ആർക്കുമുള്ളതുപോലെ എനിക്കുമൊരു സംശയമുണ്ട്; വിഷത്തിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ അതിലെ വിഷം കൂടുകയാണോ കുറയുകയാണോന്ന്. പെട്ടെന്നങ്ങിനെ തോന്നാൻ കാരണം കാഞ്ഞിരപ്പള്ളിക്കൊരു പുതിയ മെത്രാനെ കിട്ടുന്നുവെന്ന വാർത്ത പുറത്തു വന്നതാണ്. ഒരു സഹായ മെത്രാൻ വന്നാൽ പഴയ മെത്രാന്റെ വീര്യം കൂടുമോ കുറയുമോ? ആർക്കറിയാം? ജാത്യാലുള്ളതു തൂത്താൽ പോകുമോ, അല്ലേ? ഞാനൊരു കാര്യം ശ്രദ്ധിച്ചു, പുതിയ മെത്രാന്മാരുടെ തിരഞ്ഞെടുപ്പിൽ ആകമാന സിനഡ് ഇത്തിരി ശ്രദ്ധ വെയ്ക്കുന്നുണ്ട്. അതുകൊണ്ടാണല്ലൊ പാലായിൽ ഒരുപാട് ദിവ്യന്മാരെ കവച്ചു വെച്ചു വള്ളിച്ചെരിപ്പു മാത്രമിടുന്ന മുരിക്കലച്ചൻ മെത്രാനായത്. കാഞ്ഞിരപ്പള്ളിയിലാകട്ടെ ഉള്ളതു മുഴുവൻ കാരുണ്യപ്രവർത്തികൾക്കു മാറ്റിവെച്ച ഒരൊറ്റ പുത്രനാണു മെത്രാനായത്. തൃശ്ശൂരും അങ്ങിനെ ഒരു പാവത്തിനെയായിരുന്നു വാഴിച്ചത്. അവസാനം, ഒല്ലൂർ വിപ്ലവം ഡയറക്റ്റ് ചെയ്തത് അദ്ദേഹമായിരുന്നുവെന്നാണ് കേട്ടത്. ഒരു സാധുവിനെയായിരുന്നു കാഞ്ഞിരപ്പള്ളിയുടെ ആദ്യ മെത്രാനായി നിയമിച്ചത്. അവസാനം എന്തായി? പവ്വത്തിൽ പിതാവിനെ അറിയാത്തവരായി ഇന്ത്യയിൽ ആരെങ്കിലുമുണ്ടോ? എന്താണെന്നറിയില്ല തൊപ്പി തലേക്കേറിയോ, അപ്പോത്തന്നെ മിക്കവർക്കും ഇളക്കവും തുടങ്ങും. അറക്കൽ മെത്രാന്റെ കാരുണ്യം പ്രതീക്ഷിച്ചു ചുറ്റുവട്ടത്തിൽ നിന്നു മാറാതെ നിന്ന അനേകം സിഞ്ചെല്ലൂസുകൾ വെറും വെറുമായിപ്പോയി. ഒന്നു രണ്ടു പേരെ മോനിക്കാ കേസിൽ കുടുക്കി ഷോർട് ലിസ്റ്റിൽ നിന്നൊഴിവാക്കി. കഴിഞ്ഞ ദിവസം ദീപികയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനത്തിന് ഒരുപാടു വിശിഷ്ടന്മാർ വന്നു - കാഞ്ഞിരപ്പള്ളി മെത്രാന്റെ ചിത്രം കണ്ടില്ല. അങ്ങേരെ അടുപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് സർവ്വ മാലോകർക്കും അറിയാമെന്നു തോന്നുന്നു.
നിരാശരായ സിഞ്ചെല്ലൂസുകളായിരിക്കണം, കാഞ്ഞിരപ്പള്ളിക്കൊരു നല്ല മെത്രാനെ കിട്ടിയെന്നു പറയുന്നത്. എന്നെ എറെ കുഴക്കിയത് അറക്കൽ മെത്രാൻ വളരെയേറെപ്പേർക്ക് അനഭിമതനായിരുന്നുവെന്നു സൂചിപ്പിക്കുന്ന കമന്റുകളാണ് ഫെയിസ്ബുക്കിലും വാർത്തകളിലും വന്നതെന്നാണ്. പണ്ടൊരിടത്ത് (സ്ഥലം പറയുന്നില്ല) ഒരു പള്ളിയിൽ ഒരു തല്ലിപ്പൊളി പെരുന്നാൾ നടന്ന കാര്യം ഭാര്യ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. പെരുന്നാളൊക്കെ കഴിഞ്ഞ്, പ്രസുദേന്തിയുടെ സാനിദ്ധ്യത്തിലും ചെലവിലും അവലോകന കമ്മറ്റി കൂടിയപ്പോൾ ഒരു വിരുതൻ പറഞ്ഞത്, അടുത്ത പെരുന്നാൾ നമുക്കു ഗംഭീരമായി നടത്തണമെന്നാണ്. ഈ പെരുന്നാൾ ശുദ്ധ തല്ലിപ്പൊളിയായിരുന്നെന്നു മറ്റുള്ള എല്ലാവർക്കും ശരിക്കും മനസ്സിലാകത്തക്കപോലെ അയാൾ കാര്യം അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളിക്ക് ഒരു നല്ല മെത്രാനെ കിട്ടിയെന്നൊരാൾ, ഈ പദവി ശരിക്കും അർഹിക്കുന്ന ഒരാളെന്നു വേറൊരു സത്യ ക്രിസ്ത്യാനി...... എന്താ സ്നേഹിതരെ നാം മനസ്സിലാക്കേണ്ടത്? ഒക്കെയാണെങ്കിലും ഈ പുതിയ പിതാവിനേപ്പറ്റിയും എനിക്കു വലിയ പ്രതീക്ഷയൊന്നും ഇല്ല. സീനിയർ മെത്രാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മോനിക്കായുടെ സ്ഥലം തിരിച്ചു കിട്ടാൻ പോകുന്നില്ല; പുതിയ മെത്രാന് മാർ പവ്വമാണ് ആദ്യമായി ആദരവർപ്പിച്ചത്. താമരക്കുരിശിൽ താഴ്ന്ന ഒന്നിനേയും ഗൗനിക്കുന്ന സ്വഭാവമല്ല അദ്ദേഹത്തിന്റേത്. അതുറപ്പാക്കിയിട്ടേ ബൊക്കെയുമായിട്ട് അദ്ദേഹം പോകൂ, എങ്ങോട്ടാണെങ്കിലും. ഒറ്റ പുത്രനായിട്ടും, അച്ചനാകാൻ ഇറങ്ങിയ മാർ ജോസ് പുളിക്കൻ സർവ്വ സ്വത്തുക്കളൂം ഒരു മഠംകാർക്കാണു കൊടുത്തത്, രൂപതക്കല്ല. ചുരുക്കത്തിൽ, നല്ല സ്വഭാവമുണ്ടായിരുന്ന ആ പാവം അച്ചന്റെ ജീവിതവും കട്ടപ്പുകയായി മാറാൻ ഇടയുണ്ടെന്നു പറഞ്ഞാൽ മതിയല്ലൊ. എന്റെ റ്റീച്ചറെ നാളെ ഉറുമ്പ് കടിക്കണേയെന്നു നഴ്സറിസ്കൂൾ കുട്ടികൾ പ്രാകുന്നതുപോലല്ല വിവരമുള്ള കത്തോലിക്കർ മെത്രാന്മാരെ പ്രാകുന്നത്.
പണ്ടത്തെ രാമർ അഞ്ചു രൂപക്ക് പെട്രോളുമായി വീണ്ടും ഇറങ്ങിയിട്ടുണ്ട്, അതുപോലെ സൗജന്യ നിരക്കിൽ പരി. ആത്മാവും രോഗശാന്തിയുമായി ആരെങ്കിലും വന്നാൽ ജനം അക്കൂടെ പോയെന്നിരിക്കും. മെത്രാന്മാർ മാത്രം അവശേഷിക്കുകയും ചെയ്യും. ഓട്ടോറിക്ഷാ പോലെ മെത്രാന്മാർ പെരുകുന്നുണ്ട്, പക്ഷെ വിവരവും വിവേകവുമുള്ളവർ ചുരുക്കം. കാനഡാ അര രൂപതാ മെത്രാൻ കുറേ മില്യൻ അധികം കൊടുത്തു വാങ്ങിയ കെട്ടിടം സർക്കാറിന്റെ അനുവാദം കൂടാതെ റിപ്പയർ ചെയ്തു പിഴ വാങ്ങിയതിന്റെ ക്ഷീണം തീർന്നില്ല, അതിനു മുമ്പേ പിരിവു തന്നവരുടെ ലിസ്റ്റിട്ട് അടുത്ത വിവാദത്തിലേക്കു കയറിയിട്ടുണ്ട്. കാനഡായിലെ PIPEDA നിയമം അനുസരിച്ചു Donation Information പേർസണൽ ഇൻഫർമേഷൻ ആണ്, പ്രസിദ്ധപെടുത്താൻ പാടില്ല. ഇതിനു പിഴക്കു പുറമേ ജയിൽ ശിക്ഷ കൂടെ ഉണ്ട്. ഇനിയിതാവർത്തിക്കരുതെന്ന് അദ്ദേഹത്തിന് ഇടവക ജനം മുന്നറിയിപു കൊടുത്തുകഴിഞ്ഞു. ഞാനാണു നിയമം എന്നാണു മിക്ക മെത്രാന്മാരുടേയും ചിന്ത. കാഞ്ഞിരപ്പള്ളി മെത്രാന്റെ ഡ്രൈവറെ ഊതിപ്പിച്ച പോലീസുകാരൻ രായ്ക്രായെ സ്ഥലം മാറിയ സംഭവം പ്രസിദ്ധം. ബലാൽസംഗം പോലെ ഗുരുതരമായ കുറ്റമാണ് ഊരുവിലക്കെന്ന് തട്ടിൽ മെത്രാനറിയില്ലാഞ്ഞിട്ടായിരുന്നോ റാഫേലിനോട് മാനം മര്യാദയോടു ജീവിക്കണമെങ്കിൽ കേസു പിൻവലിച്ചോ എന്നു പറഞ്ഞെന്നു നാട്ടിൽ സംസാരമുണ്ടായത്. അദ്ദേഹം പറഞ്ഞതെന്താണേലും നാട്ടിൽ കേൾക്കുന്നതിങ്ങെനെയാ. പഞ്ചായത്ത് വിലക്കിയിട്ടും ഭരണങ്ങാനത്തു സിമിത്തേരി പണിതത് പാലാ മെത്രാൻ അറിയാതെയാ? ഇപ്പോ കേൾക്കുന്നു തലോറിലെ പള്ളികെട്ടിടത്തിനും പഞ്ചായത്ത് ലൈസൻസില്ലെന്ന്. ഏതു രൂപതയെടുത്താലും ഇത്തരം അനേകം കഥകൾ പറയാനുണ്ടാവും. ഒന്നുകിൽ വിവരമുള്ളവരെ മെത്രാനാക്കുക, അല്ലെങ്കിൽ കിരീടധാരണത്തിനു മുമ്പു ഇന്ത്യൻ നിയമാവലി പഠിച്ചു ടെസ്റ്റ് പാസ്സാക്കുക - അതേ മാർഗ്ഗമുള്ളൂ.
സഭയേപ്പറ്റി ചിന്തയുള്ളവർ ചുറ്റും നോക്കുക, പച്ച കുത്തി നടക്കുന്ന ചെറുപ്പക്കാരെ കാണാറുണ്ടോ? മീശ കളഞ്ഞിട്ടു താടി വളർത്തുന്നവരെ കണ്ടിട്ടൂണ്ടോ? തലമുടിയും താടിയും വിരൂപമാക്കുക, ലഹരിമരുന്നുപയോഗിക്കുക, മലിനവസ്ത്രങ്ങൾ ധരിക്കുക എന്നിങ്ങനെ പ്രത്യേകതകളുള്ള ചെറുപ്പക്കാർ കേരള പട്ടണങ്ങളിൽ കൂടുന്നു. ചെകുത്താൻ സേവ നടത്തുന്ന ബ്ലാക് മാസ്സ് ഗ്രൂപ്പിൽ പെട്ടവരാണവർ; ഈ ഗ്രൂപ്പിന് ഏറ്റവും വളർച്ച ക്രിസ്ത്യൻ അധിനിവേശ പ്രദേശങ്ങളിലാണെന്നു മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. അധികാര രാഷ്ട്രീയവും തോന്ന്യാസങ്ങളും കാണിച്ചു സഭയെ മുച്ചൂടും നശിപ്പിക്കരുതെന്നേ ഈ മെത്രാന്മാരോട് എനിക്കു പറയാനുള്ളൂ. ഇടഞ്ഞു നിൽക്കുന്ന അത്മായരുടെ പ്രശ്നങ്ങൾ കേൾക്കാനും ന്യായമെങ്കിൽ പരിഹരിക്കാനുമുള്ള ഒരു സംവിധാനം സഭയിൽ ഉണ്ടാകണം. പണം മാത്രമായിരിക്കരുത് കൂദാശകളുടെ ലക്ഷ്യം. വിശ്വാസികളെ മന്ദബുദ്ധികളാക്കിക്കൊണ്ടിരുന്നാൽ, ഒരു സഹായം വേണ്ടുന്ന സന്ദർഭത്തിൽ ഇടഞ്ഞു നിൽക്കുന്നവരുടെ സഹായം തേടേണ്ടി വരും. പ്രോഫ. മിറോൺ സുക്കെർമാന്റെ നേതൃത്വത്തിൽ 23 വർഷങ്ങളായി 63 ശാസ്ത്രീയ പഠനങ്ങളിലൂടെ നടത്തിയ നിരീക്ഷണം പറയുന്നത്, ഒരാൾ എത്ര മതാത്മകനാകുന്നോ അത്രയും മന്ദബുദ്ധിയുമായിരിക്കുമെന്നാണ്.
കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ മാർ ആലഞ്ചേരിയെ സന്ദർശിച്ചു; വെറുതേ കണ്ടുപിരിയുകയല്ല ചെയ്തത്. ഇരുപതോളം മിനിറ്റ് സ്വകാര്യമായി എന്തോ പറയുകയും ചെയ്തു. ആർ എസ് എസ് (സീറോ) ഇവിടെ ഉണ്ടാവുമെന്നു തന്നെ അനുമാനിക്കാം. ആരും ഞെട്ടണ്ട! സീറോ സ്കെയിലിൽ ഒരെട്ടു പോയിന്റെങ്കിലും വരുന്ന ഒരു കുലുക്കം താമസിയാതെ പ്രതീക്ഷിക്കാം. വോട്ട് ശക്തിയാണെന്നു മുരിക്കൻ മെത്രാൻ പറയുന്നുണ്ട്; എന്നാ പിന്നെ വിശ്വാസികളുടെ ശക്തി അറിയാൻ ഒരഭിപ്രായ വോട്ടെടുപ്പു നടത്തിയാലോ മെത്രാനേ?
ഞാൻ ഉക്രെയിൻ വരെ പോകാൻ തീരുമാനിച്ചിരിക്കുകയാ. അവിടെ ഒരെഞ്ചിനീയർ ഒരു പ്രത്യേക തരം വിമാനം കണ്ടുപിടിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനം വളരെ സിമ്പിൾ! പറക്കലിനിടക്കൊരു അസന്നിഗ്ദാവസ്ഥ ഉണ്ടായാൽ അതിന്റെ യാത്രക്കാർ ഇരിക്കുന്ന ഭാഗം വേർപെടുത്താമത്രെ. ആ ഭാഗം വേർപിരിയുമ്പോൾ സ്വയം വിടരുന്ന പാരച്യുട്ടുകളുടെ സഹായത്താൽ യാത്രക്കാരെല്ലാമിരിക്കുന്ന ഭാഗം പതിയെ കരയിലോ കടലിലോ വന്നു പതിക്കും. എഞ്ചിനും പൈലറ്റും ചിറകുകളുമെല്ലാം പഴയതുപോലെ തുടർന്നു പറക്കുകയും ചെയ്യും. അത്മായരിരിക്കുന്ന ഭാഗം സ്വയം അടർന്നു മാറാൻ സാദ്ധ്യതയുണ്ടായിരുന്നെങ്കിൽ എന്റെ യാത്ര മാറ്റിവെയ്കാമായിരുന്നു. പറക്കുന്ന ഡ്രോണുകളാണല്ലൊ ഇന്നത്തെ ഫാഷൻ. ഒരു മെത്രാനെയിരിത്താവുന്ന രീതിയിൽ ഇതിനെ ഒന്ന് പരിഷ്കരിച്ചിരുന്നെങ്കിലും എന്റെ യാത്ര മാറ്റിവെയ്ക്കാമായിരുന്നു.
ബെനെടിക്റ്റ് മാര്പാപ്പ വിരമിച്ചു കഴിഞ്ഞ്, പുറത്തു കാണാൻ പോലും ഇല്ല.
ReplyDeleteവിരമിച്ച മെത്രാന്മാരെ നമുക്ക് റോമിന് വിട്ടാലോ?