Translate

Wednesday, October 26, 2016

ദൈവവിളിയെന്ന ആശയശൂന്യത!

തന്റെയോ, തന്റെ കുഞ്ഞിന്റെയോ, ഭാര്യയുടെയോ, അമ്മയുടേയോ, പെങ്ങളുടെയോ നേർക്ക് ഒരത്യാഹിതം വന്നു ഭവിക്കുന്പോൾ മാത്രമാണ്, സംഭവത്തിന്റെ ഗ്രാവിറ്റി നമുക്ക് ബോധ്യമാകുന്നത്. അല്ലാത്തപക്ഷം, അതുനമ്മുടെ ചിന്തയെയോ നീതിബോധത്തെയോ ഉണർത്തുകയില്ല. ഇവിടെ പറഞ്ഞു വരുന്നത്, പത്താം ക്ലാസ്‌ കഴിഞ്ഞ് വൈദികപഠനത്തിനു സെമിനാരിയിൽ പോയ, വലിയ സാന്പത്തിക ശേഷിയില്ലാത്ത ഒരു പതിനഞ്ചുവയസ്സുകാരനെ കുറിച്ചാണ്. പൗരോഹിത്യപദവിയെ കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടുകൾ ആത്മാർത്ഥമായിരുന്നതുകൊണ്ടും പഠനത്തിന്റെ സാന്പത്തിക ബാധ്യത അവൻ ചേർന്നു പഠിക്കാൻ ഉദ്ദേശിച്ച കോൺഗ്രിഗേഷൻ ഏറ്റെടുക്കാൻ തയാറായതുകൊണ്ടും, 2012 ജൂൺ മാസം അവൻ സെമിനാരിയിൽ ചേർന്നു.

സെമിനാരി പഠനത്തിന്റെ മൂന്നാം വർഷം അവസാനം, സംഭവങ്ങളുടെ  തുടക്കം ഇങ്ങനെയാണ്: സെമിനാരിയുടെ ഏഷ്യയിലെതന്നെ സമുന്നതനായ റെക്ടർ ജെയിംസ് തെക്കേമുറി, ഒരുദിവസം കുട്ടിയോട് സ്വകാര്യമായി പറയുന്നു; " മകനേ നീ ഭാഗ്യവാനാണ്". ഇതിന്റെ അർത്ഥമെന്താണെന്ന് ആരാഞ്ഞപ്പോൾ അത് പിന്നീട് പറയാമെന്നായിരുന്നു മറുപടി. എങ്കിലും, വിവേകമുള്ള കുട്ടി ചെറിയൊരളവിൽ  മനസ്സിലാക്കിയിരുന്നു, ആ പറഞ്ഞതിന്റെ പൊരുളെന്തായിരുന്നുവെന്ന്. അങ്ങനെ, ഒരുദിവസം സെമിനാരിയിലെ കിച്ചനിൽ, കുട്ടി പാചകത്തിൽ സഹായിച്ചുകൊണ്ടിരിക്കുന്പോൾ, ശ്രീമാൻ. ജെയിംസ് തെക്കേമുറി കടന്നു വന്നു പയ്യന്റെ ചന്തിയിൽ കയറി പിടിച്ചു. "മനുഷ്യനെ ജീവിക്കാൻ അനുവദിക്കില്ലേ അച്ചാ" എന്ന് കുട്ടി പ്രതികരിച്ചപ്പോൾ, ശകാരം കൊണ്ട് പൊതിയുകയായിരുന്നു തെക്കേമുറി. ഇക്കാര്യത്തിൽ സഹകരണ മനോഭാവമില്ലാത്ത കുട്ടിയോട് പിന്നീട്, കഠിനമായ വിവേചനബുദ്ധിയോടെയാണ് തെക്കേമുറി പെരുമാറിയത്. അത് കുട്ടിയുടെ മാനസികനിലയെയും പഠനത്തെയും വളരെ സരമായിത്തന്നെ ബാധിക്കാൻ തുടങ്ങി. സാന്പത്തികമായിക്കൂടി സഹായിക്കുന്ന കുട്ടിയെ തന്റെ ഇംഗിതത്തിനു വഴക്കിയെടുക്കാൻ, ഒരു റെക്ടർ എന്നനിലയിൽ തെക്കേമുറി തന്റെ പൂർണ്ണമായ അധികാരവും ഉപയോഗിച്ചു. ഒരു നല്ല വൈദികനാവുക എന്ന തന്റെ സഹജവും ആത്മാർത്ഥവുമായ ആഗ്രഹത്തെ മുറുകെപ്പിടിച്ചു കുട്ടി, ഒരു ശവമെന്നപോലെ തെക്കേമുറിയുടെ വൈകൃതങ്ങൾക്ക് പ്രാണവേദനയോടെ വഴങ്ങി. മറ്റുകുട്ടികളോടും തെക്കേമുറിയുടെ നിലപാടുകൾക്ക് മാറ്റമില്ല എന്നറിഞ്ഞ കുട്ടി വളരെയധികം അസ്വസ്ഥനായി. ഇതേസമയം കുട്ടിയുടെ ഉപരിപഠനത്തിനുള്ള സമയമാവുകയും, മറ്റൊരു സെമിനാരിയിലേക്ക്  താൽക്കാലികമായി മാറുകയും ചെയ്യണ്ടതായി വന്നു. കുട്ടിക്ക് ക്രിസ്തുമസ് അവധിയുണ്ടെന്നു നേരത്തെ മനസിലാക്കിയ തെക്കേമുറി, തന്റെ പഴയ സെമിനാരിയിലേക്ക് അവധിക്കു തിരിച്ചു വരാനിരിക്കുന്ന കുട്ടിയെ, മാനസികമായി തയാറെടുപ്പിച്ചത് ഫോണിൽ കൂടിയായിരുന്നു. അവധിക്കുവന്ന കുട്ടിയെ തെക്കേമുറി, അതേ അധമവികാരങ്ങളോടെ വീണ്ടും സമീപിച്ചു. കുട്ടിയുടെ ശക്തമായ എതിർപ്പിന് മുന്നിൽ ഇത്തവണ തെക്കേമുറി വിജയിച്ചില്ല. ഇതിൽ മനസ്സുമടുത്ത കുട്ടി, ഉപദേശം തേടുകയും സഭാ കോടതിയിൽ പരാതി കൊടുക്കുകയും ചെയ്തു. പരാതിയെത്തുടർന്ന്, സഭാധികാരികളുടെ അന്വേഷണത്തിൽ, തെക്കേമുറി കുറ്റക്കാരനാണെന്ന് തെളിയുകയും, അയാളെ സെമിനാരിയുടെ റെക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും ചെയ്തു. തത്സമയം, അവധി തീർന്ന്, വീണ്ടും ഉപരിപഠനത്തിനുചേർന്ന സെമിനാരിയിലേക്കുതന്നെ കുട്ടി തിരിച്ചുപോവുകയും ചെയ്തു.

പരാതിയുടെ ഉറവിടം മനസ്സിലാക്കിയ തെക്കേമുറിയും സഹോദരങ്ങളും, പലതവണ കുട്ടിയെ ഭീഷണിപ്പെടുത്തുകയും, പല മോഹനവാഗ്ദാനങ്ങളും നൽകി കൊടുത്ത പരാതി പിൻവലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിൽ, ചിന്തിക്കേണ്ട ഒരു പരമപ്രധാനമായ വസ്തുത, സഹോദരങ്ങളോട് പോലും താൻ ചെയ്ത കുറ്റകൃത്യമെന്താണെന്ന് തെക്കേമുറി അറിയിച്ചിരുന്നില്ല എന്നതാണ്. കീഴധികാരി നടത്തിയ സാന്പത്തിക ക്രമക്കേടുകൾ, താൻ കണ്ടുപിടിച്ചതിനു പ്രതികാരം തീർക്കാൻ അയാൾ കുട്ടിയെ കരുവാക്കി നടത്തിയ ആസൂത്രിതമായ കള്ളപ്പരാതിയാണിത് എന്നാണ് തന്റെ സഹോദങ്ങളെ തെക്കേമുറി തെറ്റിധരിപ്പിച്ചിരുന്നത്. ഒടുവിൽ, കുട്ടി ഭീഷണിക്കു വഴങ്ങി, മേൽപ്പറഞ്ഞവിധം, തെക്കേമുറിയുടെ കീഴധികാരിയുടെ ആസൂത്രണങ്ങളാണിവയൊക്കെയുമെന്ന് പരാതി തിരുത്തിയെഴുതിക്കൊടുക്കേണ്ടിവന്നു. പിന്നീട്‌, സത്യവിരുദ്ധപരാതിമൂലം തീർച്ചയായും തന്റെ കോൺഗ്രിഗേഷനിൽ തുടരാനുള്ള അനുവാദം, മേലധികാരിയായ ജനറൽ നിഷേധിക്കുമെന്നു തെക്കേമുറി വിദഗ്ദ്ധമായി കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതിനെത്തുടർന്ന്, സഹായമെന്ന വ്യാജേന കുട്ടിയുടെ വീട്ടിലെത്തിയ തെക്കേമുറിയുടെ സഹോദരൻ, കോൺഗ്രിഗേഷനിൽ തുടരാനുള്ള അനുവാദം കുട്ടിക്ക് നിഷേധിക്കപ്പെട്ടു എന്ന് മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിച്ചു. അതിൻപ്രകാരം, തെക്കേമുറി നിർദ്ദേശിക്കുന്ന ഇടത്തേക്ക് മാറണമെന്നും, അല്ലാത്തപക്ഷം കീഴധികാരി കുട്ടിയെ അപായപ്പെടുത്താൻ ശ്രമിക്കുമെന്നും മാതാപിതാക്കളെ ബോധിപ്പിച്ചു. ഇയാളുടെ വഞ്ചനാപരമായ കൗശലത്തിൽ വീണുപോയ മാതാപിതാക്കൾ, കഥയൊന്നും അറിയാതെ, തെക്കേമുറി ആവശ്യപ്പെട്ട സ്ഥലത്തേക്ക് പോകാനുള്ള കുട്ടിയുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് പറഞ്ഞയക്കുകയാണ് ഉണ്ടായത്.

അങ്ങനെ, തെക്കേമുറി നിർദ്ദേശിച്ച സ്ഥലത്ത് കുട്ടി എത്തിയപ്പോൾ മാത്രമാണ്, ഒരുവേള വീണ്ടും താൻ വിശ്വസിക്കാൻ തയാറായ അധികാരിയാൽ ദാരുണമായി വഞ്ചിക്കപ്പെടുകയായിരുന്നു എന്നവൻ മനസ്സിലാക്കിയത്. സ്ഥലപരിചയവും വ്യക്തിപരിചയവും ഇല്ലാത്തവനായിരുന്നിട്ടും, തെക്കേമുറിയുടെ ആസക്തികൾക്കു കീഴ്പ്പെടാൻ അവൻ ഒരിക്കലും തയ്യാറല്ലായിരുന്നു. ചതി മനസ്സിലാക്കിയ കുട്ടി പിറ്റേദിവസം തന്നെ തന്റെ വീട്ടിലേക്കു വണ്ടികയറി. ഏതാനും ദിവസങ്ങൾക്കു ശേഷം സ്റ്റഡി ലീവ് കഴിഞ്ഞ്, നേരത്തെ സൂചിപ്പിച്ച ഉപരിപഠനകേന്ദ്രത്തിലേക്ക് അവൻ തിരിച്ചുപോയി. പരീക്ഷ കഴിഞ്ഞുള്ള ഒരാഴ്ച ലീവിന് "ബാംഗ്ലൂർ വരുന്നോ, ഇത്തിരി ആഗ്രഹമുണ്ട് " എന്നുതുടങ്ങുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ, കുട്ടിയുടെ മനസ്സിനെ നിർബാധം മരവിപ്പിക്കുന്നതായിരുന്നു. അധികാരികൾ അറിഞ്ഞിട്ടും, തന്റെ റെക്ടർ സ്ഥാനം തെറിച്ചിട്ടും തെക്കേമുറിയിൽ ജെയിംസിന് യാതൊരു മനപരിവർത്തനവും ഉണ്ടായിട്ടില്ല എന്നുതിരിച്ചറിഞ്ഞ കുട്ടി, തെക്കേമുറിയുടെ കീഴധികാരിയുടെ പേരിൽ എഴുതിക്കൊടുത്ത സത്യവിരുദ്ധ പരാതിയിൽ മനംനൊന്ത്, പറ്റിപ്പോയ അപരാധം നിരുപാധികം മെത്രാനോട് ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കുകയും, അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം എറണാകുളം ട്രിബ്യുണലിൽ സത്യം ബോധിപ്പിച്ച്‌, സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ തനിക്കു സൂക്ഷിക്കേണ്ടിവന്ന തെളിവുകൾ ഹാജരാക്കുകയും ചെയ്തു.

ഇതറിയാനിടയായ ജെയിംസ് തെക്കേമുറി, കുട്ടിയെ നേരിട്ട് വിളിക്കുന്നത് നിർത്തി, കുട്ടി സ്വന്തം ചേട്ടായി എന്നനിലയിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്തപോന്ന മറ്റൊരു വൈദികവിദ്യാർത്ഥിയുടെ സഹായത്തോടെ, തന്റെ ഭീഷണികളും നിലപാടുകളും അറിയിച്ചുകൊണ്ടിരുന്നു. ഈ വൈദികവിദ്യാർത്ഥി, തെക്കേമുറിയുടെ സന്ദേശങ്ങൾ കുട്ടിക്ക് ചോർത്തിക്കൊടുക്കുന്നത്, അയാളുടെ ഭീഷണികളെപ്രതി തനിക്കു കുട്ടിയോടുള്ള കരുതലാണെന്നു വരുത്തിതീർക്കാനുള്ള കുത്സിതശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. തൽഫലമായി, കുട്ടിക്ക് ഈ വൈദികവിദ്യാർഥിയിലുള്ള വിശ്വാസം വർദ്ധിച്ചുകൊണ്ടിരുന്നു. തന്റെയും വീട്ടുകാരുടെയും ജീവനും സുസ്ഥിതിക്കും ഭീഷണിയുണ്ടായിട്ടും, പരാതി പിൻവലിക്കാൻ കൂട്ടാക്കാതിരുന്ന കുട്ടിയെ, മേൽസൂചിപ്പിച്ച വൈദികവിദ്യാർത്ഥിയുടെ പൂർണ്ണമായ അറിവോടെയും സഹായത്തോടെയും, എയർപോർട്ടിൽ വരുന്ന മറ്റൊരു വൈദികനെ സ്വീകരിക്കാൻ കൂടെ വരണമെന്നവ്യാജേന സെമിനാരിയിൽ നിന്ന് പുറത്തിറക്കി. പോകുന്ന വഴി, പ്രസ്തുത വൈദികവിദ്യാർത്ഥി, മേല്പറഞ്ഞ വൈദികൻ എയർപോർട്ടിൽ നിന്ന് വന്ന് അടുത്തുള്ള ഒരു സ്റ്റാർ ഹോട്ടലിൽ റൂമെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് അങ്ങോട്ട് കൂട്ടികൊണ്ടുപോയി.

ഹോട്ടൽറൂമിലേക്ക് കയറാൻ തുടങ്ങവേ, കുട്ടിക്ക്  അപരിചിതനായ ഒരാൾ വന്ന്, മേല്പറഞ്ഞ വൈദികവിദ്യാർത്ഥിയെ സ്വീകരിച്ചു, റൂമിലേക്ക് കയറി സംഭാഷണം തുടർന്നു. ഇതിനിടയിൽ, മേല്പറഞ്ഞ വൈദികവിദ്യാർത്ഥി കുട്ടിയോട് പറഞ്ഞത്; "ഇദ്ദേഹം മറ്റൊരു കോൺഗ്രിഗേഷനിലെ വൊക്കേഷൻ പ്രൊമോട്ടർ ആണെന്നും, അദ്ദേഹത്തോട് ഞാൻ നിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും, ആയതിനാൽ ഇവർ നിന്നെ സ്വീകരിക്കാൻ തയാറാണെന്നും, ഇതിനായി നിന്നോട് സംസാരിക്കാനുമാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നുമാണ്. തത്സമയം, ആ അപരിചിതൻ മേല്പറഞ്ഞ വൈദികവിദ്യാർത്ഥിയോട് റൂമിൽ നിന്ന് പുറത്തു പോകണമെന്നും ഇവനോടായി തനിച്ചു സംസാരിക്കണമെന്നും പറഞ്ഞു. വൈദികവിദ്യാർത്ഥി പുറത്തുപോയി ഏതാനും നിമിഷങ്ങൾക്കകം, സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയെ, പുറകിലെ ബാത്‌റൂമിൽ ഒളിച്ചിരുന്ന ജെയിംസ് തെക്കേമുറി ചെകിടത്തു അടിക്കുകയും, കഠാര കഴുത്തിൽവച്ചു കൂടെയുള്ള ശിങ്കിടിയെക്കൊണ്ടു വായിൽ തുണിതിരുകി മർദ്ദിക്കുകയും ചെയ്തു. ഇതുംപോരാതെ, ജെയിംസ് തെക്കേമുറി കുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുപറിച്ചു അവനെ പൂർണ്ണനഗ്നനാക്കി, അവയൊക്കെയും ക്യാമെറയിൽ പകർത്തുകയും, തന്റെ ശിങ്കിടിയുമായി കുട്ടിയെ രതിവൈകൃതങ്ങൾക്കു നിർദ്ദാക്ഷ്യണ്യമായി പ്രേരിപ്പിക്കുകയും, സമ്മതിക്കാതെ വന്നപ്പോൾ അതിക്രൂരമായി മുഖത്തടിക്കുകയും കുട്ടിയുടെ ജനനേദ്രിയത്തിൽ മർദ്ദനമേൽപ്പിക്കുകയും ചെയ്തു. വീണ്ടും, കഴുത്തിന്റെ ഇരുവശത്തും കഠാരവച്ച്, കുട്ടിയുടെ ഓൺലൈൻ മെയിൽ അക്കൗണ്ടുകളുടെ പാസ്സ്‌വേർഡുകൾ പറയിപ്പിച്ച്‌, ക്യാമെറയിൽ പകർത്തിയതൊക്കെ ഫേസ്ബുക്കിലും, യൂട്യൂബിലും അപ്‌ലോഡ് ചെയ്യുമെന്നും, അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ തങ്ങൾ പറയുന്നതുപോലെ എഴുതിത്തരണമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുവിറച്ചുപോയ കുട്ടി, അവർ ആവശ്യപ്പെട്ടതിൻപ്രകാരമൊക്കെ എഴുതിക്കൊടുത്തു; അത് തനിക്കെതിരെതന്നെയും, ജെയിംസ് തെക്കേമുറിയുടെ കീഴധികാരിക്കും, ജെയിംസിന് വിരോധമുള്ള മറ്റൊരു പുരോഹിതനും എതിരേയുമായിരുന്നു.


കുട്ടി, ഇക്കാര്യങ്ങൾ രൂപതാ മെത്രാനെ, തന്റെ അവശനില തരണം ചെയ്തതിനുശേഷം വിളിച്ചറിയിച്ചപ്പോൾ ഉണ്ടായ പ്രതികരണം, ഞെട്ടിക്കുന്നതും അങ്ങേയറ്റം അപഹാസ്യവുമായിരുന്നു. യാതൊരു നീതിബോധവും മാനുഷിക പരിഗണനയും ഇല്ലാതെ അദ്ദേഹം പറഞ്ഞത്: "ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം" എന്നാണ്!

                                                   .................................................................................................

ഇങ്ങനെയൊരു ആരോപണം ഉയർന്നുവരുന്പോൾ, സംഭവം നടന്ന സെമിനാരി, സ്വാഭാവികമായും നിലനിൽപ്പിന്റെ പ്രശ്‍നം നേരിടേണ്ടതായി വരുന്നു. ഇവിടെ തീർച്ചയായും പുനഃപരിശോധിക്കേണ്ടത്, 'ദൈവവിളി' എന്ന ആശയശൂന്യതയെ തന്നെയാണ്. ഫലത്തിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയണമെന്നാണല്ലോ! അങ്ങനെയെങ്കിൽ, 'വിളി' കിട്ടിയെന്നു പറയപ്പെടുന്ന ജെയിംസിനെ പോലുള്ള വ്യക്തികൾ പുറപ്പെടുവിക്കുന്ന 'ഫലങ്ങൾ' കണക്കിലെടുത്ത്, സഭയുടെ നെടുന്തൂണായ പൗരോഹിത്യം എന്ന 'വൃക്ഷത്തെ', സഭ എങ്ങനെയാണ് ദൈവശാസ്ത്രപരമായി വിശദീകരിക്കാനും നീതീകരിക്കാനും പോകുന്നത്?   

************ശ്രീമാൻ. ജെയിംസ് തെക്കേമുറി ഇപ്പോൾ റിമാൻഡിലാണ്************.  

3 comments:

  1. നിത്യബ്രഹ്മചാരിയായി ജീവിക്കാമെന്ന മനസോടെ ജീവനമാർഗമായി പൗരോഹിത്യമേൽക്കാൻ വരുന്ന ഓരോ റെക്ടർ ജെയിംസ് തെക്കേമുറിമാരെയും പട്ടംകൊടുക്കുന്നതിനു മുന്നേ അവരുടെ റ്റെസ്റ്റിക്കിൾസ്‌ / 'വരി' യെടുക്കുകയല്ലാതെ ഈ പ്രശ്നത്തിന് സഭയ്ക്ക് മറ്റൊരു പോംവഴിയുമില്ല ! പൗരോഹിത്യത്തിന് മുന്നേയുള്ള ഒന്നാം കൂദാശയായി ഈ ''വരിയെടുക്കൽകർമ്മത്തെ'' കാനോൺനിയമം മൂലം സഭയ്ക്ക് സാധൂകരിക്കുകയും ചെയ്യാമല്ലോ ! വരിയെടുക്കൽ കൂദാശയ്ക്കു വിധേയനാകുന്ന പുരോഹിത്യക്യാന്ഡിഡേറ്റും അവരുടെ മാതാപിതാക്കളും ബന്ധുക്കളും ആ ദയനീയ സമയത്തു പ്രത്യേകമായി ചൊല്ലേണ്ട കൂദാശാപ്രാർത്ഥന ഉൾകൊള്ളുന്ന കൂദാശാക്രമങ്ങളും സഭ മുൻകരുതലായി ഉണ്ടാക്കേണ്ടിയിരിക്കുന്നു ! ഓപൊറേഷൻ കഴിഞ്ഞ യുവാവിന് പ്രത്യേകം കൊന്ത നമസ്കാരവും രൂപകൽപന ചെയ്‌താലേറെ നന്ന് ! ഈ ദിവസങ്ങളിൽ അദ്ദേഹം മാതാവിനോടുള്ള കൊന്ത യാചന ഒഴിവാക്കുന്നതാനേറെ അഭികാമ്യം!
    ''അവൻ ഏകനായിരിക്കുന്നതു നന്നല്ല'' എന്ന ദൈവത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള ഒന്നാം കരുതൽ കാനോൺനിയമം കൊണ്ട് മൂടാമെന്നു കരുതിയ സഭ കുറെ നാണക്കേടും സഹിക്കേണ്ടിവരാമെന്നത് തികച്ചും ലോജിക്കലാണല്ലോ! സോദോമിനെ മറന്ന സഭയെ നിനക്ക് ഹാ കഷ്ടം! കർത്താവിനു മണവാട്ടിമാരെ ഉണ്ടാക്കി അവരെ വിഴുങ്ങുന്ന പൗരോഹിത്യമേ നിനക്ക് ഹാ കഷ്ടം!
    ''ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം'' എന്ന് ആ പാവം ഇരയോട് കരുണയില്ലാത്ത നാവുകൊണ്ട് പറഞ്ഞ ''രൂപാ താ'' മെത്രാനെ, തനിക്കു പ്രാര്ഥനയെന്തെന്നു കൂടി അറിയില്ലല്ലോ ! തന്നെ മെത്രാനാക്കിയത് സഭയുടെ കലികാലവൈഭവം തന്നെ ! samuelkoodal

    ReplyDelete