Translate

Tuesday, September 15, 2020

വീണ്ടും സീറോ-മലബാർ സഭാസിനഡിന്റെ വഞ്ചന!

 ഷൈജു ആന്റണി ഫോൺ: 9388998006

(ജോ. കൺവീനർ, എസ്.ഒ.എസ് ആക്ഷൻ കമ്മറ്റി)

സീറോ-മലബാർ സഭാസിനഡ് വീണ്ടും എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെയും വൈദികരെയും വഞ്ചിച്ചിരിക്കുന്നു! അതിരൂപതയുടെ അടിത്തറയിളക്കിയ ഭൂമി കച്ചവടത്തിലുണ്ടായ നഷ്ടപരിഹാരത്തിന് തീരുമാനമാകാതെ സീറോ-മലബാർ സഭയുടെ 28-ാമത് സിനഡിന്റെ രണ്ടാം സമ്മേളനവും പിരിഞ്ഞു. വിശ്വാസികളുടെയും വൈദികരുടെയും പ്രതീക്ഷകളെ തല്ലിക്കെടുത്തിയ ഈ സിനഡിന് ശേഷം അതിരൂപതയിൽ ചാരം മൂടിക്കിടന്ന കനലുകൾ ആളിക്കത്തും.

ബിഷപ്പ് കരിയിലിന് അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പെന്ന നിലയിൽ ഇക്കാര്യത്തിലുള്ള സർവ്വാധികാരങ്ങളും റോമിൽനിന്ന് കല്പിച്ചുനൽകിയിട്ടും, ക്രിയാത്മകമായി യാതൊന്നും ചെയ്യാതെ വൈദികരെയും വിശ്വാസികളെയും വഞ്ചിക്കുകയായിരുന്നു എന്ന തിരിച്ചറിവിലാണ് അൽമായ സംഘടനകൾ. റെസ്റ്റിറ്റിയൂഷൻ നടപ്പാക്കുന്നതിനായി ഉണ്ടാക്കിയ ഡ്രാഫ്റ്റിങ് കമ്മിറ്റി മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അതിരൂപതാ ട്രിബ്യൂണലിൽ നൽകിയിരിക്കുന്ന വിവിധ കേസുകൾ പരിഗണനയ്ക്കുപോലും എടുത്തിട്ടില്ല. അതിനാൽത്തന്നെ, അതിരൂപതാകൂരിയ കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന സംശയത്തിന്റെ നിഴലിലാണ്.

ഈ തിരിച്ചറിവിൽനിന്ന് എല്ലാം വീണ്ടും തുടങ്ങുകയാണ്. മേജർ അതിരൂപതയിലെ മുഴുവൻ വിശ്വാസികളെയും വീണ്ടും സമരമുഖത്തേക്ക് വലിച്ചെറിയുന്ന സീറോ-മലബാർ സിനഡ്, വരുംകാല സംഭവങ്ങളുടെ പരിപൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. വൈദികരുടെയും വിശ്വാസികളുടെയും ക്ഷമാപൂർണ്ണമായ സമീപനത്തെ അവരെ വഞ്ചിക്കാനുള്ള ഉപായമാക്കി സിനഡ് മാറ്റുകയായിരുന്നു.

പ്രിയപ്പെട്ട സിനഡ് ബിഷപ്പുമാരേ, റസ്റ്റിറ്റിയൂഷൻ നടപ്പാക്കണമെന്ന ഉത്തരവ് റോമിൽനിന്ന് തനിയേ വന്നതല്ല. ഞങ്ങൾ വിശ്വാസികളും  വൈദികരുംചേർന്ന് നേടിയെടുത്തതാണ്. അതു ഞങ്ങളുടെ അവകാശമാണ്. അതിനെ അട്ടിമറിക്കാനോ, അതിൽ വെള്ളം ചേർക്കാനോ ഞങ്ങൾ നിങ്ങളെ അനുവദിക്കുകയില്ല.

എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കർ വരുന്ന 5 ഭൂമികൾ കപ്പലണ്ടിപ്പിണ്ണാക്കു പോലെ ചുളുവിലയ്ക്ക് വിറ്റുതുലച്ചതിന്റെ നഷ്ടപരിഹാരമാണ് ഞങ്ങൾ ചോദിക്കുന്നത്. അത് നിങ്ങളുടെ ഔദാര്യമല്ല. റോമിലെ പരിശുദ്ധ സിംഹാസനം അടിവരയിട്ടുറപ്പിച്ചു തന്ന ഞങ്ങളുടെ അവകാശമാണ്.

പ്രിയ കരിയിൽ പിതാവേ, അങ്ങിപ്പോൾ അലങ്കരിക്കുന്ന പദവി അങ്ങേക്ക് സ്വമേധയാ ലഭിച്ചതല്ല. റസ്റ്റിറ്റിയൂഷൻ നടപ്പിലാക്കുന്നതിനുവേണ്ടി ഞങ്ങൾ നേടിയെടുത്തതാണ്. അതിനാൽത്തന്നെ അങ്ങയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം റസ്റ്റിറ്റിയൂഷൻ നടപ്പാക്കുക എന്നതുമാത്രമാണ്. കഴിഞ്ഞ ഒരു കൊല്ലം അതു നടപ്പാക്കാതെ അങ്ങു വിശ്രമിച്ചു. ഇനി അതു നടപ്പില്ല.

അതിരൂപത പണം കൊടുത്തു വാങ്ങിയ കോട്ടപ്പടി ഭൂമി വിൽക്കണമെന്ന് പറയാൻ ആർക്കും അവകാശമില്ല. അതു വിറ്റാൽത്തന്നെ അത് റസ്റ്റിറ്റിയൂഷൻ ആവുകയുമില്ല. പിടിയാവിലയ്ക്ക് ഭൂമി വിറ്റതിന്റെ നഷ്ടം തീർക്കുന്നത് മറ്റൊരു ഭൂമി വിറ്റു കൊണ്ടാണോ? നിങ്ങളുടെ കുതന്ത്രങ്ങൾക്ക് തല വച്ചു തരാൻ ഇനിയും ഞങ്ങൾ തയ്യാറല്ല.

ധാർമിക ബോധം നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകളായി സിനഡ് ബിഷപ്പുമാർ എല്ലാവരും തരംതാഴരുത്. ഇനി പഠനങ്ങൾ ആവശ്യമില്ല. നടപടികളാണാവശ്യം. ഇൻജോഡി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തു വിടണം. കഴിഞ്ഞ സമരകാലങ്ങളിൽ നിങ്ങൾ തന്ന വാഗ്ദാനങ്ങൾ മറക്കരുത്.

ഇനിയുണ്ടാകുന്ന സമരങ്ങൾക്കും, സത്യഗ്രഹങ്ങൾക്കും, മറ്റു കോലാഹലങ്ങൾക്കും ഉത്തരവാദികൾ അതിരൂപതാ കൂരിയയും സിനഡു ബിഷപ്പുമാരുംമാത്രമായിരിക്കും.

No comments:

Post a Comment