പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം ഫോണ്‍: 9495897122
യൂറോപ്പിനെ
ഇളക്കിമറിച്ച എല്ലാ പുരോഗമനസാംസ്‌കാരികസുനാമികളെയും അതിജീവിച്ച ഒരേയൊരു
ആഗോളപ്രതിഭാസമാണ് കത്തോലിക്കാസഭ. അതിനുള്ളിലെ അധികാരഘടന ജനാധിപത്യവിരുദ്ധവും
ദൈവാധിപത്യത്തിന്റെ(തിയോക്രസി) ഉത്തമ മാതൃകയുമാണ്. സര്‍വ്വാധിപനായ ദൈവത്തിന്റെ
ദൃശ്യരൂപമാണ് പോപ്പ്. കേരളത്തിലെ കത്തോലിക്കാ പള്ളികളില്‍ മുഴങ്ങുന്ന ഒരു പ്രാര്‍ത്ഥനാമന്ത്രമുണ്ട്, 'രാജ്യവും ശക്തിയും മഹത്വവും
അങ്ങയുടേതാകുന്നു'എന്ന്. 'അങ്ങ്'ന് ഇങ്ങു വന്ന് കാര്യങ്ങള്‍ നടത്താനാവാത്തതുകൊണ്ട് എല്ലാം പോപ്പിനെ ഏല്‍പിച്ചിരിക്കുന്നു.
അതാണ് ഇന്നാട്ടിലെ പള്ളിവക സ്വത്തുക്കളുടെ മുഴുവന്‍ അവകാശി ഒരു വിദേശരാഷ്ട്രത്തലവനായ പോപ്പ് ആണ് എന്നു
പറയുന്നതിന്റെ ലോജിക്ക്. പോപ്പുമുതല്‍ ഇടവകപ്പട്ടക്കാരന്‍വരെ, വത്തിക്കാന്‍ മുതല്‍ ലോകത്തെമ്പാടുമുള്ള ഇടവകപ്പള്ളികള്‍വരെ, വ്യാപിച്ചുകിടക്കുന്ന അതിശക്തമായ ഒരു അധികാരവലക്കെട്ടും വിശ്വാസപ്രമാണങ്ങളിലുറപ്പിച്ച കാനോന്‍
നിയമസംഹിതയും അതിനുണ്ട്.
കാനോന്‍ നിയമം എത്രമാത്രം
ഏകാധിപത്യപരമാണെന്നു തെളിയിക്കുന്ന അനേകം വകുപ്പുകളില്‍ ഒന്നിവിടെ ഉദ്ധരിക്കാം: ''രൂപതാമെത്രാന്‍ തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയെ, നിയമനിര്‍മ്മാണാധികാരത്തോടും നിയമനിര്‍വ്വഹണാധികാരത്തോടും
നിയമവ്യാഖ്യാനാധികാരത്തോടുംകൂടി ഭരിക്കുന്നു'' (പൗരസ്ത്യ
കാനോന്‍ നിയമം, 191-ാം വകുപ്പ്). പോപ്പിന്റെ പ്രതിനിധിയായി
രൂപത ഭരിക്കുന്നയാളാണ് മെത്രാന്‍. അയാളില്‍ നിയമത്തിന്റെ നിര്‍മ്മാണവും നിര്‍വ്വഹണവും
വ്യാഖ്യാനാവകാശംപോലും കേന്ദ്രീകരിച്ചിരിക്കുന്നു. ഇത്തരം സ്വേച്ഛാധികാരസ്വരൂപങ്ങള്‍ തങ്ങളുടെ കീഴിലുള്ള കുഞ്ഞാടുകളെ
വോട്ടുബാങ്കാക്കി രാഷ്ട്രീയരംഗത്തു നടത്തുന്ന കളികള്‍ നമ്മുടെ
ജനാധിപത്യസംവിധാനത്തെത്തന്നെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
പൗരോഹിത്യവും
ബ്രാഹ്മണ്യവും
സഭാധികാരശ്രേണിയിലെ കണ്ണികളായവര്‍ക്ക്
പൗരോഹിത്യമെന്ന ദൈവികപരിവേഷം കല്‍പിക്കപ്പെടുന്നു. ഈ പൗരോഹിത്യവും ഇന്ത്യയിലെ
ബ്രാഹ്മണ്യവും തമ്മില്‍ വലിയ വ്യത്യാസമില്ല. ബ്രാഹ്മണ്യം ജന്മസിദ്ധമെങ്കില്‍
പൗരോഹിത്യം ദൈവദത്തം - അധികാരത്തിന്റെ മേല്‍ത്തട്ടുകളില്‍ നിന്ന് കിട്ടുന്നത്,
അത്രമാത്രം. വത്തിക്കാന്‍ കേന്ദ്രീകരിച്ചുള്ള ഈ അധികാരശ്രേണിയാണ്
പൊതുവേ സഭ എന്നറിയപ്പെടുന്നത്.
ഈ അധികാരസഭയ്ക്കു താഴെ പൗരോഹിത്യമുള്ള
സന്യാസസഭാംഗങ്ങളും അതില്ലാത്ത സന്യാസ-കന്യാസ്ത്രീ വൃന്ദങ്ങളുമടങ്ങിയ വിശാലമായ ഒരു
ഇടത്തട്ടുണ്ട്. ഇക്കൂട്ടരാണ് മഹത്തായ മനുഷ്യസേവനപ്രവര്‍ത്തനങ്ങളിലൂടെ
സഭയ്ക്കാകമാനം സല്‍പേരും സ്വാധീനവുമുണ്ടാക്കിക്കൊടുക്കുന്നത്. സഭാവിമര്‍ശകര്‍
പൊതുവേ അവരെ അവഗണിക്കുകയും ചെയ്യുന്നു.
അടുത്തകാലത്ത് അന്തരിച്ച സിസ്റ്റര്‍ മേരി
ലിറ്റി അംഗപരിമിതരെ സംരക്ഷിക്കുന്നതിനായി കുന്നന്താനത്ത് ദൈവപരിപാലന സഭ സ്ഥാപിച്ച
വലിയൊരു മനുഷ്യസ്‌നേഹി ആയിരുന്നു. പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് അവരെ സന്ദര്‍ശിച്ച
ഈ ലേഖകന്‍ അവരോടു പറഞ്ഞതിതാണ്, ''നിങ്ങളെപ്പോലുള്ള മനുഷ്യസ്‌നേഹികളെ
കരുതിയാണ് സാധാരണ വിശ്വാസികള്‍ മെത്രാന്മാരെ കല്ലെറിയാത്തത്'' എന്ന്.
കുറ്റിക്കോണത്തുള്ള അവരുടെ ഒരു ബ്രാഞ്ച്
ഈയിടെ ഈ ലേഖകന്‍ സന്ദര്‍ശിക്കുകയുണ്ടായി. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത 45 മനുഷ്യജീവികളുടെ സകല കാര്യങ്ങളും നോക്കി പരിചരിക്കുന്നത് വെറും 5 കന്യാസ്ത്രീകളാണ്. അവരുടെ മുഖത്തെ പ്രകാശവും അന്തേവാസികളുടെ സന്തോഷവും
എന്നെ അത്ഭുതപ്പെടുത്തി. കാമോര്‍ജ്ജത്തിന്റെ
ഉദാത്തീകരണത്തെക്കുറിച്ചുള്ള ഫ്രോയിഡിയന്‍ ചിന്തയാണ് മനസ്സില്‍ വന്നത്. സ്‌നേഹത്തിനു
വേലികെട്ടാതെ എല്ലാവരിലേക്കും തിരിച്ചു വിടുന്നവര്‍ക്കുദാഹരണമായി അദ്ദേഹം
ചൂണ്ടിക്കാട്ടിയത് ഫ്രാന്‍സീസ് അസ്സീസിയെ ആയിരുന്നു. മനുഷ്യസ്‌നേഹപ്രചോദിതമായ
ഇത്തരക്കാരുടെ ബ്രഹ്മചര്യത്തെ അധികാരശ്രേണിയില്‍പ്പെട്ട പുരോഹിതരില്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്ന
കന്യാത്വത്തില്‍നിന്നു വേറിട്ടുകാണണം.
ഈ രണ്ടാം തട്ടില്‍ പെട്ടവരുടെയുംമറ്റും
സേവനങ്ങളെയും ധനാഗമമാര്‍ഗ്ഗമായി മാറ്റാനുള്ള വിദ്യയും സഭ
വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതാണ് പുണ്യാളനിര്‍മ്മാണവും തിരുശേഷിപ്പു
വ്യവസായവും. വത്തിക്കാനില്‍ ഒരാള്‍ പുണ്യാളന്‍/പുണ്യാളത്തി ആയി പ്രഖ്യാപിക്കപ്പെടുമ്പോള്‍
ലോകമെങ്ങും കോടിക്കണക്കിനു തിരുശേഷിപ്പു കേന്ദ്രങ്ങള്‍ തുറക്കപ്പെടുന്നു. അവയിലൂടെ
ശുദ്ധാത്മാക്കളായ കോടാനുകോടി വിശ്വാസികളുടെ ചില്ലിക്കാശുകള്‍പോലും വത്തിക്കാന്‍
ബാങ്കിലേക്ക് ഒഴുകിയെത്തുന്നു. വളരെ പുരോഗമനപരമായ പ്രസ്താവനകള്‍ നടത്താറുള്ള
ഇപ്പോഴത്തെ ഫ്രാന്‍സീസ് പോപ്പാണ് പുണ്യാളനിര്‍മ്മാണത്തില്‍ സര്‍വ്വകാലറിക്കാര്‍ഡിട്ടിരിക്കുന്നത്
എന്നത് ആരെയും വിസ്മയിപ്പിക്കുന്ന ഒരു വസ്തുതയാണ്.
സഭയും
കുഞ്ഞാടുകളും
ഇനി നമുക്ക്
കുഞ്ഞാടുകളെന്നോ വിശ്വാസികളെന്നോ വിളിക്കപ്പെടുന്ന അല്‍മേനികളിലേക്കു വരാം. ഇവര്‍
പൊതുവേ മാനസികമായി പുരോഹിത ഇടയന്മാരുടെ അനുസരണയുള്ള കുഞ്ഞാടുകള്‍തന്നെയാണ്. ഫാദര്‍
കാപ്പന്‍ ഒരിടത്തു സൂചിപ്പിക്കുന്നതുപോലെ,
ഇവര്‍ നിരന്തരം പാപം ചെയ്തും പ്രായശ്ചിത്തമായി പള്ളിക്കു പണം
കൊടുത്തുമാണ് സഭയെ വലിയ സാമ്പത്തികശക്തിയായി നിലനിര്‍ത്തുന്നത്. പാപവും പണവും
മുടങ്ങാതിരിക്കുന്നതിനായി അവര്‍ പാപികളാണെന്ന കാര്യം പുരോഹിതന്മാര്‍ സദാനേരവും
അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയാണ് ആത്മീയവ്യവസായത്തില്‍
ലോകത്തിലെ ഒന്നാംകിട കോര്‍പ്പറേറ്റ് സ്ഥാപനമായി സഭ വളര്‍ന്നിരിക്കുന്നത്.
ജനത്തെ ചൊല്‍പ്പടിക്കു
നിര്‍ത്തുന്നതിനുള്ള സോഷ്യല്‍ ടെക്‌നോളജിയുടെ കാര്യത്തില്‍ സഭയെ വെല്ലുന്ന വേറൊരു
സംവിധാനവും ഈ ഭൂമുഖത്തില്ല. ആഴ്ചയിലൊരിക്കല്‍ കോടിക്കണക്കിനു പള്ളികളില്‍
നടക്കുന്ന പ്രസംഗങ്ങളും മതപഠനക്ലാസുകളും മൊത്തത്തില്‍ വലിയൊരു ബ്രെയിന്‍വാഷിംഗ്
മെഷീനാണ്. ഇതിലൂടെ കുഞ്ഞാടുകളില്‍ നിര്‍മ്മിക്കപ്പെടുന്ന വിധേയത്വമാണ് സഭയുടെ
സംഘശക്തിക്കാധാരം. സംഘമനശ്ശാസ്ത്രതത്വങ്ങള്‍ സ്ഥാപിക്കുന്നതിന് ഒരു ഉദാഹരണമായി
സഭയെ തിരഞ്ഞെടുക്കാന്‍ ഫ്രോയിഡിനെ പ്രേരിപ്പിച്ചതും മറ്റൊന്നുമല്ല.
വിശുദ്ധരെ
വാഴിക്കലും വിധേയത്വനിര്‍മ്മാണത്തിനായി സഭ സമര്‍ത്ഥമയി പ്രയോഗിക്കുന്നു. കുട്ടനാടുകാരനായ
പുത്തന്‍പറമ്പില്‍ തൊമ്മച്ചനാണ് കേരളത്തില്‍ വിശുദ്ധ
പദവിയിലേക്കടുത്തുകൊണ്ടിരിക്കുന്ന ആദ്യകുഞ്ഞാട്. അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍
ഏറെ പ്രാധാന്യത്തോടെ വിവരിക്കുന്നത് അദ്ദേഹം മെത്രാനും അച്ചന്മാര്‍ക്കും
എത്രമാത്രം കീഴ്‌പ്പെട്ടു ജീവിച്ചു എന്നുള്ളതാണ്. മെത്രാന്‍ അദ്ദേഹത്തോടു വളരെ
നിന്ദ്യമായി പെരുമാറുന്നതു വിവരിക്കുമ്പോഴും അതു കഥാപുരുഷനെ പരീക്ഷിക്കാനായിരുന്നു
എന്ന ന്യായീകരണമാണു നല്‍കപ്പെടുന്നത്. മെത്രാനു തെറ്റു ചെയ്യാനാവില്ലല്ലോ. ഒരു
പള്ളിയോഗത്തില്‍ താമസിച്ചെത്തിയ തൊമ്മച്ചനോടു വികാരിയച്ചന്‍ കല്‍പിച്ചത് ഓരോ അംഗത്തിന്റെയും മുന്നില്‍ മുട്ടുകുത്തി
മാപ്പിരക്കാനാണ്. അതദ്ദേഹം അതേപടി അനുസരിക്കുകയും ചെയ്തുവത്രേ. അല്‍മേനി
വിശുദ്ധനാകണമെങ്കില്‍ ഈ പുരോഹിതപീഡനമൊക്കെ സഹിച്ചേപറ്റൂ എന്നര്‍ത്ഥം.
1918-ല്‍ ചില
അല്‍മായ നേതാക്കളൊത്തുകൂടി കുഞ്ഞാടുകള്‍ക്കായി 'കത്തോലിക്കാ
മഹാജനസഭ' എന്ന സംഘടനയ്ക്കു രൂപം നല്‍കി. ഇതിനു സഭയുടെ
അംഗീകാരം കിട്ടാന്‍ അവരുടെ നേതാവ് തെള്ളിയില്‍ മാത്തൂച്ചന്‍ അന്നത്തെ ബിഷപ്
പഴേപറമ്പിലിനെ സമീപിച്ചു. കുറേയേറെ നേരം മാത്തൂച്ചനെ മുട്ടിന്മേല്‍ നിര്‍ത്തിയ
ശേഷമാണ് മെത്രാന്‍ പ്രസാദിച്ചതും സംഘടനയ്ക്ക്
അംഗീകാരം നല്‍കിയതും. അതും രണ്ടു വ്യവസ്ഥകള്‍ക്കു വിധേയമായി: ''ഒന്ന്: സഭയുടെയോ വൈദികരുടെയോ കാര്യങ്ങളില്‍ സംഘടന ഇടപെടരുത്. രണ്ട്: സംഘടനയുടെ അധ്യക്ഷന്‍ ബിഷപ്പുതന്നെ ആയിരിക്കും.''
ഇതൊരു പഴയ കഥ.
പക്ഷേ, ഒരു നൂറ്റാണ്ടു
കഴിഞ്ഞിട്ടും അതിനൊരു തുടര്‍ച്ചയുണ്ട്. ആ പഴയ സംഘടനയുടെ വര്‍ത്തമാനരൂപമാണ് 'കേരള കത്തോലിക്കാ കോണ്‍ഗ്രസ്'. അതിനെ
ശക്തിപ്പെടുത്തുന്നതിനേക്കുറിച്ചൊരു വാര്‍ത്ത ഒരിക്കല്‍ (6-8-14) മാതൃഭൂമി പത്രത്തില്‍ വന്നു. 'ഫൊറോന തലത്തില്‍
സംഘടനയ്ക്കു നേതൃത്വം നല്‍കാന്‍ കഴിവുള്ള വൈദികരെ ഡയറക്ടര്‍മാരായി കണ്ടെത്തണം'
എന്നായിരുന്നു അവരുടെ തീരുമാനം. എന്തുകൊണ്ട് നേതാവായി ഒരു അല്‍മേനി
പാടില്ല എന്നു ചിന്തിക്കാന്‍ കഴിയാത്തവണ്ണം വേരുറപ്പാര്‍ജ്ജിച്ചിരിക്കുന്നു
പുരോഹിതരോടുള്ള കുഞ്ഞാടുകളുടെ അടിമമനോഭാവം. സാമ്പത്തികകാര്യങ്ങളിലെങ്കിലും സഭയില്‍
സുതാര്യത വരുത്താനുദ്ദേശിച്ചുള്ളതാണ് ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള
കമ്മീഷന്റെ ചര്‍ച്ച് ആക്ട്(കേരള ക്രൈസ്തവസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും
സംബന്ധിച്ച ട്രസ്റ്റ് ബില്‍). അതു നടപ്പാക്കണമെന്നാവശ്യപ്പെടാന്‍പോലും കുഞ്ഞാടുകള്‍ക്കിന്നു
ധൈര്യമില്ല.
(തുടരും)
കടപ്പാട്: 2017 മെയ് ലക്കം 'യുക്തിരേഖ'
No comments:
Post a Comment