Translate

Sunday, October 9, 2016


Image may contain: 1 person , text




























 ആശംസാവതാരിക                           
  അന്‍പും അമ്പും  ചേര്‍ന്ന വിസ്മയമാണ് മനുഷ്യസ്‌നേഹത്തിന്റെ സാഹിത്യമെഴുത്ത് . ആശയം കുറിക്കു കൊള്ളണം .  പ്രതിബന്ധങ്ങളെ ധീരമായി മറികടക്കണം.  മായം ചേര്‍ന്ന ഭാവനകളെ  ശുദ്ധിചെയ്യണം . അലസമായ ഭാഷ പരിവര്‍ത്തനലക്ഷ്യം നേടുമെന്ന് പ്രതീക്ഷിക്കുക വയ്യ. 
കപടമായ ചമയസൗന്ദര്യം കണ്ണുകളെ വഞ്ചിച്ചേക്കാം. സത്യസന്ധമായ ആത്മയാഥാര്‍ഥ്യം അക്ഷരങ്ങളുടെ കൈപിടിച്ച് അഭിമാനത്തോടെ നടക്കുന്നത് കാണാനാണ് കാലത്തിനിഷ്ടം . നിര്‍ഭാഗ്യവശാല്‍ വശീകരിക്കപ്പെട്ട ചിന്തയും വന്ധ്യംകരിക്കപ്പെട്ട ആശയവും ധനാധികാരശക്തിയോടെ കൊടികുത്തിവാഴുന്ന അടിമജീവിതവ്യവസ്ഥയ്ക്കു നാം സാക്ഷിയാകേണ്ടിവരുന്നു.
.
കടുത്ത കൂരിരുട്ടില്‍ പൊടുന്നനെ  കൊള്ളിയാന്‍ മിന്നുമ്പോലെ ചില നൈമിഷികവെളിച്ചങ്ങള്‍ സഞ്ചാരികള്‍ക്കു അനുഗ്രഹമാകാറുണ്ട്.. സത്യത്തിന്റെ വെളിപാടുകളെ വളച്ചൊടിക്കുന്നവര്‍ക്ക്  മുന്നറിയിപ്പിന്റെ ആശയപ്രഹരമേല്പിക്കാന്‍ മടിയില്ലാത്ത ഒരാള്‍ എന്ന നിലയില്‍ ശ്രീ. സാമുവല്‍ കൂടല്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട് . എതിരാളികളുടെ ശകാരവര്‍ഷം ഭീഷണിയാകുമ്പോഴും വിശ്വസ്തമായ ആശയപ്രകാശനത്തിനു വേണ്ടി നിലകൊള്ളാന്‍ അദ്ദേഹത്തിന് മടിയില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അധികാരഘടനയെയും അനാചാരങ്ങളെയും പൊളിച്ചെഴുതുക എളുപ്പമല്ലെന്നറിയുന്ന മുതിര്‍ന്ന പൗരനാണ് സാമുവല്‍ കൂടല്‍ . 

എതിര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യത്തിന്റെ അലകും പിടിയും അദ്ദേഹത്തിന് കൃത്യമായി നിശ്ചയമുണ്ട് . നിര്‍ഭയമായി അഭിപ്രായം പറയാന്‍ പണയം വയ്ക്കാത്ത നാവുണ്ട് . ആശയസംവാദങ്ങളുടെ നേര്‍വഴിയില്‍നിന്ന്  ഓടിയൊളിക്കാനോ ഒളിയമ്പയച്ചു കീഴ്‌പ്പെടുത്താനോ ആരും ശ്രമിക്കേണ്ടതില്ല. ജനാധിപത്യസ്വാതന്ത്ര്യം എന്നത് മുട്ടുകുത്തിനിന്ന് യാചിച്ചുവാങ്ങലല്ല;  നിവര്‍ന്നുനിന്ന് അഭിമാനത്തോടെ അനുഭവിക്കലാണ് . സംയമനത്തോടെ ചിന്തിക്കാനും വിലയിരുത്താനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരാള്‍ എഴുതുമ്പോള്‍ , വായനക്കാരനെന്ന നിലയില്‍, അതേ
സ്വാതന്ത്ര്യത്തോടെ ആശംസകള്‍ നേരുക എന്റെ ചുമതലയാണെന്നു കരുതുന്നു.

ശ്രീ.സാമുവല്‍ കൂടലിന്റെ പ്രക്ഷുബ്ധമായ എഴുത്തവകാശത്തിന് സംഘര്‍ഷകാന്തി പ്രസരിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്.  ചരിത്രം ഒരേ ദിശയില്‍ മാത്രം പറക്കുന്ന പക്ഷിക്കൂട്ടത്തിന്റെ കഥയല്ല. നാല് ദിക്കും നിര്‍വചനം ചെയ്തു തിരിച്ചറിയുന്ന ഉദയാസ്തമയങ്ങളുടെ കാഴ്ചപ്പുറവും കാണാപ്പുറവുമാണ് .അവിടെ നേരന്വേഷണത്തിന്റെ ഒറ്റയാള്‍ക്കിതപ്പുണ്ട്.. അടിച്ചമര്‍ത്തലിന്റെ ആയുധപ്പുളപ്പുണ്ട്. അതിജീവനത്തിന്റെ സഹനജപങ്ങളുണ്ട്. മോചനത്തിന്റെ ജ്ഞാനകിരണങ്ങളുണ്ട്. 

ചരിത്രത്തിലെ തിരുത്തല്‍വിളക്കായി പ്രശോഭിക്കാന്‍ വചനസത്യത്തിനു കഴിയുമെന്ന് പ്രത്യാശിച്ച് ,സഹോദരസ്‌നേഹത്തോടെ ശ്രീ സാമുവേല്‍ കൂടലിന ്‌
 വിജയവും വിവേകവും ആശംസിക്കുന്നു .  നന്മനേരുന്നു....

                                                                                   പി.കെ.ഗോപി .

No comments:

Post a Comment