Translate

Sunday, April 15, 2018

വിമാനത്തില്‍ പറക്കുന്ന ക്രിസ്തു!

ജയിംസ് ഐസക്, കുടമാളൂര്‍ ഫോണ്‍: 9847126316

2018 ജനുവരി 19-ലെ മലയാള മനോരമയില്‍ കണ്ട വാര്‍ത്തയും ചിത്രവുമാണ് ഈ കുറിപ്പിനു പ്രചോദനം. 'വിവാഹം സ്വര്‍ഗ്ഗത്തിനരികെ' എന്നാണു തലക്കെട്ട്. ചിലി സന്ദര്‍ശനവേളയില്‍ വിമാനത്തില്‍വച്ചുണ്ടായ സംഭവം. എട്ടുവര്‍ഷം മുമ്പ് സിവില്‍ വിവാഹം സ്വീകരിച്ച ഒരു വിമാനക്കമ്പനി ജീവനക്കാരനും പത്‌നിയും ഫ്രാന്‍സീസ് മാര്‍പാപ്പയില്‍നിന്ന് ആശീര്‍വ്വാദം സ്വീകരിച്ചു വീണ്ടും വിവാഹിതരായി എന്നതാണു വാര്‍ത്ത. മാര്‍പാപ്പാ ആശീര്‍വ്വദിക്കുന്നതിന്റെ ചിത്രവും കാണാം. മനോരമ വാര്‍ത്തയില്‍നിന്നു മനസ്സിലാവുന്നത് സഭാപരമല്ലാത്ത വിവാഹം നടത്തി എട്ടുവര്‍ഷം സഭയുടെ അവഗണനയില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ക്രിസ്തുവിന്റെ പ്രതിനിധിയായ മാര്‍പാപ്പായില്‍നിന്നുതന്നെ ഔദ്യോഗികമായ അംഗീകാരംനേടി കുറ്റവിമുക്തരായിരിക്കുന്നു എന്നാണ്. മാര്‍പാപ്പാ ഇവരുടെ വിവാഹം അംഗീകരിച്ചതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും വാര്‍ത്തയിലുണ്ട്. 
ഈ വാര്‍ത്ത പാരമ്പര്യവാദികള്‍ക്കും പൗരസ്ത്യതീവ്രവാദികള്‍ക്കും പ്രകോപനം ഉളവാക്കുമെന്നത് ഉറപ്പാണ്. മുന്‍ പാരമ്പര്യങ്ങള്‍ അവഗണിച്ചുകൊണ്ട് ജയില്‍വാസികളും വിജാതീയരുമായ സ്ത്രീകളുടെ കാല്‍പാദങ്ങള്‍ കഴുകിയ ഫ്രാന്‍സീസ് പാപ്പായോടു ഈ പുതിയ ക്രമം പൗരസ്ത്യസഭകള്‍ക്കു ബാധകമാണോ എന്ന് എടുത്തു ചോദിച്ച കേരളത്തിലെ നമ്മുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ചങ്ങനാശ്ശേരി ഗ്രൂപ്പിലെ മെത്രാന്മാരും ഇതിനേക്കുറിച്ച് എന്തുപറയുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇതേ വാര്‍ത്ത ദീപികയില്‍ കണ്ടത് ഒരു വാചകത്തോടുകൂടിയുള്ള ഫോട്ടോ ആയിട്ടാണ്. 'ചിലി വിമാനത്തില്‍ അറ്റന്റര്‍മാരായ ദമ്പതികളെ ആശീര്‍വ്വദിക്കുന്ന ഫ്രാന്‍സീസ് മാര്‍പാപ്പാ' എന്ന അടിക്കുറിപ്പുമാത്രം! എന്തോ ചിലതൊക്കെ മറച്ചുപിടിക്കുകയാണ് ദീപിക.
എറണാകുളം-അങ്കമാലി രൂപതയില്‍ നടന്ന ഭൂമിയിടപാടുകളിലെ തിരിമറികള്‍ മുഴുവന്‍ മൂടിവയ്ക്കാന്‍ ദീപിക കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ആള്‍ദൈവമായി ഒരു കൂട്ടര്‍ ആരാധിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് അര പേജ് നിറയെ പുകഴ്ത്തല്‍പ്രസ്താവന, ലക്ഷങ്ങള്‍ പരസ്യചാര്‍ജ് വാങ്ങി പ്രസിദ്ധീകരിക്കാന്‍ ദീപികയ്ക്ക് ഒരു മടിയുമില്ല. ഒരുകോടിരൂപാ പ്രതിഫലം നല്‍കി കൈവയ്പുശുശ്രൂഷ നടത്തി പൗരസ്ത്യസഭയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ഒരു ക്രിസ്തീയസഭയ്ക്കുവേണ്ടി കുറെ ലക്ഷങ്ങള്‍ വാങ്ങി സപ്ലിമെന്റ് ഇറക്കാന്‍ ദീപികയ്ക്കു മടിയില്ല. ചോദിച്ചാല്‍ പറയുന്നത് ദീപിക സെക്കുലര്‍ പത്രമാണെന്നാണ്. ഈ 'സെക്കുലര്‍' പത്രത്തിനുവേണ്ടി ഇടവകദേവാലയങ്ങളില്‍ സുവിശേഷപ്രസംഗം നടത്താന്‍ കുറെ പുരോഹിതന്മാരെ മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞുവിടുന്നുണ്ട്. ഈ പത്രത്തിന്റെ ഇരട്ടത്താപ്പുകള്‍ സീറോ-മലബാര്‍ സഭയുടെ തലവനും അറിയാം. ഭൂമി ഇടപാടുകളിലെ വന്‍തട്ടിപ്പുകള്‍ക്കൊപ്പം 'ദീപിക' എന്ന സഭാപത്രത്തിന്റെയും നടപടികള്‍ മുന്നേറുന്നു. വഞ്ചിതരാകുന്ന പാവം വിശ്വാസികളെ ആരു രക്ഷിക്കും?
വ്യഭിചാരകുറ്റം ആരോപിച്ചു കല്ലെറിഞ്ഞുകൊല്ലാന്‍ പിടിച്ചുകൊണ്ടുവന്ന ഒരു പാവം സ്ത്രീയെ ദേവാലയപരിസരത്തുവെച്ചു വിമോചിതയാക്കുവാന്‍ ഒരു ക്രിസ്തു ഉണ്ടായി. അതുപോലെ സഭയും സമുദായവും അവഹേളിക്കുന്ന അനേകര്‍ക്കു വിമോചകനായി ഒരു മാര്‍പാപ്പാ നമുക്കുണ്ടായിരിക്കുന്നു! ക്രിസ്തുവിന്റെ രണ്ടാംവരവിന്റെ കാലമാണോ ഇപ്പോള്‍?


-മാര്‍പാപ്പാ വിമാനത്തില്‍ നടത്തിയ വിവാഹത്തെക്കുറിച്ച്, 'ഒരു വൈദികന്റേ'തെന്നു പറഞ്ഞു 'വാട്ട്‌സാപ്പി'ല്‍ പ്രചരിക്കുന്ന രസകരമായ ഒരു കുറിപ്പ് ഈ ലേഖനത്തിന് അനുബന്ധമായി താഴെ കൊടുക്കുന്നു - എഡിറ്റര്‍
''പ്രിയപ്പെട്ട ഫ്രാന്‍സീസ് മാര്‍പാപ്പാ, അങ്ങ് വിമാനത്തിലിരുന്ന് വിവാഹം ആശീര്‍വദിച്ച കാഴ്ച കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ആശീര്‍വദിക്കുക മാത്രമല്ല, സര്‍ട്ടിഫിക്കറ്റ് നല്‍കി സഭയില്‍ നിയമവിധേയമാക്കുകകൂടി ചെയ്തു! കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായത് അങ്ങയുടെ മഹാഭാഗ്യം. ഇവിടെ ഞങ്ങളുടെ സീറോ-മലബാര്‍ സഭയില്‍ ആയിരുന്നുവെങ്കില്‍, അങ്ങയെ ഞങ്ങള്‍ പടിയടച്ച് പുറത്താക്കിയേനെ. ഇവിടെ സിവില്‍ മാര്യേജ് നടത്തിയ വ്യക്തികളുടെ വിവാഹം പള്ളിയില്‍ നടക്കണമെങ്കില്‍ മാപ്പ് എഴുതിയ അപേക്ഷയുമായി മെത്രാനെ കാണണം, അതിന് വികാരി ശിപാര്‍ശ ചെയ്യണം, അരമനയില്‍ നോക്കുകുത്തിപോലെ നില്‍ക്കണം; ധ്യാനം കൂടുക, ഏഴു ദിവസം മുടങ്ങാതെ പള്ളിയില്‍ വരിക തുടങ്ങിയ പരിഹാരക്രിയകളും ചെയ്യണം. 
എങ്ങനെയാണ് അങ്ങ് ഈ കൂദാശ പരികര്‍മ്മം നടത്തിയത്? ഒരു പള്ളിയുടെ പശ്ചാത്തലം ഇല്ലാതെ, അള്‍ത്താര മേശയും വചനവേദിയും പീഠവും ഇല്ലാതെ, പുരോഹിതന്റെ വിശുദ്ധ വേഷങ്ങള്‍ ഇല്ലാതെ; എന്തിന്, മാര്‍ത്തോമ്മാക്കുരിശു പോലുമില്ലാതെ..... കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടത് എന്നു നിശ്ചയമില്ലാതെ ആകാശത്തിന്റെ അതിരുകളില്‍ നിന്നുകൊണ്ട് ഒരു കൂദാശാ
പരികര്‍മ്മം! ഞങ്ങള്‍ക്കിവിടെ ഇതെല്ലാം വലിയ പാപങ്ങളാണ്, പിതാവേ. ആദ്യം മുന്നിലോട്ടും പിന്നെ പുറകിലോട്ടും, ശേഷം മുന്നിലോട്ടും തിരിഞ്ഞുനിന്നില്ലെങ്കില്‍ ഞങ്ങളുടെ ഐക്യവും കൂട്ടായ്മയും നഷ്ടപ്പെടുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. അതിന് സമ്മതിക്കുന്നവരെ മാത്രമാണ് ഞങ്ങള്‍ മെത്രാന്മാരായി തിരഞ്ഞെടുക്കുന്നതുപോലും. വിവാഹത്തിന്റെ വിശുദ്ധ നിമിഷങ്ങളില്‍ ഏതുതരം ഗാനങ്ങളാണ് അവിടെ ആലപിക്കപ്പെട്ടത് എന്നോര്‍ത്തും ഞാന്‍ ആശ്ചര്യപ്പെടുന്നു? ഇവിടെയാണെങ്കില്‍ അഭിവന്ദ്യ മെത്രാന്‍മാര്‍ കല്പിച്ചു തന്ന പുസ്തകത്തിലെ പാട്ടുകള്‍മാത്രമേ ആകാവൂ എന്നും, അല്ലെങ്കില്‍ തമ്പുരാന്‍ കോപിക്കും എന്നും കരുതി, ബാക്കി എല്ലാ ഭക്തിഗാനങ്ങളും വിലക്കിക്കൊണ്ടിരിക്കുകയാണ്. എന്തുചെയ്യാം! അടിസ്ഥാനതത്വങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഉപരിപ്ലവങ്ങള്‍ ആയവ ഉചിതംപോലെ ചെയ്യാമെന്ന അങ്ങയുടെ അതിലളിതമായ പാഠങ്ങളും സുവിശേഷങ്ങളിലെ ക്രിസ്തുവിന്റെ മാതൃകയും ഞങ്ങള്‍ മറന്നുപോകുന്നു.
എന്റെ പിഴ, എന്റെ പിഴ! മറ്റ് ആരുടെയൊക്കെയോ വലിയ പിഴ!''

No comments:

Post a Comment