Translate

Thursday, January 21, 2016

സമര്‍പ്പിത ജീവിതത്തിന് മാര്‍പ്പാപ്പ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

ജിജോ കുര്യന്‍

   PLEASE VISIT:  

http://standawayfrommysun.blogspot.in/2016/01/blog-post.html



നാളിതുവരെയുള്ള മാര്‍പ്പാപ്പമാരും മെത്രാന്മാരും പഠിപ്പിച്ചതും അനുശാസിച്ചതും സഭയിലുള്ളവര്‍ കേട്ടിട്ടുണ്ട്, അനുസരിച്ചിട്ടുമുണ്ട്. ഇന്നത്തെ മാര്‍പ്പാപ്പയാകട്ടെ നമ്മുടെ സ്വപ്നങ്ങള്‍ പറയുന്നു, നമ്മുടെ ഭാഷ സംസാരിക്കുന്നു, നമ്മുടെ ചിന്തകള്‍ പ്രബോധനങ്ങളാക്കുന്നു. അതുകൊണ്ടാവണം പീറ്റര്‍ സാലി എഴുതിയത്, “അടുത്തയിടെയായി സഭ മുഴുവന്റെയും മുഖത്ത് ഒരു ചിരി കളിയാടുന്നുണ്ട്.” സാധാരണക്കാരന്റെ ഭാഗത്തു നിന്ന് സംസാരിക്കുന്ന മാര്‍പ്പാപ്പയുടെ ജീവിതവും പ്രബോധങ്ങളും സമര്‍പ്പിതരുടെ മുന്‍പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ഉന്നയിക്കുന്ന ചോദ്യങ്ങളും അതുകൊണ്ട് തന്നെ സമര്‍പ്പിതരെക്കുറിച്ചുള്ള ജനത്തിന്‍റെ പ്രതീക്ഷളാണ്. സമര്‍പ്പിതജീവിതം കാലഹരണപ്പെട്ട അവശിഷ്ടങ്ങളായി മാറാതിരിക്കമെങ്കില്‍ സമര്‍പ്പിതര്‍ ഏറേ തുറവിയോടും ആദരവോടും കൂടെ ഇക്കാലത്തിന്റെ നിര്‍ദ്ദേശങ്ങളെ പരിഗണിച്ചേ മതിയാകൂ.

ഒരു കഥയുടെ തുടക്കം

പോപ്പ് ഫ്രാന്‍സിസ് സ്വയം പ്രതിനിധാനം ചെയ്യാന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്ത സഭയുടേയും സന്യാസത്തിന്റേയും ആന്തരീക ചൈതന്യമായ ആ മനുഷ്യന്‍റെ കഥ പറഞ്ഞുകൊണ്ട് തുടങ്ങാം.

ഐഹികസാമ്രാജ്യത്തിന്റെ രാഷ്ട്രീയത്തിന് വശംവദനാകാത്ത നസ്രത്തിലെ തച്ചനില്‍നിന്ന് പടച്ചട്ടയണിഞ്ഞ ക്രിസ്തുവിലേക്കും, പിന്നെ ക്രിസ്തുരാജനിലേക്കും സഭയെത്തുമ്പോള്‍ കാലം പത്തുനൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. കൈകളെ തുളയ്ക്കുന്ന ആണികള്‍ക്കു പകരം കയ്യില്‍ അധികാരത്തിന്റെ ചെങ്കോലും, അങ്കികള്‍ ഉരിഞ്ഞുമാറ്റപ്പെട്ട നഗ്നതയ്ക്കു പകരം ആഡംബരത്തിന്റെ സുവര്‍ണ്ണയങ്കിയും, തലയില്‍ മുള്‍മുടിക്കു പകരം അധീശത്വത്തിന്റെ സ്വര്‍ണ്ണക്കിരീടവുമണിഞ്ഞ ക്രൂശിതനില്‍നിന്ന് സഭ ഒരു സാമ്രാജ്യത്വ-കൊളോണിയല്‍ ക്രിസ്തുസങ്കല്‍പ്പത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് ഫ്രാന്‍സിസ് എന്ന കൊച്ചുമനുഷ്യന്റെ രംഗപ്രവേശം.
കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുന്ന കാലം. ആഘോഷപൂര്‍വ്വമായ ആരാധനകള്‍, ദിവ്യബലികള്‍, യൂറോപ്പില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി വരുന്ന അംബരചുംബികളായ ദേവാലയങ്ങള്‍, ഭണ്ഡാരത്തില്‍ നിറയെ പണം. റോമിലെ ഭരണാധികാരിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത സഭക്കും സമൂഹത്തിനുമുള്ളിലെ ''സമാധാനകാലം''.അക്കാലത്താണ് അയാള്‍ അസ്സീസിയുടെ തെരുവുകളില്‍ വന്ന് വിളിച്ചുപറയുന്നത്, ''സഭ ജീര്‍ണ്ണിച്ചു വീണുകൊണ്ടിരിക്കുകയാണ.്'' കേട്ടവരൊക്കെ അടക്കിച്ചിരിച്ചു കടന്നുപോയി. ''ബര്‍ണഡോണിന്റെ മകന് ഭ്രാന്താണ്''എന്ന വാര്‍ത്ത അസ്സീസിയില്‍ പരക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത് നീണ്ട അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഒരു വെളിപാടായിരുന്നു.
യൗവ്വനത്തിന്റെ പ്രാരംഭദശയില്‍ ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അയാള്‍. അനുഷ്ഠാനമതത്തിന് അതിന് ഉത്തരം കൊടുക്കാനൊട്ടായതുമില്ല. വലിയ കത്തീഡ്രലുകളും സാന്‍ ജോര്‍ജ്ജിയോ ഇടവകദേവാലയവും അതിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്രൂശിതനുമൊന്നും അയാളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അവസാനം അയാള്‍ എത്തിനില്‍ക്കുന്നത് അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അസ്സീസി പട്ടണത്തിന് പുറത്ത് താഴ്‌വരക്കാട്ടിനുള്ളില്‍ തകര്‍ന്നുപോയ ഒറ്റപ്പെട്ട ഒരു കൊച്ചുകപ്പേള. അതിന്റെ കല്‍ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അഴകോ ആകാരഭംഗിയോ ഇല്ലാത്ത, ഒരു ലോയിന്‍ ക്ലോത്തു മാത്രം കലാകാരന്‍ വരച്ചുചേര്‍ത്ത, ഒരു ക്രൂശിതരൂപം. ആ ക്രൂശിതനില്‍ നിന്നാണ് അയാള്‍ക്ക് വെളിപാടുണ്ടായത്, ''പോവുക, എന്റെ ആലയം പുതുക്കിപ്പണിയുക.''രാജാധിരാജ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവാണ് അയാളെ പിന്നീട് നയിച്ചത്. അതുകൊണ്ടാണ് പിന്നീട് അയാള്‍ കണ്ട സ്വപ്നങ്ങളിലൊക്കെ കല്ലിലും മണ്ണിലും ബലവത്തായി പണിതുയര്‍ത്തിയ വന്‍ദേവാലയങ്ങളൊക്കെ തകര്‍ന്നുവീഴുന്നതും വഴിവക്കിലൂടെ മണികുലുക്കി നടന്നെത്തിയ ദുര്‍ഗന്ധം വമിക്കുന്ന കുഷ്ഠരോഗികളില്‍ ക്രിസ്തു അയാള്‍ക്ക് വെളിവാകുന്നതും.
സിനഗോഗുകളില്‍നിന്ന് പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവ സമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്.'ഫ്രാന്‍സിസ്' ഒരു വ്യക്തിക്കിട്ട പേരല്ല, ഒരു ജീവിതശൈലിക്ക് കാലം ചാര്‍ത്തിക്കൊടുത്ത പേരാണ്. അതുകൊണ്ടാണ്''ദരിദ്രരെക്കുറിച്ചൊരു കരുതല്‍ വേണം'' എന്ന് ഏതോ ഒരു സഹയിടയന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ 'ഫ്രാന്‍സിസ്' എന്നാവട്ടെ ഇനി സഭയുടെ തലക്കെട്ട് എന്ന് ആ വലിയ ഇടയന്‍ നിശ്ചയിച്ചത്. സ്ഥാനമേറ്റ് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു: “ദരിദ്രര്‍ക്ക് വേണ്ടി ദരിദ്രമായ ഒരു സഭയാണ് എന്‍റെ സ്വപ്നം.” ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്.

കൂട്ടുകൂടി ആള്‍കൂട്ടമായി മാറിയ സന്യാസം

സത്യത്തില്‍ സന്യാസത്തിന്റെ വിത്തുകള്‍ എവിടെയാണെന്ന് പുനര്‍വിചിന്തനം ചെയ്യേണ്ട ഒരു കാലത്തിലാണ് സഭയിന്ന്. മറ്റൊരു മതത്തിലും കാണപ്പെടാത്തതുപോലെ സന്യാസം സ്ഥാപനവത്ക്കരിക്കപ്പെടുകയും പൊതുവത്ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്ന ഒരു ഇടമാണ് കത്തോലിക്കാസഭ. അതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്ക് ചെയ്താല്‍ പരിമിതമായി പോയേക്കാവുന്ന ചില നന്മകള്‍ കൂട്ടമായി ചെയ്യുമ്പോള്‍ സമൂഹത്തില്‍ പത്തിരട്ടിയും ഇരുപതിരട്ടിയും ഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന തിരിച്ചറിവില്‍ ആണ് സന്യാസത്തിന്റെ കൂട്ടുജീവിതത്തിന്‍റെ തുടക്കം. ഒപ്പം ഒരേ മനസ്സോടെ ചിന്തിക്കുന്നവരോടോത്തുള്ള സഹവാസം വ്യക്തിജീവിതത്തിന് കൂടുതല്‍ ആവേശം പകരും എന്ന ചിന്തയും. എന്നാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒരു വിശുദ്ധമായ ജീവിതം നയിക്കാന്‍ ലോകത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു മാറ്റപ്പെട്ടവരുടെ കൂട്ടമാണ്‌ സന്യാസികളുടേത് എന്ന് ചിന്തിക്കാന്‍ തുടങ്ങുകയും അതിന് സ്വാതന്ത്ര്യത്തിന്‍റെ എല്ലാ വിശാലതകളേയും നിഷ്ഠകള്‍ കൊണ്ട് വിലക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സന്യാസത്തിന് അതിന്‍റെ അന്തസത്ത നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. സാവകാശം ഉള്ളില്‍ സന്യാസത്തിന്റെ നിധിയാല്ലാത്തവര്‍ സ്ഥാപനം തരുന്ന സുരക്ഷിതത്വവും സാമൂഹ്യ അംഗീകാരവും നോക്കി അതില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുക കൂടി ചെയ്തപ്പോള്‍ ഈ സന്യാസസ്ഥാപങ്ങള്‍ ആള്‍ബലത്തിലും എണ്ണത്തിനും വര്‍ദ്ധിച്ചു. അത് സന്യാസത്തിന്റെ “സുവര്‍ണ്ണ കാല”മായി കാണുന്നവര്‍ ഇനിയെങ്കിലും ഒരു പുനര്‍ വിചാരണക്കിരിക്കണം.

അവിടെയാണ് സന്യാസത്തിന്റെ പുത്തന്‍ വഴിതെളിച്ച അസ്സിസിയിലെ ആ കൊച്ചു മനുഷ്യന്‍ നമ്മെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോകുന്നത്. ഇരുപത്തിരണ്ടാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്ന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്ന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്ന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. ഇതാണ് സന്ന്യാസത്തിന്റെ വലിയ സംഘര്‍ഷങ്ങളില്‍ ഒന്ന്- കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ.

സന്യാസത്തിന്റെ പ്രതിസന്ധി

ഇപ്പോഴത്തെ സന്യാസത്തിന്റെ പ്രതിസന്ധി ഏറെപ്പേര്‍ സന്യാസസഭകളില്‍ ചേരുന്നില്ല എന്നതാണെന്ന് പൊതുവില്‍ പറയപ്പെടുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഏറേപ്പേര്‍ സന്യാസസഭകളില്‍ ചേര്‍ന്നിരുന്നു എന്നതാണ് സന്യാസത്തെ ഇത്രയും പ്രതിസന്ധിയില്‍ ആക്കിയ സംഗതി. കുടുംബജീവിതമാണ് പ്രകൃതിദത്തമായി (natural way) ഏതൊരു മനുഷ്യനും ജീവിക്കേണ്ട ദൈവീകമായ ജീവിതശൈലി. സന്യാസ മനസ്സ് പ്രകൃതിദത്തമായ സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതല്ല (supernatural way). അത് എല്ലാക്കാലത്തും അത്യപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ ഇസ്ലാം, യൂദ, സിക്ക് മതങ്ങളില്‍ ഒന്നും സന്യാസത്തിന്റെ പാരമ്പര്യം നാം കാണാത്തത്. കുടുംബജീവിതം അത്യന്തീകമായി ഒരു ഉള്‍വിളി ആയിരിക്കുന്നതുപോലെ ചിലരില്‍ സന്യാസം ആത്യന്തീകമായയൊരു ഉള്‍വിളിയാണ്. ഈ ഉള്‍വിളി ലഭിച്ചവര്‍ കുടുംജീവിതത്തില്‍ ചെന്നുപ്പെടുകയെന്നാല്‍ വിവാഹിതരായി ജീവിക്കേണ്ടവര്‍ ബ്രഹ്മചര്യം സ്വയം ഏറ്റെടുക്കുന്നതു പോലെയായിരിക്കും.

സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്യാസം. അതാണ്‌ “സുവിശേഷത്തിന്റെ സന്തോഷ”ത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത് (#6,7). ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവര്‍ അപൂര്‍വ്വമാണ്. അത് അങ്ങനെതന്നെയായിരിക്കുകയും വേണം. വയലിലെ ഈ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. കണ്ടുകിട്ടുന്നവരോ അതീവ സന്തോഷത്തില്‍ കയ്യില്‍ ഉള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കും. അവര്‍ക്ക് കൈമോശം വരുന്നതിനെക്കുറിച്ചല്ല ചിന്ത, കൈവരുന്ന സത്യത്താല്‍ സ്വതന്ത്രമാക്കപ്പെടുന്ന ആനന്ദത്തെക്കുറിച്ചായിയിരിക്കും. അങ്ങനെയാണ് ഒരു ഉപേക്ഷ വലിയൊരു ആനന്ദമായിമാറുന്നത്. നീണ്ട അങ്കിയും അവിവാഹിത ജീവിതവും നീട്ടിവളര്‍ത്തിയ താടിയും മുണ്ഡനം ചെയ്ത തലയും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം.

സ്വന്തം മനസ്സിന്‍റെ പ്രകൃതിദത്തമായ ചായ്‌വിനെ മനനം ചെയ്ത് കണ്ടുപിടിക്കുന്നതാണ് ദൈവവിളി തിരിച്ചറിവ്. വലിയ താത്പര്യമൊന്നും കാണിക്കാത്ത കുട്ടികളെപ്പോലും ചില ബാഹ്യമായ ഇന്സെന്റിവ് കൊടുത്ത് സന്യാസസഭകളിലേക്ക് ആകര്‍ഷിക്കുന്ന ചില ദൈവവിളി ക്യാമ്പുകളില്‍ ഈ വ്യക്തിപരമായ മനനം പോലും പ്രവര്‍ത്തീകമായിക്കൊള്ളണമെന്നില്ല. “ഉപ്പിലിട്ട മുളകുപോലെ ആയിരിക്കരുത് നിങ്ങളുടെ മുഖങ്ങള്‍” എന്ന് സന്യാസാര്‍ത്ഥികളോടും വൈദീകവിദ്യാര്‍ഥികളോടും പറഞ്ഞ മാര്‍പ്പാപ്പ “സമര്‍പ്പിത വര്‍ഷ”ത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു: “സമര്‍പ്പിത ജീവിതം വളരുന്നത് ദൈവവിളി ക്യാമ്പ് നല്ല രീതിയില്‍ സംഘടിപ്പിച്ചു കൊണ്ടല്ല. സന്യാസികള്‍ സന്തുഷ്ടരായി കാണപ്പെടുമ്പോള്‍ പുതുതലമുറ അവരിലേക്ക് ആകര്ഷിക്കപ്പെട്ടുകൊണ്ടാണ്.” ആരും പിന്നാലെ പോയി വിളിച്ചില്ലെങ്കിലും വിളി ഉള്ളില്‍ കിട്ടിയവര്‍ തേടിയിറങ്ങും. ദൈവവിളി പ്രോത്സാഹനത്തിന് “സുവിശേഷം പ്രസംഗിച്ചില്ലെങ്കില്‍ എങ്ങനെ കേള്‍ക്കും” എന്ന അപ്പസ്തോലന്റെ ചോദ്യത്തിന്‍റെ വിലയേയുള്ളൂ. വിത്തുകളൊക്കെ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു, ആരൊക്കെയോ വളവും വെള്ളവുമായി പോകുന്നെന്നേയുള്ളൂ.

സന്ന്യാസിനികളുടെ അംഗബലം കുറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയല്ല വേണ്ടത്, സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി കണ്ടാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെയാണ് നാം ഭയപ്പെടേണ്ടത്. ആള്‍ക്കൂട്ടം ചെറിയ അജഗണമല്ല, അല്‍പം പുളിമാവല്ല, ‘നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ’ എന്ന ചോദ്യത്തിന് ശേഷവും നില്‍ക്കുന്ന ഒരു ചെറുകൂട്ടം മനുഷ്യരല്ല. അതുകൊണ്ടുതന്നെ അവരെക്കൊണ്ട് ദൈവരാജ്യ ശുശ്രൂഷയില്‍ വലിയ ഗുണമുണ്ടാവില്ലെന്നു മാത്രമല്ല തിന്മയായി ഭവിച്ചേക്കാം.

പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ, അവരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്, സന്ന്യാസം ഒരു ജീവിതശൈലിയാണ്. അതുകൊണ്ടാണ് “കേവല പുരോഹിത്യം” (absolute ordination) എന്നൊന്ന് സഭയില്‍ ഇല്ലെന്ന് കാനോന നിയമം അനുശാസിക്കുന്നത്. സഭാ ശുശ്രൂഷയ്ക്ക് ആവശ്യമുള്ള അത്രയും പേരെ (അതിനായി സ്വയം സമര്‍പ്പിക്കാന്‍ മനസ്സുള്ളവരെ) മാത്രം ശുശ്രൂഷ പൌരഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് നമ്മുടെ മുന്‍പാരമ്പര്യം. ഇപ്പോള്‍ ആന്ധ്രയില്‍ ചില രൂപതകള്‍ അവര്‍ക്ക് ആവശ്യത്തിന് പുരോഹിതര്‍ ഉള്ളതുകൊണ്ട് പുതിയ വൈദീകാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ “അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുന്‍പേ, അനാദിയിലെ തിരഞ്ഞെടുത്തു” എന്ന നിരന്തര സൂചനകൊണ്ട് പൌരോഹിത്യത്തെ കുടുംബജീവിതത്തോടും സന്യാസജീവിതത്തോടും ഏകസ്ഥജീവിതത്തോടും തുലനം ചെയ്ത് അത് ഒരു ജീവിതവിളിയാണ് എന്ന ധാരണ സഭയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുകൊണ്ടിരിക്കുകയാണ്. ചില അച്ചടക്ക പാലനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്ക് കുടുംബജീവിതം വിലക്കുന്നുവേന്നെയുള്ളൂ. അതുപോലെ തന്നെ സഭാശുശ്രൂഷയ്ക്ക് ആവശ്യമെങ്കില്‍ സന്നദ്ധരായ സന്യാസികളേയും ഏകസ്ഥരേയും പുരോഹിതരാക്കുകയും ചെയ്യാം. അതിന്‍റെ അര്‍ത്ഥം പരോഹിത്യം ഒരു സഭാശുശ്രൂഷവിളി ആയിരിക്കുമ്പോള്‍ സന്യാസവും കുടുംബജീവിതവും ഒരു ജീവിതവിളിയാണ്. (വൈകാരിക പ്രതിസന്ധിയില്‍ പെട്ടുപോകുന്നത് സന്യാസത്തിലേക്ക് ആത്യന്തീക ദൈവവിളി സ്വീകരിക്കാത്ത വൈദീകര്‍ കുടുംബജീവിതം ഉപേക്ഷിച്ച് സന്യാസികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോഴാണ്).

പുരുഷസന്യാസത്തിന്റെ പ്രതിസന്ധി ഇപ്പോള്‍ പൌരോഹിത്യവുമായി ഇടകലര്‍ന്നു കിടക്കുന്നു. സത്യത്തില്‍ സന്യാസജീവിത ലക്ഷ്യവുമായി സന്യാസസഭകളില്‍ ചേരുന്നവരുടെ എണ്ണം അന്യംനിന്ന രീതിയിലാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു. (സന്യാസികളായി മാത്രം ജീവിച്ച പുരുഷസന്യാസസമൂഹങ്ങളില്‍ ചിലത് നിലനില്‍പ്പിനെപ്രതി വൈദീക-സന്യാസത്തിലേക്ക് ചേക്കേറുകയോ മറ്റ് ചിലത് അന്യം നില്‍ക്കലിന്റെ വക്കോളം എത്തുകയോ ചെയ്തിട്ടുണ്ട്). കേരളസഭ പുരോഹിതരെ കൊണ്ട് നിറയുകയും പുതുതായി വരുന്ന പുരോഹിതര്‍ സാര്‍വ്വത്രിക സഭയുടെ മിഷന്‍ മേഖലയിലേക്ക് പോകാന്‍ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സന്യാസസമൂഹങ്ങളില്‍ നിന്ന് എത്രമാത്രം സന്യാസികളെ വൈദീകപട്ടം കൊടുക്കണം എന്ന ഒരു പുനരാലോചന സഭാധികാരികളുടെ ഭാഗത്തുനിന്ന് എത്രയും നേരത്തെ ഉണ്ടാവേണ്ടതാണ്. പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. ‘വൈദീകന്‍ ആയില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും’ എന്ന ചോദ്യത്തിന് മുന്നില്‍ ഓരോ പുരുഷസന്യാസിയും നില്‍ക്കണം. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം.

കരുണയുടെ ഇടയന്‍
സഭയ്ക്ക് നഷ്ടമായത് അതിന്റെ കാരുണ്യഭാഷയാണ്‌. അതുകൊണ്ടു തന്നെ നമ്മുക്ക് ഒരു കരുണയുടെ വര്‍ഷം ആചരിക്കണം. വയലിലെ ലില്ലികളെ നോക്കി, ആകാശപ്പറവകളെ നോക്കി, വഴിവക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ നോക്കി, ധൂര്‍ത്തിന്റെ വഴിയില്‍നിന്ന് സ്‌നേഹത്തിന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുന്ന ശിരസ്സ് കുനിഞ്ഞ മനുഷ്യരെ നോക്കി, വേശ്യപ്പെണ്ണിന്റെ കണ്ണീരിലേക്ക് നോക്കി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൊല്ലിയ ഗുരുവില്‍നിന്ന് ശിക്ഷ -രക്ഷകളുടേയും ദൈവത്വ-മനുഷ്യത്വത്തിന്റേയും ഏകത്വ-ത്രിത്വത്തിന്റേയും ബൗദ്ധികദൈവശാസ്ത്ര ചര്‍ച്ചകളിലേക്ക് എത്തിയപ്പോഴേക്കും സഭ ക്രിസ്തുവില്‍നിന്ന് ഏറെ ദൂരത്ത്‌ പോയിരുന്നു.
സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന മനുഷ്യത്വത്തിന്റെ വിശാല നിലപാടെടുക്കാന്‍ ഒരു കാരുണ്യ ഹൃദയത്തിനേ കഴിയൂ. സന്ന്യാസ ആശ്രമങ്ങളും വൈദിക പരിശീലനക്കളരികളും ജീവിതത്തിന്‍റെ പച്ചയായ പരിഛെദം നഷ്ടപ്പെടുത്തി, സമൂഹത്തിന്‍റെ മധ്യത്തില്‍ നിന്ന് പറച്ചുമാറ്റപ്പെട്ട്, കഥകളേയും കവിതകളേയും ഉപമകളേയും പുറത്താക്കി, പകരം കാനോനിക നിയമസംഹിതകളും ആരാധനാനിഷ്ഠകളും കണിശമാക്കാന്‍ തുടങ്ങിയപ്പോള്‍ സഭക്ക് നഷ്ടമായത് ധൂര്‍ത്തപുത്രനെ വഴിയോരക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിന്റെ ഹൃദയവും മനുഷ്യത്വത്തിനുവേണ്ടി സാബത്തുനിയമം ലംഘിക്കാനുള്ള ഹൃദയവിശാലതയും അവസാന മണിക്കൂറില്‍ ജോലിക്കെത്തിയ ദുര്‍ബ്ബലനായവനും ആദ്യമണിക്കൂറില്‍ ജോലിക്കെത്തിയവനും ഒരേ കൂലി കൊടുക്കുന്ന യജമാനന്റെ നീതിബോധവുമാണ്.
കാരുണ്യം മതത്തില്‍നിന്ന് ചോര്‍ന്നുപോയാല്‍ അവിടെ തഴയ്ക്കാന്‍ പോകുന്നത് പ്രായോഗികവാദമാണ്. അതുകൊണ്ടാണ് ബുദ്ധന്‍ അനുഷ്ഠാന മതത്തെ തള്ളിക്കളഞ്ഞ് കാരുണ്യത്തെക്കുറിച്ച് മാത്രം സംസാരിച്ചത്. “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന്” പാലസ്തീനായിലെ ആ ഗുരു അസന്ദിദ്ധമായി പ്രഖ്യാപിച്ചത്. പോപ്പ് ഫ്രാന്‍സിസ് ഇടയന്മാരെകേണ്ട വൈദീകരോട് പറയുന്നു: “കാരുണ്യം കാണിക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരിക്കലും മടുപ്പുളവാകരുത്.” കാരുണ്യം നഷ്ടപ്പെട്ടാല്‍പ്പിന്നെ ഒരിടയനും കൂടെ നില്‍ക്കുന്ന അനുസരണവും വിധേയത്വവുമുള്ള തൊണ്ണൂറ്റൊന്‍പത് ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിന്റെ പിന്നാലെ പോകില്ല. സ്വന്തം പങ്കു വാങ്ങിപോയ ധൂര്‍ത്തനുവേണ്ടി ഒരു പിതാവും ഇനിയൊരു ചില്ലിക്കാശുപോലും വ്യയം ചെയ്യില്ല. മക്കള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട മേശയില്‍ ഒരു ചുങ്കക്കാരനും വേശ്യയും മുടന്തനും കുഷ്ഠരോഗിയും കയറിയിരിക്കില്ല. മക്കളുടെ അപ്പം മക്കള്‍ മാത്രം ഭക്ഷിക്കും. അങ്ങനെ നീതിമാന്മാരുടെയും ആരോഗ്യവാന്മാരുടെയും ദൈവരാജ്യത്തിന്റെ മക്കളുടെയും വിശുദ്ധ ഇടമായി സഭ നിലകൊള്ളും. അപ്പോള്‍ ഒരാള്‍ മാത്രം പുറത്തുനില്‍ക്കുന്നുണ്ടാവും, ക്രിസ്തു എന്ന കരുണാമയന്‍.


സന്യാസത്തിന്റെ പ്രവാചക ദൌത്യം


സന്യസ്തരോടും പുരോഹിതരോടും ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് പറയാനുള്ളത് ഇതാണ്: “അടഞ്ഞുകൂടി അനാരോഗ്യമാവുകയും സ്വന്തം സുരക്ഷിതത്വത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ഒരു സഭയേക്കാള്‍ എനിക്കിഷ്ടം മുറിവേറ്റ, വേദനിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ഒരു സഭയാണ്. കാരണം ആ സഭ പുറത്ത് തെരുവിലാണ്.” ഇതേ മനസ്സ് സൂക്ഷിച്ചിരുന്നു അസ്സിസിയിലെ ഫ്രാന്‍സിസ് എന്ന ആ ദരിദ്ര ഭിക്ഷുവും. സന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും സുരക്ഷിതമായി അടഞ്ഞുകൂടി ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിയ ഒരു മുന്നേറ്റമായിരുന്നു അത്. അതേ വഴിയിലായിരുന്നു കല്‍ക്കാത്തയിലെ ആ അമ്മയും. ആചാരപരമായി പോകുന്ന ഒരു മതത്തില്‍ നിന്ന് ആത്മീയതയെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച സഭാപിതാവ് സന്യാസിയായ ജോണ്‍ ക്രിസോസ്റ്റം പറഞ്ഞതിങ്ങനെ: “കര്‍ത്താവു തന്നെ പട്ടിണികിടക്കുമ്പോള്‍ എന്തിനാണ് സ്വര്‍ണ്ണ പാനപാത്രം കൊണ്ട് നിങ്ങളിങ്ങനെ കര്‍ത്താവിന്റെ മേശയെ ഭാരപ്പെടുത്തുന്നത്? ആദ്യം വിശക്കുന്നവന് ആഹാരം കൊടുക്കുക, പിന്നെ എന്തെങ്കിലും ശേഷിക്കുന്നെങ്കില്‍ അത് കര്‍ത്താവിന്റെ മേശയില്‍ ചെലവിടുക.” അനുഷ്ഠാനപരമായി അധ:പതിക്കുന്ന സഭയില്‍ പ്രവാചക ധര്‍മ്മമാണ് സന്യാസികളുടേത് എന്ന് മാര്‍പ്പാപ്പ സന്യാസികളെ ഓര്‍മ്മപ്പെടുത്തുകയാണ്: “ലോകത്തെ ഉണര്‍ത്തേണ്ട പ്രവാചക ദൌത്യമാണ് നിങ്ങളുടേത്. ക്രിസ്തു ഈ ലോകത്തില്‍ ജീവിച്ചതുപോലെ ജീവിക്കേണ്ട പ്രവാചകരാണ് നിങ്ങള്‍. പ്രാചകദൌത്യം ഉപേക്ഷിച്ചാല്‍ പിന്നെ സന്യാസത്തിന് അന്തസതയില്ല.” (സകല സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള അപ്പസ്തോലിക ലേഖനം, 21 നവം. 2014) സഭയെ നിരന്തരം നവീകരിക്കുകയും കാലത്തിന് മുന്‍പേ യാത്രചെയ്യുകയും ചെയ്യുക എന്നതാണ് പ്രവാചക ധര്‍മ്മം. പ്രവാചക ധര്‍മ്മം ജീവിക്കേണ്ടത് ജനമദ്ധ്യത്തില്‍ ആണ്. ഒരു വശത്ത്‌ സന്യാസികള്‍ തങ്ങളുടെ ജീവിതത്തെ വൈദീക ശുശ്രൂഷകൊണ്ട് പകരം വെക്കാനും ജപങ്ങളും പ്രാര്‍ഥനകളും മാത്രമായി ദേവാലയത്തിന് ഉള്ളിലേക്ക് ഉള്‍വലിയാനും ശ്രമിക്കുമ്പോള്‍ മറുവശത്ത്‌ ലോകത്തിലെങ്കിലും ലോകത്തിന്‍റെതല്ലാതെ ജീവിക്കാനുള്ള അവരുടെ വിളിയെ ജനമദ്ധ്യത്തില്‍ ഉപേഷിച്ച് പിന്മാറുകയാണ്. സന്യാസത്തിന്റെ ഉള്ളറിയാത്ത സന്യാസികള്‍ തന്നെയാണ് സന്യാസത്തിന്‍റെ വില കെടുത്തിയത്. “മതംമാറ്റത്തിലൂടെയല്ലാതെ ആകര്‍ഷണത്തിലൂടെ വളരേണ്ട സഭ”ക്കാണ് സന്യാസികള്‍ സാക്ഷ്യം വഹിക്കേണ്ടതെന്ന് ആ വലിയ ഇടയന്‍ പറയുമ്പോള്‍ സഭയെ ലോകത്തിന്‍റെ ഉപ്പും പുളിമാവും ആക്കേണ്ട ദൌത്യമാണ് അവരുടേത് എന്ന ഓര്‍മ്മപ്പെടുത്തലാണ്. ഉപ്പും പുളിമാവും കുറച്ചേ വേണ്ടു, അത് ജാതി-മത-ഭാഷാ-ദേശ വൈവിധ്യങ്ങള്‍ക്കപ്പുറം പ്രവാചകധര്‍മ്മത്തിന്റെ പുളിയായി, ഉപ്പായി, പടരും. എന്നാല്‍ ഉപ്പിന് ഉറകെട്ടുപോയാല്‍ എന്തുചെയ്യും? വലിച്ചെറിയപ്പെട്ട് മനുഷ്യരാല്‍ ചവിട്ടപ്പെടുന്ന ഒരു കാലം ഭാവിയില്‍ അസാധ്യമല്ലെന്ന് ഓര്‍ക്കുക.

No comments:

Post a Comment