പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം
[ഫാ. എസ്. കാപ്പന്‍ 1993 നവം. 30-നാണ് അന്തരിച്ചത്. 23 വര്‍ഷം കഴിഞ്ഞിരിക്കുന്നു. കറകളഞ്ഞ സത്യാന്വേഷിയും ചിന്തകനുമായിരുന്ന അദ്ദേഹത്തിന്റെ സ്മരണ പുതുക്കാന്‍ ഒരു ലേഖനം]
സത്യജ്വാല ഡിസംബർ 2016
കാപ്പനച്ചന്റെ കവിതയിലൂടെ
''ആദിയില്‍ ചിന്തയുടെ പ്രഥമബീജകോശമായി കാമം ഉയിര്‍ക്കൊണ്ടു'', ''കാമമാണ് ആദ്യജാതം, ദേവന്മാരെയും പിതൃക്കളെയും മാനവരെയുംകാള്‍ മഹോന്നതം.'' എന്നീ വേദസൂക്തങ്ങള്‍ വേദകാല സംസ്‌കൃതിയെക്കുറിച്ചുള്ള അച്ചന്റെ ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്(കാപ്പന്‍, 2014). ഈ കണ്ടെത്തലുകള്‍ കവിതയുടെ തുടക്കത്തില്‍ത്തന്നെ പ്രതിഫലിക്കുന്നു:
ആദിയില്‍ മനുഷ്യനുണ്ടായിരുന്നു
മനുഷ്യന്‍ കാമമായിരുന്നു
കാമിച്ച കാമത്തിനു ബോധമില്ലായിരുന്നു
അതിനു നാമരൂപങ്ങളില്ലായിരുന്നു.
പ്രപഞ്ചോല്‍പത്തിയില്‍ത്തന്നെ നാമരൂപങ്ങളോ ആത്മബോധമോ ഇല്ലാത്ത കാമമായി മനുഷ്യന്‍ ഭ്രൂണാവസ്ഥയിലുണ്ടായിരുന്നു എന്നാണിവിടെ സ്ഥാപിക്കുന്നത്. സ്വയം തിരിച്ചറിഞ്ഞ, ചുറ്റുവട്ടങ്ങളെക്കുറിച്ചവബോധം നേടിയ കാമമാണു നാമിന്നറിയുന്നതുപോലുള്ള മനുഷ്യന്‍. ആ മനുഷ്യന്‍ കണ്ടതെല്ലാം കാമിച്ചു, കൂടുതല്‍ കൂടുതല്‍ സ്വന്തമാക്കാന്‍ മോഹിച്ചു. കൂടുതലറിയാനും കൂടുതല്‍ ആയിത്തീരാനും കൊതിച്ചു. അങ്ങനെ നമ്മുടെയീ ലോകത്തെ ഉണ്മയിലേക്കാനയിച്ചതു കാമമാണ്. ഇനിയും പിറക്കാനിരിക്കുന്നതിനും നിര്‍മ്മിക്കപ്പെടാനിരിക്കുന്നതിനും വേണ്ടിയുള്ള മനുഷ്യന്റെ ആസക്തിയുടെ കഥയാണ് ചരിത്രം. കാമം നിലച്ചാല്‍ ആ ചരിത്രവും നിലയ്ക്കും.
ഇത്രയും പറഞ്ഞുവച്ചിട്ട് അച്ചന്‍ കടക്കുന്നത് കാമത്തിനു സംഭവിച്ച പതനത്തെക്കുറിച്ചാണ്. ലക്ഷ്യത്തിനു പകരം മാര്‍ഗ്ഗത്തെയും, ആയിത്തീരലിനു പകരം കൈയടക്കലിനെയും, സംയോജനത്തിനു പകരം വിഘടനത്തെയും, പൗരസ്ത്യത്തിനു പകരം പാശ്ചാത്യത്തെയും, മനുഷ്യന്‍ മുറുകെപ്പിടിച്ചപ്പോഴാണ് കാമം കലുഷിതമായത്. വികലമായ കാമം 'എന്റേതും' 'നിന്റേതും' എന്നു ലോകത്തെ വേര്‍തിരിച്ചു. 'എന്റേതിന്റെ' വിസ്തൃതി കൂട്ടാനായി വെള്ളക്കാര്‍ കറുത്തവരെയും, തലച്ചോറു പേശീബലത്തെയും, ലിംഗം യോനിയെയും കോളനീകരിച്ചു. ഇങ്ങനെ തുടരുന്നു വികലകാമം വിതയ്ക്കുന്ന വിനാശത്തിന്റെ വിവരണം.
ഇടിമുഴക്കത്തിലൂടെ മനുഷ്യനു കിട്ടുന്ന സന്ദേശങ്ങളെക്കുറിച്ചുള്ള ബൃഹദാരണ്യകോപനിഷത്തിലെ സൂചനയെ പിന്‍പറ്റിയാണ് അച്ചന്റെ കവിത പുരോഗമിക്കുന്നത്. 'ദ ദ ദ' എന്ന ഇടിമുഴക്കം 'ദാനം, ദമനം, ദയ' എന്നിങ്ങനെ മാനവരാശിക്കിന്നു രക്ഷോപായമാകാവുന്ന മൂന്നു നന്മകളെയാണത്രേ സൂചിപ്പിക്കുന്നത്. ഈ ത്രിഗുണങ്ങളെ യേശുവിന്റെയും ബുദ്ധന്റെയും സന്ദേശങ്ങളുമായി ഇണക്കിച്ചേര്‍ത്തു വിവരിച്ചശേഷം മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ച് ഒരു പ്രവാചകനെപ്പോലെ കാപ്പനച്ചനെഴുതുന്നു:
നാളത്തെ പ്രഭാതം ഉയിര്‍ത്തെഴുന്നേറ്റ ഭൂമിയെ ദര്‍ശിച്ചേക്കാം,
മാനവീകരിക്കപ്പെട്ട മനുഷ്യരാശിയെയും.
ഈ കവിതയ്ക്കു പിന്നാലെ എഴുതപ്പെട്ടതാവണം ''വേദകാല സംസ്‌കൃതിയും പരിസ്ഥിതി പ്രതിസന്ധിയും'' എന്ന ലേഖനം. അതില്‍ കാമത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്,
''വൈദികകാലസമൂഹത്തിന്റെ എല്ലാ അദ്ധ്വാനത്തിനും പിന്നിലുള്ള ചാലകശക്തി കാമം ആയിരുന്നു. ഇവിടെ കാമം മനുഷ്യനില്‍ മാത്രം പ്രവര്‍ത്തിക്കുന്ന നൈസര്‍ഗ്ഗിക വാസനയെന്നതിനെക്കാള്‍ ആദിമമായ ഒരു വിശ്വശക്തിയാണ്.''
ഈ പുതിയ വെളിച്ചത്തിലാണ് തന്റെ അപ്രകാശിതമായ ഓര്‍മ്മക്കുറിപ്പുകളില്‍ ക്രൈസ്തവഭക്തിമാര്‍ഗ്ഗം സ്വന്തം സര്‍ഗ്ഗാത്മകതയിലേല്‍പിച്ച മാരകമായ ക്ഷതത്തെക്കുറിച്ച് അച്ചന്‍ വിവരിക്കുന്നത്.
ഫോണ്‍: 9495897122
ഈ ലേഖനം വായിച്ചിട്ടു കാര്യമായി എനിയ്ക്കൊന്നും ഗ്രഹിക്കാൻ സാധിച്ചില്ല. ഉയർന്ന ചിന്തകൾ ലേഖനത്തിൽ ഒളിഞ്ഞിരിക്കുന്നുവെന്നു മനസിലാക്കുന്നു. ഫാദർ കാപ്പനെന്ന ചിന്തകന്റെ പുസ്തകങ്ങളൊന്നും വായിക്കാൻ കഴിഞ്ഞിട്ടില്ല. അല്മായ ശബ്ദത്തിൽക്കൂടിയാണ് കാപ്പനെന്ന എഴുത്തുകാരനെ പരിചയപ്പെടുന്നതും. എങ്കിലും ശ്രീ വട്ടമറ്റത്തിന്റെ ലേഖനം അടിസ്ഥാനപരമായി ആശയങ്ങൾ നിറഞ്ഞതാണ്.
ReplyDelete'കാമം' എന്ന് പറയുമ്പോൾ പലരും ഉദ്ദേശിക്കുന്നത് ലൈംഗിക വികാരമോ അശ്ലീലമോ എന്നെല്ലാം ആകാം. എന്നാൽ അതിലുമുപരി കാമത്തിൽ ഒരു തത്ത്വ ശാസ്ത്രമുണ്ട്. വാത്സ്യയാന്റെ 'കാമ സൂത്ര' പലരും കല്പിച്ചിരിക്കുന്നത് അശ്ളീല ശാസ്ത്രങ്ങളെന്നാണ്. അത് തെറ്റായ ചിന്താഗതിയാണ്. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ആത്മാർത്ഥത എങ്ങനെ നെയ്തെടുക്കാമെന്നു വാത്സ്യായനൻ ചിത്രങ്ങളിൽക്കൂടി കലാപരമായി വിവരിച്ചിട്ടുണ്ട്. അത് വേദങ്ങളിൽ നിന്നും പൊട്ടിമുളച്ച ഹൈന്ദവത്തിലെ വിശുദ്ധമായ ഒരു ശാസ്ത്രംകൂടിയാണ്.
ഒരു മതമെന്ന് പറയുമ്പോൾ അതിന്റെ പ്രധാന കാതൽ ധർമ്മമായിരിക്കും. ഒരാളുടെ ഭൗതിക വിജയത്തിന് 'അർത്ഥം' ആവശ്യമാണ്. കാമമെന്നു പറയുമ്പോൾ ഒരു മനുഷ്യന്റെ മൂന്നാമത്തെ ലക്ഷ്യമായി ഋഷിമാർ ചിന്തിക്കുന്നു. ധർമ്മം,അർത്ഥം, കാമം ഹൈന്ദവ തത്വങ്ങളുടെ കാതലായ മൂന്നു ദർശനങ്ങളാണ്.
കാമമെന്നു പറയുന്നത് ഒരു ശരീരത്തിനാവശ്യമുള്ള ഇന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങൾ കൂടിയാണ്. ശ്രവണം, കാഴ്ച, സ്പർശനം, രുചി, മണം എന്നീ പഞ്ചേന്ദ്രിയ ശക്തികൾ ഉപബോധ മനസുകളിൽ പ്രവർത്തിക്കുമ്പോഴാണ് കാമാനുഭവം ഉണ്ടാകുന്നത്. ഇന്ദ്രീയാനുഭവങ്ങൾ പ്രത്യേകമായ ഒരു അവയത്തിൽ സ്പർശിക്കുമ്പോൾ കാമം ഉത്തേജിപ്പിക്കുന്നു. എതിർലിംഗത്തിൽ ആരോഗ്യപരമായ ഒരു ബന്ധവും ആത്മാർത്ഥതായും കാമത്തിൽക്കൂടി പ്രകടമാവുന്നു. 'സ്നേഹമാണഖില സാര മൂഴിയിൽ' എന്ന കവിയുടെ തത്ത്വ ചിന്തയും കാമത്തിന്റെ ഭാഗമാണ്.
പാശ്ചാത്യ ലോകം ക്ലേശകരവും സംഘർഷവുമായ ജീവിതം നയിക്കുന്നതുകൊണ്ടു സ്നേഹത്തോടെയുള്ള ഒരു ലൈംഗികാസക്തി അവർ ആസ്വദിക്കുന്നില്ല. 'കാമം' എന്നുള്ള സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും കല അവർക്കറിയില്ല. കാമത്തിൽ പ്രേമമുണ്ട്, സ്നേഹമുണ്ട്, ആത്മാർത്ഥതയുണ്ട്, പരസ്പര സ്നേഹത്തോടെയും ആത്മാർത്ഥമായ ഹൃദയത്തോടെയും ലൈംഗിക പ്രക്രിയകളിൽ മുഴുകിയാലേ കാമം പൂർത്തികരിക്കുള്ളൂ. ലോകം തന്നെ ഐശ്വര്യവും ആവുള്ളൂ. 'കാമം' എന്നുള്ളത് പാപമല്ല പുണ്യമെന്നും മനസിലാക്കണം. ദൈവം തന്ന കഴിവുകൾ എങ്ങനെ പാപമാകും.