കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ്-നൺസ് അസോസിയേഷൻ ദേശീയ സെക്രട്ടറി ഫാദർ കെ. പി. ഷിബു ഓർമ്മയായി.
കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ്-നൺസ് അസോസിയേഷൻ,ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ,കെ.സി. ആർ എം , ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പോലുള്ള സഭാനവീകരണ സംഘടനാ പ്രവർത്തകരും അഡ്വ.പോളച്ചൻ പുതുപ്പാറ, അഡ്വ. ജോസ് അരയകുന്നേൽ തുടങ്ങിയ പ്രമുഖരും അച്ചന്റെ കുടുംബത്തിന് ആശ്വാസമായ ആദ്യാവസാനം വരെ സജീവമായിരുന്നു.
വിൻസെൻഷ്യൻ സഭാ പുരോഹിതനായിരുന്ന അദ്ദേഹം സഭക്കുള്ളിലെ പുഴുക്കുത്തുകൾ പുറത്തു കൊണ്ടുവരുന്നതിൽ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത് .പുരോഹിതവൃത്തിയിലേയ്ക്കുവരുന്നവർ ആത്മശുദ്ധിയും പാവങ്ങളോട് കരുണയുള്ളവരുമായിരിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് .സഭക്കുള്ളിൽ ലഭിക്കാമായിരുന്ന സ്ഥാനമാനങ്ങളോ സമ്പത്തോ അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. സഭയുടെ വാണിജ്യവൽക്കരണത്തിനും കപടബ്രഹ്മചര്യത്തിനും കപട ആത്മീയതക്കെതിരേയും ശക്തമായ ഭാഷയിൽ ഫാദർ ഷിബു ഒരു വൈദികന്റെ ഹൃദയമിതാ എന്ന പുസ്തകത്തിലൂടെ തുറന്നെഴുതി . ഈ സത്യംപറച്ചിൽ സഭക്കുള്ളിൽ പ്രകമ്പനവും വിശ്വാസികൾക്കിടയിൽ അമ്പരപ്പുമുണ്ടാക്കി. പതിനായിരക്കണക്കിനു പുസ്തകങ്ങൾ വാങ്ങി ജനങ്ങൾ വായിച്ച് പ്രബുദ്ധരായിത്തുടങ്ങിയതോടെ കത്തോലിക്കാസഭയിൽ ഓപ്പൺ ചർച്ച്മൂവ്‌മെന്റു പോലുള്ള സഭാനവികരണപ്രസ്ഥാനങ്ങൾ രൂപം കൊളളുന്നതിനും ശക്തിപ്രാപിക്കുന്നതിനും ഇടയായി. പൊതുസമൂഹവും നവീകരണചിന്തകരും പത്ര ദൃശ്യമാധ്യമങ്ങളും അച്ചന്റെ കരുത്തുള്ള നിലപാടുകൾക്ക് ചെവികൊടുത്തു.
കോടികൾ പിരിച്ചെടുത്ത് മണിമാളിക പോലുള്ള പള്ളികളും പാരീഷ്ഹാളുകളും നിർമ്മിക്കുന്നതിനെതിരേയും നഷ്ടപ്പെട്ട ക്രിസ്തീയചൈതന്യം തരികെ കൊണ്ടുവരുന്നതിനും ധാരാളം യുവാക്കൾ രംഗത്തുവന്നുകൊണ്ടുമിരിക്കുന്നു. സഭാനവീകരണപ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചതിന്റെ ഫലമായി ,ആത്മീയരംഗത്തു മാത്രമല്ല പുരോഹിതർക്കിടയിലുംകന്യാസ്ത്രീകൾക്കിടയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും മൂല്യച്യുതിയും വെളിച്ചത്തുവരുന്നതിനും കുറ്റവാളികളെ ജയിലിലടക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. സഭക്കുള്ളിലെ ഇത്തരം സംഭവങ്ങൾ മറച്ചുവയ്ക്കുവാൻ പ്രമുഖപത്രങ്ങളും ഭരണാധികാരികളും പരിശ്രമിച്ചുവരികയാണ് .എന്നാൽ സോഷ്യൽ മീഡിയാകൾ അതിവേഗം ഈ കുറവുകൾ പരിഹരിക്കുന്നുമുണ്ട്. പണ്ടും ഇത്തരം സംഭവങ്ങൾ ഇതിനേക്കാൾ കൂടുതൽ നടന്നിരുന്നെങ്കിലും പൊതു സമൂഹത്തിനറിയില്ലായിരുന്നു. കണക്കില്ലാത്ത ശതകോടികൾ സഭയിൽ കുന്നുകൂടുന്നതും ആഡംബരജീവിതവും അധികാരവും അംഗീകാരങ്ങളും സുഖലോലുപതയും സഭയിൽ വർദ്ധിച്ചതോടെ ആത്മീയ ചൈതന്യമുള്ള പുരോഹിതരും കന്യാസ്ത്രീകളും പുറത്തേയ്ക്കു വരുകയും നല്ലകുടുംബങ്ങളിൽ നിന്ന് കുട്ടികളെ കിട്ടാനില്ലാതായതും ആഡംബരജീവിതം മോഹിക്കുന്ന മോശം കുടുംബങ്ങളിലെ കുട്ടികൾ സന്യാസത്തിന് ഇടിച്ചുകയറുന്നതും സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.
സഭക്കുള്ളിൽ ക്രിമിനലുകൾ കൂടുന്നതിന് ഇത് ഇടയായി. ഇതിനെതിരെ ശക്തമായി പോരാടിയ ഫാദർ ഷിബു സാമൂഹിക -സാംസ്‌കാരിക, വിദ്യഭ്യാസ മേഖലകളിലും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. സഭക്കുള്ളിൽ നഷ്ടപ്പെട്ടുപേയ ക്രിസ്തീയ ചൈതന്യം തിരികെ കൊണ്ടുവരുന്നതിനുള്ള ധീരമായ പോരാട്ടമാണ് അച്ചൻ നടത്തിയത് .എതിർപ്പുകൾക്കിടയിലും ഈ സാമൂഹിക പരിഷ്‌കർത്താവിനെ സഭാ മേലധികാരികളും സഹപുരോഹിതരും വളരെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്.
സമൂഹത്തിനുപകരിക്കുന്നതും, ദേശസ്‌നേഹവും സഹാനുഭൂതിയും ആത്മിയശുദ്ധിയുമുള്ള പുതുതലമുറയെ വാർത്തെടുക്കുവാൻ അക്ഷീണം പ്രവർത്തിച്ചിട്ടുള്ള അച്ചൻ കുട്ടികളെ പഠിപ്പിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണു മരിച്ചത്. അദ്ദേഹത്തെസംബന്ധിച്ചിടത്തോളം ഇതൊരു ഭാഗ്യമരണംതന്നെയാണ്.
മതാനുഷ്ടാനങ്ങൾ പാലിക്കുവാൻ കടന്നുവരുന്ന യുവതീ യുവാക്കൾ ബ്രഹ്മചാരികളാകേണ്ടതില്ലെന്നും പകരം അവർ വിവാഹിതരായി നല്ല കുടുംബജീവിതം നയിച്ചുകൊണ്ട് ദൈവ വിശ്വാസത്തിന്റെ വക്താക്കൾ ആകുകയാണ് വേണ്ടതെന്ന നിലപാടാണ് അച്ചനുണ്ടായിരുന്നത്. ക്രിസ്തു ദൈവവും രക്ഷകനുമാണെന്ന് പ്രഖ്യാപിക്കുവാൻ ബ്രഹ്മചാരി ആകേണ്ടതില്ലെന്നനിലപാടു തെളിയിക്കുവാൻ വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ സഭയുടെ നിയമമായ കാനോനികനിയമത്തിന്റെയും പിൻബലമാണ് അച്ചൻ സ്വീകരിച്ചത്. ജീവിതം മൂഴുവൻ സാമൂഹിക പരിഷ്‌കരണത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമായി ചിലവഴിച്ച അച്ചൻ എങ്ങനെയാണ് ഒരു മാതൃകാ കുടുംബം നയിക്കേണ്ടതെന്നും കാട്ടിത്തന്നു.
വ്യത്യസ്ത കാരണങ്ങളാൽ സന്യാസം വിട്ടു പുറത്തുവന്നിട്ടുള്ളവരെ സഭാനേതൃത്വം പൂർണ്ണമായും അവഗണിക്കുന്നതും സാമൂഹിക ഫ്രഷ്ട് ഏർപ്പെടുത്തി സ്വന്തം നാട്ടിൽനിന്നും ആട്ടിപായിക്കുന്നതിലും അച്ചൻ വളരെയധികം ദുഖിതനായിരുന്നു . വിശ്വാസ സമുഹത്തിന്റെ പിൻതുണയോടെ ഇവർക്കുവേണ്ടി പ്രവർത്തിക്കുന്ന കാത്തലിക് പ്രീസ്റ്റ് -നൺസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമാവുകയും ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ചുവരികയുമായിരുന്നു.സഭകളുടെ ഏകീകരണത്തിനും നവീകരണത്തിനുമായി പ്രവർത്തക്കുന്ന ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ മുൻനിരപ്രവർത്തകനായിരുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് വിവിധ റീത്തുകളും വിവിധ തരം പ്രാർത്ഥനകളും ആചാരങ്ങളും അനുഷ്ടാനങ്ങളും നടത്തിക്കൊണ്ട് വേർതിരിക്കരുത് എന്ന നിലപാടിൽ അച്ചൻ ഉറച്ചുനിന്നു. കൂദാശാ കർമ്മങ്ങൾക്ക് പണം ഈടാക്കുന്നതിനെയും അച്ചൻ എതിർത്തിരുന്നു. ഇതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്താൽ അവർക്കുവേണ്ട കൂദാശാ കർമ്മങ്ങൾ സൗജന്യമായി ചെയ്തു നൽകുമായിരുന്നു .
ജീവിതത്തിന്റെ നാനാതുറകളിലുമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് അച്ചൻ സാന്ത്വനമരുളിയിട്ടുണ്ട്. ശക്തനായ സാമൂഹിക പരിഷ്‌കർത്താവെന്ന നിലയിൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ദൈവ പരിപാലനയിലും പ്രാർത്ഥനയിലും വിശ്വാസമർപ്പിച്ചു മുന്നേറുകയായിരുന്നു.
കൊച്ചി കരിവേലിപ്പടിയിലുള്ള റാഡ്ക്ലിഫ് സ്‌കൂൾ പ്രിൻസിപ്പലായിരുന്നു അദ്ദേഹം .കുട്ടികൾക്ക് ക്ലാസ്സെടുക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമൂഹിക തിന്മകൾക്കും അനീതിക്കുമെതിരെ സന്ധിയില്ലാ സമരം നയിച്ച ഈ കർമ്മയോഗി ആത്മീയ രംഗത്തും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അചഞ്ചലമായ നിലപാടുകളും ആശയങ്ങളും പ്രവർത്തനശൈലികളും വരും തലമുറക്ക് എന്നും മുതൽകൂട്ടാണ്. ഈ മനുഷ്യ സ്‌നേഹിയുടെ വേർപാടിൽ നാട് വിങ്ങിക്കരയുകയാണ്. സാമൂഹിക പരിഷ്‌കർത്താക്കൾ ലോകാവസാനം വരെ ജനഹൃദയങ്ങളിൽ ജീവിക്കും.ഞങ്ങളുടെ പ്രിയനേതാവും മാർഗ്ഗദർശിയുമായിരുന്ന ഫാദർ കെ. പി. ഷിബു ദൈവസന്നിധിയിൽ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ പുണ്യാത്മാവിന് കണ്ണീരിൽ കുതിർന്ന പ്രണാമം.
കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ്-നൺസ് അസോസിയേഷൻ.
Reji Njallani chairman
No comments:
Post a Comment