(ഭാഗം - 2)
ചാക്കോ കളരിക്കല്‍ (USA) ഫോണ്‍: (001)5866015195
പള്ളിസ്വത്തുക്കള്‍ കാനോന്‍ നിയമപ്രകാരമല്ല
ഭരിക്കപ്പെടേണ്ടത്. അതിന് പല കാരണങ്ങളുണ്ട്. ക്രിസ്തു പഠിപ്പിച്ച പരസ്പരസ്‌നേഹത്തെ
ആധാരമാക്കി ക്രോഡീകരിച്ച ഒരു നിയമമല്ല കാനോന്‍നിയമം. സ്‌നേഹത്തിന്റെ പശ അതില്‍
തൊട്ടുതേച്ചിട്ടില്ല. വിശ്വാസിയെ വരിഞ്ഞുകെട്ടാനും മെത്രാന് പരമാധികാരം
ഉറപ്പാക്കാനുംവേണ്ടി രൂപംകൊടുത്ത ഒരു നിയമമാണത്. ആദിമക്രൈസ്തവ പാരമ്പര്യത്തിനോ
മാര്‍ത്തോമ്മാ നസ്രാണിസഭാ പാരമ്പര്യത്തിനോ ചേര്‍ന്ന ഒരു പള്ളിനിയമമല്ലത്.
റോമാസാമ്രാജ്യത്തിനുള്ളില്‍ വളര്‍ന്ന പാശ്ചാത്യ-പൗരസ്ത്യസഭകള്‍ക്കു
പൊതുപൈതൃകമാണുള്ളത്. അതിന്‍പ്രകാരം എല്ലാ അധികാരങ്ങളും മെത്രാനില്‍
കേന്ദ്രീകൃതമായിരുന്നു. എന്നാല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനി കളുടെ പൈതൃകം
വ്യത്യസ്തമാണ്. ഇന്ത്യയിലെ ഓരോ പള്ളിയും സ്വതന്ത്ര ഭരണമേഖലയായിരുന്നു. ആധ്യാത്മിക
ശുശ്രൂഷകരായ മെത്രാന്‍, പുരോഹിതര്‍ എന്നിവര്‍ക്ക്
പള്ളിവസ്തുക്കളുടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല.
അതിനധികാരമുണ്ടായിരുന്നത് സഭാസമൂഹ ത്തിനായിരുന്നു. ഈ പൈതൃകം പുനഃസ്ഥാപിച്ച് സഭാ
സ്വത്തുക്കളുടെ ഭരണം സുതാര്യമാക്കണമെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ച് ട്രസ്റ്റ് ബില്‍
പാസാക്കി നടപ്പിലാക്കേണ്ടിയിരിക്കുന്നു.
മുസ്ലീം, സിഖ്, ക്രിസ്ത്യന്‍, ഹിന്ദു എന്നിങ്ങനെ
നാല് മുഖ്യ മതവിഭാഗങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കും
അവരുടേതായ സാമൂഹികസമ്പത്തുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മുസ്ലീം, സിഖ്, ഹിന്ദു മതസമൂഹങ്ങളുടെ
പൊതുസമ്പത്ത് പുരോഹിതപിടിയില്‍നിന്നു നിയമനിര്‍മാണ ത്തിലൂടെ വിമുക്തമാക്കി.
എന്നാല്‍ ഭാരതത്തിലെ ക്രൈസ്തവരുടെ പള്ളികള്‍ ഭരിക്കുന്നതിന് നിയമങ്ങളൊന്നും അവര്‍
നിര്‍മിച്ചില്ല. അതിനു പ്രധാന കാരണം ക്രൈസ്തവരുടെ സമൂഹസമ്പത്ത് പുരോഹിതര്‍
ഒരിക്കലും അടക്കിഭരിച്ചിരുന്നില്ല എന്നതാണ്.
ട്രസ്റ്റ് ബില്ലിന്റെ അടിസ്ഥാനഘടകങ്ങള്‍ ഏതൊക്കെയാണ് എന്നു
വ്യക്തമാക്കട്ടെ. ചര്‍ച്ച് ട്രസ്റ്റ് ബില്‍' എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത് ഭാരതീയമായ പാരമ്പര്യവും വീക്ഷണവും സഭയുടെ ഭൗതികഭരണത്തില്‍ പുനര്‍
നിവേശിപ്പിക്കുന്ന ഒരു നിയമം എന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കൊന്നു കുഴിച്ചുമൂടപ്പെട്ട പള്ളിയോഗഭരണ സമ്പ്രദായത്തിന്റെ
ഉയിര്‍ത്തെഴുനേല്‍പ്പ് ഉറപ്പാക്കുന്ന ഒരു നിയമം. സഭാവിശ്വാസികളെ
സംബന്ധിച്ചിടത്തോളം വളരെ ഗൗരവം അര്‍ഹിക്കുന്ന ട്രസ്റ്റ് ബില്ലിന്റെ രൂപരേഖയുടെ
അടിസ്ഥാന ഘടകങ്ങള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്. ഈ ബില്ലുവഴി
കേരളത്തിലെ ക്രൈസ്തവസഭകളുടെ മതപരമായ ആസ്തികളുടെ ഭരണത്തില്‍ പൂര്‍വകാലത്തെപ്പോലെയും
ബൈബിളധിഷ്ഠിതമായുമുള്ള ശരിയായ ജനാധിപത്യ
ചട്ടക്കൂട് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇടവക-രൂപത-സംസ്ഥാന തലങ്ങളിലെ
സാമ്പത്തികഭരണം തിരഞ്ഞെടുക്കപ്പെട്ട ഇടവകപ്രതിനിധികളുടെ ട്രസ്റ്റ് കമ്മിറ്റികള്‍വഴി
നിര്‍വഹിക്ക പ്പെടുന്ന ഒരു സംവിധാനമാണിതില്‍ വിഭാവനംചെയ്തിരിക്കുന്നത്.
1. യേശുക്രിസ്തുവിനെ ദൈവവും രക്ഷകനുമായി വിശ്വസിക്കുന്ന വ്യക്തി
ക്രിസ്ത്യാനിയാകുന്നു. 18 വയസ്സ് പൂര്‍ത്തിയായ
എല്ലാ അംഗങ്ങളും വോട്ടവകാശത്തോടുകൂടി ഇടവക ട്രസ്റ്റ് അസംബ് ളി (സമാജം)
രൂപീകരിക്കും. ഇടവക ട്രസ്റ്റ് അസംബ് ളി അംഗങ്ങളില്‍നിന്നും ട്രസ്റ്റ്
കമ്മിറ്റിയെയും, ഇടവകയുടെ കണക്കു പരിശോധിക്കാന്‍
മൂന്ന് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു.
2. ഇടവക ട്രസ്റ്റ്, രൂപതാ-സംസ്ഥാനതല
ട്രസ്റ്റുകളിലേക്ക് അംഗങ്ങളെ തിരെഞ്ഞെടു
ക്കുന്നു. തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ ട്രസ്റ്റ് ബില്ലില്‍
വ്യക്തമാക്കിയിട്ടുണ്ട്. രൂപതാ-സംസ്ഥാനതല ട്രസ്റ്റുകള്‍ അവയുടെ കണക്കുകള്‍
പരിശോധിക്കാന്‍ മൂന്ന് അംഗങ്ങളെവീതം തിരഞ്ഞെടുക്കുന്നു.
3. ഇടവക-രൂപതാ-സംസ്ഥാനതല ട്രസ്റ്റുകള്‍ മാനേജിംഗ് ട്രസ്റ്റികളെ
തിരഞ്ഞെടുക്കുന്നു. ന്യായമായ കാരണങ്ങള്‍ക്ക് മാനേജിംഗ് ട്രസ്റ്റിയെയോ കണക്ക്
പരിശോധകരെയോ നീക്കംചെയ്യാനും പുതിയ പ്രതിനിധികളെ തിരഞ്ഞെടുക്കാനുമുള്ള അധികാരം
ബന്ധപ്പെട്ട ട്രസ്റ്റ് സമാജങ്ങളില്‍ നിക്ഷിപ്തമാണ്.
4. അയോഗ്യരായവരെ ഉത്തരവാദിത്വപ്പെട്ട ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.
5. ട്രസ്റ്റിലെ എല്ലാ അംഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍, സ്ഥാവരജംഗമസ്വത്തുക്കള്‍, മറ്റുസ്വത്തുക്കള്‍
തുടങ്ങിയവയിന്മേല്‍ കൂട്ടായ ഉടമസ്ഥാവകാശവും അധികാരവും ഉണ്ടായിരിക്കും.
6. എല്ലാ ഇടവക-രൂപതാ-സംസ്ഥാ നതല ട്രസ്റ്റുകളും ക്രൈസ്തവ ചാരിറ്റബിള്‍
ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്യുന്നു.
7. ത്രിതല ട്രസ്റ്റുകളുടെ ഭരണത്തിനും നടത്തിപ്പിനും ന്യായമായ ചെലവുകള്‍ ട്രസ്റ്റ്
കമ്മിറ്റികള്‍ വഹിക്കേണ്ടതാണ്.
8. കണക്കുപുസ്തകങ്ങള്‍ ട്രസ്റ്റ് കമ്മിറ്റികള്‍ സൂക്ഷിക്കുകയും കണക്കുകള്‍
പരിശോധിക്കുകയും ചെയ്യേണ്ടതാണ.്
9. ഇടവക ട്രസ്റ്റ് അസംബ്ളിയുടെയും/കമ്മിറ്റിയുടെയും അദ്ധ്യക്ഷന്‍ വികാരിയും, രൂപതാ ട്രസ്റ്റ് അസംബ്ളിയുടെയും/കമ്മിറ്റിയുടെയും
അദ്ധ്യക്ഷന്‍ മെത്രാനും, സംസ്ഥാന ട്രസ്റ്റ്
അസംബ്ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ സംസ്ഥാനതല ആത്മീയാചാര്യനായ സ്ഥാനിയും
ആയിരിക്കും. മേല്പറഞ്ഞയാള്‍ നിയോഗിക്കുന്ന ആള്‍ക്കും അദ്ധ്യക്ഷനാകാവുന്നതാണ്.
10. ത്രിതല ട്രസ്റ്റിന്റെ അനുദിനഭരണം
ബന്ധപ്പെട്ട ട്രസ്റ്റ് കമ്മിറ്റികളില്‍ നിക്ഷിപ്തമാണ്.
11. ത്രിതല ട്രസ്റ്റുകളുടെ
അവകാശങ്ങളും കടമകളും ട്രസ്റ്റ് ബില്ലില്‍ വിവരിച്ചിട്ടുണ്ട്.
12. വരുംവര്‍ഷത്തെ ബഡ്ജറ്റും പൂര്‍ത്തിയായ
വര്‍ഷത്തെ കണക്കുപരിശോധനാ റിപ്പോര്‍ട്ടും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ
സാക്ഷ്യപ്പെടുത്തലോടെ ഗവണ്മെന്റിനു സമര്‍പ്പിക്കേണ്ടതാണ്.
13. ട്രസ്റ്റ് ബില്‍ നിയമമാകുമ്പോള്‍
അതിലെ വ്യവസ്ഥകളിലേതെങ്കിലും ലംഘിക്കുന്നത് രാജ്യത്തെ സിവില്‍/ക്രിമിനല്‍
നിയമത്തിന്‍കീഴില്‍ ശിക്ഷാര്‍ഹമാണ്.
ട്രസ്റ്റ് ബില്ലിന്റെ വ്യക്തതയ്ക്കായി ഏതാനും ചില വ്യവസ്ഥകള്‍കൂടി
ഉള്‍ക്കൊള്ളിക്കേണ്ടി യിരിക്കുന്നു എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ട്രസ്റ്റ് അസംബ്ലിയില്‍ അംഗമാകാനുള്ള യോഗ്യത, ഭരണസമിതിയില്‍ സ്ത്രീകള്‍ക്കുള്ള സംവരണം, ട്രസ്റ്റ് കമ്മിറ്റി അധ്യക്ഷനുള്ള വോട്ടവകാശം, വികാരി/മെത്രാന്‍ തുടങ്ങിയവരുടെ നിയമന മാനദണ്ഡം, മെത്രാന്മാരും സിനഡുകളും, തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനുള്ള ട്രൈബ്യൂണലുകള്‍, ട്രൈബ്യൂണലിന്റെ രൂപഘടനയും അധികാരങ്ങളും, സര്‍ക്കാരിന്റെ
ഇടപെടല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത
വരുത്തേണ്ടതായിട്ടുണ്ട്. സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന
കരടു ബില്ലാണിത്. ഇതു നിയമസഭയില്‍ വിശദമായി ചര്‍ച്ചചെയ്ത്
കുറ്റമറ്റതാക്കേണ്ടതായിട്ടുണ്ട്. ഈ ബില്ലിനെ സംബന്ധിച്ച് വളരെയധികം പഠനങ്ങള്‍
നടക്കേണ്ടതായിട്ടുണ്ട്. സഭയോട് ആത്മാര്‍ത്ഥതയും കൂറുമുള്ള വിശ്വാസികളും സഭാ
മേലധികാരികളും മുന്‍പോട്ടുവന്ന് ഈ ബില്ലിനെപ്പറ്റി പഠിച്ച,് വേണ്ട തിരുത്തലുകളോടെ അത് നിയമമാക്കിക്കിട്ടാന്‍ സര്‍ക്കാരില്‍
സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യേ ണ്ടതാണ്.
അപ്പോസ്തലന്മാര്‍ സഭയുടെ ഭൗതികഭരണ ത്തില്‍നിന്ന്
ഒഴിഞ്ഞുനിന്നു എന്ന് നമുക്കറിയാം. അതുപോലെ,
സഭയിലിപ്പോള്‍
ആധ്യാത്മികശുശ്രൂഷ കരായിരിക്കുന്ന മെത്രാന്മാരും വൈദികരും സഭയുടെ ഭൗതിക കാര്യനിര്‍വഹണത്തില്‍നിന്ന്
ഒഴിഞ്ഞുമാറേ ണ്ടതുണ്ട്, വിശ്വാസിസമൂഹത്തിന്റെ
ആധ്യാത്മിക ശുശ്രൂഷയില്‍ പൂര്‍ണ്ണമായി മുഴുകേണ്ടതുണ്ട്. അതിനുള്ള സാഹചര്യം
സൃഷ്ടിക്കാന്‍ നിര്‍ദ്ദിഷ്ട ട്രസ്റ്റ് ബില്‍ സഹായകമാകുമെന്നതില്‍ സംശയമില്ല.
'ദൈവത്തെയും മാമോനെയും ഒപ്പം
സേവിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.' (മത്താ. 6:24). (അവസാനിച്ചു.)
No comments:
Post a Comment