ജോര്‍ജ്
മൂലേച്ചാലില്‍
സത്യജ്വാലമാസികയുടെ 2016 ജനുവരിലക്കത്തിലെ ഈ മുഖലേഖനം ഹിന്ദു, മുസ്‌ളീം മതമൗലികവാദങ്ങളെപ്പറ്റി ചൂടേറിയ ചര്‍ച്ച വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ഒരല്പം വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ലേഖനം സ്വതന്ത്രചിന്തകരെല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും സംവാദവിധേയമാക്കുകയും ചെയ്യണം എന്ന് ഒരഭ്യര്‍ഥനയുണ്ട്.
ഭാരതത്തിലുയര്‍ന്നുവരുന്ന
ഹിന്ദുത്വഫാസിസത്തിനും ലോകത്തിനു മൊത്തം ഭീഷണിയായി ഉയര്‍ന്നുവരുന്ന
ഇസ്ലാമികസ്റ്റേറ്റ് (IS) എന്ന പുത്തന്‍ മതഫാസിസ്റ്റ് പ്രസ്ഥാനത്തിനുമെതിരെ ചിന്താശക്തിയുള്ളവരെല്ലാം
ഉണര്‍ന്നു ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. സര്‍ഗ്ഗാത്മകരചനകള്‍ക്കും അത്തരം രചനകള്‍
നടത്തുന്നവര്‍ക്കുമെതിരെ മോഡിസര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ഹിന്ദുത്വവാദികള്‍
മുഴക്കുന്ന ഭീഷണികളോടു പ്രതികരിച്ച്, കേരളത്തിലെയും ഇന്ത്യയിലെയാകെയും
കലാ-സാഹിത്യ-സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍
തിരിച്ചുകൊടുത്ത് പ്രതിഷേധം പ്രകടിപ്പിക്കുന്ന സാഹചര്യംവരെ ഉണ്ടായി.
ഇടതുപക്ഷ-സ്വതന്ത്രചിന്തകരുടെ മുന്‍കൈയില്‍ കേരളത്തിലെമ്പാടും, ഇന്ത്യയില്‍
വളര്‍ന്നുവരുന്ന ഹിന്ദുമതഫാസിസത്തെക്കുറിച്ച് ഈ അടുത്തനാളുകളില്‍ ധാരാളം ചര്‍ച്ചാസമ്മേളനങ്ങള്‍
നടത്തുകയും അതിനെ ചെറുക്കാനുള്ള വഴികളാലോചിക്കുകയും ചെയ്തിരുന്നു.
ഈ ചര്‍ച്ചകളും
പ്രതികരണങ്ങളുമെല്ലാം ശത്രുപക്ഷത്തു നിര്‍ത്തുന്നത്, ഇന്ത്യയെ സംബന്ധിച്ച്
ഹിന്ദുത്വവാദത്തെയും, ലോകത്തെ സംബന്ധിച്ച് മുസ്ലീം തീവ്രവാദത്തെയുമാണ് എന്നു കാണാം. അതായത്, എല്ലാവരും
ക്രിസ്തുമതത്തെ വെറുതെ വിട്ടിരിക്കുന്നു! ആഗോളതലത്തില്‍ ന്യൂനപക്ഷമുസ്ലീങ്ങളുടെയിടയിലും
ഇന്ത്യയില്‍ ഭൂരിപക്ഷഹിന്ദുക്കളുടെയിടയിലുമാണ് മതതീവ്രവാദികളും അവരുടെ
ഭീകരവാദപ്രസ്ഥാനങ്ങളും ഉള്ളതെന്ന ഒരു മുന്‍കൂര്‍ധാരണയില്‍നിന്നാണ് ചര്‍ച്ചകളും
പ്രതികരണങ്ങളുമെല്ലാം ഉണ്ടായിക്കാണുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷമതസമുദായങ്ങളായ
ക്രൈസ്തവരും മുസ്ലീങ്ങളും ഭൂരിപക്ഷഹിന്ദുമതതീവ്രവാദത്തിനിരകളാണെന്നും, മൊത്തം
ലോകത്തില്‍ ന്യൂനപക്ഷ മുസ്ലീം മതതീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക്, ക്രൈസ്തവലോകമൊന്നാകെ
ഇരയായിത്തീര്‍ന്നിരിക്കുന്നുവെന്നും സ്ഥാപിക്കുന്ന തരത്തിലുള്ള ഈ നിലപാട്
എത്രകണ്ടു ശരിയാണെന്ന് ഇനിയെങ്കിലും നാം പരിശോധിക്കേണ്ടതില്ലേ? ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍
ശക്തിപ്രാപിക്കുന്നതിന്റെ പതിന്മടങ്ങു ശക്തിയില്‍ ഈ തീവ്രവാദപ്രസ്ഥാനങ്ങളെല്ലാം
വളരുകയും അവയുടെ ക്രൂരതയ്ക്കു മൂര്‍ച്ചയേറുകയും ചെയ്യുന്നത് നാം
നേരിട്ടുകണ്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും, ഇതിന്റെയെല്ലാം
അടിസ്ഥാനസ്രോതസ് എന്താണെന്ന അന്വേഷണം അനിവാര്യമായിരിക്കുന്നു.
ഹിന്ദുക്കളുടെയിടയില്‍
സാമുദായികമായി സംഘടിക്കണമെന്ന ചിന്ത ആദ്യമായുണ്ടായത് മുഗള്‍ഭരണകാലഘട്ടത്തിലായിരുന്നു
എന്നു തോന്നുന്നു. ഔറംഗസേബിന്റെ മുസ്ലീംപക്ഷപാതിത്വത്തോടെയുള്ള രാഷ്ട്രീയനയങ്ങളായിരുന്നു
അതിനു തുടക്കംകുറിച്ചത്. ശിവജിയുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ സംഘടിക്കുകയും
അതിനു തിരിച്ചടി നല്‍കുകയും ചെയ്തു. ഇവിടെ മുഗള്‍ അധിനിവേശത്തിനെതിരെയും
ഇസ്ലാമികപക്ഷപാതത്തിനെതിരെയും ഒരു ജനത മതപരമായി സംഘടിക്കാന്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്നുവെന്നല്ലേ
മനസ്സിലാക്കേണ്ടത്? വര്‍ഗ്ഗീയവാള്‍ വീശപ്പെട്ടപ്പോള്‍ അതിനെ തടുക്കാന്‍ വര്‍ഗ്ഗീയപ്പരിച
ഉപയോഗിക്കുകമാത്രമായിരുന്നില്ലേ, അവര്‍?
എല്ലാ മതദര്‍ശനങ്ങളെയും, ഒരേ
സമുദ്രത്തിലേക്ക് വ്യത്യസ്ത ദിശകളിലൊഴുകുന്ന വിവിധ നദികളെന്നപോലെ ഒരേ
ഈശ്വരനിലേക്കു നയിക്കുന്നവ എന്ന നിലയില്‍ അംഗീകരിച്ചാദരിക്കുന്ന ഭാരതസംസ്‌കാരത്തില്‍, 'ഞങ്ങളുടെ
മതംമാത്രം ശരി' എന്ന നിലപാടു സ്വീകരിച്ചിട്ടുള്ള സംഘടിതമതങ്ങള്‍ കടന്നുവന്ന് ഭാരതത്തിന്റെ
ബഹുസ്വരതയിലും സര്‍വ്വമതസാഹോദര്യബോധത്തിലും വിള്ളലുകളുണ്ടാക്കുകയാണു ചെയ്തത്.
അതായത്, ഹൈന്ദവസംസ്‌കാരമോ
ഇന്ത്യയിലുദയംകൊണ്ട വ്യത്യസ്തമതധാരകളോ ഒന്നും സ്വന്തം നിലയില്‍ മതമൗലികവാദം പുലര്‍ത്തുന്നവയല്ല.
എന്നാല്‍, യഹൂദ, ക്രൈസ്തവ, ഇസ്ലാം എന്നീ
സെമിറ്റിക് മതങ്ങളോരോന്നും. തങ്ങളുടേതുമാത്രമാണ് സത്യമതം എന്നു കരുതുന്നവയും
അതിനാല്‍ത്തന്നെ മൗലികവാദപരവുമാണ്. മതവര്‍ഗ്ഗീയതയോടു ചായ്‌വുള്ള ഹൈന്ദവവിഭാഗങ്ങള്‍
ഇന്നുണ്ടായിട്ടുണ്ടെങ്കില്‍ അതിനു കാരണം, മറ്റു മൗലികവാദമതവിഭാഗങ്ങളും അവയുടെ
തീവ്രവാദപ്രസ്ഥാനങ്ങളും മതപരമായി അവരെ പ്രകോപിപ്പിച്ചതാണ്, ഇപ്പോഴും
പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.
ഇന്നു
ശക്തമായിവരുന്ന RSS-ന്റെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും ഉത്ഭവചരിത്രം നോക്കിയാലും, ഈ നിഗമനം
ശരിയാണെന്നു കാണാം. പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയും ലാലാ ലജ്പത്‌റായിയും മറ്റും
നേതൃത്വം കൊടുത്ത് 1914-ല്‍ സ്ഥാപിച്ച 'ഹിന്ദുമഹാസഭ'യുടെ
ഉത്ഭവപശ്ചാത്തലം അടിച്ചേല്‍പ്പിക്കപ്പെട്ട വിദേശക്രൈസ്തവമേധാവിത്വമായിരുന്നു.
സ്വന്തം നാട്ടില്‍ തങ്ങള്‍ അന്യരും അവഗണിക്കപ്പെട്ടവരുമായിത്തീര്‍ന്നെന്നു
കാണുമ്പോഴത്തെ ഏതു ജനതയുടെയും സ്വാഭാവികപ്രതികരണമായിട്ടേ അതിനെ കാണാന്‍ പറ്റൂ. 'ഹിന്ദുത്വം' എന്നത് ഒരു
രാഷ്ട്രീയ ആശയമായി അങ്ങനെയാണു പിറന്നുവീഴുന്നത്. സര്‍വര്‍ക്കറുടെ നേതൃത്വത്തില്‍ 1920-ഓടെ അതു ശരിക്കും
ഹിന്ദുത്വരാഷ്ട്രീയമാവുകയും, 1925-ല്‍ ഹെഡ്‌ഗേവാര്‍ അതേ ആശയാടിത്തറയില്‍
രാഷ്ട്രീയസ്വയംസേവക് സംഘി(ഞടട)നു രൂപംകൊടുക്കുകയും ചെയ്തു. പിന്നീടും കുറെ
കഴിഞ്ഞാണ് ജനസംഘ് (ഇന്നത്തെ ബി.ജെ.പി.) രൂപംകൊണ്ടത്. മുഗള്‍ ഭരണകാലഘട്ടംമുതല്‍
നേരിയ തോതിലെങ്കിലും തുടര്‍ന്നിരുന്ന ഹിന്ദു-മുസ്ലീം വൈരം വര്‍ദ്ധിപ്പിച്ചുള്ള
ബ്രിട്ടന്റെ ഭിന്നിപ്പിക്കല്‍ നയങ്ങളും ക്രൈസ്തവപക്ഷപാതവും അവരുടെ സംരക്ഷണത്തില്‍
വ്യാപകമായി നടന്ന മതപരിവര്‍ത്തന-മിഷനറിപ്രവര്‍ത്തനങ്ങളുമാണ് ഇതിനെല്ലാം
അടിസ്ഥാനപരമായ കാരണമെന്ന്, അഥവാ സ്രോതസായി വര്‍ത്തിച്ചതെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇതെല്ലാം സമര്‍ത്ഥിക്കുന്നത്, ഇന്നു വളര്‍ന്നുവരുന്ന ഹിന്ദുത്വവര്‍ഗ്ഗീയതയ്ക്ക് ഉത്തരവാദികള്‍ ഹിന്ദുക്കളല്ല
എന്നാണ്.
ഇന്ത്യയെ
മതാടിസ്ഥാനത്തില്‍ രണ്ടായി വെട്ടിമുറിച്ചതിലും ഹിന്ദുത്വരാഷ്ട്രീയത്തിനു വലിയ
പങ്കുണ്ടെന്നു തോന്നുന്നില്ല. അതോടെയാണല്ലോ ഹിന്ദു-മുസ്ലീം വൈരം ആളിക്കത്തിയത്.
മുഹമ്മദ് അലി ജിന്നയുമായി അധികാരം പങ്കിടാന്‍ വിസമ്മതിച്ച നെഹൃവും പട്ടേലുമുള്‍പ്പെടെയുള്ള
കോണ്‍ഗ്രസ് നേതാക്കളും ബ്രിട്ടനുമാണ് ഇന്ത്യാവിഭജനത്തിനു മുഖ്യകാരണക്കാരെങ്കിലും, ജിന്നയും
മുസ്ലീങ്ങളുമാണതിനു കാരണക്കാര്‍ എന്ന ശത്രുതാപരമായ ധാരണയിലാണ് ഹിന്ദുക്കളിന്നും.
വിഭജനകാലത്തുണ്ടായ പരസ്പരകൂട്ടക്കൊലകളുടെ ഓര്‍മ്മകളും പകയും ഇരുവിഭാഗങ്ങളിലും
ഇന്നും കെട്ടടങ്ങാതെ നിലനില്‍ക്കുന്നതാണ്, ഹിന്ദുത്വവാദത്തിനും മുസ്ലീം
തീവ്രവാദത്തിനും ഇന്ത്യ വളക്കൂറുള്ള മണ്ണാക്കുന്നത്.
കേരളത്തിലേക്കുവന്നാല്‍,
കത്തോലിക്കരായ പോര്‍ട്ടുഗീസ് മതാധികാരികളാണ് ഇവിടെ മതവിഭാഗീയതയ്ക്കു
കളമൊരുക്കിയതെന്നു കാണാം. കുരിശുയുദ്ധത്തിലുണ്ടായ പരാജയത്തിനു പകവീട്ടാനെന്നപോലെ, അവര്‍ അറബി
കച്ചവടക്കാര്‍ക്കും കേരളമുസ്ലീങ്ങള്‍ക്കുമെതിരെ നീങ്ങുകയായിരുന്നു. മുസ്ലീം
പള്ളികള്‍ തകര്‍ക്കുകയും അറബി കച്ചവടക്കാരുടെയും മക്കയില്‍നിന്നുള്ള തീര്‍ത്ഥാടകരുടെയും
കപ്പലുകള്‍ യാത്രക്കാരെയടക്കം കത്തിച്ചു ചാമ്പലാക്കുകയും ചെയ്തു, അവര്‍. 1525-ല്‍
കൊയിലാണ്ടിക്കടുത്ത് അവര്‍ മുസ്ലീമുകള്‍ക്കെതിരെ നടത്തിയ യുദ്ധത്തില്‍
മുസ്ലീങ്ങളോടൊപ്പം പോര്‍ട്ടുഗീസുകാരെ എതിരിടാന്‍ സാമൂതിരിയുടെ നായര്‍
പടയാളികളുമുണ്ടായിരുന്നുവെന്നത് കേരളത്തിലുണ്ടായിരുന്ന ഹിന്ദു-മുസ്ലീം
ഐക്യത്തിനുദാഹരണമാണ്. കേരളക്രൈസ്തവരോട് പോര്‍ട്ടുഗീസുകാര്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ
നായര്‍യോദ്ധാക്കള്‍ രംഗത്തിറങ്ങിയ സംഭവങ്ങള്‍, ഇവിടെ നിലനിന്നിരുന്ന ഹൈന്ദവ-ക്രൈസ്തവബന്ധത്തിന്റെ
ദൃഢതയും തെളിയിക്കുന്നു. 1600-ല്‍ 4-ാം
കുഞ്ഞാലിമരയ്ക്കാരെ സാമൂതിരി, പോര്‍ട്ടുഗീസുകാര്‍ക്ക് ഗോവയില്‍ കൊണ്ടുപോയി തൂക്കിക്കൊല്ലാന്‍
വിട്ടുകൊടുക്കുംവരെ കേരളത്തില്‍ ഹിന്ദു-മുസ്ലീം വിഭാഗീയത ഉണ്ടായിരുന്നില്ല.
കേരളത്തിലെ ക്രൈസ്തവസഭയുടെമേല്‍ കൊച്ചിരാജാവിന്റെ സഹായത്തോടെ പോര്‍ട്ടുഗീസുകാര്‍
ആധിപത്യം സ്ഥാപിച്ച് അവരെ കേരളസംസ്‌കാരത്തില്‍നിന്നു മതശാസനനല്‍കി
വെട്ടിമുറിച്ചതിനേത്തുടര്‍ന്നാണ്, ഇവിടുത്തെ ക്രൈസ്തവരും ഹിന്ദുക്കളും
വ്യത്യസ്ത സമൂഹങ്ങളായിത്തീര്‍ന്നത്.
ക്രമേണ, മുസ്ലീങ്ങള്‍
അറേബ്യന്‍ സാംസ്‌കാരികപൈതൃകമുള്ളവരെപ്പോലെയും ക്രൈസ്തവര്‍
പാശ്ചാത്യപൈതൃകമുള്ളവരെപ്പോലെയും പെരുമാറിത്തുടങ്ങുകയായിരുന്നു. തങ്ങളുടേകൂടി
പൈതൃകമായ ഭാരതീയ സസ്‌കാരത്തെയും അതിന്റെ ഓരോ ഘടകത്തെയും, അതെല്ലാം
ഹിന്ദുമതത്തിന്റെമാത്രം ഭാഗമാണെന്ന മട്ടില്‍ ഉപേക്ഷിച്ച് സ്വന്തം ജന്മനാട്ടില്‍
സ്വയം അന്യവല്‍ക്കരിക്കുകയെന്ന ആത്മഹത്യാപരമായ നിലപാടിലുറച്ചാണ് ഇവിടുത്തെ
ക്രിസ്ത്യന്‍-മുസ്ലീം ന്യൂനപക്ഷങ്ങള്‍ അന്നുമുതല്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന്
നിരീക്ഷിച്ചാല്‍ കാണാം. 'ചോറിങ്ങും കൂറങ്ങും' എന്ന ഈ സമീപനത്തിലെ അപക്വതയും അപകടവും ചൂണ്ടിക്കാട്ടാന്‍ ഈ സമുദായങ്ങളില്‍
ആരുമില്ലാതെപോകുകയുംചെയ്തു. മാത്രമല്ല, ആ വിഭാഗങ്ങളിലെ
മത-സാമുദായികനേതാക്കളെല്ലാം അണികളില്‍ ഭൂരിപക്ഷഹിന്ദുവര്‍ഗീയതയെക്കുറിച്ച്
വ്യാജഭയം സൃഷ്ടിക്കുകയും വിലപേശല്‍ രാഷ്ട്രീയത്തില്‍ മുഴുകുകയുമാണു ചെയ്തത്.
രാഷ്ട്രീയപാര്‍ട്ടികളാകട്ടെ, വോട്ടുലക്ഷ്യം മുന്‍നിര്‍ത്തി ന്യൂനപക്ഷപ്രീണനത്തില്‍ മത്സരിക്കാനും തുടങ്ങി.
അങ്ങനെ ഹിന്ദുക്കള്‍ക്കില്ലാത്ത ധാരാളം ആനുകൂല്യങ്ങള്‍ ക്രിസ്ത്യന്‍-മുസ്ലീം
വിഭാഗങ്ങള്‍ക്കും ലഭിക്കാനിടയായി.
ഇതിനു
പുറമേയാണ് മത-ഭാഷാന്യൂനപക്ഷങ്ങളുടെ സവിശേഷ സാംസ്‌കാരികത്തനിമകളുടെ
സംരക്ഷണമുറപ്പാക്കാന്‍ ഭാരതഭരണഘടനാവിധാതാക്കള്‍ വിഭാവനംചെയ്ത
ന്യൂനപക്ഷവിദ്യാഭ്യാസാവകാശത്തിന്റെ വ്യാപകമായ ഒരുപയോഗം നടക്കുന്നത്. ഗവണ്‍മെന്റ്
സിലബസ് പ്രകാരമുള്ള പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍, മത-ഭാഷാന്യൂനപക്ഷങ്ങളുടെ സംസ്‌കാരസംരക്ഷണലക്ഷ്യം
വച്ചുള്ള ന്യൂനപക്ഷാവകാശത്തിന്റെ പരിധിയില്‍ എങ്ങനെ വരും? ഇക്കാര്യം
പരിശോധിക്കാനോ പരിധി കൃത്യമായി നിര്‍വ്വചിക്കാനോ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഗവണ്‍മെന്റും
ധൈര്യപ്പെടുന്നുമില്ല. ഫലം, ന്യൂനപക്ഷമതനേതാക്കളുടെ ധാര്‍ഷ്ട്യവും കൂടുതല്‍ അവകാശവാദങ്ങളുമാണ്.
ഭൂരിപക്ഷമതസമൂഹത്തിനുള്ളതിന്റെ
പതിന്മടങ്ങ് വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ന്യൂനപക്ഷാവകാശത്തിന്റെ തണലില്‍,
കത്തോലിക്കാസഭയുടെതന്നെ ഉടമസ്ഥതയിലുള്ളത്. അതില്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
കാര്യം മാത്രമെടുക്കാം. ശമ്പളം നല്‍കാന്‍ ഗവണ്‍മെന്റ്; നിയമനാധികാരം കത്തോലിക്കാ മാനേജ്‌മെന്റിന്!
തന്മൂലം, ജോലി
ലഭിക്കുന്നവരിലേറെയും വൈദികരും കന്യാസ്ത്രീകളും, പിന്നെ സ്വാധീനവും പണവുമുള്ള മറ്റു
കത്തോലിക്കരും! പൊതുഖജനാവില്‍നിന്നുള്ള പണമുപയോഗിച്ച് ഒരു മതസമുദായത്തെ പൊതുവെയും
അതിലെ പൗരോഹിത്യത്തെ പ്രത്യേകമായും ഊട്ടിവളര്‍ത്തുന്ന ഈ സമ്പ്രദായത്തെ സൂക്ഷിച്ചു
നോക്കിയാല്‍, അത്
ഒരു പ്രച്ഛന്നസംവരണം (disguised reservation) ആണെന്നു കാണാം. ശ്രീ. വെള്ളാപ്പള്ളി
നടേശന്‍ അടുത്തകാലത്തു ചൂണ്ടിക്കാണിച്ചവയുള്‍പ്പെടെ, വേറെയും നൂറുകൂട്ടം കാര്യങ്ങളാണ്, തങ്ങളുടെ
മതശക്തിയും സാമുദായികശക്തിയും പ്രദര്‍ശിപ്പിച്ച് പ്രാമാണ്യംസ്ഥാപിക്കാന്‍,
സമുദായനേതാക്കളായി സ്വയം അവരോധിച്ചിരിക്കുന്ന മതമേലദ്ധ്യക്ഷന്മാരുടെ പ്രേരണയ്ക്കു
വശംവദരായി കത്തോലിക്കാസമൂഹം ചെയ്തുകൊണ്ടിരിക്കുന്നത്! തീര്‍ച്ചയായും
ഭൂരിപക്ഷഹിന്ദുക്കള്‍ ഇതെല്ലാം കാണുകയും
അമര്‍ഷം കൊള്ളുകയും, അതിലെ തങ്ങള്‍ക്കെതിരെയുള്ള അനീതി തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.
ന്യൂനപക്ഷമതസമൂഹങ്ങള്‍ ഇപ്രകാരം സംഘടിച്ചും വിലപേശിയും ധാര്‍ഷ്ട്യത്തോടെ
മുന്നോട്ടുകുതിക്കുമ്പോള്‍, അതിനെ ചെറുക്കാന്‍ ഭൂരിപക്ഷസമൂഹം മതപരമായി സംഘടിക്കുകയെന്നത് തികച്ചും
സ്വാഭാവികമാണ്. അതിനെ ഹിന്ദുത്വവാദമെന്നും ഹിന്ദുത്വഫാസിസമെന്നുംമറ്റും
മുദ്രകുത്തി ചെറുത്തുതോല്പിക്കാമെന്നു കരുതുന്നത് വിഡ്ഢിത്തമാകാനേ തരമുള്ളൂ.
വളര്‍ന്നുവരുന്ന
ഹിന്ദുത്വഫാസിസത്തെ തടയാന്‍ പിന്നെയെന്താണൊരു പ്രതിവിധി? സ്വന്തം
കണ്ണിലെ മരത്തടികള്‍ എടുത്തുമാറ്റി കാര്യങ്ങളെ തെളിമയോടെ കാണാന്‍ മതന്യൂനപക്ഷങ്ങള്‍
തയ്യാറായാല്‍,
അതനുസരിച്ചു സ്വന്തം സമുദായത്തെ തിരുത്താന്‍ തയ്യാറായാല്‍, അതുതന്നെ
പ്രതിവിധിയായിത്തീരും. ''മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ
അങ്ങനെതന്നെ നിങ്ങളും അവരോടു പെരുമാറുക'' (മത്താ. 7:12) എന്ന യേശുവചസ്സിനു സാമൂഹികമായ ഒരു
മാനംകൂടിയുണ്ട്. വ്യത്യസ്തസമൂഹങ്ങളും ജനതകളും തമ്മിലുമുള്ള പെരുമാറ്റത്തെക്കുറിച്ചുകൂടിയുള്ള
സുവര്‍ണ്ണനിയമമാണത്. വര്‍ഗ്ഗീയതയുടെ ഇന്നത്തെ സാഹചര്യത്തില്‍ അതിങ്ങനെ
മനസിലാക്കേണ്ടതുണ്ട്: 'മറ്റുള്ള മതസമൂഹങ്ങള്‍ നിങ്ങളുടെ സമൂഹത്തോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍
ആഗ്രഹിക്കുന്നുവോ അങ്ങനെതന്നെ നിങ്ങളുടെ മതസമൂഹവും ആ മതസമൂഹങ്ങളോടു പെരുമാറുക.' ഇനിയെങ്കിലും
ഈ സമീപനം സ്വീകരിക്കാന്‍ ക്രൈസ്തവര്‍ തയ്യാറായാല്‍, സാഹചര്യങ്ങളില്‍ അയവു വന്നുതുടങ്ങും. ''നീ
ബലിപീഠത്തിങ്കല്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരനു നിന്നോടു
പിണക്കമുണ്ടെന്ന് അവിടെവച്ച് ഓര്‍മ്മിക്കയാണെങ്കില്‍, കാഴ്ചവസ്തു ബലിപീഠത്തിനു മുമ്പില്‍
വച്ചിട്ടു പോകുക; ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക; പിന്നീടുവന്നു കാഴ്ചയര്‍പ്പിക്കുക'' (മത്താ. 5:23-24) എന്ന
യേശുവചനവും ഇവിടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ്. സ്വകാര്യമാത്രപരമത
(ഭൗതികത)യ്ക്ക് വൈയക്തികതലം മാത്രമല്ല, സാമുദായികതലവുമുണ്ട്. 'എന്റെ സമുദായ'ത്തിന്റെ വളര്‍ച്ചമാത്രം
ലക്ഷ്യംവച്ചു കണ്ണടച്ചു മുന്നോട്ടുപോകുമ്പോള്‍ ഇതരസമുദായങ്ങള്‍ക്കു പോറലേല്‍ക്കാതെ
വരില്ല. ആ നിലയില്‍ ഇവിടുത്തെ ക്രൈസ്തവരോട് ഹിന്ദുസമുദായത്തിനു പിണക്കം തോന്നാന്‍
വളരെയേറെ കാര്യങ്ങളുണ്ടായിട്ടുണ്ട്. അതു മനസ്സിലാക്കി, ബലിപൂജാദികളും തീര്‍ത്ഥാടനങ്ങളുമൊക്കെ
മാറ്റിവച്ച്, അടിയന്തിരമായി അവരുമായി രമ്യപ്പെടണം എന്നാണ്, വിഭാഗീയമായ എല്ലാ അവകാശവാദങ്ങള്‍ക്കും
സുല്ലിടണമെന്നാണ്, യേശു നമ്മെ ഇവിടെ ഉദ്‌ബോധിപ്പിക്കുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന
പ്രത്യാഘാതത്തെക്കുറിച്ചുകൂടി യേശു തുടര്‍ന്നു പറയുന്നുണ്ട്: ''...പ്രതിയോഗി
നിന്നെ ന്യായാധിപന്റെ കൈയില്‍ ഏല്പിക്കും... നീ കാരാഗൃഹത്തിലാകുകയും ചെയ്യും'' (മത്താ. 5:25). ഇത് വേര്‍തിരിഞ്ഞു
നില്‍ക്കുന്ന ഓരോ മനുഷ്യനോടും ഓരോ സമൂഹത്തോടും ഓരോ രാഷ്ട്രത്തോടുമാണ് യേശു
പറയുന്നത്. രമ്യപ്പെടാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ പീഡനകാലം വരുമെന്നുതന്നെയാണ്
യേശു താക്കീതുചെയ്യുന്നത്.
ആഗോളതലത്തിലേക്കു
നോക്കിയാല്‍, 'ക്രൈസ്തവം' എന്നറിയപ്പെടുന്ന യൂറോ-അമേരിക്കന്‍ രാജ്യങ്ങളുടെ എല്ലാവിധത്തിലുമുള്ള ചൂഷണവും
ലോകമേല്‍ക്കോയ്മയുമാണ്, മുസ്ലീം സമൂഹത്തെ ചൊടിപ്പിക്കുന്നതെന്നു കാണാം. ഒരു സെമിറ്റിക് മതമെന്ന
നിലയില്‍ ഇസ്ലാമിന്റെ ലക്ഷ്യവും ലോകമേധാവിത്വമാണ് എന്നതാണ് അതിന്റെ ഒരു കാരണം.
ഇന്നു ലോകമാകെ വ്യവസ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പോളകേന്ദ്രീകൃതവും
പണാധിഷ്ഠിതവുമായ നവകൊളോണിയല്‍ വ്യവസ്ഥിതിയുടെ അമ്മ പാശ്ചാത്യക്രിസ്തുമതമാണ്. വേറെ
വാക്കുകളില്‍ പറഞ്ഞാല്‍, ക്രിസ്തുമതത്തിന്റെ മേലങ്കിയണിഞ്ഞ് പണത്തെയും അധികാരത്തെയും പൂജിച്ചിരുന്ന
പാശ്ചാത്യക്രിസ്തുമതം ആ മതമേലങ്കി അഴിച്ചുമാറ്റി മതേതരമായ ഒരു
പ്രതിച്ഛായയണിഞ്ഞുവന്നു നടപ്പാക്കിയതാണ് ഇന്നത്തെ ആഗോളചന്തവ്യവസ്ഥിതി. ഇതിനെ
സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയാല്‍, അത് മാമോന്‍ പൂജയിലധിഷ്ഠിതമായ ഒരു
മതേതര ഭൗതികമതംതന്നെയാണെന്നു കാണാം. മറ്റേതു സെമിറ്റിക് മതത്തെയുംപോലെ, ഈ മതവും
മൗലികവാദപരവുമാണ്. 'ഒന്നുകില്‍ ഈ മതം (മാര്‍ഗ്ഗം) സ്വീകരിക്കുക, അല്ലെങ്കില്‍ നശിക്കുക' എന്നാണ് അത്
മുഴുവന്‍ മനുഷ്യരോടും രാഷ്ട്രങ്ങളോടും പറയുന്നത്. ലോകം അതനുസരിച്ചാണിന്നു
നീങ്ങുന്നതും. മുസ്ലീങ്ങളെ സംബന്ധിച്ച്, തങ്ങളുടെ ലോകാധിപത്യവാഞ്ഛയ്‌ക്കെതിരേ
മുമ്പു ക്രിസ്തുമതമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍, ഇന്ന് മുഴുവന്‍ ലോകത്തിനുംമേല്‍ തേര്‍വാഴ്ച
നടത്തി വിരാജിക്കുന്ന ഒരു കമ്പോളകേന്ദ്രീകൃത-മതേതര ഭൗതികമതവുംകൂടി ആയിരിക്കുന്നു!
മുസ്ലീം ജനതകളില്‍ അന്തഃച്ഛിദ്രം സൃഷ്ടിച്ചും മുസ്ലീംരാഷ്ട്രങ്ങളെ ഭിന്നിപ്പിച്ചും
അറേബ്യന്‍ എണ്ണസമ്പത്തിന്മേല്‍ ആധിപത്യം സ്ഥാപിച്ചും, അത് തങ്ങള്‍ക്കെതിരെ ഒരു 'മതേതര'കുരിശുയുദ്ധം
നടത്തുന്നതായിട്ടാകാം, മുസ്ലീങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ഇസ്ലാം മതരാഷ്ട്രസ്ഥാപനം തങ്ങളുടെ മതപരമായ
കടമയായി കാണുന്ന യാഥാസ്ഥിതിക മുസ്ലീങ്ങളെ ഭ്രാന്തുപിടിപ്പിക്കാന്‍ വേറെന്തുവേണം!
മോശയില്‍നിന്നാരംഭിച്ച
അധിനിവേശവും ഭീകരാക്രമണങ്ങളും യഹൂദ-ക്രൈസ്തവ-ഇസ്ലാം സെമിറ്റിക് മതങ്ങള്‍ ഇന്നും
തുടരുകയാണ്. റോമന്‍ സാമ്രാജ്യത്തില്‍നിന്നു ശക്തിയാര്‍ജിച്ച പാശ്ചാത്യക്രിസ്തുമതമാണ്
ഇക്കാര്യത്തില്‍ ഏറ്റവും മുമ്പില്‍. ലോകത്തെമുഴുവന്‍ തങ്ങളുടെ കോളനികളാക്കാനും, കച്ചവടമൂല്യങ്ങളിലും
ചൂഷണത്തിലും അധിഷ്ഠിതമായ ഒരു നാഗരികതയെ ഏറ്റം പുരോഗമനപരമെന്ന നിലയില്‍ മുഴുവന്‍
ലോകത്തെക്കൊണ്ടും അംഗീകരിപ്പിക്കാനും അനുശീലിപ്പിക്കാനും 'ക്രിസ്ത്യന്‍' യൂറോപ്പിനു
കഴിഞ്ഞു. അവരുടെ മതത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസസമ്പ്രദായത്തിന്റെയും
സാങ്കേതികവിദ്യയുടെയും മതേതരത്വ-ജനാധിപത്യസങ്കല്പങ്ങളുടെയുമെല്ലാം വ്യാപനം ലോകമാകെ
നടന്നു. തന്മൂലം, ഇന്ന് എല്ലാവരുംതന്നെ ചിന്തിക്കുന്നതും കാര്യങ്ങള്‍ നോക്കിക്കാണുന്നതും
പാശ്ചാത്യമസ്തിഷ്‌ക്കത്തിലൂടെയും പാശ്ചാത്യകണ്ണുകളിലൂടെയുമാണെന്ന സ്ഥിതി
വന്നിരിക്കുന്നു. അതുകൊണ്ടാണ്, ഇന്നു ലോകത്തിനുമേല്‍ അടിച്ചേല്‍പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
ആഗോളവ്യാവസായിക-കമ്പോളവ്യവസ്ഥ ജനാധിപത്യപരവും ഉദാരവും സുതാര്യവും മതേതരവും
ശാസ്ത്രീയവും ഏറ്റം പുരോഗമനപരവുമാണ് എന്ന തോന്നലിന് എല്ലാവരുംതന്നെ
വിധേയരായിരിക്കുന്നത്. ഈ ആഗോളവ്യവസ്ഥിതി നടപ്പാക്കുന്ന അതിക്രമങ്ങളെ 'ചെകുത്താന്റെ
കാഷ്ടം' (dung of the devil) എന്നാണ്, ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഈയിടെ പരാഗ്വേയില്‍ നടത്തിയ പ്രസംഗത്തില്‍
വിശേഷിപ്പിച്ചത്. മനുഷ്യരെല്ലാവരെയും അടിമത്തത്തിലാഴ്ത്തുന്ന
അതിസൂക്ഷ്മസ്വേച്ഛാധിപത്യം' എന്നും ഈ വ്യവസ്ഥിതിയെ അദ്ദേഹം വിലയിരുത്തിയെന്ന് ‘New York Times News Service’ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മാനുഷികമോ
സാമൂഹികമോ സാംസ്‌കാരികമോ ആത്മീയമോ ആയ ഏതെങ്കിലുമൊരു വീക്ഷണകോണില്‍നിന്നു സ്വതന്ത്രമായി
കാര്യങ്ങളെ നോക്കിക്കാണാനുള്ള ശേഷി കൈവരിച്ചാല്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന ഹീനതയും
ഹിംസയും മൗലികവാദവും ഭീകരതയും കണ്ടെത്താന്‍ ആര്‍ക്കും കഴിയും.
പണത്തിന്റെ അധിദേവതയായ മാമോന്റെ 'ദൈവ'ശാസ്ത്രം, ക്രൈസ്തവവും മതേതരവും മുതലാളിത്തവും കമ്മ്യൂണിസവും ഭീകരവിരുദ്ധവും ഒക്കെയായ
വ്യത്യസ്തമുഖഭാവങ്ങളണിഞ്ഞു വന്ന് മനുഷ്യനും പ്രകൃതിക്കുമെതിരെ
വ്യവസ്ഥാപിച്ചിരിക്കുന്ന സ്വയംപ്രവര്‍ത്തനക്ഷമമായ ഒരു ഭൗതികമതഫാസിസമാണ് ഇന്നു
ലോകത്തെ വിഴുങ്ങിയിരിക്കുന്നത്; ഈ വസ്തുത തുറന്നുകാണാന്‍ ഇനിയെങ്കിലും മനുഷ്യനു
കഴിയേണ്ടതുണ്ട്. അതിനു കഴിഞ്ഞാല്‍, മറ്റെല്ലാവിഭാഗീയതകള്‍ക്കും തീവ്രവാദങ്ങള്‍ക്കും ഭീകരപ്രസ്ഥാനങ്ങള്‍ക്കും സ്രോതസ്സായിനിലകൊള്ളുന്നതും ഇതുതന്നെയെന്നു മനസ്സിലാകും. ഇന്നത്തെ രീതിയിലുള്ള ഭീകരവിരുദ്ധനടപടികളൊക്കെയും തീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമാണെന്നും അപ്പോള്‍ കാണാന്‍ കഴിയും. യഥാര്‍ത്ഥ പരിഹാരം, മുമ്പുദ്ധരിച്ച യേശുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണെന്ന സത്യവും അപ്പോള്‍ തെളിഞ്ഞുകിട്ടും.
100%ശരി അനുബന്ധമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സെമറ്റിക് മതങ്ങളുടെ പ്രഥമവും പ്രധാനവുമായി ജോലി സുവിശേഷം എത്തിക്കലണെന്നിരിക്കെ വിശ്വാസം വ്യക്തിത്തികളിലേക്ക് സ്വംശികരിക്കുന്നത് അതീവ സൂക്ഷമതയോടും സത്യസന്ധവും ആകാതിരുന്നാലുളള കുഴപ്പങ്ങള്‍ തന്നെയാണ് വേദ മതങ്ങളുടെ അനിയൃായികള്‍ നേരീടേണ്ടിവരുന്നതും അവരാല്‍ ബഹുസ്വരമായ സമുഹവും നേരിടേണ്ടിവരുന്നത്. ഈ കാര്യത്തല്‍ കുറ്റകരമായ ഉത്തരവാദിത്ത്വം പൗരോഹിത്യത്തിനാണ്. പൗരോഹിത്യം നിരോധിച്ചിട്ടുളള ഇസ്ലാമിക സമൂഹം പോലും അതിന്‍റെ പിടിയിലാണ്.
ReplyDeleteപൗരോഹിത്യ വിഭാഗങ്ങളുടെ മനശാസ്ത്രം ആകട്ടെ ഈ ലേഖനത്തില്‍ സൂചിപ്പിച്ചപോലെ പുതിയ മതംപോലെ രൂപം കൊളളുന്ന കച്ചവട വ്യവസ്ഥിതിക്ക് അനുകൂലവുമാണ് കാരണം ലാഭ കൊതിയാണ് മുഖ്യഘടകം.
ഇതുമൂലം ആത്മീകതനഷ്ടപെട്ട സുവിശേഷങ്ങള്‍ വചനപ്രകോഷണ കോലാഹങ്ങള്‍ മാത്രമായി മാറുന്നു.
Zacharias Nedunkanal This topic is very urgent and invites wide discussion. I would invite all our friends in FB, Almayasabdam, Laity Voice, Soul and Vision etc. - writers and thinkers to take some time and write a good comment or even an article on the subject. It is no use blaming our Hindu brothers as the only instigators of the present day fascism raging in India. We, the followers of the Catholic church are equally responsible for this malady engulfing the whole nation. The Church has to seek ways to acknowledge its part and initiate projects to correct their present stand. In other words, it has to come to grip with the truth that 'it is in giving that we receive'. The catholic church has been taking advantage of their stand as a minority and getting all the favors from the state without the willingness to participate in the building of the nation. Whatever it does is done with only only intention of the prosperity of its own communities, not taking the nation as a whole. It is an outright selfish stand. National harmony will never grow out of this attitude.
ReplyDelete"ഇന്നു വളര്‍ന്നുവരുന്ന ഹിന്ദുത്വവര്‍ഗ്ഗീയതയ്ക്ക് ഉത്തരവാദികള്‍ ഹിന്ദുക്കളല്ല എന്നാണ്" എന്ന ശ്രീ. ജോർജ് മൂലേച്ചാലിയുടെ കണ്ടെത്തൽ എത്ര മനോഹരമേ,,. വര്ഷങ്ങള്ക്ക് മുൻപേ ഞാനിതു പലകുറി പറഞ്ഞിരുന്നു. ഒരു സമാനമാനസനെ ഇന്ന് കാലം എനിക്ക് തന്നതിൽ വല്ലാത്തൊരനുഭൂതി ! "ഹിന്ദുമൈത്രി ഉറങ്ങുന്ന സിംഹമാണെന്ന" സ്വാമി വിവേകാനന്ദന്റെ തിരുവചനം ചൂണ്ടികാട്ടിയിട്ടും കള്ളക്കത്തനാര്ക്കും അവൻ മൂത്ത കര്ട്ടിനാൾക്കും എവിടെ കാര്യം പിടികിട്ടാൻ ? കര്ത്താവിനു മണവാട്ടിമാരെ ശേഖരിക്കുന്ന തിരക്കിലും, പിന്നീടവരെ പീഡിപ്പിക്കുന്ന രസത്തിലുമായിരുന്നുല്ലെ കാലമെല്ലാം കാപാലന്മാർ ! അലക്സാണ്ടർ ദി ഗ്രേറ്റ് നെ മരണാനന്തര കൈമലർത്തൽ പഠിപ്പിച്ച ഭാരതത്തിൽ വന്നു, കാലാകാലമായി തെമ്മാടിത്തരം കൈമുതലാക്കിയ പാതിരിപ്പട കാണിച്ചു കൂട്ടിയ അന്യായങ്ങല്ക്കുള്ള തിരിച്ചടി കൊടുക്കാൻ, ക്രിസ്തു നിയോഗിച്ചതാണീ RSS നെ എന്നൊരു സത്യം ഇതിന്റെ പിറകിലുണ്ട് ! മലയാളം അറിയാവുന്ന സകല അച്ചായനും ഈ ലേഖനം വായിച്ചിരിക്കണം ! ഈ ആപത്തിൽ നിന്നും ഉള്ള വിടുതൽ "നാം പള്ളിയെന്ന കള്ളന്മാരുടെ ഗുഹയിൽ കയറാതെ ശിഷ്ടജീവിതം കഴിക്കുകതന്നെ!
ReplyDelete