സംഗതി ചെറുതാണെങ്കിലും സർവ്വടത്തും സംസാരം ഷംഷാബാദ്! തട്ടിൽ മെത്രാനെപ്പോലെ കഴിവുള്ള പിതാക്കന്മാർ അധികം കാണില്ല, അല്ലായിരുന്നെങ്കിൽ ഇത്രേം വലിയ രൂപതയുടെ ചുമതല മാർപ്പാപ്പാ അദ്ദേഹത്തിനു കൊടുക്കുമായിരുന്നോ? വിസിറ്റേറ്ററായി നിയമിച്ചപ്പോൾ ലോകമെമ്പാടുമുള്ള എന്റെ സീറോമക്കൾക്ക് ഒരാപത്തും വരാതെ നോക്കണം, അവരെ പിതാവിന്റെ കൈകളിൽ ഏൽപ്പിക്കുന്നുവെന്നു മാർപ്പാപ്പാ പറഞ്ഞിരുന്നതായും പറയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ സാമർത്ഥ്യം കാരണമാണ് തൃശ്ശൂർ നിന്നദ്ദേഹത്തിന് ഹൈദ്രാബാദിനു പോകേണ്ടി വന്നതെന്ന് എല്ലാവർക്കും തന്നെയറിയാം. അഹമ്മദാബാദിലുള്ള SMC4U എന്ന സംഘടനക്കാർക്ക് മെത്രാനോടു ചിലതു പറയാനുണ്ടെന്നു പറഞ്ഞു, മെത്രാനിതാ ആ നഗരത്തിലുള്ള എല്ലാവരെയും ചർച്ചക്കു ക്ഷണിച്ചിരിക്കുന്നു - പെണ്ണു ചോദിച്ചു വരുന്നവരും, കുമ്പസ്സാരിക്കാനുള്ളവരും, സഹായം ചോദിച്ചു വരുന്നവരുമെല്ലാം ഇവിടെ വരണം. ഇപ്പോ താഴത്തു പിതാവ് അവിടുത്തെ വികാരി ജനറാളിനോട് പിറു പിറുക്കുന്നുണ്ടാവാം, "വിജയാ, എന്താടാ ഈ ബുദ്ധി നമുക്കു നേരത്തെ തോന്നാത്തതെന്ന്." ഒല്ലൂരുകാരുടെ പ്രശ്നം തീരാൻ രൂപതയടച്ച് ഒരു മീറ്റിങ് വിളിച്ചാൽ മതിയായിരുന്നല്ലൊ! ആളില്ലെങ്കിലും പണിയുണ്ട്. പണ്ട് കാഞ്ഞിരപ്പള്ളി മെത്രാൻ ഒരു പ്രതിക്ഷേധയോഗത്തിൽ പങ്കെടുത്തു. പിറ്റേന്ന് പി സി ജോർജ്ജ് പറഞ്ഞപ്പോഴാണ് ഫോട്ടോയിൽ കാണുന്നവരിൽ ബംഗാളികളുണ്ടെന്ന് എല്ലാവർക്കും മനസ്സിലായത്. തൃശ്ശൂരിൽ പി സി ജോർജ്ജില്ലല്ലൊ!
പണ്ടൊരദ്ധ്യാപകൻ കുട്ടികളെ ആർക്കിയോളജി ഡിപ്പാർട്ട്മെന്റുകാരുടെ ഒരു പ്രദർശനം കാണിക്കുകയായിരുന്നു. "ഈ അസ്ഥികൂടം നെപ്പോളിയൻ ബോണപ്പാർട്ടിന്റെയാ," സാർ പറഞ്ഞു. "അപ്പോളതോ?" ഒരു കൊച്ചസ്ഥികൂടം കാട്ടി കുട്ടി ചോദിച്ചു. "അത് നെപ്പോളിയൻ കൊച്ചായിരുന്നപ്പോഴത്തേതാ." സാറു പറഞ്ഞു. ഒരു കൂട്ടരുടെ കസ്റ്റഡിയിൽ 60 വയസ്സിൽ മൈലാപ്പൂരിൽ വെച്ചു മരിച്ച തോമ്മാശ്ളീഹായുടേതുണ്ടെങ്കിൽ, 80 വയസ്സിൽ എഡേസ്സയിൽ മരിച്ച തോമ്മാശ്ളീഹായുടെ തിരുശേഷിപ്പു വേറൊരു കൂട്ടരുടെ കൈയ്യിലുമുണ്ട്. വേറെയും കാണണം! പണ്ടൊരു കമ്പ്യുട്ടറുകാരനെ ജോലിക്കു വെച്ച മുതലാളിയുടെ കഥയാണോർമ്മ വരുന്നത്. അയാൾ നോക്കിയപ്പോൾ അവൻ ജോലിസമയം കഴിഞ്ഞും ജോലി ചെയ്യുന്നു. മുതലാളി ചെന്നവനോടു ചോദിച്ചു, ഇന്നെന്തു ജോലിയായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്ന്. കീബോർഡിലെ അക്ഷരങ്ങളെല്ലാം തെറ്റിക്കിടക്കുകയായിരുന്നു, അതെല്ലാം ഓർഡറിലാക്കുകയായിരുന്നു ഇതുവരെയെന്നാണയാൾ പറഞ്ഞത്. അതുപോലെ, ഇക്കാലമത്രയും സഭയെ ഒരോർഡറിലാക്കുകയായിരുന്നു നമ്മുടെ മെത്രാന്മാരെന്നാണ്, ഇപ്പോഴത്തെ സംഭവവികാസങ്ങൾ കണ്ടാൽ നമുക്കു മനസ്സിലാവുക. പള്ളികൾ ഒന്നൊന്നായി ഓർഡറിലായിക്കൊണ്ടിരിക്കുന്നു. ധ്യാനഗുരുവാരാണെന്നറിഞ്ഞപ്പോൾ വേറെയാളെ വിളിക്കാൻ പറഞ്ഞത് പാലായടുത്തുള്ള ഒരിടവകക്കാർ. കപ്യാർ കത്തിയെടുക്കുന്നു (മലയാറ്റൂർ), കുർബ്ബാന അടിച്ചു പിരിയുന്നു (ഒല്ലൂർ), വിശ്വാസികൾ കൊടുത്ത സ്വർണ്ണം വാഴക്കുല തൂക്കുന്ന ത്രാസ്സുകൊണ്ട് തൂക്കി മാറ്റുന്നു (കൊരട്ടി), .... പറയാൻ തുടങ്ങിയാൽ വൈകിയാലും തിരില്ല.
സീറോമലബാർ കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ നിൽപ്പു കണ്ടാൽ ഒരു കുടിയൻ കള്ളും വാങ്ങി വീട്ടിലെത്തി, വിജയഭാവത്തിൽ തിരിഞ്ഞു നോക്കുന്നതുപോലുണ്ട്. ഷാപ്പിൽ നിന്നും തിരിച്ചുള്ള അയാളുടെ യാത്ര സൈക്കിളിലായിരുന്നു. കള്ളുകുപ്പി, നല്ലപോലെ കടലാസിൽ പൊതിഞ്ഞ് കാരിയർ ബോക്സിൽ വച്ചാണ് യാത്ര തുടങ്ങിയത്. അൽപ്പം കഴിഞ്ഞപ്പോളൊരു ചിന്ത, സൈക്കിളെന്നും മറിയാറുള്ളതല്ലേ, ഇന്നും മറിഞ്ഞാലോ? കുപ്പി പൊട്ടി മുഴുവൻ കള്ളും പോകും! മുഴുവൻ പോയെന്നു വേണ്ട, അൽപ്പം കുടിച്ചു; അങ്ങിനെ പലപ്രാവശ്യം ചിന്തിച്ചു ചിന്തിച്ചു കള്ളു മുഴുവനും വീട്ടിലെത്തുന്നതിനു മുന്നേ തീർന്നു; ചിന്തിച്ചതുപോലെ തന്നെ സൈക്കിൾ നാലുവട്ടം മറിയുകയും കുപ്പി പൊട്ടുകയും ചെയ്തു. അയാളുടെ ദീർഘവീക്ഷണവും സീറോ മെത്രാന്മാരുടെ ദീർഘവീക്ഷണവും വല്യ വ്യത്യാസം വരാൻ കാര്യമില്ല. അതുകൊണ്ടാണല്ലൊ ഷംഷാബാദ് ഇത്രയും പുകയുന്നത്. സൂചികൊണ്ടെടുക്കേണ്ട പ്രശ്നമായിരുന്നുവെന്നാണ് ഞാൻ കേട്ടത്. മെത്രാന്മാരായിരുന്നല്ലോ സഭയെ എക്കാലവും വെള്ളം കുടിപ്പിച്ചുകൊണ്ടിരുന്നത്! അതിൽ സ്വന്തം രൂപതയിലൊഴിച്ച് മറ്റൊരിടത്തും പെൺകുട്ടികളെ ആരും മാനഭംഗം ചെയ്യാൻ പാടില്ലയെന്ന അഭിപ്രായക്കാരുമുണ്ട്, രൂപതക്കാർക്കല്ലാതെ ആർക്കും വാറ്റുലൈസൻസ് കൊടുക്കരുതെന്ന ആശയക്കാരുമുണ്ട്, പരാതികൾ സ്റ്റേഷനിലാണ് കൊടുക്കേണ്ടതെന്ന അഭിപ്രായക്കാരുമുണ്ട്, ഈ തേങ്ങാ മുഴുവൻ എന്റേതാണെന്ന് പറയുന്ന ഷംഷാബാദ് സിൻഡ്രോംകാരുമുണ്ട്.
ആളനക്കമുള്ള പാലായിൽ പോകാതെ കാടുപിടിച്ചു കിടന്ന ചേർപ്പുങ്കൽ പോയി (അവിടെ ചെരിപ്പു കിടപ്പുണ്ടായിരുന്നതുകൊണ്ടാണ് ആ സ്ഥലത്തിനൊരു ചെരിപ്പുങ്കൽ പേരുതന്നെ ഉണ്ടായത്) കുരിശു സ്ഥാപിച്ച തോമ്മാശ്ളീഹായുടെ പിന്മുറക്കാർക്ക് ഇതു വന്നാൽ പോര! പാലായിൽ ഒരു പറമ്പിൽ തന്നെ രണ്ടു പള്ളികളും (പുത്തൻ പള്ളി, പഴയപള്ളി) അതിന്റെ കുളിക്കടവിനക്കരെ ആറ്റിനപ്പുറത്ത് വേറൊരു പള്ളിയും (കത്തീദ്രൽ പള്ളി), അടുത്ത വളവുങ്കൽ പിന്നേം പള്ളിയും (കിഴതടിയൂർ) ഒക്കെയായി വിശ്വാസത്തിലവർ മൽസരിച്ചു മുന്നേറുമെന്ന് തോമ്മാശ്ളീഹാ കണ്ടിരുന്നു എന്നത് മതിയായ ഒരു ന്യായീകരണമല്ല. പാലാമെത്രാനെ ദൈവശാസ്ത്രജ്ഞൻ എന്നിപ്പോഴും വിശേഷിപ്പിക്കുന്നതിന്റെ കാരണം ഇനിയും മനസ്സിലാകാത്തവരുണ്ടോ? അത്രയും അറിവുണ്ടെങ്കിലേ അവിടെ പിടിച്ചു നിൽക്കാൻ പറ്റൂ. മൂന്നു 'ക' (കപ്പ, കള്ള്, കത്തി) യുടെ നാടാണ് പാലായെന്നതും സ്ളീഹാ അറിഞ്ഞിരുന്നിരിക്കും. ഓശാനയുടെയും, സത്യജ്വാലയുടെയും നാടാണല്ലൊ പാലാ. ഏതായാലും, നാം ചുമന്നോണ്ട് നടക്കുന്ന കുരിശും, തോമ്മാശ്ളീഹാ ചേർപ്പുങ്കൽ സ്ഥാപിച്ച കുരിശും, നിലക്കൽ കുഴിച്ചിട്ട കുരിശും, ചങ്ങനാശ്ശേരിക്കാർ ദർശനത്തിൽ കണ്ട കുരിശും, ആലഞ്ചേരിപ്പിതാവിനു നേരിടേണ്ടി വന്ന കുരിശും, ഇപ്പോൾ ലിസ്സി ആശുപത്രിയിൽ കിടക്കുന്ന കുരിശുമൊന്നും ഒന്നല്ല. താൻ മാമ്മോദീസാ മുക്കിയവർക്ക് ആദ്യകുർബ്ബാന പോലും കൊടുക്കാതെ സ്ഥലംവിട്ട തോമ്മാശ്ളീഹായോട് എനിക്കു വല്യ മതിപ്പൊന്നുമില്ല. കൊല്ലാൻ വന്ന നമ്പൂതിരിമാരോട് സഞ്ചിയിലുള്ളത് പെമ്പ്രന്നോത്തിയെയും മക്കളെയും ഏൽപ്പിക്കണം എന്നുപോലും അദ്ദേഹം പറഞ്ഞതായി ഒരു ചരിത്രത്തിലുമില്ലതാനും. ജീവഭയം അദ്ദേഹത്തിന് നന്നായുണ്ടായിരുന്നെന്ന് അദ്ദേഹം പാലാക്ക് പോയില്ലയെന്ന ഒറ്റ കാര്യത്തിൽ നിന്നും മനസ്സിലാക്കാം. മറ്റൊരു സൂചന, സീറോമലബാർ രൂപത വരാൻ സാദ്ധ്യതയുള്ളിടത്തൊന്നും അദ്ദേഹം പള്ളി സ്ഥാപിച്ചിട്ടില്ലെന്നതാണ്. സീറോമലബാറുകാരെ പറ്റിക്കാൻ കർത്താവിനെക്കൊണ്ട് കഴിഞ്ഞിട്ടില്ല, പിന്നാ വെറുമോരു തോമ്മാ! ഒക്കെയാണെങ്കിലും പാലാക്കാരോടു പറഞ്ഞിരുന്നെങ്കിൽ അഹമ്മദാബാദ് പ്രശ്നങ്ങൾക്കും പെട്ടെന്നു പരിഹാരം കണ്ടേനെ. അവരാളും തരവും ഒന്നും നോക്കുകേല. ഒറ്റപോക്കാ! പണ്ടൊരിക്കൽ അവർ ഒരു മിശിഹാനുഭവം നാടകം നടത്തി; കർത്താവു കുരിശിൽക്കിടക്കൂന്ന രംഗം വന്നു, കർട്ടൻ പൊങ്ങിയപ്പോൾ സർവ്വത്ര പുക, കുരിശിൽക്കിടക്കുന്ന കർത്താവിനെ കണ്ടപ്പോൾ ജനം മുഴുവൻ മുട്ടിന്മേൽ! കരിസ്മാറ്റിക്കുകാരുടേതുപോലുള്ള അലർച്ചക്കിടയിൽ കർത്താവിന്റെ വചനവും എല്ലാവരും കേട്ടു, "ഇടടാ കർട്ടൻ, നിർത്തടാ പുക!" ഈ പുക മൂക്കിലോട്ടടിച്ചാൽ ആർക്കാ അരിശം വരാത്തത്?
ഷംഷാബാദ് മുഴുവൻ കണ്ടു തീരുമ്പോഴേക്കും തട്ടിപ്പിതാവ് തട്ടിപ്പോകാറായിരിക്കും. അദ്ദേഹം വായുവലിച്ചു കിടക്കുമ്പോൾ ചുറ്റും പാട്ടുകാർ ഇല്ലാതിരിക്കുന്ന ഒരു സമയം നോക്കി ഞാൻ ചെന്നു ചോദിക്കും, "തിരുമേനീ, സത്യത്തിൽ തോമ്മാശ്ളീഹാ ഇവിടെ വന്നിരുന്നോയെന്ന്." അദ്ദേഹത്തിന്റെ ദയനീയമായ നോട്ടം എനിക്കൊന്നു കാണണം! കാലിൽ പാമ്പു കടിച്ചാൽ വിഷം മേലോട്ടു കേറും; ഉച്ചിയിൽ കടികിട്ടിയാൽ വിഷം എങ്ങോട്ടു പോകും? അതാണു ഷംഷാബാദിന്റെ ഇപ്പോഴത്തെ പ്രശ്നം!
No comments:
Post a Comment