ രണ്ടു കാര്യങ്ങൾ  പ്രാധാന്യം അർഹിക്കുന്നു. ആദ്യത്തേത്, ഹിന്ദു മുസ്ലിം കൂട്ടക്കൊലകൾ കൊണ്ട് താറുമാറായ കത്തിയെരിയുന്ന കല്ക്കട്ടാ നഗരം മഹാത്മാ ഗാന്ധിജിയുടെ മനസിനെ തളർത്തി. അവിടെ വേദനിക്കുന്ന ഒരു ജനതയ്ക്കൊപ്പം അവരുടെ മുറിവുകളുണങ്ങാൻ ആ മഹാത്മാവ് പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇരുണ്ട കൽക്കട്ടാ നഗരത്തിലെ ക്രൂര കൂട്ടക്കൊലകളും രക്തമൊഴുക്കലും സമൂഹമനസാക്ഷിയ്ക്കു തന്നെ ഒരു വെല്ലുവിളിയായിരുന്നു. രണ്ടാമത്തേത്, 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി അർദ്ധ രാത്രിസമയം സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ  ഡൽഹി നഗരം ഉജ്ജ്വലപ്രഭയാൽ പ്രകാശിതമായിരുന്നു. മിന്നുന്ന പ്രകാശ സ്രോതസ്സിൽ 'ജയ്‌ ഹിന്ദ്‌' എന്ന മുദ്രാ വാക്യം ഉച്ചത്തിൽ മുഴക്കിക്കൊണ്ട് കാവ്യാത്മകമായി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തോടായി പറഞ്ഞു,' "താലോലിക്കുന്ന ഇന്നത്തെ രാത്രിയുടെ അന്ത്യയാമത്തിൽ ലോകം ഉറങ്ങുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളിലേന്തി ഭാരതം ഉണർന്നിരിക്കുന്നു. നീണ്ട കാലം അടിമത്വത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു മുറിവുകളേറ്റ ഇന്ത്യയുടെ ആത്മാവ് പാരതന്ത്ര്യത്തിൽ നിന്നും മുക്തി നേടി. കല്ക്കട്ടായിലെ ഇരുണ്ട ദിനങ്ങളെ ഞാൻ ഓർമ്മിക്കുന്നു. ഗാന്ധിജിയുടെ മരണതുല്യമായ യാതനകളും ഓർമ്മിക്കുന്നു."


ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമാധാനത്തിന്റെ പാതകളിലും പ്രായോഗിക ഗാന്ധിസത്തിനായി പ്രയത്നിക്കുമായിരുന്നു.  ലോകത്തുള്ള സംഘട്ടനങ്ങളെ സമാധാനത്തിന്റെ വഴികളിലൂടെ  പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. ഇന്ന് ഗാന്ധിസം അപ്രത്യക്ഷമായിരിക്കുന്നു. വിഭാഗിക ചിന്തകൾ ഗാന്ധിസത്തെ കവർന്നെടുത്തു. സത്യാഗ്രഹവും  അക്രമരാഹിത്യ ചിന്തകളും  ഗാന്ധിജിയുടെ മാനവിക സംഭാവനകളാണ്. ലോകം മുഴുവനും ഗാന്ധിയൻ തത്ത്വങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കാനുള്ള മാർഗങ്ങൾ ആരായുകയും ചെയ്യുന്നു. ഗാന്ധിജിയുടെ മരണശേഷം അമേരിക്കൻ ഗാന്ധിയെന്ന പേരിൽ അമേരിക്കൻ ഐക്യ നാടുകളിൽ മാർട്ടിൻ ലൂതർ കിംഗ്‌ ഉയർത്തെഴുന്നേറ്റു.തെക്കേ കൊറിയായിൽ  ഹാം സോക്ക് ഹോണും പാലസ്തീനിൽ അവാദ് മുബാറക്കും അതാതു രാജ്യങ്ങളിലെ ഗാന്ധിയന്മാരായിരുന്നു. അഫ്ഗാനിസ്ഥാനിലെ 'ഖാൻ അബ്ദുൾ ഗാഫർഖാൻ' അതിർത്തി ഗാന്ധിയെന്നറിയപ്പെട്ടിരുന്നു.  ജനകീയ സ്വാതന്ത്ര്യ മുന്നേറ്റത്തിനായുള്ള  ചൈനയിലെ വിദ്യാർത്ഥി പ്രക്ഷോപണ  കാലത്തും ഗാന്ധിജിയുടെ ചൈതന്യം അവിടെ പ്രതിഫലിച്ചിരുന്നു. തെക്കേ ആഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരായ ലഹളകളിലും ഗാന്ധിജി ഒരു ഉത്തേജനമായിരുന്നു.  നെൽസൻ മണ്ഡാലയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും  ഗാന്ധി ചൈതന്യമുണ്ടായിരുന്നു.


രാജകോട്ടിലോ ബോംബെയിലോ നല്ലയൊരു വക്കീലായി ഗാന്ധിജി ശോഭിച്ചിരുന്നെങ്കിൽ, തെക്കേ ആഫ്രിക്കയിൽ പോകാതെ ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കിൽ യുഗപുരുഷനായ ഒരു മഹാത്മാവിനെ, ഗാന്ധിയെന്ന രാഷ്ട്രപിതാവിനെ ഇന്ത്യയ്ക്ക് ലഭിക്കില്ലായിരുന്നു. അദ്ദേഹത്തിൻറെ വക്കീലെന്നുള്ള ഇടപാടുകാരും  സാധാരണക്കാരായ ഹിന്ദുക്കളും അവരിൽ ഗുജറാത്തികളും മാത്രമായി അദ്ദേഹത്തിൻറെ ജീവിതം ഒതുങ്ങുമായിരുന്നു. സ്വന്തം തൊഴിലിന്റെ പരാജയത്തിൽ നിന്നും ലോകത്തിനു കിട്ടിയത്  ഹൈന്ദവ യാഥാസ്തിതിക ചിന്താഗതിക്കാരനായ ഒരു യുഗ പുരുഷനെയായിരുന്നു.


ആഫ്രിക്കയിൽ അദ്ദേഹം സേവനം ചെയ്തിരുന്ന പറ്റുവരവുകാർ ജീവിതത്തിന്റെ എല്ലാ  സാമൂഹിക മണ്ഡലങ്ങളിലും  വെളുത്ത വർഗക്കാരായവരുടെ വിവേചനം അനുഭവിക്കുന്നവരായിരുന്നു. സ്വന്തം വക്കീൽത്തൊഴിലിനൊപ്പം അദ്ദേഹം ഒരു സാമൂഹിക പ്രവർത്തകനായും പ്രവർത്തനം ആരംഭിച്ചു. ഭാരതത്തിൽ നിന്നും ആഫ്രിക്കയിൽ താമസിച്ചിരുന്നവർ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ജനതയെങ്കിലും ഭാഷകളും മതവും അവരെ  സ്വന്തം രാജ്യത്തെപ്പറ്റി ആത്മാഭിമാനികളാക്കിയിരുന്നു. ആഫ്രിക്കൻ ജീവിതത്തിൽ ഗാന്ധിജി ഒരു ചിന്തകനായി മാറി. തെക്കേ ആഫ്രിക്കയിലെ വക്കീലെന്നതിലുപരി ചുറ്റുമുള്ള സമൂഹത്തിൽ ഒരു നേതാവായി  അറിയപ്പെടാനും തുടങ്ങി. അവിടെനിന്നാണ് അന്നുവരെ ബ്രിട്ടീഷ് ചിന്താഗതിയുണ്ടായിരുന്ന അദ്ദേഹം തനി ഭാരതീയ ദേശാഭിമാനിയായത്. സ്വാതന്ത്ര്യ സമരത്തിൽ നേതൃത്വം നല്കിക്കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളോടു പോരാടിയ  ഗാന്ധിജിയ്ക്ക്  പടിഞ്ഞാറൻ ജനതയോട് ശത്രുതയുണ്ടായിരുന്നില്ല.വെളുത്തവരായ ഹെന്റി സോൾട്ട്, ജോൺ റസ്ക്കിൻ, ടോൾസ്റ്റോയ്  എന്നീ ചിന്തകരിൽ അദ്ദേഹം ആവേശഭരിതനായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും  ലണ്ടനിൽ  ബോംബു ചെയ്തപ്പോൾ ഗാന്ധിജി ദുഖിതനായിരുന്നു.


1893-മുതൽ 1914 വരെ അദ്ദേഹത്തിൻറെ യുവത്വകാലം  തെക്കേ ആഫ്രിക്കയിൽ ചെലവഴിച്ചു.  അവിടെ കൂടുതൽ സമയം ഒരു സാമൂഹിക പ്രവർത്തകനെന്ന നിലയിലും വക്കീലെന്ന നിലയിലും ജനസേവനത്തിനായി സമയം കണ്ടെത്തിയിരുന്നു. അന്ന് തെക്കേ ആഫ്രിക്കാ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. അവിടെ ഡച്ചുകാരായ ആഫ്രിക്കാക്കാരും, കറുത്ത വർഗക്കാരായ സ്വദേശികളും ഇന്ത്യയിലെ കരാറനുസരിച്ച് വന്ന കൂലിത്തൊഴിലാളികളും പ്രൊഫഷണലുകളും ചുറ്റുമുണ്ടായിരുന്നു. ഗാന്ധി തെക്കേ ആഫ്രിക്കയിൽ വന്നപ്പോൾ നീതികിട്ടാത്ത ഒരു ജനതയുടെയിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. അപരിചിതമായ ആ സാഹചര്യങ്ങളിൽ  നിന്നും ഗാന്ധിജി പിന്നീട് സ്വാതന്ത്ര്യ യോദ്ധാവ്, സാമൂഹിക പരിഷ്കർത്താവ്‌,  മത ചിന്തകൻ, തത്ത്വജ്ഞാനി, പ്രവാചകൻ   എന്നീ നിലകളിൽ  ഉയർന്നു വന്നു. തെക്കേ ആഫ്രിക്കയിലെ വർണ്ണ വിവേചനത്തെ അദ്ദേഹം എതിർത്തു. അതിനായി അവിടെയുള്ള എല്ലാ സമൂഹങ്ങളുടെയിടയിലും പ്രവർത്തിച്ചിരുന്നു. യഹൂദരും ക്രിസ്ത്യാനികളും രാജ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട കച്ചവടക്കാരും അക്കൂടെയുണ്ടായിരുന്നു.  ഇന്ത്യയിലെ അപ്രസിദ്ധനായിരുന്ന  'മോഹൻദാസ്‌ കരൻ ചന്ദ്  ഗാന്ധി'യെന്ന  കേസില്ലാ വക്കീൽ അതിമിടുക്കനും ചിന്തകനും സാമൂഹിക പ്രവർത്തകനും ജ്ഞാനിയും വിവേകവുമുള്ള വലിയ ഒരു മനുഷ്യനായി അറിയപ്പെടാൻ തുടങ്ങി.


ആഡംബരങ്ങൾ വെടിഞ്ഞ് ലളിതമായി ജീവിതം നയിക്കുന്നവരുടെയിടയിൽ ഗാന്ധിജി  ഇന്നും ജീവിക്കുന്നു. തെക്കേ ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഗാന്ധി ആശ്രമങ്ങൾ  ലാളിത്യത്തിലും അനാഡംഭരത്തിലും   ജീവിക്കുന്നവർക്കുള്ളതായിരുന്നു. ഭാരതത്തിലെ ഹരിതക വിപ്ലവത്തിലും പ്രകൃതിയുടെ സംരക്ഷണത്തിലും ഗാന്ധിജിയുടെ പ്രതിഫലനം മുഴങ്ങുന്നു. പരീസ്ഥിതി സംരക്ഷണം, ആരോഗ്യപരമായ ഭക്ഷണ രീതി, സസ്യാഹാരം ഇവിടെയെല്ലാം ഗാന്ധിജി  ജീവിക്കുന്നു. മതങ്ങൾ തമ്മിലുള്ള വൈരങ്ങൾ ഇല്ലാതാക്കി, മനുഷ്യനും മനുഷ്യനും തമ്മിലുള്ള വേർതിരിവുകൾ മാററി ,   പരസ്പരധാരണയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ലോകമതങ്ങളിലും ഗാന്ധിജിയുടെ ചൈതന്യം പ്രസരിക്കുന്നു. ഹിന്ദുക്കളും മുസ്ലിമുകളും ഒത്തു കൂടുക, കൃസ്ത്യാനികളും യഹൂദരും തമ്മിൽ പരസ്പര വിശ്വാസം പുലർത്തുക, മതങ്ങൾ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവകളിലെല്ലാം  ഗാന്ധിജിയുണ്ട്.  ആഗോള സമാധാനത്തിനായുള്ള ഒത്തുചേരലിലും ഗാന്ധിജിയുടെ  ആത്മചൈതന്യം വെട്ടിത്തിളങ്ങുന്നു. .


നശീകരണ ലോകായുധങ്ങളും  ന്യൂക്ലിയർ ബോംബുകളും  ഇല്ലായ്മ ചെയ്യണമെന്ന വിപ്ലവമുന്നേറ്റത്തിലും ഗാന്ധിജി  നമ്മോടൊത്ത് ജീവിക്കുന്നു. എവിടെ യുദ്ധമുണ്ടോ അസമാധനമുണ്ടോ അവിടെയെല്ലാം ഗാന്ധിജി സമാധാന ദൂതനായി ഉണ്ട്.  നൂക്ലിയർ ലോകത്ത് അദ്ദേഹം 29 മാസം ജീവിച്ചു. ലോക നിരായുധീകരണത്തിനായി ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ  മരണശേഷം കെന്നഡിയും  ക്രൂഷ്ചേവും നിരായുധീകരണത്തിനായി ശ്രമിച്ചു. പിന്നീട് ഗോർബച്ചോവുമായും നിരായുധീകരണ സമാധാന ഉടമ്പടികളുണ്ടായി.  ഗാന്ധിജിയിൽ അവേശഭരിതരായി പടിഞ്ഞാറും കിഴക്കുമുള്ള രാജ്യങ്ങളിൽ  അനേകമനേക സമാധാന പ്രകടന ജാഥാകളുണ്ടായിരുന്നു.   അതാതു രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളിൽ പ്രകടനക്കാർ  ഗാന്ധിജിയുടെ പടങ്ങൾ വഹിച്ചിരുന്നു.


ഗാന്ധി പ്രതിമകളും ഗാന്ധി മ്യൂസിയമുകളും  ഗാന്ധി എക്സിബിഷനും ഗാന്ധി സിനിമാകളും  ഓർമ്മകൾ പുതുക്കാൻ ഉപകരിക്കുന്നു. പുതിയ തലമുറകൾക്കും  അദ്ദേഹത്തെപ്പറ്റി ഓർമ്മിക്കാൻ  സാധിക്കും.  90 വാല്യങ്ങളിലായി (Volumes) അദ്ദേഹത്തിൻറെ  കൃതികളടങ്ങിയ പുസ്തകങ്ങൾ ലോകം മുഴുവൻ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അക്കൂടെ ഗാന്ധിജിയെപ്പറ്റി കുട്ടികൾക്കായുള്ള  പുസ്തകങ്ങളുമുണ്ട്. അങ്ങനെ എല്ലാ വിഭാഗങ്ങളിലും, ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലും എല്ലാ രാജ്യങ്ങളിലും ഒരു പക്ഷെ ഇന്ത്യയിലെക്കാൾ കൂടുതലായി പുറം രാജ്യങ്ങളിലും  ജാതിമത ഭേദമേന്യേ  അബാല വൃദ്ധ  ജനകോടികൾ ഗാന്ധിജിയെ സ്മരിക്കുന്നു.


ഗാന്ധിജിയെ വധിച്ചത് ഇന്ത്യാ   മുപ്പതു കോടി രൂപാ പാക്കിസ്ഥാനു കൊടുക്കാൻ കരാറുണ്ടാക്കിയ കാരണംകൊണ്ടെന്നു   അദ്ദേഹത്തിൻറെ എതിരാളികൾ പറയും. സത്യത്തിൽ അത് ശരിയല്ല. ഗാന്ധിജി  ജാതി വ്യവസ്ഥകൾക്ക് എതിരായി സംസാരിച്ചതു കൊണ്ടാണ് അദ്ദേഹത്തെ വധിച്ചത്. തീണ്ടലും തൊടീലും സമൂഹത്തിൽ ഇല്ലാതാക്കാൻ 'അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കണമെന്ന ചിന്താഗതികൾക്ക് ഏറെക്കാലം മുമ്പേ 'നത്തുറാം  ഗോഡ്സെ' ഗാന്ധിജിയെ വധിക്കാൻ ശ്രമിച്ചിരുന്നു. 1935 മുതൽ നാലു  പ്രാവശ്യം   ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.


'സത്യത്തിൽ അന്നത്തെ കോൺഗ്രസടക്കമുള്ള  നേതാക്കന്മാർക്കും സർക്കാരിലെ ചുവപ്പു നാടകൾക്കും  ഗാന്ധിജിയെ വധിക്കുന്ന വിവരം അറിയാമായിരുന്നുവെന്നും അവർ അറിയാത്ത ഭാവത്തിൽ കണ്ണടച്ചെന്നും അവർക്കാവശ്യം ജീവിച്ചിരിക്കുന്ന ഗാന്ധിയേക്കാൾ രക്ത സാക്ഷിയായിരുന്ന ഗാന്ധിജിയെ യായിരുന്നുവെന്നും' ഗാന്ധിജിയുടെ കൊച്ചുമകൻ അരുൺ ഗാന്ധി   ബീ ബി. സി.യു മായുള്ള അഭിമുഖ സംഭാഷണത്തിൽ പറയുകയുണ്ടായി. ജീവിച്ചിരുന്ന ഏതാനും ആഴ്ചകൾക്കു മുമ്പ് ഗാന്ധിജി ഒരു ബ്രിട്ടീഷ്  ജേർണ ലിസ്റ്റിന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു; 'ഞാൻ ജീവിച്ചിരിക്കുമ്പോൾ ഭാരതീയ ജനത എന്നെ പിന്തുടരും. മരിക്കുമ്പോൾ എന്നെ ആരാധിക്കും. പക്ഷെ എന്റെ ലക്ഷ്യങ്ങളായിരിക്കില്ല അവരുടെ ലക്ഷ്യം. എന്റെ  ചിന്തകൾ അപ്പാടെ തിരസ്ക്കരിക്കും.' ഒരു പ്രവാചകന്റെ  പ്രവചനം പോലെ അതെല്ലാം സത്യങ്ങളായി ഭവിച്ചു. കോൺഗ്രസ്സ്  പാർട്ടിയും ഇന്ത്യയിലെ പ്രമുഖ മറ്റു രാഷ്ട്രീയ പാർട്ടികളും ബ്രിട്ടീഷ് സാമ്രാജ്യ ഭരണം അവസാനിപ്പിച്ച് ഇന്ത്യൻ സാമ്രാജ്യ വാദികളായി. പൊങ്ങച്ചവും ആഡംബര പൂർണ്ണമായ പ്രകടനങ്ങളും ആഡംബര ജീവിതവും സാധാരണ ജനതയുമായുള്ള അകൽച്ചയും ജീവിക്കുന്ന ഗാന്ധിജി സമ്മതിക്കില്ലായിരുന്നു. ജീവിക്കുന്ന ഗാന്ധിജിയെ ഭയപ്പെട്ടതുകൊണ്ട് ഗാന്ധി വധത്തിൽ നിശബ്ദരായി തന്നെ  അവരും  കൂട്ടുനിന്നു.


അനേക മതങ്ങളുള്ള ഭാരതത്തിൽ ഒരു മതത്തിനും  രാഷ്ട്രീയത്തിൽ പ്രാധാന്യം കല്പ്പിക്കരുതായിരുന്നു. മതത്തെ പ്പറ്റിയുള്ള നമ്മുടെ മനസിലാക്കലും സങ്കുചിതമാണ്. മതങ്ങളെന്നു പറഞ്ഞാൽ അസഹിഷ്ണതയുടെ ഉറവിടങ്ങളാണ്.  പരസ്പര ധാരണയും സ്നേഹവും പരസ്പര ബഹുമാനവും പഠിപ്പിക്കന്നതിനു പകരം മതങ്ങൾ തമ്മിൽ മല്ലടിച്ചുകൊണ്ട് വെറുപ്പിന്റെ ഭാഷ പഠിപ്പിക്കുന്നു. മഹാത്മാ ഗാന്ധിജി അഭിമാനിയായ ഒരു ഹിന്ദുവായിരുന്നു. അദ്ദേഹം മറ്റുള്ള മതങ്ങളുടെ നല്ല സാരാംശങ്ങളെയും സ്വീകരിച്ചിരുന്നു. അമ്പല പൂജാരികളുടെ അന്ധവിശ്വാസം നിറഞ്ഞ ആചാരങ്ങളെ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. എന്നാൽ വേദങ്ങളിലെ വാക്യങ്ങൾ പഠിക്കുകയും മനസിലാക്കുകയും അവകളെ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരുകയും ചെയ്തു. അദ്ദേഹം സ്വന്തം മതത്തെ സ്നേഹിച്ചപോലെ മറ്റുള്ള മതങ്ങളെയും തുല്യമായി സ്നേഹിച്ചിരുന്നു. മതേതരത്വമെന്നാൽ സ്വന്തം മതത്തെ തിരസ്ക്കരിക്കയെന്നല്ല എല്ലാ മതങ്ങളെയും ഉൾക്കൊള്ളുക യെന്നതാണെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗാന്ധിജിയെ സംബന്ധിച്ച് മതമെന്നു  പറയുന്നത് വലിയ ഒരു പർവ്വതം കയറുന്നതിനു തുല്യമായിരുന്നു. നാമെല്ലാം ഒരേ പർവത ശിഖരത്തിലേയ്ക്ക് യാത്ര ചെയ്യുന്നുവെങ്കിൽ പർവതത്തിന്റെ ഏതു വശത്തുനിന്നു യാത്ര ചെയ്താലും ലക്ഷ്യസ്ഥാനം ഒന്നുതന്നെയാണെന്നു  ഗാന്ധിജി പറയുമായിരുന്നു.


1947-ൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കുമുമ്പ് പണ്ഡിറ്റ്‌ നെഹ്രുവിന്റെയും സർദാർ പട്ടേലിന്റെയും ദൌത്യവുമായി ഒരു സംഘം കൽക്കട്ടയിൽ ഗാന്ധിജിയെ കാണാനെത്തി. ഗാന്ധിജി ആ സമയങ്ങളിൽ ഹിന്ദു മുസ്ലിം മൈത്രിക്കുവേണ്ടിയും സമാധാനത്തിനായും ശ്രമിക്കുകയായിരുന്നു. അർദ്ധരാത്രിയിൽ വന്നെത്തിയ അവർ നെഹ്രുവിന്റെയും പട്ടേലിന്റെയും കത്തുകൾ ഗാന്ധിജിയ്ക്ക് കൈമാറി. വന്ന അതിഥികൾക്ക് ഭക്ഷണം കൊടുത്ത ശേഷം ഗാന്ധിജി ആ കത്തുകൾ പൊട്ടിച്ചു. കത്തിൽ  അവർ എഴുതിയിരുന്നു: "ബാപ്പുജി അങ്ങ് രാഷ്ട്ര പിതാവാണ്. 1947- ആഗസ്റ്റ് പതിനഞ്ചാം തിയതി ആദ്യത്തെ സ്വാതന്ത്ര്യ ദിനമായിരിക്കും. അങ്ങ് ഡൽഹിയിൽ വന്നു ഞങ്ങളെ അനുഗ്രഹിക്കണം." ഗാന്ധി പറഞ്ഞു, 'എന്തു വിഡ്ഢിത്വം, ബംഗാൾ കത്തിയെരിയുമ്പോൾ ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം കൊലകൾ നടത്തുമ്പോൾ കൽക്കട്ടയിലെ ഇരുണ്ട ഈ രാത്രിയിൽ ദയനീയമായ അവരുടെ യാതനകളെ ഞാൻ ശ്രവിക്കുന്നു. വെട്ടിത്തിളങ്ങുന്ന ദീപങ്ങളുടെ നടുവിൽ മുറിവേറ്റ ഭാരതാത്മാവിന്റെ വേദനകളും ആവഹിച്ചുകൊണ്ട് ഞാൻ എങ്ങനെ ഡൽഹിക്കു വരും?" ഇത് ഗാന്ധിജിയുടെ ഹൃദയ സ്പർശമായ വാക്കുകളായിരുന്നു. ഗാന്ധിജി പറഞ്ഞു, 'ബംഗാളിൽ സമാധാനം ഉണ്ടാക്കുന്നതിന് എനിയ്ക്കിവിടെ ജീവിക്കേണ്ടതായുണ്ട്. അവരിൽ സൗഹാർദവും സമാധാനവും കൈവരിക്കാൻ എന്റെ ജീവൻതന്നെ ബലി കഴിച്ചേക്കാം.'


സുപ്രഭാതമായപ്പോൾ നെഹ്രുവിന്റെയും പട്ടേലിന്റെയും  ദൗത്യ സംഘത്തെ ഗാന്ധിജി മടക്കി അയച്ചു. അദ്ദേഹം ഒരു മരത്തിന്റെ കീഴെ നില്ക്കുകയായിരുന്നു. ഒരു വരണ്ട ഇല മുകളിൽ നിന്ന് താഴെ വീണു. ഗാന്ധിജി അത് പെറുക്കിയെടുത്ത് ഉള്ളം കൈകളിലാക്കിക്കൊണ്ട് പറഞ്ഞു, "ചങ്ങാതിമാരെ നിങ്ങൾ ഡൽഹിക്ക് മടങ്ങി പോവുകയല്ലേ? നെഹ്രുവിനും പട്ടേലിനും സമ്മാനങ്ങൾ നല്കാൻ എന്റെ കൈവശം ഒന്നും തന്നെയില്ല. ഞാൻ അധികാരവും പണവുമില്ലാത്ത ഒരു സാധു മനുഷ്യനാണ്. സ്വാതന്ത്ര്യദിന സമ്മാനമായി ഈ ഉണങ്ങിയ ഇല നെഹ്രുവിനും പട്ടേലിനും സമ്മാനിക്കൂ. ഗാന്ധിജി ഇത് പറയുമ്പോൾ വന്ന അതിഥികളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തമാശരൂപേണ ഗാന്ധിജി വീണ്ടും പറഞ്ഞു, "ദൈവം എത്ര മഹത്വപ്പെട്ടതാകുന്നു. അവിടുന്നു നിങ്ങളുടെ  'ഗാന്ധി' ഉണങ്ങിയ ഇല കൊടുക്കാൻ ആഗ്രഹിക്കുന്നില്ല." ഗാന്ധിജി ഒരു നിമിഷം ധ്യാനനിരതനായ ശേഷം ഉണങ്ങിയ ഇലയിൽ വെള്ളം ഒഴിച്ചു. ഒരു ചിരിയോടെ അദ്ദേഹം "ഈ ഇല ഇപ്പോൾ മിന്നി തിളങ്ങുന്നില്ലേയെന്നു" ചോദിച്ചു. കണ്ണുനീരുകൾ നിറഞ്ഞ 'ഇല' എന്റെ സമ്മാനമായി അവർക്കു നല്കൂ. അതായിരുന്നു ഗാന്ധിജിയുടെ ഹൃദയ സ്പർശമായ മാനവിക വികാരം.


അബലകളായ സ്ത്രീകളുടെ കരളലിയിക്കുന്ന പ്രശ്നങ്ങൾ ഗാന്ധിജിയെ സ്പർശിച്ചിരുന്നു. 'ചമ്പരാൻ' ജില്ലയിൽ, പ്രശ്നങ്ങൾ പഠിക്കാൻ ഗാന്ധിജി ഏതാനും പേരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അവർ കൊണ്ടുവന്ന റിപ്പോർട്ടിൽ സ്ത്രീകളുടെ  പ്രശ്നങ്ങളൊന്നും പരാമർശിച്ചില്ലായിരുന്നു. സ്ത്രീകളെ തഴഞ്ഞുകൊണ്ടുള്ള ഒരു റിപ്പോർട്ട് എങ്ങനെ പൂർണ്ണമാകുമെന്നും ഗാന്ധിജി ചോദിച്ചു. സ്ത്രീകൾ ലജ്ജാവതികളായതുകൊണ്ട് വീടിനു പുറത്തിറങ്ങുകയില്ലെന്നും ആരെയും കാണാൻ സാധിച്ചില്ലെന്നും റിപ്പോർട്ട്  തയ്യാറാക്കിയവർ ഗാന്ധിജിയോട് മറുപടി പറഞ്ഞു. ഗാന്ധിജി ഉടൻ കസ്തൂർബാ ഗാന്ധിയേയും അവാന്റികബായി ഗോഖലെ എന്ന ഒരു സ്ത്രീയേയും സ്ത്രീകളുടെ യാതനകളറിയാൻ ചമ്പരാൻ പ്രദേശങ്ങളിൽ അയച്ചു. ചമ്പരാനിലെ സ്ത്രീകൾ അവരെ കാണുകയോ വാതിൽ തുറക്കുകയോ ഉണ്ടായില്ല. സൂര്യാസ്തമനമായപ്പോൾ കസ്തൂർബാ ഗാന്ധി ഒരു വീടിന്റെ വാതിലിൽ മുട്ടിയിട്ടു അകത്തുള്ള സ്ത്രീയോട് പറഞ്ഞു, "ഞങ്ങൾ സൂര്യോദയം മുതൽ അസ്തമയം വരെ ഈ ഗ്രാമത്തിൽ അലഞ്ഞു നടക്കുകയാണ്. ഞങ്ങൾക്ക് ദാഹിക്കുന്നു. ഒരു ഗ്ലാസ് വെള്ളം തരുമോ?" സാവധാനം ഒരു വാതിൽ പകുതിയായി തുറന്നു. ഒരു സ്ത്രീ വാതിലിനു മറവിൽ ഒളിച്ചിരുന്നുകൊണ്ട് ഒരു ഗ്ലാസ് വെള്ളവുമായി കൈകൾ നീട്ടി. കസ്തൂർബാ വെള്ളം കുടിച്ചുകൊണ്ട് പറഞ്ഞു, സഹോദരി, ഒരു ഗ്ലാസ് വെള്ളം പിടിച്ചുകൊണ്ടുള്ള നിങ്ങളുടെ കൈകൾ മാത്രം കാണുന്നു. എന്നാൽ കൈകൾക്ക് പുറകിലുള്ള നിങ്ങളെയാണ് ഞങ്ങൾക്ക് കാണേണ്ടത്." അകത്തുള്ള സ്ത്രീ പറഞ്ഞു, "ഈ വീട്ടിലുള്ള മൂന്നു സ്ത്രീകൾക്ക് ആകെയുള്ളത് കീറാത്ത ഒരു സാരി മാത്രമാണ്. ഒരാൾ ആ സാരിയുമുടുത്തുകൊണ്ട് പുറത്തിറങ്ങിയാൽ മറ്റുള്ള സ്ത്രീകൾ അർദ്ധ നഗ്നകളായി നിങ്ങൾക്ക് വാതിലെങ്ങനെ  തുറന്നു തരും." കരയുന്ന ആ സ്ത്രീയോട് കസ്തൂർബാ പറഞ്ഞൂ, "വാതിലടയ്ക്കൂ സഹോദരീ, നിങ്ങളുടെ ഹൃദയ വാതിലുകൾ തുറന്നിരിക്കുന്നു." ഹൃദയ സ്പർശമായ ഈ റിപ്പോർട്ടുമായി കസ്തൂർബായും അവാന്റിഭായിയും ഗാന്ധിജിയുടെ അടുത്തെത്തി. സ്ത്രീകളുടെ ആദരവു വർദ്ധിപ്പിച്ചുകൊണ്ട് അവർക്കായി പ്രവർത്തിക്കുമെന്നും അതുവരെ താൻ വിശ്രമിക്കില്ലെന്നും ഗാന്ധി അന്ന് പ്രതിജ്ഞ ചെയ്തു.

2002-ലെ ഗുജറാത്ത് കലാപം  നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ഹീനമായ ഒരു സംഭവമായിരുന്നു. അതു  സംഭവിച്ചത് ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലായിരുന്നു. യാതൊരു തത്ത്വങ്ങളുമില്ലാത്ത രാഷ്ട്രീയക്കളികൾമൂലം അനേക മനുഷ്യ ജീവിതങ്ങൾ നഷ്ടപ്പെട്ടു.  അധികാരം നിലനിർത്താൻ ഏതു മൃഗീയമായ  പ്രവർത്തികളും ഇത്തരക്കാർ രാഷ്ട്രീയത്തിൽ കളിക്കും. ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഗുജറാത്ത് സംഭവത്തിൽ അദ്ദേഹം അപമാനിതനാവുമായിരുന്നു. ഗുജറാത്തിയെന്നോ ഇന്ത്യനെന്നോ പറയാൻ മടിക്കുമായിരുന്നു.


കപടത നിറഞ്ഞ രാഷ്ട്രീയ ചൂതുക്കളിക്കാരുടെ  ലോകത്തിൽ ഗാന്ധിജിയുടെ ചിന്തകൾ  കൈവെടിഞ്ഞെങ്കിലും രാഷ്ട്രീയത്തിനുപരിയായി ചിന്തിക്കുന്നവരുടെ  സാമൂഹിക തലങ്ങളിലും  വിവിധ മാനുഷിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളിലും   അനേകായിരങ്ങളിലും ഗാന്ധിയൻ തത്ത്വങ്ങൾ ഉത്തേജനം നല്കിക്കൊണ്ടിരിക്കുന്നു.  അവർ ആതുര സേവനങ്ങളിലും ഗ്രാമീണ ഉദ്ധാരണങ്ങളിലും  സ്ത്രീകളുടെ നവോത്വാന മേഖലകളിലും പരീസ്ഥിതി ക്രമീകരണങ്ങളിലും  ശുദ്ധീകരണ മേഖലകളിലും പ്രവർത്തിക്കുന്നു. ഗാന്ധിജിയുടെ ചിന്തകളും ആശയങ്ങളും  ഇന്നും കാലത്തിനനുയോജ്യമെന്നു  കാണാം.  ഇന്ത്യയ്ക്കു  മാത്രമല്ല ലോകത്തിനു മുഴുവനായും അദ്ദേഹത്തിന്റെ ചൈതന്യം  അണയാത്ത ദീപമായി ശോഭിക്കുന്നു.  അനീതിയ്ക്കെതിരെ , ഏകാധിപത്യ പ്രവണതകളുള്ള   സർക്കാരുകൾക്കെതിരെ  അദ്ദേഹത്തിൻറെ അക്രമരാഹിത്യ സമര മുറകൾ വിവിധ  രാജ്യങ്ങൾക്ക് മാർഗദർശനം നല്കി.   മത സഹിഷ്ണതയും മതങ്ങൾ തമ്മിലുള്ള പരസ്പര സഹവർത്തിത്വവും ഗാന്ധിസത്തിന്റെ ഭാഗമാണ്. ഗാന്ധി വിഭാവന ചെയ്ത  പ്രകൃതിയെ നശിപ്പിക്കാത്ത സാമ്പത്തിക ശാസ്ത്രം ഇന്നും കാലത്തിനനുയോജ്യം തന്നെ.  സമാധാനത്തിലധിഷ്ടിതമായ ചർച്ചകളിൽ കൂടി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഗാന്ധിയൻ ആശയങ്ങളെ പരിഷ്കൃത ലോകങ്ങൾ  ആദരിക്കുന്നു.


ആല്ബർട്ട് ഐൻസ്റ്റീൻ പറഞ്ഞു, 'ഈ ഭൂമിയിൽ  രക്തവും മാംസവുമുള്ള ഒരു മനുഷ്യനായി  'ഗാന്ധിയെന്ന'  ഒരു മഹാൻ ജീവിച്ചിരുന്നുവെന്ന് തലമുറകൾ കടന്നു പോവുമ്പോൾ അവിശ്വസനീയമായി തോന്നും.'  ഗാന്ധിജി മരിച്ചു. ആ ദീപം പൊലിഞ്ഞു. അദ്ദേഹം ജീവിച്ച ഭൂമിയിലാണ് നാമിന്നു  ജീവിക്കുന്നത്. മനുഷ്യത്വത്തെയും ആക്രമണ രാഹിത്യത്തെയും ബഹുമാനിച്ചാൽ ഗാന്ധിജിയുടെ   ചൈതന്യം  നിത്യം ലോകത്തു വെളിച്ചം നല്കിക്കൊണ്ട് സമാധാനം ഉളവാകും.  അദ്ദേഹത്തിൻറെ ജീവിക്കുന്ന ചൈതന്യം ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ ദാഹികളായ ജനങ്ങളുടെ ഹൃദയങ്ങളിലും കുടികൊള്ളുന്നുണ്ട്. 


No comments:

Post a Comment