Translate

Monday, April 2, 2018

അല്മായപോരാളികള്‍ മുഴക്കുന്ന യുദ്ധകാഹളത്തില്‍ ഷംസാബാദ് രൂപത കലുഷിതമാകുന്നു!


ജോസഫ് മറ്റപ്പള്ളി 

almayasabdam.com-ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സുദീര്‍ഘലേഖനത്തില്‍നിന്ന് ഭാഗം I

(1) ഷംഷാബാദ് രൂപതയുടെ സ്ഥാപനത്തോടെ, ആ രൂപതയുടെ സ്ഥലപരിധിയിൽ താമസിക്കുന്ന എല്ലാ സീറോ മലബാർ സഭാംഗങ്ങളും, പുതിയ രൂപതയുടെ അധികാര പരിധിയിൽ വരും. അതിനാൽ രാജ്കോട്ട് രൂപതയുടെ പരിധിക്കു വെളിയിൽ, ഗുജറാത്തിൽ വസിക്കുന്ന എല്ലാ സീറോ മലബാർ സഭാംഗങ്ങളും, ഷംഷാബാദ് രൂപതയുടെ പരിധിയിൽ വരുന്നു.
(2) എന്നാൽ വളരെ കാലമായി ലത്തീൻ രൂപതയുടെ സംരക്ഷണത്തിലും സഹായത്തിലും വസിക്കുന്ന, സീറോ മലബാർ സഭാംഗങ്ങൾക്കായി, പൗരസ്ത്യ തിരുസംഘവും മാർപാപ്പയും പ്രത്യേകമായ സംവിധാനങ്ങൾ കാനോൻ നിയമത്തിന്റെ പരിധിക്കുള്ളിൽനിന്നു തന്നെ അനുവദിച്ചിട്ടുണ്ട്.  പൗരസ്ത്യ തിരുസംഘത്തിന്റെ 28.01.2016 ലെ നിർദേശവും 09.10.2017 ലെ മാർപാപ്പയുടെ കത്തും ആണ് ഈ നിർദേശങ്ങൾക്ക് അടിസ്ഥാനമായ രേഖകൾ. അവയുടെ രണ്ടിന്റെയും മലയാള പരിഭാഷ നമ്മുടെ ഗ്രൂപ്പിൽ നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നത് കാണുമല്ലോ
(3) അപ്രകാരം, അഹമ്മദാബാദിൽ വസിക്കുന്ന ഏതൊരു സീറോ മലബാർ സഭാംഗത്തിനും, അവർ ഇപ്പോൾ പങ്കെടുക്കുന്ന ലത്തീൻ പള്ളികളിൽ തുടർന്നും സംബന്ധിക്കാൻ സഭ അനുവദിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുതിയ രൂപതയോ പുതിയ സംവിധാനമോ യാതൊരു വ്യത്യാസമോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കരുത് എന്ന് മാർപാപ്പ ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നു.
(4) പുതിയ രൂപതയുടെ സ്ഥാപനത്തിന് ശേഷവും പഴയതുപോലെ ലത്തീൻ രൂപതയുടെ സഹായപരിധിയിൽ തുടരുവാനുള്ള തീരുമാനത്തെ OPTION-1 എന്നും, അതല്ല പുതിയ ഷംഷാബാദ് രൂപതയുടെ നേരിട്ടുള്ള ഭരണപരിധിയിലേക്കു മാറുവാനുള്ള തീരുമാനത്തെ OPTION-2 എന്നും നമുക്ക് വിളിക്കാം.
(5) OPTION-1 സ്വീകരിക്കുന്ന വിശ്വാസികൾക്ക് യാതൊരു തടസ്സവുമില്ലാതെ, തങ്ങൾ ഇതുവരെ ചെയ്തിരുന്നതുപോലെ അഹമ്മദാബാദ് രൂപതയുടെ പള്ളികളിൽ പോകുകയും, അവിടെ തങ്ങളുടെ കൂദാശകളും മറ്റെല്ലാ ആല്മീയ ആവശ്യങ്ങളും സ്വീകരിക്കുകയും ചെയ്യാം. ഇപ്രകാരം ചെയ്യുന്ന വിശ്വാസികൾക്ക്, കൂദാശകൾ സീറോ മലബാർ റീത്തു പ്രകാരം വേണമെന്ന് ആഗ്രഹിച്ചാൽ അത് സാധിച്ചു തരുവാൻ അഹമ്മദാബാദ് ബിഷപ്പും മറ്റെല്ലാ വൈദികരും ബാധ്യസ്ഥരാണ്.
(6) OPTION-1 സ്വീകരിക്കുന്ന വിശ്വാസികൾക്ക് ആവശ്യത്തിനുള്ള മലയാളി/സീറോ മലബാർ വൈദികരുടെ സേവനം ഒരുക്കി തരേണ്ടതും അഹമ്മദാബാദ് മെത്രാന്റെയും വൈദികരുടെയും കടമയാണ്.  വിശ്വാസികൾക്ക് ആവശ്യമുള്ള എല്ലാ സഹായവും ഇതുവരെ ചെയ്തതുപോലെ തുടർന്നും ഉണ്ടാകുമെന്നു അഹമ്മദാബാദ് മെത്രാനും പ്രൊവിൻഷ്യൽ അച്ചനും ഉറപ്പു തന്നിട്ടുണ്ട്.
(7) മാർപാപ്പയുടെ നിർദേശപ്രകാരം, വിശ്വാസികൾക്ക് യാതൊരു ബുദ്ധിമുട്ടോ കാലതാമസമോ ഇല്ലാതെ എല്ലാ സർട്ടിഫിക്കറ്റുകളും മറ്റു രേഖാ നടപടികളും സാധിച്ചുകൊടുക്കുവാൻ രണ്ടു സഭകളിലെയും മെത്രാന്മാരും വൈദികരും ബാധ്യസ്ഥരാണ്. രേഖാനടപടികളെല്ലാം കാലതാമസം കൂടാതെ നടത്തിക്കൊടുക്കുവാൻ മാർപാപ്പാ പ്രത്യേകമായി സഭാധികാരികളോടു നിർദ്ദേശിയ്ക്കുന്നു
(8)  അപ്രകാരം, ലത്തീൻ പള്ളികളിൽ മാമോദീസ, സ്ഥൈര്യലേപനം എന്നിവ സ്വീകരിക്കുന്ന സീറോ മലബാർ വിശ്വാസികൾക്ക് അവ സ്വീകരിക്കാനുള്ള അനുവാദം ലത്തീൻ വികാരി വാങ്ങുകയും സീറോ മലബാർ വികാരി നൽകുകയും വേണം. അവ സ്വീകരിച്ചു കഴിഞ്ഞാൽ, ലത്തീൻ പള്ളിയിലെ രജിസ്റ്ററിൽ പ്രത്യേകമായി അത് രേഖപ്പെടുത്തുകയും, സർട്ടിഫിക്കറ്റ് നൽകുകയും വേണം. ഈ സർട്ടിഫിക്കറ്റിന്റെ ഒരു പതിപ്പ് സീറോ മലബാർ പള്ളിയിലേക്ക് അയക്കുകയും അവിടെയുള്ള രെജിസ്റ്ററിലും രേഖപ്പെടുത്തുകയും വേണം.
(9)  ലത്തീൻ പള്ളിയിൽനിന്നും ഇപ്രകാരം ലഭിക്കുന്ന സർട്ടിഫിക്കറ്റുകളും കത്തുകളും, മറ്റെല്ലാ സ്ഥലത്തുമുള്ള ഏതു സീറോ മലബാർ പള്ളികളും സ്വീകരിക്കുവാൻ ബാധ്യസ്ഥരാണ് എന്ന് മാർപാപ്പ പ്രത്യേകമായി നിർദേശിച്ചിട്ടുണ്ട്. അതുപോലെ, തങ്ങളുടെ പരിധിയിലുള്ള സീറോ മലബാർ പള്ളിയിൽ ചെന്നാലും മേല്പറഞ്ഞ 8-ആം ഖണ്ഡിക പ്രകാരം അവിടത്തെ രജിസ്റ്റർ പ്രകാരം സർട്ടിഫിക്കറ്റ് വാങ്ങാനുള്ള സൗകര്യം വിശ്വാസികൾക്കും, അത് നൽകുവാനുള്ള ബാധ്യത സീറോ മലബാർ വികാരിക്കും ഉണ്ട്.   
(10) അങ്ങനെ, OPTION-1 സ്വീകരിക്കുന്നത് വഴി, ഒരുത്തരും സീറോ മലബാർ സഭാംഗങ്ങൾ അല്ലാതായി തീരുന്നില്ല. അതുപോലെ, കേരളത്തിലോ മറ്റു സ്ഥലങ്ങളോ ഉള്ള സീറോ മലബാർ പള്ളികളിൽ അവർ ഒരു തരത്തിലും അന്യരാകുന്നുമില്ല. ലത്തീൻ പള്ളികളിൽനിന്നും ഏതെങ്കിലും കൂദാശ സ്വികരിയ്ക്കുന്നതുകൊണ്ടു മാത്രം ഒരുവനും ലത്തീൻ സഭയിലെ അംഗമാകുന്നില്ല എന്നു സഭാനിയമം പഠിപ്പിയ്ക്കുന്നു. മറിച്ചുള്ള എല്ലാ പ്രചരണങ്ങളും കള്ളവും നിയമവിരുദ്ധവുമാണ്.
(11) സഭയുടെ നടത്തിപ്പിനായി സാമ്പത്തികമായ സംഭാവനകൾ നൽകുവാൻ സഭാംഗങ്ങൾക്കു കടമുണ്ട്. എന്നാൽ അതെത്രയാകണമെന്നോ എപ്പോൾ നൽകണമെന്നോ തീരുമാനിയ്കേണ്ടതും അവർതന്നെയാണ്. സംഭാവനകൾക്കായി ആരെയെങ്കിലും നിർബന്ധിയ്ക്കുകയൊ കൂദാശകളൊ മറ്റു കാര്യങ്ങളൊ നിഷേധിയ്ക്കുകയോ അപ്രകാരം ഭീഷണിപ്പടുത്തുകയോ ചെയ്യുന്നത് മാരകമായ കുറ്റകൃത്യമാണ്. അങ്ങനെ ചെയ്യുന്നത് വ്യക്തികളായാലും വൈദീകരായാലും അവർ എതിർക്കപ്പെടേണ്ടവരാണ്!
(12)  സംഭാവനകൾ നൽകുന്നവർ സഭയുടെയോ രൂപതയുടെയോ അതാതു ഇടവകയുടെ പേരിലോ ഉള്ള രസീതുകൾ വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. വൈദികരൊ മെത്രാൻമാരോതന്നെ വ്യക്തിപരമായി ട്രസ്റ്റികളായാൽപോലും അത്തരം ട്രസ്റ്റുകൾക്കായി പണം നൽകുന്നവർ വലിയ അബദ്ധമാണ് ചെയ്യുന്നത്. പല സ്ഥലങ്ങളിലും ഇക്കാലത്തു നടക്കുന്ന തട്ടിപ്പുകളെപ്പറ്റി വിശ്വാസികൾ ബോധവാന്മാരാവുക. സഭയുടെ ഒരു സ്വത്തും പിരിയ്ക്കുവാനോ അതു സൂക്ഷിയ്കുവാനോ യാതൊരു വ്യക്തി്ക്കും അധികാരമില്ല എന്നു സഭാനിയമം അനുശാസിയ്ക്കുന്നു.
(13)  സഭയ്കുവേണ്ടി പള്ളികൾ പണിയുവാനോ അതിനായി പണം പിരിയ്ക്കുവാനോ യാതൊരു വ്യക്തിയ്ക്കും അധികാരമില്ല. അപ്രകാരം പ്രവർത്തിയ്ക്കുകയോ അതിനായി പ്രത്യേക ട്സ്റ്റുകൾ രൂപീകരിയ്ക്കുകയോ ചെയ്യുന്നതു സദുദ്ദേശത്തോടെയാണന്നു കരുതാനാവില്ല! സംഭാവന നൽകുന്നതോടൊപ്പം അതു സഭാമാതാവ് അനുവദിച്ചിട്ടുള്ള രീതിയിൽ മാത്രം നൽകുവാനും വിശ്വാസികൾക്കു കടമയുണ്ട്. അങ്ങനെ ചെയ്താൽ ഭാവിയുലുണ്ടാകാവുന്ന പല ക്രമക്കേടുകളും ഒഴിവാക്കാവുന്നതാണ്. കാരണം, പണമാണല്ലോ അധികാരസ്ഫാപനങ്ങളെപ്പോലും അഴിമതികേന്ദ്രങ്ങളാക്കുന്നത്.
കുറിപ്പ്: ✍നമ്മുടെ DUC തുടക്കംമുതൽ വായിയ്കുന്നുണ്ടന്ന് സഭാധികാരികൾ SMC4U നെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി SMC4U പ്രസിദ്ധീകരിച്ച DUC യുടെ രത്നചുരുക്കമാണിത്. ഈ കാര്യങ്ങൾ വസ്തുതാപരമായി തെറ്റാണന്ന് സ്ഥാപിയ്ക്കാത്ത നിലയ്ക്ക്, അവയെ അംഗീകരിയ്ക്കുന്നു എന്നല്ലേ കരുതാനാവൂ.
തുടരും 


No comments:

Post a Comment