ഈ മാസത്തെ സഭാ-താരമാരാണെന്നു കൃത്യമായി പറയാൻ ആർക്കും കഴിയണമെന്നില്ല. അനേകം താരങ്ങൾ ഒരേസമയം ഒരുപോലെ മിന്നുന്ന വലിയൊരു നഭസ്സാണ് സീറോ മലബാർ. എങ്കിലും, ഈ ആഴ്ച്ചത്തെ പ്രമുഖൻ തേലക്കാട്ടച്ചൻ തന്നെ! അത്തത്തിന്റെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക, ഇതായിരിക്കണം അദ്ദേഹത്തിന്റെ നക്ഷത്ര നില. ആ കൂറിന്റെ വിഷുഫലമനുസരിച്ച് കര്‍മ്മരംഗത്ത് അഭിവൃദ്ധിയുണ്ടാകും, മറ്റുള്ളവരുടെ ആദരവിന് പാത്രമാകും എന്നൊക്കെയുണ്ട്. കൊരട്ടിക്കാരെയുംഒല്ലൂർക്കാരെയും മണിമലക്കാരെയുമെല്ലാം കടത്തിവെട്ടിയയദ്ദേഹം, മാർത്തോമ്മാ കേരളത്തിൽ വന്നിരിക്കാൻ സാദ്ധ്യതയില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. കാഞ്ചിവലിച്ചത് കൊച്ചിയിൽ വച്ചാണെങ്കിലും, കൊണ്ടത് കുറുമ്പനാടത്താന്നു തോന്നുന്നു. തോമ്മാശ്ളീഹാഇവിടെ വന്നുവെന്നതിനു തെളിവായായിരിക്കണം ക്യുരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുര പറഞ്ഞത്, വളരെ കുറച്ചുപേരെ തോമ്മാശ്ളീഹാ 'വന്നിട്ടില്ല'യെന്നു വാദിക്കുന്നുള്ളൂവെന്ന്. കൊച്ചു പെണ്ണാണെന്ന്, അമ്മ മാത്രം പറഞ്ഞാൽ പോരല്ലോ! മാണിപറമ്പിലച്ചന്റെ പുസ്തകത്തിൽ തോമ്മാശ്ളീഹാ ഇവിടെ വന്നുവെന്നെഴുതിയിട്ടുണ്ടെന്നു പറയാതിരുന്നത് ഭാഗ്യം! ഏതായാലും തോമ്മാശ്ളീഹായും കർത്താവും പിന്നീടൊരിക്കലും ഈ വഴി വന്നിട്ടില്ലെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വന്നിരുന്നെങ്കിൽ, ചാണകത്തിൽ മുക്കിയ ചൂലും കൊണ്ട്.......! അല്ലെങ്കിലും, ആറാം സ്ഥലത്തിനപ്പുറത്തേക്ക് വിടുമായിരുന്നോയെന്നും ആർക്കറിയാം?
പണ്ടു സി. ജസ്മി റാഫേലുമായി ചാനലിൽ കണ്ടു മുട്ടിയപ്പോൾ, കന്യാസ്ത്രിമാർക്ക് അടിവസ്ത്രം വാങ്ങുന്നതു സംബന്ധിച്ച് തേലക്കാട്ടച്ചൻ എന്തോ പറഞ്ഞെന്നു പറഞ്ഞു വല്യ വിവാദമായിരുന്നു. എന്തെങ്കിലും കാണാതെ ഒന്നും പറയുന്ന ആളല്ല തേലക്കാട്ടച്ചൻ. ഭാരതം മുഴുവൻ ക്രൈസ്തവവത്കരിക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് ഒരിക്കൽ സിനഡിന്റെ തീരുമാനം ഉദ്ധരിച്ച് അദ്ദേഹം സൂചി+പ്പിക്കുകയുണ്ടായി. പ്രിൻസിപ്പാളിനും എനിക്കും കൂടി ശമ്പളം എൺപതിനായിരമെന്ന് തൂപ്പുകാരി പറഞ്ഞതുപോലെയുണ്ടായിരുന്നത്. ഒന്നര ശതമാനം വരുന്ന സീറോ മലബാർ, ഭാരതം ഇളക്കി മറിക്കുമെന്ന്! സംഗതി കേട്ടാൽ, ലത്തീൻകാർ രണ്ടെണ്ണം മേടിച്ചോട്ടെയെന്ന ഉദ്ദേശ്യത്തോടെയാണൊ അതു പറഞ്ഞതെന്നോ, സിനഡിൽ വിവരമുള്ളവർ ആരുമില്ലെന്നോ ആർക്കാണെങ്കിലും തോന്നും. അതദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ! പണ്ട് ഇറച്ചി നിരോധിച്ചപ്പോൾ അദ്ദേഹം ഒരു മുന്നറിയിപ്പ് കൊടുത്തു - ഇവിടെ കലാപം ഉണ്ടാകുമെന്ന്. കേന്ദ്ര ഗവ. വിരണ്ടില്ലേയന്ന്? ഇക്കാര്യം പറഞ്ഞു സിനഡദ്ദേഹത്തെ വിരട്ടിയാൽ കന്യാമറിയത്തിനു വേറെ മക്കളുണ്ടായിരുന്നിരിക്കാമെന്നു നാളെയദ്ദേഹം പറഞ്ഞെന്നിരിക്കും. സി. അനീറ്റായെ ഭീഷണിപ്പെടുത്തിയ ധ്യാനഗുരുവിനെയും, നെടുമ്പാശ്ശേരിയിൽ വെച്ച് സ്വർണ്ണബിസ്കറ്റുകൾ ഏതെങ്കിലും ധ്യാനഗുരു കല്ലാക്കിമാറ്റിയിട്ടുണ്ടെങ്കിൽ അയാളെയും പിന്നൊത്തിരിപ്പേരെ വേറെയെയുമായി അദ്ദേഹത്തിനറിയാമെന്നത് സിനഡ് ഓർക്കുന്നത് കൊള്ളാം! ഒരച്ചനെയും വഴക്കു പറയാൻ പറ്റാത്ത അവസ്ഥയാ; അതാ, മാനന്തവാടി രൂപതക്കും പറ്റിയത്. കൊരട്ടിയിലെ മണവാളനച്ചനു വേണ്ടി ഒരു മെത്രാൻ ജീവത്യാഗം വരെ ചെയ്യാൻ തയ്യാറാകുന്നുവെങ്കിൽ മണവാളനച്ചന് എന്തുമാത്രം രഹസ്യങ്ങൾ അറിയാമായിരിക്കണം! ബത്‌ലഹം കഥകളിൽ ഭൂരിഭാഗവും ഉണ്ടാക്കി കഥകളാണെന്ന് സ്വന്തം പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പായാ. ഇതാ, ഫ്രാൻസിസ് മാർപ്പാപ്പാ ബൈബിളിനെ 'ഔട്ട് ഡേറ്റഡ്' എന്നും നിർവ്വചിച്ചിരിക്കുന്നു! ചതിക്കല്ലെ ലത്തീൻകാരെ. പവ്വത്തിൽ തിരുമേനി ശാന്തമായിയൊന്നു മരിച്ചോട്ടെ!
എല്ലാ ആഴ്ച്ചകളിലും ഒരു സീറോ വികാരിയച്ചൻ ഏതെങ്കിലും കൂദാശ വെച്ചു വിശ്വാസിക്കു വിലപറഞ്ഞ കേസു കാണുന്നതാ. ചാകുമ്പോൾ പ്രശ്നമുണ്ടാക്കരുതെന്ന് കർശന നിർദ്ദേശമുള്ളതുകൊണ്ട്, പിടുത്തം മാമ്മോദീസാക്കും കുർബ്ബാന സ്വീകരണത്തിനും കല്യാണത്തിനുമായി ഒതുക്കിയിരിക്കുകയാണ്. ഇപ്രാവശ്യം ഒരു മണിമലക്കഥയാണ് ലീഡിങ്! ഒരു ബ്രിട്ടീഷ് പ്രവാസിയെ ആദ്യകുർബ്ബാനക്കൂദാശയെറിഞ്ഞു വട്ടമിട്ടു പിടിച്ച കഥയാണ് ഫെയിസ് ബുക്കിൽ പ്രചരിക്കുന്നത്. കൊച്ചിനു കുർബ്ബാന കൊടുക്കണമെങ്കിൽ പള്ളിക്കമ്മറ്റി നിശ്ചയിച്ച പണം കൊടുത്തിരിക്കണമെന്ന് അച്ചൻ ആവശ്യപ്പെട്ടെന്നാണ് കഥ. പക്ഷെ, ഒപ്പം കൊടുത്തിരിക്കുന്ന വൈദികന്റെ ചിത്രത്തിലേക്ക് നോക്കിയാൽ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു തോന്നും; ഒരു നിഷ്കളങ്ക മുഖമാണ് ആ വൈദികന്റേത്. ഞാൻ നോക്കിയിട്ട് ഈ കഥ തന്നെ ആരെങ്കിലും മെനഞ്ഞെടുത്തതായിരിക്കാനാണ് സാദ്ധ്യത. ഈയ്യിടെ രസകരമായ വേറൊരു കേസു കേട്ടു, അതുടനെ തീരുന്നില്ലെങ്കിൽ ആളും പേരുമെല്ലാം ഞാൻ പറയാം. ആ കേസ്സിങ്ങനെ: ഒരു കടുത്ത വിശ്വാസി പള്ളിക്കടുത്തു താമസിച്ചിരുന്നു. പലപ്രാവശ്യം കൈക്കാരനായിരുന്ന അദ്ദേഹം പള്ളിയുടെ നിർമ്മാണത്തിന് ഫൈനാൻസറായും പ്രവർത്തിച്ചിട്ടുണ്ട്. പള്ളിയുടെ വികസനം അനിവാര്യമായി വന്നപ്പോൾ വഴിയരികിലുണ്ടായിരുന്ന ഇയ്യാളുടെ സ്ഥലം ഒരു ധാരണയിൽ പള്ളി വാങ്ങി, പകരം സ്ഥലം പള്ളിയുടെ പിറകിൽ കൊടുത്തു - അങ്ങോട്ട് വഴിയും കൊടുത്തു. എല്ലാത്തിനും രേഖകളുമുണ്ട്. ഇടക്ക്, നല്ലദൈവവിശ്വാസമുള്ള ഒരു വീട്ടിൽ ജനിച്ചു വളർന്ന ഒരച്ചൻ വികാരിയായി വന്നു, ആ വൈദികൻ നോക്കിയപ്പോൾ പള്ളിപ്പറമ്പിലൂടെ വഴിനടപ്പു ശരിയല്ല. പല അനാശാസ്യങ്ങളും നടക്കാൻ അത് കാരണമായേക്കാം. പള്ളിമുറിയിൽ ക്യാമറാ പാടില്ലല്ലോ! വഴി ക്ളോസ്സ്, ഇപ്പോൾ കേസ്!
സിവിൽ വിവാഹവും നടത്തി ജീവിച്ചുപോന്ന ഒരു സെറ്റ് ദമ്പതിമാരുടെ വിവാഹം മാർപ്പാപ്പാ വിമാനത്തിൽ വെച്ച് നടത്തി സർട്ടിഫിക്കറ്റും കൊടുത്തുവെന്ന് വാർത്ത. അതിലെന്തായിത്ര അതിശയിക്കാൻ? അൽഫോൻസ് കണ്ണന്താനം സാറിന്റെ മക്കളുടെ മിശ്രവിവാഹങ്ങൾ കത്തിദ്രൽ പള്ളിയിൽ വെച്ചു മെത്രാൻതന്നെ വീണ്ടും ആശീർവ്വദിച്ചപ്പോൾ എന്തൊക്കെയായിരുന്നു ബഹളം! അതിന്റെ നടപടിക്രമങ്ങൾ ഞാൻ പലരോടും അന്വേഷിച്ചു. ആർക്കും കൃത്യമായി അറിയില്ലാന്നു പറഞ്ഞു. എന്റപ്പന്റെ പാരമ്പര്യവുമായി നടക്കുന്ന സീറോ - മലബാർ സഭയിലെ പൊതു നടപടിക്രമമനുസരിച്ച്, ആദ്യം ഈ ദമ്പതിമാർ മാപ്പപേക്ഷയുമായി മെത്രാനെ കാണണം. ആനയുടെ അടുത്തു പോകാൻ ആരുടെയും അനുവാദം വേണ്ട, പക്ഷെ ഇക്കാര്യത്തിനു മെത്രാനെ കാണണമെങ്കിൽ വികാരിയുടെ ഒപ്പു വേണം. ആനെയെക്കണ്ടാൽ കൊതി തീരില്ല, പക്ഷെ ഒരിക്കൽ സീറോ മെത്രാനെ കണ്ടവൻ ആ വഴി രണ്ടാമതു വരാനിടയില്ല. അതാതു പ്രദേശത്തെ മെത്രാനെ കാണാൻ മറ്റെന്തെങ്കിലും ചെയ്യണമോയെന്നറിയാൻ പള്ളിക്കണക്കനോട് ചോദിച്ചാൽ മതി. മെത്രാൻ കനിഞ്ഞാലും ധ്യാനവും കൂടണം, ഏഴു ദിവസം മുടങ്ങാതെ പള്ളിയിലും വരണം; ചോദിക്കുന്ന പണവും കൊടുക്കേണ്ടി വന്നേക്കാം, ഇല്ലാത്ത പാപങ്ങൾ ഏറ്റുപറഞ്ഞച്ചനെ സുഖിപ്പിക്കേണ്ടിയും വന്നേക്കാം. അവസാനം പറഞ്ഞത് ബിസ്സിനസ്സാക്കിയ പെണ്ണുങ്ങളുണ്ട്. ഒരച്ചൻ പള്ളിയിൽ ചാർജ്ജെടുക്കുമ്പോഴേ ഈ രീതിയിൽ അച്ചന്റെ മൈലേജളക്കാൻ സ്ഥിരം കുറേപ്പേരുണ്ടെന്നു കേൾക്കുന്നു.
മെത്രാൻ എന്ത് ചെയ്താലും കുറ്റം പറയാൻ ധാരാളം ആളുകൾ! സ്രാമ്പിക്കൽ മെത്രാൻ ഇംഗ്ലണ്ടിലേക്കു മലയാളിക്കുട്ടികളെ റിക്രൂട്ടു ചെയ്യാൻ ഒരു കമ്പനിയെ ഏൽപ്പിച്ചതിന് എന്തെല്ലാമാ നാട്ടുകാർ പറഞ്ഞത്? അനേകം കുട്ടികളെ ഇംഗ്ളണ്ട് കാണിക്കാൻ സഹായിച്ചുവെന്നത് തെറ്റാണോ? വരുന്നയൊരുത്തിക്കും ഇവിടെ ജോലിയില്ലെന്നു സർക്കാർ പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്ത്വം മെത്രാനാണോ? ഈ പറയുന്നവർക്ക്, മെത്രാനു കമ്പനി എന്തെങ്കിലും കൊടുത്തോന്നോ കൊടുത്തെങ്കിൽ അതു പണമാണൊ, കാറാണൊന്നു പോലും നിശ്ചയമില്ല താനും. അമ്മയാണെങ്കിലും അഭിഷിക്തന്റെ മുന്നിൽ മുട്ടുകുത്തട്ടെയെന്ന ലളിതമായ ചിന്താഗതിക്കാരനാണദ്ദേഹം. ശ്രാമ്പിക്കൽ പിതാവു വന്നതിപ്പിന്നെയാ ഇംഗ്ളണ്ടിൽ വിശ്വാസജീവിതം മെച്ചപ്പെട്ടതെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ ഒരു വാർഡ് പ്രാർത്ഥനക്ക് ഒരു ദിവസം പകുതിയും എടുക്കുന്നുവെന്നത് ഇതിനു തെളിവല്ലെ? എല്ലാ രണ്ടാംശനിയാഴ്ചകളിലും നടക്കുന്ന 'സെക്കന്റ് സാറ്റർഡേ കൺവൻഷനുകളി'ലൂടെ പൗണ്ടുകൾ ഒഴുകുന്നതു കാണുമ്പോൾ ലത്തീൻകാർക്ക് സഹിക്കുന്നില്ല. ഇയ്യിടെ ഒരു ലത്തീൻ ലത്തീൻപള്ളി വികാരി നേരിട്ട് മലയാളം അസിസ്റ്റന്റച്ചനോടു പറഞ്ഞു, താമസത്തിനു വേറെ ഇടം നോക്കിക്കൊള്ളാൻ. സൗജന്യമായി പള്ളിമുറിയിൽ താമസിച്ച്, അവിടെത്തന്നെ ഭക്ഷണവും കഴിച്ച്, അവർക്കിട്ടു തന്നെയിവർ പണിയുന്നുവെന്നാണ് വ്യാപകമായ പരാതി - അതിൽ സത്യമുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ വിദേശികളും അറിയുകയും ചെയ്യുന്നു. അഹമ്മദാബാദിൽ ഷംഷാബാദ് ബിഷപ്പു തന്നെ ലത്തീൻ പള്ളിയിൽ കയറി ലത്തീൻകാർ ദ്രോഹികളാണെന്നു പ്രസംഗിച്ചിട്ടുണ്ടല്ലൊ!
ദീപിക സെക്കുലറാണെങ്കിലും, പ്രചാരണം പള്ളിയിൽക്കൂടെയാ. ദീപിക സാർവ്വദേശീയ പത്രമാണെങ്കിലും ദേശാഭിമാനിക്ക് കണ്ണൂർ പോലെയാണ് അവർക്കു ചങ്ങനാശ്ശേരി. അച്ചന്മാർ അതു ചെയ്തു ഇതു ചെയ്തുവെന്നു പറഞ്ഞ് മീഡിയാ ഓഫീസുകളിലേക്ക് ധാരാളം ഊമക്കത്തുകൾ വരും. പരി. ആത്മാവിന്റെ പ്രവർത്തനം കാരണമായിരിക്കും ദീപികയിലോട്ടൊരെണ്ണം പോലും വരുന്നില്ല! അതുകൊണ്ടെന്താ, പല വാർത്തകളും സമയത്തറിയാൻ അവർക്കു കഴിയുന്നില്ല - പ്രത്യേകിച്ചും, കറന്റു പോയാൽ!
No comments:
Post a Comment