മരിയാ തോമസ് (മുന്‍കന്യാസ്ത്രീ)
'സത്യജ്വാല' 2017
ജൂണ്‍ ലക്കത്തില്‍നിന്ന്
സഭാചരിത്രം
പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കു സഭയിലുള്ള സ്ഥാനം എന്നും പരിതാപകരമായിരുന്നുവെന്നു
കാണാം. അവരെന്നും പുരുഷമേധാവിത്വപരമായ വൈദികശുശ്രൂഷകളുടെ സ്വീകര്‍ത്താക്കള്‍
മാത്രമാണ്. ഗര്‍ഭധാരണമൊഴികെ, സൃഷ്ടിപരമായ മറ്റെല്ലാ പ്രക്രിയകളില്‍നിന്നും അവര്‍ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു.
നിയമാനുസൃതവും വചനാധിഷ്ഠിതവുമായ എല്ലാ മതാധികാരങ്ങളും പുരുഷാധിപത്യപരമായ
പൗരോഹിത്യഘടന (hierarchical structure) യില്‍
നിക്ഷിപ്തമാക്കിയിരിക്കുന്നു. സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ആചാരങ്ങള്‍ക്കു
വഴിവെട്ടുന്നു, യഹൂദമതം മുതല്‍ ക്രിസ്തുമതംവരെയുള്ള എല്ലാ
സംഘടിതമതങ്ങളും. പൗരാണികകാലംമുതല്‍ ഇന്നുവരെയുള്ള മനുഷ്യരുടെ ചിന്താമാതൃകയെത്തന്നെ
സ്വാധീനിച്ച് സ്ത്രീവിരുദ്ധമാക്കി നിലനിര്‍ത്താന്‍ ഇതെല്ലാം കാരണമായിട്ടുണ്ട്.
സ്ത്രീകളെ നിശ്ശബ്ദരാക്കുന്നതിലും അവരുടെ കഴിവുകള്‍ ശോഷിപ്പിക്കുന്നതിലും
ക്രിസ്തുമതം നിര്‍വ്വഹിച്ച പങ്ക് ചിന്തിക്കുന്ന ക്രൈസ്തവര്‍ക്കു
കാണാതിരിക്കാനാവില്ല. സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ചുകണ്ടും വ്യത്യസ്ത
കടമകള്‍ അവരുടെമേല്‍ അടിച്ചേല്‍പ്പിച്ചുമാണ് ക്രിസ്തുമതം ഇതു സാധിച്ചിരിക്കുന്നത്.
എന്നാലിന്ന്, സ്ത്രീകള്‍ ഇതെല്ലാം വ്യതിരിക്തമായി
തിരിച്ചറിയാനാവശ്യമായ പാകതയും പക്വതയും നേടിക്കൊണ്ടിരിക്കുന്നു. അവരിന്ന് കൂടുതല്‍
ബോധവതികളായിരിക്കുന്നു. ഈ സാഹചര്യത്തില്‍, നിലവിലുള്ള
മത-സാംസ്‌കാരിക ചിന്താപദ്ധതികളെ പുനര്‍വ്യാഖ്യാനത്തിനു വിധേയമാക്കേണ്ടത് ഇന്നിന്റെ
ആവശ്യമായി മാറിക്കഴിഞ്ഞു. പൗരസ്ത്യരാജ്യങ്ങളിലെ സ്ത്രീകളുമായി താരതമ്യംചെയ്താല്‍, പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകള്‍ പരമ്പരാഗത മതകെട്ടുപാടുകള്‍
ഉപേക്ഷിച്ചിരിക്കുന്നതായി കാണാം.
കുട്ടികളെയും
സ്ത്രീകളെയും തങ്ങളുടെ ലൈംഗികാതിക്രമങ്ങള്‍ക്കിരകളാക്കുന്ന പുരോഹിതര്‍ കേരളത്തിലും
മറ്റിടങ്ങളിലും വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യം പുതിയ സമീപനങ്ങള്‍
ആവശ്യപ്പെടുന്നുണ്ട്. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വര്‍ദ്ധിച്ച തോതിലുള്ള ലഭ്യതയും
ഉപയോഗവും മാറ്റിമറിച്ചിരിക്കുന്ന പുതിയ ജീവിതശൈലികളുടേതായ ആധുനികയുഗത്തില്‍
സന്ന്യാസത്തെക്കുറിച്ചുള്ള കഴിഞ്ഞകാല സങ്കല്പങ്ങള്‍ക്കൊന്നും നിലനില്‍ക്കാനാവില്ല.
പൗലോസിന്റെ 'നവസുവിശേഷം'
യേശുവിന്റെ
പുരോഗമനപരമായ സുവിശേഷസന്ദേശങ്ങളെ തന്റേതായ രീതിയില്‍ വ്യാഖ്യാനിക്കുകയും അതുമായി
യാതൊരു ബന്ധവുമില്ലാത്ത സ്വന്തം ആശയങ്ങള്‍ പ്രബോധിപ്പിക്കുകയുമാണ് പൗലോസ് ചെയ്തത്.
അദ്ദേഹം യേശുവിന്റെ സഹചാരി ആയിരുന്നില്ല എന്നതാകാം ഇതിനു കാരണം. അദ്ദേഹത്തിന്റെ
രചനകളില്‍ മിക്കപ്പോഴും യേശുവിലൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത സ്ത്രീവിദ്വേഷം
നിഴലിക്കുന്നതുകാണാം. ''... സഭകളില്‍ സ്ത്രീകള്‍ മൗനം പാലിക്കണം. കാരണം, സംസാരിക്കാന്‍
അവര്‍ക്ക് അനുവാദമില്ല...'' (1 കോറി. 14:34) എന്ന
അദ്ദേഹത്തിന്റെ നിലപാട്, സ്ത്രീകളെ നിശ്ശബ്ദരാക്കുവാനുള്ള
കല്പനയായി സഭയില്‍ ഇന്നും നിലനില്‍ക്കുന്നു. ക്രൈസ്തവരുടെ വിവാഹകര്‍മ്മത്തില്‍
ഇന്നും വായിക്കപ്പെടുന്ന സുവിശേഷഭാഗം ഇതാണ്: ''ഭാര്യമാരേ,
കര്‍ത്താവിനെന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുക...
ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്... സഭ ക്രിസ്തുവിനു വിധേയമായിരിക്കുന്നതുപോലെ,
ഭാര്യമാര്‍ എല്ലാകാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു
വിധേയരായിരിക്കണം'' (എഫേ. 5:23-24).
അനുശീലിപ്പിക്കലുകളിലൂടെയും
പഠിപ്പിക്കലുകളിലൂടെയും പരുവപ്പെട്ട് പുരുഷമേധാവിത്വപരമായ സഭാപൗരോഹിത്യത്തിനു
സ്വയം വിധേയപ്പെടുന്ന സ്ത്രീകളെയാണ് മുഴുവന്‍ ചരിത്രത്തിലും നാം കാണുന്നത്.
അതുകൊണ്ടുതന്നെ, തങ്ങളും
സ്രഷ്ടാവിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണെന്ന സത്യത്തില്‍ ഉറച്ചുനില്‍ക്കാനോ,
ജ്ഞാനസ്‌നാനം നല്‍കുന്ന അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനോ അവര്‍
ധൈര്യപ്പെടുന്നില്ല. 'ആദാമിന്റെ വാരിയെല്ല്' എന്നതാണ് തങ്ങളുടെ ശരിയായ സ്ഥാനം എന്ന് ഇപ്പോഴും അവര്‍ വിശ്വസിക്കുന്നു.
പെസഹാവ്യഴാഴ്ചയിലെ കാലുകഴുകല്‍ശുശ്രൂഷയില്‍ ഇനിമുതല്‍ പുരുഷന്മാരിലും ആണ്‍കുട്ടികളിലുംമാത്രമായി
പരിമിതപ്പെടുത്താതെ, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയുംകൂടി
കാലുകള്‍ കഴുകണമെന്നാവശ്യപ്പെട്ട് 2016-ല്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഒരു
കല്പനയിറക്കിയപ്പോള്‍ അത് അനേകരുടെ നെറ്റി ചുളിച്ചു. ഏറെ സ്ത്രീകള്‍തന്നെയും
തങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന തോന്നലിലായിരുന്നു. സഭയിലെ ചിന്തിക്കുന്ന
സ്ത്രീകള്‍ തങ്ങളുടെ ആദ്ധ്യാത്മികശുശ്രൂഷകള്‍ക്കായി സ്ത്രീപൗരോഹിത്യം
ആവശ്യപ്പെടുമ്പോള്‍, സ്ത്രീകള്‍തന്നെ അതിനെതിരെ
പ്രതിഷേധമുയര്‍ത്തുകയാണ്. അവരിപ്പോഴും പുരുഷപുരോഹിതരുടെ അനുഷ്ഠാനശുശ്രൂഷകളില്‍
സംതൃപ്തിയടയുന്നു. കന്യാസ്ത്രീകള്‍ തിരുവോസ്തി നല്‍കുന്ന സന്ദര്‍ഭങ്ങളില്‍, വൈദികരുടെ പക്കല്‍നിന്നു കുര്‍ബാന സ്വീകരിക്കുന്നതിനായി സ്ത്രീകള്‍
തങ്ങളുടെ 'ക്യൂ'വില്‍നിന്നു
മാറിപ്പോകുന്നതുകാണാം. വൈദികരുടെ ബാല-ബാലികാലൈംഗികപീഡനങ്ങള്‍ നൂറ്റാണ്ടുകളായി
സഭയില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നിട്ടും
യാഥാസ്ഥിതിക പാരമ്പര്യങ്ങളുടെപേരില്‍, അത്തരം പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുകയും നിരാകരിക്കുകയുമാണ് യേശു
ചെയ്തത് എന്ന കാര്യംപോലും മറന്നുകൊണ്ട്, അവര്‍
പൗരോഹിത്യത്തിന്റെ ആശ്രിതരും അടിമകളുമായി തുടരുകയാണ്.
സ്ത്രീകള്‍ക്ക് ഈ
സാഹചര്യത്തെ മറികടക്കാന്‍ കഴിയണമെങ്കില്‍ വലിയ രീതിയിലുള്ള ബോധവല്‍ക്കരണപ്രക്രിയ
ആവശ്യമാണ്. എങ്കില്‍ മാത്രമേ, ഒരു വാര്‍പ്പു മൂശയിലെന്നോണം മാനസികമായി വാര്‍ക്കപ്പെട്ട അവസ്ഥയില്‍നിന്നു
മോചിതരാകാന്‍ അവര്‍ക്കാകൂ. ലൈംഗികതയെയും സ്ത്രീ-പുരുഷപാരസ്പര്യത്തെയുംകുറിച്ച്
ആഴത്തിലുള്ള അവബോധവും അവര്‍ നേടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, തങ്ങളെ താഴ്ത്തിക്കെട്ടാനും ദുരുപയോഗിക്കാനും മുതിരുമ്പോള്‍
തിരിഞ്ഞുനിന്ന് 'നോ' എന്നു പറയാനുള്ള
ചങ്കൂറ്റം അവര്‍ക്കുണ്ടാകൂ.
'റോമന്‍
കാത്തലിക് വിമന്‍ പ്രീസ്റ്റ്‌സ്' (RCWP) എന്ന പേരില്‍ ഒരു
അന്തര്‍ദ്ദേശീയസംരംഭം, വിശ്വാസികളുടെ ആവശ്യങ്ങളെയും
അവകാശങ്ങളെയുംകുറിച്ചുള്ള അവബോധമുണര്‍ത്താനും വളര്‍ത്താനുമായി, അടുത്തകാലത്ത് ഉദയം കൊണ്ടിട്ടുണ്ട്. എന്നാല്‍, തന്റെ
മുന്‍ഗാമികളുടെ മിക്ക പരമ്പരാഗതകാഴ്ചപ്പാടുകളെയും തിരുത്തി
മുന്നേറിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പാ, സ്ത്രീപൗരോഹിത്യത്തിന്റെ
കാര്യത്തില്‍ ചിന്തിക്കുന്ന വിശ്വാസികളെ നിരാശരാക്കുന്നുണ്ട്. ''സ്ത്രീകള്‍ ഒരിക്കലും കത്തോലിക്കാസഭയില്‍ പുരോഹിതരാവുകയില്ല'' എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. മാര്‍പ്പാപ്പായുടെ ഈ സമീപനം തികച്ചും
നിരാശാജനകംതന്നെ. എങ്കിലും സഭയില്‍ സ്ത്രീ-പുരുഷസമത്വത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയാണ്
സ്ത്രീപ്രവര്‍ത്തകര്‍. 'WIJNGAARDS Institute for Catholic Research' എന്ന ഗവേഷണസ്ഥാപനം പറയുന്നത്, ആനുപാതികമായി സഭയിലെ
10 പണ്ഡിതന്മാരില്‍ 8 പേര്‍ സ്ത്രീപൗരോഹിത്യത്തെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ്. ''വൈദികരും അത്മായരുമായ എല്ലാ വിശ്വാസികള്‍ക്കും സ്വയം അന്വേഷിക്കുന്നതിലും
ചിന്തിക്കുന്നതിലും ആശയപ്രകാശനത്തിലും നിയമാനുസൃതമായ സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു''
എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (Vat.II GANDIUM et
spes. No.62) പ്രഖ്യാപിച്ചിട്ടുണ്ട്. കാനോന്‍ നിയമം 212:3 ഉള്‍പ്പെടെ
നൂറുക്കണക്കിന് ആധികാരികരേഖകള്‍ സ്ത്രീപൗരോഹിത്യത്തിനനുകൂലമായി നിലവിലുണ്ട്.
എന്നാല്‍, കൗണ്‍സിലുകളിലെയും സിനഡുകളിലെയും ഈ ദിശയിലുള്ള
ഡിക്രികളും, സഭാപിതാക്കന്മാരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും
പ്രഖ്യാപനങ്ങളും ചരിത്രരേഖകളും, വിശുദ്ധ
ഗ്രന്ഥത്തെക്കുറിച്ചുള്ള ചര്‍ച്ചകളുമെല്ലാം അവര്‍ മൂടിവയ്ക്കുകയാണ്.
'വിവാഹിതര്‍ക്കു
പൗരോഹിത്യം പരിഗണിക്കുമെന്നു മാര്‍പാപ്പാ' എന്ന തലക്കെട്ടില്‍
ഒരു പത്രവാര്‍ത്ത ഈയിടെ കാണുകയുണ്ടായി. ''പുരോഹിതരുടെ കുറവ്
പ്രേഷിതപ്രവര്‍ത്തനത്തെ ബാധിക്കുന്നതു കണക്കിലെടുത്താണു സഭയുടെ പുതിയ നീക്കം''
എന്നാണ് അതിനു കാരണമായി പറഞ്ഞിരുന്നത്. ലോകം മുഴുവനിലും, പ്രത്യേകിച്ചു കേരളത്തില്‍, വര്‍ദ്ധിച്ചുവരുന്ന
പുരോഹിതലൈംഗികപീഡനങ്ങള്‍ അതിനുള്ള മറ്റൊരു കാരണമായി, ഞങ്ങള്‍
സ്ത്രീകള്‍ മുന്നോട്ടുവയ്ക്കുന്നു. കുമ്പസാരക്കൂട്ടില്‍നിന്ന് പള്ളിമേടയിലേക്ക്
പെണ്‍കുട്ടികളും സ്ത്രീകളും കന്യാസ്ത്രീകളും ആനയിക്കപ്പെടുന്ന ഇന്നത്തെ
സാഹചര്യത്തില്‍, കുടുംബജീവിതത്തിലൂടെ പക്വതയും പാകതയും
നേടിയവരെ പുരോഹിതരാക്കുന്നത് എന്തുകൊണ്ടും ആശ്വാസകരംതന്നെ.
അതോടൊപ്പം മറ്റു
ചില മാറ്റങ്ങളും സഭയില്‍ അവശ്യം നടപ്പില്‍ വരുത്തേണ്ടതുണ്ട്:
1) യോഗ്യരായ
സ്ത്രീകളെയും കന്യാസ്ത്രീകളെയുംകൂടി കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍
അധികാരപ്പെടുത്തണം.
2) പള്ളിമേടകളില്‍
ഇഇഠഢ സ്ഥാപിക്കുന്നതുകൊണ്ടൊന്നും പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കു
പരിഹാരമാവില്ല. ശാശ്വതപരിഹാരത്തിന്, വികാരോദ്ദീപകമായ ഭക്ഷണശൈലി, മദ്യാസക്തി, ആഡംബരഭ്രമം, പണത്തിന്റെ അമിതലഭ്യത മുതലായ
അടിസ്ഥാനപാപസാഹചര്യങ്ങളില്‍നിന്നും പ്രവണതകളില്‍നിന്നും പുരോഹിതരെ ഒഴിവാക്കി നിര്‍ത്തേണ്ടതുണ്ട്.
3) ബ്രഹ്മചര്യവും
ദാരിദ്ര്യവും അനുസരണയും വ്രതമായി സ്വീകരിച്ചിട്ടുള്ള സന്ന്യസ്തര്‍ക്ക്
സാത്വികഭക്ഷണവും സാത്വികജീവിതശൈലിയുംകൂടി നിര്‍ബ്ബന്ധമാക്കണം.
എന്തായാലും
പുരുഷാധിപത്യപരമായ പുരോഹിതാധീശത്വത്തില്‍നിന്നു കത്തോലിക്കാസമൂഹത്തെ, വിശിഷ്യാ സ്ത്രീസമൂഹത്തെ, അടിയന്തിരമായി മോചിപ്പിക്കേണ്ടിയിരിക്കുന്നു. ഈ പ്രക്രിയയില്‍, ചിന്തിക്കുന്ന പുരുഷന്മാര്‍ക്കൊപ്പം ചിന്തിക്കുന്ന സ്ത്രീകളും
അണിചേരേണ്ടിയിരിക്കുന്നു. വികലപുരോഹിതരുടെ അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ പൊരുതാന്‍
സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. അഭയാ കേസുപോലെ റോബിന്‍ കേസും നീതി കിട്ടാത്ത
കിണറിന്റെ ആഴങ്ങളിലേക്കു തള്ളപ്പെടാന്‍, നാം സ്ത്രീകള്‍
അനുവദിച്ചുകൂടാ. മതപരിവേഷവും, കോടതികള്‍വരെയുള്ള
മതസ്വാധീനവുംമൂലം കുറ്റവാളികളായ പുരോഹിതര്‍ എളുപ്പത്തില്‍
രക്ഷപെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യം തുടരാന്‍ നാം അനുവദിച്ചു കൂടാ.
പുരോഹിതലൈംഗികാതിക്രമങ്ങള്‍
പുരോഹിതസമൂഹത്തിനാകെ അപമാനമാണെന്ന തിരിച്ചറിവില്‍, ചിന്തിക്കുന്ന പുരോഹിതസമൂഹവും ധീരരായി രംഗത്തിറങ്ങി
പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.
ഫോണ്‍: 9656210408
No comments:
Post a Comment