Translate

Friday, November 23, 2018

ഒരു ഐതിഹാസികസമരത്തിന്റെ ഇതിഹാസകഥ!


കെ. ജോര്‍ജ് ജോസഫ് ഫോണ്‍: 9037078700


ആഗസ്റ്റ് 6, ഹിരോഷിമദിനം! ലോകത്തെ ഇന്നും കണ്ണീരണിയിക്കുന്ന ഓര്‍മകള്‍ അയവിറക്കുന്ന ദിവസം. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്ന് മനുഷ്യവര്‍ഗം അതിയായി ആഗ്രഹിക്കുന്ന ലോകത്തെ ഏറ്റം ഭീകരമായ മനുഷ്യനിര്‍മ്മിതദുരന്തദിനം! ആ ദിവസം എന്റെ ജീവിതത്തിലും പുതിയൊരധ്യായം രചിച്ചു... 2018 ആഗസ്റ്റ് 6! ജീവിതത്തിലാദ്യമായി കോടതിയില്‍ ഞാനൊരു കേസ് ഫയല്‍ ചെയ്തു.
2018 ജൂണ്‍ 27-നു കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്യപ്പെട്ട ഒരു പരാതിയില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ ജലന്ധര്‍ കത്തോലിക്കാമെത്രാനെതിരെ ലൈംഗിക
പീഡനാരോപണമുന്നയിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായാണ് പിറ്റേന്നത്തെ ചില പത്രങ്ങള്‍ പുറത്തുവന്നത്. അതിനു പിറ്റേന്നുതന്നെ എഫ്.ഐ.ആര്‍. തയ്യാറാക്കിയതായും, ജൂണ്‍ 30-ന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനുമുന്നില്‍ 164-ാം വകുപ്പുപ്രകാരം മൊഴി രേഖപ്പെടുത്തിയതായും പിന്നീടറിഞ്ഞു. വൈക്കം ഡി.വൈ.എസ്.പി. ശ്രീ. ബി.സുഭാഷിനെ അന്വേഷണോദ്യോഗസ്ഥനായി ചുമതലപ്പെടുത്തിയതായും തെളിവെടുപ്പു തുടരുന്നതായും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തന്നുകൊണ്ടിരുന്നു. എന്നാല്‍ നിയമം അനുശാസിക്കുന്ന നടപടികള്‍മാത്രം ഉണ്ടായില്ല.
മറ്റു പലരെയുംപോലെ ഞാനും ഇതില്‍ അസ്വസ്ഥനായിരുന്നു. കേസുകൊടുക്കാന്‍ പ്രേരിപ്പിച്ച മുന്‍സിസ്റ്റര്‍ കൊച്ചുറാണി ആവശ്യപ്പെട്ടതനുസരിച്ച് കോടതിയെ സമീപിക്കാനുറച്ച് കുറവിലങ്ങാട് മഠത്തിലെത്തി ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ചു. വക്കീലിനെ കണ്ട്, കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു-2018 ആഗസ്റ്റ് 6-ന്. ആഗസ്റ്റ് 13-നു തീര്‍പ്പു കല്‍പ്പിക്കപ്പെട്ട ടി കേസില്‍ കോടതി വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നു തോന്നി. പോലീസാവട്ടെ, വളരെ ശക്തമായ ഒരു റിപ്പോര്‍ട്ടു കോടതിയില്‍ സമര്‍പ്പിക്കുകയും ഉടന്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റുചെയ്യുമെന്ന പ്രതീതി ജനിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് തടിതപ്പുകയുമാണ് ചെയ്തത്. എന്നാല്‍ ജലന്ധറില്‍നിന്ന് കേരളാപോലീസ് നാണംകെട്ട് പോന്നതായിത്തന്നെ അനുഭവപ്പെട്ടു. ലജ്ജയും നിരാശയും ബാക്കിയായി.
കേസില്‍ അപ്പീല്‍ കൊടുക്കാമായിരുന്നെങ്കിലും അങ്ങനെ കോടതിയെ ശല്യപ്പെടുത്തുന്നത്, ഒരു മൂന്നാമന്‍ എന്ന നിലയില്‍  ഒരുപക്ഷേ കോടതിയുടെ വിമര്‍ശനം വിളിച്ചുവരുത്തിയേക്കാമെന്നും, ഇരയായ കന്യാസ്ത്രീ കോടതിയില്‍പോകുന്നില്ലെങ്കില്‍മാത്രം അപ്പീലുമായി പോയാല്‍ മതിയെന്നും ഞാന്‍ പ്രവര്‍ത്തിക്കുന്ന സംഘടന (KCRM) യോഗം ചേര്‍ന്നു തീരുമാനിച്ചു. അതിന്‍പ്രകാരം, പരാതിക്കാരിയായ കന്യാസ്ത്രീ കോടതിയെ സമീപിക്കണമെന്ന നിലപാടുമായി ഞാന്‍ അവരുടെ അടുത്തെത്തിയെങ്കിലും അവരതിനു തയ്യാറാണെന്നു പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. അതിനാല്‍ കെ.സി.ആര്‍.എം. പ്രസിഡന്റ് പ്രൊഫ. ദേവസ്യാസാറും പ്രവര്‍ത്തകന്‍ പി.കെ.മാത്യുസാറും ഞാനുംകൂടി പരാതിക്കാരിയുടെ സഹോദരന്‍ ഡാര്‍വിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു സംസാരിച്ചു. അദ്ദേഹം കേസിനു സമ്മതിച്ചു. പക്ഷേ, പിന്നീട് ഒന്നും സംഭവിച്ചില്ല.

ഇതോടൊപ്പംതന്നെ, അഡ്വ. ഇന്ദുലേഖയും അവരുടെ അമ്മ അലോഷ്യാ ജോസഫും, ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തക സില്‍വി സുനിലും കുറവിലങ്ങാട്ടു മഠത്തിലെത്തി കന്യാസ്ത്രീകളെ കണ്ട് ഐക്യദാര്‍ഢ്യമറിയിക്കുകയും, കേസുനല്‍കുന്നതു സംബന്ധിച്ചു ചര്‍ച്ചചെയ്യുകയും ചെയ്തു. അതിനിടെ തങ്ങളോട് കുറവിലങ്ങാട് മഠം വിട്ടുപോകണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ വന്ന കാര്യം കന്യാസ്ത്രീകള്‍ അവരോടു പറയുകയുണ്ടായി. ഒരു കാരണവശാലും മഠം വിടരുതെന്നു നിര്‍ദ്ദേശിക്കുകയും പുറത്താക്കാന്‍ എന്തെങ്കിലും നീക്കമുണ്ടാകുന്നപക്ഷം, നിയമപരമായും നേരിട്ടെത്തിയും അതിനെ പ്രതിരോധിച്ചുകൊള്ളാമെന്ന് അവര്‍ക്കു വാക്കുനല്‍കുകയും ചെയ്തു, ഇന്ദുലേഖയും കൂട്ടരും. കേസുനല്‍കുന്ന കാര്യം വീട്ടുകാരുമായി ആലോചിച്ചിട്ടേ തീരുമാനിക്കൂ എന്നാണ് കന്യാസ്ത്രീകള്‍ അവരോടും പറഞ്ഞത്. പരാതിക്കാരി കേസുകൊടുക്കുന്ന കാര്യം അങ്ങനെ അകന്നകന്നുപോയി.
ഈ ദുഃഖമെല്ലാം ഞാന്‍ സുഹൃത്ത് സ്റ്റീഫന്‍ മാത്യുവുമായി പങ്കുവെച്ചു. ലക്ഷങ്ങളുടെ വക്കീലന്മാരെവെച്ച് കോടതിയെയും, പണമോ വാഗ്ദാനങ്ങളോ കൊടുത്ത് നമ്മുടെവക്കീലന്മാരെയുംവിലയ്‌ക്കെടുക്കുന്ന കത്തോലിക്കാസഭാനേതൃത്വത്തിന്റെ സാമര്‍ഥ്യം പങ്കുവെച്ച് അദ്ദേഹം നിഷേധാത്മമായാണ് പ്രതികരിച്ചത്.
പക്ഷേ, അദ്ദേഹം മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശം എനിക്കും സ്വീകാര്യമായിരുന്നു- ഒരു സത്യഗ്രഹസമരം! അദ്ദേഹം മരണംവരെ സത്യഗ്രഹമനുഷ്ഠിക്കാന്‍ തയ്യാറാണ.് പക്ഷേ, ഒരു വ്യവസ്ഥയിലാണെന്നു മാത്രം- കന്യാസ്ത്രീയോ അവരുടെ വീട്ടുകാരോ ഒപ്പമിരിക്കണം! അപ്പോള്‍ത്തന്നെ സഹോദരന്‍ ഡാര്‍വിനെ ഫോണില്‍ വിളിച്ച് സ്റ്റീഫന്‍ മാത്യുവിനു നല്‍കി. സഹോദരനോട് സ്റ്റീഫന്‍ നിര്‍ദ്ദേശം ആവര്‍ത്തിച്ചു; അവര്‍ ചര്‍ച്ചചെയ്തു. എന്നാല്‍ അല്പംകൂടി കാത്തിരിക്കാം; സെപ്റ്റം.4-വരെ, എന്നായിരുന്നു ഡാര്‍വിന്റെ നിര്‍ദ്ദേശം. ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ നിരാശനായി ഞാന്‍ മടങ്ങി.
ഏര്‍ത്തയില്‍ കത്തനാരുടെ ഇടപെടലും, കന്യാസ്ത്രീകളുടെ സ്‌കൂട്ടര്‍ കേടാക്കി അവരെ അപായപ്പെടുത്താനുള്ള ശ്രമവും പുറത്തുവന്നത് ഒരവസരമായിക്കണ്ട,് രണ്ടുംകല്‍പ്പിച്ച് സെപ്റ്റംബര്‍ ആദ്യം വീണ്ടും കോടതിയെ സമീപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. KCRMന്റെ തീരുമാനവും അനുകൂലമായിരുന്നു. കേസിനായി വക്കീലുമായി കൂടിയാലോചിച്ചു, ആഗസ്റ്റ് 31-ന്. പുതിയ കേസുതന്നെ ആവാമെന്നു വക്കീല്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ സെപ്റ്റംബര്‍ 4-ന് കേസു ഡ്രാഫ്റ്റുചെയ്യാമെന്നു തീരുമാനിച്ചു.
എന്നാല്‍, സെപ്റ്റം. 2-ന് ഉച്ചയോടടുത്ത്, JCC-യിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ, ഇപ്പോള്‍ കെ.സി.ആര്‍.എം. തൊടുപുഴ യൂണിറ്റിലെ പ്രവര്‍ത്തകന്‍കൂടിയായ, അഡ്വ. ജോസ് ജോസഫ് തൊടുപുഴയില്‍നിന്നു വിളിച്ചു... ''നമ്മളിങ്ങനെ ഇരുന്നാല്‍ മതിയോ, നമുക്കൊരു സമരം നടത്തണ്ടേ, സാറേ?'' എന്നായിരുന്നു അദ്ദേഹം വികാരഭരിതനായി ചോദിച്ചത്. ''ആരു സമരം ചെയ്യും? നമ്മുടെ ആളുകളുടെ സമരവീര്യമൊക്കെ നമ്മള്‍ കണ്ടിട്ടുള്ളതല്ലേ; ഹാളിനുള്ളിലുള്ള വിപ്ലവമൊക്കെയേ ഉള്ളൂ. ആര്‍ച്ചു ബിഷപ്‌സ് ഹൗസിനുമുന്നില്‍ നടത്തിയതുപോലുള്ള 'പത്താള്‍സമര'ത്തിനു ഇനി ഞാനില്ല'' ഞാന്‍ നയം വ്യക്തമാക്കി.
''ഞാനിരിക്കാം; മരിക്കുംവരെ ഞാന്‍ നിരാഹാരമനുഷ്ഠിക്കാം''  എന്നദ്ദേഹം പറഞ്ഞപ്പോള്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള സുവര്‍ണ്ണാവസരം എനിക്കു കൈവന്നു! ''എങ്കില്‍ രണ്ടാമതായി ഞാനുണ്ടു സാറേ'' -ഞാന്‍ പറഞ്ഞു. അങ്ങനെ കേരളം കണ്ട, അല്ല, ലോകം കണ്ട, ഐതിഹാസികസമരത്തിന് അവിടെ  ബീജാവാപം ചെയ്തു.
ഉടനെതന്നെ, കെ.സി.ആര്‍.എം. പ്രസിഡന്റ് ദേവസ്യാസാറിനെ വിളിച്ചു പറഞ്ഞു- ഈ സമരത്തിനു സംഘടനയുടെ പിന്തുണയുണ്ടാകണം, എന്ന്. അദ്ദേഹത്തോട് അഡ്വ. ജോസ് ജോസഫ് സാര്‍ നേരത്തെതന്നെ ഇക്കാര്യം പറഞ്ഞിരുന്നത്രെ! കമ്മിറ്റികൂടി തീരുമാനിക്കാമെന്ന് അദ്ദേഹം  മറുപടിതന്നു.

അടുത്തതായി, സമരവേദി നിശ്ചയിക്കലായിരുന്നു. ഈ കേസില്‍ ഫ്രാങ്കോയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി കേട്ട എറണാകുളം റേഞ്ച് ഐ.ജി.യുടെ ഓഫീസിനടുത്താവണം ഈ സമരമെന്നെ
നിക്കു തോന്നി. വഞ്ചീസ്‌ക്വയര്‍ പറ്റിയ വേദിയാണെന്നും തോന്നി. എറണാകുളത്തെ സമരത്തിനു JCC -യുടെ പിന്തുണ കൂടിയേതീരൂ. പക്ഷേ, അത് ഉറപ്പില്ലതാനും. പരീക്ഷണമെന്ന നിലയില്‍ പിറ്റേന്ന് സെപ്റ്റം.3-ന് ഫേസ്ബുക്കില്‍ ഞാനൊരു പോസ്റ്റിട്ടു. 'SOS (Save Our Sisters-ladies) starts hunger strike of 13 ladies & gents near IG Office, Ernakulam from Sept.5 for the arrest of Bishop Franco. All are welcome...'എന്ന്. വളരെയധികംപേര്‍ അതിനോട് അനുകൂലമായി പ്രതികരിച്ചു. ചിലര്‍  തീയതി മാറ്റണമെന്ന നിര്‍ദ്ദേശംവെച്ചു. അതിനാല്‍, തീയതി മാറ്റേണ്ടിവരുമെന്നു നാലാം തീയതി അടുത്ത പോസ്റ്റിട്ട്  'SOS' എന്ന ഹാഷ്ടാഗ് ഉറപ്പിച്ചു. പിന്തുണ കൂടിവന്നു. ജനമനസ്സ് കന്യാസ്ത്രീക്കൊപ്പമാണെന്ന് പ്രതികരണങ്ങളില്‍നിന്ന് എനിക്ക് ബോധ്യമായി. സെപ്റ്റം. 8-നു സമരം തുടങ്ങാന്‍ തീര്‍ച്ചപ്പെടുത്തി. ഖഇഇയോടു പറയാനുള്ള ധൈര്യമായി.  സെപ്തം. 4-ന് ഖഇഇ-യിലെ സുഹൃത്തായ അഡ്വ. വര്‍ഗീസ് പറമ്പിലിനെ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തിനു വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസം പോരായിരുന്നു. അതിനാല്‍ ഒരു ദിവസത്തെ സൂചനാസത്യഗ്രഹം നടത്താം എന്നായിരുന്നു നിര്‍ദ്ദേശം. പിന്നീട് വിളിച്ചത് ഫെലിക്‌സ് ജെ. പുല്ലൂടനെ ആയിരുന്നു. അദ്ദേഹവും ഒരു ദിവസം മതി എന്ന അഭിപ്രായത്തിലായിരുന്നു. ആളുകളുടെ സഹകരണവും പ്രതികരണവും കണ്ടശേഷം തീരുമാനിക്കാം എന്ന എന്റെ നിര്‍ദ്ദേശം അദ്ദേഹത്തിനും സ്വീകാര്യമായി. വര്‍ഗീസ് സാറിനെ വീണ്ടും വിളിച്ച് 'വഞ്ചീ സ്‌ക്വയര്‍' ബുക്കു ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. അദ്ദേഹം അത് ഏറ്റു. JCC സെക്രട്ടറി സ്റ്റാന്‍ലി പൗലോസിനെ വിളിച്ച് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ സഹായിക്കണമെന്ന് പറഞ്ഞു. അത് അദ്ദേഹവും ഏറ്റു. പക്ഷേ,  ചെല്ലാന്‍ അടച്ചെങ്കിലും വഞ്ചീസ്‌ക്വയറില്‍ ഉച്ചഭാഷിണിക്ക് അനുമതി തരില്ലെന്ന് പോലീസ് നിലപാടെടുത്തു. മെഗാഫോണ്‍ ഉപയോഗിച്ചാല്‍ മതി എന്നു തീരുമാനിച്ചു. സിസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് സമരത്തില്‍ പങ്കെടുത്ത് പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. അവര്‍ക്ക് ആലോചിക്കാനുണ്ടെന്ന് മറുപടികിട്ടി.
ഇത്രയും ചെയ്തശേഷം അഞ്ചാം തിയതി KCRM കമ്മിറ്റി ചേര്‍ന്നു. അനിശ്ചിതകാല സമരംതന്നെ വേണമെന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. അഡ്വ.ജോസ് ജോസഫ് സാറിനേത്തുടര്‍ന്ന് സത്യഗ്രഹം അനുഷ്ഠിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. സ്റ്റീഫന്‍ മാത്യു,  സി.വി. സെബാസ്റ്റ്യന്‍, പ്രൊഫ. ജോസഫ് വര്‍ഗ്ഗീസ് (ഇപ്പന്‍), ഓ. ഡി. കുര്യാക്കോസ്, വേണ്ടിവന്നാല്‍  ഈ ലേഖകനും പോലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിലാക്കുംവരെ ഓരോരുത്തര്‍ മാറിമാറി സത്യഗ്രഹമിരിക്കാമെന്നതായിരുന്നു ധാരണ. രണ്ടാഴ്ചവരെ സമരം തുടര്‍ന്നാലും മുന്നോട്ടു പോകാമെന്ന് ഉറപ്പായി. സെപ്തം.10-നു ഹര്‍ത്താലായതിനാല്‍ സത്യഗ്രഹം അവസാനിപ്പിക്കേണ്ടിവരുമോ എന്ന ആശങ്കയുണ്ടായിരുന്നു. കോര്‍പ്പറേഷന്‍ ഓഫീസില്‍ നേരിട്ടുചെന്ന് 9-ാം തീയതിയിലേക്കുകൂടി പണമടച്ച് സ്റ്റേജ് ബുക്കു ചെയ്തു. കന്യാസ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സെപ്തം. ഏഴാം തീയതി അഡ്വ. ഇന്ദുലേഖയോടും എന്നോടും വിളിച്ചു പറഞ്ഞു..
അങ്ങനെ ആ ദിവസം വന്നുചേര്‍ന്നു- സെപ്തം 8. 'സ്ത്രീപീഡകന്‍ ബിഷപ് ഫ്രാങ്കോയെ അറസ്റ്റുചെയ്യുക,' 'കന്യാസ്ത്രീകള്‍ക്കു നീതി ലഭ്യമാക്കുക' എന്നീ ആവശ്യങ്ങളെഴുതിയ JCC -യുടെയും KKCRM-ന്റെയുമായി രണ്ടു ഫ്‌ളക്‌സ് ബാനറുകളും, ഇപ്പന്‍സാര്‍ തയ്യാറാക്കിയ ഏതാനും പ്ലക്കാര്‍ഡുകളുമായി രാവിലെ 8.15 -നു ഷാമിയാന പന്തലില്‍ എത്തി. പത്തരമണിക്ക് ഫെലിക്‌സ് പുല്ലൂടന്റെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനസമ്മേളനം തുടങ്ങി. സംഘാടകര്‍ 15 പേരും കാണികള്‍ 15 പേരും മാധ്യമപ്രവര്‍ത്തകര്‍ 10 പേരും മാത്രമുണ്ടായിരുന്ന സദസ്സിനെ നോക്കി, ഈ സത്യഗ്രഹസമരം സഭാചരിത്രത്തില്‍ ഒരു വഴിത്തിരിവു സൃഷ്ടിക്കുമെന്നും അടുത്തദിവസംമുതല്‍ ഇവിടെ ജനപ്രളയമായിരിക്കുമെന്നും സ്വാഗതമാശംസിച്ച ജോര്‍ജ് മൂലേച്ചാലില്‍ ദീര്‍ഘദര്‍ശനം ചെയ്തു.  82 വയസുകാരനായ അഡ്വ. ജോസ് ജോസഫും, 48-കാരനായ സ്റ്റീഫന്‍ മാത്യുവും, 66-കാരനായ KCRM മുന്‍പ്രസിഡന്റ് സി.വി.സെബാസ്റ്റ്യനും നിരാഹാരസമരം ആരംഭിച്ചു.
11.15 ആയപ്പോള്‍, കുറവിലങ്ങാട്ടു മഠത്തില്‍നിന്ന് ഇരയ്ക്കു കൂട്ടിരിക്കുന്ന 5 കന്യാസ്ത്രീകളും എത്തി. കൂടെ അവരെ പിന്തുണച്ച് സി.എം.സി. സിസ്റ്റര്‍മാരായ ആനി ജയിസും ടീനയുമുണ്ടായിരുന്നു. അപ്പോഴേക്കും പന്തല്‍ ഏതാണ്ട് നിറഞ്ഞിരുന്നു. അഭിവാദനാരവങ്ങളോടെ ജനം എഴുന്നേറ്റുനിന്ന് അവരെ എതിരേറ്റു. ചാനലുകള്‍ കന്യാസ്ത്രീസമരത്തിന്റെ ഫ്‌ളാഷ് ന്യൂസുകള്‍ കൊടുത്തുതുടങ്ങി.

അതോടുകൂടി സമരവേദിയിലേക്ക് ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചു. വൈകുന്നേരമായപ്പോള്‍ സമരപ്പന്തലില്‍ നൂറ്റന്‍പതോളം ആളുകളായി. വൈകുന്നേരം സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തിയപ്പോള്‍ അഡ്വ. ജോസ് ജോസഫ് ധീരമായി പറഞ്ഞു: ''ആരൊക്കെ പോയാലും ഞാനൊറ്റയ്ക്ക് ഇവിടെ നിരാഹാരമിരിക്കും.'' KCRM -ന്റെ മുന്‍ തീരുമാനവും അനിശ്ചിതകാല നിരാഹാരമായിരുന്നു. ഏതായാലും അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിക്കപ്പെട്ടു!
അന്നത്തെ രാത്രിചര്‍ച്ചയില്‍ എല്ലാ ചാനലുകളിലും കന്യാസ്ത്രീസമരമായിരുന്നു മുഖ്യവിഷയം. പിറ്റേന്നത്തെ പത്രങ്ങളുടെ പ്രധാനവാര്‍ത്തയായി ആ സമരം ഒന്നാം പേജില്‍ ഇടംപിടിച്ചു. ഒരു ഐതിഹാസികസമരത്തിന്റെ പെരുമ്പറ മുഴക്കപ്പെട്ടു.
പിന്നീട് നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ദിവസം കഴിയുന്തോറും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൂടിവന്നു. മൂന്നാം ദിവസം 11 മണിയോടെ ജോസ് ജോസഫിനെ അറസ്റ്റ്‌ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി; സ്റ്റീഫന്‍ മാത്യു മുഖ്യ സത്യഗ്രഹിയായി മാറി. അന്നു വൈകിട്ട്  AMT(Arch Diocesan Movement for Transparency) എന്ന സംഘടന സമരസമിതിയായ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലിനെ സമീപിച്ച് സഹകരിക്കാന്‍ താല്പര്യമുണ്ടെന്നും, എല്ലാവരെയുമുള്‍ക്കൊള്ളുന്ന ഒരു പേരു സ്വീകരിച്ച് യോജിച്ചു മുന്നോട്ടുപോകാമെന്നും നിര്‍ദ്ദേശിച്ചു. സമരം വിജയിക്കാനായി ആരുടെയും പിന്തുണ സ്വീകരിക്കാമെന്ന നിലപാടുണ്ടായിരുന്നതിനാല്‍ അതിനും പരിഹാരമുണ്ടായി. സമരമുദ്രാവാക്യത്തെ സമരസമിതിയാക്കി മാറ്റി. ഫാ. അഗസ്റ്റ്യന്‍ വട്ടോളി (കണ്‍വീനര്‍) ഫെലിക്‌സ് ജെ. പുല്ലൂടന്‍, വര്‍ഗീസ് പറമ്പില്‍, പ്രൊഫ. പി.സി. ദേവസ്യ, പ്രൊഫ. ജോസഫ് വര്‍ഗീസ്, വിക്ടര്‍ ബാസ്റ്റിന്‍, ജിയോ ജോസ്, സി.റ്റി തങ്കച്ചന്‍, റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി, ഈ ലേഖകന്‍ (ട്രഷറര്‍) എന്നീ അംഗങ്ങള്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി നിയന്ത്രിക്കുന്ന  'Save Our Sisters Action Council' നിലവില്‍വന്നു. നാലാം ദിവസം മുതല്‍ 'SOS ആക്ഷന്‍ കൗണ്‍സിലി'ന്റെ നേതൃത്വത്തിലായിരുന്നു സത്യഗ്രഹസമരം തുടര്‍ന്നത്. അതോടൊപ്പം, NAPM (National Alignce of  Peoples Movements) നേതാക്കളും പ്രവര്‍ത്തകരും എത്തി. എല്ലാദിവസവും രാത്രിയില്‍ കമ്മറ്റികൂടി പ്രവര്‍ത്തനം വിലയിരുത്തുകയും കണക്കവതരിപ്പിക്കുകയും ചെയ്തിരുന്നു.
ദിവസവും വിവിധ വിഭാഗം ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികള്‍ - വനിതാ കൂട്ടായ്മ, യുവജനകൂട്ടായ്മ, കലാകാരന്മാരുടെ സംഗമം, സന്ന്യസ്തരുടെയും വൈദികരുടെയും സംഗമം, സമരസംഘടനകളുടെ സംഗമം മുതലായവ - സംഘടിപ്പിക്കപ്പെട്ടു. കേരളത്തിലെമ്പാടും ഐക്യദാര്‍ഢ്യസമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. കൂത്താട്ടുകുളത്തും തൊടുപുഴയിലും മറ്റനേകം ടൗണുകളിലും കന്യാസ്ത്രീകളുടെ ആസ്ഥാനമായ കുറവിലങ്ങാട്ടും (ചിത്രങ്ങള്‍ പേജ് 43-ല്‍ കാണുക) എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഐക്യദാര്‍ഢ്യസമ്മേളനങ്ങള്‍ നടന്നു. കോഴിക്കോട്ട് എം.എന്‍. കാരശ്ശേരിമാഷ് 24 മണിക്കൂര്‍ ഉപവാസസമരം നടത്തി. തിരുവനന്തപുരത്ത് വി.എം. സുധീരനും സുഗതകുമാരി ടീച്ചറും പങ്കെടുത്ത പിന്തുണാസമരം നടത്തപ്പെട്ടു.
നിരാഹാരത്തിന്റെ ഒന്‍പതാം ദിവസം സ്റ്റീഫന്‍ മാത്യുവിനെ അറസ്റ്റുചെയ്ത് ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹം അവിടെയും വിട്ടുവീഴ്ചയില്ലാതെ നിരാഹാരം തുടര്‍ന്നു. പതിന്നാലാം ദിവസം സെപ്റ്റംബര്‍ 21-ന് ഫ്രാങ്കോയെ അറസ്റ്റുചെയ്തതായി രാത്രി 9.45-നു പ്രഖ്യാപിക്കുന്നതുവരെ ആശുപത്രിയിലും, തുടര്‍ന്ന് വീണ്ടും സമരപ്പന്തലിലെത്തിയും അദ്ദേഹം നിരാഹാരം തുടര്‍ന്നു. സ്റ്റീഫന്‍ മാത്യുവിനെ അറസ്റ്റുചെയ്തു നീക്കിയതോടെ അലോഷ്യാ ജോസഫ്(ഇന്ദുലേഖാ ജോസഫിന്റെ അമ്മ), അതിനുശേഷം കന്യാസ്ത്രീയുടെ സഹോദരി ഡാര്‍ളി, സാഹിത്യകാരി ഡോ.പി.ഗീത എന്നിവര്‍ സമരപ്പന്തലില്‍ നിരാഹാരമനുഷ്ഠിച്ചു. 22-ാം തീയതി ഉച്ചയോടുകൂടി കന്യാസ്ത്രീകള്‍ പങ്കെടുത്ത സമാപനസമ്മേളനത്തോടെ, നിരാഹാരസന്ദേശം വിജയകരമായി പര്യവസാനിച്ചു.
 22-ാം തീയതിവരെ സമരപ്പന്തലില്‍ സ്ഥിരസാന്നിധ്യമായി നിലകൊണ്ട്, സമരനടത്തിപ്പിന് നേതൃത്വം കൊടുക്കാന്‍ ഫാ.വട്ടോളി, സി.റ്റി. തങ്കച്ചന്‍, അഡ്വ.വര്‍ഗീസ് പറമ്പില്‍, ജിയോ ജോസഫ്, പ്രൊഫ.ജോസഫ് വര്‍ഗീസ് (ഇപ്പന്‍), അലോഷ്യാ ജോസഫ്, റിജൂ കാഞ്ഞൂക്കാരന്‍, പ്രൊഫ.പി.സിദേവസ്യാ, ഒ.ഡി.കുര്യാക്കോസ്,  ടി.സി. സുബ്രഹ്മണ്യന്‍ മുതലായവരും പിന്നെ ഈ ലേഖകനും ഉണ്ടായിരുന്നു. കോടതിസമയം ഒഴിച്ചുള്ള മുഴുവന്‍ സമയവും അഡ്വ. ഇന്ദുലേഖയും സമരപ്പന്തലിലുണ്ടായിരുന്നു.

ചാനല്‍ ചര്‍ച്ചകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചവര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത് അഡ്വ. ഇന്ദുലേഖയാണ്. ഷൈജു ആന്റണി, റോയി മാത്യു, അഡ്വ. പോളച്ചന്‍ പുതുപ്പാറ, ജോസഫ് വെളിവില്‍, പ്രൊഫ.ജോസഫ് വര്‍ഗീസ്, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, എം.എന്‍ കാരശ്ശേരി മാഷ്, സിസ്റ്റര്‍ ജെസ്മി, സിസ്റ്റര്‍ ലൂസി കളപ്പുര, ഫാ. പോള്‍ തേലക്കാട്ട്,  സിസ്റ്റര്‍ അനുപമയുടെ പിതാവ് വര്‍ഗീസ് ചേട്ടന്‍, അഡ്വ.മേരിക്കുഞ്ഞ് പിന്നെ ഈ ലേഖകനുംമുതല്‍ ജസ്റ്റീസ് കമാല്‍പാഷവരെയുള്ള നിരവധിപേര്‍ കന്യാസ്ത്രീവിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ സഭാഘടനയെയും അതിലെ യേശുവിരുദ്ധമായ അധികാരസംവിധാനത്തെയും തുറന്ന ജനകീയവിചാരണയ്ക്കു വിധേയമാക്കി. ഇതുമായിട്ടു ബന്ധപ്പെട്ടു സംപ്രേഷണം ചെയ്ത ജസ്റ്റീസ് കമാല്‍പാഷയുമായും സിസ്റ്റര്‍ അനുപമയുമായുള്ള അഭിമുഖങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
15 ദിവസം നീണ്ടുനിന്ന ഈ ചരിത്രസമരത്തില്‍, സമൂഹത്തിന്റെ എല്ലാ തുറകളില്‍നിന്നും വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍, സമരഭടന്മാര്‍, കവികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, സിനിമാരംഗത്തെ പ്രമുഖര്‍ എന്നിങ്ങനെ എത്രയോ പ്രശസ്തരാണ് സമരപന്തലിലേക്ക് പ്രവഹിച്ചെത്തിയത്! അതില്‍ റിട്ട. ജസ്റ്റീസ് ബി. കമാല്‍ പാഷാ, പി.റ്റി. തോമസ് എം.എല്‍.എ., എം.എം. ലോറന്‍സ്, കവി ചുള്ളിക്കാട്, സാമൂഹികപ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, പി. കെ. രമ, ബിന്ദുകൃഷ്ണ, ലതികാസുഭാഷ്, എര്‍ണാകുളം ജില്ലാ പഞ്ചാ.പ്രസിഡണ്ട് ആശാ സനില്‍, ഷാനിമോള്‍ ഉസ്മാന്‍, ശോഭാ സുരേന്ദ്രന്‍ ജയശ്രീ മണ്ണാര്‍കാട്, വിളയോടി വേണുഗോപാല്‍, ഗോമതി (പെണ്ണൊരുമ), ചാള്‍സ് ജോര്‍ജ് (മത്സ്യത്തൊഴിലാളി നേതാവ്), എം. എല്‍. ജോര്‍ജ് (CLA), അഡ്വ.പി.എ. പൗരന്‍, കെ.എം. ഷാജഹാന്‍, ജോസഫ് പി. മാത്യു, സുനില്‍ പി. ഇളയിടം, കെ. അജിത, കുസുമം ജോസഫ്, കൊച്ചുറാണി എബ്രാഹം, സാറാ ജോസഫ്, ആഷിക് അബു, റീമാ കല്ലുങ്കല്‍, ഭാഗ്യലക്ഷ്മി, ജോയി മാത്യു, വിനയന്‍, മേജര്‍ രവി, അഡ്വ. ജയശങ്കര്‍, അഡ്വ. ശിവന്‍ മഠത്തില്‍, സിസ്റ്റര്‍മാരായ ജെസ്മി, മരിയാ തോമസ്, ലൂസി, എമല്‍ഡാ,  ഫാ.പോള്‍ തേലക്കാട്ട്, റവ. ഡോ. ജെ.ജെ. പള്ളത്ത്, ഫാ. മാണി പറമ്പേട്ട്, ഫാ. ജോര്‍ജ് പുലിക്കുത്തിയില്‍, തൊഴിയൂര്‍ ബിഷപ്പ്, തോമസ് മാര്‍ ഒസ്താത്തിയോസ്, റവ.യൂഹാനോന്‍ റമ്പാന്‍, ഫാ.ഡാര്‍ളി എടപ്പങ്ങാട്ടില്‍ ഫാ.ജിജോ കുര്യന്‍ എന്നിങ്ങനെ സന്ന്യാസി -സന്ന്യാസിനികള്‍,   രൂപതാവൈദികര്‍, ഇതരമതസ്ഥര്‍, യുക്തിവാദികള്‍, മതമില്ലാത്തവര്‍... എല്ലാവരും പിന്തുണച്ചണിചേര്‍ന്ന ഒരു സമരം കേരളചരിത്രത്തില്‍ ഇതാദ്യമാണ്.
ഇതിനിടെ, വഞ്ചീസ്‌ക്വയര്‍ വേദിയായി നിലനിര്‍ത്താന്‍ പെട്ട പാട് വിവരണാതീതമാണ്. 9-ാം തീയതിവരെയാണ് ബുക്ക് ചെയ്തിരുന്നത്. 10-ാം തീയതി ബന്ദായിരുന്നെങ്കിലും കോര്‍പ്പറേഷന്‍ ഓഫീസില്‍ പോയി കാത്തിരുന്നു.... പക്ഷേ, ജോലിക്കാരാരും വന്നില്ല. 'നാളെ വന്ന് പണമടച്ചാല്‍ മതി' എന്ന് അവിടെയൊരാള്‍ പറഞ്ഞതിന്റെ ധൈര്യത്തില്‍ പോന്നു. പിറ്റേന്ന് 10 മണിക്കുതന്നെ വീണ്ടും ചെന്ന് കാത്തിരുന്നു. സെപ്.14-ാം തിയതിവരെ പണമടച്ച് ബുക്കു ചെയ്തു. ആശ്വാസമായി... അപ്പോഴേക്കും ഉച്ചകഴിഞ്ഞു; കോര്‍പ്പറേഷനില്‍ അത്രയ്ക്കായിരുന്നു തിരക്ക്! തിരികെ വേദിയിലെത്തി അധികം കഴിയുംമുമ്പേ ആശ്വാസം ആശങ്കയ്ക്ക് വഴിമാറി! സ്‌പെഷല്‍ ബ്രാഞ്ചിലെ ഒരു പോലീസുദ്യോഗസ്ഥന്‍ എന്റടുത്ത് വന്ന് ചോദിച്ചു- 'നിങ്ങള്‍ക്ക് ഇവിടെ യോഗംനടത്താന്‍ അനുവാദം കിട്ടിയിട്ടുണ്ടോ?' 'ഉവ്വ് ഞാനാണല്ലോ 14 വരെ പണമടച്ചത്. എന്താ പ്രശ്‌നം, സാറേ?' കൂടെ നിന്ന മറ്റൊരാളെ ചൂണ്ടി അദ്ദേഹം പറഞ്ഞു- 'ഇവര്‍ 14 വരെ ബുക്കു ചെയ്തിരുന്നു!' പണമടച്ച ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു- 'അതു എന്നോടു പറഞ്ഞിട്ടു കാര്യമില്ല. കോര്‍പ്പറേഷനോടു പറയൂ, അവര്‍ പരിഹരിക്കട്ടെ.' പക്ഷേ, അപ്പോഴേക്കും ചാള്‍സ് ജോര്‍ജും ജിയോ ജോസും വന്നു പറഞ്ഞു, 'ഒരു പ്രശ്‌നമുണ്ട്. നമുക്കൊന്നു ചര്‍ച്ച ചെയ്യണം...ഹോട്ടല്‍ അഭിരാമിയിലേക്ക് പെട്ടെന്നു വാ.' ആശങ്കയുടെ നിമിഷങ്ങള്‍ മിടിക്കാന്‍ ആരംഭിച്ചു.
'ശിവസേനക്കാര്‍ സ്റ്റേജ് ബുക്കുചെയ്തിരുന്നു. ഇന്നു വൈകിട്ടു മുതല്‍ ഗണേശോല്‍സവമാണ്. അവര്‍ക്ക് സ്റ്റേജ് വേണമെന്നു പറയുന്നു. മറ്റൊരു സ്ഥലം കണ്ടുപിടിക്കണം.' ഫാ. വട്ടോളി വിഷയം അവതരിപ്പിച്ചു. 'അതെങ്ങനെ, നമ്മള്‍ പണമടച്ചതല്ലേ? അതു നടക്കില്ല' - ഞാന്‍. 'അവരുടെ കൈയിലും രസീതുണ്ട്; അതുകൊണ്ട് ഒരു വേദി കണ്ടു പിടിച്ചേ പറ്റൂ...!'-ചാള്‍സ്. ചര്‍ച്ച തുടര്‍ന്നു. അവസാനം ഞാന്‍ പറഞ്ഞു: 'ഒരു പണി ചെയ്യാം, അവര്‍ക്ക് സ്റ്റേജുണ്ടാക്കാന്‍ വേണ്ട ചെലവു നമുക്കു വഹിക്കാം. പരമാവധി 5000 രൂപ. അവര്‍ സ്ഥലം കണ്ടുപിടിക്കട്ടെ.' എന്റെ ആ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. പക്ഷേ, പരിപാടി കഴിഞ്ഞപ്പോഴാണ് അതൊരു ബാധ്യതയായി മാറി എന്നു മനസ്സിലായത്, 5000-ത്തിന്റെ നാലിരട്ടിയോളം രൂപ കൊടുക്കേണ്ടതായി വന്നു!
പതിന്നാലാം തീയതിയായി; സമരം തീരുന്ന ലക്ഷണമില്ല. സ്റ്റേജിന്റെ അനുമതി വീണ്ടും നീട്ടണം-സെപ്.15 മുതല്‍ 24വരെ. അതിനായി കോര്‍പ്പറേഷന്‍ ഓഫീസില്‍ 15-നു ചെന്നപ്പോഴാണ് പുതിയ പുലിവാല്‍! സ്റ്റേജിന് ഒഴിവില്ല!. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന പരിപാടിക്കായി സെപ്.15-നു സി.പി.ഐ ബുക്കുചെയ്തിക്കുന്നു; 16-നു ഹൈബി ഈഡന്‍ എം.എല്‍.എ.യുടെ സംഘടന  ഓണക്കളിയിലൂടെ ദുരിതാശ്വാസഫണ്ട് സമാഹരണത്തിനു ബുക്കു ചെയ്തിരിക്കുന്നു; 17-നു സംഗീതാധ്യാപകരുടെ പരിപാടിക്കായി ബുക്കു ചെയ്തിരിക്കുന്നു! പലര്‍വഴി പറഞ്ഞപ്പോള്‍ അവരെല്ലാം പിന്തിരിഞ്ഞു എന്നത് അവരുടെ വലിയ മനസ്സും സമരത്തോടുള്ള അവരുടെയും ജനങ്ങളുടെയും മനോഭാവവും വെളിവാക്കുന്നതായിരുന്നു. ഈ ഓരോഘട്ടത്തിലും പക്ഷേ, അതു തീരുമാനമാകുന്നതുവരെ സംഘാടകര്‍ അനുഭവിച്ച മാനസികസംഘര്‍ഷം; അതു പറഞ്ഞറിയിക്കാന്‍ വയ്യ!
സമരത്തോടുള്ള പ്രകൃതിയുടെ ഐക്യദാര്‍ഢ്യം സ്‌നേഹപൂര്‍വ്വം മഴയായി പൊഴിച്ചപ്പോള്‍ ഷാമിയാന പന്തല്‍ തകിടുകൊണ്ടുള്ള പന്തലിനു വഴിമാറിയതു ബാധ്യതയാവുമെന്നു തോന്നിയെങ്കിലും, ആളുകള്‍ മനസ്സു മാത്രമല്ല മടിശീലയും ഉദാരമായി തുറന്നതുവഴി സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെതന്നെ സമരച്ചെലവുകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്നത് നന്ദിയോടെ സ്മരിക്കുന്നു. മാത്രമല്ല നിരാഹാരമിരിക്കാന്‍വരെ ആളുകള്‍ മല്‍സരിച്ച് സന്നദ്ധത അറിയിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ചര്‍ച്ച് ആക്റ്റ് 'തര്‍ക്കാക്റ്റാ'യതും സ്ത്രീകുമ്പസാരം സാരമായതും കന്യാസ്ത്രീകള്‍ക്കും പൗരോഹിത്യമെന്നത് സ്ത്രീതുല്യതാവാദികള്‍തന്നെ വിശ്വാസവും ബ്ലാക്ക് മാസും കൂട്ടിക്കുഴച്ചുള്ള പരിചകൊണ്ട് തടയുന്നതുംപോലുള്ള വൈരുധ്യങ്ങളുടെ കാറ്റിലും കോളിലുംപെട്ട് സമരത്തോണി ഉലഞ്ഞെങ്കിലും അതവസാനം വിജയതീരമണയുകതന്നെ ചെയ്തു.
ഏതായാലും അനുഭവിക്കേണ്ടിവന്ന എല്ലാ കഷ്ടപ്പാടുകള്‍ക്കും നുറിരട്ടി  ഫലമുണ്ടായി. പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന ധാരണയെ കടപുഴക്കിയെറിഞ്ഞുകൊണ്ട്, ജനശക്തിക്കുമുന്‍പില്‍ ഒരു അധികാരശക്തിക്കും പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന ചരിത്രസത്യം ഒരിക്കല്‍ക്കൂടി തെളിയിച്ച ഈ സമരം, കത്തോലിക്കാസഭയുടെ ജനവിരുദ്ധത തുറന്നു കാണിക്കപ്പെട്ട ഈ സമരം, കേരളസഭാചരിത്രത്തില്‍ മായാത്ത മുദ്രയായി അവശേഷിക്കും; സഭാചരിത്രത്തെ രണ്ടായി വിഭജിച്ചുകൊണ്ട്- സഭ കന്യാസ്ത്രീ സമരത്തിനുമുന്‍പും അതിനുശേഷവും, എന്ന്!

No comments:

Post a Comment