Translate

Friday, September 22, 2017

ഫാ. ഉഴുന്നാലിന്റെ മോചനം പ്രാർത്ഥനകൊണ്ടല്ല പണവും സ്വാധീനവും കൊണ്ടാണ്. സഭയുടെ നിലപാട് ക്രൂരമായിപ്പോയി. യോജിക്കുന്നവർ ഷെയർ ചെയ്യുക.



സലേഷ്യൻ സഭയുടെ ബംഗളൂരു പ്രോവിൻസ് അംഗമായിരുന്ന ഫാ. ടോം ഉഴുന്നാലിന്റെ മോചനം പ്രാർത്ഥനകൊണ്ടാണെന്ന്  വ്യാപകമായ വ്യാജ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുശരിയല്ലെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നത്. കത്തോലിക്കാ സഭാ നേതാക്കന്മാരുടെ ഉള്ളിലിരിപ്പ് സാധാരണവിശ്വാസികളും പ്രത്യേകിച്ച് പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും കുടുംബാഗങ്ങളും അറിഞ്ഞിരിക്കുന്നത് ഉചിതമാണ്. 
യമനിലെ ഏതനിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാലിൽ അഞ്ചുവർഷങ്ങൾക്കുമുൻപാണ് അവിടെ എത്തുന്നത് .അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നിയ ഒരു കൂട്ടം ആളുകൾ കൂടെയുണ്ടായിരുന്ന നാലു കന്യാസ്ത്രീകളേയും സഹായികളായ പന്ത്രണ്ടു പേരേയും കൊലപ്പെടുത്തുകയും അച്ചനെ ബന്ധിയാക്കുകയും ചെയ്തു. ഐ. എസ്സാണ് ആക്രമണത്തിനു പിന്നിലെന്ന വാർത്ത സ്ഥിരീകരിച്ചിട്ടുമില്ല. ഒന്നരവർഷം മുൻപ് മാർച്ച് നാലിനാണ് അച്ചനെ ബന്ധിയാക്കുന്നത് . വത്തിക്കാനിൽ നിന്നും ഒരു കോടിയോളം ഡോളർ മോചനദ്രവ്യം നൽകിയാണ് അച്ചനെ മോചിപ്പിച്ചതെന്നും  ഒമാൻ സുൽത്താന്റെ ശക്തമായ ഇടപെടൽ ഇതിനുണ്ടായെന്നും അച്ചനെ ഒമാൻ സൈനിക വിമാനത്തിൽ മസ്‌കറ്റിലെത്തിച്ചെന്നും പിന്നീട് വത്തിക്കാനിലേയ്ക്ക് അച്ചനെ കൊണ്ടുപോയി എന്നും പത്രമാധ്യമങ്ങൾ എഴുതിയിരിക്കുന്നു. 
ഇവിടെ ഉയരുന്ന ചിലചോദ്യങ്ങളുണ്ട്. 
ഫാ. ഉഴുന്നാലിനെപോലെ വിദേശത്തു പോയി പ്രവർത്തിക്കുന്നവർ ഇവിടുത്തെ കത്തോലിക്കാ സഭയ്ക്ക് കോടാനുകോടി സമ്പാദിച്ചു തരുന്നില്ലേ. അതിന്റെ കോടാനുകോടിയിൽ ഒരു അംശം എടുത്തു കൊടുത്തിരുന്നെങ്കിൽ എത്രയോ മുൻപ് അച്ചൻ തിരിച്ചെത്തുമായിരുന്നു. ഫാദർ ഉഴുന്നാലിന്റെ വീഡിയോ ടേപ്പ് ലോകം മുഴുവൻ കണ്ടതല്ലേ. ഇവിടുത്തെ സഭയോ വത്തിക്കാനോ അച്ചന്റെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നു ദയനീയമായി പറഞ്ഞത്. വിശക്കുന്നവന് ഭക്ഷണമാണ് ആവശ്യം പ്രാർത്ഥനയല്ല, അതു പിന്നീടാകാമല്ലോ. 
കേരളത്തിലെ പള്ളികളിൽ കൂട്ടപ്രാർത്ഥനകളും കുർബാന മധ്യത്തിൽ ഘോരഘോരം പ്രസംഗങ്ങളും നടത്തി. മെഴുകുതിരികളും കത്തിച്ചു. എന്നിട്ടും അച്ചൻ രക്ഷപെട്ടില്ല. പണം ചെന്നപ്പോൾ മാത്രമാണ് അച്ചൻ രക്ഷപെട്ടത്. 
കേരളത്തിൽ അൻപതു കോടികൾക്കുമേൽ ചിലവിട്ട് പണികഴിപ്പിക്കുന്ന പള്ളികൾ നൂറിനു മുകളിൽ. ഒട്ടുമിക്ക പള്ളികളിലും ഞായറാഴ്ച്ച മാത്രം കുർബാനക്ക് സ്േതാത്രക്കാഴ്ച്ച കിട്ടുന്നത് ഇരുപത്തയ്യായിരം മുതൽ ഒരുലക്ഷം രുപ വരെയാണ്. മറ്റു മേഖലകളിലെ വരുമാനം കൂടി നോക്കിയാൽ ഒരു ഞായറാഴ്ചത്തെ പണം മാത്രംമതിയായിരുന്നു മോചനത്തിന്. ഇതു ചെയ്യുവാൻ തയ്യാറല്ലെങ്കിൽ പ്രാർത്ഥിക്കാൻ പറഞ്ഞ സമയത്തിന് കൈയ്യിലുള്ളതുപോലെ എല്ലാവരും ഒരു സംഭാവനതരണമെന്നു പറഞ്ഞാൽ പോലും എത്രയിരട്ടികിട്ടുമായിരുന്നു. അച്ചനെ രക്തസാക്ഷിയാക്കി സഭക്ക് ഒരു വിശുദ്ധനെ ഉണ്ടാക്കിയെടുത്ത് പണം സമ്പാദിക്കുന്നതിനുപോലും ലക്ഷ്യമുണ്ടായിരുന്നോയെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയുവാൻ കഴിയില്ല. 
ഫാ. ഉഴുന്നാലിനെ കേരളത്തിലെത്തിച്ച് മാർക്കറ്റു ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ തകൃതിയായി അകത്തളങ്ങളിൽ നടക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് റോമിലിരിക്കുന്ന ഉഴുന്നാലുമായി അഭിവന്ദ്യ ആലഞ്ചേരി പിതാവ് നടത്തിയ വീഡിയോ കോൺഫ്രൻസും അതിന് സാമൂഹ്യമാധ്യമങ്ങളിലുടെ നൽകുന്ന വൻപ്രചാരണവും .പണമാണ് തന്നെരക്ഷിച്ചതെന്നറിയാവുന്ന ഉഴുന്നാലിനെക്കൊണ്ട് മറ്റു പലതും പറയിപ്പിക്കുവാൻ നിർബന്ധിക്കുകയാണെന്ന് വീഡിയോ കണ്ടാൽമനസ്സിലാകും. 
ഒന്നര വർഷം പ്രാർത്ഥിച്ചിട്ടും ഉഴുന്നാലിൽ രക്ഷപെടാതിരുന്നതിന്റെ അർത്ഥം പ്രാർത്ഥന ഫലിച്ചില്ലന്നും പണമാണ് ഫലിച്ചതെന്നുമല്ലേ. പ്രാർത്ഥിക്കുവാൻ പറഞ്ഞവരും പ്രാർത്ഥിച്ചവരും മറന്നുപോയ ഒരു കാര്യം പറയാതെ വയ്യ. കൂടെയുണ്ടായിരുന്ന, വെടിയേറ്റു മരിച്ച പതിനാറു പേർക്കുവേണ്ടി ആരും പ്രാർത്ഥിച്ചു കണ്ടില്ല. മരിച്ചവരുടെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചതോ നഷ്ടപരിഹാരത്തുക നൽകിയതോ കണ്ടില്ല. ഈ കന്യാസ്ത്രീകളുടെയൊക്കെ ജീവന് എന്തു വിലയെന്നാകും ചിന്ത. അവരും മനുഷ്യരായിരുന്നു എന്നെങ്കിലും ചിന്തിക്കാമായിരുന്നു. അല്ലെങ്കിലും സഭയിൽ പുരുഷമേധാവിത്വം മാത്രമല്ലേയുള്ളു. വരും കാലങ്ങളിൽ ഇവർക്കും പുണ്യവതി പട്ടമുണ്ടാക്കിക്കൊടുത്ത് അൽഫോൻസാമ്മയെപ്പോലെ പണം കായ്ക്കുന്ന മാരമാക്കി മാറ്റാം. മരിച്ചു പോയവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കണം.അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനോ പ്രാർത്ഥിക്കുന്നതിനോ ആരുമില്ല.
 ഇതിനായി എല്ലാവരും ഒരുമിച്ചുപോരാടണം .
അടുത്തകാലത്തായി പതിനഞ്ചിലധികം കന്യാസ്ത്രീകൾ ദൂരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.ചിലർക്ക് ഭ്രാന്തിനുള്ള മരുന്നു നൽകി .ഈ പരാതിയിലെല്ലാം  പോലീസിന്റെ അന്വേഷണം തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. അഭയാക്കേസ്സ് തെളിയാതിരിക്കുവാൻ ചിലവിട്ടത് ഇരുപത്തഞ്ചു കോടിക്കുമേലെന്ന് പിന്നാമ്പുറം കഥ. ഇരുപത്തഞ്ചു കൊല്ലമായിട്ടും കേസ്സ് തെളിയിക്കുവാൻ പറ്റിയിട്ടില്ല. വിശന്നിട്ട് ഒരു റൊട്ടിക്കഷണം മോഷ്ടിച്ചവനെ തൂക്കിയെടുത്ത് പതിനാറു വർഷം ജയിലിലടക്കുന്ന പോലീസുതന്നെയാണ് ഇതും അന്വേഷിക്കുന്നത്. 
നമ്മുടെ കുഞ്ഞുങ്ങളെ മഠങ്ങളിലേയ്ക്കും സെമിനാരികളിലേയ്ക്കും പറഞ്ഞയക്കുമ്പോൾ മാതാപിതാക്കാൾ ഒരുകാര്യമറിഞ്ഞിരിക്കണം. ക്രിസ്തുവിന്റെ സന്ദേശവാഹകരാകുവാൻ ഈ വേഷങ്ങളൊന്നും ആവശ്യമില്ല. അവരെ ധനമോഹികളായ ചിലരുടെ മുൻപിലേയ്ക്ക് ചെന്നായ്ക്കൂട്ടങ്ങളുടെ നടുവിലേയ്‌ക്കെന്നപോലെ കടിച്ചുകീറുവാൻ വലിച്ചെറിയുകയാണ് ചെയ്യുന്നത്. മക്കളെ സ്‌നേഹിക്കുന്നവർ ഇതെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതുപോലെ വിശ്വാസ സമൂഹവും വിഢ്ഢികളാകരുതെന്ന ചിന്തയാണ് ഈ ലേഖനത്തിന് അടിസ്ഥാനം. പ്രാർത്ഥനയല്ല പ്രവൃത്തിയാണ് കർത്താവിനിഷ്ടം.  
       

                                                                                     റെജി ഞള്ളാനി
ചെയർമാൻ കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.

No comments:

Post a Comment