ആര്‍ത്തിരോഗം ബാധിച്ച പുരോഹിതവര്‍ഗത്തെ ചികിത്സിക്കുക!
-കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM)
ചേര്‍പ്പുങ്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍:
ചേര്‍പ്പുങ്കലിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയാന്‍ പാലാ
മെത്രാന്‍ വളരെ കഷ്ടപ്പെടുന്നതായി, കത്തും കവറുമായി വീടുകള്‍ കയറിയിറങ്ങി വിനയപൂര്‍വ്വം
തെണ്ടുന്ന വികാരിമാരില്‍നിന്നും അറിയാന്‍ കഴിഞ്ഞു. പക്ഷേ, സംഭാവന ചോദിക്കുമ്പോഴുള്ള
വിനയമൊന്നും പണം കൈയിലെത്തിയാല്‍പ്പിന്നെ കാണാറില്ലല്ലോ, മെത്രാനേ? ഹന്നാന്‍ വെള്ളം
വീണതൊക്കെ 'ഞങ്ങളുടേ'താണെന്നാണല്ലോ
നിങ്ങളുടെ നിലപാട്! ഞങ്ങളുടെ പള്ളികളുടെയും കോളേജുകളുടെയും സ്‌കൂളുകളുടെയും ആധാരം
സ്വന്തം പേരിലാക്കിയ നിങ്ങളുടെ ഉളുപ്പില്ലായ്മയെ നമിക്കുന്നു. അതിനു ചാമരംവീശുന്ന
വിവരദോഷികളായ ആസനംതാങ്ങികളും 'അതെയച്ചാ'ക്കാരുമുള്ളിടത്തോളം പേടിക്കാനില്ലെന്നതാണ് നിങ്ങളുടെ
ഭാവമെന്നറിയാം. ആ കാലം മാറിയത് ഇനിയെങ്കിലും നിങ്ങള്‍ അറിയണം. സന്ദേഹികളുടെ ഒരു
സംവാദമായി ഈ കുറിപ്പിനെ കരുതുക.
1) നിങ്ങള്‍ പ്രചരിപ്പിക്കുന്ന 'വിശ്വാസ'ത്തോടെ നോക്കിയാല്‍, ഇവിടെ ആശുപത്രി
അനാവശ്യമാണ്. മൊത്തമായും ചില്ലറയായും നിങ്ങള്‍ രോഗസൗഖ്യം നല്‍കുമ്പോള്‍
എന്തിനാണാശുപത്രി? എന്നാല്‍ ഞങ്ങളുടെ സാമൂഹികകാഴ്ചപ്പാടില്‍ പറഞ്ഞാല്‍, ഇനിയുമൊരു സൂപ്പര്‍
സ്‌പെഷ്യാലിറ്റി ആശുപത്രി ഇവിടെ ആവശ്യമില്ല. കേരളീയര്‍ക്കു വേണ്ടതിലധികം സൂപ്പര്‍
സ്‌പെഷ്യാലിറ്റികള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. സഭയുടേതുള്‍പ്പെടെ, അവയെല്ലാം
ചൂഷണോപാധികളാണെന്നത് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്!
2) ആശുപത്രികളല്ല നമുക്കു
വേണ്ടത്; ആശുപത്രിയില്‍ പോകേണ്ടിവരാത്ത ആരോഗ്യമുള്ള ജനത്തെയാണ് നമുക്കു
രൂപപ്പെടുത്തേണ്ടത്. അതിനു മാലിന്യമുക്തമായ ഒരു ജീവിതമാണ് നല്‍കേണ്ടത്. വിഷരഹിത, രാസവസ്തുവിമുക്തമായ
ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കണം. പ്രകൃതിവിരുദ്ധജീവിതം പ്രകൃതിവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള
ലൈസന്‍സായി കരുതി, കമ്പിയും സിമിന്റും കല്ലും മണ്ണും മണലും നിങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; മലകള്‍ ഇടിച്ചു
നിരത്തുന്നു-ഇതു നിര്‍ത്തുക. കൂടാതെ, നിങ്ങള്‍ നടത്തുന്ന ഉച്ചഭാഷിണി
പ്രസംഗമലിനീകരണവും അഴിമതിയും ഒഴിവാക്കുക.
3) ഈ വമ്പന്‍ ഹോസ്പിറ്റല്‍
ഉണ്ടാക്കണമെന്ന് ആരാണ് നിശ്ചയിച്ചത്? വിശ്വാസികളോടു കൂടിയാലോചിച്ചിരുന്നോ? ഇപ്പോഴിറക്കിയതുപോലൊരു
നോട്ടീസെങ്കിലും ഇറക്കി അഭിപ്രായസ്വരൂപണത്തിന് അന്നു ശ്രമിച്ചു കൂടായിരുന്നോ? 'No Taxation
without representation' എന്നാണല്ലോ.
4) ഇത്തരം സ്ഥാപനങ്ങള്‍
ഉണ്ടാക്കിയേതീരൂ എന്നാണെങ്കില്‍, ഇനിമുതല്‍ കമ്പനി ആക്റ്റനുസരിച്ച് പബ്ലിക്/പ്രൈവറ്റ്
കമ്പനിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കണം.
ഷെയറുകള്‍ വിറ്റ് മൂലധനമുണ്ടാക്കാം. ലാഭകരമായ ബിസിനസായതിനാല്‍ ഓഹരി വാങ്ങാന്‍
ആളുകള്‍ ക്യൂ നില്‍ക്കും. ഈ രാജ്യത്തു മാത്രമല്ല, വിദേശത്തും വന്‍കിട
ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്. അല്ലെങ്കില്‍, സൊസൈറ്റീസ്
ആക്റ്റനുസരിച്ച് സഹകരണസംഘമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കണം.
5) ആശുപത്രി പണിയാന്‍ മുമ്പു
സമാഹരിച്ച പണമുപയോഗിച്ച് സെന്റ് തോമസ് കോളേജ് കാമ്പസില്‍ പണിതുയര്‍ത്തിയ 'അല്‍ഫോന്‍സിയന്‍
കൊട്ടാര'ത്തില്‍
കിടന്ന് ഒരാഴ്ച തിന്നു കുടിച്ച് കൂത്താടിയ CBCI മെത്രാന്‍സംഘത്തോട്
വാങ്ങിക്കൂ, ആശുപത്രി പണിക്കുള്ള പണം.
6) ലക്ഷത്തിനടുത്തു പെന്‍ഷന്‍തുക
വാങ്ങുന്ന എത്രയോ കത്തനാരന്മാര്‍ പാലാരൂപതയില്‍ത്തന്നെയുണ്ട്! നിങ്ങളൊക്കെ 15-ഉം 20-ഉം ലക്ഷങ്ങളുടെ
വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കിയാല്‍ത്തന്നെ എന്തുമാത്രം പണം ലാഭിക്കാം.
നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരല്ലേ?
7) തമിഴ്‌നാട്ടിലെ കാപ്പിത്തോട്ടവും
മുന്തിരിത്തോട്ടവും വിറ്റുകിട്ടിയ കോടികള്‍ എന്തു ചെയ്തു? അതു സ്വന്തം വീട്ടില്‍നിന്നു
കൊണ്ടുവന്നതൊന്നുമല്ലല്ലോ; വിശ്വാസികളില്‍നിന്നു കിട്ടിയ സംഭാവന ഉപയോഗിച്ചുതന്നെ
വാങ്ങിയതല്ലേ!
8) ഈയിടെ റിവര്‍ വ്യൂ റോഡിനായി
സ്ഥലം വിട്ടുകൊടുത്ത വകയില്‍ 16 കോടി സര്‍ക്കാരില്‍നിന്നു കിട്ടിയത് എന്തു ചെയ്തു? അത് ഈ സ്‌പെഷ്യാലിറ്റി
ആശുപത്രി പണിയാന്‍ മുടക്കിക്കൂടേ? അതിനുപകരം ആരോടും ചോദിക്കാതെ, സെന്റ് തോമസ് പ്രസ്സിനു
സമീപം അടുത്ത ഷോപ്പിംഗ് കോംപ്ലക്‌സിന് അടിത്തറയിട്ടിരിക്കുന്നു! നിങ്ങളുടെ ഈ പണാര്‍ത്തി
എന്നു തീരും?
9) ഷോപ്പിങ്ങ് കോംപ്ലക്‌സുകളുടെ
വരുമാനമൊക്കെ എവിടെപ്പോകുന്നു? വിശ്വാസികളുടെ മൂലധനത്തില്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളും
ഹോസ്പിറ്റലുകളുമൊക്കെ പണിത് ലാഭംകൊയ്യുകയെന്നതാണോ നിങ്ങളുടെ വചന ശുശ്രൂഷ?
10) ഇടവകകളിലെ വരുമാനത്തിന്റെ
പത്തും പന്ത്രണ്ടും ശതമാനം കപ്പം പിരിച്ചുകിട്ടുന്ന കോടികള്‍ എവിടെപ്പോകുന്നു, മെത്രാനേ? ചേര്‍പ്പുങ്കലില്‍
ഉണ്ണിയേശുവിനെയും ഭരണങ്ങാനത്ത് വി.അല്‍ഫോന്‍സയെയും പാലായിലും കൂത്താട്ടുകുളത്തും
യൂദാശ്ലീഹായെയും വിറ്റു വാരിക്കൂട്ടുന്ന കോടികള്‍ എവിടെ അപ്രത്യക്ഷമാകുന്നു?
11) രൂപതാ കോര്‍പ്പറേറ്റുവക
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജോലികളിലേറെയും സമുദായത്തിലെ അതിന്യൂനപക്ഷമായ
സന്ന്യസ്തര്‍ക്കും പുരോഹിതര്‍ക്കും നല്‍കി രൂപതയുടെ വരുമാനം കൂട്ടുകയാണല്ലോ. ആ
പണമൊക്കെ എന്തു ചെയ്യുന്നു? അവയുടെ ഉടമകളായ ഞങ്ങളുടെ മക്കള്‍ക്കും സഹോദരങ്ങള്‍ക്കും 5-6 അംഗങ്ങളടങ്ങുന്ന
കുടുംബം പോറ്റാനായി കിട്ടേണ്ട, അക്രൈസ്തവരുടെ കൂടിയായ നികുതിപ്പണം, കുടുംബജീവിതത്തിന്റെ
ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടി ഒറ്റയാള്‍ജീവിതക്കാരായ നിങ്ങള്‍ക്കെടുക്കാന്‍
എന്തവകാശം? സര്‍ക്കാര്‍ശമ്പളം കിട്ടുന്ന ജോലി ചെയ്യുന്നതാണോ സന്ന്യസ്ത-പൗരോഹിത്യ
ദൈവവിളി?
12) നിങ്ങള്‍ ദശാംശം
ചോദിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? യേശു എവിടെയാണ് ദശാംശത്തിന്റെ കാര്യം
പറഞ്ഞിട്ടുള്ളത്? നിങ്ങളിപ്പോഴും പഴയനിയമകാലത്താണോ ജീവിക്കുന്നത്? ഒരു സമാന്തരസര്‍ക്കാരായി
പ്രവര്‍ത്തിക്കാന്‍ ആരാണ് നിങ്ങള്‍ക്കധികാരം നല്‍കിയത്? ഞങ്ങളുടെ വോട്ടുമേടിച്ച്
അധികാരത്തില്‍ വന്നവരല്ലല്ലോ നിങ്ങള്‍? ഞങ്ങളുടെ ആത്മീയശുശ്രൂഷകരായ നിങ്ങള്‍ എങ്ങനെയാണ്
ഞങ്ങളുടെ ഭരണാധികാരികളാകുന്നത്?
13) അധ്യാപകര്‍ ശമ്പളത്തില്‍നിന്ന്
ഒരു ലക്ഷം നല്‍കണമത്രെ! കൊല്ലങ്ങളായി ശമ്പളത്തില്‍നിന്ന് അരമനയിലേക്ക്
പിടിച്ചുപറിച്ചതൊക്കെ എന്തു ചെയ്തു? ഞങ്ങള്‍ക്കാ കണക്കൊന്നു കാണണം. കാണ്ടാമൃഗം തോല്‍ക്കുന്ന
തൊലിക്കട്ടിതന്നെ നിങ്ങള്‍ക്ക്. ഞങ്ങളുടെ മാതാപിതാക്കള്‍ പിടിയരിയും നേര്‍ച്ചയും
സംഭാവനയും ദാനവും നല്‍കി, ചോരനീരാക്കി പടുത്തുയര്‍ത്തിയ ഈ സ്ഥാപനങ്ങള്‍ ഞങ്ങളില്‍നിന്നു
തട്ടിയെടുത്തതുംപോരാഞ്ഞ്, കുടുംബം പോറ്റാന്‍ സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം അരമനയില്‍നിന്ന്
ഔദാര്യം തന്നതാണെന്ന മട്ടില്‍ ചോദിക്കുന്നു! നാണമില്ലേ നിങ്ങള്‍ക്ക്? ഞങ്ങളുടെ
വിദ്യാലയങ്ങള്‍ ഞങ്ങളെ തിരിച്ചേല്പിക്കൂ. വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന
പള്ളിക്കമ്മറ്റികളിലൂടെയും രൂപതാട്രസ്റ്റ് അസംബ്ലിയിലൂടെയും അവ ഭരിക്കുവാന്‍
പള്ളിക്കാര്‍ക്കറിയാം.
14) നട്ടെല്ലൊടിഞ്ഞിരിക്കുന്ന
കര്‍ഷകനും നല്‍കണമത്രെ ഒരു മാസത്തെ
വരുമാനം! ഉള്ളതില്‍നിന്നു മിച്ചം പിടിച്ചും കടമെടുത്തും വീടുപണിത്
നടുവൊടിഞ്ഞിരിക്കുന്നവനോടും ദശാംശം ചോദിക്കാന്‍ ധൈര്യം കാണിക്കുന്ന നിങ്ങള്‍
മനുഷ്യരോ ചെകുത്താന്മാരോ? ഒരു മാസത്തെ ആയുസ്സിന്റെ കാര്യംപറഞ്ഞ് പണത്തിനുവേണ്ടി
വിലപേശുന്ന ദൈവദൂഷകരേ, നിങ്ങളുടെ ശാപത്തിനെന്തുവില, എന്തു ശക്തി? ശാപവും അനുഗ്രഹവും
നിങ്ങളുടെ കൈയിലോ?
15) ഹോസ്പിറ്റല്‍
പണിതുകഴിഞ്ഞാലുടന്‍ ഒരു വന്‍കിടപണമിടപാട് കമ്പനിക്ക് അതു വില്‍ക്കാന്‍ അച്ചാരം
വാങ്ങിയതായി കേള്‍ക്കുന്നതു ശരിയാണോ, മെത്രാനേ? അതിനു മുമ്പേ
കിട്ടുന്നതിങ്ങു പോരട്ടെ എന്നാണല്ലേ?
16) സ്വന്തമായി നിയമമുണ്ടാക്കി, അതു സ്വയം
വ്യാഖ്യാനിച്ച്, സ്വയം വിചാരണചെയ്ത്, സ്വയം ശിക്ഷയും വിധിച്ചു നടപ്പാക്കുന്ന
ഏകാധിപത്യത്തിന്റെ പിന്തുടര്‍ച്ചക്കാരായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും
നിലകൊള്ളുന്ന മെത്രാനും കൂട്ടരും ഈ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സ്‌പെഷ്യല്‍
അധികാരികളാവും എന്നതില്‍ ഞങ്ങള്‍ക്കു സംശയമില്ല. ആ ഗെയിറ്റു കടക്കാനുള്ള
അനുവാദത്തിനുവേണ്ടി ഞങ്ങള്‍ കാത്തുനില്‍കേണ്ടിവരുമെന്നും അറിയാം. അതുകൊണ്ട് ഈ അടിമത്തത്തിനുവേണ്ടി ഞങ്ങള്‍/നാട്ടുകാര്‍
പിരിവു നല്‍കുന്നതെന്തിന്? സംഭാവന തന്ന് നോക്കുകൂലിക്കാരായ നിങ്ങളെ ഇനിയും
ചുമക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല. കമ്പനിയോ സൊസൈറ്റിയോ ആയി രജിസ്റ്റര്‍ ചെയ്താല്‍
കൃത്യമായ കണക്കു കാണിക്കേണ്ടി വരുമെന്നതാണ് നിങ്ങളുടെ ഭയമെന്നു ഞങ്ങള്‍ക്കറിയാം.
കണക്ക് കാണണമെന്നതുതന്നെയാണ് ഞങ്ങളുടെ ആവശ്യം.
കത്തോലിക്കാമെത്രാന്മാരേ, പുരോഹിതരേ, നിങ്ങള്‍ക്കെന്തിനാണ് ഇത്രയേറെ കള്ളപ്പണം? നിങ്ങളുടെ ഉഡായിപ്പു
സംഘം ധൂര്‍ത്തും സ്ത്രീപീഡനവും ബാലപീഡനവും കൊലപാതകവും നടത്തിയിട്ട് ഈ
കള്ളപ്പണംകൊണ്ട് രക്ഷപെടുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിച്ചേ മതിയാകൂ. എല്ലാം
മെത്രാന്റെ കാല്‍ക്കല്‍ അടിയറവയ്ക്കുന്ന അല്പവിശ്വാസികളേ, നിങ്ങള്‍ മനസ്സിലാക്കേണ്ട
ഒരു സത്യമുണ്ട്; സ്ത്രീപീഡനത്തിനും ബാലപീഡനത്തിനും നഷ്ടപരിഹാരം കൊടുക്കാന്‍ പള്ളികളും
പള്ളിവകസ്ഥാപനങ്ങളും വിറ്റുതുലച്ച് വിദേശത്തെ രൂപതകളും ഇടവകകളുമെല്ലാം
പാപ്പരായിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം. ഇവിടെയും അതാവര്‍ത്തിക്കാന്‍ അധികം
വൈകില്ല. നമ്മുടെ സ്വത്തുക്കള്‍ വിറ്റുതിന്ന് പൊടിയും തട്ടി ഇവര്‍ പോകുന്ന കാലം
വിദൂരമല്ല. അതുകൊണ്ട് നമ്മള്‍ ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇനിയും ഈ പിരിവുമായി മുമ്പോട്ടു പോകാനാണ് പാലായിലെ പുരോഹിതമാഫിയാസംഘത്തിന്റെ
ഭാവമെങ്കില്‍ മെത്രാസനപ്പടിക്കല്‍ ഞങ്ങള്‍ കുത്തിയിരിപ്പുസത്യഗ്രഹം നടത്തും എന്നു
മുന്നറിയിപ്പു നല്‍കാന്‍കൂടി ഈ അവസരം ഉപയോഗിക്കുകയാണ്...
അച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കും സാമാന്യബുദ്ധി പണയം വച്ചിട്ടില്ലാത്ത
ചിന്തിക്കുന്ന ക്രൈസ്തവരേ, വിശ്വാസിസമൂഹത്തിനെതിരെ രൂപതാധികാരം നടത്തുന്ന സംഘടിതമായ
അക്രമത്തെയും അനീതിയെയും നേരിടാന്‍ യേശുവില്‍ ധീരരാകൂ, നീതിക്കായി അണിചേരൂ!
''സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍
ഉറച്ചുനില്‍ക്കുക. അടിമത്തത്തിന്റെ നുകത്തിനുകീഴില്‍ വീണ്ടും നിങ്ങള്‍ അമരരുത്'' (ഗലാ. 5:1).
'കേരളകത്തോലിക്കാ
സഭാനവീകരണപ്രസ്ഥാന' (KCRM) ത്തിനുവേണ്ടി,
സി.വി. സെബാസ്റ്റ്യന്‍ മ്ലാട്ടുശ്ശേരില്‍ (പ്രസിഡണ്ട്) (9496128188)
കെ. ജോര്‍ജ് ജോസഫ് കാട്ടേക്കര (ട്രഷറര്‍) (7012445746)
ഷാജു ജോസ് തറപ്പേല്‍ (സെക്രട്ടറി) (94966540448)
പണ്ടുമുതൽ പാലാ മെത്രാന്മാർ തെണ്ടാൻ മിടുക്കരാണ്. ഇപ്പോൾ തെണ്ടുന്ന കാര്യത്തിൽ മെത്രാന്മാർ തമ്മിൽ മത്സരത്തിലുമാണ്. ചങ്ങനാശേരിയിൽ കോടാനുകോടി ചെലവാക്കി പാറേപ്പള്ളി പുതുക്കി പണിയുന്നു. ഈ പണം ഒന്നും ഇവരുടെ തന്തമാർ കൊണ്ടുവന്നതല്ലെന്നുള്ള വസ്തുതയും മറക്കുന്നു.
ReplyDeleteഷിക്കാഗോയിൽ രണ്ടു മെത്രാന്മാരുണ്ട്. അവരിൽ സീനിയർ മനുഷ്യൻ പാലാ രൂപതയിൽപ്പെട്ട മെത്രാനാണ്. ഓരൊ പ്രസംഗത്തിലും 'പണം പണം' എന്ന് പ്രസംഗിക്കും. 'രൂപാ താ' എന്ന പേരുതന്നെ ഇവരുടെ ആസ്ഥാനത്തിനു യോജിച്ചതാണ്. ഷിക്കാഗോയുടെ സീറോ മലബാർ കത്തീഡ്രലിലിനു മുമ്പിൽ ഒരു ലക്ഷം, രണ്ടു ലക്ഷം ഡോളർ സമ്മാനിച്ച ഡൊണേഷൻ പുണ്യാളന്മാരുടെ പേരുകൾ പള്ളിയുടെ മുമ്പിൽ ഒരു ഫലകത്തിൽ കൊത്തിവെച്ചിട്ടുണ്ട്. ഫലകത്തിൽ കാണുന്ന സംഭാവനയുടെ വീതം പാവപ്പെട്ട ഒരുവന് വീടു വെച്ചു കൊടുക്കാൻ സന്മനസ്സ് കാണിക്കില്ല. ഇവനൊക്കെ മരണാനന്തര സ്വർഗമാണ് സ്വപ്നം കാണുന്നത്. ശുദ്ധീകരണസ്ഥലത്തുനിന്നും വിടുതൽ നൽകും.
പണ്ട് പാലാ മെത്രാൻ 'വയലിൽ' ന്യുയോർക്കിൽ വരുമ്പോൾ കർദ്ദിനാൾ 'കുക്കിനെ' കാണാൻ പോവുന്ന കഥ കേട്ടിട്ടുണ്ട്. ബിഷപ്പ് വയലിന്റെ സെക്രട്ടറി അച്ചൻ കർദ്ദിനാളിന്റെ സെക്രട്ടറിയെ വിളിക്കുമ്പോഴേ അദ്ദേഹം തെണ്ടാൻ വരുന്ന പാലാ ബിഷപ്പിന്റെ പേരിൽ 1000 ഡോളറിന്റെ ഒരു ചെക്ക് എഴുതി വെച്ചിട്ടു സ്ഥലം വിടുമായിരുന്നു. കർദ്ദിനാൾ കൂക്ക് പിരിവു മേടിക്കാൻ വരുന്ന പാലാ മെത്രാനെ നേരിട്ട് കാണാൻ അനുവാദം കൊടുത്തിരുന്നില്ല.
പാലാക്കാരു കുഞ്ഞാടുകൾക്ക് ഇന്നും മെത്രാൻ ഭയം മാറിയിട്ടില്ല. എത്ര പണമുണ്ടായാലും കുഞ്ഞാടുകൾക്ക് പുരോഹിതരെ കാണുമ്പോഴുള്ള അടിമത്ത്വ മനോഭാവത്തിന് മാറ്റവും വരുത്തില്ല. മെത്രാന്റെ അടിവസ്ത്രം ലേലത്തിൽ വെച്ചാൽ പോലും ലക്ഷങ്ങൾ കൊടുത്ത് മേടിക്കാൻ വാലാട്ടികൾ ഉണ്ടെന്നുള്ളതാണ് വാസ്തവം.