Translate

Friday, November 9, 2018

നഷ്ടപ്പെടുത്തിയ മാർതോമാ പൈതൃകം

 

ചാക്കോ കളരിക്കൽ      

എന്നെ സംബന്ധിച്ചിടത്തോളം മാർതോമാ ക്രിസ്ത്യാനികളുടെ ചരിത്രവും പൈതൃകവും പഠിച്ചുപോയത് വേദനയായി. മാർതോമാ നസ്രാണി കത്തോലിക്കാസഭയിൽ എൻറെ പൂർവീകർ ജനിക്കാനും ഞാൻ സഭയെ സ്നേഹിക്കാനും കാരണമായത് സങ്കടമായി. മാർതോമാ നസ്രാണി കത്തോലിക്കരുടെ മേലധ്യക്ഷന്മാർ (സീറോ മലബാർ മെത്രാൻ സിനഡ്) ഒറ്റക്കെട്ടായി അവർ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്ന മാർതോമാ പാരമ്പര്യത്തെയും പൈതൃകത്തെയും എന്നന്നേയ്ക്കുമായി ഇല്ലാതാക്കിയത് ദുഃഖകരമായി.

ഏതൊരു സഭയ്ക്കും (റീത്തിനും) അതിൻറെതായ ചരിത്രവും അതിനെ മറ്റ് സഭകളിൽനിന്നും വേർതിരിക്കുന്ന കൃത്യമായ അതിരുകളുമുണ്ട്. വസ്തുശാസ്ത്രത്തിലാണെങ്കിൽ അത്തരം അതിരുകളെ 'പ്രാകാരവിധി' കൾ എന്നു പറയും. ഒരു സഭയെ സംബന്ധിച്ചുചിന്തിക്കുമ്പോൾ അതിൻറെ പ്രാകാരവിധികൾ ദൈവശാസ്ത്രം, ആരാധനക്രമം, ആധ്യാത്മികത, ശിക്ഷണക്രമം, ഭക്താഭ്യാസങ്ങൾ, പാരമ്പര്യങ്ങൾ, ഭരണരീതികൾ, സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ തുടങ്ങിയവയാണ്. പ്രാകാരവിധികളാണ് ഭാരതീയ ക്രൈസ്തവ സമുദായത്തിൻറെയും സഭകളുടെയും അസ്തിത്വത്തിൻറെ നിധാനം. അപ്പോൾ നസ്രാണി പാരമ്പര്യബന്ധങ്ങളെ വിളംബരം ചെയ്യുന്ന സ്മാരകങ്ങളാണ് പൈതൃകപ്രാകാരവിധികൾ.

കാലികങ്ങളായ മാറ്റങ്ങൾ സഭയിൽ കൊണ്ടുവരുമ്പോൾ അതിൻറെ ചരിത്രത്തെയും പൈതൃകത്തെയും മുറിവേൽപ്പിക്കുന്നവ ആയിരിക്കാൻ പാടില്ല. ചരിത്രബോധമോ സത്വബോധമോ ഇല്ലാത്ത സഭാധികാരികൾ പ്രാകാരവിധികളിൽ/പൈതൃകങ്ങളിൽ മുറിവുകൾ ഏല്പ്പിക്കുന്നത് സ്വാർത്ഥതാത്പര്യംകൊണ്ടുമാത്രമാണ്. സ്വന്തം അധികാരത്തിനും അതിനു സമാനമായി സമ്പത്തിനുംവേണ്ടി പൈതൃകങ്ങളെ എങ്ങനെ വൈകൃതമാക്കാമെന്നാണ് ഇത്തരക്കാർ ചിന്തിക്കുന്നത്. അതിന് സ്വന്തം കാര്യലബ്ധിക്കായി കണ്ണടച്ച് പിന്തുണനല്കുന്ന പുരോഹിതരും നക്കാപ്പിച്ച കാര്യലാഭത്തിനായി ചൂട്ടുപിടിക്കുന്ന സഭാപൗരരും ഒന്നുപോലെ തെറ്റിന് കൂട്ടുനില്ക്കുന്നവരാണ്. നമ്മുടെ പിതാമഹന്മാരെ ബഹുമാനിക്കുന്ന ഒരു വ്യക്തിക്കും സഹിക്കാനാവുന്നതിനപ്പുറമാണത്.

മാർതോമാ മലങ്കരയിൽ കൊണ്ടുവന്ന് പാകി മുളപ്പിച്ചു വളർത്തിയ യേശുസന്ദേശങ്ങൾ സ്ഥലകാല സാഹചര്യങ്ങളിലൊതുങ്ങി പലവിധ മതിലുകൾ സൃഷ്ടിച്ച് പതിനഞ്ചു നൂറ്റാണ്ടുകൾ താണ്ടി. പിന്നീടത് മതകൊളോണിയപിടിയിലമർന്ന് അതിൻറെ പല മതിലുകളും പൊളിച്ചുപണിതു. അത് നസ്രാണിസമൂഹത്തിനേറ്റ വൻ പ്രഹരമായിരുന്നു. ചരിത്രബോധമില്ലാത്ത അഥവാ ചരിത്രബോധത്തെ മനഃപൂർവം തമസ്ക്കരിച്ച അധികാരികൾ തങ്ങൾ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് നോക്കാതെ, ഈ അടുത്ത കാലത്ത്, മതിലുകളെ തങ്ങളുടെ ഇഷ്ടപ്രകാരം വീണ്ടും പൊളിച്ചുകെട്ടി. അതുമൂലം സഭാമക്കൾക്കുണ്ടായ നൊമ്പരവും വേദനയും ആരറിയാൻ!

സംരക്ഷിക്കേണ്ടത് നാം സംരക്ഷിക്കണം; പൊളിച്ചടുക്കുകയല്ലാ വേണ്ടത്. അതല്ലായെങ്കിൽ വരും തലമുറയോട് നാം ചെയ്യുന്ന വലിയ പാതകമായിരിക്കുമത്. ആയതിനാൽ പൊളിച്ചുകെട്ടിയ മതിലുകളെ പൂർവപാരമ്പര്യത്തിലും പൈതൃകത്തിലുമധിഷ്ഠിതമായി പ്രാകാരവിധികളോടെ പുനർനിർമിക്കപ്പെടണം. മാർതോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും വകവയ്ക്കാതെയും അവഗണിച്ചും കഴിഞ്ഞ മുപ്പത്തഞ്ചു വർഷംകൊണ്ട് സീറോ മലബാർ മെത്രാൻ സിനഡ് മാർതോമാ നസ്രാണി സഭയെ ലത്തീൻ സഭയുമായി അനുരൂപപ്പെടുത്തി. ഹൃദയമുള്ള ഒരു നസ്രാണിക്കും സഹിക്കാൻ സാധിക്കുന്ന കാര്യമല്ല, അവർ കാട്ടിക്കൂട്ടിയത്. എന്തിനുവേണ്ടി? യേശുപഠനത്തിന് കടകവിരുദ്ധമായി അധികാരത്തിനും സമ്പത്തിനും വേണ്ടി.

ഞാൻ സ്നേഹിക്കുന്ന സഭയുടെ മൗലികത നഷ്ടപ്പെട്ടുപോയതിൽ ഞാൻ കഠിനമായി വേദനിക്കുന്നു. നിങ്ങൾക്കും അതിൽ വേദനയുണ്ടെന്ന് ഞാൻ കരുതുന്നു. മഹത്തായ നസ്രാണി പാരമ്പര്യത്തെയും പൈതൃകത്തെയും തകർത്ത് പാശ്ചാത്യർ പാശ്ചാത്യവൽക്കരിക്കാൻ ശ്രമിച്ചെങ്കിൽ നമുക്കത് മനസ്സിലാക്കാനാവുന്നതേയുള്ളൂ. എന്നാൽ ഇന്നീകർമ്മം യുദ്ധകാലാടിസ്ഥാനത്തിൽ  ഏറ്റെടുത്ത് നടപ്പിലാക്കിയ നാട്ടുമെത്രാന്മാരും അവർക്ക് ഓശാന പാടിനിന്ന ക്ലർജികളും ഇക്കാര്യത്തിൽ കൂട്ടുകുറ്റക്കാരാണ്. മാറിമാറിവരുന്ന വികാരിമാരുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് തകർന്നടിയുന്ന നമ്മുടെ അതിപുരാതന  ദേവാലയങ്ങൾപോലെ നസ്രാണി പാരമ്പര്യവും പൈതൃകവും നാമാവിശേഷമായിക്കൊണ്ടിരിക്കുന്നു. സഭാപൗരരുടെ അഭിപ്രായങ്ങളെ ശ്രവിക്കാൻ കൂട്ടാക്കാത്ത മെത്രാന്മാർ കാട്ടിക്കൂട്ടുന്ന തോന്യാസങ്ങളെ നമുക്കകലെനിന്ന് വേദനയോടെ അനുഭവിക്കാനെ കഴിയൂ. ഇവർക്കുള്ള അധികാരം ദൈവത്തിൽനിന്ന് നേരിട്ടുകിട്ടിയതാണെന്നുള്ള തട്ടിപ്പുപറഞ്ഞാലും എല്ലാവരും ഒത്തുപിടിച്ചാൽ ധിക്കാരികളെ മൊത്തത്തോടെ മഹറോൻ ചൊല്ലാൻ കഴിയും.

പ്രിയരേ, ചരിത്രം നിറഞ്ഞുനില്ക്കുന്ന നമ്മുടെ പാരമ്പര്യങ്ങളും പൈതൃകങ്ങളും ഇന്നെവിടെ? കടപുഴക്കി മെത്രാൻസംഘം അതിനെ വേമ്പനാട്ടുകായലിൽ തള്ളി. സത്യത്തിൽ ഇന്നവർ സഭാപൗരരുടെ നേരെ കൊലച്ചിരിയുമായി നില്ക്കുകയാണ്, അധികാരവും സമ്പത്തും അവരുടെ പിടിയിൽ അമർന്നതിൻറെ പേരിൽ. മാർതോമാ നസ്രാണി കത്തോലിക്കാസഭയിൽ നടക്കുന്ന സമകാലിക സംഭവവികാസങ്ങളെ വിലയിരുത്തുമ്പോൾ നിങ്ങൾക്കു മനസ്സിലാകും ഈ സഭയ്ക്ക് സംഭവിച്ചുകൊണ്ടിരുക്കുന്ന അപചയം.
This article is published in Malayalam Daily News. Link given below
 
 

No comments:

Post a Comment