മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി
(ജനയുഗം വാരികയില്‍ 1975-ല്‍ പ്രസിദ്ധീകരിച്ച നര്‍മ്മഭാവന
'സത്യജ്വാല' 2016 ജനുവരി ലക്കത്തിൽ പുനഃപ്രസിദ്ധീകരിച്ചത്)
ദൈവപുത്രന്റെ നീണ്ട കുപ്പായം അങ്ങിങ്ങു പൊടിഞ്ഞു
തുടങ്ങിയിരുന്നു. ആരുമദ്ദേഹത്തെ ശ്രദ്ധിച്ചില്ല. ചുവപ്പും വെള്ളയും കാവിയും
കാപ്പിപ്പൊടിയും നിറമുള്ള കുപ്പായമണിഞ്ഞവര്‍ ആ കവലയില്‍ക്കൂടി സദാസമയവും
കടന്നുപോകാറുള്ളതാണ്.
മുമ്പിലെ റോഡിലൂടെ ഉന്നതനീതിപീഠത്തിന്റെ കവാടത്തിലേക്ക്
വൈദികവേഷധാരികള്‍ തിരക്കിട്ടു നീങ്ങുന്നത് ക്രിസ്തു ശ്രദ്ധിച്ചു. പക്ഷേ, അവരദ്ദേഹത്തെ
കണ്ടില്ല. ആ കൈകാലുകളിലെ ആണിപ്പഴുതുകള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. അവരെല്ലാം
ബിസ്സിയായിരുന്നു.
'എന്താണാഭാഗത്ത് വിശേഷം?' ഒരു
വഴിപോക്കനോട് അവിടന്നു തിരക്കി.
'നിങ്ങളെവിടത്തുകാരനാ? അറിഞ്ഞില്ലേ
വിശേഷം? കൊലക്കേസില്‍ പ്രതിയായി തൂക്കിക്കൊല്ലാന്‍ വിധിച്ച
കത്തോലിക്കാ അച്ചന്റെ അപ്പീല്‍വാദം നടക്കുന്നു. അച്ചനെ രക്ഷിക്കുവാന്‍വേണ്ടി
വാദിക്കുന്നത് ഒരു കമ്യൂണിസ്റ്റുകാരന്‍ വക്കീലും! എന്താ രസം, അല്ലേ?'
ക്രിസ്തു ഞെട്ടിത്തരിച്ചു ഫുഡ്പാത്തില്‍ നിന്നു. എന്റെ
സഭയിലെ വൈദികന്‍ കൊലക്കേസില്‍ പ്രതിയോ? വധശിക്ഷയ്ക്കു വിധിയോ?
ഇതല്ലല്ലോ ഞാനിവരെ പഠിപ്പിച്ചത്! അടിക്കുന്നവന് മറുചെകിടുംകൂടി
കാട്ടിക്കൊടുക്കേണ്ടവന്‍ കൊല്ലാന്‍ ആയുധമെടുത്തെന്നോ? കമ്യൂണിസ്റ്റുകാരന്
അയിത്തം കല്പിച്ചവന്‍ കഴുത്തില്‍ കൊലക്കയര്‍ വീഴുമെന്നായപ്പോള്‍ അയാളുടെ സഹായം
തേടിയത് ദൈവികനീതിയുടെ ന്യായീകരണംതന്നെ.
ക്രിസ്തു അസ്വസ്ഥതയോടെ ഹൈക്കോടതിക്കവലയില്‍ അങ്ങിങ്ങു
നടന്നു.
നോക്കുന്നിടത്തെല്ലാം പള്ളികള്‍. ഒന്ന്, രണ്ട്,
മൂന്ന്, നാല്... ഇതെന്തു കഥ? ഇത്ര വളരെ പള്ളികള്‍ ഇത്ര ചെറിയ ദൂരത്തില്‍ പണിതുവച്ചത് എന്തു
ലക്ഷ്യംവച്ചാണ്? ഇതൊരുതരം മത്സരം മാതിരിയാണല്ലോ. എന്റെ
സഭയ്ക്കുള്ളില്‍ കിടമത്സരത്തിനെന്തു സ്ഥാനം? ആരാധനാലയം ഒരു
സ്ഥലത്ത് ഒന്നു മതി. രണ്ടു വേണ്ട. ഓറശ്‌ളത്ത് ഒരു പള്ളിയേ ഉണ്ടായിരുന്നുള്ളൂ.
ഇവിടെ നൂറുവാരയ്ക്കുള്ളില്‍ നാലു പള്ളികള്‍! ഇവര്‍ക്കെല്ലാം എന്തോ മാനസികതകരാറു
സംഭവിച്ചിട്ടുണ്ട്, തീര്‍ച്ച.
നിരയായി പണിത പള്ളികളുടെ മുമ്പിലത്തെ വീതികുറഞ്ഞ റോഡിലൂടെ
ക്രിസ്തു നടന്നു. ഉത്തുംഗമായൊരു ഇരുനിലമന്ദിരത്തിന്റെ മുമ്പിലൂടെ നീങ്ങിയ
ക്രിസ്തുവിനോട് ഒരു കാരണവര്‍ ചോദിച്ചു:
'അച്ചോ, അച്ചന്‍ അരമനയില്‍
കേറുന്നില്ലേ? കേറി കൈമുത്താതെ പോകുന്നതു സെക്രട്ടറിയച്ചന്‍
കണ്ടാല്‍ കുഴപ്പമാകും.'
'അരമനയോ? ആരുടെ അരമന? ഇന്ത്യയില്‍ രാജാക്കന്മാരുടെ ഭരണം അവസാനിപ്പിച്ചെന്നാണല്ലോ ഞാന്‍
കരുതിയിരുന്നത്!' ക്രിസ്തുവിന്റെ അമ്പരന്ന പ്രതികരണം.
'ഇങ്ങേര്‍ക്കു വട്ടൊണ്ടോ? രാജാവിന്റെയല്ല,
വല്ല്യപിതാവിന്റെ അരമന. റോമാസഭയിലെ രാജകുമാരനാണു തിരുമേനി.
ചുവന്നപട്ടില്‍ തുന്നിയ കുപ്പായം. കട്ടിപ്പൊന്നില്‍ കടഞ്ഞെടുത്ത കുരിശും മാലയും.
കിരീടം. പൊന്നില്‍ പൊതിഞ്ഞ അംശവടി. കൊട്ടാരംപോലുള്ള കാറിലാണു യാത്ര. കേറി കൈമുത്തി
പോകുന്നതാണ് അച്ചന്റെ ഭാവിക്കു നല്ലത്. പിതാവു കോപിച്ചാല്‍ കൊതവറയ്‌ക്കോ
പട്ടിക്കാട്ടിനോ ഒക്കെ സ്ഥലംമാറ്റംതന്നു ശിക്ഷിക്കും. ഞാന്‍ പറഞ്ഞില്ലെന്നുവേണ്ട.'
ക്രിസ്തുവിനു വീണ്ടും ഞെട്ടല്‍. എന്റെ സഭയില്‍ രാജകുമാരനും
അരമനയുമോ?
ഞാന്‍ പാവപ്പെട്ട തച്ചന്റെ പുത്രനായിരുന്നു. എന്റെ അമ്മ ദരിദ്രയായ
തുന്നല്‍ക്കാരിയായിരുന്നു. അമ്മ പരുപരുത്ത പരുത്തിനാരുകള്‍കൊണ്ട് നെയ്തുതന്ന
കുപ്പായമാണു ഞാനിപ്പോഴും അണിഞ്ഞിരിക്കുന്നത്. എന്റെ ശിഷ്യന്മാര്‍ പാവപ്പെട്ട
മുക്കുവത്തൊഴിലാളികളും ചുങ്കക്കാരും ചുമട്ടുകാരും പട്ടിണിപ്പാവങ്ങളുമായിരുന്നു.
ഞാന്‍ ചുമന്നതാകട്ടെ ഒരു മരക്കുരിശും. എന്റെ തലയില്‍ മുള്‍മൂടിയാണവര്‍
ധരിപ്പിച്ചത്. ഗാഗൂല്‍ത്താമലയുടെ നിറുകയിലോളം മുപ്പത്തിമൂന്നു വര്‍ഷക്കാലം ഞാന്‍
കാറിലല്ല, കാല്‍നടയ്ക്കാണു യാത്ര ചെയ്തത്. എന്റെ
ശിഷ്യന്മാരുടെ കാല്‍ കഴുകി തുടച്ചവനാണു ഞാന്‍. എന്റെ കൈ ആരും മുത്തിയിട്ടില്ല. കൈ
മുത്താത്തവരെ, നട്ടെല്ലുവളയ്ക്കാത്തവരെ സ്ഥലംമാറ്റം നല്‍കി
ശിക്ഷിക്കുന്ന രാജകുമാരന്‍ വാഴുന്ന സഭ എന്റെ സഭയല്ല, തീര്‍ച്ച.
ഇതു മറ്റെന്തോ ഏര്‍പ്പാടാണ്.
ഇരുനിലക്കെട്ടിടത്തില്‍നിന്നു സംസാരം. ക്രിസ്തു ചെവിയോര്‍ത്തു.
'നാം അന്തരിക്കുമ്പോള്‍, നമ്മുടെ
പൂജ്യാവശിഷ്ടങ്ങള്‍ പൊതുജനവണക്കത്തിനായി വയ്ക്കാന്‍പറ്റിയ ഒരു പള്ളിയോ
പള്ളിമൈതാനമോ നമുക്കില്ല. ലജ്ജാവഹം! നമ്മുടെ ഭദ്രാസനം തീരെ ചെറുതാണ്. വളരെ
പഴകിയതും. അതുടനെ പൊളിച്ചുകളഞ്ഞ് അത്യന്താധുനികമായ ഒരു ഭദ്രാസനം പണിയണം. അരനിമിഷം
ഇനി താമസിച്ചുകൂടാ. പണം പ്രശ്‌നമല്ല. ഉടന്‍ പണി തുടങ്ങട്ടെ എന്നു നാം
ആജ്ഞാപിക്കുന്നു. മറ്റവര്‍ക്കു പറ്റിയ അബദ്ധം നമുക്കു പറ്റരുത്.'
ക്രിസ്തു അന്തംവിട്ടു നോക്കിനില്‍ക്കെ, നൂറ്റാണ്ടുകള്‍
പഴക്കമുള്ള ബൃഹത്തായ ഭദ്രാസനദേവാലയം ഇടിച്ചുനിരത്തപ്പെട്ടു, കല്ലിന്മേല്‍
കല്ലു ശേഷിക്കാതെ. ലോകമെങ്ങുംനിന്നു ജീവകാരുണ്യത്തിന്റെപേരില്‍
പിരിച്ചെടുക്കപ്പെട്ട ഡോളറുകളും മാര്‍ക്കുകളും സിമന്റുചാക്കുകളായി, മാര്‍ബിള്‍കല്ലുകളായി അവിടേക്കൊഴുകി. ജീവകാരണ്യത്തിനെത്തിയ
ഗോതമ്പുചാക്കുകള്‍ രാത്രിയുടെ മറവില്‍ നൂറുരൂപാനോട്ടുകളായി രൂപാന്തരപ്പെട്ടു.
ക്രിസ്തുവിനെയും വെല്ലുന്ന അത്ഭുതപ്രവര്‍ത്തനം! കണ്ണടച്ചുതുറക്കുംമുമ്പേ
ബ്രഹ്മാണ്ഡമായൊരു ദേവാലയവും മൈതാനവും രൂപമെടുത്തു.
'മറ്റവന്മാരുടെ കെട്ടിടത്തിനു മുകളിലെ കര്‍ത്താവിന്റെ
പ്രതിമയെക്കാള്‍ പൊക്കത്തിലാണു നമ്മുടേത്. അതാണ് വിജയം.' ഫോറിന്‍
സ്‌കൂട്ടറില്‍ പാഞ്ഞുനടക്കുന്ന തടിയന്‍ വികാരിയച്ചന്‍ വീമ്പിളക്കി.
ആരാണാവോ ഈ 'മറ്റവന്‍'? മുമ്പു
രാജകുമാരനും 'മറ്റവരു'ടെ കാര്യം
പറഞ്ഞു. പള്ളിവരാന്തയില്‍നിന്ന ചെറുപ്പക്കാരന്‍ കപ്യാരോടു ക്രിസ്തു തിരക്കി:
'ആരാണീ മറ്റവര്‍? പിശാചുക്കളുടെ
കാര്യമാണോ പറയുന്നത്?'
'അച്ചനീനാട്ടിലെങ്ങുമല്ലേ ജീവിക്കുന്നത്?' കപ്യാര്‍ ക്രിസ്തുവിനെ സംശയദൃഷ്ടിയോടെ നോക്കി. 'മറ്റവരെന്നു
പറഞ്ഞാല്‍ മറ്റേ റീത്തുകാര്‍. ഇങ്ങേരേതു റീത്താ? മറ്റേതാണെങ്കില്‍
ഈ മതിലിനകത്തു കേറണ്ട. കുഴപ്പമാ. കുറച്ചങ്ങു മാറിനില്ല്. രാജകുമാരന്‍തിരുമേനി
എഴുന്നള്ളാന്‍ പോകുവാ.'
ക്രിസ്തു തെല്ലുമാറിനിന്നു. മുമ്പിലെ റോഡില്‍ ഒരാരവം.
മുത്തുക്കുടകള്‍, ആലവട്ടങ്ങള്‍, വെണ്‍ചാമരങ്ങള്‍, മേക്കട്ടികള്‍. രാജകുമാരന്റെ ആഗമനം. പണ്ട് തന്നെ കുരിശുമരണത്തിനു വിധിച്ച
ഹേറോദേസിന്റെ എഴുന്നള്ളത്തും ഇതുപോലായിരുന്നു. രാജകുമാരനെ ചൂഴ്ന്നു
കള്ളക്കടത്തുകാരും കള്ളുഷാപ്പുകാരും കള്ളപ്പണക്കാരും കള്ളത്രാസുകാരുമായ
പള്ളിപ്രമാണികളും കുടവയറന്മാരായ മോണ്‍സിഞ്ഞോറന്മാരും മറ്റും. രാജകുമാരന്റെ വേഷം
കാവിനിറമുള്ള ടെറീകോട്ടണ്‍ കുപ്പായവും തടിച്ച പൊന്‍കുരിശും.
'എന്താണീ കാവിവേഷം? രാജകുമാരന്റെ
വേഷം ചുവപ്പല്ലേ?' ക്രിസ്തു ഒരു വിശ്വാസിയോടു തിരക്കി.
'അതേ. പക്ഷേ ഇടയ്‌ക്കെല്ലാം ആളുകൂടുന്നിടത്തു
കാവിയുടുപ്പിട്ടു വരും. ഭാരതവല്‍ക്കരണമെന്നാണ് അതിന്റെ പേര്.' വിശ്വാസിയുടെ വിശദീകരണം.
കാവിയില്‍ മുക്കിയ പൊയ്മുഖം. ക്രിസ്തു പല്ലിറുമ്മി.
നിരാശാതപ്തനായ ദൈവപുത്രന്‍ പള്ളിക്കു പിന്നിലെ ദരിദ്രരുടെ
കോളനിയിലേക്കു നീങ്ങി. കുഴിഞ്ഞ കണ്ണുകളും വാടിയ മുഖങ്ങളും എരിയുന്ന വയറുകളുമായി
കഴിയുന്ന നഗ്നരും അര്‍ദ്ധനഗ്നരുമായ കുഞ്ഞുങ്ങള്‍. ക്രിസ്തുവിന്റെ ഹൃദയമലിഞ്ഞു.
അവിടന്നവരെ വാരിയെടുത്തു. സ്വര്‍ഗ്ഗരാജ്യത്തില്‍ മുന്‍ഗണനയുള്ള നിഷ്‌കളങ്കരായ
പിഞ്ചോമനകള്‍. ഇവിടെ അവര്‍ അവഗണിക്കപ്പെടുന്നു. അഞ്ചപ്പവും രണ്ടു മീനും
കിട്ടിയിരുന്നെങ്കില്‍- ദൈവപുത്രന്‍ ആശിച്ചു. പക്ഷേ നന്മയ്ക്കുവേണ്ടി
ഒരപ്പക്കഷണംപോലും നീക്കിവയ്ക്കാത്ത സോദോം-ഗോമോറാ നാട്ടിലാണു
വന്നുപെട്ടിരിക്കുന്നത്.
വീണ്ടും വടക്കോട്ട്. 'ഗ' പോലെ
വളഞ്ഞ ഓവര്‍ബ്രിഡ്ജിനും പ്രസംഗിച്ചാല്‍ മുഴക്കംമാത്രം കേള്‍ക്കുന്ന ടൗണ്‍ഹാളിനുമിടയില്‍
ഒരു കെട്ടിടത്തിനുള്ളില്‍നിന്നു ഗിതാറിന്റെയും വയലിന്റെയും ഹാര്‍മോണിയത്തിന്റെയും
സിത്താറിന്റെയും കമ്പികളുതിര്‍ക്കുന്ന സംഗീതധാര. യുവകണ്ഠങ്ങളില്‍നിന്നുയരുന്ന
നാദധാര.
'ഓശാന... ദൈവത്തിന്റെ സുതന് ഓശാന...'
ക്രിസ്തുവിന്റെ ഹൃദയം രോമാഞ്ചമണിഞ്ഞു. രണ്ടായിരം വര്‍ഷംമുമ്പത്തെ
സംഭവങ്ങളുടെ സ്മരണകള്‍ മനസ്സില്‍ വേലിയേറ്റമുണ്ടാക്കുന്നു. ചുറുചുറുക്കുള്ള
കഴുതക്കുട്ടിയുടെ പുറത്ത് ഓറശ്‌ളം നഗരവീഥിയിലൂടെ തന്റെ ജൈത്രയാത്ര.
അംഗവസ്ത്രങ്ങളഴിച്ചു റോഡില്‍ വിരിച്ച് ഒലിവ്മരക്കൊമ്പുകള്‍ വായുവിലുയര്‍ത്തി
ദൈവത്തിന്റെ സുതന് ഓശാന പാടിയ ഓറശ്‌ളത്തെ യുവതീയുവാക്കളുടെ ഉത്സാഹത്തിമിര്‍പ്പു
ചെവിയില്‍ പ്രതിദ്ധ്വനിക്കുന്നു.
ആ കെട്ടിടത്തില്‍ നിശ്ശബ്ദം കറങ്ങുന്ന റിക്കാഡിങ്ങ്
യന്ത്രങ്ങളെ ക്രിസ്തു കൗതുകത്തോടെ വീക്ഷിച്ചു. തന്റെ പരസ്യജീവിതകാലത്ത് ഈ യന്ത്രം
ഉണ്ടായിരുന്നെങ്കില്‍! എങ്കില്‍ ഇന്നു തന്റെ വാക്കുകളെ ഓരോരുത്തരും അവസരംപോലെ
വളച്ചൊടിക്കില്ലായിരുന്നു.
'ആരാണാ സന്ന്യാസി?' പാട്ടുകേട്ടുനിന്ന
പയ്യനോടു ക്രിസ്തു ഒതുക്കത്തില്‍ ചോദിച്ചു.
'അച്ചനിവിടെ ആദ്യം വരുവാണോ?' പയ്യന്റെ
ചോദ്യം. 'ഈ സന്ന്യാസിയാ ഇതിന്റെയെല്ലാം പ്രസിഡന്റ്. കര്‍ത്താവിനെ
സ്തുതിച്ചു പാട്ടുകളെഴുതുന്ന കവി. എല്ലാ ജാതിക്കാരായ കലാകാരന്മാരെയും
സംഘടിപ്പിച്ചു നല്ലനല്ല സംഗീതപരിപാടികള്‍ നടത്തുന്ന പ്രസ്ഥാനമാണിത്.
വഴിതെറ്റിപ്പോകുമായിരുന്ന വളരെ ചെറുപ്പക്കാര്‍ ഇതുവഴി നന്നായിട്ടുണ്ട്. മുമ്പ്
ഇങ്ങേര്‍ പത്രമാപ്പീസില്‍ ഇരിക്കുമ്പോള്‍ വലിയൊരു ബാലജനപ്രസ്ഥാനം സംഘടിപ്പിച്ചു.
ഇന്ത്യന്‍പ്രധാനമന്ത്രിവരെ അഭിനന്ദനം പറഞ്ഞ പ്രസ്ഥാനം. പക്ഷേ, ഇങ്ങേരുടെ വളര്‍ച്ച കണ്ട് അസൂയ പെരുത്ത മറ്റു സന്ന്യാസികള്‍തന്നെ അതു തകര്‍ത്തുകളഞ്ഞു.
ഇപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ച കണ്ട് ഇതിനോടും അസൂയ വളരുന്നുണ്ട്. എത്ര
നല്ല റിക്കാര്‍ഡുകളാണ് ഇവിടുന്നു പുറത്തുവന്നിട്ടുള്ളത്! എല്ലാം ഈ സന്ന്യാസിയുടെ
ഉത്സാഹം. യാത്രയ്ക്കിറങ്ങിയശേഷം ആദ്യമായി ദൈവപുത്രന്റെ മുഖം സന്തുഷ്ടമായി.
അവിടന്ന് ആ സന്ന്യാസിയുടെ തോളില്‍ കൈവച്ചു. വയലിന്‍കമ്പികള്‍ സൃഷ്ടിച്ച
മാന്ത്രികവലയത്തില്‍പ്പെട്ടു സ്വയം മതിമറന്നുനിന്ന സന്ന്യാസി അതറിഞ്ഞതേയില്ല.
'കൊള്ളാം, ഈ നല്ല ജോലി തുടരുക',
ക്രിസ്തു മന്ത്രിച്ചു. 'ഇതു ഞാന്‍ കൈവിട്ടുപോയ
ജോലിയുടെ പൂര്‍ത്തീകരണമാണ്. കലയിലൂടെ മനുഷ്യനും മനുഷ്യനുമായുള്ള സ്‌നേഹം വളര്‍ത്തുന്ന
ജോലി.'
കോണിപ്പടികള്‍ ചവുട്ടിയിറങ്ങി ക്രിസ്തു അകന്നുപോകുമ്പോള്‍
പിന്നില്‍നിന്നു മനുഷ്യപുത്രനെ വരവേല്‍ക്കുന്ന ജയാരവം:
'ദൈവത്തിന്റെ നാമത്തില്‍ വന്നവനേ... ഓശാന....'
ഫോണ്‍: 9847061526
മാത്തുകുട്ടി കുന്നപ്പള്ളിയുടെ ഈ ലേഖനം വളരെയേറെ നർമ്മരസം നിറഞ്ഞതാണ്. അദ്ദേഹത്തിനു ജന്മസിദ്ധമായി ലഭിച്ച ഭാഷാ ശൈലി അതി ഗംഭീരവും. അദ്ദേഹം എന്റെ പ്രൈമറി സ്കൂൾ, മിഡിൽ സ്കൂൾ തലങ്ങളിൽ സഹപാഠിയും ബാല്യത്തിലെ കൂട്ടുകാരനുമായിരുന്നു. അതിനു ശേഷവും പല കാലങ്ങളിൽ കണ്ടുമുട്ടിയിട്ടുണ്ട്. അൾത്താര ബാലനായി ധൂപക്കുറ്റി വീശുന്നതും വികാരിയച്ചനൊപ്പം വീടുകൾ സന്ദർശിക്കുന്നതും ഓർക്കുന്നു. ബാല്യം മുതൽ തന്നെ അദ്ദേഹം വൈദിക വേഷ ധാരികളെ ശ്രദ്ധിച്ചിരുന്നുവെന്നു വേണം കരുതാൻ. ലേഖനം വായിച്ചപ്പോഴാണ് ചെറുപ്പകാലത്തെ യാഥാസ്ഥിതി കൈവെടിഞ്ഞ് മനസ് നിറയെ ഒരു പരിവർത്തന വാദിയും വിപ്ലവകാരിയുമെന്നു മനസിലായത്. അന്നത്തെ കാലത്തെ ക്ലാസിൽ ഒന്നാമനും മോണിട്ടറും പള്ളി സംഘടനകളുടെ നേതാവായിരിക്കുന്നതും ഒർക്കുന്നു. വളരെയധികം നർമ്മ ഭാവനകൾ കലർത്തി യേശുവിനെ സ്തുതിച്ചു കൊണ്ട് മനോഹരമായ ഒരു ലേഖനം തയ്യാറാക്കിയ എന്റെ ബാല്യകാല സുഹൃത്ത് മാത്തുക്കുട്ടി കുന്നപ്പള്ളിയ്ക്ക് അഭിനന്ദനങ്ങൾ.
ReplyDeleteThis comment has been removed by the author.
ReplyDelete