Translate

Sunday, January 8, 2017

'സത്യജ്വാല'ക്ക് എല്ലാവിധ ഭാവുകങ്ങളും! ജോസഫ് പുലിക്കുന്നേല്‍

'സത്യജ്വാല' ആരംഭിച്ചിട്ട് അഞ്ചു വര്‍ഷമായി. സഭയുടെ ചരിത്രത്തില്‍ ചെറിയ ഒരു കാലഘട്ടമാണ് ഇത്. അതുപോലെ പ്രശ്‌നഭരിതമായ കാലഘട്ടവുമായിരുന്നു. സഭയെ നവീകരിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധങ്ങളാണ്. അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പ്രവര്‍ത്തകര്‍ക്ക് സംശയം തോന്നാം. ഓശാന തുടങ്ങിയിട്ട് 41-ലേറെ വര്‍ഷമായി. സഭാനവീകരണ പരിശ്രമത്തിനുവേണ്ടി ആദ്യം ഇറങ്ങിപുറപ്പെട്ടത് ഓശാന ആയിരുന്നു. ഓശാനയുടെ 41 കൊല്ലത്തെ ചരിത്രം പഠിച്ചിട്ടുള്ള എനിക്ക് ഒട്ടും നിരാശ തോന്നുന്നില്ല. കാരണം സഭയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. തെറ്റുകള്‍ എന്നും തുടരാന്‍ സഭാധികാരികള്‍ക്ക് കഴിയുകയില്ല. സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയാണ് സത്യജ്വാലയുടെയും ഓശാനയുടെയും കടമ. മാറ്റങ്ങള്‍ വരുന്നുണ്ട്. പക്ഷേ നമ്മുടെ കര്‍മ്മം കൂടുതല്‍ ശക്തിപ്പടുത്തേണ്ടിയിരിക്കുന്നു.
സഭാധികാരം ഇപ്പോഴും പണത്തിന്റെയും അധികാരത്തിന്റെയും രംഗങ്ങളില്‍ ഒരു ലജ്ജയുമില്ലാതെ സുവിശേഷ വിരുദ്ധമായി തങ്ങളുടെ കര്‍മണ്ഡലം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സീറോമലബാര്‍ സഭയ്ക്ക് ഒരു പ്രത്യേക റീത്ത് ഉണ്ടായിട്ടും നമ്മുടെ പൂര്‍വ പാരമ്പര്യങ്ങളിലേക്ക് തിരിച്ചു പോകാന്‍ ഒരു പരിശ്രമവും സഭാധികാരം നടത്തുന്നില്ല. മാര്‍ത്തോമ്മായടെ നിയമം ചരിത്ര പുസ്തകങ്ങളില്‍ ഉറങ്ങുകയാണ്. എന്നാല്‍ സീറോമലബാര്‍ സഭയുടെ കാതലായ മാര്‍ത്തോമ്മായുടെ നിയമം ഇന്നും പുനസ്ഥാപിച്ചിട്ടില്ല. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭാഭരണത്തിന്റെ പ്രത്യേകതയായിരുന്ന അര്‍ക്കാദിയാക്കോന്‍ സ്ഥാനം ഇപ്പോഴും പുനസ്ഥാപിച്ചിട്ടുമില്ല. സഭയുടെ കാതലായ ഈ സ്ഥാനം പുനസ്ഥാപിക്കുമെങ്കില്‍ മാത്രമേ മെത്രാന്മാരുടെ ഭൗതിക സ്വത്ത് ഭരണത്തിന് അവസാനമാകുകയുള്ളൂ. മെത്രാന്‍ സ്ഥാനം സഭയില്‍ ഭൗതിക സ്വത്തു ഭരണത്തിനു വേണ്ടി സ്ഥാപിച്ചതല്ല.
പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ വരാപ്പുഴ മെത്രാന്‍ യൗസേപ്പു ദെ സൊല്ലിദൊരെയ്ക്ക് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു : ''മലങ്കരയുള്ള പള്ളികള്‍ മിഷനറിമാരുടെ തന്തമാര്‍ പണിയിച്ചതാണെന്നും, ഇവിടത്തെ ജനങ്ങള്‍ മിഷനറിമാരുടെ അടിമകളും വിടുപണിക്കാരുമാണെന്നും മിഷനറിമാരുടെ അനുവാദം കൂടാതെ പള്ളിക്കാര്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും. പക്ഷെ, ഞാന്‍ നിന്നോടു പറയട്ടെ. നീ അത്രയൊന്നും ഉറച്ചിരിക്കണ്ട.'' (വര്‍ത്തമാനപ്പുസ്തകം, ഐ.ഐ.സി.എസ്. പ്രസിദ്ധീകരണം, 3-ാം പതിപ്പ്, പേജ് 362)

റോമിന്‍നിന്നും നിയമിച്ച് വിവിധ രൂപതകളില്‍ അധികാരം ഭരിക്കുന്ന സീറോ മലബാര്‍ സഭാ മെത്രാന്മാര്‍ ഒന്നു ധരിക്കുന്നത് നന്ന്. ഇവിടുത്തെ പള്ളികളും സ്ഥാപനങ്ങളും മെത്രാന്മാരുടെയും അച്ചന്മാരുടെയും തന്തമാര്‍ പണിയിച്ചതൊന്നുമല്ല. അത് ജനങ്ങളുടേതാണ്. ഈ സ്ഥാപനങ്ങള്‍ എക്കാലവും ഭരിക്കാം എന്നുള്ള മോഹം ഇവിടുത്തെ ജനാധിപത്യം അറിയാവുന്ന ജനങ്ങള്‍ അനുവദിച്ചു കൊടുക്കുകയില്ല എന്നറിയുക. ഇവിടുത്തെ സെമിത്തേരികളൊന്നും ഒരച്ചന്റേതുമല്ല. ഇത് തുറന്നെഴുതേണ്ട സമയമായിക്കഴിഞ്ഞിരിക്കുന്നു. റീത്ത് വ്യത്യാസത്തിന്റെ പേരില്‍ അടിമത്വം കെട്ടിവയ്ക്കാനുള്ള എല്ലാ പരിശ്രമവും കഴിയുന്നതും വേഗം അവസാനിപ്പിക്കുന്നതാണ് നന്ന്. 

No comments:

Post a Comment