Translate

Thursday, February 22, 2018

അത്മായനിട്ടു തോണ്ടരുത്!

കുറച്ചുനാളായി ഒന്നും എഴുതാൻ പറ്റിയില്ല; മനസ്സില്ലാഞ്ഞിട്ടായിരുന്നില്ല. നല്ല തിരക്കായിരുന്നു.  ഞാൻ പെങ്ങളെയും അളിയനെയും കുട്ടികളെയുമൊക്കെ കാണാൻ മെൽബോണിനു പോകുന്ന വഴി കഴിഞ്ഞ മാസം ഒരു സംഭവമുണ്ടായി - ചുരുക്കിപ്പറയാം. വിമാനത്തിന്റെ വാലറ്റത്തുള്ള ടോയിലറ്റിലേക്ക് പോകുന്ന വഴി ഒരു മലയാളിയാന്റി ഒരു കുസൃതി ഒപ്പിച്ചു. അങ്ങോട്ടു പോയപ്പോൾ അരികിലിരുന്ന കുട്ടിയെ നോക്കി ഉച്ചത്തിൽ 'ഭോഷൻ' എന്നു പറഞ്ഞു. ഇങ്ങോട്ടു വന്നപ്പോൾ ആ കുട്ടിയെ 'ഫ്രാൻസിസ്' എന്നും വിളിച്ചു. മനസ്സിലായില്ലെ? ആ സ്ത്രീയെ ഞാനറിയും; ഞാൻ കത്തോലിക്ക സഭക്കെതിരെ എഴുതുന്നതിലുള്ള അമർഷം മനോഹരമായി ആ ആന്റി പ്രകടിപ്പിച്ചതായിരുന്നു - എന്നെ 'ഭോഷൻ ഫ്രാൻസിസ്' എന്നു വിളിച്ചതിലൂടെ. 

ആ ആന്റിയോട് എനിക്കൊന്നേ ചോദിക്കാനുള്ളു. ബഹുകോടികളുടെ വസ്തുക്കൾ പിടിയാവിലക്കു കച്ചോടം ചെയ്യുകയും അഡ്വാൻസു മാത്രം കൈപ്പറ്റി തീറെഴുതിക്കൊടുക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ആന്റിയുടെ വല്യപിതാവാണോ ഞാനാണോ ഭോഷൻ? നിങ്ങൾ പറ! ഇതുകൊണ്ടു തീർന്നോ? നമ്മുടെ മൂന്നു മുക്കുവർ ഇറ്റലിക്കാരുടെ വെടിയേറ്റു മരിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർക്കുന്നുണ്ടോ? അതു പോട്ടെ, 2012 സെപ്റ്റംബർ 14 ന് ജർമ്മനിയിലുള്ള ഒരു ടോമി ഞാറമ്പറമ്പിലിന്, സീറോ മലബാറിന് റോമിൽ ഒരു കാര്യാലയം പണിയുന്നതിനുവേണ്ടി ഫ്രാങ്ക്ഫർട്ടിലും ഗ്രോസ്സ്ഗറാവുവിലുമുള്ള സുഹൃത്തുക്കളിൽ നിന്നു പിരിവെടുത്ത് അക്കൗണ്ടിൽ പണം അടക്കണമെന്ന് എഴുതിയ കാര്യം ഓർമ്മിക്കുന്നോ? 350 ച. മീറ്റർ കെട്ടിടമുള്ള, ഈ 4600 ച. മീറ്റർ സ്ഥലം (ഫാ.സ്റ്റീഫൻ ചിറപ്പണത്തിന്റെ ശ്രമഫലമായി ന്യായമായ വിലയായ 1,975,000 യൂറോക്ക് തരപ്പെട്ടതെന്ന് എഴുത്തിലുണ്ട്), വാങ്ങിയോ? (അവലംബം: ഒക്റ്റോബർ '12 ലെ സത്യജ്വാല). കേരളത്തിലെ സത്യവിശ്വാസികളിൽ നിന്ന് എത്രയോ കാര്യങ്ങൾ ആ പിതാവും സംഘവും മറച്ചു വെച്ചു. പഞ്ചവർണ്ണക്കിളിയേപ്പോലെ കിട്ടിയ സ്വീകരണം മുഴുവൻ (അതിൽ 16 ലക്ഷം ചിലവെഴുതിയതുമുണ്ട്) ഏറ്റുവാങ്ങിയ ശേഷം ഇതൊന്നും വേണ്ടിയിരുന്നില്ലെന്നു പറഞ്ഞു നടന്നപ്പോൾ ഓർക്കണമായിരുന്നു, അതേ ജനം ഒരിക്കൽ കൂവിയും സ്വീകരിക്കുമെന്ന് അല്ലെങ്കിൽ ഇവിടെ വിശക്കുന്നവർ ഉണ്ടെന്ന്. ഇക്കാണിച്ചവകളിലും ഭോഷത്തരമുണ്ടെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

ഞാൻ ഉത്തരത്തിന്റെയും ആളല്ല കഴുക്കോലിന്റെയും ആളല്ല. എങ്കിലും, നമ്മുടെ പിതാക്കന്മാരോടു ചിലതു ചോദിക്കാനുണ്ട്. വിശ്വാസികളെ സഭ തിരിച്ചും മറിച്ചും പിഴിഞ്ഞപ്പോൾ, ആണ്ടുവട്ടത്തിലെ 365 ദിവസവും അവർക്കു പണികൊടുക്കാൻ പുണ്യവാന്മാരെയും അനുഷ്ടാനങ്ങളെയും സഭ ഒരുക്കിയപ്പോൾ, ആദ്യരാത്രി എങ്ങിനെ വേണമെന്നു പോലും യുവജനത്തെ പഠിപ്പിച്ചു തുടങ്ങിയപ്പോൾ, സ്ത്രീകൾക്കു വരെ വികാരിയച്ചന്മാർ പ്രസിഡന്റുമാരായ സംഘടനകൾ ഒരുക്കിയപ്പോൾ, സീലിങ്ങിലെ സിമിന്റ് അടർന്നുവീഴത്തക്ക ശബ്ദത്തിൽ പാട്ടു സംഘങ്ങൾ പള്ളികൾ തകർത്തു വാണപ്പോൾ....,  നിങ്ങളെന്തു ചെയ്യുകയായിരുന്നു? ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ പ്രണയിച്ചതു വഴി വ്യഭിചാരം ചെയ്തതാണെന്നും, ലോകാവസാനം അടുത്തുവെന്നുമുള്ള അർത്ഥത്തിൽ കരിസ്മാറ്റിക്കുകാർ പ്രസംഗിച്ചു നടക്കുന്നു; ആർക്കെങ്കിലും വല്ലതും പറയാനുണ്ടോ? രോഗശാന്തിശുശ്രൂഷക്ക് ബാനർകെട്ടി ഓരോരുത്തരും വിളിക്കുന്നു. നമ്മുടെ പിതാക്കന്മാർ ഹാർട്ട് അറ്റാക്ക് വരുമ്പോൾ അങ്ങോട്ടു പോവാത്തതെന്താ? മോഡി യേശുവിനു സമനാണെന്നും, ഫാ. റോബിൻ കേസിൽ പെൺകുട്ടിയാണു തെറ്റു ചെയ്തതെന്നും വിളമ്പിയ പുണ്യാത്മാക്കൾ ഇവിടുണ്ട്. വല്ലതും പറയാനുണ്ടോ? എന്റെ ഡാഡിയൊക്കെ ഏഴാം ക്ളാസ്സ് വരെയെ വേദപാഠം പഠിച്ചിട്ടുള്ളൂ. ഇന്നു തിയോളജി എം എ വരെയുണ്ട് അത്മായനു പഠിക്കാൻ. ഇതെല്ലാം കഴിഞ്ഞു മരിച്ചാലോ? പഴയ കണക്കുബുക്കിങ്ങെടുക്കും. എണ്ട്രൻസിനു പഠിക്കുന്ന കുട്ടിക്ക് അര മാർക്കു വരുത്തുന്ന വ്യത്യാസം അറിഞ്ഞിരുന്നെങ്കിൽ പന്ത്രണ്ടാം ക്ളാസ്സ് വേദപാപാഠം ഇവിടുണ്ടാകുമായിരുന്നില്ല. ഒരു സെക്കന്റിന്റെ അൻപതിലൊന്നു ഭാഗത്തിന്റെ  വിലയറിയാൻ പി റ്റി ഉഷയോടു ചോദിച്ചാൽ മതി. ചെയ്യേണ്ടതു സമയത്തു ചെയ്തിരുന്നെങ്കിൽ വിശ്വാസികൾ ഇതുപോലെ എടുത്തിട്ടലക്കുകയില്ലായിരുന്നു.

ഇവിടെ, അഭിഷിക്തരാൽ പീഡിക്കപ്പെടുകയും നീതികിട്ടാതെ അലയുകയും ചെയ്യുന്ന അനേകം പെൺകുട്ടികളുടേ ആത്മാക്കളുണ്ട്; കത്തോലിക്കാ ഐ സി യു കളിൽ ചികിൽസിക്കപ്പെട്ട ആത്മാക്കളുടെ കണക്കു വേറെ. അവരുടെയൊക്കെ ശാപം ഫലിക്കാതെ പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതാണിപ്പോൾ കാണുന്നതും. ഇംഗ്ളണ്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരു പ്രമുഖവൈദികൻ ഒരു പെൺകുട്ടിയുടെ മാറിൽ കടന്നു പിടിച്ചകേസ് പൊങ്ങിവരുന്നു, നടപടിയെടുക്കാനുള്ള ധൈര്യമുണ്ടെങ്കിൽ ചെയ്യ് - കെ സി ബി സിയിൽ അംഗത്വമുള്ള ആർക്കും കടന്നു വരാം. ഈ തൊഴുത്ത് ഉള്ളിലെ കുത്തുകൊണ്ട് തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു; പാരമ്പര്യത്തിന്റെ അപ്പസ്തോലനായ പവ്വത്തിൽത്തിരുമേനി ഇത്രയുമെങ്കിലും കണ്ടുവെന്നറിയുന്നതിൽ സന്തോഷം. ദൈവത്തിന്റെ പദ്ധതികൾ ഭയങ്കരം! 

എല്ലാവരും അപ്പസ്തോലപ്രവർത്തനങ്ങൾ വായിക്കുക, അവിടെ ഒരു കമ്മ്യുണിറ്റി സംസ്കാരത്തെപ്പറ്റി പറയുന്നുണ്ട്, അത്മായർക്കു പ്രാതിനിധ്യവും പിതാവേയെന്നു വിളിക്കപ്പെടുന്നവർ ഇല്ലാത്തതുമായ ഒരു സമൂഹത്തെപ്പറ്റി. നമുക്കാ സംസ്കാരത്തിലേക്കു മടങ്ങാം ജേഷ്ടന്മാരെ. മടയലേഖനങ്ങൾ അരങ്ങു വാഴുന്ന ഞായറാഴ്ചകൾ നമുക്കു വേണ്ട! അഭിഷിക്തരുടെ കാര്യമാണു കഷ്ടം! വിശ്വാസിക്കു നഷ്ടപ്പെടാൻ ഒന്നുമില്ല; അവൻ എങ്ങോട്ടു വേണമെങ്കിലും പറന്നെന്നിരിക്കും. ഓർക്കുക, (ആന്റിയായാലും ആശാരിയായാലും) അത്മായനിട്ടു തോണ്ടരുത്! 

No comments:

Post a Comment