Translate

Wednesday, January 18, 2017

അത്മായരല്ല, അടിമകളുമല്ല; പിന്നെയോ രാജകീയപുരോഹിതര്‍!

ജോര്‍ജ് മൂലേച്ചാലില്‍
എഡിറ്റോറിയല്‍, സത്യജ്വാല ഡിസംബര്‍ 2016

ആദിമസഭയിലെ മൂപ്പന്മാ(elders)രില്‍ പ്രധാനിയായിരുന്ന പത്രോസ് ശ്ലീഹായുടെ വാക്കുകളില്‍നിന്ന്, യേശുവില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ക്രൈസ്തവരുടെ സഭയിലെ സ്ഥാനം ഏറ്റവും ഉന്നതമായിരുന്നുവെന്നു കാണാം. അദ്ദേഹം എഴുതുന്നു: ''നിങ്ങളോ, ഇരുട്ടില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചവന്റെ അത്ഭുതപ്രവൃത്തികള്‍ പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാകുന്നു. മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ ദൈവജനമായിത്തീര്‍ന്നിരിക്കുന്നു'' (1 പത്രോ. 2:9-10). ഇതിലും മഹത്തായ ഒരു വിശേഷണം ആര്‍ക്കും നല്‍കാനാവാത്തവിധം എത്രയോ ഔന്നത്യമേറിയ വാക്കുകളിലാണദ്ദേഹം സാധാരണ ക്രൈസ്തവരെ വിശേഷിപ്പിച്ചിരിക്കുന്നതെന്നു നോക്കുക. ഇതില്‍, 'തിരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗം', 'വിശുദ്ധജനത', 'ദൈവത്തിന്റെ സ്വന്തം ജനം' എന്നീ വിശേഷണങ്ങള്‍ പഴയനിയമശൈലിയിലുള്ളവയായതിനാല്‍, അവയ്ക്ക് എന്തെങ്കിലും പുതുമയുണ്ടെന്നു പറഞ്ഞുകൂടാ. എന്നാല്‍, 'രാജകീയപുരോഹിതഗണം' എന്ന പുതുമയാര്‍ന്ന വിശേഷണം പ്രത്യേകപഠനം അര്‍ഹിക്കുന്നു. സഭയില്‍ ക്രൈസ്തവവിശ്വാസികളുടെ യഥാര്‍ത്ഥ സ്ഥാനം പുനര്‍നിര്‍ണ്ണയിക്കുന്നതിനും അതുപകരിക്കും. 
'രാജകീയത' എന്ന വാക്ക് പരമാധികാരത്തെ കുറിക്കുന്നു; 'പുരോഹിതന്‍' എന്ന വാക്ക് ബലിയര്‍പ്പണത്തെയും. ക്രൈസ്തവസഭയില്‍ പരമമായ അധികാരമുള്ളവരും ബലിയര്‍പ്പകരും വിശ്വാസിസമൂഹമാണെന്നാണ് പത്രോസ് ശ്ലീഹാ ആ പദപ്രയോഗംകൊണ്ടു വ്യക്തമാക്കുന്നത്. ആദിമസഭയില്‍ വിശ്വാസികളുടെ ഗണം കൂട്ടായി ആലോചിച്ചാണ് സഭാപരമായ ഏതു തീരുമാനവും എടുത്തിരുന്നതെന്നും, അതെല്ലാം അതേ കൂട്ടായ്മതന്നെയാണു നടപ്പാക്കിയിരുന്നതെന്നും അപ്പോസ്തലരുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു നാം മനസ്സിലാക്കിയിട്ടുള്ളതാണ്. അതായത്, ആദിമസഭയുടെ സ്വയംഭരണസംവിധാനത്തില്‍ വിശ്വാസിസമൂഹത്തിനുമുകളില്‍ ഒരു അധികാരസ്ഥാനമോ സ്ഥാനിയോ ഇല്ലായിരുന്നു; അവര്‍തന്നെയായിരുന്നു അവരുടെ രാജാക്കന്മാര്‍. അങ്ങനെ സ്വയം രാജത്വം വരിച്ചവര്‍ എന്ന അര്‍ത്ഥത്തില്‍, വിശ്വാസികളെക്കുറിച്ചുള്ള പത്രോസിന്റെ 'രാജകീയഗണം' എന്ന വിശേഷണം നമുക്കു മനസ്സിലാക്കാനാകും.
എന്നാല്‍, ബലി-പൂജാദികളുടെ കാര്‍മികരാണു പുരോഹിതര്‍ എന്നിരിക്കേ, ബലിയര്‍പ്പകരല്ലാത്ത വിശ്വാസിസമൂഹത്തെ 'പുരോഹിതഗണം' എന്ന് പത്രോസ്ശ്ലീഹാ എങ്ങനെ വിശേഷിപ്പിച്ചു എന്നൊരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. യഥാര്‍ത്ഥ ബലിയര്‍പ്പകരായിത്തീരുക എന്ന ആഹ്വാനത്തിനുശേഷമായിരുന്നു, 'പുരോഹിതഗണം' എന്ന് വിശ്വാസിസമൂഹത്തെ അദ്ദേഹം വിശേഷിപ്പിച്ചത് എന്നിവിടെ ഓര്‍ക്കേണ്ടതുണ്ട്. ''ജീവനുള്ള കല്ലുകള്‍പോലെ നിങ്ങള്‍ സ്വയം ഒരു ആദ്ധ്യാത്മികഭവനമായി പണിയപ്പെടുക; അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിനു സ്വീകാര്യമായ ആത്മീയബലികള്‍ അര്‍പ്പിക്കാന്‍ ഒരു വിശുദ്ധ പുരോഹിതജനമായിത്തീരുക'' (1 പത്രോ. 2:5) എന്നതായിരുന്നു പ്രസ്തുത ആഹ്വാനം. 'ആത്മീയബലി' എന്ന, അന്നുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ ബലിസങ്കല്‍പ്പമാണ് പത്രോസ് ഇവിടെ അവതരിപ്പിക്കുന്നത്. ഏതാണ്ട് അതേശൈലിയില്‍ പൗലോസ് ശ്ലീഹായും ക്രിസ്തുവിശ്വാസികള്‍ അനുഷ്ഠിക്കേണ്ട ബലിയെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: ''നിങ്ങളുടെ ആദ്ധ്യാത്മിക ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ജീവനുള്ള ബലിയായി സമര്‍പ്പിക്കുക'' (റോമാ. 12:1).
എന്താണ്, ദൈവത്തിനു സ്വീകാര്യമായ ഈ ആത്മീയബലി, അഥവാ ജീവനുള്ള ബലി? ഇതിനുത്തരം, യേശുവിന്റെ ഗിരിപ്രഭാഷണത്തിലും, ദൈവകല്പനകളെക്കുറിച്ച് അവിടുന്നു നല്‍കുന്ന വ്യാഖ്യാനങ്ങളിലും വേണ്ടത്രയുണ്ട്. ഗര്‍വ് (ego) വര്‍ജിക്കുക, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരാകുക, അതിനുവേണ്ടി പീഡനങ്ങളനുഭവിക്കാന്‍ സന്നദ്ധതയുള്ളവരാകുക, ഹൃദയശുദ്ധിയും കാരുണ്യവുമുള്ളവരായിരിക്കുക... മറ്റുള്ളവരോട് സ്‌നേഹവും അനുകൂലമനോഭാവവും ഉള്ളവരാകാനും അവരുടെ നന്മയ്ക്കും പൊതുനന്മയ്ക്കുംവേണ്ടി സ്വയം ത്യജിച്ച് കര്‍മ്മം ചെയ്യാനുമുള്ള ഉപദേശമാണ് ഇതിലൂടെയെല്ലാം യേശു നല്‍കുന്നത്. സന്മനസോടെ സ്വയം ത്യജിക്കുമ്പോള്‍ അത് ജീവനുള്ള ആത്മീയബലിയായിത്തീരുന്നു. ആദിമസഭയില്‍ വിശ്വാസികള്‍ നടത്തിക്കൊണ്ടിരുന്ന ആത്മീയബലികളുടെ ജീവനുള്ള ചിത്രം ഇങ്ങനെ വിരചിച്ചിരിക്കുന്നു: ''വിശ്വാസം സ്വീകരിച്ച എല്ലാവരും ഒരു സമൂഹമായി. എല്ലാ വസ്തുക്കളും അവര്‍ക്കു പൊതുവായിരുന്നു. അവര്‍ തങ്ങളുടെ വസ്തുവകകളും വിഭവങ്ങളും വിറ്റു. ഓരോരുത്തരുടെയും ആവശ്യാനുസരണം എല്ലാവര്‍ക്കുമായി പങ്കിടുകയുംചെയ്തു'' (അപ്പോ.പ്രവ. 2:44-46). സ്വന്തം ജീവിതം എല്ലാവരുടെയും ശ്രേയസിനായി പങ്കുവയ്ക്കുന്നതാണ് ദൈവത്തിനു സ്വീകാര്യമായതും ജീവനുള്ളതുമായ ആത്മീയബലി.
സ്വന്തം ശാരീരികവാഞ്ഛകളെ താലോലിക്കാനും അവയുടെ സാക്ഷാത്കാരത്തില്‍ സന്തോഷിക്കുവാനുമുള്ള പ്രവണത  മുഴുവന്‍ ജന്തുവിഭാഗങ്ങളുടെയും സൃഷ്ടിയില്‍ത്തന്നെയുള്ള സഹജപ്രകൃതിയാണ്; അതുകൊണ്ടുതന്നെ മനുഷ്യന്റെയും. അതില്‍ തെറ്റുണ്ടെന്ന് യേശു പഠിപ്പിക്കുന്നുമില്ല. എന്നാല്‍, വിശേഷബുദ്ധിയോടുകൂടിയ മനുഷ്യന് തന്നെപ്പോലെതന്നെ മറ്റുള്ളവരെയും കരുതാന്‍ കഴിയുന്ന ഒരു ആദ്ധ്യാത്മികതലമുണ്ടെന്നും, അതുണര്‍ത്തി പരാര്‍ത്ഥതാഭാവമാര്‍ജിച്ച് ദൈവികതയിലേക്കുയരുകയെന്നത് മനുഷ്യന്റെ കര്‍ത്തവ്യമാണെന്നുമുള്ള ഒരു പാഠം അവിടുന്ന് പഠിപ്പിച്ചു. അല്ലെങ്കില്‍ അവന്റെ മനസ്സ് സ്വന്തം കാര്യങ്ങളില്‍മാത്രമായി ചുരുങ്ങിപ്പോകുകയും അതിനുമപ്പുറത്തുള്ള സാമൂഹിക-സാംസ്‌കാരിക-ആദ്ധ്യാത്മികമേഖലകള്‍ അവനു സമ്മാനിക്കുന്ന കൂടുതല്‍ ഉദാത്തമായ സന്തോഷങ്ങളും ആനന്ദാനുഭൂതികളും അനുഭവിക്കാന്‍ ശേഷിയില്ലാത്തവനായിത്തീരുകയുംചെയ്യുന്നു. അതു മനുഷ്യന്റെ വ്യക്തിതലത്തിലുള്ള നഷ്ടം. അവനില്‍ നിഗൂഹനം ചെയ്യപ്പെട്ടിരിക്കുന്ന സവിശേഷകഴിവുകളുടെയും സിദ്ധികളുടെയും സര്‍ഗ്ഗശേഷികളുടെയും ഫലം സമൂഹത്തിനും നഷ്ടമാകുന്നു. ഇതു സംഭവിക്കാതിരിക്കാനാണ്, ''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'' (മത്താ. 22:40) എന്ന് യേശു ഉപദേശിച്ചത്. ''മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങളും അവരോടു പെരുമാറുക'' (മത്താ. 7:12) എന്നു പറഞ്ഞ് ഇതു കൂടുതല്‍ വ്യക്തമാക്കിത്തരുകയുംചെയ്തു, യേശു. അവനവനോടും മറ്റുള്ളവരോടും പ്രസാദാത്മകവും അനുഭാവപൂര്‍ണ്ണ(ുീശെശേ്‌ല)വുമായ മനോഭാവം പുലര്‍ത്തുക എന്ന ഈ ഉപദേശത്തെ, ''ഇതത്രെ നിയമവും പ്രവാചകരും'' എന്നു പ്രഖ്യാപിച്ച്, മുഴുവന്‍ പുരോഹിതനിയമങ്ങളെയും വ്യാഖ്യാനങ്ങളെയും മനുഷ്യനുവേണ്ടി അവിടുന്ന് തട്ടിമാറ്റിത്തരുകയുംചെയ്തു. എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കി മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി സ്വജീവിതം തുറന്നിടണമെന്നും അര്‍പ്പിക്കണമെന്നും, അതാണ് യഥാര്‍ത്ഥ ആത്മീയതയും മതജീവിതവുമെന്നും വ്യക്തമാക്കുകയായിരുന്നു, യേശു. എന്നാല്‍ ഈ ആത്മീയത ഉള്‍ക്കൊള്ളുമ്പോള്‍, തന്നെപ്പോലെത്തന്നെ മറ്റുള്ളവരെയും സ്‌നേഹിക്കുമ്പോള്‍, അവരുടെ സന്തോഷങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉതകത്തക്കവിധം സ്വന്തം സന്തോഷങ്ങള്‍ ബലികഴിക്കേണ്ടിവരും. ഇതു ചിലപ്പോള്‍ ജീവത്യാഗംവരെ ആകാം. 'ദൈവത്തിനു സ്വീകാര്യമായ ജീവനുള്ള ബലി' എന്നു പറയുമ്പോള്‍ ഇതൊക്കെയാണ് അപ്പോസ്തലന്മാര്‍ വിവക്ഷിക്കുന്നത്.
ഇപ്രകാരം, സ്വന്തം ജീവിതംകൊണ്ട് ആത്മീയബലികളര്‍പ്പിക്കാന്‍, പുരോഹിതരാകാന്‍, മനുഷ്യരെ പ്രാപ്തരാക്കുന്ന ആദ്ധ്യാത്മികശുശ്രൂഷയാണ് സുവിശേഷപ്രഘോഷണം. യേശു തന്റെ ശിഷ്യരോടു കല്പിച്ചത് ഈ ശുശ്രൂഷ നിര്‍വ്വഹിക്കാനാണ്; അല്ലാതെ, പഴയനിയമപുരോഹിതരേപ്പോലെ അനുഷ്ഠാനബലിയര്‍പ്പകരോ പുരോഹിതരോ ആകാനല്ല.
സുവിശേഷമനുസരിച്ച് രണ്ടു വിധത്തിലുള്ള കര്‍മ്മങ്ങളാണ് സഭയിലുള്ളത്. ഒന്ന്, മനുഷ്യരെ ആദ്ധ്യാത്മികരാക്കാനുള്ള, ദൈവജനമാക്കാനുള്ള സ്‌നേഹത്തിന്റെ സുവിശേഷപ്രഘോഷണം. രണ്ട്, ഈ ആത്മീയബന്ധുത്വബോധത്തില്‍ അധിഷ്ഠിതമായ ഒരു പാരസ്പര്യജീവിതവ്യവസ്ഥ-ദൈവരാജ്യം-കെട്ടിപ്പടുക്കാന്‍വേണ്ടി ദൈവജനം അര്‍പ്പിക്കുന്ന ത്യാഗോജ്വലമായ ആത്മീയബലികള്‍. ബലിയര്‍പ്പകരിവിടെ മുഴുവന്‍ വിശ്വാസികളുമാണ്; അതുകൊണ്ടുതന്നെ പുരോഹിതരും അവരാണ്. അവര്‍ക്കു ശുശ്രൂഷകരല്ലാതെ മേലധികാരികളില്ല എന്നു സൂചിപ്പിക്കാനാണ്, അവരെ 'രാജകീയ പുരോഹിതഗണം' എന്ന് പത്രോസ് ശ്ലീഹാ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ രാജകീയപുരോഹിതഗണത്തെയാണ്, അവരുടെ ആദ്ധ്യാത്മികശുശ്രൂഷകരാകാന്‍ നിയോഗിതരായവര്‍ അത്മായരും അടിമകളുമാക്കിയിരിക്കുന്നത് എന്നോര്‍ക്കുക.
അനുഷ്ഠാനപൗരോഹിത്യം എപ്പോഴും എല്ലായിടത്തും ഒരേ സ്വഭാവത്തോടുകൂടിയുള്ളതാണ്. യേശു അതെല്ലാം എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. അവര്‍ കപടനാട്യക്കാരും സ്വര്‍ഗ്ഗരാജ്യം മനുഷ്യരുടെ മുമ്പില്‍ അടച്ചുകളയുന്നവരും അന്ധരായ വഴികാട്ടികളുമാണ്. ദുര്‍വഹമായ ചുമടുകള്‍ കെട്ടി മനുഷ്യരുടെ ചുമലില്‍ വയ്ക്കുന്നവരാണ്; ഒരു വിരല്‍കൊണ്ടുപോലും സഹായിക്കാന്‍ മനസ്സില്ലാത്ത അലസരും ഗര്‍വ്വിഷ്ഠരുമാണ്; എന്തു ചെയ്യുന്നതും മനുഷ്യരെ കാണിക്കാന്‍വേണ്ടിയാണ്; തിരുവചനങ്ങള്‍ തങ്ങളുടെ നെറ്റിപ്പട്ടങ്ങളില്‍ വലുതായെഴുതി പ്രദര്‍ശിപ്പിച്ച് ദൈവനാമം ദുരുപയോഗിക്കുന്ന ദൈവദൂഷകരാണ്; വിരുന്നുകളില്‍ മുഖ്യസ്ഥാനവും സിനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടവും ചന്തസ്ഥലങ്ങളില്‍ അഭിവാദനവും മനുഷ്യരില്‍നിന്ന് 'ഗുരോ' എന്ന സംബോധനയും മോഹിക്കുന്നവരാണ്; പുറം മാത്രം വൃത്തിയാക്കിയ ചഷകങ്ങള്‍പോലെയും വെള്ളയടിച്ച ശവക്കല്ലറകള്‍പോലെയും പുറമേ മാന്യരും നീതിമാന്മാരുമായി സ്വയം പ്രദര്‍ശിപ്പിക്കുന്നവരാണ്, അകം കൊള്ളയും അത്യാര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നവരാണ്; പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ നിര്‍മ്മിക്കുന്നവരും അവരെ കൊല്ലുന്നവരുമാണ്; തങ്ങളുടെ ഖ്യാതിക്കുവേണ്ടി നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നവരുമാണവര്‍... (മത്താ. 23-ല്‍ നിന്ന്).
ഇപ്രകാരം, ബഹിര്‍മുഖത്വം, അദ്ധ്വാനവിമുഖത, ഗര്‍വ്, പുകഴ്ചയോട് ആഗ്രഹം, കാപട്യം, ക്രൂരത, നീതിരാഹിത്യം, സത്യാന്വേഷണവിമുഖത എന്നിവയെല്ലാം മുഖമുദ്രയായിരിക്കുന്ന അനുഷ്ഠാനപൗരോഹിത്യത്തിനെങ്ങനെ വിശ്വാസികളെ രാജകീയപുരോഹിതഗണമായി അംഗീകരിക്കാനാവും? അവര്‍ക്കെങ്ങനെ ഈ ജനത്തിന്റെ ശുശ്രൂഷകരായി സ്വയം കാണാനാവും? അപ്രകാരം പഠിപ്പിക്കുന്നവരെ എങ്ങനെ വച്ചുപൊറുപ്പിക്കാനാവും? അനുഷ്ഠാനപൗരോഹിത്യത്തിന് അതു സാധ്യമല്ലതന്നെ. അതുകൊണ്ടാണ്, പ്രവാചകരെ കൊല്ലുകയെന്ന തങ്ങളുടെ പരമ്പരാഗതസ്വഭാവം പുറത്തെടുത്ത് യേശുവിനെ അവര്‍ ക്രൂശിച്ചത്.
എന്നാല്‍, യഹൂദമതത്തില്‍നിന്നു വേര്‍തിരിഞ്ഞു രൂപംകൊണ്ട ക്രൈസ്തവസഭകളിലൊന്നും അനുഷ്ഠാനപൗരോഹിത്യത്തിന് ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ കടന്നുകൂടാനായില്ല. പൗരോഹിത്യത്തിനു സഭയിലേക്കു പരവതാനി വിരിച്ചുകൊടുത്തത്, റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈനായിരുന്നു. സഭയുടെ ശുശ്രൂഷാഘടനയെ കീഴ്-മേല്‍ മറിച്ചുകൊണ്ട് അദ്ദേഹം ആദ്ധ്യാത്മികശുശ്രൂഷകരെ വിശ്വാസികളുടെമേല്‍ ഭരണാധികാരമുള്ള പുരോഹിതരും മെത്രാന്മാരും മാര്‍പ്പാപ്പയുമാക്കി. യേശുവിന്റെ ദൈവത്വം സംബന്ധിച്ച് അതിനിടയിലുണ്ടായിക്കഴിഞ്ഞിരുന്ന തര്‍ക്കത്തിലിടപെട്ടുകൊണ്ട് ബലിയനുഷ്ഠാനത്തിനും അനുഷ്ഠാനപൗരോഹിത്യത്തിനും വഴിതുറന്നുകൊടുക്കുകയായിരുന്നു, ചക്രവര്‍ത്തി. എ.ഡി. 325-ല്‍ അദ്ദേഹം വിളിച്ചുചേര്‍ന്ന നിഖ്യാസൂനഹദോസില്‍, ത്രിതൈ്വകദൈവസങ്കല്പത്തെ സഭയുടെ ആധികാരികവിശ്വാസപ്രമാണത്തിലുള്‍പ്പെടുത്തി യേശുവിനെ 'പുത്രനായ ദൈവ'മായി പ്രഖ്യാപിക്കുകയും യേശുവിന്റെ കൊലപാതകത്തെ മനുഷ്യപാപങ്ങള്‍ക്കുള്ള പരിഹാരബലിയായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹമിതു സാധിച്ചത്. പൗരോഹിത്യത്തെ സംബന്ധിച്ച് സഭയിലേക്കു പ്രവേശിക്കാനുള്ള ഒരു ആനവാതില്‍തന്നെ ആയിരുന്നു അത്. അതോടുകൂടിയാണ്, രാജകീയപുരോഹിതരായിരുന്ന വിശ്വാസിസമൂഹം വിവരമില്ലാത്ത (lay people)അത്മായരും അടിമകളുമായി താഴ്ത്തപ്പെട്ടത്. ഇന്നത്തെ പുരോഹിത-അത്മായസങ്കല്പങ്ങള്‍ റോമന്‍ അധികാരസങ്കല്പവും  പഴയനിയമപൗരോഹിത്യവും വിളക്കിച്ചേര്‍ത്തുണ്ടാക്കിയതാണെന്നും, ബൈബിള്‍പരമായി അതിനു യാതൊരു സാധൂകരണവുമില്ലെന്നും സാരം. 
സഭയെ റോമന്‍സാമ്രാജ്യഘടനയോടിണക്കിച്ചേര്‍ത്ത് സാമ്രാജ്യമതമാക്കാന്‍ ബൈബിള്‍ വാക്യങ്ങളെ വളച്ചൊടിച്ചവതരിപ്പിക്കുകയാണ് 4-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈനും അക്കാലത്തെ പുരോഹിതരും ചെയ്തതെങ്കില്‍, 5-ാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യം തകര്‍ന്നതോടെ ഉദയംകൊണ്ട റോമന്‍കത്തോലിക്കാ പുരോഹിതസര്‍വ്വാധിപത്യം, 'നിങ്ങള്‍ കെട്ടുന്നവയെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കു'മെന്ന യേശുവചനത്തെപ്പിടിച്ച്, ബൈബിള്‍ അടച്ചുപൂട്ടി കെട്ടിയിടുകയാണു ചെയ്തത്. അതോടെ പത്തു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ഒരു അന്ധകാരയുഗം യൂറോപ്പിലാകെ ഉദ്ഘാടനം ചെയ്യപ്പെട്ടു. പൗരോഹിത്യത്തിന്റെ ഈ അക്രൈസ്തവചെയ്തിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുനേരെ സ്വയം തെറ്റാവരം പ്രഖ്യാപിച്ച് ഫണം വിടര്‍ത്തിയാടുകയും വിഷം ചീറ്റുകയുമായിരുന്നു, ഈ നൂറ്റാണ്ടുകളിലത്രയും കത്തോലിക്കാ പൗരോഹിത്യം. തങ്ങളുടെ പ്രാമണ്യത്തിനും സുഖലോലുപ അലസജീവിതത്തിനുംവേണ്ടി ലക്ഷക്കണക്കിനു രക്തസാക്ഷികളെ ഈ റോമന്‍ പൗരോഹിത്യം സൃഷ്ടിച്ചു.
പൗരോഹിത്യം 5-ാം നൂറ്റാണ്ടില്‍ അടച്ചുപൂട്ടിയ ബൈബിള്‍ തുറക്കുവാനുള്ള സാഹസികശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയത് 12-ാം നൂറ്റാണ്ടോടെയാണ്. 16-ാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ രംഗപ്രവേശത്തോടെ ആ പരിശ്രമങ്ങള്‍ വിജയത്തിലെത്തുകയുംചെയ്തു. സഭ നെടുകെ പിളരുകയും കത്തോലിക്കാപൗരോഹിത്യം ദുര്‍ബലമാകുകയും ചെയ്തത് അപ്പോഴാണ്. യൂറോപ്പിന്റെ നവോത്ഥാനത്തിന് അങ്ങനെ കളമൊരുങ്ങി.
ഇത്രയുമൊക്കെയായിട്ടും അതില്‍നിന്നൊന്നും പാഠം പഠിക്കാനോ തെറ്റുതിരുത്താനോ റോമന്‍ കത്തോലിക്കാസഭ തയ്യാറായില്ല. പകരം, അതേ ധാര്‍ഷ്ട്യത്തോടെ 'രക്ഷ കത്തോലിക്കാസഭയിലൂടെമാത്രം' എന്ന മുദ്രാവാക്യവുമായി ബാക്കി ലോകം വെട്ടിപ്പിടിക്കാന്‍ പോര്‍ട്ടുഗീസ്-സ്‌പെയിന്‍ രാജാക്കന്മാരെ തന്റെ അധികാരപത്രവും നല്‍കി മാര്‍പ്പാപ്പാ നിയോഗിക്കുകയാണുണ്ടായത്. ഇതിന്റെ ഫലമായാണ്, ബൈബിള്‍ പരാമര്‍ശിതമായ ആദിമസഭാസമ്പ്രദായവുമായി ഏതാണ്ടു സദൃശമായി കേരളത്തില്‍ പുലര്‍ന്നുപോന്ന മാര്‍ത്തോമ്മാ നസ്രാണി സഭ തകര്‍ക്കപ്പെട്ടതും റോമന്‍ പുരോഹിതാധിപത്യസമ്പ്രദായത്തിലേക്ക് ഉടച്ചുവാര്‍ക്കപ്പെട്ടതും. ഇവിടുത്തെ കത്തനാരന്മാര്‍ ആദിമസഭയില്‍ ആദ്ധ്യാത്മികശുശ്രൂഷകരായിരുന്ന മൂപ്പന്മാര്‍ക്കും, ജാതിക്കു കര്‍ത്തവ്യന്‍ പ്രധാന മൂപ്പനായിരുന്ന പത്രോസിനും സമാനരായിരുന്നു. അവര്‍ ആദ്ധ്യാത്മികശുശ്രൂഷകള്‍ക്കു നേതൃത്വവും പള്ളിയോഗങ്ങള്‍ക്ക് ആദ്ധ്യക്ഷ്യവും വഹിക്കുകയല്ലാതെ സഭാഭരണം നടത്തിയിരുന്നില്ല. അതെല്ലാം നിര്‍വ്വഹിച്ചിരുന്നത്, 'ഇണങ്ങര്‍' എന്ന ബഹുമാന്യനാമത്തില്‍ അറിയപ്പെട്ടിരുന്ന വിശ്വാസികളായിരുന്നു. ഇപ്രകാരം സഭാസമൂഹത്തിന്റെ നിയന്താക്കളായിരുന്നവരെയാണ് റോമന്‍ കത്തോലിക്കാപൗരോഹിത്യം സൈനികബലത്തിലും രാഷ്ട്രീയസ്വാധീനത്തിലും 1599-ല്‍ നടത്തപ്പെട്ട ഉദയംപേരൂര്‍ സൂനഹദോസുവഴി അല്‍മായരും അടിമകളുമാക്കി മാറ്റിയത് എന്നോര്‍ക്കുക.
നിഖ്യാസൂനഹദോസിലൂടെ ആഗോളസഭയ്ക്കും ഉദയംപേരൂര്‍ സൂനഹദോസിലൂടെ കേരളസഭയ്ക്കും സംഭവിച്ച തലതിരിവു മാറ്റിയെടുക്കാതെ കത്തോലിക്കാസഭയ്ക്ക് യേശുവിന്റെ സഭയാകാനാവില്ല. യേശുവിന്റെ സഭയാകാത്തിടത്തോളം, പൗരോഹിത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും അതു വ്യവസ്ഥാപിക്കുന്ന സാമ്രാജ്യത്വമാതൃകകളില്‍നിന്നും സഭയ്‌ക്കോ ലോകത്തിനുതന്നെയോ മോചനമില്ല. പൗരോഹിത്യം ദുര്‍ബലപ്പെടുമ്പോള്‍ ആ മതസമൂഹങ്ങളില്‍മാത്രമല്ല, മൊത്തം സമൂഹത്തിലാണ് നവോത്ഥാനമുണ്ടാകുന്നത്. ലൂഥറിനു ശേഷമുള്ള യൂറോപ്പും ശ്രീ നാരായണഗുരുവിനേത്തുടര്‍ന്നുള്ള കേരളവും ഇതു തെളിയിക്കുന്നുണ്ട്. ഇന്നു പ്രത്യക്ഷമായി നിലനില്‍ക്കുന്ന ആഗോളചന്തവ്യവസ്ഥിതിയും പരോക്ഷമായി നിലനില്‍ക്കുന്ന നവകൊളോണിയലിസവും വേരൂന്നിയിരിക്കുന്നത് ക്രൈസ്തവപൗരോഹിത്യവ്യവസ്ഥയിലാണെന്ന് സൂക്ഷ്മദൃക്കുകള്‍ക്കു കാണാനാകും. അതുകൊണ്ട്, പൗരോഹിത്യത്തിന്റെ വേരറക്കുകയെന്നതാണ് സമുദായപരിഷ്‌ക്കരണത്തിനും സാമൂഹികനവോത്ഥാനത്തിനുമുള്ള ആദ്യപടി. അതിന്, ലൂഥര്‍വരെയുള്ളവര്‍  പിന്നിട്ട സഭാനവീകരണത്തിന്റെ സാഹസികപാത കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാടോടെ വീണ്ടും വെട്ടിത്തെളിക്കേണ്ടിയിരിക്കുന്നു. റോമന്‍ പൗരോഹിത്യത്തോട് ‘No’ എന്ന് അലറി പ്രഖ്യാപിച്ച 1653-ലെ കൂനന്‍കുരിശുസത്യം കേരളക്രൈസ്തവര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേകം വഴികാട്ടിയാണ്. 
സേവകര്‍ യജമാനന്മാരായി പെരുമാറാനാരംഭിച്ചാല്‍, 'നിര്‍ത്ത്' എന്നു പറഞ്ഞ് അവരെ പിരിച്ചുവിടാന്‍ യഥാര്‍ത്ഥ യജമാനന്മാര്‍ക്ക് അവകാശമുണ്ട്. സഭയില്‍ തങ്ങള്‍ രാജകീയസ്ഥാനത്തുള്ളവരാണെന്ന ബോധം വിശ്വാസിസമൂഹത്തിനുണ്ടായാല്‍ മതി, അതു സംഭവിക്കാന്‍. വിശ്വാസികള്‍ കേവലം അത്മായരോ അടിമകളോ അല്ലെന്നും, മറിച്ച് രാജകീയപുരോഹിതരാണെന്നുമുള്ള അവബോധം സഭയില്‍ വളരട്ടെ!

No comments:

Post a Comment