ചാക്കോ കളരിക്കൽ
09 ഒക്ടോബർ 2017-ൽ ഫ്രാൻസിസ് പാപ്പ സീറോ-മലബാർ സഭയുടെ അജപാലന ശുശ്രൂഷാതൃത്തി
ഇന്ത്യമുഴുവനുമായി വിപുലീകരിച്ചുകൊണ്ടുള്ള ഒരു കത്ത് ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കും
അയയ്ക്കുകയുണ്ടായി.
നാലാം മൂറ്റാണ്ടുമുതൽ റോമാസാമ്രാജ്യത്തിലെ മതപരവും രാഷ്ട്രീയവുമായ
ഭരണാതൃത്തി, രൂപത (diocese) കളായിത്തിരിച്ച പ്രദേശങ്ങളായിരുന്നു. ലത്തീൻ സഭയിൽ അങ്ങനെ
രൂപതകൾ രൂപപ്പെടുകയും റോമിലെ മാർപാപ്പ നിയോഗിക്കുന്ന മെത്രാൻ തൻറെ രൂപതാതൃത്തിക്കുള്ളിൽ
ഭരണം നിർവഹിക്കുകയും ചെയ്തിരുന്നു. പൗരസ്ത്യ സഭകളുടെ കീഴ്വഴക്കം പാത്രിയാക്കാമാരുടെ
കീഴിൽ മെത്രാന്മാർ രൂപതയെ ഭരിക്കുന്ന സമ്പ്രദായമാണ്. റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകളിൽ
ആ പാരമ്പര്യം തുടരുന്നെങ്കിലും പൗരസ്ത്യ സഭാംഗങ്ങളുടെ പ്രവാസ ജീവിതം ആരംഭിച്ചതോടെ ഒരു
രൂപതയും ഒരതൃത്തിയും ഒരു മെത്രാനുമെന്ന ആശയത്തിൽനിന്നും ആധുനിക സഭയ്ക്ക് മാറിചിന്തിക്കേണ്ടിവന്നു.
ഒരു രൂപതാതൃത്തിക്കുള്ളൽത്തന്നെ പല റീത്തിലെ പല മെത്രാന്മാർക്കും തങ്ങളുടെ റീത്തിലെ
വിശ്വാസികളുടെമേൽ ആദ്ധ്യാത്മിക ശുശ്രൂഷ/ ഭരണ അധികാരങ്ങളുണ്ടെന്ന് റോം തിരിച്ചറിയുകയും
അതിനുള്ള വഴികൾ റോം തുറന്നുകൊടുത്തുകൊണ്ടുമിരിക്കുന്ന ഒരു സ്ഥിതിവിശേഷവുമാണ് ഇന്നുള്ളത്.
അമേരിക്കയിലാണെങ്കിൽ അർമേനിയൻ, കാൽഡിയൻ, ഉക്രേനിയൻ, മാറോനൈറ്, റുത്തേനിൻ തുടങ്ങിയ പൗരസ്ത്യസഭാരൂപതകൾ
ലത്തീൻ രൂപതാതൃത്തികളിൽ സ്ഥാപിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് നമുക്കറിയാം. കേരളത്തിലെ
മാർതോമാ നസ്രാണി സഭ റോമാസാമ്രാജ്യാതൃത്തിയിലുണ്ടായിരുന്ന പാശ്ചാത്യ/പൗരസ്ത്യ സഭകളിൽ
ഉൾപ്പെട്ട ഒരു സഭ അല്ലാതിരുന്നതിനാൽ നമുക്ക് മെത്രാന്മാരെ ബാഗ്ദാദിൽനിന്നും മറ്റുമാണ്
ലഭിച്ചിരുന്നത്. നസ്രാണികൾ റോമാസഭയുടെ ഭാഗമായതോടെ മെത്രാനും രൂപതയുമെല്ലാമായി. കൂടാതെ
ഒരു കാലത്തും റോമൻ പൗരസ്ത്യസഭകളിൽ ഉൾപ്പെടാത്ത മാർതോമാ ക്രിസ്ത്യാനികളെ -സീറോ-മലബാർ
കത്തോലിക്കാ സഭയെ- പൗരസ്ത്യ സഭകളുടെ ഭാഗമാക്കുകയും ചെയ്തു. ഇന്ന് സീറോ-മലബാർ സഭയ്ക്ക്
ഇന്ത്യയ്ക്ക് വെളിയിൽ ലത്തീൻ രൂപതാവരമ്പുകളെ ഭേദിച്ച് അമേരിക്ക, കാനഡ, യു കെ, ഓസ്ട്രേലിയ
തുടങ്ങിയ രാജ്യങ്ങളിൽ രൂപതകൾ ഉണ്ട്. ഏറെക്കാലമായി കേരളത്തിൽ സീറോ-മലങ്കര, സീറോ-മലബാർ
സഭകൾ ലത്തീൻ രൂപതാതൃത്തിക്കുള്ളിലുള്ള തങ്ങളുടെ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നതാണ്.
ഈ ചുറ്റുപാടിൽനിന്നുകൊണ്ടുവേണം ഇന്ത്യൻ സഭകൾക്ക് തങ്ങളുടെ വിശ്വാസികളുടെ
അജപാലനധർമ്മനിർവഹണത്തിന് പുതിയ രൂപരേഖ റോം കണ്ടെത്തിയത്. സീറോ-മലബാർ സഭയ്ക്ക് ഇന്ത്യ
മുഴുവനും ചിതറിക്കിടക്കുന്ന അവളുടെ വിശ്വാസികൾക്ക് അജപാലന ശുശ്രൂഷ ചെയ്യാനുള്ള അവസരത്തെ ഒരുക്കികൊണ്ടുള്ള തീരുമാനത്തെ
ഫ്രാൻസിസ് പാപ്പ ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കും അയച്ച കത്തിൽകൂടി വ്യക്തമാക്കുന്നു.
എന്നാൽ ആ കത്തിൽ മാർപാപ്പ ഏതാനും ചില കാര്യങ്ങൾ ഊന്നിപ്പറയുന്നുണ്ട്: 1) സീറോ-മലബാർ
സഭയുടെ അജപാലന ശുശ്രൂഷാതൃത്തി ഇന്ത്യമുഴുവനുമായി മാർപാപ്പ വിപുലീകരിച്ചു. 2) എറണാകുളം-അങ്കമാലി
ശ്രേഷ്ഠമെത്രാപ്പോലീത്തയേയും സീറോ-മലബാർ മെത്രാൻ സിനഡിനേയും ആ അജപാലന ദൗത്യം മാർപാപ്പ
ചുമതലപ്പെടുത്തിയിരിക്കുന്നു. 3) അജപാലന മേഖലയുടെ വിപുലീകരണം അധികാരത്തിൻറെയോ ആധിപത്യത്തിൻറെയൊ
വളർച്ചയായി മനസ്സിലാക്കാൻ പാടില്ല. 4) ഏറെ കാലമായി ലത്തീൻ സഭയിലെ ഇടവകജീവിതത്തിലും
പ്രവർത്തനങ്ങളിലും പൂർണ്ണമായി ഉൾപ്പെട്ടിരുന്ന സീറോ-മലബാർ കുടുംബപശ്ചാത്തലമുള്ള കുടുംബങ്ങൾ
ലത്തീൻ ഇടവകയിൽത്തന്നെ തുടരാൻ ഇഷ്ടപ്പെടുന്നുയെങ്കിൽ ലത്തീൻ വികാരിയുടെ അജപാലനം വഴി
അവർക്കത് നിർവ്വഹിച്ചു കൊടുക്കേണ്ടതാണ്. ഫ്രാൻസിസ് പാപ്പയുടെ കത്ത് ചുവടെ ചേർക്കുന്നു:
പരിഭാഷകൻ:
ജോർജ് നെടുവേലിൽ, ഫ്ളോറിഡ
ചിരകാലത്തെ ചരിത്രം, സാംസ്കാരം, ആദ്ധ്യാത്മികത, ശിക്ഷണം എന്നിവകളിലൂടെയുള്ള
വികസനഫലമാണ് പ്രശംസാർഹമായ സഭാവൈവിധ്യം
(verietas Ecclesiarum). അത് സഭയുടെ നിധിയാണ്; അത് കനകകഞ്ചുകമണിഞ്ഞുനിൽക്കുന്ന രാഞ്ജിയെപ്പോലെയാണ്
(cf. Ps 44 and Leo XIII, Orientallum Dignitas). വേണ്ടത്ര വിളക്കെണ്ണ കരുതികൊണ്ട്
ആത്മാർത്ഥതയൊടും ക്ഷമാപൂർവ്വവും തൻറെ മണവാളനെ പ്രതീക്ഷിച്ചുനിന്ന വിവേകശാലിയായ കന്യകയെപ്പോലെ,
നാഥൻറെ വരവിനായി ദീർഘരാവിൽ കാത്തുനിൽക്കുന്ന ജനതയ്ക്ക് അവളുടെ വിളക്കിൻറെ വെളിച്ചം
ബോധപ്രകാശമാണ്.
കത്തോലിക്കാ സഭയുടെ വിവിധങ്ങളായ പാരമ്പര്യങ്ങളുടെ സമൃദ്ധിയുടെ മുഖം
അതിൻറെ എല്ലാ തേജസ്സോടുംകൂടി ലോകത്തിന് വെളിപ്പെടുത്തുകയെന്നത് സുപ്രധാനമാണ്. 1917
-ൽ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയുടെ ദീർഘവീക്ഷണ ഫലമായി സ്ഥാപിതമായ പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള
തിരുസംഘത്തിൻറെ സുവർണ്ണ ജൂബിലിവർഷമായി ആഘോഷിക്കുന്ന കാരണത്താൽ പൗരസ്ത്യ സഭാ പാരമ്പര്യങ്ങളെ
പുനരുദ്ധരിക്കുന്നതിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആ പൗരാണിക സഭകളുടെ അന്തസ്സിനെയും
അവകാശങ്ങളെയും മാനിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നു.
സഭയുടെ ആ കാഴ്ചപ്പാടിനെ രണ്ടാം വത്തിക്കാൻ കൗൺസിൽ ആശ്ലേഷിക്കുകയും
ഓരോ സഭകൾക്കുമുള്ള തനതായ പാരമ്പര്യനിധിയെ കാത്തുസൂക്ഷിക്കേണ്ടതിൻറെയും
സംരക്ഷിക്കേണ്ടതിൻറെയും ആവശ്യകത വിശ്വാസികളെ
ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്. "കൂടാതെ, സഭയ്ക്കുള്ളിലെ പ്രത്യേക സഭകൾ ന്യായമായ
സ്ഥാനം വഹിക്കുന്നു; ദാനധർമ്മങ്ങളുടെ മുഴുവൻ കൂട്ടായ്മയുടെയും അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന
പത്രോസിൻറെ സിംഹാസനത്തിൻറെ പരമാധികാരത്തെ ഒരുവിധത്തിലും എതിർക്കാതെ ആ സഭകൾ അവരുടെ പാരമ്പര്യങ്ങൾ
നിലനിർത്തുന്നു (cf. Ignatius of Antioch, Ad Rom., Praef.); നിയമാനുസൃതമായ വ്യത്യാസങ്ങളെ
സംരക്ഷിക്കുകയും അതേസമയംതന്നെ ആ വ്യത്യാസങ്ങൾ സഭയുടെ ഐക്യത്തിന് തടസ്സമാകാതെ സഹായകമാകുമെന്ന്
കണക്കാക്കുകായും ചെയ്യൂന്നു” (Lumen Gentium, 13).
Lumen Gentium പഠിപ്പിക്കുന്നതുപോലെ, ക്രിസ്തുവിൻറെ ശരീരത്തിലെ വൈവിധ്യത്തിലെ
ഐക്യം പ്രോത്സാഹിപ്പിക്കേണ്ടത് റോമിലെ മെത്രാനാണ്. ഈ ചുമതലയിൽ, രണ്ടാം വത്തിക്കാൻ കൗൺസിലിലെ
ആഹ്വാനത്തെ റോമാമാർപാപ്പമാർ വിശ്വസ്തതാപൂർവ്വം വ്യാഖ്യാനിച്ച് പ്രായോഗികമാക്കുന്നു.
പൗരാണികത്തത്തിൻറെ പേരിൽ ആദരിക്കപ്പെടുന്ന പൗരസ്ത്യസഭകൾ "പുഷ്ടിപ്പെടുകയും പുതിയ
അപ്പോസ്തലിക ഊർജ്ജസ്വലതയോടെ അവരെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം നിർവഹിക്കുകയും വേണം"
(Orientalium Ecclesiarum, 1); അവരുടെ ഉത്തരവാദിത്തം കൂടുതൽ ഫലപ്രദമായ ഉപകരണങ്ങളായിരിക്കുന്നതിനാൽ
"ക്രിസ്ത്യാനികളുടെ ഐക്യം, പ്രത്യേകിച്ചും പൗരസ്ത്യ ക്രിസ്ത്യാനികളുടെ ഐക്യം,
പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ചുമതല" (Orientalium Ecclesiarum, 24)
നിലനിൽക്കുന്നു. കൂടാതെ, അവരുടെ "തുല്യ അന്തസ്സ് [ ... ] ഒരേ ഉത്തരവാദിത്തത്തിൽ
നിന്നുകൊണ്ട് സുവിശേഷം സർവ്വലോകത്തിലും പ്രസംഗിപ്പാനും
ഒരേ അവകാശങ്ങൾ അനുഭവിക്കാനും" (Orientalium Ecclesiarum, 3) അവരെ പ്രോത്സാഹിപ്പിക്കണം.
മുപ്പത് വർഷങ്ങൾക്കുമുമ്പ് എൻറെ പ്രിയപ്പെട്ട മുൻഗാമി വിശുദ്ധ ജോൺ
പോൾ രണ്ടാമൻ ഇന്ത്യയുടെ മെത്രാന്മാർക്ക് ഒരു കത്തയക്കുകയുണ്ടായി. രണ്ടാം വത്തിക്കാൻ
കൗൺസിലിനെ സ്വാംശീകരിച്ച് കൗൺസിലിൻറെ പഠനങ്ങളെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ പ്രായോഗികമാക്കാൻ
അദ്ദേഹം ശ്രമിച്ചു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും, ഇന്ത്യയിൽ ക്രിസ്ത്യാനികൾ ജനസംഖ്യയുടെ
ഒരു ചെറിയ അനുപാതം മാത്രമേയുള്ളൂ. തത്ഫലമായി,
ഐക്യത്തെ പ്രകടമാക്കേണ്ട പ്രത്യേക ആവശ്യകതയും വിഭജനത്തിൻറെ ഏതെങ്കിലും സാമ്യതകൾ ഒഴിവാക്കേണ്ടതുമുണ്ട്.
ഐക്യത്തിനായുള്ള ആവശ്യവും വൈവിധ്യ സംരക്ഷണവും പരസ്പരം എതിർക്കപ്പെടുന്ന ഒന്നല്ലെന്ന്
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പ്രസ്താവിച്ചിട്ടുണ്ട്. "ഒരു റീത്തിൻറെ പൈതൃകത്തോടും
പാരമ്പര്യങ്ങളോടുമുള്ള വിശ്വസ്തതയുടെ ആവശ്യം 'വിദേശത്തേയ്ക്ക് ചിതറിപ്പോയ ദൈവമക്കളെ
ഒന്നായിത്തീർക്കുന്ന' (Jn 11: 52), അഥവാ രക്ഷകനോടൊത്ത് സഭയുടെ ദൗത്യം എല്ലാ ആളുകളുടെയും
കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്ന, സഭയുടെ ചുമതലയെ ഇടപെടലായി വ്യാഖ്യാനിക്കരുതു്"
(Epistula ad Indiae Episcopos, 28 May 1987).
അഞ്ച് ശദാബ്ദങ്ങൾക്കുമുമ്പ് ഇന്ത്യയുടെ മദ്ധ്യഭാഗത്തും വടക്കൻഭാഗത്തും
"മിഷ്യൻ രൂപതകൾ" വഴി സീറോ-മലബാർ സഭ വികസിപ്പിച്ചപ്പോൾ ലത്തീൻ മെത്രാന്മാർ
പൊതുവിൽ ധരിച്ചത് ഒരു അധികാര പരിധിയും ഒരു മെത്രാൻമാത്രം ഒരു പ്രത്യേക പ്രദേശത്ത് എന്നുമാണ്.
ആ രൂപതകൾ ലത്തീൻ രൂപതകളിൽനിന്നും സൃഷ്ടിക്കപ്പെട്ടതാണ്. എന്നാലിന്ന് ആ പ്രദേശങ്ങളുടെമേൽ
പൂർണ്ണമായ അധികാരമുള്ളതുകൂടാതെ ലത്തീൻ വിശ്വാസികളുടെമേലും സീറോ-മലബാർ വിശ്വാസികളുടെമേലും
അധികാരമുണ്ട്. എന്നിരുന്നാലും, പൗരസ്ത്യസഭകളുടെ പരമ്പരാഗതമായ പ്രദേശത്തും കൂടാതെ പ്രവാസികളുൾപ്പെടുന്ന
വിശാലമായ പ്രദേശത്തും (ഈ വിശ്വാസികൾ ദൈർഘ്യകാലത്തേയ്ക്ക് സ്ഥിരതാമസക്കാരാണ്) ഒരേ സ്ഥലത്തുതന്നെ
സ്വയംഭരണാധികാരമുള്ള വിവിധ സഭകളിലെ കത്തോലിക്കാ മെത്രാന്മാർ തമ്മിൽ ഫലപ്രദവും അനുയോജ്യവുമായ
സഹകരണം സംഭവിച്ചിരിക്കുകയാണ്. ആ സഹകരണം അത്തരം പരിഹാരത്തിന് സഭാനീതീകരണം വാഗ്‌ദാനം
ചെയ്യുകമാത്രമല്ലാ ഇടയശുശ്രൂഷയുടെ ആനുകൂല്യങ്ങളെ പ്രകടമാക്കുകയും ചെയ്യുന്നു. ഇന്നത്തെ
ലോകത്ത് വളരെ അധികം ക്രൈസ്ത്തവർ കുടിയേറാൻ നിർബന്ധപ്പെടും. അധികാരാതിർത്തി കവിഞ്ഞുപോകുന്നത്
പതിവാകും. വിശ്വാസികളുടെ സഭാപാരമ്പര്യങ്ങളുടെ പൂർണ്ണ ആദരവ് ഉറപ്പാക്കുന്നതുകൂടാതെ അജപാലന
ശുശ്രൂഷയെ ഉറപ്പാക്കാനുള്ള ഫലപ്രദമായ ഉപകരണങ്ങളായി വർദ്ധിച്ചുവരുകയുമാണ്.
ഇന്ത്യയിൽത്തന്നെ, അധികാരാതിർത്തി കവിഞ്ഞുപോകുന്നത് മേലിൽ പ്രശ്നമല്ല.
കാരണം, കേരളം പോലുള്ളിടത്ത് സഭ കുറേക്കാലമായി അത് അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. വിശുദ്ധ
ജോൺ പോൾ രണ്ടാമൻറെ കത്ത് ബോംബെ-പൂന പ്രദേശത്ത് ഒരു സീറോ-മലബാർ രൂപത സ്ഥാപിക്കാൻ അംഗീകാരം
നൽകി. അത് കല്യാൺ രൂപതയായി മാറി. ഡൽഹിയും അതിൻറെ അയൽ സംസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന പ്രദേശത്ത്
2012-ൽ ഫരീദാബാദ് സീറോ-മലബാർ രൂപത സ്ഥാപിക്കപ്പെട്ടു. മാണ്ഡ്യാ രൂപതയുടെ അതൃത്തികൾ
വിപുലീകരിച്ചുകൊണ്ട് 2015-ൽ ബാഗ്ലൂർ നഗരത്തെയും ഉൾപ്പെടുത്തി. ആ വർഷം തന്നെ, സീറോ-മലങ്കര
വിശ്വാസികൾക്കായി ഒരു രൂപതയും അപ്പോസ്തലിക എക്‌സാർക്കേറ്റും സ്ഥാപിക്കപ്പെട്ടു. ഈവിധമുള്ള
സഭാപരമായ അതൃത്തീ ക്ലിപ്തപ്പെടുത്തൽ സീറോ-മലകാര സഭയ്ക്ക് ഇന്ത്യയുടെ അതൃത്തി മുഴുവനും
അവളുടെ വിശ്വാസികൾക്ക് അജപാലന ശുശ്രൂഷ നൽകാൻ കഴിയുന്നു. എല്ലാ സംഭവവികാസങ്ങളിലും പ്രശ്നങ്ങൾ ഉണ്ടെങ്കിലും, ഒരേ പ്രദേശത്ത് പല മെത്രാന്മാരുടെ
സാന്നിദ്ധ്യമുണ്ടെങ്കിലും, സഭയുടെ ദൗത്യത്തിന് വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ല. നേരെമറിച്ച്,
ഈ നടപടികൾ പ്രാദേശിക സഭകൾക്ക് അവരുടെ അജപാലനവും മിഷനറി പരിശ്രമങ്ങൾക്കും കൂടുതൽ പ്രചോദനവും
നൽകുന്നു.
2011-ൽ എൻറെ മുൻഗാമി ബെനെഡിക്റ്റ് പതിനാറാമൻ ഇന്ത്യ മുഴുവനുമുള്ള
സീറോ-മലബാർ വിശ്വാസികൾക്ക് അജപാലന ആവശ്യം നിർവഹിക്കാൻ ആഗ്രഹിച്ചു. 2013-ലെ പൗരസ്ത്യ
സഭകളുടെ തിരുസംഘത്തിൻറെ പൂർണ്ണസമ്മേളനത്തിനുശേഷം അദ്ദേഹത്തിൻറെ ഉദ്ദേശം ഞാൻ സ്ഥിരീകരിച്ചു.
ഇന്ത്യയിലെ സീറോ-മലബാർ സഭാഅതൃത്തിക്കുവെളിയിലുള്ള വിശ്വാസികളുടെ ഇപ്പോഴത്തെ അപ്പോസ്തലിക
സന്ദർശകൻ (Apostolic Visitor) റാഫേൽ തട്ടിൽ മെത്രാനാണ്. അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്
വിശദമായ ഒരു റിപ്പോർട്ട് നൽകിയിട്ടുണ്ട്. സഭയുടെ ഉന്നതതലയോഗങ്ങളിൽ ഈ വിഷയം പരിശോധനയ്ക്ക്
വിധേയമായിട്ടുണ്ട്. ഈ നടപടികളുടെ ചുവടുപിടിച്ച്, ആ പ്രക്രിയ പൂർത്തിയാക്കാനുള്ള സമയം
സമാഗതമായെന്ന് ഞാൻ വിശ്വസിക്കുന്നു.
ആയതിനാൽ, രണ്ട് രൂപതകൾ സ്ഥാപിച്ചുകൊണ്ടും നിലവിലുള്ള രണ്ട് രൂപതകളുടെ
അതൃത്തികൾ വിപുലീകരിച്ചുകൊണ്ടും ഇന്ത്യയിലുടനീളമുള്ള സീറോ-മലബാർ വിശ്വാസികൾക്ക് അജപാലനം
നൽകാൻ പൗരസ്ത്യ സഭകളുടെ തിരുസംഘത്തെ ഞാൻ അധികാരപ്പെടുത്തിയിട്ടുണ്ട്.
പുതിയ അതൃത്തികളും കൂടാതെ നിലവിലുള്ളതും പൗരസ്ത്യ സഭകൾക്കുള്ള കാനോൻ
നിയമത്തിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് എറണാകുളം-അങ്കമാലി ശ്രേഷ്ഠമെത്രാപ്പോലീത്തയ്ക്കും
സീറോ-മലബാർ മെത്രാൻ സിൻഡിനും അജപാലന ദൗത്യം ചുമതലപ്പെടുത്തികൊടുക്കാൻ ഞാൻ ഉത്തരവായിട്ടുണ്ട്.
എൻറെ ഈ തീരുമാനം ചിലർക്ക് ആശങ്കയുടെ ഉറവിടമാകാമെങ്കിലും, വളരെയധികം
സീറോ-മലബാറുകാർ അവരുടെ റീത്തിൻ പ്രകാരമുള്ള അജപാലനം നഷ്ട്ടപ്പെടുന്ന സാഹചര്യത്തിലും
ഇപ്പോൾ അവർ ലത്തീൻ സഭാജീവിതത്തിൽ പൂർണ്ണമായി ഉൾപ്പെട്ടിരിക്കുന്നതിനാലും, ഉദാരവും സമാധാനപരവുമായ
മനോഭാവത്തോടെ ഇത് സ്വാഗതം ചെയ്യുമെന്ന് കരുതുന്നു. എന്നിരുന്നാലും, ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ
ആശങ്കയ്ക്ക് കാരണമില്ലെന്ന് എനിക്ക് ബോദ്ധ്യമുണ്ട്. കാരണം, സഭാജീവിതം അത്തരം വ്യവസ്ഥകൊണ്ട്
തടസ്സപ്പെടുത്താൻ പാടില്ല. ഒരു കാലത്ത്, വിവിധ വഴികളിൽ-ചിലപ്പോൾ തലമുറകളായി- സംഭാവന
ചെയ്ത വിശ്വാസികളെ സ്വാഗതം ചെയ്ത സമൂഹങ്ങളെ നിർബന്ധമായി വിടേണ്ടിവരുന്ന ഒരു ഭീഷണിയായി
ഇതിനെ തീർച്ചയായും വിപരീതമായി വ്യാഖ്യാനിക്കരുത്. മറിച്ച്, ഇത് ഒരു ക്ഷണമായും വിശ്വാസത്തിൽ
വളരുന്നതിനും സ്വയംഭരണാധികാരസഭയിലെ കൂട്ടായ്മയുടെ
വളർച്ചയ്ക്കും അവരുടെ റീത്തിൻറെ വിലയേറിയ പൈതൃകം സംരക്ഷിച്ച് ഭാവി തലമുറകൾക്ക്
കൈമാറുന്നതിനുള്ള അവസരമായും ഇതിനെ കാണണം. ഫരീദാബാദ് രൂപതയ്ക്ക് പൗരസ്ത്യ സഭകളുടെ തിരുസംഘത്തിൽനിന്ന്,
സീറോ-മലബാർ വിശ്വാസ കൂട്ടായ്മയിലെ ഒരംഗം, നിയമത്തിൻറെ അടിസ്ഥാനത്തിൽ, അവനോ അവൾക്കോ
വീടുള്ള സീറോ-മലബാർ ഇടവകയിലെ അംഗമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള നിർദ്ദേശം നേരത്തെത്തന്നെ
നൽകിയിട്ടുണ്ട് (Code of Canons of the Eastern Churches, Can. 280 1). എന്നിരുന്നാലും, അതേസമയം തന്നെ അവനോ അവൾക്കോ
ലത്തീൻ സഭയിലെ ഇടവകജീവിതത്തിലും പ്രവർത്തനങ്ങളിലും പൂർണ്ണമായി ഉൾപ്പെടാവുന്നതുമാണ്.
വിശ്വാസികൾക്കുവേണ്ടി ഇപ്പോൾ നിലവിലുള്ള നിയമങ്ങളിൽനിന്നുള്ള അനുവാദം അവരുടെ വിശ്വാസം
ശാന്തമായി അനുഷ്ഠിക്കാൻ ആവശ്യമില്ല. ലത്തീൻ വികാരിയുടെയോ സിറോ-മലബാർ വികാരിയുടെയോ അജപാലനം
വഴി അവർക്കത് നിർവ്വഹിക്കാവുന്നതാണ്.
ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ പാത ഒറ്റപ്പെടൽ അല്ലെങ്കിൽ വേർതിരിക്കൽ
ആകാൻ കഴിയില്ല; പ്രത്യുത, ബഹുമാനത്തിൻറെയും സഹകരണത്തിൻറെയും ആയിരിക്കണം. ഒരേ പ്രദേശത്ത്
വിവിധ സ്വയം ഭരണാധികാരമുള്ള സഭകളുടെ പല മെത്രാന്മാരുടെ സാന്നിദ്ധ്യം തീർച്ചയായും ഊർജ്ജസ്വലവും
ആശ്ചര്യദായകവുമായ ഒരു കൂട്ടായ്മയുടെ സ്പഷ്ടമായ സാക്ഷ്യം വാഗ്‌ദാനം ചെയ്യും. രണ്ടാം
വത്തിക്കാൻ കൗണ്സിലിൻറെ കാഴ്ചപ്പാടും ഇതുതന്നെയാണ്. ഞാൻ അത് വീണ്ടും ഉദ്ധരിക്കുന്നു:
"സഭയുടെ എല്ലാ ഭാഗങ്ങൾക്കിടയിലും അടുത്ത കൂട്ടായ്‌മാബന്ധം നിലനിൽക്കുന്നു. അങ്ങനെ
അവർ ആത്മീയ സമ്പത്ത്, പ്രേഷിത പ്രവർത്തകർ, താൽകാലിക വിഭവങ്ങൾ പങ്കുവെയ്ക്കുന്നു. ദൈവജനത്തിലെ
അംഗങ്ങൾ മേൽപറഞ്ഞ വിഭവങ്ങൾ പൊതുവായി പങ്കിടാൻ വിളിക്കപ്പെട്ടവരാണ്. ഓരോ സഭയ്ക്കും അപ്പോസ്തലൻറെ
വചനങ്ങൾ സാധുവാണ്: ' ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിൻറെ വിവിധ ദാനങ്ങളുടെ
ഉത്തമനായ കാര്യസ്ഥനെന്ന നിലയിൽ മറ്റെല്ലാവർക്കുംവേണ്ടി ഉപയോഗിക്കട്ടെ' (1 Pet 4:
10) (Lumen Gentium, 13). ആ ചൈതന്യത്തിൽ, ഇന്ത്യയിലെ പ്രിയപ്പെട്ട സഭകളോട്, ഉദാരതയും
ധീരതയുമുള്ളവരായിരിക്കാനും അവർ സാഹോദര്യത്തിൻറെയും പരസ്പര സ്നേഹത്തിൻറെയും ചൈതന്യത്തിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ ഞാൻ
അഭ്യർത്ഥിക്കുന്നു. സീറോ-മലബാർ സഭയ്ക്ക്, ലത്തീൻ സഭയുടെ പശ്ചാത്തലത്തിൽ, അവരുടെ വൈദികരുടെയും
സന്യസ്തരുടെയും വിലമതിക്കുന്ന ജോലി തുടരുകയും, ഭാഗവാക്കാകാൻ ലത്തീൻ ഇടവകകളെ തിരഞ്ഞെടുക്കുന്നെന്നിരുന്നാലും
സീറോ-മലബാർ വിശ്വാസികൾക്കുവേണ്ടി അവരുടെ ലഭ്യത നിലനിർത്തണം, കാരണം, ആദിമസഭയിൽനിന്ന്
കുറെ സഹായം അവർ അഭ്യർത്ഥിച്ചെന്നിരിക്കാം. സ്വന്തമായി പള്ളിക്കെട്ടിടങ്ങൾ ഇല്ലാത്ത
സീറോ-മലബാർ സമൂഹത്തിന് ലത്തീൻ റീത്ത് സഭ ഉദാരമായ ആഥിത്യം തുടർന്നും വാഗ്‌ദാനം ചെയ്യാൻ
സാധിക്കും. സ്വയം ഭരണാധികാരമുള്ള എല്ലാ സഭകളും തുടർന്നും സഹകരിക്കണം, ഉദാഹരണത്തിന്
ധ്യാനങ്ങൾ, വൈദികർക്കുവേണ്ടിയുള്ള സെമിനാറുകൾ, ബൈബിൾ കോൺഫറൻസുകൾ, പൊതുതിരുനാൾ ദിനാഘോഷങ്ങൾ,
എക്യൂമെനിക്കൽ പരിശ്രമങ്ങൾ. ആദ്ധ്യാത്മിക സൗഹൃദത്തിൻറെയും പരസ്പര സഹായത്തിൻറെയും വളർച്ചകൊണ്ട്
ഏതങ്കിലും പിരിമുറുക്കങ്ങളെയും ആശങ്കകളെയും പെട്ടെന്ന് അതിജീവിക്കണം. സീറോ-മലബാർ സഭയുടെ
ഈ അജപാലന മേഖലയുടെ വിപുലീകരണം അധികാരത്തിൻറെയോ ആധിപത്യത്തിൻറെയൊ വളർച്ചയായി ഒരുവിധത്തിലും
മനസ്സിലാക്കരുത്. മറിച്ച്, അതിനെ ആഴത്തിലുള്ള കൂട്ടായ്‌മക്കുള്ള വിളിയായി കാണണം. അതൊരിക്കലും
ഐകരൂപ്യമായി ഗ്രഹിക്കുകയുമരുത്. ത്രിത്വത്തിൻറെ സ്തുതിപ്പുകൾ പാടിയവാനും പിതാവിൻറെയും
പുത്രൻറെയും പരിശുദ്ധാരൂപിയുടെയും അത്ഭുതകരമായ കൂട്ടായ്മ ഉള്ളവനുമായ വിശുദ്ധ ആഗസ്തീനോസിൻറെ
വാക്കുകൾപോലെ ഞാനും നിങ്ങളോട് ചോദിക്കുന്നു: വർദ്ധിച്ച അനുകമ്പയ്ക്കുള്ള ഇടം
(Sermon 69, PL 5, 440.441). സ്നേഹത്തിലും, കൂട്ടായ്മയിലും, സേവനത്തിലും വളർച്ച ഉണ്ടാകെട്ടെ.
പ്രിയ സഹോദര മെത്രാന്മാരെ, നിങ്ങൾക്കെല്ലാവർക്കും പരിശുദ്ധ കന്യകാമറിയത്തിൻറെ
മദ്ധ്യസ്ഥത ഞാൻ നേരുന്നു. പ്രാർത്ഥനയിൽ നിങ്ങളോടുകൂടി
ആയിരിക്കുമെന്ന് ഞാൻ ഉറപ്പുതരുന്നു. നിങ്ങൾക്കെല്ലാവർക്കും ഇന്ത്യയിലെ സഭയ്ക്കും വിശ്വാസികൾക്കും
എൻറെ സ്ലൈഹികാനുഗ്രഹങ്ങൾ നൽകുന്നു. നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞാൻ ചോദിക്കുകയും
ചെയ്യുന്നു.
ഫ്രാൻസിസ്
No comments:
Post a Comment