എം.എൽ ജോർജ്ജ് മാളിയേക്കൽ
(സെക്രട്ടറി, 'കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ') ഫോൺ: 9400953632
ഇന്ത്യൻ പൗരന്മാരായ ക്രൈസ്തവർ പടുത്തുയർത്തിയിട്ടുളള പളളികളും സ്ഥാപനങ്ങളും സ്വത്തുക്കളും പൊതുവായിട്ടുളളതാണ്. ജീവകാരുണ്യപ്രവർത്തനങ്ങളെ മുൻനിർത്തിയുളള അവ ട്രസ്റ്റ് രൂപേണയുളളതാണ്. ഓരോ പള്ളിയും ഓരോ സ്വതന്ത്രറിപ്പബ്‌ളിക്കായാണ് ക്രൈസ്തവസഭയുടെ ആരംഭംമുതൽ പ്രവർത്തിച്ചുപോന്നിട്ടുള്ളത്. അതാതു പളളികളുടെ പൊതുയോഗമാണ് ഭൗതികകാര്യങ്ങൾ നിയന്ത്രിച്ചു പോന്നിട്ടുളളത്.
*
ഇന്ത്യയിലെ ക്രൈസ്തവസമൂഹം ഇന്ന് അരക്ഷിതരാണ്. നേരായ ഒരു പള്ളിഭരണനിയമത്തിന്റെ അഭാവംമൂലം അവരുടെ മതസമ്പത്തും ജീവിതമൂല്യവും നഷ്ടപ്പെടുകയാണ്. യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കലഹങ്ങൾക്കും വ്യവഹാരങ്ങൾക്കും ഇന്നും അറുതിവരാത്തതിന്റെ കാരണവും മറ്റൊന്നല്ല. കലഹങ്ങൾ ക്രമസമാധാനപാലനത്തിനു ഭീഷണി ഉയർത്തുകയാണ്.
*
ഒരു ആചാരം സമൂഹത്തിൽ മുപ്പതുവർഷം തുടർച്ചയായി നിലനിന്നാൽ ആ ആചാരം ഭരണഘടനാ വിരുദ്ധമല്ലെങ്കിൽ അതിന് നിയമത്തിന്റെ പരിഗണനയുണ്ടായിരിക്കെ, ആ നിലയിലുള്ള ആനുകൂല്യംപോലും യാക്കോബായസഭയ്ക്കു ലഭ്യമായില്ല. 'വൃക്ഷത്തെ അതു പുറപ്പെടുവിക്കുന്ന ഫലംകൊണ്ടാണ് വിലയിരുത്തേണ്ടത്' എന്ന തത്ത്വംവച്ചുനോക്കിയാൽ, കേരളസമൂഹത്തിൽ വലിയ രീതിയിൽ ക്രമസമാധാനത്തകർച്ചയ്ക്കും അക്രമങ്ങൾക്കും വഴിയൊരുക്കിയ ഈ കോടതിവിധി മികവാർന്ന ഒന്നാണെന്നു വിലയിരുത്താൻ ആർക്കും കഴിഞ്ഞെന്നുവരില്ല.
*
[യൂഹാനോൻ റമ്പാച്ചൻ തുടങ്ങിയിരിക്കുന്ന നിരാഹാരസമരത്തിന്റെ പശ്ചാത്തലത്തിൽ കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ പുറപ്പെടുവിച്ച പ്രസ്താവന]
ബഹുമാന്യരേ,
ഇന്ത്യയിലെ യാക്കോബായ-ഓർത്തഡോക്‌സ് ക്രിസ്തീയവിഭാഗങ്ങളിൽ ഉടലെടുത്ത സഭാതർക്കക്കേസ് ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് അന്നത്തെ കോടതിയുടെ മുൻപിൽ എത്തിപ്പെട്ട വിവാദത്തിന് നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ-മതേതര റിപ്പബ്‌ളിക്കാവുകയും അതിനനുസൃതമായ ഭരണഘടനയും നീതിന്യായവ്യവസ്ഥയും നിലവിൽവരുകയും ചെയ്തു. അതോടെ ഭരണഘടനയ്ക്ക് വിധേയമല്ലാത്ത നിയമങ്ങളും ചട്ടങ്ങളും അസാധുവായി.
എന്നാൽ ക്രൈസ്തവരുടെ മതസമ്പത്തുകൾമാത്രം ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി ജനാധിപത്യരീതിയിൽ ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വിനിയോഗിക്കുന്നതിനും ആവശ്യമായ നിയമം സർക്കാരുകൾ പ്രാബല്യത്തിലാക്കിയിട്ടില്ല. ഇത് ക്രിസ്ത്യൻ സമൂഹത്തോട് കാണിക്കുന്ന കടുത്ത വിവേചനമാണ്.
നിരന്തരമായ നിവേദനങ്ങളുടെ ഫലമായി ശ്രീ. അച്ചുതാനന്ദൻ സർക്കാർ 2007-ൽ, ക്രിസ്ത്യൻ സഭകളുടെ പളളികളും സ്ഥാപനങ്ങളും സ്വത്തുക്കളും വരുമാനങ്ങളും ഇന്ത്യൻ ഭരണഘടനയ്ക്കുവിധേയമായി സഭാംഗങ്ങളുടെ പങ്കാളിത്തത്തോടെ ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വിനിയോഗിക്കുന്നതിനും ആവശ്യമായ നിയമം ഉണ്ടാക്കുന്നതിന് കേരള നിയമപരിഷ്‌കരണകമ്മീഷനെ അധികാരപ്പെടുത്തിക്കൊണ്ട് ക്രിസ്ത്യൻ സമൂഹത്തോട് സന്മനസ് കാണിച്ചു. നിയമപണ്ഡിതനും നീതിനിഷ്ഠനും മനുഷ്യസ്‌നേഹിയുമായ ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ ചെയർമാനായ നിയമപരിഷ്‌കരണകമ്മീഷൻ ജനാധിപത്യ രീതിയിൽ വിശദവും വിപുലവും ദീർഘവുമായ തെളിവെടുപ്പുകൾ നടത്തി കുറ്റമറ്റ ''ദി കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ' എന്ന നിയമത്തിനു രൂപംനൽകി, 2009 റിപ്പബ്‌ളിക് ദിനത്തിൽ നിയമപ്രാബല്യത്തിലാക്കണമെന്ന ശിപാർശയോടെ കേരള സർക്കാരിന് സമർപ്പിച്ചിരുന്നു. കേരളത്തിലെ ജന്മി-മുതലാളിമാരുടെ ഉടമസ്ഥതയിലിരുന്ന ഭൂമി, കൃഷിക്ക് പാട്ടത്തിനെടുത്ത സാധുകർഷകർക്ക് പതിച്ചുനൽകിക്കൊണ്ട് ജന്മി-കുടിയാൻ ഫ്യൂഡൽ വ്യവസ്ഥിതിയെ തകർത്ത, ജന്മിമാരുടെ കീഴിൽ അഗതികളും നിരാലംബരുമായിരുന്ന അനേകം സാധുകുടുംബങ്ങൾക്ക് കുടികിടപ്പ് അവകാശം സ്ഥാപിച്ചുനൽകിയ ഇടതുപക്ഷ സർക്കാരുകളുടെ മുഖമുദ്രതന്നെ നീതിബോധമായിരുന്നു. അന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നവരെല്ലാംതന്നെ പ്രായാധിക്യത്താൽ അവശരോ, കാലയവനികയിൽ അപ്രത്യക്ഷരോ ആയി. അല്ലായിരുന്നെങ്കിൽ, തീർച്ചയായും, കേരളസഭയിൽ ഇന്നു നിലനിൽക്കുന്ന പുരോഹിതജന്മിത്വത്തിൽനിന്ന് അവർ ഇവിടുത്തെ ക്രൈസ്തവരെ മോചിപ്പിക്കുമായിരുന്നു.
അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ ശ്രീ. പിണറായി വിജയനും, ശ്രീ. അച്ചുതാനന്ദൻ സർക്കാരിൽ ആഭ്യന്തര വകുപ്പ് മന്ത്രിയും ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും അന്നത്തെ എൽ.ഡി.എഫ്. കൺവീനറായിരുന്ന വൈക്കം വിശ്വനുംമറ്റും ഫ്യൂഡൽ വ്യവസ്ഥിതികളുടെ പ്രണേതാക്കളായ ക്രിസ്ത്യൻ പുരോഹിതവർഗ്ഗത്തിന്റെ സ്വാധീനത്തിനും പ്രീണനത്തിനും വിധേയപ്പെട്ട് പ്രസ്തുത ബിൽ നിയമപ്രാബല്യത്തിലാക്കാൻ ശ്രീ. വി. എസ്. അച്ചുതാനന്ദൻ ഗവൺമെന്റിന് പിൻബലം നൽകാതെ അട്ടിമറിക്കുകയാണു ചെയ്തത്. 'കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ' ഇവരുമായി സംസാരിച്ചപ്പോൾ പറഞ്ഞത്, 'മെത്രാന്മാരെ പിണക്കിക്കൊണ്ട് ഈ നിയമം പാസാക്കിയാൽ അടുത്ത അഞ്ചു വർഷത്തെ ഭരണം ഞങ്ങൾക്ക് നഷ്ടമാകും' എന്നായിരുന്നു! തുടർന്ന് അധികാരത്തിൽവന്ന യു.ഡി.എഫ്. സർക്കാരിൽ വിശ്വാസമർപ്പിച്ച് അസ്സോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്,''പ്രസ്തുത നിയമം പാസാക്കാൻ തുനിഞ്ഞാൽ മുഖ്യമന്ത്രിക്കസേര എനിക്ക് നഷ്ടപ്പെടും' എന്നും! എൽ.ഡി.എഫ് - ഉം യു.ഡി.എഫ് - ഉം മെത്രാൻ പ്രീണനനയം സ്വീകരിച്ചതുകൊണ്ട് എന്തുനേടി? എൽ.ഡി.എഫ് - ന് തുടർഭരണം കിട്ടിയോ? ഉമ്മൻചാണ്ടി ഉറപ്പിച്ചെടുത്ത മുഖ്യമന്ത്രിക്കസേര ഇന്ന് അദ്ദേഹത്തിനുണ്ടോ? ഇടതുപക്ഷവും വലതുപക്ഷവും ആത്മപരിശോധന നടത്തുന്നത് നന്ന്. രാജ്യത്ത് ധർമ്മവും നീതിയും നിയമവാഴ്ചയും ഉറപ്പുവരുത്തുകയാണ് ഭരണകർത്താക്കളുടെ കടമ. അത് യഥാവിധി നിർവ്വഹിച്ചില്ലെങ്കിൽ തലപ്പത്ത് അനീതി ഭരണംനടത്തി ഭരണകർത്താക്കൾ അവഹേളിതരായിത്തീരും എന്നതാണ് അനുഭവപാഠം.
ഇന്ത്യയിലെ ക്രൈസ്തവസമൂഹം ഇന്ന് അരക്ഷിതരാണ്. നേരായ ഒരു പള്ളിഭരണനിയമത്തിന്റെ അഭാവംമൂലം അവരുടെ മതസമ്പത്തും ജീവിതമൂല്യവും നഷ്ടപ്പെടുകയാണ്. യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കലഹങ്ങൾക്കും വ്യവഹാരങ്ങൾക്കും ഇന്നും അറുതിവരാത്തതിന്റെ കാരണവും മറ്റൊന്നല്ല. കലഹങ്ങൾ ക്രമസമാധാനപാലനത്തിനു ഭീഷണി ഉയർത്തുകയാണ്. സീറോ-മലബാർ സഭയിലും സീറോ-മലങ്കര സഭയിലും, റോമൻ (ലത്തീൻ) കത്തോലിക്കാ സഭയിലും സി.എസ്.ഐ. സഭയിലും സ്ഥിതി കലുഷിതമാണ്. ഇന്ത്യൻ പൗരന്മാരായ അത്മായർ തങ്ങളുടെ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുംവേണ്ടി മെത്രാന്മാരുമായി നിരന്തരം സംഘർഷത്തിലും നിയമയുദ്ധത്തിലുമാണ്. സീറോ-മലബാർ സഭയിലെ മെത്രാന്മാരുമായി 'കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ' നിയമയുദ്ധത്തിലേർപ്പെട്ടു തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. എന്നാൽ, ഇന്ത്യൻ നീതിന്യായപീഠം നീതിപൂർവ്വകമായ തീർപ്പ് കൽപ്പിക്കാൻ വൈമുഖ്യം കാട്ടുകയാണ്. ഭരണഘടനാവിരുദ്ധവും പുരോഹിതസൃഷ്ടവുമായ കള്ളക്കാനോനും കാപ്പിക്കാനോനും പൗരസ്ത്യ കാനോനും പാശ്ചാത്യ കാനോനും അവലംബമാക്കിക്കൊണ്ടാണ്, ഇന്ത്യൻ ജുഡീഷ്യറിയുടെ നീതിന്യായാസനം ഇന്നും വിധിപ്രസ്താവം നടത്തുന്നത്. ഈ നടപടി ഒരു റിപ്പബ്‌ളിക്കായ ഇന്ത്യയെ അപഹസിക്കലാണ്.
ഇന്ത്യൻ പൗരന്മാരായ ക്രൈസ്തവർ പടുത്തുയർത്തിയിട്ടുളള പളളികളും സ്ഥാപനങ്ങളും സ്വത്തുക്കളും പൊതുവായിട്ടുളളതാണ്. ജീവകാരുണ്യപ്രവർത്തനങ്ങളെ മുൻനിർത്തിയുളള അവ ട്രസ്റ്റ് രൂപേണയുളളതാണ്. ഓരോ പള്ളിയും ഓരോ സ്വതന്ത്രറിപ്പബ്‌ളിക്കായാണ് ക്രൈസ്തവസഭയുടെ ആരംഭംമുതൽ പ്രവർത്തിച്ചുപോന്നിട്ടുള്ളത്. അതാതു പളളികളുടെ പൊതുയോഗമാണ് ഭൗതികകാര്യങ്ങൾ നിയന്ത്രിച്ചു പോന്നിട്ടുളളത്. വി. ബൈബിളിലെ അപ്പസ്‌തോലപ്രവർത്തനം 2:44, 4:32, 6:2-4, ഇത് വ്യക്തമാക്കുന്നു. ഭൗതികകാര്യങ്ങളിൽ പളളിക്കാർക്കിടയിൽ തർക്കങ്ങളുണ്ടായാൽ പളളിയോഗത്തിലെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് അന്തിമ വിധിത്തീർപ്പ് കൽപ്പിക്കേണ്ടത്. രാജ്യത്ത് പര്യാപ്തമായ നിയമം പ്രാബല്യത്തിലില്ലാത്ത അവസ്ഥയിൽ വിശ്വാസപരമായി ബൈബിളിലെ നിയമങ്ങളാണ് ക്രൈസ്തവർ അവലംബിക്കേണ്ടത്. ഈ പൊതുതത്വം യാക്കോബായ-ഓർത്തഡോക്‌സ് സഭാതർക്കക്കേസിൽ കോടതികൾ പരിഗണിച്ചിട്ടില്ല. ക്രിസ്ത്യൻ പളളികൾ പളളിക്കാരായ അത്മായർ വീതപ്പിരിവെടുത്തും വീതപ്പണികൾ ചെയ്തും വീട്ടമ്മമാർ പിടിയരി സ്വരൂപിച്ചും നേർച്ചകാഴ്ചകളർപ്പിച്ചും പടുത്തുയർത്തിയിട്ടുളളവയാണ്. അത് തർക്കകക്ഷികളിൽ ന്യൂനപക്ഷമായ ഓർത്തഡോക്‌സ് വിഭാഗത്തിനുമാത്രമായി കൽപ്പിച്ചുത്തരവുനൽകിയ 2017-ലെ സുപ്രീംകോടതി വിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് യോജിച്ചതാണോ എന്നു പരിശോധിക്കേണ്ടത് ആവശ്യമാണെന്നു തോന്നുന്നു.
ഒരു ആചാരം സമൂഹത്തിൽ മുപ്പതുവർഷം തുടർച്ചയായി നിലനിന്നാൽ ആ ആചാരം ഭരണഘടനാ വിരുദ്ധമല്ലെങ്കിൽ അതിന് നിയമത്തിന്റെ പരിഗണനയുണ്ടായിരിക്കെ, ആ നിലയിലുള്ള ആനുകൂല്യംപോലും യാക്കോബായസഭയ്ക്കു ലഭ്യമായില്ല. 'വൃക്ഷത്തെ അതു പുറപ്പെടുവിക്കുന്ന ഫലംകൊണ്ടാണ് വിലയിരുത്തേണ്ടത്' എന്ന തത്ത്വംവച്ചുനോക്കിയാൽ, കേരളസമൂഹത്തിൽ വലിയ രീതിയിൽ ക്രമസമാധാനത്തകർച്ചയ്ക്കും അക്രമങ്ങൾക്കും വഴിയൊരുക്കിയ ഈ കോടതിവിധി മികവാർന്ന ഒന്നാണെന്നു വിലയിരുത്താൻ ആർക്കും കഴിഞ്ഞെന്നുവരില്ല. ഈ സാഹചര്യത്തിൽ പ്രസ്തുത വിധി പുനഃപരിശോധനയ്ക്കു വിധേയമാക്കി, 'ഓവർ റൂൾ' ചെയ്ത് ഇന്ത്യൻ ഭരണഘടനാ വിധേയമായ വിധിപുറപ്പെടുവിച്ച് ഇന്ത്യൻ ജുഡീഷ്യറിയുടെ അന്തസ് സംരക്ഷിക്കുവാൻ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിനും ഭരണഘടനാഫുൾബഞ്ചിനും ബാധ്യതയുണ്ട്. സുപ്രീംകോടതി അതിന് സന്മനസ് കാണിക്കാത്തപക്ഷം, ബഹു: ഇന്ത്യൻ പ്രസിഡണ്ട് ഇക്കാര്യത്തിലിടപെട്ട് അതിനാവശ്യമായ നിർദ്ദേശം സുപ്രീംകോടതിക്ക് നൽകുകയാണ് കരണീയമായിട്ടുളളത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്ത് അധികാരം കൈയാളിയ കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ പക്ഷപാതവും വിവേചനവും കാര്യക്ഷമതയില്ലായ്മയും നിയമനിർമ്മാണസഭകളുടെ ഉദാസീനതയും സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാലംഘനവുമാണ്, തെറ്റായതും നീതീകരണമില്ലാത്തുമായ കോടതിവിധികൾക്കും അരക്ഷിതാവസ്ഥയ്ക്കും ഇടയാക്കിതീർത്തിട്ടുളളത്. വിവാദകക്ഷികളിൽ ബഹുഭൂരിപക്ഷംവരുന്ന യാക്കോബായ വിഭാഗം നൂറ്റാണ്ടായി കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തി സ്വതന്ത്രമായി കാത്തുപരിപാലിച്ച് ആരാധനനടത്തിപ്പോരുന്ന ആരാധനാലയങ്ങളിൽനിന്നാണ്, നീതിബോധവും തത്വദീക്ഷയുമില്ലാത്ത ശ്രീ. പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാർ പോലീസിനെ ഉപയോഗിച്ച് നിഷ്‌കരുണം നരനായാട്ട് നടത്തി അവരെ തെരുവിലാക്കിയിരിക്കുന്നത്! ഇത് ക്രൂരവും കിരാതവുമാണ്.
'കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ' നിയമപ്രാബല്യത്തിലാക്കണമെന്ന ആവശ്യവുമായി ഈ രംഗത്ത് അതിശക്തമായി പ്രവർത്തിക്കുന്ന സമരനായകനാണ് വന്ദ്യ ബാർ യൂഹാനോൻ റമ്പാൻ. അദ്ദേഹം 2020 ആഗസ്റ്റ് 19-മുതൽ എറണാകുളം ജില്ലയിലെ പിറമാടം ദയറായിൽ സർക്കാർ ചർച്ച് ആക്ട് നിയമപ്രാബല്യത്തിലാക്കുന്നതുവരെയോ അല്ലെങ്കിൽ തന്റെ മരണംവരെയോ നിരാഹാരസമരം നടത്തിവരികയാണ്. ഈ സമരത്തിലൂടെ സീറോ-മലബാർ, സീറോ-മലങ്കര, ലത്തീൻ (റോമൻ കത്തോലിക്കാ), സി.എസ്.ഐ, മാർത്തോമ്മാ, യാക്കോബായ എന്ന വേർതിരിവുകൂടാതെ ഇന്ത്യൻ പൗരന്മാരായ മുഴുവൻ ക്രൈസ്തവരുടെയും അവകാശസംരക്ഷണമാണ് അദ്ദേഹം ലക്ഷ്യംവച്ചിരിക്കുന്നത്. ''സത്യമായും ദൈവത്തിന് പക്ഷപാതമില്ലെന്നും, അവിടുത്തെ ഭയപ്പെടുകയും നീതിപ്രവർത്തിക്കുകയും ചെയ്യുന്ന ആരും ഏത് ജനതയിൽപ്പെട്ടവനായാലും അവിടുത്തേക്ക് സ്വീകാര്യനാണെന്നും ഞാൻ സത്യമായും അറിയുന്നു'', എന്നാണ് തിരുവചനം. അത് ഉൾക്കൊളളുവാനുളള ഹൃദയവിശാലതയും സന്മനസും ധാർമ്മികബോധവും സാമൂഹികപ്രതിബദ്ധതയും സാഹോദര്യസ്‌നേഹവും നാം ഓരോരുത്തർക്കും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ ഉദ്യമത്തിന് 'കാത്തലിക് ലേമെൻസ് അസ്സോസിയേഷ'ന്റെ ധാർമ്മികപിന്തുണയും പങ്കാളിത്തവും പ്രഖ്യാപിക്കുന്നതോടൊപ്പം പ്രാർത്ഥനയും ഹൃദയംഗമമായി നേരുകയും ചെയ്യുന്നു!
No comments:
Post a Comment