Translate

Wednesday, July 19, 2017

ഏറ്റവും നല്ല അമ്മയാകാൻ ഒരു നേഴ്‌സിനെ കഴിയൂ!

അനുപമ ആചാരി
ദൈവത്തിന്റെ സ്ഥാനം അഭിനയിക്കുന്ന പാതിരിമാരിലും കൂടുതലുള്ളത് ചെകുത്താന്മാരാണെന്ന് ഇന്ന് ഈ നാട്ടിലെല്ലാർക്കും അറിയാം. എന്നാൽ നേഴ്സിംഗ് ജോലി ഏറ്റെടുക്കുന്നവരിൽ 100 % ഹൃദയം നിറയെ വിശുദ്ധിയും സ്നേഹവുമുള്ളവരാണെന്ന് താഴെ വായിക്കാവുന്ന അനുഭവം പഠിപ്പിക്കുന്നു: ...... ...... ...... നേഴ്സിംഗ് എന്ന പ്രൊഫഷനോട് എനിക്ക് എന്നും വെറുപ്പായിരുന്നു. മെഡിക്കൽ എൻട്രൻസിൽ bsc നഴ്സിംഗ് കിട്ടിയിട്ടും പുല്ലുപോലെ വലിച്ചെറിഞ്ഞു. കൂടെയുള്ളവർ ലക്ഷങ്ങൾ കൊടുത്തു ബംഗ്ളൂരിൽ നഴ്സിങ്ങിന് ചേർന്നു. നഴ്സിംഗ് ഫീൽഡിൽ ഒരു ബൂം ആയിരുന്നു ആ വർഷം.
എന്തോ ഒരു പുച്ഛമായിരുന്നു നഴ്സുമാരോട്. എത്രയൊക്കെ പ്രൊമോഷൻ  കിട്ടിയാലും നേഴ്സ് ഒരിക്കലും ഡോക്ടർ ആവില്ലല്ലോ എന്ന ചിന്ത ആയിരുന്നു അതിനു പിന്നിൽ. 
എല്ലാം മാറ്റിമറിച്ചത് "പ്രസവം"എന്ന മഹാസംഭവം ആയിരുന്നു. ദൈവം വെള്ള ഉടുപ്പിട്ടു മുൻപിൽ വന്നുനിന്ന ദിവസങ്ങൾ. ആദ്യ പ്രസവം ആയതു കൊണ്ട് വേദനയെ പറ്റി കേട്ടുകേൾവി മാത്രം ഉണ്ടായിരുന്നത് കൊണ്ട് അമിത ധൈര്യം ആയിരുന്നു എന്ന് പറയാം. 
ഒരു ഏപ്രിൽ 23ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നു. അന്നുരാത്രി ഗർഭപാത്രത്തിനു ചുറ്റും ട്യൂബ് ഇടുന്നു, വികസിപ്പിക്കുവാൻ. ഒരു ടേബിളിൽ കിടത്തിയിട്ട് ഒരു ഡോക്ടറും ചുറ്റും മാലാഖമാരും. എന്താ സംഭവിക്കാൻ പോകുന്നതെന്ന് ഒരു പിടിയുമില്ല. നാണവും മാനവും എല്ലാം കാറ്റിൽ പറത്തി ആണും പെണ്ണും അടങ്ങിയ മാലാഖമാർ.  പെട്ടെന്നായിരുന്നു എന്തോ ഒന്നു തുളച്ചു യൂട്രസ്സ്ന് ചുറ്റും വളയം ചെയ്യപ്പെട്ടു. അമ്മേ, എന്ന് അലറി വിളിച്ച എന്നോട് ഒരു മാലാഖ "എന്താ കുട്ട്യേ, അപ്പൊ നാളെയോ??ഇങ്ങനെ കരഞ്ഞാലോ!" കൈയിൽ പിടിച്ചു ആശ്വസിപ്പിച്ചു, മുടിയൊക്കെ കെട്ടിവെച്ചു, പിച്ചവെക്കുന്ന ഒരു കുട്ട്യേ നടത്തുന്നപോലെ റൂമിൽ കൊണ്ടുവന്നു വിട്ടു. നാളെ രാവിലെ 6 മണിക്ക് pain induce ചെയ്യണം. ധൈര്യായിട്ടിരിക്കു. 
ഏപ്രിൽ 24, രാവിലെ 5. 30. യൂട്രസ്സ് വികസിച്ചത് കൊണ്ടാവണം, ഇട്ടിരുന്ന ട്യൂബ് പുറത്തേക്ക് വന്നിരുന്നു. അമ്മ, മുടിയൊക്കെ കെട്ടിവച്ചു, കാന്തൻ പൊട്ടൊക്കെ തൊടീച്ചു റെഡി ആയി ഇരിക്കുമ്പോൾ, ഒര3 മാലാഖ വന്നു വാതിലിൽ മുട്ടി. എനിമ വക്കണം. എല്ലാരും പുറത്തേക്ക് നില്ക്കു . വീണ്ടും നാണവും മാനവും. അമ്മേ ന്നു വിളിക്കുന്നു. വച്ചത് മാത്രം ഒര്മയുണ്ട്. എല്ലാം പെട്ടെന്നായിരുന്നു. 
Labour റൂമിലേക്ക്‌. അതൊരത്ഭുത ലോകം. ആദ്യം, ഒരു അറ്റന്റന്റ്.  ക്ഷൗരം ചെയ്യൽ കർമം. നാണത്തിന്  രണ്ടാമത്തെ ഘട്ടം. മാലാഖ വന്നു, ഇത് ചെയ്തത് ശെരിയായിട്ടില്ല എന്ന് പറഞ്ഞു സ്വയം വീണ്ടും ചെയ്യുന്നു. 
പേടിക്കണ്ടാട്ടോ pain induce ചെയ്യുവാണ്. Pain വരാത്തതെന്താ, ചെയ്തിട്ട് 10 മിനിറ്റ് ആയല്ലോന്നു പറഞ്ഞു ഞാൻ. അപ്പൊ ഒരു മാലാഖ ചെറുതായൊന്നു ചിരിച്ചു. 
Sister, എനിക്ക് ബാത്‌റൂമിൽ പോകാൻ മുട്ടുന്നു എന്നു ഞാൻ . "ഡോക്ടറെ pain സ്റ്റാർട്ട്‌ ചെയ്തു" എന്നു ആ മാലാഖ  പറയുന്നത് മാത്രേ ഓർമയുള്ളൂ. ആദ്യത്തെ വേദന ചില നിമിഷങ്ങൾ നീണ്ടുനിൽക്കും. പിന്നെ അത് ഇല്ലാതാകും. അപ്പൊ മാലാഖമാരോട് ചിരിച്ചും സംസാരിച്ചും കിടക്കും. പത്തുമിനുറ്റ് കഴിയുമ്പോൾ അടുത്ത pain, മിനുട്ടുകൾ ലാസ്റ്റ് ചെയ്യുന്നത്. അങ്ങനങ്ങനെ ഇടവേളകൾ കുറഞ്ഞു വന്നു. നഴ്സുമാർ കയ്യിലും വയറ്റിലും തടവികൊണ്ടിരിക്കുന്നു. നല്ല കുഞ്ഞാവ വരാൻ പ്രാർത്ഥിക്കു എന്നു പറഞ്ഞു നെറ്റിയിൽ തടവുന്നു. സിറിഞ്ചിൽ വെള്ളം നിറച്ചു ഇറ്റിറ്റായി വായിൽ ഒഴിച്ച് നല്കുന്നു. പ്രസവ വേദനയിൽ ദൈവം ഇടവേളകൾ തരുന്നത് എന്തിനാണെന്നോ. മരണത്തിനു തുല്യമായ വേദന, ഇടവേളകൾ ഇല്ലാതെ ഒരു മനുഷ്യ ജീവനും അത് സഹിക്കാൻ പറ്റാത്തത് കൊണ്ട്.
വേദനയുടെ ഇടവേളകൾ കുറഞ്ഞു കുറഞ്ഞു വന്നു. അലറി കരഞ്ഞു. ഞരമ്പുകൾ വലിഞ്ഞു മുറുകി. Horror സിനിമയിലെ യക്ഷിയുടെ വികൃതമായ മുഖവും ശബ്ദവും. "എന്നെ വിഷം കുത്തിവച്ചു കൊന്നേക്, കാന്തനോട് ഞാൻ മരിച്ചുപോയെന്നു പറഞ്ഞേക്ക്, എന്നെ ബോധം കെടുത്തൂ".. ... മാലാഖമാർ വിരലുകളിൽ പിടിച്ചു ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. വേദനയുടെ മൂർധന്യതയിൽ എന്റെ നഖംകൊണ്ട്  അശ്വതി എന്നു പേരുള്ള ഒരു മാലാഖയുടെ കൈകൾ കീറി ചോര പൊടിഞ്ഞത് മറക്കാനാവില്ല. നീണ്ട 7 മണിക്കൂറുകൾ. അല്പം പോലും ക്ഷമ വിടാതെ അവരും.
Final stage ആയപ്പോൾ എതാണ്ട് 12 മാലാഖമാർ ചിറകു വിരിച്ചു ചുറ്റും നിന്ന് "Push, push, push.. എന്നു റക്കെ. എനിക്കപ്പോൾ ഓർമവന്നത് വേമ്പനാട്ടു കായലിലെ വള്ളംകളിയാണ്. കുരുതിക്കളം ആയി മാറിയ ടേബിൾ. രക്തവും അഴുക്കും മറ്റെന്തൊക്കെയോ. ഇതെല്ലാം കാണാനും സഹിക്കാനും മനക്കട്ടി കൂടിയേ തീരു.  4കിലോ ഭാരമുള്ള ഒരു അഴുക്കു രൂപത്തെ ഡോക്ടർ പുറത്തേക്ക് എടുക്കുമ്പോൾ, ഒരു മാലാഖ പറഞ്ഞു.. എന്തു വാവയാണെന്നു നോക്കിക്കേ... 
ആ അഴുക്കു രൂപത്തെ എനിക്കു നേരെ കാണാവുന്ന ഒരു വാഷ്‌ ബേസിനിൽ കിടത്തി കുളിപ്പിക്കുമ്പോൾ, എന്നേക്കാൾ മുമ്പേ എന്റെ കുഞ്ഞിനെ തൊട്ടു തലോടിയ അവളോട്‌ അസൂയ തോന്നി.. എന്റെ നെഞ്ചത്ത് കുഞ്ഞിനെ അല്പനേരം കിടത്തി ഉമ്മവപ്പിച്ചു, എന്നിട്ട് പറഞ്ഞു, പുറത്തൊരാൾ ഒരു സ്വസ്ഥതയും തന്നിട്ടില്ല. ബെൽ അടിച്ചുകൊണ്ടേ ഇരിക്കുവാരുന്നു.. കൊണ്ടോയി കൊടുക്കട്ടെ നിന്റെ സ്വർണത്തിനെ, എന്ന്. 
പിന്നീടുള്ള ഏഴു ദിവസങ്ങളും അവൾ തന്നെയായിരുന്നു എന്റെ കുഞ്ഞിന്റെയമ്മ. എന്റെ stich പഴുത്തതും, അത് ഉണക്കാൻ അവർ അനുഭവിച്ച ത്യാഗങ്ങളും,  കുളിപ്പിക്കലും നനപ്പിക്കലും എല്ലാം. നേഴ്സിനെക്കാൾ ഉപരി ഒരു പെണ്ണിന് മാത്രമേ യഥാർത്ഥ നേഴ്സ് ആകാൻ സാധിക്കു എന്ന് തോന്നിയ നിമിഷങ്ങൾ. ആശുപത്രി വിട്ടു പോരുമ്പോൾ അവർക്കെല്ലാം കൊടുക്കാൻ കൈനിറയെ ചക്കര ഉമ്മകൾ സൂക്ഷിച്ചു വച്ചിരുന്നു. ഉണ്ണാതെയും ഉറങ്ങാതെയും ന്റെ കുഞ്ഞിനു കാവലിരുന്ന അവരെ മാലാഖമാർ എന്നല്ലാതെ മറ്റെന്തു വിളിക്കാൻ  ഏറ്റവും നല്ല അമ്മയാകാൻ ഒരു നേഴ്‌സിനെ കഴിയൂ.. ഉറപ്പ് !!

No comments:

Post a Comment