Translate

Thursday, November 1, 2018

സിസ്റ്റർ ജെസ്‌മിയും KCRM-NA ടെലികോൺഫെറൻസും







നവമ്പർ 14, 2018 ബുധനാഴ്ച നടക്കാൻ പോകുന്ന കെ സി ആർ എം നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് ടെലികോൺഫെറൻസ് പ്രസിദ്ധ സ്ത്രീശാക്തീകരണ വക്താവും സാമൂഹ്യ പാരിഷ്‌കരണ പ്രവർത്തകയും സഭാ വിമർശകയുമായ സിസ്റ്റർ ജെസ്‌മിയാണ് നയിക്കുന്നത്. വിഷയം: " ക്രൈസ്തവസഭകളിലെ ചൂഷണവിധേയരായിക്കൊണ്ടിരിക്കുന്ന കന്ന്യാസ്ത്രികൾ”.

കത്തോലിക്കാ സഭയിലും പ്രത്യേകിച്ച്‌ കത്തോലിയ്ക്കാ സന്ന്യാസസ്ഥാപനങ്ങളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന അസാന്മാർഗികതയേയും അഴിമതികളേയും തുറന്നുകാട്ടി വിമർശിക്കുന്ന ഒരു ധീര വനിതയാണ് സിസ്‌റ്റർ ജെസ്‌മി. അനേക വർഷം മാഠത്തിൻറെ ഭിത്തികൾക്കുള്ളിൽ സന്ന്യാസിനിയായി ജീവിച്ച സിസ്റ്റർ ജെസ്‌മി മനോരോഗിയായി മുദ്രകുത്തപ്പെട്ട് ചികിത്സയിലായി സുബോധം നഷ്ടപ്പെടുന്നതിനുമുമ്പ് സഭാവസ്ത്രം ഊരിക്കളഞ്ഞ് പുറം ലോകത്തേയ്ക്ക് ധൈര്യമായി ഇറങ്ങിയ ഒരു അപൂർവ വ്യക്തിയാണ്. പിന്നീട് "ആമേൻ- ഒരു കന്യാസ്ത്രീയുടെ ആത്മകഥ" എന്ന വിവാദപരമായ പുസ്തകം രചിച്ചു. മൂന്നു പതിറ്റാണ്ടിലേറെ കാർമലമാതാവിൻറെ  സന്ന്യാസസമൂഹത്തിൽ (കോൺഗ്രിഗേഷൻ ഓഫ് മദർ കാർമൽ - സി.എം.സി) അംഗമായിരുന്ന ജെസ്മി (മേമി റഫായേൽ) 51-ആമത്തെ വയസ്സിൽ അധികാരികൾക്കുനേരെ ഉയർത്തിയ കലാപത്തെ തുടർന്ന് സന്ന്യാസസഭ വിട്ടുപോരേണ്ടിവന്നു. അന്ന് അവർ തൃശൂർ സെയിൻറ് ജോസഫ്സ് കോളേജിൻറെ പ്രിൻസിപ്പൽ ആയിരുന്നു

ചെറുപ്പം മുതലെ പഠനത്തിൽ മികവ് കാണിച്ച മേമിയുടെ പ്രിയപ്പെട്ട വിഷയങ്ങൾ സാഹിത്യവും സിനിമയുമായിരുന്നു. ചെറുപ്പത്തിലെ പഠനത്തിൽ വളരെ മികവ് കാണിച്ചിരുന്ന മേമി പ്രീഡിഗ്രിയ്ക്കുശേഷം സ്വമനസാ മഠത്തിൽ ചേർന്നു. സന്ന്യാസത്തിൻറെ വഴി തെരഞ്ഞെടുത്ത മേമി ഏഴുവർഷത്തെ പരിശീലനത്തിനുശേഷം ജെസ്‌മി Jesme (Jesus-me യുടെ ചുരുക്കം) എന്ന പേരിൽ സന്ന്യാസവൃതം എടുത്തു.  വൃതസ്വീകരണത്തിനുശേഷം സഭാധികാരികളുടെ ആഗ്രഹപ്രകാരം തൃശൂർ വിമല കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം. എ. യും കോഴിക്കോട് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണബിരുദവും (Ph.D.) നേടി. സ്വതന്ത്ര ചിന്തകയായ ജെസ്‌മിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ സന്ന്യാസസഭാ മേലധികാരികൾക്ക് രുചിക്കാതെവന്നപ്പോൾ ബോധപൂർവം അവർക്ക് സന്ന്യാസിനീസമൂഹത്തിൽ അധികാരസ്ഥാനങ്ങൾ നിഷേധിക്കപ്പെട്ടു. എങ്കിലും റാങ്കോടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ജെസ്‌മി തൃശൂർ സെയിൻറ് ജോസഫ്സ് കോളേജിൻറെ പ്രധാനാധ്യാപികയായി. ആ പദവിയിലിരിക്കെയാണ് സ്വാതന്ത്ര നിലപാടെടുത്തതിൻറെ പേരിൽ അധികാരികൾ അവരെ നിർബന്ധപൂർവം അവധി എടുപ്പിച്ചത്. സുബോധം നഷ്ടപ്പെടുന്നതിനുമുമ്പ് മഠം വിട്ടെന്നും ഇന്നും സുബോധം ഉണ്ട് എന്ന് തെളിയിക്കാനാണ് 'ആമേൻ' എഴുതിയതെന്നും ജെസ്‌മി പറയുന്നു. താൻ സന്ന്യാസിനിയായി തുടരുന്നു എന്ന നിലപാടാണ് സിസ്‌റ്റർ ജെസ്‌മിക്ക് ഇപ്പോഴുമുള്ളത്.  

കന്ന്യാസ്ത്രി മഠങ്ങളിൽനിന്നും യേശു പണ്ടേ പടിയിറങ്ങിയെന്നും അവിടം ചിലർക്ക് സുരക്ഷിതമായ അഭയസ്ഥാനമാണെന്നും കൂടാതെ അടിച്ചമർത്തപ്പെട്ട ലൈംഗികതയിൽ നിന്ന് ഉരുവാക്കുന്ന അനാശാസ്യ ലൈംഗിക പ്രവണതകളെല്ലാം ആമേനിൽ വെളിപ്പെടുത്തുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതികളും പുരോഹിതർക്കും കന്ന്യാസ്ത്രികൾക്കും ഇടയിലുള്ള വൻ ഗർത്തവുമെല്ലാം ആമേനിലെ ചർച്ചാവിഷയങ്ങളാണ്. ഞാനും ‘ഒരു സ്ത്രീ’, ‘പ്രണയസ്മരണ’ തുടങ്ങിയ പല പുസ്തകങ്ങളും സിസ്‌റ്റർ ജെസ്‌മി രചിച്ചിട്ടുണ്ട്.

ലൈംഗികവിഷയത്തിൽ കുറ്റാരോപിതരായ പുരോഹിതരെ സംരക്ഷിക്കുന്ന ചരിത്രമെ കത്തോലിക്കാ സഭയ്‌ക്കൊള്ളു. അപ്പോൾ ചൂഷിതരായ കന്ന്യാസ്ത്രികൾക്കും മറ്റ് സ്ത്രീകൾക്കും കുട്ടികൾക്കും നീതി നിഷേധിക്കപ്പെടുന്നു. കേരളത്തിലെ പൊതുസമൂഹത്തിൽ പുരുഷമേധാവിത്വമുണ്ട്. എന്നാൽ സഭയിൽ അത് പത്തുമടങ്ങാണെന്നാണ് സിസ്റ്റർ ജെസ്‌മി പറയുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ സിസ്‌റ്റർ ജെസ്‌മി സമരക്കാരായ കന്ന്യാസ്ത്രികൾക്ക് ഒപ്പമായിരുന്നു. അവർ ലോകചരിത്രംതന്നെ തിരുത്തി കുറിച്ചെന്നാണ് സിസ്റ്ററിൻറെ അഭിപ്രായം.

സിസ്‌റ്റർ ജെസ്‌മിയിൽനിന്നും ഇതെല്ലാം നേരിൻ കേൾക്കാനായി കെ സി ആർ എം നോർത്ത് അമേരിക്ക ടെലികോൺഫെറൻസ് സംഘടിപ്പിച്ചുകൊണ്ട് ഇപ്പോൾ ഒരു സുവർണാവസരം ഒരുക്കിയിരിക്കയാണ്. നിങ്ങളെല്ലാവരെയും അതിലേക്കായി സ്നേഹപൂർവം ക്ഷണിക്കുന്നു. നവംബർ 14, 2018 ബുധനാഴ്ച്ച നടക്കാൻ പോകുന്ന ആ ടെലികോൺഫെറൻസിൽ സംബന്ധിക്കാൻ പുതിയ നമ്പർ: 1-605-472-5785, ആക്‌സസ് കോഡ്: 959248#

No comments:

Post a Comment