Translate

Tuesday, November 27, 2018

ആരാണീ നസ്രാണികൾ?


 

ഇരുപത് നൂറ്റാണ്ടുകൾ പഴക്കവും പ്രത്യേക പാരമ്പര്യങ്ങളും പൈതൃകങ്ങളുമുള്ള കേരളത്തിലെ ഒരു ക്രിസ്ത്യൻ സമൂഹമാണ് നസ്രാണി മാർതോമാക്രിസ്ത്യാനിൾ. അവർ ആരെന്ന് ചുരുക്കമായി ഈ ലേഖനത്തിൽ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നു.

കച്ചവടത്തിനായി കേരളത്തിലെത്തിയിരുന്ന അറബികൾ ഇന്ത്യയിലെ മാർതോമാക്രിസ്ത്യാനികളെ വിളിച്ചിരുന്നത് നസ്രാണികൾ എന്നാണ്. നസ്രാണി എന്ന അറബിപദത്തിനർത്ഥം ക്രൈസ്തവൻ (ക്രിസ്ത്യാനി) എന്നാണ്. മാർതോമാ നസ്രാണികൾ ഒരു പ്രത്യേക സങ്കരസമുദായമായാണ് ഇന്ന് അറിയപ്പെടുന്നത്. കേരളത്തിൽ കാണുന്ന നസ്രാണികളുടെ ആരംഭം അപ്പോസ്തലകാലം മുതൽ നിർണയിക്കാൻ സാധിക്കുമെന്നാണ് കേരളീയരുടെ ഇടയിൽ പരക്കെയുള്ള വിശ്വാസം. നസ്രാണികളുടെ പൂർവീകർ യേശുശിഷ്യരിലൊരാളായ തോമാ അപ്പോസ്തലനാൽ യേശുമാർഗത്തിൽ ചേർക്കപ്പെട്ടവരാണെന്ന് വിശ്വസിക്കുന്നു. ഒന്നാം നൂറ്റാണ്ടിലും അതിനുമുൻപും അന്തർദേശീയ വാണിജ്യബന്ധം ഭാരതത്തിൻറെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന മലങ്കരയുമായുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ വളരെ പ്രതാപത്തിൽ കഴിഞ്ഞിരുന്ന കൊടുങ്ങല്ലൂരും കൊല്ലവുമായിരുന്നു പ്രധാന വാണിജ്യകേന്ദ്രങ്ങൾ. അക്കാരണത്താൽ തോമാ അപ്പോസ്തലന് അറബി വ്യാപാരികളോടൊത്ത് മലങ്കരയിലെത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ വഴിയില്ലെന്ന് ചില ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. തന്നെയുമല്ലാ, ഒന്നാം നൂറ്റാണ്ടിന് പല നൂറ്റാണ്ടുകൾക്കുമുമ്പുമുതൽ മധ്യപൂർവപ്രദേശവും യൂറോപ്പും മലങ്കരയിലെ നാട്ടുരാജാക്കന്മാരുമായി സുഗന്ധവസ്‌തുക്കളുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതിന് മതിയായ ചരിത്രതെളിവുകളുണ്ട്. 

അതിലുപരി, മാർതോമായുടെ കേരളാഗമനത്തെക്കുറിച്ച് ദൃഢമായ ഒരു പാരമ്പരാഗതവിശ്വാസം നസ്രാണികളുടെ ഇടയിലും അക്രൈസ്തവരുടെ ഇടയിലും വ്യാപിച്ചിട്ടുണ്ട്. കൂടാതെ മാർതോമാ അപ്പോസ്തലൻ മാലിയങ്കര, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കൽ എന്നീ സ്ഥലങ്ങളിൽ പള്ളികൾ സ്ഥാപിച്ചെന്നും ശങ്കരപുരി, പകലോമറ്റം, കള്ളി, കരലികാവ്‌, കോയിക്കം, നെട്ടമ്പള്ളി, പനക്കമറ്റം, കൊട്ടകളി എന്നീ കുടുംബങ്ങളെ ക്രിസ്തുവേദത്തിൽ ചേർത്തെന്നും കേരളീയർ പരമ്പരാഗതമായി വിശ്വസിക്കുന്നു. എന്നാൽ മാർതോമാശ്ലീഹ കേരളത്തിൽ ദേവാലയ കെട്ടിടങ്ങൾ നിർമിച്ചു എന്ന വിശ്വാസം ശരിയാകാൻ വഴിയില്ല. കാരണം ആദിമക്രൈസ്തവരുടെ ആധികാരിക ചരിത്രഗ്രന്ഥമായ 'അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങൾ' എന്ന പുതിയനിയമഭാഗത്തൊരിടത്തും ഏതെങ്കിലും ഒരു അപ്പോസ്തലൻ ദേവാലയങ്ങൾ പണികഴിപ്പിച്ചിട്ടുള്ളതായി പരാമർശിച്ചിട്ടില്ല. സ്നാപനം സ്വീകരിച്ച വിശ്വാസികൾ ചെറിയ ചെറിയ കൂട്ടായ്മകൾ സ്ഥാപിച്ച് പരസ്പരം അറിഞ്ഞു സ്നേഹിച്ച് ജീവിച്ചിരുന്നു. പ്രിസ്ക്ക/അക്വിലാസിൻറെ വീട്ടിലെ സഭയും (1 കോറി. 16: 19) നുഫയുടെ വീട്ടിലെ സഭയും (കൊളോ. 4: 15) ഫിലെമോൻറെ വീട്ടിലെ സഭയും (ഫിലെ. 1: 2) അതിനുദാഹരണങ്ങളാണ്. "അവർ അനുദിനം ദേവാലയത്തിൽ ഒരുമിച്ചുകൂടുകയും വീടുകളിൽ അപ്പം മുറിക്കുകയും ആഹ്ളാദത്തോടും ഉദാരമനസ്സോടുംകൂടി ഭക്ഷണത്തിൽ പങ്കുചേരുകയും ദൈവത്തെ സ്തുതിക്കുകയും സകല ജനങ്ങളുടെയും പ്രീതീപാത്രങ്ങളാവുകയും ചെയ്തു" (അപ്പോ. പ്രവ. 2: 46-47). കർത്താവിൻറെ കുരിശുമരണത്തിനും സ്വർഗാരോഹണത്തിനും ശേഷവും യഹൂദരായിരുന്ന ശിഷ്യർ കൂട്ടമായി സിനഗോഗുകളിൽ പ്രാർത്ഥിരുന്നു. 70 -ൽ റോമാക്കാർ ജെറുസലേമിലെ സിനഗോഗ് നശിപ്പിക്കുന്നതുവരെ യൂദക്രിസ്ത്യാനികൾ ആ ദേവാലയത്തിൽ പ്രാർത്ഥിച്ചിരുന്നു. ഇവിടെ ദേവാലയങ്ങൾ എന്നുപറയുന്നത് യഹൂദ സിനഗോഗുകളെ ഉദ്ദേശിച്ചു മാത്രമാണ്. മറിച്ച് സ്ലീഹന്മാർ ക്രിസ്തീയ ദേവാലയങ്ങൾ പണിത് ആ ദേവാലയങ്ങളിൽ പ്രാർത്ഥിച്ചു എന്ന അർത്ഥത്തിലല്ല. യഥാത്ഥത്തിൽ തോമാസ്ലീഹയ്ക്ക് ക്രിസ്തീയദേവാലയം എന്ന സാമാന്യസങ്കല്പംപോലും ഉണ്ടായിരുന്നോയെന്ന് സംശയിക്കണം.

മാർതോമാ കേരളത്തിൽ എത്തിയിരുന്നെങ്കിൽത്തന്നെ ആരുടെ ഇടയിൽ വേദം പ്രസംഗിച്ചെന്ന് ചരിത്രപരമായി തെളിയിക്കാൻ നിർവാഹമൊന്നുമില്ല. യഹൂദർക്കുണ്ടായ മതപീഡനങ്ങളാലും മറ്റുകാരണങ്ങളാലും ഇസ്രായേൽ ഭാവനത്തിൽനിന്ന് ചിന്നിച്ചിതറിപ്പോയ ഒരു കൂട്ടം യഹൂദർ കൊടുങ്ങല്ലൂർ-കൊച്ചി ഭാഗങ്ങളിൽ അന്ന് സ്ഥിരതാമസക്കാരായിരുന്നു. യഹൂദനായ തോമാശ്ലീഹ കൊടുങ്ങല്ലൂരെത്തിയപ്പോൾ അവിടത്തെ ആ യഹൂദസന്നിദ്ധ്യം അദ്ദേഹത്തെ ആകർഷിച്ചിരിക്കണം. ഒരു സഹോദരയഹൂദനും രക്ഷകനുമായ   യേശുക്രിസ്തുവിൻറെ സദ്വാർത്ത മാർതോമാ അവരുടെ ഇടയിൽ തീർച്ചയായും പ്രസംഗിച്ച് അവരെ ക്രിസ്തുമാർഗത്തിലേക്ക് കൊണ്ടുവന്നിരിക്കണം. അതുകൊണ്ട് കേരളത്തിലെ ആദ്യത്തെ മാർതോമാക്രിസ്ത്യാനികൾ യഹൂദരായിരിക്കാനാണ് കൂടുതൽ സാധ്യത എന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടാകാൻ വഴിയില്ല. തോമാശ്ലീഹ പലസ്തീനായിൽനിന്ന് പോരുന്ന കാലത്ത് സുന്നത്തുചെയ്ത യാഹൂദരുടെ ഇടയിൽ മാത്രമേ യേശുവിൻറെ സദ്‌വാർത്തെയെപ്പറ്റി സ്ലീഹന്മാർ പ്രസംഗിച്ചിരുന്നൊള്ളൂ. യേശുശിഷ്യരുടെ ഇടയിലുണ്ടായിരുന്ന ആ പൊതുധാരണയുടെ ചുവടുപിടിച്ചാണല്ലോ പുറജാതികൾ മാനസാന്തരപ്പെട്ട് യേശുമാർഗം സ്വീകരിക്കുമ്പോൾ പരിച്ഛേദനം ചെയ്തിരിക്കണമെന്നുള്ള വാദവുമായി ചിലർ മുൻപോട്ടുവന്നത്. ആ പ്രശ്നപരിഹാരത്തിനുവേണ്ടിയാണല്ലോ പൗലോസ് അന്തിയോഖ്യയിൽനിന്ന് യാക്കോബിനെയും കേപ്പായെയും കാണാൻ ജെറുസലേമിന് പോയത്. കേരളത്തിലെ ആദിമ ക്രിസ്ത്യാനികൾ ആര് എന്ന ചോദ്യം വരുമ്പോൾ പലസ്തീനായിലെ ആദിമക്രിസ്ത്യാനികളുടെ ഇടയിലുണ്ടായ പരിച്ഛേദനവാദചരിത്രം വളരെ പ്രസക്തമാണ് (അപ്പൊ. പ്രവ. അദ്ധ്യായം15 കാണുക). പൗലോസിനെപ്പോലെ തോമാസ്ലീഹയും കേരളത്തിലെ യഹൂദകുടുംബങ്ങളെ കൂടാതെ മലനാട്ടിലെ പുറജാതികുടുംബങ്ങളെയും മാനസാന്തരപ്പെടുത്തിയെന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നിരുന്നാലും മാർതോമായുടെ കേരളത്തിലേയ്ക്കുള്ള വരവും പള്ളിസ്ഥാപിക്കലും ക്രിസ്തുമാർഗത്തിൽ ചേർക്കലുമെല്ലാം ഊഹാപോഹങ്ങളിൽനിന്നുണ്ടായ ഒരു പരമ്പരാഗത വിശ്വാസം എന്നേ അനുമാനിക്കാൻ കഴിയൂ.

മാർതോമാ നസ്രാണികളുടെ ചരിത്രത്തിലെ പ്രധാന വിവാദവിഷയം യഹൂദരൊഴിച്ച് നാട്ടിലെ ഏതു ജാതിയെയാണ് മാർതോമാ വേദം പ്രസംഗിച്ച് ക്രിസ്തുമതത്തിൽ ചേർത്തതെന്നുള്ളതാണ്. നമ്പൂതിരിമാരുടെ പിൻതലമുറക്കാരാണ് മാർതോമാ ക്രിസ്ത്യാനികളെന്ന് ഒരുകൂട്ടം ചരിത്രകാരന്മാർ (ഫാ. ബർണാദ്, വി. നാഗമയ്യാ, എം. ഒ. ജോസഫ്, ഫാ. പ്ലാസിഡ്) അഭിമാനപൂർവം അവകാശപ്പെടുന്നുണ്ട്. നസ്രാണികളും നമ്പൂതിരിമാരും തമ്മിലുള്ള വസ്ത്രം, സാമൂഹ്യാചാരങ്ങൾ തുടങ്ങിയവയിൽ കാണുന്ന സാധർമ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം അവർ അത്തരമൊരു നിഗമനത്തിലെത്തിയത്. എന്നാൽ ക്രിസ്തുവർഷാരംഭകാലത്ത്   കേരളത്തിൽ നമ്പൂതിരികുടുംബങ്ങൾ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ വളരെ വിരളവുമായിരുന്നു. എട്ടാം നൂറ്റാണ്ടോടുകൂടി നമ്പൂതിരി സമുദായം പ്രബലമായിയെന്നുള്ളതിന് ധാരാളം തെളിവുകളുണ്ട്. അക്കാലത്ത് നമ്പൂതിരിമാരാണ് ക്ഷേത്രഭരണം നടത്തിയിരുന്നത്. ജാതി സമ്പ്രദായവും അവർ നടപ്പിലാക്കി. ബുദ്ധദേവാലയങ്ങൾ ക്ഷേത്രങ്ങളാക്കി ബുദ്ധമതത്തെ അവർ നശിപ്പിച്ചു. വർഗവിവേചനവും ജാതിതിരുവുകളും ഇല്ലാതിരുന്ന ഒന്നാം നൂറ്റാണ്ടിൽ മാർതോമാ ബ്രാഹ്മണരെയാണ് മാർഗംകൂട്ടിയതെന്ന് വാദിക്കുന്നതിൽ പിശകുണ്ട്. കേരളത്തിലെ ആദിമക്രിസ്ത്യാനികൾ ആരായിരുന്നു എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ബുദ്ധജൈനമതങ്ങൾ കൂടാതെ ദ്രാവിഡപ്രാകൃതമതവും അക്കാലത്ത് നിലവിലുണ്ടായിരുന്നു. "ആദിമ കേരളക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും ബുദ്ധമതം ഉപേക്ഷിച്ച് ക്രിസ്തുമാർഗത്തിൽ ചേർന്ന ദ്രാവിഡരായിരുന്നു" എന്നാണ് ഡോ. സ്കറിയാ സക്കറിയയുടെ നിഗമനം.

പിൽക്കാലത്ത് നമ്പൂതിരിമാരുടെ മേല്നോട്ടത്തിൽ കേരളത്തിൽ ജാതിതിരുവുകൾ നടപ്പാക്കിയപ്പോൾ ബുദ്ധമതം ഉപേക്ഷിച്ച ദ്രാവിഡരായ മാർതോമാ അനുയായികളെയും ജൂതക്രിസ്ത്യാനികളെയും ജാതിതിരുവിന് അതീതമാക്കി. ഉന്നതജാതിക്കാരെപ്പോലെ നസ്രാണികൾ ആയിത്താചാരങ്ങൾ അനുഷ്ടിച്ചു. മറ്റ് ദ്രാവിഡജാതിക്കാരിൽനിന്നവർ അകന്നുനിന്നു. പിൽകാലത്ത് നസ്രാണി പട്ടക്കാർ മാർഗത്തിൽകൂട്ടിയ താഴ്ന്ന ജാതിയിൽപെട്ട ദ്രാവിഡരെ സ്വന്തം പള്ളികളിൽ കയറ്റുവാൻ വിസമ്മതിച്ചു. അങ്ങനെയാണ് നസ്രാണികളുടെ ഇടയിലും പുതുക്രിസ്ത്യാനികളുടെ പള്ളികൾ സ്ഥാപിക്കാൻ ഇടയായത്. മാർതോമാ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന സഭയിൽ മേലന്വേഷകരേയും മൂപ്പന്മാരേയും മാർതോമാ നിയമിച്ചിരുന്നോ എന്നും അന്നത്തെ സഭാകൂട്ടായ്മയിൽ അപ്പം മുറിക്കൽ ചടങ്ങ് നടത്തി ദൈവത്തെ സ്തുതിച്ചിരുന്നോ എന്നും അറിഞ്ഞുകൂടാ.

മാർതോമായുടെ കാലത്തിനുശേഷവും കേരളത്തിലെ നസ്രാണിസഭയുടെ ചരിത്രം അത്ര വ്യക്തമല്ല. രണ്ടാംനൂറ്റാണ്ടിൻറെ അവസാന കാലത്ത് ഇന്ത്യയിൽ ദൃഢമായ ഒരു ക്രിസ്തീയസമൂഹം ഉണ്ടായിരുന്നുയെന്ന് ചരിത്രപരമായ തെളിവകൾ ഉണ്ടെന്ന് ഡോ. സുഹ റാസ്സം (Dr. Suha Rassam) ഇറാഖിലെ ക്രിസ്തുമതം (Christianity in Iraq) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവർഷം 63 -ൽ ഒരു സ്വതന്ത്ര യൂദ രാജവംശം സ്ഥാപിക്കാൻവേണ്ടി റോമാക്കാർക്കെതിരായി സായുധ പ്രതിരോധം പലസ്തീനായിലെ യഹൂദർക്കിടയിൽ ആരംഭിച്ചു. ആ നീക്കത്തിൻറെ പരിണതഫലമായി 70 -തിൽ ജറുസലേമിലെ യഹൂദ ദേവാലയം റോമാക്കാർ പൂർണമായി നശിപ്പിച്ചുകളഞ്ഞു. യഹൂദരുടെ റോമാപ്രതിരോധത്തിൽ യൂദക്രിസ്ത്യാനികൾ പങ്കുചേർന്നില്ല. അതിൽ കുപിതരായ പരീശർ (Pharisees) യൂദക്രിസ്ത്യാനികളെ സിനഗോഗുകളിൽനിന്നും പുറത്താക്കാൻ തീരുമാനിച്ചു. ആക്രമണത്തെ ഭയന്ന് അവർ നാടുവിട്ട് പേർഷ്യ (Persia), മെസപ്പൊട്ടേമിയ (Mesopotamia) തുടങ്ങിയ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. പിന്നീട് ബാബിലോൺ നഗരം യൂദക്രിസ്ത്യാനികളുടെ കേന്ദ്രമായി. എന്നിരുന്നാലും ജെറുസലേമിനുശേഷം പ്രധാന ക്രിസ്‌ത്യൻ കേന്ദ്രങ്ങൾ അന്തിയോക്‌ (Antioch), അലക്സാൻഡ്രിയ (Alexandria), റോം (Rome) ആയിരുന്നു.  അഭയാർത്ഥികളായി ഗ്രീസിൽനിന്നും ജെറുസലേമിൽനിന്നും എത്തിയ ക്രിസ്ത്യാനികളാണ് പിന്നീട് ചർച്ച് ഓഫ് ദ ഈസ്റ്റ് (Church of the East) എന്ന പേരിൽ അറിയപ്പെട്ടത്. അഞ്ചാം നൂറ്റാണ്ടോടുകൂടി പേർഷ്യൻ ചർച്ച് (Persian Church) നെസ്‌റ്റോറിയൻ ചർച്ച് (Nestorian Church), ഈസ്റ്റേൺ ക്രിസ്ത്യൻ ചർച്ച് (Eastern Christian Church) എന്നീ പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മാർതോമാ ശ്ലീഹയും അദ്ദേഹത്തിൻറെ ശിഷ്യരായ അദ്ദായിയും മാറിയും (Addai and Mari) ആണ് ചർച്ച് ഓഫ് ദ ഈസ്റ്റിൻറെ സ്ഥാപകർ എന്ന് അവർ വിശ്വസിക്കുന്നു. കിഴക്കിൻറെ സഭ നിക്യ (Nicea, 325), കോൺസ്റ്റാൻറിനോപ്പിൾ (Constantinople, 381) എന്നീ സൂനഹദോസുകളെ അംഗീകരിച്ചിരുന്നു. കിഴക്കിൻറെ സഭയും ഇന്ത്യയിലെ സഭയും തമ്മിൽ ആദ്യകാലം മുതൽ ബന്ധം സ്ഥാപിച്ചിരുന്നു. ബാസ്രയിലെ (Basra) ദാവീദ് മെത്രാൻ 296-7 -ൽ കേരളം സന്ദർശിച്ചിരുന്നു. കിഴക്കിൻറെ സഭയുടെ പാത്രിയർക്കീസ് ഇന്ത്യയിലെ മൂന്നാമത്തെ മെത്രാനായി എദേസായിലെ (Edessa) യോഹന്നാൻ മെത്രാനെ 354 -ൽ നിയമിച്ചു. ഒൻപതാംനൂറ്റാണ്ടിൻറെ ആരംഭകാലത്ത് തിമോത്തി ഒന്നാമൻ (Thimothy I) ഇന്ത്യക്കുവേണ്ടി മെത്രാനെ വാഴിച്ചിട്ടുണ്ട്. ഇന്ത്യയിലെ സഭ വൈദികരെ ഉപരിപഠനത്തിനായി   മെസപ്പൊട്ടേമിയയ്ക്ക് അയച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ മാർതോമാ ക്രിസ്ത്യാനികളുടെ ഭരണം ഏറ്റെടുക്കുന്നതുവരെ ആ ബന്ധം തുടർന്നിരുന്നു. ആരാധനക്രമത്തിൽ സുറിയാനിഭാഷയുടെ ഉപയോഗം ആ ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. യേശുവിലുള്ള മനുഷ്യസ്വഭാവത്തെയും ദൈവസ്വഭാവത്തെയും ചൊല്ലി കോൺസ്റ്റാൻറ്റിനോപ്പിളിലെ നെസ്റ്റോറിയസും (Nestorius 386-451) റോമൻസഭയും തമ്മിൽ ക്രിസ്തുശാസ്ത്രപരമായി വിയോജിപ്പിലായി. അതിൻറെ പേരിൽ 431 -ൽ കൂടിയ എഫേസൂസ്‌ കൗൺസിലിൽവെച്ച് നെസ്റ്റോറിയസിനെ റോമൻസഭ മഹറോൻ ചൊല്ലി. നെസ്റ്റോറിയസിൻറെ സിദ്ധാന്തത്തെ നെസ്റ്റോറിയനിസം (Nestorianism) എന്ന പേരിൽ അറിയപ്പെടുന്നു. ആ സംഭവത്തെ തുടർന്ന് നെസ്റ്റോറിയസിൻറെ അനുയായികൾ പേർഷ്യയിലേയ്ക്ക് കൂട്ടപാലായനം ചെയ്ത് കിഴക്കിൻറെ സഭാംഗങ്ങളുടെ ഇടയിൽ താമസമാക്കി. കിഴക്കിൻറെ സഭ കാലക്രമേണ നെസ്റ്റോറിയസിൻറെ സിദ്ധാന്തം സ്വീകരിച്ചു. അഞ്ചാം നൂറ്റാണ്ടോടുകൂടി കിഴക്കിൻറെ സഭയെ നെസ്റ്റോറിയൻ സഭ എന്ന് അറിയപ്പെടാൻ തുടങ്ങി. അങ്ങനെ നെസ്‌റ്റോറിയനിസത്താൽ ദുഷിക്കപ്പെട്ട കിഴക്കിൻറെ സഭയിലെ പാത്രിയാക്കീസുമാരായിരുന്നു മാർതോമാ നസ്രാണിസഭയ്ക്ക് മെത്രാന്മാരെ അയച്ചിരുന്നത്. നസ്രാണികൾ നെസ്‌റ്റോറിയൻ വിശ്വാസികളാണെന്ന് പോർട്ടുഗീസുകാർ അനുമാനിച്ചത് ചരിത്രയാഥാർത്ഥ്യത്തെയും ക്രിസ്തുശാസ്ത്രത്തെയും ആധാരമാക്കിയായിരുന്നു. കിഴക്കിൻറെ സഭയ്ക്ക് അദ്ദായി-മാറിമാരുടെ സുറിയാനി ഭാഷയിലുള്ള ആരാധനക്രമമായിരുന്നു ആരംഭകാലംമുതൽ ഉണ്ടായിരുന്നത്. മധ്യപൂർവദേശങ്ങളിൽ നിന്നു മലങ്കരയിൽ ശുശ്രൂഷയ്ക്കുവന്ന മെത്രാപ്പോലീത്തമാർ  റാസകുർബാന ചെല്ലിയിരുന്നത് സുറിയാനി ഭാഷയിലായിരുന്നു. അക്കാരണത്താലാണ് പ്രോട്ടുഗീസുകാർ നസ്രാണി ക്രിസ്ത്യാനികളെ സുറിയാനിക്കാർ എന്ന് വിളിച്ചിരുന്നത് (കൂടുതൽ വിവരങ്ങൾക്ക് "Christianity in Iraq" by Dr. Suha Rassaam കാണുക).

ക്രിസ്‌തുവർഷം 345-ൽ അർമേനിയാക്കാരനായ കച്ചവടക്കാരൻ ക്നായിതൊമ്മൻ കേരളത്തിലേയ്ക്ക് കുടിയേറിയെന്ന് പറയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിലോ ഒൻപതാം നൂറ്റാണ്ടിലോ ആണ് അവർ കുടിയേറിയതെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. എഡേസായിലെ മെത്രാന് മാർതോമാക്രിസ്ത്യാനികളുടെ കഷ്ടസ്ഥിതിയെക്കുറിച്ച് സ്വപ്നമുണ്ടായെന്നും അതിൻപ്രകാരമാണ് ക്നായിതൊമ്മനെയും കൂട്ടരെയും മലങ്കരയ്ക്കയച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്. അല്ലാ, അർമേനിയായിലെ മതപീഡനത്തെ തുടർന്ന് പ്രാണരക്ഷാർത്ഥം പാലായനംചെയ്ത് വന്നവരെ കേരളത്തിലെ ഭരണാധികാരികളും ക്രിസ്ത്യാനികളും സ്വീകരിക്കുകയായിരുന്നുയെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. ഏതായാലും അവരുടെ വരവോടെ ഹൈന്ദവ ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അടിപ്പെട്ട് നാഥനും ആചാര്യനുമില്ലാതെ കഴിഞ്ഞിരുന്ന മാർതോമാക്രിസ്ത്യാനികൾക്ക് പുതിയ ഒരു ഉണർവും കൂടാതെ പ്രത്യേക ഒരു നിലയും വിലയും ഉണ്ടായെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാണിജ്യരംഗത്ത് പ്രശോഭിച്ചിരുന്ന മുസിറിസിലെ (കൊടുങ്ങല്ലൂർ) ഭരണാധികാരികൾ നവാഗതരായ ക്നായിതൊമ്മനും കൂട്ടർക്കും നിരവധി ആനുകൂല്യങ്ങൾ അനുവദിച്ചുകൊടുത്തെന്ന് പറയപ്പെടുന്നു. എഴുപത്തിരണ്ട് ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള ചെപ്പേട് ചേരമാൻ ചക്രവർത്തി ക്നായിതൊമ്മന് നൽകിയെന്ന് കരുതപ്പെടുന്നു. നിർഭാഗ്യവശാൽ ആ പ്രത്യേക ചെപ്പേട് നഷ്ടപ്പെട്ടുപോയി. ചുരുക്കത്തിൽ ക്നായിതൊമൻറെ ആഗമനകാലത്തെക്കുറിച്ചും ആഗമനകാരണങ്ങളെക്കുറിച്ചും അദ്ദേഹം നസ്രാണികൾക്ക് നേടിക്കൊടുത്ത പദവികളെക്കുറിച്ചുമെല്ലാം വിവാദങ്ങൾ ഇന്നും നിലനിൽക്കുന്നു. മാർതോമാ ക്രിസ്ത്യാനികളെ വടക്കുംഭാഗക്കാരെന്നും നവാഗതരായ ക്നായിക്കാരെ തെക്കുംഭാഗക്കാരെന്നും  വേർതിരിച്ച് ഇന്നും കാണുന്നു. അവർ തമ്മിലുള്ള വിവാദങ്ങളും ചെറുതല്ല. ജോസഫ് ചാഴികാട്ട് എഴുതിയ “തെക്കുംഭാഗ സമുദായ ചരിത്രം” ജോസഫ് കുർമ്മാങ്കൻ എഴുതിയ “തെക്കുംഭാഗരും വടക്കുംഭാഗരും” എന്നീ പുസ്തകങ്ങൾ വായിച്ചാൽ അത് മനസ്സിലാക്കാൻ സാധിക്കും. നവാഗതരിൽ ഒരു വിഭാഗം വർഗസങ്കരത്തിന് ഇടം കൊടുക്കാതെ നിലനിൽക്കുന്നുയെന്ന് വിശ്വസിക്കുന്നവർ ഇന്നും ഉണ്ട്. ഇന്ന് റോമൻ കത്തോലിക്ക സഭയിലും യാക്കോബായ സഭയിലും തെക്കുംഭാഗക്കാരുണ്ട്. ഇരുകൂട്ടർക്കും ഇടവകകളും രൂപതയും മെത്രാന്മാരുമുണ്ട്.

വടക്കുംഭാഗ സമുദായത്തിൽ പുരാതന മാർതോമാ ക്രിസ്ത്യാനികളും പിൻകാലങ്ങളിൽ ക്രിസ്തുമതം സ്വീകരിച്ച മറ്റു ജാതിക്കാരും മൈലാപ്പൂരിൽനിന്നും കുടിയേറിപ്പാർത്തവരും ഉൾപ്പെടുന്നു. വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും സീറോ മലബാർ റീത്തിലെ രണ്ടു സമുദായക്കാരായി ഇന്നും നിലനിൽക്കുന്നു. മാർതോമാ സ്നാനപ്പെടുത്തിയ ക്രിസ്ത്യാനികളും അവരുടെ പാരമ്പരകളും പിന്നീട് ആ മാർഗത്തിൽചേർന്ന ജനവിഭാഗവുമാണ് യദാർത്ഥ നസ്രാണികളെന്നു പറയാം. പുരാതന മാർതോമാ ക്രിസ്ത്യാനികളുടെ ചരിത്രവും മലങ്കരയിലേയ്ക്കുള്ള കുടിയേറ്റങ്ങളുടെ ചരിത്രവും പിൻകാലങ്ങളിൽ സംഭവിച്ച വേദപ്രചാര ചരിത്രവും മൊത്തത്തിൽ പരിശോധിച്ചാൽ കേരളത്തിലെ ഇന്നത്തെ മാർതോമാക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നവർ ഒരു സങ്കരസമുദായമാണെന്ന് സംശയലേശമെന്യേ പ്രസ്ഥാപിക്കാൻ കഴിയും.

മാർതോമാ അപ്പോസ്തലനാൽ സ്ഥാപിതമെന്ന് വിശ്വസിക്കപ്പെടുന്ന ഭാരതനസ്രാണിസഭ നാട്ടുരാജാക്കന്മാരുടെ കടന്നുകയറ്റത്തിന് ഇരയാകാതെ ഭാരതത്തിൻറെ സാമൂഹ്യ-ആധ്യാത്മികചുറ്റുപാടിൽ സ്വതന്ത്രമായി വളർന്നുവന്നു. കേരളത്തിൻറെ വാണിജ്യമേഖലയിൽ സുപ്രധാനമായ സ്ഥാനവും സാമൂഹ്യജീവിതത്തിൽ ഉന്നത പദവിയും നസ്രാണികൾക്കുണ്ടായിരുന്നു. മാർതോമാ നസ്രാണി സഭയ്ക്ക് തനതായ ദൈവികോപാസനസമ്പ്രദായവും സഭാഭരണസമ്പ്രദായവും ഉണ്ടായിരുന്നു. എന്നാൽ റോമാ സാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളുടെ വികസനത്തിൽ ആ പ്രദേശത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ ആഴമായി ബാധിച്ചു. കൂടാതെ സഭയിൽ ദൈവശാസ്ത്രപരമായ ചേരിതിരുവുകളും ഏറ്റുമുട്ടലുകളും നടന്നു. അതിൻറെ ഫലമായി മൂന്നാം നൂറ്റാണ്ടിലും (മാനിക്കെയിസം- Manichaeism) അഞ്ചാം നൂറ്റാണ്ടിലും (നെസ്‌റ്റോറിയനിസം- Nestorianism) പതിനൊന്നാം നൂറ്റാണ്ടിലും (ഈസ്റ്റ്-വെസ്റ്റ് സിസം- East-West Schism) റോമാസഭ പിളർക്കപ്പെട്ടു.

പഴയകാലങ്ങളിൽ കേരളസഭയ്ക്ക് മെത്രാന്മാരെ ലഭിച്ചിരുന്നത് ബാബിലോണിലെ സന്യാസാശ്രമങ്ങളിൽ നിന്നായിരുന്നു. ബാബിലോണിലെ സഭ നെസ്തോറിയൻ സഭയുടെ ഭാഗമായിരുന്നു. അന്നൊക്കെ മാർതോമാ ക്രിസ്ത്യാനികൾക്ക് നെസ്തോറിയൻ സഭയും റോമൻ സഭയും തമ്മിലുള്ള ദൈവശാസ്ത്ര വാഗ്വാദങ്ങളെസംബന്ധിച്ച് അറിവൊന്നുമില്ലായിരുന്നു. ചില കാലഘട്ടങ്ങളിൽ മെത്രാന്മാരെ ലഭിക്കാതെവന്നതിനാൽ കേരളത്തിലെ ക്രിസ്ത്യാനികൾ ക്ലേശങ്ങൾ സഹിക്കേണ്ടിയും വന്നിട്ടുണ്ട്. പഴയകാലങ്ങളിൽ നസ്രാണികൾക്ക് ശൂശ്രൂഷചെയ്യാൻ ബാബിലോണിൽനിന്നെത്തിയിരുന്ന മെത്രാന്മാർ സുറിയാനി ഭാഷയിൽ റാസകുർബാന ചെല്ലുന്നതിലും ദേവാലയങ്ങൾ കൂദാശ ചെയ്യുന്നതിലും കത്തനാർപട്ടം നൽകുന്നതിലും വ്യാവൃതരായിരുന്നു. സമുദായാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. പള്ളിയുടെ ഭരണകാര്യങ്ങളിൽ അവർ സാധാരണയായി ഇടപെട്ടിരുന്നില്ല. ജാതിത്തലവനായ അർക്കദ്യാക്കോൻ ആയിരുന്നു  സമുദായകാര്യങ്ങളും സമുദായപ്രശ്നങ്ങളും കൈകാര്യം ചെയ്തിരുന്നത്. ആ കാലഘട്ടങ്ങളിൽ അല്മായരെ എണങ്ങർ എന്നും വൈദികരെ കത്തനാർ അല്ലെങ്കിൽ പട്ടക്കാർ എന്നുമാണ് അതിസംബോധന ചെയ്തിരുന്നത്.

കേരളക്രിസ്ത്യാനികളുടെ ജാതിത്തലവനായിരുന്ന ആർക്കദ്യാക്കോനെക്കുറിച്ച് കാര്യമായ വിവരങ്ങൾ പോർട്ടുഗീസുകാരുടെ വരവോടുകൂടിയാണ് ചരിത്രപരമായി നമുക്ക് ലഭിക്കുന്നത്. 'ഇന്ത്യമുഴുവൻറെയും ആർക്കദ്യാക്കോൻ' (Archdeacon of all India) എന്നവരെ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നു. അവർ നസ്രാണികളുടെ സമുദായ നേതാവായിരുന്നു. സഭയിലെ എല്ലാ വിഭാഗങ്ങളിലുംപെട്ട - കത്തനാരന്മാർ, സന്യാസിമാർ, വൈദികവിദ്യാർഥികൾ, എണങ്ങർ - ആളുകളുടെമേലും ആർക്കദ്യാക്കോന് അധികാരമുണ്ടായിരുന്നു. ആരാധനസമ്മേളനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേകസ്ഥാനമുണ്ടായിരുന്നു. മാർതോമാക്രിസ്ത്യാനികളുടെ കത്തനാരന്മാർ വിവാഹിതരായിരുന്നെങ്കിലും ആർക്കദ്യാക്കോന്മാർ അവിവാഹിതരായിരുന്നു. അവർ സഭാസമൂഹത്തിൻറെ അവകാശ സംരക്ഷണത്തിനുവേണ്ടിയായിരുന്നു നിലനിന്നിരുന്നത്. നസ്രാണികളുടെ ആധ്യാത്മികവും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ആർക്കദ്യാക്കോന്മാർ ആയിരുന്നു. അവരെകൂടാതെ മധ്യപൂർവദേശങ്ങളിൽനിന്നു വന്നിരുന്ന മെത്രാപ്പോലീത്തമാർക്ക് കാര്യനിർവഹണം അസാധ്യമായിരുന്നു. മെത്രാന്മാർ എണങ്ങരുടെ ആധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധപതിക്കുമ്പോൾ പള്ളിയോഗങ്ങളും ആർക്കദ്യാക്കോനും പള്ളിയുടെ ഭൗതികകാര്യവിചാരം നിർവഹിച്ചിരുന്നു. ആർക്കദ്യാക്കോൻസ്ഥാനം ജീവിതകാലം മുഴുവനും  ഉള്ളതുമായിരുന്നു. പോർട്ടുഗീസ് അധിനിവേശത്തിനുശേഷം നസ്രാണികൾക്ക് ഒരു തലവനില്ലാതെ പോയി.

 
ക്രിസ്തുവർഷം 1498 -ലാണ് പോർട്ടുഗീസുകാരനായ വാസ്‌കോഡിഗാമ കോഴിക്കോട്ടെത്തുന്നത്. അന്ന് നസ്രാണികളിലാരെയും ഗാമ കണ്ടതായി തെളിവില്ല. 1502- ലെ അദ്ദേഹത്തിൻറെ രണ്ടാം സന്ദർശനത്തിലാണ് കൊച്ചിയിലെത്തുന്നത്. അന്നദ്ദേഹം മാർതോമാ നസ്രാണികളെ കാണുകയും അവരിൽനിന്ന് ഒരു അധികാരദണ്ഡ് സ്വീകരിക്കുകയും ചെയ്തു. നസ്രാണികൾക്ക് ഒരു രാജാവുണ്ടായിരുന്നെന്നും ആ രാജകുടുംബം പോർട്ടുഗീസുകാരുടെ വരവിനുമുമ്പ് ക്ഷയിച്ചുപോയെന്നും ആ കുടുംബത്തിലെ രാജാക്കന്മാരുടെ അധികാരചിഹ്നമായ ദണ്ഡാണ് ഗാമയ്ക്ക് നൽകിയതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പോർട്ടുഗീസുകാർ കൊച്ചിയിലെത്തിയപ്പോൾ ക്രിസ്ത്യൻ മിഷ്യനറിമാരും അവരോടൊപ്പമുണ്ടായിരുന്നു. വ്യാപാരം കൂടാതെ മതപരമായ ശുഷ്കാന്തിയും പോർട്ടുഗീസുകാരുടെ അജണ്ഡയിലുണ്ടായിരുന്നു. വർഷങ്ങൾ കടന്നുപോയപ്പോൾ മാർതോമാ ക്രിസ്ത്യാനികളുടെ പൗരസ്ത്യ മെത്രാന്മാരുമായുള്ള ബന്ധവും കേരളീയ ആചാരങ്ങളും ദുരാചാരങ്ങളും മറ്റു മതസ്ഥരോടുള്ള സഹവർത്തിത്വമനോഭാവവുമെല്ലാം പോർട്ടുഗീസ് മിഷ്യനറിമാർക്ക് അരോചകമായി. അവർ നാട്ടുഭാഷയും കൂടാതെ സുറിയാനിയും വശമാക്കി. നസ്രാണികളുടെ ആരാധനഭാഷ സുറിയാനി ആയിരുന്നതിനാൽ അവരെ സുറിയാനിക്കാർ എന്നും മിഷ്യനറിമാരുടെ പ്രയാഗ്നഫലമായി ക്രിസ്തുമാർഗം സ്വീകരിച്ചവരുടെ ആരാധനഭാഷ ലത്തീൻ ആയിരുന്നതിനാൽ അവരെ ലത്തീൻകാർ എന്നും അറിയപ്പെട്ടു.  നസ്രാണികൾ നെസ്തോറിയൻ അനുഭാവികളാണെന്ന് പൊട്ടുഗീസുകാർ മനസ്സിലാക്കി. പിന്നീടവർ നസ്രാണികളെ പോപ്പിൻറെ കീഴിലാക്കാൻ പരിശ്രമമാരംഭിച്ചു.

കേരളത്തിൽ അന്നുണ്ടായിരുന്ന പേർഷ്യൻ മെത്രാന്മാർ വാണിജ്യകാര്യങ്ങളിൽ പൊട്ടുഗീസുകാരെ സഹായിച്ചിരുന്നു. ആ കാലഘട്ടങ്ങളിൽ മുപ്പതിനായിരത്തോളം ക്രൈസ്തവകുടുംബങ്ങളും ഇരുപത്തയ്യായിരത്തോളം നസ്രാണിയോദ്ധാക്കളും പല പട്ടണങ്ങളിലായി താമസിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൻറെ ആരംഭകാലത്തുതന്നെ ധാരാളം പോർട്ടുഗീസ് മിഷ്യനറിമാർ കേരളത്തിൽ അവരുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. 1534-ൽ ഗോവാരൂപതയും 1558-ൽ കൊച്ചിരൂപതയും  സ്ഥാപിക്കപ്പെട്ടു. 1557-ൽ ഗോവാരൂപത അതിരൂപതയായി ഉയർത്തപ്പെട്ടു.  1541-ൽ കൊടുങ്ങല്ലൂരും 1577-ൽ ചേന്ദമംഗലത്തും പോർട്ടുഗീസുകാർ സെമിനാരികൾ സ്ഥാപിച്ചു. മാർതോമാ ക്രിസ്ത്യാനികളിൽ നിന്നുള്ളവർക്ക് ആ സെമിനാരികളിൽ പരിശീലനം നടത്തി. അന്നുവരെ നസ്രാണിസഭയിൽ നിലനിന്നിരുന്ന മല്‌പാൻ പരിശീലനസമ്പ്രദായവും പള്ളിയോഗം നല്‌കിയിരുന്ന പട്ടത്തിനുള്ള ദേശക്കൂറിസമ്പ്രദായവും മിഷ്യനറിമാർ  അവഗണിച്ചതുകൂടാതെ കൊച്ചിമെത്രാൻറെ അനുമതിയോടുകൂടി മാത്രമേ വൈദികപട്ടംനാല്കാവു എന്ന വ്യവസ്ഥയും ഉണ്ടാക്കി. 1862-ൽ വാരാപ്പുഴയിൽ പ്രൊപ്പഗാന്താപാതിരികളും സെമിനാരി സ്ഥാപിച്ചു. 1558 -ട്ടോടുകൂടി പാശ്ചാത്യസമ്പ്രദായത്തിലുള്ള കുമ്പസാരം, സ്ഥൈര്യലേപനം, അന്ത്യകൂദാശ എന്നീ ചടങ്ങുകളും പൂജാവസ്ത്രങ്ങളും മിഷ്യനറിമാരുടെ സമ്മർദ്ദംമൂലം നസ്രാണിസഭയിൽ നടപ്പിലാക്കിത്തുടങ്ങി. 1595-ൽ ഗോവായിലെ മെത്രാപ്പോലീത്തയായി അലക്സിസ് മെനേസിസ് (Alexis Menesis) ചാർജെടുത്തു. അദ്ദേഹം അന്നത്തെ ആർക്കദ്യാക്കോനായിരുന്ന പകലോമറ്റം കുരിശിൻറെ യോഹന്നാനെ ഭയപ്പെടുത്തി ഉദയമ്പേരൂർ എന്ന സ്ഥലത്ത് മാർതോമാ ക്രിസ്ത്യാനികളുടെ പള്ളിമഹായോഗം വിളിച്ചുകൂട്ടി. ആ നസ്രാണി മഹാസമ്മേളനത്തെ ഉദയമ്പേരൂർ സൂനഹദോസ് എന്ന പേരിൽ അറിയപ്പെടുന്നു. ജാതിക്കു കർത്തവ്യൻ വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷമഹായോഗത്തിൽ മലങ്കരയിലെ പള്ളികളെ പ്രതിനിധീകരിച്ച് 644 പള്ളിപ്രതിപുരുഷന്മാരും 134 പട്ടക്കാരും പങ്കെടുത്തു. ഈ മഹാസമ്മേളനത്തിൽവെച്ച് - അതായത് മാർതോമാ ക്രിസ്ത്യാനികളുടെ പള്ളിപ്രതിപുരുഷയോഗം എന്ന സഭാഘടനയെത്തന്നെ മെനേസിസ് മെത്രാപ്പോലീത്ത ഉപയോഗിച്ച് - നസ്രാണികളുടെ പതിനാറുനൂറ്റാണ്ടു പഴക്കമുള്ള പാരമ്പര്യപൈതൃകങ്ങൾ ഇല്ലാതാക്കിക്കളഞ്ഞു. മെനേസിസ് മെത്രാപ്പോലീത്ത നസ്രാണികളുടെ പൂർവപാരമ്പര്യമായ പള്ളിപ്രതിപുരുഷയോഗത്തെയെങ്കിലും മാനിച്ചുകൊണ്ടാണ് സഭയിൽ മാറ്റങ്ങൾ വരുത്തിയത് ('ഉദയമ്പേരൂർ സൂനഹദോസിൻറെ കാനോനകൾ' എന്ന പുസ്തകം കാണുക). മാർതോമാ ക്രിസ്ത്യാനികളുടെ അതിപ്രധാന പൈതൃകമായ പള്ളിപ്രതിപുരുഷ മഹായോഗത്തെ (സീറോ മലബാർ സഭാസിനഡ്) ഇത്രയും കാലമായിട്ടും പുനഃസ്ഥാപിച്ചിട്ടില്ലന്നുള്ളകാര്യം ഈ അവസരത്തിൽ വിസ്മരിക്കാതെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇന്ന് സീറോ മലബാർ സഭയ്ക്ക് മെത്രാൻസിനഡ് മാത്രമേയുള്ളു. മെത്രാൻസിനഡിനെ സഭാസിനഡ് എന്നുവിളിച്ച് അല്മായരെ പറ്റിക്കാൻ മെത്രാന്മാർ പരിശ്രമിക്കുണ്ട്. കൂടാതെ ആർക്കദ്യാക്കോൻ സ്ഥാനവും പുനഃസ്ഥാപിച്ചിട്ടില്ലെന്നതും ശ്രദ്ധാർഹമാണ്.

ഉദയമ്പേരൂർ സൂനഹദോസുവഴി പോർട്ടുഗീസുകാർ മാർതോമാ ക്രിസ്ത്യാനികൾക്കുചെയ്ത നല്ലകാര്യങ്ങളും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പോർട്ടുഗീസുകാരുടെ ആഗമനകാലത്ത് നസ്രാണികൾ മാനിക്കേയൻ, നെസ്തോറിയൻ പാഷണ്ഡതകളിലും ക്രൈസ്തവവിരുദ്ധ ദുരാചാരങ്ങളിലും തളയ്ക്കപ്പെട്ടു കിടന്നിരുന്ന നാമമാത്ര ക്രിസ്ത്യാനികളായിരുന്നു. ആ സമൂഹത്തെ യഥാർത്ഥ ക്രിസ്തീയതയിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് പോർട്ടുഗീസ് മിഷ്യനറിമാരാണെന്ന സത്യം നമുക്ക് വിസ്മരിക്കാൻ പാടില്ല. സുറിയാനി പ്രേമികളായ കല്ദായവാദികളാണ് മാർതോമാ ക്രിസ്ത്യാനികളെ വിദേശികളാണ് നശിപ്പിച്ചതെന്നുള്ള ദുഷ്പ്രചാരണം നടത്തുന്നത്. അത് ചരിത്രത്തോടും സത്യത്തോടും ചെയ്യുന്ന അനീതിയാണ്. മന്ത്രവാദം, കോഴിവെട്ട്, പുലയിടീൽ തുടങ്ങിയ ദുരാചാരങ്ങൾ പാരമ്പര്യത്തിൻറെയും ആചാരത്തിൻറെയും പേരിൽ പേറിനടന്നിരുന്ന നസ്രാണികളെ റോമൻ കത്തോലിക്ക സഭയിലേക്ക് ആനയിച്ച മിഷ്യനറിമാരോട് യഥാർത്ഥത്തിൽ നന്ദി തോന്നേണ്ടതാണ്. എന്നാൽ അതൊരു ദുരന്തമായും കൂനൻകുരിശുസത്യം വിമോചനസമരമായും ചിലർ കാണുന്നുണ്ട്!

കേരളത്തിലെ നസ്രാണികൾ മതജീവിതത്തിലും സമൂഹജീവിതത്തിലും ഭാരതീയരായിരുന്നു. അതിനുകാരണം ‘മാർതോമായുടെ മാർഗവും വഴിപാടും’ എന്ന അവരുടെ ജീവിത രീതിയായിരുന്നു (way of life). സൂനഹദോസിനുശേഷം മധ്യപൂർവദേശങ്ങളിൽനിന്നു വന്നിരുന്ന മെത്രാന്മാരുടെ ആധ്യാത്മികപരിപാലനത്തിന് വിരാമമായി. പാശ്ചാത്യമെത്രാന്മാരുടെ അടക്കിഭരണത്തിന് ആരംഭവും കുറിച്ചു. അങ്കമാലി-കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാനായി നിയമിതനായ ഫ്രാൻസിസ് റോസ് മെത്രാൻ (1601-1624) ലത്തീൻ ആരാധനക്രമം സുറിയാനി ഭാഷയിലാക്കീയെങ്കിലും അതും പാശ്ചാത്തീകരിച്ചു. അടക്കിഭരിക്കലും പാശ്ചാത്തീകരിക്കലും അധികനാൾ നീണ്ടുനിന്നില്ല. പാശ്ചാത്യമെത്രാന്മാരുടെ ഭരണത്തിൽ (പദ്രുവാദോ - കൊടുങ്ങല്ലൂർ രൂപതയ്ക്ക് പോർട്ടുഗീസുരാജാവ് നിയമിക്കുന്ന മെത്രാൻറെ ഭരണം; പ്രൊപ്പഗാന്താ - വരാപ്പുഴ രൂപതയ്ക്ക് മാർപാപ്പ നേരിട്ടു നിയമിക്കുന്ന മെത്രാൻറെ ഭരണം) സഹികെട്ട  ഒരുപറ്റം നസ്രാണികളും (4000-നും 5000-നും ഇടയ്ക്കുവരും അവരുടെ അംഗസംഖ്യ) കുറെ കത്തനാരന്മാരും പകലോമറ്റം കുടുംബത്തിലെ തോമാ ആർക്കദ്യാക്കോനും 1653-ൽ കൊച്ചിക്കടുത്ത മട്ടാഞ്ചേരിപ്പള്ളിയുടെ മുമ്പിൽ സമ്മേളിച്ച് അവിടെയുള്ള കൂനൻ കുരിശിൽ ആലത്തുകെട്ടി അതിൽപ്പിടിച്ച് പാശ്ചാത്യമേൽക്കോയ്മയെ വെല്ലുവിളിച്ച് ഒരു പ്രതിജ്ഞചെയ്തു. അതാണ് പ്രസിദ്ധമായ കൂനൻകുരുശുസത്യം. പാശ്ചാത്യമെത്രാൻഭരണം വേണ്ട; മധ്യപൂർവദേശങ്ങളിൽ നിന്നുള്ള സുറിയാനിമെത്രാന്മാർ മതി എന്ന ചിന്തയായിരുന്നു കൂനൻകുരിശുസത്യത്തിനു നാസ്രാണികളെ പ്രേരിപ്പിച്ചതിൻറെ അടിയൊഴുക്ക്.

ഏകദേശം നാലുമാസങ്ങൾക്കുശേഷം 1653 മെയ് 22-ന് പന്ത്രണ്ട് വൈദികരുടെ കൈവയ്‌പ്പോടെ തോമാ ആർക്കദ്യാക്കോനെ ആലങ്ങാട്ടുവച്ച് ‘മാർതോമാ പ്രഥമൻ’ എന്ന ഔദ്യോഗികപേരോടുകൂടി മെത്രാപ്പോലീത്തയായി വാഴിച്ചു. നീണ്ട പതിനാറുനൂറ്റാണ്ടുകൾക്കുശേഷം മാർതോമാ നസ്രാണിസഭ അങ്ങനെ  രണ്ടായി പിളർന്നു. സത്യംചെയ്ത് പിരിഞ്ഞുപോയ കൂട്ടരെ പുത്തെൻകൂറ്റുകാർ എന്നും പാശ്ചാത്യമെത്രാന്മാർക്ക് വിധേയരായി  നിന്നവരെ പഴയകൂറ്റുകാർ എന്നും അറിയപ്പെടാൻ തുടങ്ങി. 1653-നും 1932-നുമിടയ്ക്ക് പുത്തെൻകൂറ്റുകാർ അഞ്ചുസഭകളായും (Malabar Independent Syrian Church-1773, Mar Thoma Syrian Church-1885, Malankara Orthodox Syrian Church-1909, Jacobite Syrian Christian Church-1909, and Syro Malankara Catholic Church-1932) പഴയകൂറ്റുകാർ രണ്ടുസഭകളായും (Church 0f the East in India also known as Surais of Trichur-1862 and Syro Malabar Catholic Church) വീണ്ടും വിഭജിക്കപ്പെട്ടു! പാശ്ചാത്യ/പൗരസ്ത്യ സഭകളുടെയും അധികാരികളുടെയും ഇടപെടലുകളും അവരിൽനിന്നുലഭിച്ച നവോദ്ധാനചിന്തകളും സഭാമേലധ്യക്ഷന്മാരുടെ അധികാരവടംവലികളുമായിരുന്നു അതിൻറെ കാരണങ്ങൾ. അതിനെല്ലാം ബലിയാടുകളായത് കേരളത്തിലെ മാർതോമാ നസ്രാണികൾ!!

കൂടാതെ കഴിഞ്ഞ അമ്പതുവർഷത്തിനിടെ പഴയകൂറ്റുകാരിൽനിന്നും പുത്തൻകൂറ്റുകാരിൽനിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ മുഖ്യധാരാസഭകളല്ലാത്ത കൂട്ടായ്മയിലേയ്ക്ക് പ്രത്യേകിച്ച് പെൻറികോസ്റ്റൽ കൂട്ടായ്മയിലേയ്ക്ക് മാറിപ്പോയിട്ടുണ്ട്.  മുഖ്യധാരാസഭകളോടുള്ള അതൃപ്തിയും കരിസ്മാറ്റിക് മൂവ്മെൻറ്റുവഴി ചില നേതാക്കൾ അനിയായികളെ സ്വാധീനിച്ച് വേദപുസ്തകത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രാർത്ഥനയുടെ ദിവ്യശക്തിയെക്കുറിച്ചും ബോധവൽക്കരണം നടത്തിയതുമാണ് അതിനുള്ള പ്രധാന കാരണങ്ങൾ.

സീറോ മലബാർ കത്തോലിക്കസഭയ്ക് മാർതോമായോളം പഴക്കമുണ്ടെന്ന് അവർ അഭിമാനിക്കുന്നു. നൂറ്റാണ്ടുകളോളം ദീർഘിച്ച പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തങ്ങളുടെ വിശ്വാസം അഭംഗുരം അവർ കാത്തുസൂക്ഷിച്ചു. അതിൻറെ പ്രഭയും ചൈതന്യവും ഇന്ന് മങ്ങിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ സഭാകാര്യങ്ങളിൽ തികഞ്ഞ നിസ്സംഗരാണ്. അതിനു കാരണം സ്വന്തം സഭയെപ്പറ്റിയുള്ള അജ്ഞതയാണ്. അവരെ അജ്ഞരായി നിലനിർത്തികൊണ്ട് കാര്യംകാണാൻ സഭാധികാരത്തിന് താല്പര്യവുമാണ്. പഴയകാല നസ്രാണി എണങ്ങർക്ക് സഭാകാര്യങ്ങളിൽ അർത്ഥപൂർണമായ പ്രവർത്തനമണ്ഡലങ്ങൾ ഉണ്ടായിരുന്നു. ആ പാരമ്പര്യത്തെ അട്ടിമറിച്ച് ഇന്നത്തെ സഭാധികാരം സഭാപൗരരെ സഭാകാര്യങ്ങളിൽനിന്നും സാഫല്യം അകറ്റിനിർത്തിയിരിക്കയാണ്. കൂടാതെ മെത്രാന്മാർ സീറോ മലബാർ സഭയെ പാശ്ചാത്യറോമാസഭയോട് അനുരൂപപ്പെടുത്തുകയും ചെയ്തു. റോമൻ പൗരസ്ത്യ സഭകളിൽ പെടാത്ത സീറോ-മലബാർ സഭയ്ക്കും പൗരസ്ത്യ കാനോൻ നിയമം ബാധകമാക്കി പള്ളിയുടെ സാമ്പത്തികഭരണം അല്മായരിൽനിന്നും മെത്രാന്മാർ പിടിച്ചെടുത്തു. ചുരുക്കം ചില മെത്രാന്മാരുടെ പിടിവാശിമൂലം സഭയിലെ ബഹുഭൂരിപക്ഷം വിശ്വാസികളുടെയും എതിർപ്പിനെ അവഗണിച്ച് കൽദായ റാസകുർബാന നടപ്പിലാക്കുകയും 'മാർതോമാകുരിശ്' എന്ന പേരിൽ മാനിക്കേയൻ കുരിശ് വണക്കത്തിനായി പള്ളികളിൽ സ്ഥാപിക്കുകയും ചെയ്തു. അതോടെ സീറോ മലബാർ കത്തോലിക്കസഭയുടെ നാശനത്തിൻറെ വിത്ത് പാകിക്കഴിഞ്ഞെന്ന് പ്രസ്താവിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment