ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തല്‍
[2017 ജൂണ്‍ 3-ലെ 'Deccan Chronicle'-ല്‍ വന്ന വാര്‍ത്താക്കുറിപ്പ്.
സ്വന്തം തര്‍ജ്ജമ - എഡിറ്റര്‍, സത്യജ്വാല]
കേരളത്തിലെ
ക്രൈസ്തവസഭാസ്ഥാപനങ്ങള്‍ക്കു വിദേശത്തുനിന്നു ലഭിക്കുന്ന ഫണ്ടുകളുടെ ഉപയോഗം
സുതാര്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്, കേന്ദ്ര-സംസ്ഥാനഗവണ്‍മെണ്ടുകളോട് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' (JCC) ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ചില പ്രധാന രൂപതകള്‍ അവയ്ക്കു ലഭിച്ച വിദേശഫണ്ടുകള്‍ സംബന്ധിച്ചു സമര്‍പ്പിച്ച
കണക്കുകളില്‍ ആഭ്യന്തരമന്ത്രാലയം സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയ
സാഹചര്യത്തില്‍, ഈ ആവശ്യത്തിനു വലിയ പ്രാധാന്യം
കൈവന്നിരിക്കുകയാണെന്ന്, സംസ്ഥാനത്തുള്ള ക്രൈസ്തവസഭകളിലെ
സംവിധാനങ്ങളില്‍ പരിഷ്‌കരണം ആവശ്യപ്പെട്ടു പ്രവര്‍ത്തിക്കുന്ന JCC അഭിപ്രായപ്പെട്ടു.
എറണാകുളം-അങ്കമാലി, കാഞ്ഞിരപ്പള്ളി, കൊച്ചി, തൃശൂര്‍, വരാപ്പുഴ
രൂപതകള്‍ നല്‍കിയ കണക്കുകളിലാണ്, ആഭ്യന്തരമന്ത്രാലയത്തിന്റെ FCRA
(Foreign Currency Regulation Act) വിഭാഗം ഗുരുതരമായ ക്രമക്കേടുകള്‍
കണ്ടെത്തിയിരിക്കുന്നത് എന്ന് JCC ജന.സെക്രട്ടറി വി.കെ. ജോയി
പ്രസ്താവിച്ചു. കണക്കുകളിലെ വര്‍ഷാവസാന നീക്കിയിരിപ്പും (closing balance) അടുത്ത വര്‍ഷാരംഭത്തിലെ നീക്കിയിരിപ്പും ഒരേതുക ആയിരിക്കേണ്ട സ്ഥാനത്ത്,
രൂപതകള്‍ നല്‍കിയ കണക്കുകളില്‍ ഈ തുകകള്‍ തമ്മില്‍ യാതൊരു
ബന്ധവുമില്ലെന്ന് RTI (Right To Information) Actപ്രകാരം
ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2009 മുതലുള്ള
കണക്കുകള്‍മാത്രം പരിശോധിച്ചാല്‍ത്തന്നെ, നിരവധി കോടി
രൂപയുടെ ക്രമക്കേടുകളാണു നടന്നിരിക്കുന്നതെന്നു കാണാം, ശ്രീ.
വി.കെ.ജോയി പറഞ്ഞു.
കത്തോലിക്കാരൂപതകളില്‍
വിദേശഫണ്ടുകള്‍ സ്വീകരിക്കുന്നത് ദരിദ്രരും അനാഥരുമായ ആളുകള്‍ക്കുവേണ്ടിയാണെന്നിരിക്കേ, ഈ രൂപതകള്‍ FCRA ഡിപ്പാര്‍ട്ടുമെന്റിനു സമര്‍പ്പിച്ച രേഖകള്‍ കാണിക്കുന്നതു മറിച്ചാണെന്ന് JCC-യുടെ ഒരു പ്രസ്താവനയില്‍ പറയുന്നു. ഈ രൂപതകള്‍ നല്‍കിയ ഔദ്യോഗികറിപ്പോര്‍ട്ടുപ്രകാരം,
'ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിനും നന്നാക്കലിനും സംരക്ഷണത്തിനും,
കൂടാതെ തിരുനാളാഘോഷങ്ങള്‍ക്കുമായാണ്' ഫണ്ടിന്റെ
സിംഹഭാഗവും ചെലവാക്കിയിട്ടുള്ളത്. ഇതു വാസ്തവവിരുദ്ധമാണ് - JCC പറയുന്നു.
വിദേശഫണ്ടുകള്‍
അതിന്റെ ഗുണഭോക്താക്കളാകേണ്ട പാവപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടിയാണു
ചെലവഴിക്കപ്പെടുന്നതെന്ന് ഉറപ്പാക്കണമെന്നും,
കൂടാതെ സഭകളുടെ കീഴിലുള്ള സംഘടനകളുടെയും സേവനസംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളെ
നിയന്ത്രിക്കാനുള്ള ഒരു സംവിധാനത്തിനു രൂപംനല്‍കണമെന്നും JCC ഗവണ്‍മെണ്ടിനോട് ആവശ്യപ്പെട്ടു.
No comments:
Post a Comment