Translate

Saturday, January 28, 2017

ഉണരുണരൂ KCRM

"ചൊട്ട മുതൽ ചുടലവരെയും ചുമടും താങ്ങി" [മാമോദീസ മുതൽ പള്ളിസ്മശാനം വരെയും പൗരോഹിത്യമെന്ന ചൂഷണത്തെയും ചുമന്നു]  സഭകളെന്ന കൂദാശ കമ്മട്ട കമ്പനികളുടെ അടിമകളായി കഴിയുന്നവരെ..ഇതിലെ  ഇതിലെ.. 

പൗരോഹിത്യത്തോടു പൊരുതി പൊതിരെ തല്ലുവാങ്ങിച്ചു , സ്വയം പ്രാണനെ പ്രപഞ്ചമാകുന്ന ദൈവമെന്ന പിതാവിന് തിരികെ കൊടുത്ത് താൽക്കാലിക ഉറക്കത്തിനു / മയക്കത്തിന് / മരണത്തിനു  വിട്ടു കൊടുത്ത് "മനുഷ്യപുത്രനെന്ന'' മാതൃക കാണിച്ച ക്രിസ്തുവിനൊരു പിൻഗാമിയായി അടിത്തയിടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവതരിച്ചു കർമ്മ നിരതനായി, പിന്നീട് ക്രിസ്തുവിനെപ്പോലെ എല്ലാം നിവർത്തിയായി എന്ന് മൗനമായി മന്ത്രിച്ചു കൊണ്ട് വീണ്ടും നമുക്ക് മാതൃക കാട്ടിയ ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ പിൻഗാമികളായി,                [ KCRM എന്ന നാമധേയത്തിൽ ] നീതിക്കുവേണ്ടി പൊരുതാൻ ജന്മമെടുത്ത ക്രിസ്തുവിൽ എന്റെ  സഹോദരങ്ങളെ, നിങ്ങള്ക്ക് നമസ്ക്കാരം !

"നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത് ,അധിഭാഷണത്താൽ ഉത്തരം കിട്ടുമെന്നല്ലോ അവർ കരുതുന്നതു ? അവർക്കു തുല്യരാകരുതു!, നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നതു  ഇന്നതെന്നു നിങ്ങളുടെ 'ദൈവമെന്ന പിതാവ് ' അറിയുന്നുവല്ലോ " എന്ന് നമ്മെ പ്രബോധിപ്പിച്ചു, കൂദാശയെന്ന പൗരോഹിത്ത്യ ജല്പന ചാപല്യത്തെ അതികഠിനമായി വിമർശിച്ചു നമ്മെ ഉദ്ധരിക്കാൻ ശ്രമിച്ച "രക്ഷകൻ " സാക്ഷി , നാം ഇന്നിന്റെ പൗരോഹിത്യ തട്ടിപ്പു കൂദാശകൾ വെറുത്തു ഒഴിവാക്കേണ്ടതാകുന്നു !

തന്റെ സഹധർമ്മിണിയുടെ ജഡം കത്തനാർക്കു കൂദാശ ചെയ്ത് ചിക്കിലിയുണ്ടാക്കാൻ വിട്ടുകൊടുക്കാതെ, ഏവർക്കും കണ്ടു പഠിക്കുവാൻ [കോടാനുകോടി ഭാരതീയരെപ്പോലെ] സ്വന്തം വീട്ടുവളപ്പിൽ ആ ജഡം അടക്കംചെയ്‌ത്‌, അതിനു കാവലിരുന്നു തന്റെ  'പ്രേമം' സഫലമാക്കുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിനെ അനുകരിക്കാൻ നമ്മുടെ ഈ KCRM  ഇൽ എത്ര ക്രിസ്തു അനുയായികൾ ഇന്നുണ്ട്  [ക്രിസ്ത്യാനികൾ ഉണ്ട്] എന്ന കണക്കു ക്രിസ്തു എന്നിലൂടെ     കാലത്തോട് ചോദിക്കുന്നു ! 

മരണമെന്ന സുന്ദരപ്രതിഭാസം വന്നു നമ്മെ ഓരോരുത്തരെയും വിളിക്കും മുമ്പേ, നമ്മിലെത്രപേർക്കു [സ്വന്തമായി നാലുസെന്റ് മണ്ണുള്ളവർ] "പള്ളിപ്പറമ്പെ വിട" എന്ന് ചൊല്ലാനാകും ഈ നാവടങ്ങും മുൻപേ ?  ''സർവ്വവ്യാപിയായ ദൈവത്തിനു ഇടതും വലതും കൽപ്പിക്കുന്ന പോഴൻ പാതിരിയുടെ കൂദാശയെന്ന ദൈവനിഷേധ ജല്പനത്തിന്റെ ശിപാര്ശമൂലം കിട്ടുന്ന സ്വർഗം എനിക്ക്  വേണ്ടാ / പകരം എന്റെ 'മനസാ വാചാ കർമണാ ' ഉള്ള ചെയ്തികളെ നീതിയോടെ വിധിക്കുന്നവന്റെ ന്യായമായ വിധിയിടമാണ് നരകമെങ്കിലും, അത് എനിക്കെന്നും സ്വർഗംതന്നെ ''   എന്ന് മനക്കണ്ണുകൊണ്ടു കാണാവുന്നവർ ഈ KCRM ഇൽ എത്രപേർ ഇന്നുണ്ട് എന്ന് കണക്കെടുക്കേണ്ടിയിരിക്കുന്നു !

വിപ്ലവം പറഞ്ഞതുകൊണ്ടായില്ല , പകരം പൗരോഹിത്യത്തിനെതിരെ ചാട്ടവാറെടുത്തു , കയ്യാപ്പാവിന്റെ [മെത്രാന്റെ] പട്ടാളത്തിന്റെ തല്ലുവാങ്ങിയ  ക്രിസ്തുവോളം നാം മരിക്കേണ്ടിയിരിക്കുന്നു ! എങ്കിലേ മെത്രാനെ ഊശയാക്കിയ ക്രിസ്തുവിന്റെ "ഉയർത്തെഴുനേൽപ്പ്‌" KCRM നും എന്നെങ്കിലും സാധ്യമാകൂ നിശ്ചയം! നമ്മുടെ ഉണർവ് കണ്ടു  നമ്മുടെ മക്കൾ / യുവാക്കൾ പൗരോഹിത്യത്തിന്റെ അടിമകളും, [അവർ നാമകരണം ചെയ്യുന്ന] പാപികളും ആകാതെ , ഇവിടെ ദൈവമക്കളായി, [പൗരോഹിത്യമെന്ന ഏദനിലെ പാതിരിപ്പാമ്പിനെ  കണ്ടു മുട്ടും മുമ്പേ ] ഏദനിലെ അവ്വയെപ്പോലെ , ആദത്തിനെപ്പോലെ  വിലസി വാഴുവാൻ അടുത്ത തലമുറകൾക്കും സാധിക്കുകയുള്ളൂ! ആയതിനാൽ നാടായനാടാകെ ഉണരുണരൂ KCRM ....സാമുൽകൂടൽ

No comments:

Post a Comment