റ്റി.റ്റി. മാത്യു തകടിയേല്‍
സത്യജ്വാല 2017 ജൂൺ ലക്കത്തിൽനിന്ന്
ദൈവത്തിന്റെ
ആലയമാണ് ദേവാലയം. ക്രിസ്ത്യാനികള്‍ ദേവാലയത്തെ
പള്ളി എന്നു പറയുന്നു. പള്ളിയുടെ സക്രാരിയില്‍ സൂക്ഷിച്ചിരിക്കുന്ന
തിരുവോസ്തിയില്‍ ദൈവസാന്നിദ്ധ്യമുണ്ടെന്ന് ക്രൈസ്തവവിഭാഗത്തില്‍പ്പെട്ട
കത്തോലിക്കര്‍ വിശ്വസിക്കുന്നു. അപ്പോള്‍ പള്ളിയെന്നത് ഒരു കെട്ടിടം മാത്രമല്ല, വിശുദ്ധിയുള്ള ഒരു സ്ഥലംകൂടിയാണ്.
ഗോതമ്പപ്പമായ ഓസ്തിയില്‍ ദൈവസാന്നിദ്ധ്യം വരുത്തുവാനുള്ള ദിവ്യമായ ആത്മീയശക്തി
വൈദികനുണ്ടെന്നാണ് വിശ്വാസം. ഈ വൈദികന്റെ വാസസ്ഥലമാണ് പള്ളിമേട. അപ്പോള്‍ മേല്‍പ്പറഞ്ഞ
പള്ളിയുടെയും വൈദികന്റെയും സാന്നിദ്ധ്യമുള്ള പള്ളിമേടയില്‍ നന്മയുടെയും
വിശുദ്ധിയുടെയും പരിവേഷം നിറഞ്ഞു നില്‍ക്കേണ്ടതാണ്.
ആമുഖമായി
ഇത്രയെങ്കിലും പറഞ്ഞെങ്കില്‍മാത്രമേ, മാനന്തവാടി ബിഷപ്പ് മാര്‍ ജോസഫ് പൊരുന്നേടം വിശ്വാസികളോടു നടത്തിയ
പരസ്യപ്രസ്താവനയെ വിശകലനംചെയ്യുവാന്‍പറ്റൂ. 2017 ഏപ്രില്‍ മാസത്തില്‍
വിവാദകേന്ദ്രമായ കൊട്ടിയൂര്‍ പള്ളിയിലെ കുര്‍ബാനയ്ക്കുശേഷം നടത്തിയ പ്രസംഗത്തില്‍, പള്ളിമേടകളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ക്യാമറ
സ്ഥാപിക്കുകയും അള്‍ത്താര ബാലികമാരെ ഒഴിവാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: ''വൈദികര്‍ക്ക് കടുത്ത
നിയന്ത്രണം ഏര്‍പ്പെടുത്തും. ഇടവകഭരണം നിയന്ത്രിക്കുവാനും നിരീക്ഷിക്കുവാനും അല്‍മേനികളുടെ
പ്രതിനിധികള്‍ അടങ്ങുന്ന പ്രാദേശികസമിതികള്‍ രൂപീകരിക്കും. കൊട്ടിയൂരില്‍
മാത്രമല്ല, സഭയിലാകെ മാറ്റങ്ങള്‍ക്കു തുടക്കംകുറിക്കുവാനുള്ള
സന്ദര്‍ഭമായാണീ വിഷയത്തെ കാണുന്നത്.''
വസ്തുനിഷ്ഠമായിട്ടുതന്നെ
നമുക്ക് ഈ പ്രസ്താവനയെ വിലയിരുത്താം. ആമുഖത്തില്‍ പറഞ്ഞതുപോലെ എല്ലാ നന്മകളും
നിറഞ്ഞുനില്‍ക്കേണ്ട സ്ഥലമാണ് പള്ളിയും പള്ളിമേടയും; അതുപോലെതന്നെ വൈദികരും. തങ്ങള്‍ ദൈവത്തിന്റെ
പ്രതിപുരുഷന്മാരാണെന്നുവരെ പുരോഹിതര്‍ സ്വയം പ്രഖ്യാപിക്കുന്നു. ലിയോ-10-ാം മാര്‍പാപ്പാ
'തിരുവെഴുത്തുകള്‍' എന്ന പുസ്തകത്തില്‍
ഇങ്ങനെ എഴുതുന്നു. ''എല്ലാവരും പൂര്‍ണ്ണമായും ദൈവത്തിനു
കീഴടങ്ങുന്നതുപോലെ റോമന്‍ മാര്‍പാപ്പായ്ക്കും കീഴടങ്ങണം. സര്‍വ്വ ശക്തനായ
ദൈവത്തിന്റെ പദവികള്‍ ഞങ്ങള്‍ വഹിക്കുന്നു.'' അതുപോലെ,
1780-ല്‍ കൂടിയ കൗണ്‍സിലില്‍ വിഷയം അജന്‍ഡയില്‍പ്പോലും ഉള്‍പ്പെടുത്താതെയും
എതിര്‍പ്പുകള്‍ വകവയ്ക്കാതെയും മാര്‍പാപ്പാമാര്‍ക്ക് തെറ്റാവരമുണ്ടെന്നത് ഒരു
വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതിനുവേണ്ടി ഒരു തിയോളജിയും കണ്ടുപിടിച്ചു. അങ്ങനെ
ദൈവത്തെ ഭൂമിയിലേക്ക് ആനയിച്ചുകൊണ്ടുവരുവാനും, മനുഷ്യന്റെ
പാപങ്ങള്‍ പൊറുക്കുവാനും, പണം വാങ്ങിയാണെങ്കിലും മരിച്ച
വിശ്വാസികളെ ശുദ്ധീകരണസ്ഥലത്തിലെ തീച്ചൂളയില്‍നിന്നും ദൈവം കല്പിച്ച
കാലാവധിക്കുമുന്‍പേ സ്വര്‍ഗ്ഗസൗഭാഗ്യത്തിലെത്തിക്കുവാനുമാവശ്യമായ
ദൈവികാധികാരമുള്ളവരും, എല്ലാത്തിലുമുപരി ഭൂമിയില്‍
ദൈവത്തിന്റെ പ്രതിപുരുഷന്മാരും ആയിരിക്കുന്ന പുരോഹിതരെ, അല്ലെങ്കില്‍
പുരോഹിതശ്രേഷ്ഠരെ നാം എങ്ങനെ നോക്കിക്കാണണം?
ഇത്രയുമൊക്കെ
വിശുദ്ധികള്‍ നിറഞ്ഞു നില്‍ക്കുന്ന പുരോഹിതര്‍ അവരുടെ ജീവിതത്തിലും അതു
പ്രകടമാക്കേണ്ടതാണ്. ഇതൊന്നുമില്ലാതെ സാധാരണ മനുഷ്യരെപ്പോലെയോ അതിലുംതാണ ലെവലിലോ
ഇവര്‍ ജീവിച്ചാല്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്? ദൈവത്തിന്റെ വരപ്രസാദങ്ങളൊന്നും ഇവര്‍ക്കു
കിട്ടിയിട്ടില്ലെന്നു തന്നെയാണ്. വെറും പച്ച മനുഷ്യര്‍! യേശുവിന്റെ ദര്‍ശനങ്ങളും
ഉപദേശങ്ങളുമല്ല ഇവര്‍ പിന്തുടരുന്നതെന്നും വരുന്നു.
ഇത്രയുമൊക്കെ
മനസ്സിലാക്കിയ ആളാണ് മാനന്തവാടിയിലെ മെത്രാന്‍ മാര്‍ ജോസഫ് പൊരുന്നേടം എന്നു
തോന്നുന്നു. അതുകൊണ്ടുതന്നെയായിരിക്കണം,
പുരോഹിതന്റെ വാസസ്ഥലമായ പള്ളിമേടയില്‍ സ്ത്രീകള്‍ വരരുത് എന്നു
പറയുന്നത്. ഇവിടെ, പുരോഹിതന്റെ വാസസ്ഥലമായ പള്ളിമേട
പാപസങ്കേതമല്ല എന്നു പറയുവാന്‍ മെത്രാനു ധൈര്യംപോരാ. പുരോഹിതര്‍ അന്യന്റെ പാപം
പോക്കും എന്നല്ലാതെ, പാപത്തിനതീതരാണെന്നു പറയുവാന്‍
പറ്റുന്നില്ല. ആ വിശ്വാസക്കുറവുകൊണ്ടാണല്ലോ പള്ളിമേടകളില്‍ ക്യാമറ വയ്ക്കണമെന്നും,
ദിവ്യബലിയില്‍ സഹകരിക്കുന്ന പിഞ്ചു ബാലികമാരെപ്പോലും
ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പള്ളിമേടകളില്‍
സ്ത്രീകളെ നിരോധിക്കുകയും അവിടെ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയുംചെയ്യുന്ന
മെത്രാന്‍ എന്തുകൊണ്ട് മെത്രാന്റെ വാസസ്ഥലമായ മെത്രാസനഅരമനകളെ ഇതില്‍നിന്നെല്ലാം
ഒഴിവാക്കുന്നു? കാരണം,
ആത്യന്തികമായി മെത്രാനും ഇടവകവികാരിയും പുരോഹിതരാണ്; പദവിയില്‍ മാത്രമേ വ്യത്യാസമുള്ളു. അധികാരവും ആഡംബരവും സുഖഭക്ഷണവും
സുഖലോലുപതയുമൊക്കെ കൂടുതലുള്ള മെത്രാന്മാരുടെ ജീവിതത്തിന് പാപചായ്‌വ്
കൂടുതലാവാനല്ലേ ഏറെ സാധ്യത?
എറണാകുളം ബിഷപ്പ്
മാര്‍ ജോണ്‍ തട്ടുങ്കല്‍ ഒരു സ്ത്രീയെ മെത്രാസന അരമനയില്‍ താമസിപ്പിച്ചിരുന്നതും
അതേത്തുടര്‍ന്ന് അദ്ദേഹത്തെ സഭ തല്‍സ്ഥാനത്തുനിന്നു മാറ്റിയതും വിദേശത്ത് ജോലി
തരപ്പെടുത്തിക്കൊടുത്തതുമൊക്കെ വളരെയേറെ വാര്‍ത്ത പിടിച്ചുപറ്റിയിരുന്നു. ബിഷപ്പ്
അരമന വിട്ടുപോയശേഷം രൂപതയിലെ വൈദികര്‍ കൂട്ടമായി വന്ന് വിശുദ്ധിയുടെ ജലമായ ഹാന്നാന്‍വെള്ളം
തളിച്ച് അരമനമന്ദിരം ശുദ്ധമാക്കിയശേഷമാണ് അവിടെ പ്രവേശിച്ചതുതന്നെ. അതുകൊണ്ട്
പള്ളിമേടയ്‌ക്കൊപ്പമോ അതില്‍ കൂടുതലോ നിയന്ത്രണങ്ങള്‍ മെത്രാസനഅരമനകളിലും
വേണ്ടിവരുന്നു. ചുരുക്കത്തില്‍, മെത്രാനെയും അദ്ദേഹത്തിന്റെ അരമനയെയും ഒഴിച്ചുനിര്‍ത്തി ഒരു സന്മാര്‍ഗ്ഗനിയന്ത്രണം
സഭ നടപ്പാക്കേണ്ടതില്ല.
സ്ത്രീസാന്നിദ്ധ്യവും
സ്ത്രീസാമീപ്യവും പുരോഹിതരുടെ ബ്രഹ്മചര്യത്തിന് വെല്ലുവിളിയായി വരുന്നു എന്ന
തിരിച്ചറിവ് സഭയ്ക്കുണ്ടായ മുറയ്ക്ക്, സ്ത്രീകളെ കന്യാസ്ത്രീകള്‍തന്നെ
കുമ്പസാരിപ്പിക്കണമെന്ന ശ്രദ്ധേയമായ ഒരു
നിര്‍ദ്ദേശം വരികയുണ്ടായല്ലോ. കാരണം, ഇന്നത്തെ രീതിയിലുള്ള
കുമ്പസാരവും കുമ്പസാരക്കൂടുകളും പള്ളിമേടകളെക്കാള്‍ എത്രയോ കൂടുതല്‍
പാപസങ്കേതങ്ങളാകാന്‍ സാദ്ധ്യതയുണ്ട്! കുമ്പസാരക്കൂടുകളിലെ സ്വകാര്യതയില്‍
ബ്രഹ്മചര്യനിഷ്ഠയില്‍ ബലഹീനനായ ഒരു വൈദികന്‍ സ്ത്രീകളില്‍നിന്നു ലൈംഗികച്ചുവയുള്ള
പാപങ്ങള്‍ കേള്‍ക്കുമ്പോള്‍ വികാരഭരിതനോ പ്രലോഭിതനോ ആകാന്‍ സാധ്യത ഏറെയാണ്. ഇവിടെ
മാനസികമായിട്ടെങ്കിലും ബ്രഹ്മചര്യത്തിനെതിരായ വേലിചാട്ടങ്ങള്‍ നടക്കുന്നു.
അന്ത്യഅത്താഴത്തിനുമുന്‍പ്
യേശു തന്റെ ശിഷ്യന്മാരുടെ കാലുകഴുകിത്തുടച്ചു. എളിമയുടെയും മനുഷ്യസ്‌നേഹത്തിന്റെയും
അത്യുജ്ജ്വലമായ പ്രകടനം! കത്തോലിക്കാസഭ കാലുകഴുകല്‍ ഒരു അനുഷ്ഠാനകര്‍മ്മമായി
തുടരുന്നു. പുരോഹിതര്‍ 12 പുരുഷന്മാരുടെ കാലുകഴുകി ചുംബിക്കുന്നു. അന്യമതസ്ഥരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും
സ്ത്രീകളുടെയും കാലുകഴുകി ചുംബിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന്
ഫ്രാന്‍സീസ് മാര്‍പാപ്പാ ഉല്‍ബോധിപ്പിച്ചിരിക്കുന്നു. ഇത് അദ്ദേഹം
കാണിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ സീറോ-മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്
മാര്‍ ആലഞ്ചേരി ഇതിനെതിരെ, 'വൈദികര്‍ സ്ത്രീകളുടെ കാലു കഴുകി ചുംബിക്കേണ്ട' എന്ന്
ഇടയലേഖനമെഴുതി! സഭയിലെ വൈദികരുടെ
ജീവിതവിശുദ്ധിസംബന്ധിച്ച്
മാനന്തവാടി ബിഷപ്പിനുള്ള അതേ തിരിച്ചറിവാണ് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍
മാര്‍ ആലഞ്ചേരിക്കുമുള്ളത് എന്നര്‍ത്ഥം.
മനുഷ്യസഹജവാസനയായ
ലൈംഗികതയെ പൂര്‍ണ്ണമായും തടഞ്ഞുനിര്‍ത്തുവാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല.
അതുകൊണ്ട് സഭ ഇന്ന് വൈദികര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ബന്ധിതബ്രഹ്മചര്യം
നിര്‍ത്തലാക്കണം. ആദിമസഭയില്‍ ആദ്ധ്യാത്മികശുശ്രൂഷകര്‍ക്ക് നിര്‍ബന്ധിതബ്രഹ്മചര്യനിയമം
ഇല്ലായിരുന്നു. 1075 - വരെ പുരോഹിതര്‍ വിവാഹിതരായിരുന്നു. 1599-വരെ കേരളസഭയിലെ
കത്തനാരന്മാരും വിവാഹിതരായിരുന്നു. യേശുവിന്റെ ശിഷ്യന്മാരില്‍ യോഹന്നാന്‍ ഒഴിച്ച്
ബാക്കിയെല്ലാവരും വിവാഹിതരായിരുന്നു. അതുകൊണ്ട്, യേശുവിനില്ലാത്ത ഒരു കപട ആത്മീയകാഴ്ചപ്പാടൊന്നും
സഭയ്ക്കും വേണ്ട. കത്തോലിക്കാസഭ ഇന്നു നേരിടുന്ന ഒരു വലിയ വെല്ലുവിളി പുരോഹിതരുടെ
ലൈംഗിക അരാജകത്വമാണ്. 1992-93 കാലഘട്ടത്തില്‍ ചിക്കോഗോ ബിഷപ്പായിരുന്ന ബെര്‍നാര്‍ഡ്
ഒരു ബാലപീഡനക്കാരനായിരുന്നെന്ന് പരസ്യമായതോടെയാണ്, വൈദികര്‍ക്കിടയില്‍
വ്യാപകമായി നടന്നുവന്നിരുന്ന ബാലപീഡനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലോകമറിയുന്നത്.
2001-ല്‍ 'ബാസ്റ്റണ്‍ ഗ്ലോബ്' എന്ന
ദിനപത്രം നടത്തിയ വിശദമായ അന്വേഷണത്തില്‍ 600-ലേറെ വൈദികരെ ബാലപീഡനക്കാരായി
കണ്ടെത്തി (2003-ല്‍ പുലിസ്റ്റര്‍ പ്രൈസ് ലഭിച്ച പത്രമാണ് 'ബോസ്റ്റണ്‍
ഗ്ലോബ്'). വൈദികരുടെ ബാലപീഡനത്തിന്റെപേരില്‍ അമേരിക്കയിലും,
യൂറോപ്പിലുമായി ലക്ഷക്കണക്കിനു ഡോളര്‍ പിഴയടച്ച്, പല രൂപതകളും സാമ്പത്തികമായി തകര്‍ന്നു പോയ കഥ ലോകം അറിഞ്ഞതാണല്ലോ.
പുരോഹിതരെ
വിശുദ്ധരായി ബിംബവല്‍ക്കരിക്കുവാനും, അവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന
ആരോപണങ്ങളെ തമസ്‌കരിക്കുവാനും ഒതുക്കിത്തീര്‍ക്കുവാനും വിശ്വാസികളും
സഭാനേതൃത്വവും അമിതവ്യഗ്രത കാണിക്കുകയാണ്. അതാണ് കുറ്റകൃത്യങ്ങള്‍ അധികരിക്കുവാന്‍
കാരണം. ഇവിടെ പുരോഹിതര്‍ക്ക് കണക്കില്‍ക്കവിഞ്ഞ
വിശുദ്ധിയും അപ്രമാദിത്വവുമൊന്നും കൊടുക്കാതെ, അവരും പച്ച മനുഷ്യരാണെന്ന് മാനന്തവാടി ബിഷപ്പിനെപ്പോലെ
എല്ലാവരും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പുരോഹിതര്‍ ഇത്രയും വഷളാകുമായിരുന്നില്ല.
കോണ്‍സ്റ്റന്റയിന്‍
ചക്രവര്‍ത്തിയുടെയും പുരോഹിതരുടെയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി 325-ല്‍
കൂടിയ നിഖ്യാസൂനഹദോസില്‍ രൂപംകൊണ്ട കത്തോലിക്കാസഭയ്ക്ക് പതിനേഴു നൂറ്റാണ്ടിന്റെ
പഴക്കമുണ്ട്. ഇക്കണ്ടകാലമത്രയും പുരോഹിതര്‍ സഭയെ നയിച്ചു. അല്‍മായര്‍ അനുസരിച്ചു.
ഇപ്പോള്‍ സഭ എവിടെ നില്‍ക്കുന്നു? പുരോഹിതര്‍ നിയന്ത്രിക്കുന്ന പള്ളിയിലും പള്ളിമേടയിലും സ്ത്രീകളും പെണ്‍കുട്ടികളും
വരുന്നതിനു നിബന്ധന വയ്‌ക്കേണ്ടി വന്നിരിക്കുന്നു! ഇവരുടെ പോക്കു-വരവ്
നിരീക്ഷിക്കുന്നതിന് ക്യാമറകളും വയ്ക്കുന്നു. വിശുദ്ധിയുടെ പരിവേഷം നിറഞ്ഞുനില്‍ക്കേണ്ട
പുണ്യസ്ഥലത്തിന്റെ കാര്യമാണീ
പ്പറയുന്നത്.
യേശുവിന്റെ പേരിലുണ്ടായ സഭയെ ഈ വിധത്തിലാക്കിയതാരാണ്? ഇന്നത്തെ സഭാനേതൃത്വത്തിന്റെ കൈകളില്‍
സഭ സുരക്ഷിതമാണോ? ഇവിടെനിന്ന് സഭയ്ക്ക് യേശുവിലേക്ക് ഒരു
മടക്കയാത്രയുണ്ടാകുമോ? അതിനുവേണ്ടിയാണോ ഇന്നത്തെ ഫ്രാന്‍സീസ്
പാപ്പാ നിയോഗിതനായിരിക്കുന്നത്? എന്നാല്‍ യേശുവിന് അന്ന് യഹൂദ പുരോഹിതരില്‍ നിന്നുണ്ടായ ക്രൂരമായ അനുഭവം
മാര്‍പാപ്പായ്ക്കുണ്ടാകുമോ എന്ന സന്ദേഹം നിലനില്‍ക്കുന്നു.
ഫോണ്‍: 9497632219
No comments:
Post a Comment