Translate

Friday, September 22, 2017

തോട്ടുവ ഇടവകയില്‍ വന്‍ വിപത്ത് വരുന്നുവെന്ന് വികാരിയുടെ പ്രവചനം

പി.സി റോക്കി മൊ: 9961217493

പെരുമ്പാവൂരിലെ വല്ലം ഫൊറോനയുടെ കീഴിലുളള തോട്ടുവ സെന്റ് ജോസഫ് പള്ളിയില്‍ പുതുതായി ചാര്‍ജെടുത്തിരിക്കുന്ന വികാരി നടത്തിയ അള്‍ത്താര പ്രസംഗം ഇടവകയിലാകെ കോളിളക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടവരുത്തിയിരിക്കുന്നു. പ്രസംഗത്തിന്റെ ചുരുക്കം ഇതാണ് ''പ്രിയമുള്ള വിശ്വാസികളെ നാം ഒരു മഹാ വിപത്തിന് സാക്ഷിയാകാന്‍ പോകുന്നു. ഇതിനെതിരെ നാം ജാഗരൂകരായിരിക്കണം.'' ഇതായിരുന്നു പ്രസംഗത്തിന്റെ തുടക്കം. വിപത്തിനെപ്പറ്റി പറഞ്ഞത് മറ്റൊന്നുമല്ല തോട്ടുവ പളളി പരിസരത്തു നിന്നും ഒന്നര കിലോമീറ്ററോളം അകലെ ഒരു ബിവറേജസ് ഷോപ്പ് തുറക്കുവാന്‍ നീക്കം നടക്കുന്നു എന്ന കേട്ടുകേള്‍വിയെപ്പറ്റിയുള്ള ആശങ്കയായിരുന്നു വികാരിയച്ചനെ ഈ പ്രസംഗത്തിന് പ്രേരിപ്പിച്ചത്.

വന്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ഇലക്ട്രിസിറ്റി ഓഫീസ്, ബാങ്ക് എ.ടി.എമ്മുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ ഇവയൊക്കെ പള്ളി പരിസരത്തെ ജംഗ്ഷനിലുണ്ട്.  ഈ ജംഗ്ഷനില്‍ പള്ളി വക കുരിശടിയും ബസ് കാത്ത് നില്‍പ്പ് കേന്ദ്രവും ഓട്ടോ സ്റ്റാന്റും കൂടിയുണ്ട്. ഇവിടെ വര്‍ഷങ്ങളായി അനധികൃത മദ്യവില്‍പ്പനയും മദ്യപാനവും നടക്കുന്നതായി പരാതികളുള്ളതാണ്. പള്ളിയുടെ മൂക്കിനു താഴെയെന്നോണമുള്ള  മദ്യപാന ശല്യത്തെപ്പറ്റിയോ വില്‍പ്പനയെ പറ്റിയോ പരാതിപ്പെടാനോ ജനങ്ങളെ സംഘടിപ്പിക്കാനോ പുതുതായി ചാര്‍ജെടുത്ത വികാരി മുന്നോട്ടു വരുന്നില്ലത്രേ.

മറിച്ച് പള്ളിപ്പരിസരത്തു നിന്നും ഒന്നര കിലോമീറ്ററോളം മാറി നെല്ല്, വാഴ, ജാതി, തെങ്ങ് എന്നിവയൊക്കെ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന മാലികണ്ടം എന്ന പേരിലുള്ള ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ ബിവറേജസിനു വേണ്ടി ആരൊക്കയോ സന്ദര്‍ശനം നടത്തിയിരുന്നു എന്നതായിരുന്നു വികാരി വിപത്തെന്ന് സൂചിപ്പിച്ച പ്രസംഗത്തിന് അടിസ്ഥാനം. സിരകളില്‍ മദ്യശാലയ്‌ക്കെതിരെയുള്ള വിപ്ലവവീര്യം നിറഞ്ഞുനില്‍ക്കുന്ന ശൗര്യമുള്ള, തീപ്പൊരി പാറുന്ന പ്രസംഗമായിരുന്നു ഇതെന്ന് ഇടവകാംഗങ്ങള്‍ അവിടവിടെ ചര്‍ച്ച ചെയ്യുന്നതു കേട്ടു. മദ്യശാലയുടെ  പ്രവേശനകവാടത്തിന്റെ തൊട്ടരികത്ത് കോടനാട് സികെ റോഡിനഭിമുഖമായി  ഒരു കള്ള് ഷാപ്പ് വര്‍ഷങ്ങളായി നടത്തുന്നതോ വിവാദ ബിവറേജസ് ഷോപ്പ് വരുന്നതിന്റെ അരകിലോമീറ്റര്‍ മാത്രം അകലെയായുള്ള ബാറിനെപ്പറ്റിയോ ബഹു. വികാരിയച്ചന്‍ അറിയാഞ്ഞിട്ടോ എന്തോ നിശ്ശബ്ദത പാലിക്കുകയാണ് എന്ന് പലരും അഭിപ്രായപ്പെടുന്നു.  ബാറിന്റെ തൊട്ട് മുന്‍വശത്ത് ഒരു കുരിശടി പള്ളി ഉണ്ടായിട്ടും ഇതിനെതിരെ കോടനാട് വികാരിയും തോട്ടുവ വികാരിയും എന്തേ മിണ്ടാത്തതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.

തീര്‍ന്നില്ലാ ഇടവകയിലെ ഓരോ കുടുംബങ്ങളിലും രാവിലെ കുര്‍ബാന കഴിഞ്ഞാല്‍ ഉടനെ വികാരിയച്ചന്‍ ബിവറേജസ് വരാതിരിക്കാന്‍ ഒപ്പിടുവിക്കലും പ്രചരണവും നടത്തി ചരിത്രപുരുഷനാകുവാന്‍ ശ്രമിക്കുകയാണെന്ന് ഇടവകക്കാരില്‍ ആക്ഷേപമുണ്ട്. കുടുംബയൂണിറ്റ് ഭാരവാഹികളെയും ഒപ്പിടുവിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഇതിന്റെയൊക്കെ പിന്നില്‍ ചില ബാര്‍ മുതലാളിമാരും പള്ളിയോടനുബന്ധിച്ച് പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവരും രാഷ്ട്രീയക്കാരുമായ മുതലാളിമാരുമാണെന്നും നാടാകെ പാട്ടാണ്.

പള്ളി ഇടവകാംഗവും പള്ളിക്കാര്യങ്ങള്‍ക്ക് വിദേശത്തുള്ള മക്കളില്‍ നിന്നും മാന്യമായ സംഭാവനകളും നല്‍കിക്കൊണ്ടിരിക്കുന്ന ബിവറേജസ് വരാന്‍ പോകുന്നു എന്ന ഊഹാപോഹം കേള്‍ക്കുന്ന വീട്ടുകാരന്റെ വീട്  ഒന്ന് സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കുവാനോ അവരോട് സംസാരിക്കുവാനോ തുനിയാതെ ഒപ്പിടുവിക്കല്‍ തുടരുന്നത് അവരില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കെ.സി.ബി.സിയുടെ ആഹ്വാനപ്രകാരം ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളാണോ നടത്തേണ്ടത് എന്ന് പലരും ചോദിക്കുന്നു.

ബാര്‍ മുതലാൡമാരില്‍ ഭൂരിഭാഗവും കത്തോലിക്കരാണ് എന്നാണ് വയ്പ്. മദ്യപരില്‍ ഒന്നാം സ്ഥാനവും അവര്‍ക്കാണത്രേ. കത്തോലിക്കാ പള്ളികളില്‍ ഏറ്റവും അവശതയനുഭവിക്കുന്നവരെയും ആലംബഹീനരെയും സഹായിക്കുവാന്‍ രൂപീകരിച്ചിരിക്കുന്ന സേവ് എ ഫാമിലി, വിന്‍സെന്റ് ഡീ പോള്‍ സഹായങ്ങള്‍ ലഭിക്കുന്നവരില്‍ ഏറെയും മദ്യപരാണെന്നുള്ളത് വിശ്വാസികളില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്തായാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളായ കുഞ്ഞാടുകളെ വിശ്വാസത്തില്‍ നിന്നും അകറ്റാന്‍ ഇടവരുത്തുമെന്ന് വിശ്വാസികള്‍ മുറുമുറുക്കുന്നു.   


                                                                                          

No comments:

Post a Comment