Translate

Tuesday, October 25, 2016

ഫെയിസ് ബുക്ക് സിന്താബാദ്!


ആലഞ്ചേരി മെത്രാപ്പോലീത്താ ആവശ്യത്തിലധികം വാങ്ങിച്ചു കെട്ടിയ കാര്യം ഇനിയാരും അറിയാനുണ്ടാവില്ല. നാവികരുടെ കുറ്റമല്ല, തൊടുന്നിടത്തെല്ലാം പിഴക്കുന്നത്. ഇന്റർനെറ്റെന്നു കേട്ടിട്ടുള്ള ആരോടെങ്കിലും നോട്ടുമാലയെന്നൊന്നു പറഞ്ഞു നോക്കിക്കെ, അപ്പോഴറിയാം ഈ വാർത്ത എവിടെല്ലാം ചെന്നെന്ന്. 'വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്', 'നോട്ടുമാലക്കു പിന്നിലെ സത്യം', 'വടക്കേ ഇന്ത്യയിലെ ആചാരങ്ങൾ', 'ചെറുപ്പം മുതലേ വിശുദ്ധൻ' മുതലായ തലക്കെട്ടുകളിൽ സോഷ്യ മീഡിയായിൽ കറങ്ങുന്ന കുറിപ്പുകളും, ഇംഗ്ഗ്ലണ്ടിൽ അലക്സച്ചായന്റെ നേരെ നടന്ന വെഞ്ചരിച്ച തെറിയഭിഷേകവുമെല്ലാം പറയുന്നത്, ആർക്കൊക്കെയോ നൊന്തുവെന്നാണ്.
എല്ലാവർക്കുമെന്നു പറയാനാവില്ല; കാരണം, ഇതിൽ തന്നെ മൂന്നു ഗ്രൂപ്പുകളുണ്ട്. ജലന്തറിൽ 2016 ഒക്റ്റോബർ 17 നു നടന്ന ഒരു സ്വീകരണത്തിലാണ് മാർ ആലഞ്ചേരിയും മാർ ഭരണിക്കുളങ്ങരയും നോട്ടുമാലസ്വീകരണം ഏറ്റുവാങ്ങിയതെന്നാണറിവ് (എവിടെ നടന്നതാണെന്നതിനെന്തു പ്രസക്തി?). നോട്ടുമാലയിട്ടു സ്വീകരിക്കൽ വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിലെ ആചാരമാണ്. പിന്നെന്തിനു കർദ്ദിനാളിനെതിരെ ഇത്ര രൂക്ഷമായ ആക്രമണം നടന്നു? ഈ ചോദ്യത്തിനു വളരെ ലളിതമായ ഒരുത്തരം ഞാൻ പറയാം. സഭക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അസംതൃപ്തി മറനീക്കി പുറത്തു വരുന്നു, കൈയ്യിൽ കിട്ടിയ മേജറെ, എല്ലാവരും ആകാവുന്നതു പോലെയൊന്നു പെരുക്കി. ഇതൊക്കെ ഞങ്ങൾക്കു പുല്ലാണെന്നു മെത്രാന്മാർ പറഞ്ഞേക്കാം, പക്ഷെ ജീവിതത്തിൽ ഒരിക്കൽക്കൂടി നോട്ടുമാല കഴുത്തിലിടാൻ ആർക്കുമിനി തന്റേടം ബാക്കി കാണില്ല. ഫെയിസ് ബുക്ക് സിന്താബാദ്! 
കർദ്ദിനാളിനെ ന്യായീകരിച്ചുകൊണ്ടു ചിലർ നടത്തിയ പ്രസ്താവനകളും മറുപടി അർഹിക്കുന്നു. ഒരാൾ ചോദിച്ചത്, ചെല്ലുന്നിടത്തെ ആചാരം സ്വീകരിച്ചതിനെന്താ തെറ്റെന്ന്. തെറ്റില്ലെങ്കിൽ പിന്നെന്തിനാ ലോകമാസകലം കേരള കത്തോലിക്കരുടെ പിന്നാലെ മെത്രാന്മാർ പാരമ്പര്യവുമായി നടക്കുന്നത്? അമേരിക്കയിൽ അത്മായർ കമ്യൂണിറ്റി സെന്ററുകൾ വാങ്ങി, അതിൽ മലയാളം കുർബ്ബാന ചൊല്ലിച്ചുകൊണ്ടിരുന്ന കാലം, അതു ശരിയല്ലെന്നു പറഞ്ഞവരേക്കൊണ്ട് സഭയുടെ പേരിൽ പള്ളി വാങ്ങിപ്പിച്ചു. കുറേക്കഴിഞ്ഞപ്പോൾ അതിനു സൗന്ദര്യവും സൗകര്യവും പോരാന്നു പറഞ്ഞു പുതിയവ പണിയിപ്പിച്ചു. ഇതാ ഒരു പബ്ലിക് ഈറ്റിങ് ഹാളിൽ കുർബ്ബാന ചൊല്ലുന്ന ചിത്രം കൊടുത്തിരിക്കുന്നു (എവിടെ വേണമെങ്കിലും കുർബ്ബാന ചൊല്ലാൻ ഇവർക്കറിയാം). അഭ്യാസം, എല്ലാം അഭ്യാസമല്ലാതെ വെറെന്ത്? വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നാണൊരാളുടെ ഉപദേശം. ഉഴവു പള്ളിയിടവകക്കാരി ഒരു സാധു സ്ത്രീയുടേ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാൻ സാധിക്കില്ലെന്നു പറഞ്ഞ വികാരിയോടു പറയേണ്ട വാചകമായിരുന്നിത്.
(സഭാധികാരികള്‍ നടത്തുന്ന ആഭാസകള്‍ക്ക് അതിര്‍ത്തി വരമ്പുകളില്ലേഅവരോടു ഒരു ചോദ്യം 'ഇതു മതനിന്ദയും ഭരിയഭക്തിയോടുള്ള അവഹേളനമല്ലേ?  Picture Curtsy - Laity Voice.blogspot.com) 
ആ കുടുംബത്തിന്റെ നൊമ്പരം ആരെങ്കിലും കണ്ടോ? അതുപോലെ സഭ നിന്ദിച്ചവരുടെയും സഭ മൂലം അടിത്തറ പറിഞ്ഞ കുടുംബങ്ങളുടേയും സംഖ്യ ഒന്നും രണ്ടുമല്ല. നിന്ദയെന്നു പറഞ്ഞാൽ ളോഹയിയിട്ടവർക്കു മാത്രം ബാധകമായ ഒരു കാര്യമാണോ സഖാവേ? ധൂപക്കുറ്റിക്കു മൂന്നു ചങ്ങലയിടുന്നതു മുതൽ ഇടുന്ന ളോഹയും അണിയുന്ന തൊപ്പിയും വരെ എല്ലാം പ്രതീകങ്ങളായാണു കരുതപ്പെടുന്നത്. കർദ്ദിനാൾ കഴുത്തിലണിഞ്ഞ മാല പണത്തിന്റെ പ്രതീകമാണ്. അതു സത്യ ക്രിസ്ത്യാനിക്കു ചേർന്നതല്ല; സംശയമുണ്ടോ? 
മെത്രന്മാരെല്ലാം കൂടി  തീരുമാനിച്ചാൽ ഒരത്മായനെ പഞ്ഞിക്കിടാൻ ഒരു നിമിഷം മതി - അതിനു കിട്ടുന്ന ഒരവസരവും അവർ പാഴാക്കാറുമില്ല. ആരുടേയോ ഭാഗ്യത്തിനു വേദപാഠത്തിന്റെ ഡിഗ്രി കോഴ്സ് പൂർണ്ണമായും നടപ്പായില്ലന്നേയുള്ളൂ. ഇടവകകൾക്ക് സ്വന്തമായി സിമിത്തേരികൾ ഇല്ലാത്ത അമേരിക്കയിൽ പൊതു ശ്മശാനത്തിന്റെ ഒരു കോണ് സ്ഥിരം വാടകക്കു വാങ്ങി സീറോ മലബാറുകാരുടെ അടക്ക് അവിടെയാക്കിയ ഇനമാ ഇത്. അതേ സമയം, ഒരു മെത്രാനെ തൊടാൻ അത്മായനാവില്ലാത്ത രീതിയിലാണു കാനോൻ - മറ്റു മെത്രാന്മാർക്കും പരസ്പരം തൊടാനാവില്ല. ലാളിത്യത്തേപ്പറ്റി മാർപ്പാപ്പാ പറയുന്നു, മേജറും പറയുന്നു. പെരുന്നാളുകൾക്ക് കുട വേണ്ട, ചെണ്ട വേണ്ട, പള്ളിമുറ്റത്തു ടൈൽസ് വേണ്ട, മെത്രാന്മാരുടെ ചിത്രം അവിടെ വേണ്ട, ഇവിടെ വേണ്ടാ.....! ഇവിടെ ഓരോ രൂപതയും ഓരോ നാട്ടു രാജ്യം പോലെ വാഴുന്നു. പണ്ടു ലാളിത്യം പഠിപ്പിക്കാൻ ആലഞ്ചേരിയുടെ നേതൃത്വത്തിലൊരു സംഘം മെത്രാന്മാർ ഒരു വാനിൽ ഒരുമിച്ചു തൃശ്ശൂർക്ക് പോയതോർമ്മയുണ്ടോ? അന്നിവർ ഓഡി കാറിൽ മാത്രം സഞ്ചരിക്കുമായിരുന്ന അറക്കലിനെയായിരുന്നുന്നം വെച്ചതെന്നു സംശയിക്കാൻ ഏറേ ന്യായങ്ങളുമുണ്ടായിരുന്നു. തമാശയതല്ല, സ്വീകരണം മേജറിനാവാം മറ്റാർക്കുമാവില്ലെന്നു ന്നാൽ എത്രപേർ കേൾക്കും? ഇപ്പോൾ ബഹുകോടികൾ മുടക്കി പണിതുകൊണ്ടിരിക്കുന്ന പാറേപ്പ്പള്ളിയുടെ ഒരിഷ്ടിക വേണ്ടാന്നു വെപ്പിക്കാൻ പറ്റുമോ മേജറേ താങ്കൾക്ക്? ദളിത് മെത്രാനെ തട്ടിക്കൊണ്ടുപോയവർക്കെതിരെ എന്തു നടപടിയെടുത്തു ഇവിടുത്തെ കി വി കി ഐ? സീറോ മലബാറിന്റെ തലവനായാണല്ലോ മാർപ്പാപ്പാ താങ്കളെ നിയമിച്ചത്? എത്രയും വേഗം സ്ഥലം കാലിയാക്കുക ജേഷ്ടാ! ബലമുള്ള എല്ലുള്ളവരാരെങ്കിലും വരട്ടെ - രണ്ടിലൊന്നറിയാമല്ലോ!
യൂറോപ്പിൽ സഭാവിശ്വാസികൾ നിശ്ശബ്ദമായാണ് സഭ വിട്ടു പോയത്; ഇവിടെ സിംഹാസനങ്ങൾ കടലിലിലെറിഞ്ഞുകൊണ്ടായിരിക്കും അതു സംഭവിക്കുക. മിനിയാന്ന് കണ്ണൂർ ജില്ലയിലെ ഒരു ജയിലിലേക്കു കയറിയത് നിരവധി സെമ്മിനാരിവിദ്യാർത്ഥികളെ അപമാനിച്ചുവെന്നാരോപിക്കപ്പെടുന്ന ഒരു കത്തോലിക്കാ വൈദികനാണ്. ഒരു വൈദികനാകാൻ തീവ്രമായി ആഗ്രഹിച്ച ഒരു സാധുവിദ്യാർത്ഥിയെ ഒരു സന്യാസീസമൂഹം സ്വന്തംചിലവിൽ പഠിപ്പിക്കാൻ തയ്യാറായപ്പോൾ, സാക്ഷ്യം പറഞ്ഞ ഭക്തയായ അമ്മ, മകനനുഭവിച്ച ക്രൂരമായ പീഡനകഥ ഓർക്കാൻ പോലുമാവാതെ അറഞ്ഞു പ്രാകുന്നു. കേൾക്കുന്നുണ്ടോ എല്ലാവരും? വാർത്തയിലെ നായകന്റെ പേരു ഞാനായിട്ടു പറയുന്നില്ല, അതുപോലെ, ആ സംഭവങ്ങളും. എനിക്കാ വൈദികനോടല്ല, പകരം വൈദികരെ ഇങ്ങിനെ നീറിച്ചാകാൻ വിധിച്ചിരിക്കുന്ന സഭയോടാണു ചോദിക്കാനുള്ളത്. ആകെ അൾത്താര ബാലന്മാരിൽ നാലിലൊന്നും പീഡിപ്പിക്കപ്പെടുന്നുവെന്നാണ് യൂറോപ്യൻ കണക്ക്. കഴിയുന്നത്ര പേർ കുട്ടികളെ സെമ്മിനാരികളിലേക്കു വിടുക! എന്റെ മകൻ പഠിക്കുന്നിടത്തതില്ലെന്നു പറയുന്നവർ ആ സെമ്മിനാരിയുടെ പേരൊന്നു പറയുമോ? സി. ജെസ്മിയുണ്ടെന്നറിഞ്ഞാൽ സ്റ്റേജിൽ നിന്നിറങ്ങിയോടിയേക്കാവുന്ന മെത്രാൻ വരെ നമുക്കിവിടുണ്ട്.
കർത്താവ് ജെറൂസലേമിലൂടെ എഴുന്നെള്ളിയതു കഴുതപ്പുറത്തായിരുന്നോ കുതിരപ്പുറത്തായിരുന്നോയെന്നു തർക്കിക്കുന്ന ചരിത്രകാരന്മാരോടെന്തു പറയാൻ! അച്ചന്മാരുടെയും മെത്രാന്മാരുടേയും കളികൾ നല്ലോണം മനസ്സിലാക്കിയ കോട്ടൂർ സാർ പറയുന്നത്, 'മെത്രാന്മാരിൽ നിന്നും കഠിന പാപങ്ങളിൽനിന്നും നിങ്ങൾ ഓടിയൊളിക്കുക'യെന്നാണ്. കേരളകത്തോലിക്കാസഭ തകർന്നു കഴിഞ്ഞുവെന്നാണ് സ്വാമി സച്ചിദാനന്ദ ഭാരതി പറയുന്നത്. അനേകർക്കാത്മീയാചാര്യനായിരിക്കുന്നയദ്ദേഹം ആലഞ്ചേരിയുടെ ഒരു സുഹൃത്താണെന്നും പറയുന്നു. ഭാരതത്തിലെ അത്മായാ പ്രമുഖനായ ചോട്ടാഭായി പറഞ്ഞത്, 'ഇവരെ' (നോട്ടുമാലയിട്ട മെത്രാന്മാരെ?) സഭയിൽ നിന്നു 'ഫ്ലഷ്' ചെയ്തു കളയാനാണ്. മുംബേയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ വിൻസന്റ് ബാഗൾ പറഞ്ഞത്, കാലം അവരെ പാഠം പഠിപ്പിക്കട്ടേ, പുതു തലമുറ അവരെ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ്. സഭയിൽ ജീവനോടെയുള്ള നിരവധി സന്യസ്ഥരാണ് കൈയ്യിൽ കിട്ടുന്നതെല്ലാമെടുത്ത് വിവരദോഷികൾക്കു നേരെ എറിയുന്നത്. സംശയമുള്ളവർ സത്യജ്വാലയുടെ നാലു ലക്കങ്ങൾ വായിക്കുക (http://almayasabdam.com/sathyajvala/sathyajvala-2/ - ഫ്രീ ഡൗൺ ലോഡ്). പാവങ്ങളുടെ പ്രതീകമായിട്ടായിരുന്നു തക്കലയിൽ നിന്നുള്ള വരവ്! ജനങ്ങളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ നിന്നു കൊടുത്തതേയുള്ളൂവെന്ന് ഓരോ അവസരത്തിലും മേജർ പറയുന്നു. മുൻ. പ്രസിഡന്റ് അബ്ദുൾ കലാം സന്നിഹിതനായിരുന്ന ഒരു വേദിയിൽ സ്വർണ്ണ മുത്തുമാലയിട്ട അദ്ദേഹത്തിന്റെ ചിത്രമിതാ. സംഭവിച്ചതെന്താണെങ്കിലും ബഹുമാന്യ അബ്ദുൾ കലാമിതു കണ്ടത് മാർ ആലഞ്ചെരിയുടെ അല്പത്വമായിട്ടാരിക്കാമെന്നു സംശയിക്കില്ലേ പൊതുജനം?

കോട്ടൂർ സാർ ഒന്നറിയുക, വേദമോതുന്നെങ്കിൽ അതുൾക്കൊള്ളാൻ പ്രാപ്തിയുള്ളവരോടെ ഓതാവൂ. ഇന്റെർനെറ്റ്, ഈ മെയിൽ തുടങ്ങിയ മാധ്യമങ്ങളൊന്നുമുപയോഗിക്കാൻ ഇപ്പോഴും മാർ ആലഞ്ചേരിക്കറിയാമെന്നു തോന്നുന്നില്ല; വിശ്വാസികളുടെ പരാതികൾ അദ്ദേഹം കേൾക്കുമായിരുന്നെങ്കിൽ പരാതി കിട്ടിയെന്നൊരു കുറിപ്പെങ്കിലും അതയക്കുന്നവർക്കു കിട്ടുമായിരുന്നു. 
ഫരീദാബാദ് ബ്ലസ്സഡ് സാക്രമെന്റ് പള്ളിയിൽ ഗർഭിണിയായ മറിയത്തിന്റെ പ്രതിഷ്ഠ പുതുതായി സ്ഥാപിച്ചിരിക്കുന്നു. കത്തോലിക്കാ സഭയെ പൊതുജനമദ്ധ്യത്തിൽ അവഹേളിക്കാൻ മെത്രാന്മാർക്കും വൈദികർക്കും ആരധികാരം കൊടുത്തു? നിയമപരമായും സാമൂഹ്യമായും ഇതിനെതിരെ പൊരുതാൻ അത്മായർ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചുവെന്നു തന്നെ പറയാം. ഒരു മെത്രാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്കെതിരെ പരാതി കിട്ടിയാൽ പരിശോധിക്കാൻ കഴിവുള്ള അത്മായർ ഉൾപ്പെട്ട ഒരുന്നതാധികാര കമ്മറ്റി ഇവിടെ നിലവിലുണ്ടായിരുന്നെങ്കിൽ അറേബ്യായിലെ മുഴുവൻ സുഗന്ധതൈലങ്ങൾക്കൊണ്ടു കഴുകിയാലും പോകില്ലാത്ത കാഞ്ഞിരപ്പള്ളിയിലെ മോനിക്കാ കേസും, തൊടുപുഴയിലെ പ്രൊ. ജോസഫ് കേസുമൊക്കെയെങ്കിലും ഉണ്ടാവാതെ നോക്കാമായിരുന്നു. എ കെ സി സി യെന്നൊരു സാധനം ഇവിടെ ചലനശേഷിയോടെ ഉണ്ടായിരുന്നാലും കാര്യം നടക്കുമായിരുന്നു. മാർപ്പാപ്പാ 17 കർദ്ദിനാളന്മാരെ അടുത്തിടെ നിയമിച്ചു - ഏഷ്യയിൽ നിന്നുമുണ്ട് രണ്ടു പേർ. അതിലൊന്നും ഇൻഡ്യയിൽനിന്നല്ല, അതിലൊന്നും സഹസഭകളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സീറോ മലബാറിൽ നിന്നുമല്ല. എന്തു പറ്റി?
ഒറ്റക്കു ജീവിക്കുന്നവരും, വിവാഹബന്ധം വേർപെടുത്തിയവരും കുട്ടികളെ ദത്തെടുക്കാൻ പാടില്ലെന്നു പറയുന്ന സഭാധികാരികളോട് എന്തു പറയാൻ? എന്തു പറഞ്ഞാൽ ഇവർക്കു മനസ്സിലാകും? സ്വർഗ്ഗം വേണ്ടവർ നിരാലംബരുടേയും ദരിദ്രരുടെയും ഇടയിലേക്കിറങാൻ ബ്ര. മാവൂരൂസ് അടുത്തിടെയും പറഞ്ഞു. 

മാവൂരൂസിനേപ്പോലെ സുബോധമുള്ള അനേകർ ഇവിടുണ്ട് - അവർ പറഞ്ഞാൽ ആരു കേൾക്കും? സന്യാസിയായതുകൊണ്ട് മാവൂരൂസ്സ് ജീവനും കൊണ്ടു തിരിച്ചു പോന്നുവെന്നേ എനിക്കു പറയാനുള്ളൂ. ഒരുകാര്യം ശ്രദ്ധിക്കാതെ വയ്യ! എവിടെ സീറോ മലബാർ രൂപത വരുന്നോ അങ്ങോട്ടേക്കുള്ള മലയാളീ കുടിയേറ്റത്തിനും വിലങ്ങു വീഴുന്നു. അതമേരിക്കയിൽ സംഭവിച്ചു, ഇംഗ്ഗ്ലണ്ടിൽ തെരെസാ മേ കുടിയേറ്റ നിയമം പരിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു, ആസ്ട്രേലിയായിലും അതിനുള്ള നീക്കങ്ങൾ തുടങ്ങി. 
ഒരു കാര്യം സത്യം; ഒരുത്തനേം വിശ്വസിക്കാൻ വയ്യാന്നായിട്ടുണ്ട് - ചോദിക്കാനും ആരുമില്ല. ഹിന്ദുക്കൾ പറയുന്നതു കള്ളമാണെന്നു തെളിയിക്കാൻ ജഗ്രതപ്പെടുന്നവർ ഓർക്കുക, ക്രിസ്ത്യാനിയും ഒട്ടും പിന്നിലല്ല; കടലിന്റെ അടിയിൽ മാതാവിന്റെ രൂപം കണ്ടെത്തുന്നു ..... ഒരു സി. ഷെറിൻ കർത്താവിനെ കണ്ടിട്ടു മടങ്ങിവന്ന കഥയിറങ്ങിയിട്ടുണ്ട്. അവരു പറയുന്നതു കർത്താവ് വളരെ സിമ്പിളാണെന്നാ (ഭാഗ്യം, നവീകരണക്കാർ രക്ഷപ്പെട്ടു!). കർത്താവീശോയുടെ കുടുംബക്കാർക്കോ, ശിക്ഷ്യന്മാർക്കോ മറ്റാർക്കെങ്കിലുമോ ഇന്നേവരെ ലഭിക്കാഞ്ഞിട്ടും ഇത്തരമൊരനുഭവം ആർക്കും കിട്ടാൻ പോകുന്നില്ലെന്നു കർത്താവ് (ധനവാന്റെ ഉപമ) തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും, തകർത്തു! മധുരത്തിൽ പൊതിഞ്ഞു വിഷം കുത്തിവെക്കുന്നതിൽ വട്ടായിയും പിന്നിലല്ല. വട്ടായി ദശാംശത്തിന്റെ മഹിമ പറയുന്നതു ഷാലോമിൽ വന്നതിങ്ങനെ (http://www.sundayshalom.com/?p=8141).
കോട്ടയത്തെ നവജീവൻ ദശാംശം കൊണ്ടാണു തുടങ്ങിയതെന്നും പ്രവർത്തിക്കുന്നതെന്നും തോന്നും പ്രസംഗം കേട്ടാൽ (നവജീവനിൽ പ്രവർത്തിക്കുന്ന അന്യജാതിക്കാർ ഇതു കേൾക്കണ്ട!). അദ്ദേഹത്തിന്റെ ഏതു പ്രസംഗമെടുത്താലും ഇത്തരം അസത്യത്തിന്റെ തുള്ളികൾ കാണാം - ബോധപൂർവ്വം ചമച്ചവ. അടുത്തകാലത്താണ് നവജീവനെ സഭ പരിഗണിക്കാൻ തുടങ്ങിയതു തന്നെ. ദയാഭായിയെ ഇപ്പോഴും അടുപ്പിച്ചിട്ടില്ല. അത്മായർ നടത്തുന്ന ഉപവിപ്രവർത്തികൾക്കു സഭ പാര പണിതതിനുദാഹരണങ്ങൾ ധാരാളം. കൈപ്പൻപ്ലാക്കലച്ചൻ നടത്തിയ കാരുണ്യങ്ങളെ കൈക്കലാക്കാൻ രൂപത നടത്തിയ ഇടിവെട്ടു നടപടികൾ പാലാക്കാർക്കറിയാം. കരിയിൽ പിതാവിന്റെ കണക്കു പ്രകാരം സഭ കാരുണ്യപ്രവർത്തികൾക്കു വേണ്ടി ഒരു വർഷം ചിലവാക്കുന്നത് 200 കോടി രൂപാ (ഭയങ്കരം!). നാൽപ്പത്തഞ്ചു ലക്ഷം അംഗംങ്ങളിൽനിന്നും ആകെപ്പിരിച്ചതിന്റെ എത്ര ശതമാനം വരും പിതാവേ ഇത്? ആ കണക്കു കൂടി കേട്ടാലെ കാരുണ്യത്തിന്റെ വലുപ്പം ശരിക്കും അറിയൂ.   
2017 ലേക്കു വല്യയൊരു പിരിവു വരുന്നുണ്ട്; വിശ്വാസികളുടേ ചിലവിൽ മെത്രാന്മാർക്കർമ്മാദിക്കാൻ അടുത്തയവസരം - മാർപ്പാപ്പാ വരുന്നു! വിശ്വ്വസിപ്പട ഇപ്പോഴേ തയ്യാറാവുക. ഒരഭിമുഖത്തിന് അനുവാദം ചോദിച്ചാൽ കിട്ടുമെന്നുറപ്പ്! 

2 comments:

  1. റോഷൻ പറഞ്ഞപ്പോഴാണ് ഇക്കാര്യം തലയിൽ വന്നുമുട്ടിയത് - നമ്മുടെ കുഞ്ഞുങ്ങൾ നടക്കാൻ തുടങ്ങുമ്പം മുതൽ വേദപാഠ പീഡനത്തിനു വിധേയരാവുന്നു, പ്ലസ് റ്റു തീരുന്നതുവരെ. ഹാജർ കുറഞ്ഞാലും കെട്ടുകാലമാകുമ്പോൾ ഫലമറിയും. ഈ കാലമെല്ലാം ക്ലാസ് മുറിയിൽ ചെന്നിരുന്ന് കയ്യാലകെട്ടാനും കപ്പയിടാനും മാത്രമറിയാവുന്ന അപ്പാപ്പന്മാർ ഓതിക്കൊടുക്കുന്ന വേദം മുഴുവൻ മനഃപാഠമാക്കുന്ന ഈ മക്കൾക്ക് ഒരു കടലാസിൽ കുറിച്ചുകൊടുക്കുന്ന രേഖയല്ലാതെ വേറൊന്നും കിട്ടുന്നില്ല. അവർക്കു ഒരു ഡിഗ്രി സർട്ടിഫിക്കറ്റു കൊടുത്താൽ രൂപതയ്ക്ക് നഷ്ടം വല്ലതുമുണ്ടോ? ഒന്നുമല്ലെങ്കിലും ഒരു ഡിഗ്രിയല്ലേ, കൈയിലിരുന്നാൽ ഒരു അക്ഷയ ബ്രാഞ്ചിൽ എങ്കിലും ഒരു പണി കിട്ടിയാലോ?

    "സീറോ മലബാറിന്റെ തലവനായാണല്ലോ മാർപ്പാപ്പാ താങ്കളെ നിയമിച്ചത്?" എന്ന് റോഷൻ ചോദിച്ചപ്പോൾ അതിൽ എന്തോ വലിയ പിശക് ഉണ്ടെന്നു തോന്നി. ഇവിടുത്തെ ഒരു കാര്യവും (കണ്ടമാനം വിശുദ്ധർ വസിക്കുന്നിടം ആണെന്നതൊഴിച്ചു) ഈ നാടിനെപ്പറ്റി ഒരു വിവരവും ഇല്ലാത്ത പോപ്പ് ഒരു സെമിനാരി റെക്ടറെ പിടിച്ചു മെത്രാനും കർദിനാളും ആക്കിയാൽ അതുകൊണ്ട് ഇവിടുത്തെ ജനത്തിന് എന്ത് ഗുണം? സെമിനാരിക്ക് പുറത്തു എന്തെല്ലാം നടക്കുന്നു എന്ന് ഈ മെത്രാനും കർദിനാളിനും ആദ്യം മുതൽ പഠിക്കണം. അതു നടക്കാത്തതിനാലാണല്ലോ ലോകത്തുള്ള സകലമാന വിഡ്ഢിത്തരവും ഇവർ വിളിച്ചു കൂവുന്നതും, ആരും ശ്രദ്ധിക്കാത്തതും.

    ഈ നാട്ടിൽ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തുവിട്ട കക്ഷികൾ ഭരണം ഏറ്റെടുത്തിട്ട്, മനുഷ്യരുടെ ജീവിതത്തിന് കേടല്ലാതെ നല്ലതായി ഒരു ചുക്കും സംഭവിക്കാതെ അഞ്ചു കൊല്ലം കടന്നു പോകുന്നത് നാം കാണുന്നു, വീണ്ടും വീണ്ടും. അപ്പോൾ പിന്നെ സഭയുടെ അംഗങ്ങൾ ഒന്നും അറിയാതെ റോമായിലെ ഒരു തീരുമാനം വച്ച് മാത്രം ഒരു മേജർ മെത്രാൻ ഇവിടെ ഉണ്ടായാൽ എന്ത് സംഭവിക്കാൻ? പാവം എല്ലാവരുടെയും തെറി കേൾക്കും എന്നല്ലാതെ.

    "വിശ്വാസികളുടെ പരാതികൾ അദ്ദേഹം കേൾക്കുമായിരുന്നെങ്കിൽ പരാതി കിട്ടിയെന്നൊരു കുറിപ്പെങ്കിലും അതയക്കുന്നവർക്കു കിട്ടുമായിരുന്നു." വെറുതേ ഓർത്തുപോകുകയാണ്: ഈ അല്മായശബ്ദം ബ്ലോഗ്വഴി തന്നെ കേരളത്തിലെയും ഇന്ത്യയിലെയും മെത്രാന്മാർക്ക് ഒരിക്കലല്ല, പലതവണ ഞാൻ ഒറ്റക്കും എന്റെ സഹപ്രവർത്തകർ ചേർന്നും എത്ര കത്തുകൾ തുറന്നും അടച്ചും എഴുതിയയച്ചു. ഒരെണ്ണത്തിനുപോലും ഒരു ചെറിയ മറുപടി ഇടാനുള്ള സഹിഷ്ണുത അവരിൽ ആർക്കും ഉണ്ടായില്ല. തങ്ങൾക്കെഴുതാൻ, വിഷയം എന്തുമാകട്ടെ, ഇവന്മാർക്ക് എന്തവകാശം എന്ന് ചോദിക്കുന്ന ഈ ളോഹാധാരികളെയും സാധാരണക്കാരുമായി തോളിൽ കൈയിട്ടു നടന്ന യേശുവിനെയും ഏതെങ്കിലും ഒരു കാര്യത്തിൽ താരതമ്യപ്പെടുത്താൻ വിശ്വാസികൾക്ക് നിവൃത്തിയുണ്ടോ? ഇല്ലെന്ന് ആയിരം തവണ പറയാം. റോഷൻ പറഞ്ഞതുപോലെ "കളി തുടങ്ങിയിട്ടേയുള്ളൂ." മാതാവിന്റെ പുതിയ ഗര്ഭത്തിനുമാത്രമല്ല, മറ്റു പലതിനും ഇവർ ഉത്തരം പറയേണ്ടിവരും.

    "മധുരത്തിൽ പൊതിഞ്ഞു വിഷം കുത്തിവെക്കുന്നതിൽ വട്ടായിയും പിന്നിലല്ല." ഈ ഉൾക്കാഴ്ച പങ്കുവച്ചതിന് റോഷന് ഒത്തിരി നന്ദി. ഇങ്ങനെ വിഷം കുത്തിവയ്ക്കാൻ പഠിപ്പിക്കുകയാണ് സെമിനാരിയിലെ ചില ക്‌ളാസ്സുകളുടെ ലക്‌ഷ്യം തന്നെ. ആ ഭാഗത്തു കൊടുത്തിരിക്കുന്ന ലിങ്ക് വായനക്കാർ തുറന്ന് വായിക്കണം. എളിമയുടെ മറവിൽ ഒളിച്ചുനിന്നുള്ള വട്ടായിയുടെ ആത്മപ്രശംസകൾ ശ്രദ്ധിക്കുക - അയാൾ അച്ചന്മാരെയും മെത്രാന്മാരെയും ധ്യാനിപ്പിക്കുന്നത് ദൈവമഹത്വത്തിനു കാരണമാണ് പോലും! "നമ്മുടെ പൊട്ടവാക്ക് വിശ്വാസത്തോടെ പറഞ്ഞാൽ ദൈവം ഫലം തരും". വട്ടായിയാണ് അതും പറയുന്നത്. യു.കെ.യിലെ പൂട്ടാൻ പോയ പള്ളികൾ അതാ ഇപ്പോൾ ഇങ്ങേരെപ്പോലെയുള്ളവരുടെ പ്രയത്നത്താൽ വലുതാക്കി പണിയുന്നു! സത്യമെന്തെന്ന് ഇൻഗ്ലണ്ടിൽ സ്ഥിരം താമസിക്കുന്നവർ പറയട്ടെ.

    ReplyDelete
  2. പന്ജാബിലെ വിവിധ ചടങ്ങുകളില്‍ നോട്ടുമാലയും പകടിയുമൊക്കെ കെട്ടി ജലന്ധര്‍ ലത്തീന്‍ രൂപതാദ്ധൃക്ഷന്‍ ഫ്രാന്കോ മുളക്കല്‍ പിതാവും വൈദികരും......

    ജരമ്പുരോഗികളും കൂപമണ്ഡൂപങ്ങളും കാണണം , സുഹ്രുത്തുക്കള്‍ ദയവായി കൂപമണ്ഡൂകങ്ങളെ കാണിക്കുക


    These are way of reception in Punjab

    ReplyDelete