Translate

Monday, February 5, 2018

ഒരുവശത്ത് ഭൂമികുംഭകോണം, മറുവശത്ത് ഭൂമിതട്ടിയെടുക്കല്‍!


കെ. ജോര്‍ജ് ജോസഫ്  ഫോണ്‍: 9037078700
(2018 ജനുവരി സത്യജ്വാല മാസികയില്‍നിന്ന്)

ആയിരത്തിലൊന്നുമാത്രമായി പുറത്തായ ഭൂമികുംഭകോണമെന്ന അവിഹിതം പാളയത്തില്‍ പടമൂലമാണ് സമൂഹത്തില്‍ ചര്‍ച്ചയായതെന്നത് ശ്രദ്ധേയമാണ്. ഇത്തരം അനാശാസ്യങ്ങള്‍  പത്രസമ്മേളനം നടത്തിയും സമരത്തിലൂടെയും ജനമധ്യത്തില്‍ ചര്‍ച്ചയാക്കാനും പ്രതിരോധം സൃഷ്ടിക്കാനും വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന KCRM സംഘടനയ്ക്ക് ഇതൊരു പുതുമയുള്ള സംഭവമല്ല. 'ചര്‍ച്ച് ആക്റ്റ്', അഥവാ പള്ളിസ്വത്തുഭരണത്തിന് ഭരണഘടനാപരമായ ഒരു നിയമം ആവശ്യമാണെന്നുള്ള ഞങ്ങളുടെ വാദം ശരിയായിരുന്നു എന്നു സാധൂകരിക്കാന്‍ ഒരു സംഭവംകൂടി ഉണ്ടായി എന്നതുമാത്രമാണ് ഇതിന്റെ പ്രസക്തി. ഞങ്ങള്‍ അനുഭവിച്ച അവഹേളനവും അവഗണനയും അന്യായമായിരുന്നു എന്നുകൂടി ഇതു തെളിയിക്കുന്നുണ്ട്. കാരണം, ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ഞങ്ങളുന്നയിച്ചിട്ടുള്ള ആരോപണാക്ഷേപങ്ങള്‍ മാധ്യമങ്ങളും സമൂഹവും അവഗണിക്കുകയോ തമസ്‌ക്കരിക്കുകയോ ചെയ്യുന്ന പ്രവണത അനുസ്യൂതം തുടരുകയായിരുന്നു, ഇതുവരെ.
തമസ്‌ക്കരണം അവസാനിപ്പിച്ച് തിരുത്തലിന് അണിചേരാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്, പുരോഹിതവഞ്ചന ഉള്‍പ്പെട്ട ഒരു പുതിയ സംഭവം കൂടി പങ്കുവയ്ക്കട്ടെ:
കോതമംഗലം രൂപതയില്‍ വാഴക്കുളത്ത് തോട്ടക്കര ഇടവകയില്‍ കൊറ്റഞ്ചേരില്‍ വീട്ടില്‍ ഡോ. ജോസ് ജോര്‍ജ് (59 വയസ്) എന്ന തീവ്രവിശ്വാസിയെ വഞ്ചിക്കുകയോ ആക്ഷേപിച്ച് അപമാനിക്കുകയോ മാത്രമല്ല, ധനപരമായ അവിശ്വാസ്യതയ്ക്ക് പാത്രമാക്കുകകൂടി ചെയ്ത ഹീനസംഭവമാണ് പറയാനുള്ളത്.
ഡോ. ജോസ് ജോര്‍ജ് പറയുന്നതനുസരിച്ച് ലോകത്തിലെ ആദ്യത്തെ ഹീമോഫീലിക് (ജന്മനാ രക്തത്തിന്റെ കട്ടപിടിക്കുന്ന സ്വഭാവം നഷ്ടപ്പെട്ട രോഗമുള്ളയാള്‍) ഹോമിയോ ഡോക്ടറാണ് അദ്ദേഹം. രോഗംമൂലം സ്വയം സഞ്ചരിക്കാനാവാതെ വര്‍ഷങ്ങളായി അദ്ദേഹം വീല്‍ ചെയറിലാണ്. മക്കളില്ലാത്ത അദ്ദേഹവും ഭാര്യയുംകൂടി ഹോമിയോ ക്ലിനിക് നടത്തിയാണ് ഉപജീവനം നടത്തുന്നത്. സ്വന്തമായി രൂപപ്പെടുത്തിയ ഏതാനും മരുന്നുകള്‍ വിപണനം ചെയ്യുന്നുമുണ്ട്. വടക്കേന്ത്യയിലെ മിഷന്‍ മേഖലകളില്‍ സൗജന്യമായി മരുന്ന് എത്തിച്ചു നല്‍കുന്ന സേവനം വര്‍ഷങ്ങളായി അദ്ദേഹം തുടരുന്നുണ്ട്. വര്‍ഷങ്ങളായി തന്നെ സഹായിച്ചു
കൊണ്ടിരിക്കുന്ന ഫാര്‍മസിസ്റ്റിന് സ്വന്തം ജാതിത്തോട്ടം വെട്ടി വീടുവെച്ചു കൊടുത്തു!
ഭക്തിയില്‍ മുക്തി കണ്ടെത്തിയ അദ്ദേഹം 2014-ല്‍ തന്റെ 3 ഏക്കര്‍ പുരയിടത്തില്‍നിന്ന് 1.75 ഏക്കര്‍ ഭൂമി, തന്റെയും ഭാര്യയുടെയും ആത്മീയ-ശാരീരിക സംരക്ഷണം ഏറ്റെടുക്കണം എന്ന വ്യവസ്ഥയില്‍, കോതമംഗലം രൂപതയ്ക്ക് തീറാധാരം ചെയ്തുനല്‍കി.  ആധാരവും കരാറും രജിസ്റ്റര്‍ ചെയ്യാനേല്‍പിച്ചതുമുതല്‍ പുരോഹിതര്‍ തരികിട തുടങ്ങിയത്രേ! എഴുത്തുകാരനോട് കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നു നിര്‍ദ്ദേശിച്ച് കള്ളക്കളി ആരംഭിച്ചു. നിരന്തരാവശ്യത്തെത്തുടര്‍ന്ന് രണ്ടു മാസമായപ്പോള്‍ അതു പരിഹരിച്ചു. താന്‍ നല്‍കിയ വസ്തുവില്‍ നിര്‍മിച്ച 'ഇമ്മാനുവേല്‍' ധ്യാനകേന്ദ്രത്തിലെത്തി കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് വീല്‍ചെയര്‍ കയറ്റാനായി റാമ്പ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയ്തു
കൊടുത്തില്ല. ധ്യാനകേന്ദ്രത്തിലെത്തിയ അദ്ദേഹത്തിന് പരിക്കേറ്റതിനാല്‍ ഒരു വലിയ തുകയുടെ ചികിത്സ വേണ്ടിവന്നു. അതിനും സഹായമുണ്ടായില്ല. മാത്രമല്ല, പരിഹാസവും ഉണ്ടായത്രേ! മേലില്‍ പോകില്ലെന്ന് തീരുമാനിച്ച് അദ്ദേഹം ഇഇഠഢ സംവിധാനത്തിലൂടെ ചടങ്ങുകള്‍ കാണാനുള്ള സംവിധാനമേര്‍പ്പെടുത്തി. 3 ദിവസത്തിനുശേഷം അതു തകരാറിലായി. അന്വേഷണത്തില്‍ കേബിള്‍ മുറിച്ചതായി കണ്ടെത്തി. പഴയത് മാറ്റി, പുതിയ കേബിളിട്ട് ശരിയാക്കിയെങ്കിലും മൂന്നാംദിനം വീണ്ടും തകരാറിലായി. ഇത് ധ്യാനകേന്ദ്രം ഡയറക്ടര്‍തന്നെ ചെയ്യിച്ചതാണെന്ന് കണ്ടെത്തി. കാരണം തിരക്കിയപ്പോഴാണ് അവിഹിതമായ പലതും ഇതുവഴി പുറത്താകുമെന്ന ഭയമാണ് ഡയറക്ടറെ ഇതിനു പ്രേരിപ്പിച്ചതെന്ന വസ്തുത നാട്ടുകാര്‍ പറഞ്ഞത്. ഇദ്ദേഹം എവിടെ സ്ഥലംമാറിപ്പോയാലും ഒരു ജോലിക്കാരി കൂടെയുണ്ടായിരുന്നതായി പലരും പറയുന്നു (ടി സ്ത്രീയുടെ ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണത്രേ!). ഈ ആരോപണം ചെറുക്കാന്‍ ഡോക്ടറുടെ ഭാര്യയെക്കുറിച്ച് അപവാദം പരത്താനായി ഒരു ടീമിനെത്തന്നെ പണവും മദ്യവും നല്‍കി ഏര്‍പ്പെടുത്തിയത്രേ! കൂടുതല്‍ ശമ്പളവും വീട് ടൈലിടാന്‍ രണ്ടു ലക്ഷം രൂപയും നല്‍കി ഡോക്ടറുടെ സഹായിയായിരുന്ന ഫാര്‍മസിസ്റ്റിനെ ധ്യാനകേന്ദ്രത്തില്‍ നിയമിച്ച് ഡോക്ടറുടെ ചിറകരിഞ്ഞു! ആളുകള്‍ ഡിസ്പന്‍സറിയില്‍ വരാതായെന്നു മാത്രമല്ല, കണ്ടാല്‍ ഒഴിഞ്ഞുമാറുന്ന സ്ഥിതിയായി.  മരുന്നു വില്‍പന തകര്‍ന്നു. അപവാദവും സാമ്പത്തികബുദ്ധിമുട്ടും ആ കുടുംബത്തെ തളര്‍ത്തി...
 എഗ്രിമെന്റുപ്രകാരം ഒരു വേലക്കാരിയെ അവര്‍ ആവശ്യപ്പെട്ടു. കൊടുത്തില്ല. സാമ്പത്തികസഹായം ആവശ്യപ്പെട്ടു. നല്‍കിയില്ലെന്നു മാത്രമല്ല, വസ്തുവിന് 50 ലക്ഷം നല്‍കിയതിനു പുറമേ 40 ലക്ഷംകൂടി നല്‍കിയെന്നും വീണ്ടും പണം ആവശ്യപ്പെട്ട് ശല്യപ്പെടുത്തുകയാണെന്നും പ്രചരിപ്പിച്ചു! (90 ലക്ഷത്തിനു പുറമേ 50 ലക്ഷം കൂടി ആവശ്യപ്പെട്ടെന്ന പ്രചരണവും നടക്കുന്നുണ്ടെന്നറിയുന്നു!)
പരാതിയുമായി മെത്രാനെ സമീപിച്ചപ്പോള്‍, പതിവുപോലെ അന്വേഷിക്കട്ടെ, പരിഹാരമുണ്ടാക്കാമെന്ന പല്ലവി കേട്ടു. വീണ്ടും വീണ്ടും പരാതിപ്പെട്ടതിനേത്തുടര്‍ന്ന് ഫാ. മഠത്തിപ്പറമ്പില്‍ ഇതേക്കുറിച്ച് അന്വേഷിച്ചു. പണം നല്‍കിയതിന്റെ രേഖയില്ലെങ്കിലും, ജര്‍മനിയില്‍നിന്നു കിട്ടിയ ഒരു 50 ലക്ഷവും മറ്റു ചില ഫണ്ടുകളും അരമനക്കണക്കിലില്ലെന്ന കാര്യം അതോടെ പുറത്തായി. ആ പണം ചില'വായി'പ്പോയെ
ന്ന് അറിഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലത്രേ! വീണ്ടും മെത്രാനെക്കണ്ട ഡോക്ടറെയും ഭാര്യയെയും മഠത്തിക്കണ്ടം മെത്രാന്‍ അപമാനിച്ചയയ്ക്കുകയും ചെയ്തു.
താന്‍ വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായ ഡോക്ടര്‍ നിയമനടപടിക്കൊരുങ്ങി. ഇതിനായി എഗ്രിമെന്റിന് സാക്ഷിയായിരുന്ന അഡ്വ. ടോമി ജോണ്‍ കളമ്പാട്ടുപറമ്പിലിനെക്കൊണ്ട് വക്കീല്‍ നോട്ടീസയപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ആ വക്കീലിന് മെത്രാന്‍വഴി 'ദൈവവിളി'യുണ്ടായതിനെത്തുടര്‍ന്ന്, കാലുമാറാന്‍ വെളിപാടുണ്ടായതായി പറയപ്പെടുന്നു. മറ്റൊരു വക്കീല്‍ കേസ് ഏറ്റെടുത്തെങ്കിലും പിന്നീട് സമ്മര്‍ദ്ദത്തിലായതായി സൂചനയുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പുതിയ ഡയറക്ടര്‍ വീടു സന്ദര്‍ശിച്ച് പ്രാര്‍ഥിച്ചെങ്കിലും ഇപ്പോഴും മഞ്ഞുരുകുന്നില്ല.
നാട്ടുകാര്‍ ഒറ്റപ്പെടുത്തിയ, ആരും സഹായിക്കാനില്ലാത്ത ഈ ദമ്പതികള്‍ സഭാധികാരികള്‍ ഏര്‍പ്പെടുത്തിയ ഊരുവിലക്കില്‍ മനംനൊന്തു കഴിയുകയാണ്. ഈ കുടുംബത്തെ സഹായിക്കാന്‍ KCRMനു കഴിയുമോ എന്ന ചോദ്യത്തെത്തുടര്‍ന്നാണ് ഞാന്‍ അവിടെയെത്തിയതും ഇത്രയും കാര്യങ്ങള്‍ അറിഞ്ഞതും...     ശേഷം പിന്നീട്.

NB. 
ബാക്കി സ്ഥലം  സ്വന്തം പിതാവിന്റെപേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച്, അതിന്റെകീഴില്‍ ഒരു 'ഓള്‍ഡ് ഏജ് ഹോം' നടത്തുന്നതിനായി ഡോക്ടര്‍ കെട്ടിടം നിര്‍മിച്ചെങ്കിലും അതാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അതൊരു സ്വപ്നപദ്ധതിയാണെന്നവര്‍ സൂചിപ്പിച്ചു. അതിന്റെ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ഡോ. ജോസ് ജോര്‍ജ് നിര്‍ദ്ദേശ, സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 

No comments:

Post a Comment