Translate

Friday, February 23, 2018

എന്നെ രണ്ടു ചീത്ത പറഞ്ഞാലും .....

(ശ്രീ. ജോസഫ് പുലിക്കുന്നേല്‍ തനിക്കെതിരെ വന്നിരുന്ന വിമര്‍ശനങ്ങളെ നേരിട്ടിരുന്നത് അതിലും മൂര്‍ച്ചയേറിയ ഫലിതാസ്ത്രങ്ങള്‍കൊണ്ടായിരുന്നു. 
അവ സമാഹരിക്കാനുള്ള ഒരു ശ്രമത്തിലാണ് ഞാന്‍. അവയിലൊന്ന് താഴെക്കൊടുക്കുന്നു. 
‘ഓശാന’ മാസികയുടെ മെയ് 1998 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)
ഞാന്‍ കോളജു വിദ്യാഭ്യാസം നടത്തിയിരുന്ന കാലത്ത് ഭരണങ്ങാനത്ത് എനിക്ക് ഒരു മുതിര്‍ന്ന സുഹൃത്തുണ്ടായിരുന്നു. (അദ്ദേഹം കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് മരണം പ്രാപിച്ചു. അതുകൊണ്ട് ആ സുഹൃത്തിന്റെ പേര് അജ്ഞാതമായിരിക്കട്ടെ.) തല്ക്കാലം, ശ്രീ കെ. നായര്‍ എന്ന് അദ്ദേഹത്തെ വിളിക്കാം. ഒന്‍ പതാം ക്ലാസ്സ് പാസ്സായ ഒരു സരസനായിരുന്നു കെ.നായര്‍. അദ്ദേഹം ഇടതുപക്ഷ നാടകങ്ങളില്‍ ഹാസ്യനടനായി അഭിനയിക്കുകയും കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കുകയും ചെയ്ത് കാലയാപനം നടത്തിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പു വന്നുവീഴുന്നത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ശ്രീ.എ.ജെ. ജോണായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിന്തുണയോടെ ജോണ്‍സാറിനെ എതിര്‍ത്തത് ശ്രീ. പി.എസ്. ഗോപാലപിള്ളയും. ന്യായമായും ശ്രീ. കെ. നായര്‍ പി.എസ് ഗോപാലപിള്ളയെ തെരഞ്ഞെടുപ്പില്‍ സഹായിക്കേണ്ടതായിരുന്നു.
ഒരു വെക്കേഷനു നാട്ടിലെത്തിയപ്പോള്‍ ഞാനറിഞ്ഞത് ശ്രീ കെ. നായര്‍, ജോണ്‍ സാറിന്റെ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നുവെന്നും പലയിടങ്ങളിലും ജോണ്‍ സാറിനൊപ്പം അദ്ദേഹം പ്രസംഗിച്ചു എന്നുമായിരുന്നു. ഒരു ദിവസം മീനച്ചിലാറ്റില്‍ കുളിക്കാന്‍ ചെന്നപ്പോള്‍ ശ്രീ. കെ. നായര്‍ മണല്‍ത്തിട്ടയില്‍ ഏകാന്തനായി ഇരിക്കുന്നു. സരസസംഭാഷണവിദഗ്ദ്ധനായ അദ്ദേഹത്തെ സമീപിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയകൂറുമാറ്റത്തെക്കുറിച്ച് ഞാനന്വേഷിച്ചു.
അദ്ദേഹം പറഞ്ഞപ്രകാരം: ''എടാ, ഞാന്‍കൂടി പ്രവര്‍ത്തിച്ചാലും ഗോപാലപിള്ളച്ചേട്ടന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയില്ലായിരുന്നു. ഇന്നാരും ഇന്നാരുംകൂടി (അവരുടെ പേരുകള്‍ ഞാനിവിടെ പറയുന്നില്ല) എന്നെ സമീപിച്ച് ഞാന്‍ ജോണ്‍സാറിനെ സഹായിക്കണമെന്നാവശ്യപ്പെട്ടു. ഒരു വൈകുന്നേരം പിടിച്ചപിടിയാലേ എന്നെ അവര്‍ കൊട്ടുകാപ്പള്ളിയിലേക്കു കൊണ്ടുപോയി. അവിടെ എ.ജെ. ജോണ്‍സാറും മറ്റു പ്രമുഖരും ഉണ്ടായിരുന്നു. നല്ല കുശാലായ ഭക്ഷണം. ഇടതുപക്ഷക്കാരന്റെ നാടകത്തിനുപോയാല്‍ പരിപ്പുവടയും കട്ടന്‍കാപ്പിയുമാണ് കിട്ടാറ്. എന്നോട് ജോണ്‍സാറിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അവര്‍ നിര്‍ബന്ധമായി പറഞ്ഞു. മാത്രമല്ല, എ.ജെ. ജോണ്‍ തീര്‍ച്ചയായും ജയിക്കുമെന്നും അങ്ങനെ ജയിച്ചാല്‍ 9-ാം ക്ലാസ്സുകാരനായ എനിക്ക് ഒരു ജോലികിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ലെന്നും അവര്‍ സൂചിപ്പിച്ചു.
പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ എനിക്കു വിഷമമായിപ്പോയി. ആലോചിച്ചുപറയാം എന്നു പറഞ്ഞ് അവിടുന്നു രക്ഷപ്പെട്ടു. ഞാന്‍ ഗോപാലപിള്ളച്ചേട്ടനെ കണ്ട് എന്റെ ബുദ്ധിമുട്ടുകള്‍ അവതരിപ്പിച്ചു. ഒരു ജോലിയുടെ ആവശ്യം, കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ എല്ലാം. നല്ലവനായ ഗോപാലപിള്ളച്ചേട്ടന്‍ പറഞ്ഞു: 'എടാ, എന്നെ രണ്ടു ചീത്തപറഞ്ഞാലും നിനക്കതു ഗുണകരമാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ നീ ജോണ്‍സാറിന്റെ കൂടെ ചേരുക! നീ ജോണ്‍സാറിന്റെ കൂടെ ചേര്‍ന്നാലും എനിക്ക് ഒരു വോട്ടും നഷ്ടപ്പെടാന്‍ പോകുന്നില്ല. ജോണ്‍സാറിന് ഒരു വോട്ടും കൂടുതല്‍ കിട്ടാനും പോണില്ല. നിന്റെ ഭാര്യവരെ എനിക്കു വോട്ടു ചെയ്യും. എനിക്കൊന്നും നഷ്ടപ്പെടാനും പോണില്ല. പിന്നെ ഞാന്‍ മൂലം ഒരു നായരെങ്കിലും രക്ഷപ്പെടുമെങ്കില്‍ സന്തോഷമേയുള്ളൂ.'
പിറ്റെ ദിവസം മുതല്‍ കോണ്‍ഗ്രസ് ജീപ്പ് കാലത്തെ വരും. നേരേ പാലായില്‍ പോയി മോഡേണ്‍ ഹോട്ടലില്‍നിന്നും രണ്ടു മുട്ടയും നാലു പാലപ്പവും തിന്നും. ഉച്ചയ്ക്ക് ഏതെങ്കിലും കോണ്‍ഗ്രസുകാരനായ ക്രിസ്ത്യാനിയുടെ വീട്ടില്‍ ഗംഭീരമായ ഭക്ഷണം. എ.ജെ. ജോണ്‍സാര്‍ ഊണിനുണ്ടെങ്കില്‍ നാലുകാലും രണ്ടുകാലുമുള്ളവ പ്ലേറ്റില്‍ ഉണ്ട്. വൈകുന്നേരം രണ്ടോ മൂന്നോ പ്രസംഗം. അത്താഴവും കുശാല്‍. ഞാന്‍ ഭരണങ്ങാനം ഭാഗത്തെങ്ങും പ്രസംഗിക്കില്ല. എരുമാപ്രമറ്റം, ഇടമറുക്, അടിവാരം മുതലായ സ്ഥലങ്ങളിലാണെന്റെ പ്രസംഗം. എന്റെ പ്രസംഗംകൊണ്ട് ഗോപാലപിള്ളച്ചേട്ടനു നാലുവോട്ട് കൂടുതലായി കിട്ടിയതല്ലാതെ ജോണ്‍സാറിന് ഒറ്റവോട്ട് കൂടുതലായി കിട്ടിയെന്നു തോന്നുന്നില്ല.
ഞാന്‍ കമ്യൂണിസ്റ്റുകാരെ ചീത്ത വിളിച്ചു. ആ ചീത്തവിളി ഇപ്രകാരമായിരുന്നു: ''ഈ കമ്യൂണിസ്റ്റുപാര്‍ട്ടി പറയുന്നത് കുടികിടപ്പുകാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലം പതിച്ചുകൊടുക്കുമെന്നാണ്. അത് നടപ്പുള്ള കാര്യമല്ല. അവര്‍ പറയുന്നത് കൃഷിഭൂമിയില്ലാത്തവര്‍ക്ക് ഭൂമി പതിച്ചു കൊടുക്കുമെന്നാണ്. അതും നടപ്പുള്ള കാര്യമല്ല. പിന്നെ അവര്‍ പറയുന്നത് കര്‍ഷകതൊഴിലാളികള്‍ക്ക് നല്ല കൂലി നിശ്ചയിക്കുമെന്നാണ്. അതും നടക്കുന്ന കാര്യമല്ല. പി.എസ്. ഗോപാലപിള്ളക്ക് ഇതൊന്നും ചെയ്യാന്‍ സാധ്യമല്ല.'' എന്റെ പ്രസംഗം കോണ്‍ഗ്രസുകാര്‍ക്ക് രസിക്കുമായിരുന്നെങ്കിലും കുടികിടപ്പവകാശം, ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്ക് ഭൂമി, നല്ല കൂലി മുതലായവ വാഗ്ദാനം ചെയ്യുന്ന ഒരു പാര്‍ട്ടിക്കുവേണ്ടിയാണ് ഗോപാലപിള്ളച്ചേട്ടന്‍ നില്‍ക്കുന്നതെന്ന് എനിക്ക് സാധാരണക്കാരനെ മനസ്സിലാക്കിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് കുറെ വോട്ടെങ്കിലും ഗോപാലപിള്ളച്ചേട്ടന് കിട്ടിയിട്ടുണ്ടായിരിക്കണം. ഏതായാലും ജോണ്‍സാര്‍ ജയിച്ചു. എനിക്കിനിയൊരു ജോലികിട്ടും. അതിനുള്ള എല്ലാ പണികളും ചെയ്തിട്ടുണ്ട്.''
എന്നോട് കെ. നായര്‍ ചോദിച്ചു: ''എടാ, ഞാന്‍ ചെയ്തതു തെറ്റാണോ? ഞാന്‍ കമ്യൂണിസ്റ്റുകാരുടെ നാടകം അഭിനയിച്ചിട്ടുണ്ട്. കുറെ പരിപ്പുവടയും കട്ടന്‍കാപ്പിയും ഉണക്കച്ചോറും മുരിങ്ങക്കോലും തിന്നിട്ടുണ്ട്. കൈയില്‍ നിന്നു കുറച്ചു കാശും പോയിട്ടുണ്ട്. കോണ്‍ഗ്രസുകാരുടെ കൂടെ ചേര്‍ന്നപ്പോള്‍ ഒരു മാസത്തെ സുഭിക്ഷമായ ഭക്ഷണവും ഒരു ജോലിയും. അവര്‍ക്കുവേണ്ടിയിരുന്നത് ഒരു നായര്‍ക്കെതിരെ മറ്റൊരു നായരെയായിരുന്നു. ഞാന്‍ ശരിക്കു നിന്നുകൊടുത്തു. എടാ, ഇനി നീ പറ, ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ? കമ്യൂണിസ്റ്റുകാരുടെ കൂടെ നടന്നപ്പോള്‍ ഞാന്‍ നാടകം അഭിനയിച്ചു. കോണ്‍ഗ്രസുകാരുടെ കൂടെ നടന്നപ്പോഴും നാടകം അഭിനയിച്ചു. ഞാന്‍ കാരണം ഗോപാലപിള്ളച്ചേട്ടന് ഒരു വോട്ടും നഷ്ടപ്പെട്ടിട്ടില്ല. പിന്നെ എന്റെ കാര്യം നടക്കണ്ടേ.''
മനുഷ്യമനസ്സിന്റെ ദുരൂഹമായ ഊടുവഴികളിലേക്കു പ്രകാശം പരത്തുന്നതായിരുന്നു ശ്രീ കെ. നായരുടെ പ്രസ്താവന. ശ്രീ നായര്‍ക്ക് പ്രൈമറി സ്‌കൂളില്‍ അധ്യാപകനായും ഭാര്യയ്ക്ക് ഒരു ക്രാഫ്റ്റ് ടീച്ചറായും ജോലികിട്ടി. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയി കെ. നായര്‍ റിട്ടയര്‍ ചെയ്തു. അദ്ദേഹം ഇന്നില്ല.
ശ്രീ കച്ചിറമറ്റം എന്നെ ചീത്ത പറയാന്‍ ആരംഭിച്ചപ്പോള്‍ ആദ്യം എനിക്ക് അത്ഭുതം തോന്നി. വ്യക്തിപരമായി ഞങ്ങള്‍ നല്ല സ്‌നേഹത്തിലായിരുന്നു. സക്കറിയായുടെ കഥയെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ഫോണില്‍ ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ മെത്രാന്മാര്‍ ഇടപെടരുതെന്നായിരുന്നു ശ്രീ കച്ചിറമറ്റത്തിന്റെയും അപ്പോഴത്തെ വാദം. അനാവശ്യമായി സക്കറിയായ്ക്ക് പ്രചാരണം കൊടുക്കാനല്ലാതെ അത് ഉതകുകയില്ലെന്നദ്ദേഹം എന്നോടു പറഞ്ഞു. പിന്നെ കച്ചിറമറ്റം തന്റെ ''തൂലിക പടവാളാക്കി'' എനിക്കെതിരെ എ.കെ.സി.സി. ബുള്ളറ്റിനിലൂടെ കടന്നാക്രമണം നടത്തുന്നതാണു ഞാന്‍ കണ്ടത്.
സത്യം പറയട്ടെ കച്ചിറമറ്റത്തിന് 60 വയസു തികയാന്‍ പോകുന്നു എന്നെനിക്കറിഞ്ഞുകൂടായിരുന്നു. അദ്ദേഹം പണം മുടക്കുമായിരുന്നെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തി ഇത്രയും കെങ്കേമമായി എനിക്ക് സംഘടിപ്പിക്കുവാന്‍ കഴിയുമായിരുന്നോ? മെത്രാന്മാരെയും എം.പി.മാരെയും അണിനിരത്താന്‍ കഴിയുമായിരുന്നോ? അദ്ദേഹത്തിന് ഒരവാര്‍ഡു കൊടുക്കാന്‍ എനിക്കു കഴിയുമായിരുന്നോ? അദ്ദേഹത്തെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുന്നതിനു കരുനീക്കാന്‍ എനിക്കു കഴിയുമായിരുന്നോ? ഇല്ല. തീര്‍ച്ചയായും ഇല്ല.
ശ്രീ. കെ. നായര്‍ പറഞ്ഞതുപോലെ ഒന്നാലോചിച്ചാല്‍ കച്ചിറമറ്റംസാര്‍ എനിക്കെന്തെങ്കിലും ഉപദ്രവം ചെയ്തിട്ടുണ്ടോ? ഇല്ല. ഞാനും അദ്ദേഹവും സ്‌നേഹമായിരുന്നകാലത്ത് വികല പുരോഹിതര്‍ എനിക്കെതിരെ പ്രചരിപ്പിച്ചിരുന്നതും ആരും വിശ്വസിക്കാതിരുന്നതുമായ കള്ളക്കഥകള്‍ അദ്ദേഹം ഒന്നുകൂടി ആവര്‍ത്തിച്ചു പറഞ്ഞു. എന്റെ സ്വകാര്യ സാഹിത്യപ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും അറിഞ്ഞുകൂടായിരുന്നു. 'ദാവീദ് മൂപ്പില്‍ നായര്‍' എന്ന എന്റെ കഥയ്ക്ക് അദ്ദേഹം തന്റെ 'തൂലികാ പടവാളി'ലൂടെ വമ്പിച്ച പ്രചാരണം കൊടുത്തു. മാത്രമല്ല സഭയ്ക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കാന്‍ കഴിവുള്ളവനാണു ഞാന്‍ എന്ന ഒരു സര്‍ട്ടിഫിക്കറ്റും തന്നു. ''മനുഷ്യാവകാശ സംരക്ഷണസമിതി-കേരളസഭയില്‍'' എന്ന സംഘടനയുടെ സമ്മേളനം പാലായില്‍ വളരെ വിജയകരമായി നടന്നു. അതിന്റെ സംഘാടകകമ്മറ്റിയില്‍പോലും ഞാനുണ്ടായിരുന്നില്ല. എങ്കിലും അതിന്റെ മുഴുവന്‍ ക്രെഡിറ്റും കച്ചിറമറ്റം എനിക്കു ദയാപൂര്‍വ്വം നല്‍കി. അതുപോലെതന്നെ മാനിക്കേയന്‍ ചിഹ്നവും പള്ളിയോഗനടപടിക്രമഗ്രന്ഥവും കത്തിക്കാനുള്ള തീരുമാനം പുരോഹിതരുള്‍പ്പെടുന്ന സഭയിലെ വിവിധ സംഘടനകള്‍ എടുത്ത തീരുമാനമാണ് എന്നും അഗ്നിദാഹ തീരുമാനത്തിനത്തില്‍ എനിക്കു വലിയ പങ്കൊന്നുമുണ്ടായിരുന്നില്ല എന്നും അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അറിയാം. പക്ഷെ, അതിന്റെയും ക്രെഡിറ്റു മുഴുവന്‍ കച്ചിറമറ്റം ഉദാരമായി എനിക്കും ക്രൈസ്തവപഠനകേന്ദ്രത്തിനും നല്കിയിരിക്കുന്നു! ശ്രീ കെ. നായരെപ്പോലെതന്നെ കച്ചിറമറ്റം സാറും സരസനാണെന്നു സമ്മതിച്ചേതീരൂ.

അദ്ദേഹത്തിന്റെ 'തൂലികാപടവാള്‍' പ്രയോഗം കൊണ്ട് എനിക്ക് ഒരപകടവും പറ്റിയില്ല. അദ്ദേഹത്തിന് വമ്പിച്ച നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ദീര്‍ഘമായ സഭാസേവനത്തോടൊപ്പം പാലാ കോര്‍പ്പറേറ്റ് മാനേജുമെന്റില്‍ അധ്യാപകജോലി ചെയ്ത് റിട്ടയര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഒരു അനുമോദനയോഗമെങ്കിലും സംഘടിപ്പിക്കാന്‍ പാലാരൂപത തയ്യാറായില്ല. ഇതിനെക്കുറിച്ച് ധര്‍മ്മരോഷത്തോടുകൂടി അദ്ദേഹം എന്നോടു പറഞ്ഞതോര്‍ക്കുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിനുശേഷം പാലായിലെ കത്തോലിക്കാ പൊതുചടങ്ങുകള്‍ പലതിലും അദ്ദേഹത്തെ അവഗണിക്കുന്നു എന്ന സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ പാലാ അരമനയില്‍ കയറുകയില്ല എന്ന് എന്നോട് അഭിമാനത്തോടെ പറയുമായിരുന്നു. എന്തിന് സ്പീക്കര്‍ സാംഗ്മയ്ക്ക് പാലാ അരമനയില്‍ വിഭവസമൃദ്ധമായ സല്‍ക്കാരം നടത്തുകയും പാലായില്‍ പലരേയും ക്ഷണിക്കുകയും ചെയ്തിട്ടും അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റിന് ഊണുമേശയില്‍ ഒരു പ്ലേറ്റു വെക്കാന്‍ അരമന അധികാരികള്‍ തയ്യാറായില്ല. അതും അദ്ദേഹത്തെ ദുഃഖിപ്പിച്ചതായറിയാം. അദ്ദേഹത്തിന്റെ തൂലിക എനിക്കെതിരെ പടവാളാക്കിയതിനുശേഷം എന്തെല്ലാം മാറ്റങ്ങളാണുണ്ടായത്! അവിടെയാണ് ശ്രീ. കെ. നായരുടെയും കച്ചിറമറ്റത്തിന്റെയും ബുദ്ധിയും അഭിനയശേഷിയും! ആ കഴിവിന്റെ മുമ്പില്‍ ഞാന്‍ ദീര്‍ഘപ്രണാമം അര്‍പ്പിക്കുന്നു.

No comments:

Post a Comment