ജയിംസ് ഐസക്, കുടമാളൂര്‍
മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ എന്നും
സ്മരിക്കപ്പെടുന്ന വിപ്ലവകാരിയാണ്. കത്തോലിക്കാസഭ മാര്‍ട്ടിന്‍ ലൂഥറിനെ ഔദ്യോഗികമായി
പുറത്താക്കി. മുന്‍പതിവനുസരിച്ച് അദ്ദേഹത്തെ ചുട്ടുകൊല്ലാന്‍ സഭാമേധാവിത്വത്തിനു കഴിഞ്ഞില്ല.
ലൂഥര്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ സഭാനവീകരണത്തിനു വഴിതെളിച്ചു. എങ്കിലും ഒട്ടേറെ സ്വതന്ത്രസഭകളായി
ക്രൈസ്തവസമൂഹം പിളര്‍ന്നു.
കേരളസഭയില്‍ നിലനില്‍ക്കുന്ന പൗരോഹിത്യമേധാവിത്വം, സാമ്പത്തികചൂഷണം,
അന്ധവിശ്വാസപ്രചരണം ഇവയെല്ലാം ചൂണ്ടിക്കാട്ടി സഭയിലെ വിപ്ലവകാരിയായി അറിയപ്പെട്ട ജോസഫ്
പുലിക്കുന്നേല്‍ ഔദ്യോഗികമായി സഭയില്‍നിന്നു വേര്‍പെട്ടില്ല. എന്നാല്‍ സഭയുടെ ചിട്ടവട്ടങ്ങളില്‍നിന്നു
ബോധപൂര്‍വ്വം ഒഴിഞ്ഞുമാറിയിരുന്നു. കുറവിലങ്ങാട്ട് ശ്രീ. വി.കെ. കുര്യനു സംഭവിച്ചതുതന്നെ
തനിക്കും സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ വളരെ തന്ത്രപൂര്‍വ്വം സഭയുടെ
കൂദാശകള്‍ വേണ്ടാ എന്നും മൃതദേഹം ഓശാനമൗണ്ടില്‍ സൗകര്യപ്രദമായ സ്ഥലത്ത് ദഹിപ്പിക്കണമെന്നും
വില്‍പത്രത്തില്‍ രേഖപ്പെടുത്തി. സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വലിയ വിവാദമാണ്
ഒഴിവായത്. പുലിക്കുന്നേലിന്റെ മൃതദേഹം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച കൂരിയാബിഷപ്പും
പാലാരൂപതാ സഹായമെത്രാനും ആദരണീയമായ മാതൃകകാട്ടി.
എല്ലാ മലയാളപത്രങ്ങളും ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ മഹത്വം
എടുത്തുകാട്ടി ലേഖനങ്ങള്‍ എഴുതി. കത്തോലിക്കാപത്രം എന്നഭിമാനിക്കുന്ന ദീപികയ്ക്കുമാത്രം
ഒന്നും പറയാനില്ലായിരുന്നു. ദീപികയ്ക്കു എറണാകുളം-അങ്കമാലി രൂപതയിലെ ഭൂമിയിടപാടുകളും
വാര്‍ത്തയല്ല. ഈ വിഷയം ചാനലുകളും മറ്റു പത്രങ്ങളും ചര്‍ച്ചയ്ക്കുവിധേയമാക്കിയെങ്കിലും
ദീപിക മൗനം പാലിച്ചു. എന്തിന്? പുലിക്കുന്നേല്‍ ആരോഗ്യത്തോടെ ജീവിച്ചിരുന്നെങ്കില്‍
ശക്തമായ പ്രതികരണം ഉണ്ടാകുമായിരുന്നു.
ഓശാനയുടെ ആദ്യലക്കം മുതലാണ് ശ്രീ. പുലിക്കുന്നേലുമായി അടുക്കുന്നത്.
അദ്ദേഹത്തിന്റെ പ്രോട്ടസ്റ്റന്റ് വീക്ഷണങ്ങളെ ഞാന്‍ വിമര്‍ശിച്ചിരുന്നെങ്കിലും ചരിത്രപണ്ഡിതനായ
അദ്ദേഹത്തിന്റെ ബോധ്യങ്ങളെ ആദരിച്ചിരുന്നു. 'ഇതാ, നിഷ്‌കപടനായ ഒരു ഇസ്രായേല്‍ക്കാരന്‍'
എന്ന് നാഥാനിയേലിനെക്കുറിച്ചു കര്‍ത്താവു പറഞ്ഞതുപോലെ, 'തന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചു
ജീവിക്കുന്ന ഒരു യഥാര്‍ത്ഥക്രിസ്ത്യാനി' (കത്തോലിക്കന്‍ അല്ല) എന്ന് ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചും
പറയാം.
എളിയവനായ എന്റെ അഭിപ്രായങ്ങളും ഓശാനയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
മാസംതോറുമുള്ള പ്രസിദ്ധീകരണം മുടങ്ങിയശേഷവും മൂന്നുമാസം കൂടുമ്പോള്‍ ഓശാന പ്രസിദ്ധീകരിച്ചിരുന്നു.
അപ്പോഴും എന്തെങ്കിലും എഴുതാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.
പുലിക്കുന്നേലുമായി ചേര്‍ന്ന് സഭയെ നശിപ്പിക്കാനാണ് ഞാന്‍ ഒരുമ്പെടുന്നതെന്നു
സ്വന്തം ഇടവകവികാരി എന്നെ കുറ്റപ്പെടുത്തി. എന്നാല്‍ സദുദ്ദേശ്യത്തിന്റെ പേരിലാണ് ഞാന്‍
ചെറുലേഖനങ്ങള്‍ എഴുതിയിരുന്നത്. ഞാന്‍ അയച്ച എല്ലാ ലേഖനങ്ങളും ഓശാന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി. അല്‍ഫോന്‍സാമ്മയുടെ നാമകരണവേളയില്‍ ചങ്ങനാശ്ശേരിയില്‍നിന്നുള്ള
'സത്യദര്‍ശനമാല' ഒരു വിശേഷാല്‍പതിപ്പ് ഇറക്കി. അതില്‍ വിചിത്രമായ ഒരു ഐക്കണ്‍ കണ്ടു.
ചെമപ്പുനിറമുള്ള അകവസ്ത്രവും നീല പുറം വസ്ത്രവും ധരിച്ച് കൈയില്‍ മാര്‍ത്തോമ്മാസ്ലീവായും
പിടിച്ചുനില്‍ക്കുന്ന അല്‍ഫോന്‍സാമ്മയുടെ ചിത്രമാണ് സത്യദര്‍ശനമാലയില്‍ കണ്ടത്. അതുകണ്ട
ദിവസംതന്നെ ഞാന്‍ ഒരു കുറിപ്പു തയ്യാറാക്കി, 'അല്‍ഫോന്‍സാമ്മ അപമാനിതയാകുന്നു' എന്ന
തലക്കെട്ടില്‍ ലഘുലേഖയായി അച്ചടിച്ച് കുറെ സുഹൃത്തുക്കള്‍ക്ക് അയച്ചു. ലഘുലേഖ എവിടെയോ
കണ്ട ശ്രീ. പുലിക്കുന്നേല്‍ എന്നെ ഫോണില്‍ വിളിച്ച്, സത്യദര്‍ശനമാലയുടെ കോപ്പിയും എന്റെ
ലഘുലേഖയും ഉടന്‍ അയച്ചു കൊടുക്കണം എന്നു നിര്‍ദ്ദേശിച്ചു. ഞാന്‍ തയ്യാറാക്കിയ ലഘുലേഖയുടെ
നൂറുക്കണക്കിനു കോപ്പികള്‍ ഓശാന വിതരണം ചെയ്യുകയും മാസികയുടെ സപ്ലിമെന്റായി പ്രസിദ്ധീകരിക്കുകയും
ചെയ്തു. എന്തായാലും അല്‍ഫോന്‍സാമ്മയുടെ ഐക്കണ്‍ പിന്നീട് ഒരിടത്തും കണ്ടില്ല.
ശ്രീ. ജോസഫ് പുലിക്കുന്നേല്‍ കേരളസഭയില്‍ സൃഷ്ടിച്ച ചലനങ്ങള്‍
വിശദമായ ഒരു ചര്‍ച്ചയ്ക്കു വിധേയമാകണം. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാജ്ഞലികള്‍!
No comments:
Post a Comment