Translate

Friday, January 6, 2017

മാടത്തരുവിയിലെ മറിയക്കുട്ടിയും ബെനഡിക്ടച്ചന്റെ വിശുദ്ധ സഹനങ്ങളും


ജോസഫ് പടന്നമാക്കൽ 


അരനൂറ്റാണ്ടുകൾക്കപ്പുറത്തു നടന്ന കുപ്രിസിദ്ധമായ മാടത്തരുവി മറിയക്കുട്ടിക്കൊലക്കേസിനെപ്പറ്റി ഇന്നുള്ള  മുതിർന്ന തലമുറകളിൽ പലരും ഓർമ്മിക്കുന്നുണ്ടാവാം! ഫാദർ ബെനഡിക്ട് ഓണംകുളം പ്രതിയായിരുന്ന ആ കേസിനെ സംബന്ധിച്ചുള്ള ചൂടുള്ള വാർത്തകൾ വായിക്കാൻ ദീപിക കൊണ്ടുവരുന്ന പത്രക്കാരനെ കാത്തിരിക്കുന്നതും ഓർക്കുന്നു. പേപ്പറുകൾ ചൂടപ്പം പോലെ വിറ്റഴിയുമായിരുന്നു. കേരളകൗമുദിയും തനിനിറവും ഫാദർ ബെനെഡിക്റ്റിനെ മറിയക്കുട്ടിയുടെ ഘാതകനായി ചിത്രീകരിക്കുമ്പോൾ ദീപികയ്ക്കും മനോരമയ്ക്കും അദ്ദേഹം നിഷ്കളങ്കനായിരുന്നു. മഞ്ഞപത്രമായ തനിനിറത്തിന്റെ പ്രചരണം പത്തിരട്ടിയായി വർദ്ധിക്കുകയും ചെയ്തു. അന്നൊക്കെ ഒരു പുരോഹിതനെന്നു പറഞ്ഞാൽ വിശ്വാസികളെ സംബന്ധിച്ചടത്തോളം ദൈവതുല്യമായിരുന്നു. ഒരു കൊലക്കേസിൽ പുരോഹിതൻ പ്രതിയാകുന്നതും ശിക്ഷ ലഭിക്കുന്നതും കേരള ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. മാടത്തരുവി കേസെന്നറിയപ്പെട്ടിരുന്ന ഈ സംഭവം അക്കാലങ്ങളിൽ ഓരോ കത്തോലിക്കന്റെയും ആത്മാഭിമാനത്തിന്റെ പ്രശ്നമായും കരുതിയിരുന്നു. കൊല്ലം ഡിസ്ട്രിക്ട് ജഡ്ജ് കുഞ്ഞുരാമൻ വൈദ്യർ  അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് കേരള ഹൈക്കോടതിയിലെ ജഡ്ജി പി.റ്റി രാമൻ നായരുടെ വിധിയിൽ നിരുപാധികം കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

ഫാദർ ബെനഡിക്റ്റ് 1929-ൽ അതിരംപുഴയിലുള്ള ഒരു സിറിയൻ കത്തോലിക്കാ കുടുംബത്തിൽ  ജനിച്ചു. മാന്നാനം, സെന്റ് എപ്രേം സ്‌കൂളിൽ വിദ്യാഭ്യാസം. ആറാം ക്‌ളാസ് പഠനം പൂർത്തിയാക്കിയശേഷം  1950-ൽ ഒരു പുരോഹിതനാകാൻ സെമിനാരിയിൽ ചേർന്നു.1959-ൽ പൗരാഹിത്യ പട്ടം സ്വീകരിക്കുകയും ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള വിവിധ പള്ളികളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1962-ൽ മന്ദമാരുതിയടുത്തുള്ള കണ്ണമ്പള്ളി പള്ളിയിൽ വികാരിയായി ചുമതലകൾ വഹിച്ചു. അതിനുശേഷം 1962-1964 വരെ ആലപ്പുഴ ചക്കരക്കടവ് പള്ളിയിൽ വികാരിയായിരുന്നു. അക്കാലഘട്ടത്തിലാണ് ഭർത്താവിനെ ഉപേക്ഷിച്ച മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റുമായി സൗഹാർദ്ദബന്ധത്തിലാകുന്നത്. അതിനുശേഷം അദ്ദേഹം ചങ്ങനാശേരിയിൽ സെന്റ് ജോസഫ്സ് ഓർഫനേജ് പ്രസ്സിൽ മാനേജരായി ചുമതലയെടുത്തു. മറിയക്കുട്ടി കൊലക്കേസിൽ അറസ്റ്റ് ചെയ്യുന്നതുവരെ സേവനം അവിടെ തുടർന്നു.

1966 ജൂൺ പതിനാറാം തിയതി 43 വയസുണ്ടായിരുന്ന മറിയക്കുട്ടിയുടെ മൃതദേഹം  മന്ദമാരുതിയിലെ   മാടത്തരുവിയിലുള്ള ഒരു തേയിലത്തോട്ടത്തിൽ, അജ്ഞാതനിലയിൽ കണ്ടെത്തി. അവർ അഞ്ചു മക്കളുള്ള വിധവയായ ഒരു സ്ത്രീയായിരുന്നു. മാടത്തരുവിയുടെ തീരത്ത് അക്കരെ ഒരു വനത്തിനഭിമുഖമായി ശവം മലർന്നു കിടന്നിരുന്നു. ചുറ്റും വീടുകളില്ലാതെ അവിടം ഒരു വിജനമായ പ്രദേശമായിരുന്നു. ഇട്ടിരുന്ന വസ്ത്രമായ ചട്ട ഒരു കൈയുടെ ഇടയിലായി കുടുങ്ങി കിടന്നിരുന്നു. മരിച്ച ശരീരത്തിന്റെ അരയ്ക്കു മുകൾഭാഗവും മാറിടവും നഗ്നമായിട്ടായിരുന്നു കിടന്നിരുന്നത്. ഒരു ചെവിയുടെ അറ്റത്തു നിന്ന് മറ്റേ ചെവിയുടെ അറ്റം വരെ കഴുത്തു മുറിച്ചിട്ടുണ്ടായിരുന്നു. ചങ്കത്തും അടിവയറിലും അനേക മുറിവുകളുമുണ്ടായിരുന്നു. ശരീരത്തിൽ  ആഭരണവും ധരിച്ചിരുന്നു. ശരീരത്തിന്റെ താഴെ ഭാഗമായി ഒരു ബെഡ്ഷീറ്റും സമീപത്ത് ഒരു കുടയുമുണ്ടായിരുന്നു. ശവം കിടന്നിരുന്ന സ്ഥലത്തിലെ വസ്തുവിന്റെ ഉടമസ്ഥനാണ് ആദ്യം മരിച്ചു കിടക്കുന്നതു കണ്ടത്. കേസ്, രാജ്യം മുഴുവനും വ്യാപിക്കുകയുമുണ്ടായി. പത്രങ്ങളും മാസികകളും മറിയക്കുട്ടി കൊലക്കേസിനെ സംബന്ധിച്ച വാർത്തകൾ വലിയ കോലാഹലത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു. മറിയക്കുട്ടി കൊലപാതകത്തെ മാടത്തരുവി അല്ലെങ്കിൽ മന്ദമാരുതി കേസെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

മറിയക്കുട്ടി മക്കളുമൊത്ത് അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ആലപ്പുഴ പട്ടണത്തിലുള്ള അവലൂക്കുന്നിലായിരുന്നു അവരുടെ ഭവനം. മൂന്നു പ്രാവിശ്യം അവർ വിവാഹിതയായിരുന്നു. മൂന്നാം വിവാഹത്തിലെ  ഭർത്താവ് രോഗബാധിതനായി ശരീരം തളർന്നു പോയതുകൊണ്ട്   അയാളെയും  ഉപേക്ഷിച്ചിരുന്നു. പിന്നീട് മരിക്കുന്നവരെ അഞ്ചുവർഷത്തോളം കൂലിവേല ചെയ്തും വീടുകളിലെ പാത്രങ്ങൾ കഴുകിയും അവരുടെ അഞ്ചു മക്കളെയും അമ്മയെയും നോക്കി ജീവിച്ചു വന്നിരുന്നു. ഇളയ മകൻ 'ജോയി' അവർ മരിക്കുന്നതിനു രണ്ടു വർഷം മുമ്പ് ജനിച്ചതാണ്.  പള്ളിയുമായി മൂന്നു മൈൽ ദൂരത്തിലായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്.   ഇളയ കുട്ടി ഉണ്ടായ സമയത്തു തന്നെയാണ് അവരുടെ ഉപേക്ഷിച്ച മൂന്നാം ഭർത്താവ് മരിച്ചത്. മറിയക്കുട്ടി മരിക്കുന്ന തലേ ദിവസം ജൂൺ പതിനാലാം തിയതി അവർ വീട്ടിൽനിന്നു എവിടേക്കോ  യാത്രപോയതായി അവരുടെ അമ്മയും പതിനാറു വയസുള്ള മകളും സാക്ഷി പറഞ്ഞിരുന്നു. അതിനുമുമ്പ് ജൂൺ നാലാം തിയതി മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റും തമ്മിൽ ചങ്ങനാശേരിയിൽ കണ്ടു മുട്ടിയിരുന്നു. അരമനയ്ക്ക് പുറത്തായി ഒരു ബുക്ക് ഡിപ്പോയുടെ ചുമതല ബെനെഡിക്റ്റാണ് വഹിച്ചിരുന്നത്.  അവിടെ അദ്ദേഹത്തിന് ഒരു സ്വകാര്യ മുറിയുമുണ്ടായിരുന്നു.

ആലപ്പുഴയിൽ ചക്കരപ്പള്ളിയിൽ പള്ളിയുടെ വക പാവങ്ങൾക്കായുള്ള ഗോതമ്പും പാൽപ്പൊടിയും വിതരണം ചെയ്യുന്ന ചുമതല ഫാദർ ബെനഡിക്റ്റിനായിരുന്നു. മറിയക്കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യം ഈ പുരോഹിതനറിയാമായിരുന്നു. അവർക്കാവശ്യമുള്ളപ്പോഴെല്ലാം പള്ളിവക സാമ്പത്തിക സഹായങ്ങളും അച്ചൻ വഴി ചെയ്തുകൊണ്ടിരുന്നു. ആലപ്പുഴ പള്ളിയിലും ചങ്ങനാശേരിയിലും മന്ദമാരുതിയിലും ഫാദർ ബെനഡിക്റ്റ് സേവനം ചെയ്തിട്ടുള്ളതിനാൽ പോലീസ് അദ്ദേഹത്തെ സംശയിക്കുകയും ചെയ്തു. ഒരു പുരോഹിതനും സ്ത്രീയുമായി ഒന്നിച്ചു കണ്ടവരായി മന്ദമാരുതിയിലുള്ളവരുടെ ദൃക്‌സാക്ഷി വിവരങ്ങളിലുണ്ടായിരുന്നു. മറിയക്കുട്ടിയുടെ ഇളയ പുത്രന്റെ പിതാവ് ഫാദർ ബെനഡിക്റ്റായിരുന്നുവെന്ന് ഊഹോപാഹങ്ങളും പകർന്നിരുന്നു. അതുമൂലം മറിയക്കുട്ടി ഫാദർ ബെനഡിക്റ്റിനെ നിത്യം ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും കഥകളുണ്ടായി.  ഒടുവിൽ ഫാദർ ബെനഡിക്റ്റ് അവരെ വധിക്കാൻ പദ്ധതിയിട്ടുവെന്നായിരുന്നു ജനസംസാരം.

1966 ജൂൺ ഇരുപത്തിയാറാം തിയതി ഫാദർ ബെനഡിക്റ്റ് ഓണംകുളത്തിനെ അറസ്റ്റു ചെയ്തു.   അദ്ദേഹം കുറ്റക്കാരനെന്നു കൊല്ലം സെഷൻസ് കോടതിയിൽനിന്നു വിധിയുണ്ടായി. 1966 നവംബർ പത്താംതീയതി അഞ്ചുകൊല്ലം കഠിനതടവിനും മരണം വരെ തൂക്കാനും വിധിച്ചു. ഫാദർ ബെനഡിക്റ്റിന്റെ കേസിനാസ്പദമായ കോടതിയിലെ വാദമുഖങ്ങളെല്ലാം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. സംഭവം നേരിട്ടു കണ്ട ഒരു ദൃക്‌സാക്ഷിയും ഉണ്ടായിരുന്നില്ല. സംശയത്തിന്റെ രേഖകളായിരുന്നു കോടതികളിൽ ഹാജരാക്കിയിരുന്നത്. അതേ സമയം ഫാദർ ബെനഡിക്റ്റിനെ മന്ദമാരുതിയിൽ കൊലചെയ്ത ദിവസത്തിലെ സന്ധ്യാസമയത്ത് കുപ്പായ വേഷത്തിൽ കണ്ടവരുമുണ്ട്. സംശയത്തിന്റെ നൂലാമാലകൾ കോർത്തിണക്കിയ ജഡ്ജി കുഞ്ഞിരാമ വൈദ്യന്റെ വിധിന്യായത്തിൽ സഭാ മക്കൾ മുഴുവനും ദുഃഖിതരായിരുന്നു. ഒരു കുഞ്ഞെലിയെപ്പോലും കൊല്ലാൻ അദ്ദേഹം കുറ്റം ചെയ്തിട്ടില്ലന്നായിരുന്നു, അന്നത്തെ ലോകം ചിന്തിച്ചിരുന്നത്.

മറിയക്കുട്ടിയുടെ കൊലപാതക കേസുമായി ബന്ധപ്പെടുത്തി ഫാദർ ബനഡിക്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മന്ദമാരുതിയിൽ പോലീസ് അകമ്പടികളോടെ ഫാദർ ബെനഡിക്റ്റിനെ തെളിവെടുപ്പുകൾക്കായി കൊണ്ടുവന്നപ്പോൾ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. പോലീസ് ജീപ്പിൽ വന്നെറങ്ങിയ അച്ചൻ യാതൊരു സംശയവുമില്ലാതെ, ഇടവും വലവും നോക്കാതെ മറിയക്കുട്ടിയെ കൊലചെയ്ത  സ്ഥലം നടന്നുപോയി കൃത്യമായി കാണിച്ചുകൊടുത്തു. അത് വിസ്മയകരമായി നോക്കിനിന്ന ദൃക്‌സാക്ഷികളുമുണ്ടായിരുന്നു. കത്തിയെറിഞ്ഞ സ്ഥലവും സംശയമില്ലാതെ ചൂണ്ടികാണിച്ചു. കൊലപാതകം നടന്ന രാത്രികളിൽ ബനഡിക്റ്റച്ചൻ ചങ്ങനാശേരി അരമനയിൽ ഇല്ലായിരുന്നുവെന്ന് അവിടുത്തെ അന്തേവാസികൾ തെളിവുകളും കൊടുത്തിരുന്നു. പിന്നീട് കോടതിയിൽ സാക്ഷിയായി വിസ്തരിക്കേണ്ട സമയം വന്നപ്പോൾ അവരെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു മുങ്ങുകയും ചെയ്തു.

അന്ന് ചങ്ങനാശേരി ബിഷപ്പായിരുന്ന മാത്യു കാവുകാട്ടിനെ വിസ്തരിച്ചാൽ സത്യം പുറത്താകുമെന്ന് ഭയന്ന് അദ്ദേഹത്തെ സാക്ഷിയാക്കിയില്ല.  കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്ന നിലപാടായിരുന്നു ബിഷപ്പിനുണ്ടായിരുന്നത്.

സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും അക്കാലങ്ങളിൽ ഫാദർ ബെനഡിക്റ്റ് നിഷ്കളങ്കനെന്നു കരുതിയിരുന്നു. കത്തോലിക്കാ സഭ അന്ന് ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. ജഡ്ജി പി.ടി. രാമൻ നായരുടെയും സഹ ജഡ്ജി  വി.പി. ഗോപാലന്റെയും ബെഞ്ചിൽ നിന്നായിരുന്നു ഫാദർ ബെനഡിക്റ്റിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. ഹൈക്കോടതി അഭിഭാഷകൻ കെ.ടി. തോമസും സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകൻ എ.എസ്.ആർ ചാരിയും ഒത്തൊരുമിച്ച് ഫാദർ ബെനെഡിക്റ്റിനുവേണ്ടി അക്കാലത്ത് കേസ് വാദിച്ചു. വിധിയുടെ അടുത്ത ദിവസം തിരുവനന്തപുരം ജയിലിൽനിന്നും അദ്ദേഹം മോചിതനാക്കപ്പെട്ടു. ചങ്ങനാശേരിയിൽ മടങ്ങി പോവുന്ന വഴി വലിയയൊരു ജനക്കൂട്ടം റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിന്നിരുന്നു. ചങ്ങനാശേരിയിൽ തിങ്ങിക്കൂടിയിരുന്ന ജനങ്ങൾ  അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തു.

അഡ്വക്കേറ്റ് ചാരി 1908-ൽ സെക്കൻഡറാബാദിൽ  ജനിച്ചു. ഒരു റെയിൽവെ ക്ലർക്കിന്റെ ആറു മക്കളിൽ ഇളയ മകനായിരുന്നു. 1950-1960 കാലങ്ങളിൽ ഇന്ത്യയിൽ അറിയപ്പെട്ടിരുന്ന ഏറ്റവും വലിയ ക്രിമിനൽ വക്കീലായിരുന്നു. കൂടാതെ ഭരണഘടനനിയമങ്ങളും തൊഴിൽ നിയമങ്ങളും വശമാക്കിയിരുന്ന പ്രസിദ്ധനുമായിരുന്നു. ചെറുപ്പകാലങ്ങളിൽ സ്വാതന്ത്ര്യ സമരങ്ങളിലും ഏർപ്പെട്ടിരുന്നു. പിന്നീട് കമ്മ്യുണിസ്റ്റു  പാർട്ടിയിൽ ചേരുകയും അനേക രാഷ്ട്രീയ അറസ്റ്റുകൾക്ക് വിധേയമാവുകയുമുണ്ടായി. പല തവണകൾ ജയിൽ വാസവും അനുഷ്ടിച്ചു. 1954-ൽ സുപ്രീം കോടതിയിലെ പ്രശസ്തനായ സീനിയർ അഭിഭാഷകനായിരുന്നു. ചെറുപ്പകാലം മുതൽ  കമ്മ്യുണിസ്റ്റാശയങ്ങളിൽ ആകൃഷ്ടനായിരുന്നു. അഡ്വേക്കേറ്റ് ചാരി ഏറ്റെടുത്ത കേസുകൾ ഒരിക്കലും പരാജയപ്പെടുകില്ലെന്നു അക്കാലങ്ങളിൽ ഒരു പറച്ചിലുമുണ്ടായിരുന്നു. മറിയക്കുട്ടിയെ കൊന്നുവെന്നു കരുതുന്ന കത്തികൊണ്ട് ഒരു കോഴിയെപ്പോലും കൊല്ലാൻ സാധിക്കില്ലെന്ന് ചാരി വാദിച്ചു. നിലാവുള്ള ഒരു രാത്രിയിൽ ചൂട്ടു വെട്ടത്തിൽ അപരിചിതനായ ഘാതകന്റെ മുഖം തിരിച്ചറിഞ്ഞെന്നുള്ള സാക്ഷിയുടെ മൊഴിയും 'ചാരി' ചോദ്യം ചെയ്തിരുന്നു. പകൽപോലും ഒറ്റയ്ക്ക് നടക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന കുപ്പായമണിഞ്ഞ ഒരു പുരോഹിതൻ, സന്ധ്യാസമയത്ത് ഒരു സ്ത്രീയുമായി നടന്നുപോകുന്നത് കണ്ടുവെന്ന   രേഖപ്പെടുത്തലും അവിശ്വസിനീയമെന്നു ചാരി കോടതിയെ അറിയിച്ചു.

ഹൈക്കോടതിയിൽ അപ്പീൽ കൊടുത്ത് ഫാദർ ബെനഡിക്റ്റ് കുറ്റവിമുക്തനായെങ്കിലും കൊലയാളിയെന്ന പേര് സഭയ്‌ക്കോ ഫാദർ ബെനഡിക്റ്റിനോ നീക്കം ചെയ്യാൻ സാധിക്കില്ലായിരുന്നു. അക്കാലങ്ങളിൽ ഫാദർ ബെനഡിക്റ്റിന്റെ നിഷ്ക്കളങ്കത പ്രകടിപ്പിച്ചുകൊണ്ട് മൈനത്തരുവിയെന്നും മാടത്തരുവിയെന്നും പേരുകളിൽ രണ്ടു സിനിമകൾ പുറത്തിറങ്ങിയിരുന്നു. കുറച്ചൊക്കെ ജനങ്ങളുടെ മനസ്സിൽ സിനിമകൾ സ്വാധീനം ചൊലുത്തുകയുമുണ്ടായി. പിന്നീട് അദ്ദേഹം  കന്യാകുമാരിയിലുള്ള ഒരു മിഷ്യനിൽ അജ്ഞാതനായി സേവനം ചെയ്യുകയായിരുന്നു. അവസാനകാലം പുരോഹിതർക്കുള്ള ഒരു നേഴ്‌സിങ് ഹോമിൽ കഴിഞ്ഞുവന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞശേഷം മാടത്തരുവി കേസ് മനുഷ്യമനസ്സിൽ നിന്നും മാഞ്ഞിരുന്ന കാലത്താണ് രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും ഉൾപ്പെട്ട അഭയാ കേസ് പൊങ്ങിവന്നത്. ഒപ്പം മാടത്തരുവി കേസും സംസാര വിഷയമായി തീർന്നു.

കുപ്രസിദ്ധ മറിയക്കുട്ടി കൊലക്കേസിനു  35 വർഷങ്ങൾക്കുശേഷം ഒരു ഡോക്ടറുടെ 94  വയസുള്ള വിധവയും കുടുംബവും മറിയക്കുട്ടി മരിച്ചതെങ്ങനെയെന്നുള്ള  സത്യാവസ്ഥ ബോധിപ്പിക്കാൻ ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ച വിവരം ദീപിക ഒരു വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.  രണ്ടായിരാമാണ്ട്   ജനുവരി പതിനാലാം തിയതി ഡോക്ടറുടെ  വിധവ 'മുടിയൂർക്കര നേഴ്‌സിങ് ഹോമിൽ' താമസിച്ചിരുന്ന  ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ചു.  മറിയക്കുട്ടിയുടെ മരണത്തിനു കാരണക്കാരൻ തന്റെ ഭർത്താവാണെന്നുള്ള സത്യം അവർ അദ്ദേഹത്തെ   അറിയിച്ചു.വിധവയായ ഈ സ്ത്രീയുടെ ഡോക്ടറായ ഭർത്താവ് ഗർഭിണിയായ മറിയക്കുട്ടിയിൽ ഗർഭഛിന്ദ്രം നടത്തിയിരുന്നു. ഗർഭം അലസിപ്പിക്കുന്നതിനിടയിൽ അവർ മരിച്ചുപോയി.   മറിയക്കുട്ടിയുടെ ഗർഭത്തിലുള്ള കുഞ്ഞിന്റെ കാരണക്കാരൻ ഒരു എസ്റ്റേറ്റുടമയായിരുന്നു. മറിയക്കുട്ടി എസ്റ്റേറ്റുടമയോട് വീതം ചോദിച്ചു ശല്യപ്പെടുത്തികൊണ്ടിരുന്നു. ഫാദർ ബനഡിക്റ്റിനെ കുടുക്കാൻ എസ്റ്റേറ്റുടമ എല്ലാ സാഹചര്യ തെളിവുകൾ ഉപയോഗിച്ചും മേലാധികാരികളെ സ്വാധീനിച്ചും പണം ചെലവാക്കിക്കൊണ്ടിരുന്നു. ശവശരീരം മന്ദമാരുതിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവമായി ബെനഡിക്റ്റിനു യാതൊരു അറിവുമില്ലായിരുന്നു. എന്നാൽ ആ ഡോക്ടറുടെ പേരോ കുടുംബത്തിന്റെ വിവരങ്ങളോ എസ്റ്റേറ്റുടമയാരെന്നോ ദീപിക പത്രം വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടറുടെ വിധവയുടെ കുമ്പസാരം സഭ കളിച്ച ഒരു നാടകമായി മാത്രമേ സാമാന്യ ബുദ്ധിയുള്ളവർക്ക് കരുതാൻ സാധിക്കുള്ളൂ. ആടിനെ പട്ടിയാക്കും വിധം  ഒരു കള്ളത്തെ സത്യമാക്കാൻ നൂറുവിധമുള്ള കള്ളങ്ങൾകൊണ്ട് പുരോഹിതർ ഫാദർ ബെനഡിക്റ്റ് ഓണംകുളത്തെ വെള്ള പൂശിക്കൊണ്ടിരിക്കുന്നു.

ചില അർദ്ധപണ്ഡിതരായ പുരോഹിതർ ഫാദർ ബെനഡിക്റ്റിന്റെ നിഷ്കളങ്കതയുടെ കഥകൾ പത്രങ്ങളിലും മാസികകളിലും എഴുതാനും തുടങ്ങി. ഡോക്ടറുടെ മരണത്തിനു മുമ്പും ശേഷവും ആ കുടുംബത്തിന് അനേക കഷ്ടപ്പാടുകൾ സംഭവിച്ചുവെന്നും അവരുടെ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടുവെന്നും കുഞ്ഞുങ്ങൾ ഉൾപ്പടെ പലർക്കും പലവിധ രോഗങ്ങൾ ബാധിച്ചുവെന്നുമുള്ള കഥകൾ പുരോഹിത ലേഖനങ്ങളിൽ നിറഞ്ഞിരിക്കുന്നു. ജനിക്കുന്ന കുട്ടികൾ കൂടുതലും മാനസിക രോഗികളും മന്ദ ബുദ്ധികളും അംഗഭംഗം വന്നവരുമായിരുന്നു. ഒരു പുരോഹിതന്റെ ശാപം ആ കുടുംബത്തുണ്ടെന്ന ധ്യാനഗുരുക്കന്മാരുടെ വെളിപാടുകളും വൃദ്ധയായ വിധവയെയും മക്കളെയും പശ്ചാത്താപത്തിങ്കലെത്തിച്ചു. വിധവയുടെ കുമ്പസാരം നടന്നെങ്കിലും ഫാദർ ബെനഡിക്റ്റ് ഈ കഥ വീണ്ടും രഹസ്യമായി സൂക്ഷിച്ചു. ചങ്ങനാശേരിയിലെ ആർച്ച് ബിഷപ്പ് പൗവത്തിനോടുമാത്രം കുമ്പസാര രഹസ്യം പറഞ്ഞതായും പുതിയ കഥയിലുണ്ട്. പതിനൊന്നു മാസം കഴിഞ്ഞപ്പോഴാണ് ബനഡിക്റ്റിന്റെ കഥ വാർത്താ മീഡിയാകൾ പുറത്തുവിട്ടത്. അപ്പോഴേക്കും ഡോക്ടറുടെ വിധവയായ വൃദ്ധയും മരിച്ചിരുന്നു.

പുതിയ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതുമൂലം ഫാദർ ബെനഡിക്റ്റ് നിഷ്കളങ്കനെന്നു ബോധ്യമായതായി ഭൂരിഭാഗം ജനതയും വിശ്വസിക്കുന്നു. ഡോക്ടറുടെ പേരോ വിധവയുടെ പേരോ അവർ ആരെന്നോ പത്രങ്ങളിൽ വ്യക്തമാക്കുന്നില്ല. അവരുടെ കുടുംബം കാഞ്ഞിരപ്പള്ളിയിലെന്നും പറയുന്നു. ഇത്രമാത്രം ദുരിതം സംഭവിച്ച ഒരു ഡോക്ടറുടെ കുടുംബ കഥ കാഞ്ഞിരപ്പള്ളി നാട്ടുകാർക്കും അറിവില്ല. ബനഡിക്റ്റിനെ വിശുദ്ധനാക്കാൻ പുരോഹിതർ നെയ്തെടുത്ത കഥയെന്നും ചിലർ കരുതുന്നു. കോടതി കേസുകൾക്ക് സഭ ചെലവാക്കിയ പണം നൂറു മേനിയായി വിളയിക്കണമെങ്കിൽ ബെനഡിക്റ്റിനെ വിശുദ്ധനാക്കേണ്ടതുമുണ്ട്. ഊരും പേരും നൽകാതെ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ അത് വെറും വ്യാജമായ കഥയായി മാത്രമേ ചിന്തിക്കുന്നവർക്ക് തോന്നുകയുള്ളൂ. ബോധപൂർവം യുക്തിയോടെ ചിന്തിക്കുന്നവർ ന്യൂനപക്ഷവുമാണ്.

മാടത്തരുവി കൊലകേസിന്റെ പുതിയ കഥകളും പതിപ്പുകളും അത്യന്തം രസകരമായിത്തന്നെ പുരോഹിതർ വിറ്റുകൊണ്ടിരിക്കുന്നു.  'ഡി എൻ എ' ടെസ്റ്റിൽ മറിയക്കുട്ടിയുടെ മകന്റെ പിതാവ് ഫാദർ ബെനഡിക്റ്റല്ലെന്നു വ്യക്തമായതുകൊണ്ടാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയതെന്ന്' പുരോഹിതർ പ്രചരിപ്പിക്കുന്നു. അത്തരം ശാസ്ത്രീയമായ ടെസ്റ്റുകൾ ലോകത്തൊരിടത്തും അക്കാലത്തുണ്ടായിരുന്നില്ല. പോരാഞ്ഞ് ഹൈക്കോടതി തയ്യാറാക്കിയ വിധിന്യായത്തിൽ ഈ ടെസ്റ്റിന്റെ കാര്യം സൂചിപ്പിച്ചിട്ടുമില്ല. ഇങ്ങനെയുള്ള  മണ്ടത്തരങ്ങൾ പുരോഹിതർ പറയുന്നത് 'യൂട്യൂബിൽ' ശ്രദ്ധിക്കാം. മറിയക്കുട്ടിയെ ഗർഭചിന്ദ്രം നടത്തിയ ഡോക്ടറും ഗർഭിണിയാക്കിയ എസ്റ്റേറ്റ് മുതലാളിയും മരിച്ചു കഴിഞ്ഞാണ് കുമ്പസാരം നടത്തുന്നത്. മരിച്ചു കഴിഞ്ഞ വ്യക്തികളുടെ മേൽ വിധവയായ ഒരു വൃദ്ധ കുമ്പസാരം നടത്തിയാൽ എന്ത് വിലയാണുള്ളത്? ജീവിക്കുന്ന വ്യക്തി മരിച്ചവരുടെ പാപങ്ങൾക്ക് ക്ഷമ ചോദിക്കുന്നതിലെ യുക്തിയും മനസിലാകുന്നില്ല. അതും സമനില തെറ്റാൻ സാധ്യതയുള്ള മരിച്ചയാളിന്റെ ഭാര്യയായ 94 വയസുള്ള വൃദ്ധയാണ് കുമ്പസാരം നടത്തിയിരിക്കുന്നത്. അതുമൂലം ഫാദർ ബെനഡിക്റ്റിന്റെ ശവകുടീരത്തിന് ഒരു പരസ്യമാവുകയും അവിടെ തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയും ചെയ്യുന്നു. അത്ഭുതങ്ങളുടെ കഥകളും ബെനഡിറ്റിന്റെ കുടീരത്തിൽ നിന്നു പ്രവഹിക്കുന്നത് കേൾക്കാം. സഭയുടെ ഫാക്ടറിയിൽ അങ്ങനെ വിശുദ്ധരെ സൃഷ്ടിച്ചുകൊണ്ടുള്ള മാർക്കറ്റിങ്ങ് തകൃതിയായി നടക്കുന്നതും കാണാം.

പുരോഹിതർ മെനഞ്ഞെടുത്തിരിക്കുന്ന ഈ കുമ്പസാര രഹസ്യത്തിന്റെ യുക്തി എന്താണ്? ഡോക്ടർ ചെയ്ത പാപത്തിനു മക്കൾ എന്ത് പിഴച്ചു? യാതൊരു കുറ്റവും ചെയ്യാത്ത അയാളുടെ ഭാര്യ അതിനു പരിഹാരവും ക്ഷമയും പറയണോ? ഫാദർ ബെനഡിറ്റ് അതെല്ലാം പണ്ടേ ക്ഷമിച്ചിരുന്നുവെന്നു പറയുന്നു. ആരോട്, സ്വയമോ! മാതാപിതാക്കൾ ചെയ്ത കുറ്റങ്ങൾക്ക് തലമുറകളും ശാപം മേടിക്കണോ? ഇത്തരം പുരോഹിതർ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങൾ നേരാണെന്നു വിചാരിക്കുന്നവരാണ് സഭയിൽ ഭൂരിഭാഗവുമുള്ളത്. ബൗദ്ധികമായി വിശ്വാസികളെ പുരോഹിതർ അടിമപ്പെടുത്തിയെന്നു വേണം ഇതിൽ നിന്നു മനസിലാക്കാൻ!

ബെനഡിക്റ്റിനെ വധശിക്ഷയ്ക്കു വിധിച്ച ജഡ്ജി  കുഞ്ഞുരാമൻ വൈദ്യർ
(Judge Kunjuraman Vaidyar) ആരോഗ്യവാനായി പൂർണ്ണ ആയുസുവരെ ജീവിച്ചു. അദ്ദേഹത്തിൻറെ മകൻ ഭരത് ഭൂഷൺ,ഐ.എ.എസ്   (E.K. Bharat Bhushan)കേരള ചീഫ് സെക്രട്ടറിയായി വിരമിച്ചു. മറ്റു മക്കൾ ഡോക്ടേഴ്‌സും ഉന്നത ഡിഗ്രികളുമായി അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നു. പുരോഹിത ശാപമെന്ന പേരിൽ വിശ്വാസികളെ ഭയപ്പെടുത്തിയാലെ പുരോഹിതർക്ക് അവരെ   ചൂഷണം ചെയ്യാൻ സാധിക്കുള്ളൂ.

ഫാദർ ബെനഡിക്റ്റ് ഓണംകുളം 2001 ജനുവരി മൂന്നാം തിയതി മരണമടഞ്ഞു. മരിച്ചശേഷം അദ്ദേഹത്തെപ്പറ്റിയുള്ള പുകഴ്ത്തലുകൾ നാടിന്റെ നാനാ ഭാഗത്തുനിന്നുമുണ്ടായിരുന്നു. ഫാദർ ബെനഡിക്റ്റ് വളരെയേറെ  പീഡനങ്ങളും സഹനങ്ങളും അനുഭവിച്ചെന്നും അതുമൂലം പുരോഹിത ലോകമാകമാനം അപമാനം സഹിക്കേണ്ടി വന്നുവെന്നും സഭയ്ക്കും ഒരു ശാപം പോലെയായെന്നും എന്നിട്ടും സഭ അദ്ദേഹത്തിൻറെ വിശുദ്ധമായ ജീവിതം കാരണം ഒപ്പം നിന്നുവെന്നും ന്യായികരിക്കുന്നു.സത്യം അദ്ദേഹത്തിനറിയാമെങ്കിലും ആരോടും പരിഭവമില്ലാതെ, പരാതിയില്ലാതെ നിശ്ശബ്ദനായി ജീവിതം തുടർന്നുവെന്നും ശിഷ്ടകാലം ആ സഹനമൂർത്തി പരിശുദ്ധമായ ജീവിതം നയിച്ചുവെന്നും വിശുദ്ധ നടപടികളുമായി മുമ്പോട്ടുപോകുന്നവർ അദ്ദേഹത്തെ പ്രകീർത്തിക്കുന്നു.

2001 ജനുവരി നാലാം തിയതി ഫാദർ ബെനഡിക്റ്റിനെ കോട്ടയത്തിനു സമീപമുള്ള അതിരംപുഴയിലെ  സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ മറവു ചെയ്തു. പുരോഹിതരും കന്യാസ്ത്രികളും ബിഷപ്പും ആർച്ചു ബിഷപ്പുമാരുമടങ്ങിയ വലിയൊരു ജനസമൂഹം ശവസംസ്ക്കാര ചടങ്ങുകളിൽ പങ്കുചേർന്നിരുന്നു. ഒരു വിശുദ്ധന്റെ സംസ്ക്കാരത്തിൽ പങ്കെടുത്ത പ്രതീതി അവർക്കെല്ലാം ഉണ്ടായെന്നു സംസ്ക്കാരത്തിൽ പങ്കെടുത്തവരുടെ പ്രസ്താവനകളിലും പ്രസംഗങ്ങളിലുമുണ്ടായിരുന്നു.

കത്തോലിക്കാ സഭയ്ക്കുള്ളതുപോലെ അധികാരസ്ഥാനങ്ങളിൽ സ്വാധീനമുള്ള മറ്റൊരു സമുദായമോ മതമോ കേരളത്തിൽ കാണാൻ സാധ്യതയില്ല. എന്തു കാര്യസാധ്യത്തിനും തലമുറകളായുള്ള സ്വത്തിന്റെ കൂമ്പാരം മെത്രാന്റെ അധീനതയിൽ കുന്നുകൂട്ടി സ്വുരൂപിച്ചു വെച്ചിട്ടുണ്ട്. ആരും ചോദിക്കാനാളില്ലാതെ പണം അവർക്കിഷ്ടമുള്ളതുപോലെ ചെലവാക്കാനും സാധിക്കും. വിശ്വാസികളുടെ കിടപ്പാടംപോലും പണയം വെച്ച് പള്ളിക്കു കൊടുത്ത പണം ആസ്വദിക്കുന്നതും അരമനകളിൽ പാർക്കുന്ന ഭാഗ്യം ലഭിച്ച സഭയുടെ തമ്പ്രാക്കന്മാരായ മെത്രാന്മാരും പുരോഹിതരുമാണ്. പൂർവികരുടെ കാലം മുതൽ അല്മായർ സ്വരൂപിച്ച സ്വത്തിന്റെ നല്ലയൊരു പങ്കു പുരോഹിതരുടെ ലൈംഗിക പീഡനത്തിന്റെ പേരിൽ സഭ കോടതികളും കേസുകൾക്കുമായി ദുർവിനിയോഗം ചെയ്യുന്നുണ്ട്. അഭയാകേസ് വന്നപ്പോഴും മറിയക്കുട്ടി കൊലക്കേസ് വന്നപ്പോഴും സഭയുടെ അളവില്ലാത്ത പണവും പ്രതാപവും പിടിപാടും കാരണം കുറ്റവാളികൾ നിയമത്തിന്റെ കുടുക്കിൽനിന്നും രക്ഷപെടുകയാണുണ്ടായത്. ബെനഡിക്റ്റ് ഓണംകുളവും കോട്ടൂരും പുതൃക്കയും സെഫിയും കുറ്റക്കാരെന്നു യുക്തിപൂർവം ചിന്തിക്കുന്നവർക്ക് വിധിയെഴുതാൻ സാധിക്കുമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതർ പറഞ്ഞുണ്ടാക്കുന്ന നുണകളേ വിശ്വസിക്കുകയുള്ളൂ. അഭയായ്ക്കും മറിയക്കുട്ടിക്കും നീതി ലഭിച്ചില്ലെന്നുള്ള കറുത്ത ചരിത്രമാണ് സഭയുടെ താളുകളിൽ ഒളിഞ്ഞിരിക്കുന്നത്.






EMalayalee: http://emalayalee.com/varthaFull.php?newsId=135864

2 comments:

  1. Jacob Koyippally WROTE: തുമ്പേലച്ചൻ എന്നൊരച്ചനുണ്ടായിരുന്നു അദ്ദേഹത്തിനു സത്യങ്ങളെല്ലാമറിയാമായിരുന്നു. തത്തമ്പള്ളി സോഷ്യൽ സർവീസ്‌ സൊസൈറ്റിയുണ്ടാക്കി, ഹെൽത്ത്‌ സെന്റർ എന്നൊരാശുപത്രിയും ആരംഭിച്ചിട്ടുള്ള (അത്‌ വളർന്നാണു ഇന്നത്തെ സഹൃദയ ആശുപത്രിയായത്‌) അദ്ദേഹമാണു അവലൂർമഠത്തിനടുത്ത്‌ (ഇപ്പോഴത്തെ വടികാട്‌ ഗവ. പ്രൈമറി സ്കൂളിനടുത്തുള്ള മറിയക്കുട്ടിയുടെ വീട്ടിൽ നിന്ന് ബനഡിക്റ്റ്‌ അച്ചനിൽ മറിയക്കുട്ടിക്കുണ്ടായ കന്യാകുമാരിയിലുള്ള ഒരു അനാഥാലയത്തിൽ മകനെക്കൊണ്ടുപോയി ഒളിപ്പിച്ചതെന്ന് കേട്ടിട്ടുണ്ട്‌.
    Like · Reply · 28 mins
    Matthew Joseph
    Matthew Joseph ഈ വീഡിയോ ശ്രദ്ധിച്ചാൽ ഒരു പുരോഹിതന്റെ പച്ചനുണകൾ കേൾക്കാം. ഡി.എൻ.എ ടെസ്റ്റ് കണ്ടുപിടിക്കാത്ത കാലത്തു പിതൃത്വം തെളിയിക്കാൻ ഈ ശാസ്ത്രീയ ടെസ്റ്റ് നടത്തിപോലും. പി.റ്റി. രാമൻനായരുടെ വിധിന്യായത്തിൽ ഡി.എൻ.എ. ടെസ്റ്റിനെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുമില്ല. . കോടതികാലം മുഴുവനും കൊച്ചിനെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു.

    https://www.youtube.com/watch?v=GBjfRJ58l4A

    The first DNA testing method was invented in 1984 by Sir Alec Jeffreys, a British geneticist-;

    https://www.reference.com/science/dna-testing-invented-cdd0d29f2b7bcbb5

    ReplyDelete
  2. കൊച്ചിയിൽ പാലാരി വെട്ടത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ഗ്രീൻ കേരളം ന്യൂസ് എന്ന ഓൺലൈൻ പേപ്പറിൽ അല്മായ ശബ്ദത്തിലെ മറ്റു ലേഖനങ്ങളോടൊപ്പം എന്റെ ഈ ലേഖനവും പ്രസിദ്ധീകരിച്ചിരിക്കുന്നു. സത്യജ്വാലയും അല്മായ ശബ്ദവും തുടങ്ങിവെച്ച വിപ്ലവം ഇന്ന് ലോകം മുഴുവനുമുള്ള സോഷ്യൽ മീഡിയാകൾ ഏറ്റെടുത്തതിൽ ഇതിലെ പ്രവർത്തകർക്ക് അഭിമാനിക്കാം. അഞ്ചുവർഷങ്ങൾക്കു മുമ്പ് ഇത്തരം പരാമർശങ്ങൾ അല്മായശബ്ദത്തിലും ഫേസ്ബുക്കിലും എഴുതിയതുകൊണ്ടു സ്വന്തം സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവരുടെ നീരസം സമ്പാദിക്കാനിടയായതും ഓർക്കുന്നു. നവീകരണ പിതാവായ മാർട്ടിൻ ലൂഥറിനെ അഞ്ഞൂറാം വാർഷികവും ഈ വർഷമാണ്. മാർട്ടിൻ ലൂതറിന്റെ കാലത്തേക്കാളും ഇന്ന് സോഷ്യൽ മീഡിയാകളെ സഭ ഭയക്കുന്നു. ഏറ്റവും ഭയക്കുന്നത് കോഴ കോളേജുകൾ, പഞ്ചനക്ഷത്ര ഹോസ്പിറ്റലുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ നടത്തുന്ന കർദ്ദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള സീറോ മലബാർ സഭയാണ്. 'അപ്പച്ചാ എന്നെ തല്ലല്ലേ, ഞാൻ ഒരിക്കലും നന്നാവുല്ലായെന്ന' നയമാണ് ഇതിനുള്ളിലെ പുരോഹിതർക്കുള്ളത്. ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നു തോന്നുന്നതും ഇത്തരം പുരോഹിതർക്ക് രണ്ടായിരം കൊല്ലമായിട്ട് മാറ്റമില്ലാത്തതായി കാണുമ്പോഴാണ്.

    http://www.greenkeralanews.com/mariyakutty-murder-priest-controversial/

    ReplyDelete