Translate

Friday, September 25, 2020

വൈദികകുറ്റകൃത്യങ്ങൾ കോടതിയിലെത്തുമ്പോൾ സംഭവിക്കുന്നത്...

 അഡ്വ. ജയശങ്കർ,  ഫോൺ: 8089040611

['നസ്രാണി' യൂ ട്യൂബ് ചാനലിനുവേണ്ടി അഡ്വ. ജയശങ്കറുമായി കെ.സി.ആർ.എം. കമ്മിറ്റി അംഗവും സഭാനവീകരണരംഗത്തെ പ്രമുഖനേതാവുമായ ശ്രീ കെ. ജോർജ്ജ് ജോസഫ് നടത്തിയ അഭിമുഖത്തിൽനിന്ന്, കെ.സി.ആർ.എം. പ്രവർത്തകനും 'സഫലം' മാസികയുടെ അസ്സോസിയേറ്റ് എഡിറ്ററുമായ ശ്രീ ആന്റോ മാങ്കൂട്ടം തയ്യാറാക്കിയ ലേഖനം. സഭാസംബന്ധിയായ ഏതാണ്ട് എല്ലാ ആനുകാലിക വിഷയങ്ങളെയും സ്പർശിക്കുന്ന ഒരു മണിക്കൂറോളം ദൈർഘ്യമുള്ള അഭിമുഖത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതിൽ സംഗ്രഹിച്ചിരിക്കുന്നത്. അഭിമുഖം മുഴുവനായി കാണാൻ 'നസ്രാണി' (Nazrani) യൂ ട്യൂബ് ചാനൽ സന്ദർശിക്കുക.]

*

ഫ്രാങ്കോ കേസ് വന്നപ്പോൾ മനോരമപത്രം വാർത്ത മുക്കി. മനോരമപത്രം വിശ്വാസികളും നേതൃത്വവും വായിക്കുന്ന പത്രമാണെന്ന് വാദിക്കാം. എന്നാൽ, മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ 'ദേശാഭിമാനി'യിൽ എന്താണ് വാർത്ത വരാതിരുന്നത്? അവർ ഭരിക്കുന്ന പാർട്ടിയാണ്. ദേശാഭിമാനിയിൽ വാർത്തവന്നാൽ സഭാ വിശ്വാസികളുടെ വോട്ട് കിട്ടാതെ വന്നാലോ എന്ന് കമ്മ്യൂണിസ്റ്റുകാർ ഭയപ്പെട്ടു. അവരുടെ ഭയപ്പാടിന് കാതലൊന്നുമില്ല.

*

കത്തോലിക്കാസഭ ഒരു വലിയ സംവിധാനമാണ്. മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതിനേക്കാൾ ഭയങ്കരമായ ഒരു സംവിധാനമാണത്. ഒരു വൈദികനെതിരെ പോലീസിൽ പരാതി വന്നാൽ കേസ് എടുക്കുന്നതിനുമുമ്പ് പോലീസ് പലവട്ടം ആലോചിക്കും. ഇനി അഥവാ എങ്ങനെയെങ്കിലും കോടതിയിൽ എത്തിയാലോ? ശിക്ഷിക്കുന്നതിനുമുമ്പ് ജഡ്ജി നിരവധി തവണ ചിന്തിക്കും. ജഡ്ജി കത്തോലിക്കനാണെങ്കിലും അല്ലെങ്കിലും ഇതുതന്നെയാണ് സംഭവിക്കുക. കോടതിയുടെ ചായവ് സഭയുടെ ഭാഗത്തേക്കായിരിക്കും. ജഡ്ജിമാരിൽ ചിലർ സമുദായതാല്പര്യംവച്ച് വിധിക്കുന്നവർതന്നെ ഉണ്ട്. അരമനയിൽനിന്നു വിളിച്ചു പറയുമ്പോൾ അതനുസരിച്ച് മാറ്റിയെഴുതുന്നവരും ഉണ്ട.് മുൻ സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് പരസ്യമായി പറഞ്ഞിട്ടുണ്ട്, വിശ്വാസം പറയ്ക്കടിയിൽ വെക്കാനുള്ളതല്ല, എന്ന്. അദ്ദേഹം ജഡ്ജിയായിരുന്ന മുഴുവൻ കാലവും പ്രവൃത്തിയിൽ അത് തെളിയിച്ച ആളാണ്.

ഫ്രാങ്കോയെ സംബന്ധിച്ച് പറഞ്ഞാൽ, അദ്ദേഹം കേസ് പരമാവധി വൈകിക്കാനാണ് നോക്കുന്നത്. ബലാത്സംഗക്കേസുകളിൽ പ്രതികളാകുന്നവരുടെ ബുദ്ധിമുട്ട് അവർക്കുമാത്രമേ അറിയൂ.

 മുൻപും ഇതുപോലുള്ള കേസുകൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ഇതുപോലെ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല എന്നുമാത്രം. ഇപ്പോൾ സമൂഹം കുറേക്കൂടി അവബോധം നേടിയതാണ് കാര്യങ്ങൾ തുറന്ന് ചർച്ച ചെയ്യപ്പെടാൻ കാരണം. പണ്ടൊക്കെ ആളുകൾ ഒളിച്ചുവയ്ക്കുകയോ മറച്ചുപിടിക്കുകയോ ഒക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ കൂടുതൽ ആളുകൾ ചർച്ചചെയ്യാൻ തയ്യാറാകുന്നു എന്നതാണ് കാര്യം. മാത്രമല്ല, അന്നത്തെപ്പോലെ ഇതെല്ലാം ദൈവനിശ്ചയമാണ് എന്നതരത്തിലുള്ള നിസ്സംഗത ഭാവം ഇന്നില്ല.

അടുത്തകാലത്ത് കൊട്ടിയൂരിൽ റോബിൻ എന്ന വൈദികൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം നോക്കിയാൽ, ആ ഗർഭം ആ പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ സഭാനേതൃത്വമാണ് മുൻകൈ എടുത്തതെന്ന് കാണാം. ആ പെൺകുട്ടിക്ക് പ്രായപൂർത്തിയായി എന്ന കള്ളരേഖയുണ്ടാക്കുവാൻപോലും സഭാപ്രമാണിമാർ തയ്യാറായി. ഭാഗ്യവശാൽ ശാസ്ത്രീയ പരിശോധനയിലൂടെ കുട്ടിയുടെ പ്രായം തെളിയിക്കാൻ സാധിച്ചു. മാത്രവുമല്ല, ഡി.എൻ.എ പരിശോധനയിലൂടെ ജനിച്ച കുഞ്ഞിന്റെ പിതാവ് ഫാദർ റോബിൻ ആണെന്ന് തെളിയിക്കാനും സാധിച്ചു. അതുകൊണ്ടാണ് റോബിനെ കോടതി ശിക്ഷിച്ചത്.

 മറ്റൊന്ന്, ഇന്നു കോടതികളുടെ ചിന്താഗതിയിലും മാറ്റംവന്നു എന്നതാണ്. പണ്ടൊക്കെ ഒരു വൈദികൻ പ്രതിയായി കൂട്ടിൽ കയറി നിൽക്കുമ്പോൾതന്നെ ജഡ്ജി സ്വാഭാവികമായി വൈദികന്റെ പക്ഷത്തേക്ക് ചായും. മനപ്പൂർവ്വം മാറുന്നതല്ല, സ്വാഭാവികമായി ഒരു ചായ്‌വ് വരും. പിന്നെ എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ച് പ്രതിയെ വെറുതെ വിടാനുള്ള ഒരു ചിന്ത ഈ ജഡ്ജിമാർക്കുണ്ടാകും.

പഴയ മറിയക്കുട്ടി കൊലക്കേസ് നോക്കുക. ഫാദർ ബനഡിക്ടിന് കൊല്ലം സെഷൻസ് കോടതി ജഡ്ജി കുഞ്ഞിരാമൻ വൈദ്യർ വധശിക്ഷ വിധിച്ചു. പക്ഷേ, ഹൈക്കോടതിയിൽ എത്തിയപ്പോൾ വെറുതെവിട്ടു. നിരപരാധിത്തം തെളിഞ്ഞിട്ടല്ല. ആരോരുമില്ലാത്ത ഒരു മറിയക്കുട്ടി കൊല ചെയ്യപ്പെടുന്നു. കുറച്ച് അനാശാസ്യമായി ജീവിച്ച സ്ത്രീ. അതിന് നല്ല കുടുംബത്തിൽപെട്ട ഒരു പുരോഹിതനെ എന്തിന് ശിക്ഷിക്കണം എന്ന ചിന്ത ഹൈക്കോടതിയിലെ ജഡ്ജിമാർക്കുണ്ടായി. ആ രണ്ടു ജഡ്ജിമാരും വരേണ്യവർഗ്ഗത്തിൽപ്പെട്ടവരായിരുന്നു. ഒന്ന് പി.റ്റി. രാമൻ നായർ, രണ്ട് ഗോപാലൻ നമ്പ്യാർ.  രണ്ടു ജഡ്ജിമാരുടെയും ചിന്ത പ്രതിയെ എങ്ങനെ ശിക്ഷിക്കാതിരിക്കണമെന്നുള്ളതായിരുന്നു. മാത്രമല്ല, അന്നത്തെ വളരെ പ്രശസ്തനായ സുപ്രീംകോടതി വക്കീൽ അഡ്വ. ചാരിയെ ഒരുപാട് പണംമുടക്കി കൊണ്ടുവന്ന് സഭ വാദിപ്പിച്ചു. അങ്ങനെ ഫാദർ ബെനഡിക്ടിനെ കുറ്റവിമുക്തനാക്കി. വധശിക്ഷയ്ക്ക് വിധിച്ച കുഞ്ഞിരാമൻ വൈദ്യരും അദ്ദേഹത്തിന്റെ കുടുംബവും തകർന്നു തരിപ്പണമായെന്നാണ് സഭാനേതൃത്വം പിൽക്കാലത്തു പ്രചരിപ്പിച്ചുപോന്നത്! എന്നാൽ, ദീർഘായുഷ്മാനാണ് അദ്ദേഹം അന്തരിച്ചത.് ചീഫ് സെക്രട്ടറിയായി വിരമിച്ച പ്രശസ്തനായ ഭരത്ഭൂഷൺ ഐ.എ.എസ് അദ്ദേഹത്തിന്റെ മകനാണ്. എന്നിട്ടാണ്, കത്തോലിക്കാസഭയുടെ ഈ കുപ്രചരണം! അത് അന്നത്തെ കാലം. ഇന്ന് സ്ഥിതി മാറിവരികയാണ്. എങ്കിലും, പുരോഹിതരും കന്യാസ്ത്രീകളും പ്രതികളാകുന്ന കേസുകളിൽ ജഡ്ജിമാർ സ്വാഭാവികമായും അവരെ രക്ഷപെടുത്തുന്ന  രീതി ഇപ്പോഴും നിലനില്ക്കുന്നു.

എറണാകുളം അത്യുന്നത കർദ്ദിനാൾ ആലഞ്ചേരിയുമായി ബന്ധപ്പെട്ട ഭൂമിയിടപാടു വിഷയം എടുക്കാം. പണ്ടൊക്കെയാണെങ്കിൽ ഇങ്ങനെ ഒരു വിഷയത്തിൽ ചർച്ചപോലും വരില്ല. ഇന്നതല്ല സ്ഥിതി. സഭയ്ക്കകത്ത് ചോദ്യംചെയ്യുന്നു;  വൈദികർ ചോദ്യംചെയ്യുന്നു;  മെത്രാന്മാർ ചോദ്യംചെയ്യുന്നു. പൊതുസമൂഹത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നു. വൈകിട്ട് ടി.വി.യിൽ അൽമായർ കർദ്ദിനാളിനെ വിമർശിച്ച് സംസാരിക്കുന്നു. ആരും അല്മായരെ ശിക്ഷിക്കുന്നില്ല; അഥവാ അൽമായരെ ശിക്ഷിക്കുവാൻ സഭാനേതൃത്വത്തിന് സാധിക്കുന്നില്ല. അതുപോലെ, ബിഷപ്പ് ഫ്രാങ്കോ കേസ് എടുക്കുക. പൊതുസമൂഹം ഈ കന്യാസ്ത്രീ പീഡനക്കേസ് ഏറ്റെടുത്തില്ലേ? പണ്ടൊക്കെയാണെങ്കിൽ, കന്യാസ്ത്രീകൾ ഇങ്ങനെയൊരു പരാതി പറയാൻ തയ്യാറാകുമോ? അതിനുള്ള തന്റേടം കിട്ടുകയില്ലല്ലോ. ആ കന്യാസ്ത്രീകൾ ആദ്യം എവിടെയൊക്കെ പരാതി കൊടുത്തു! മെത്രാന്റെ പക്കൽ, ഇന്റർനൂൺഷ്യോയുടെയടുത്ത്, കർദ്ദിനാളിന്റെ മുമ്പിൽ... അവിടെ നിന്നെല്ലാം തിരസ്‌കരിക്കപ്പെട്ടപ്പോഴാണ് ആ കന്യാസ്ത്രീകൾ പോലീസിൽ പരാതിപ്പെട്ടത്. മനോരമപത്രം പിറ്റേന്ന് ചെറിയൊരു വാർത്ത കൊടുത്തു, മാതൃഭൂമി പത്രത്തിലാണ് വിശദമായ വാർത്ത വന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ പത്രങ്ങളും സമൂഹമാധ്യമങ്ങളും ഈ വാർത്ത ഏറ്റുപിടിച്ചു.

പിന്നീട് ഈ കന്യാസ്ത്രീമാർ എറണാകുളം വഞ്ചീസ്‌ക്വയറിൽ സമരംതുടങ്ങുന്നു. കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണല്ലോ, കന്യാസ്ത്രീകൾ ഇങ്ങനെ ഒരു പൊതുവേദിയിൽ ഒരു സമരവുമായി രംഗത്തുവരുന്നത്. മെത്രാനാൽ പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീയ്ക്ക് നീതി കിട്ടുന്നതിനുവേണ്ടി വേറെ ചില കന്യാസ്ത്രീകൾ സമരത്തിനിറങ്ങുക! ഇത് എവിടെയും കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഈ സമരത്തിന് പൊതുസമൂഹത്തിൽനിന്നും വലിയ സ്വീകാര്യത ലഭിക്കുന്നു. മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പിന്തുണയുമായി വരുന്നു. സമൂഹത്തിൽ ബഹുമാന്യരും പ്രശസ്തരുമായ ഒട്ടേറെപ്പേർ ഈ സമരത്തെ പിന്തുണയ്ക്കുന്നു. സമൂഹമനഃസാക്ഷിയുണരുന്നു...

ഇനി, വൈദികർക്കാണെങ്കിലും ആർക്കാണെങ്കിലും പഴയതുപോലെ ഒന്നും ചെയ്യാൻ സാധിക്കില്ല. ആളുകൾക്ക് പരാതി പറയാൻ അവസരം കിട്ടുന്നു. ആ പരാതിക്ക് പൊതു സമൂഹത്തിൽ ഒരു ഇടം കിട്ടുന്നു. സഭയ്ക്കകത്തുനിന്നും വൈദികരിൽനിന്നും പിന്തുണ കിട്ടുന്നു. അതത്ര ചെറിയ കാര്യമല്ല.  ഫ്രാങ്കോ വിഷയം ഉണ്ടായപ്പോൾ, സഭയിലെ ഭൂരിപക്ഷം അധികാരികളും അന്ധമായി ഫ്രാങ്കോയെ പിന്തുണച്ചപ്പോൾ, ഒരുപറ്റം വൈദികർ നീതിക്കുവേണ്ടി സംസാരിച്ചു. ഉദാഹരണത്തിന് ബഹു. തേലക്കാട്ടച്ചൻ, മെത്രാൻ ഭരണികുളങ്ങര തുടങ്ങിയവർ.

പിന്നെ, കത്തോലിക്കാസഭ വളരെ വലിയ ഒരു സംവിധാനമാണ്. അതിനെതിരെ പരാതി പറയുന്നവരെ ഒറ്റപ്പെടുത്തുവാനും ആവശ്യമെങ്കിൽ അവരെ നിശ്ശബ്ദരാക്കാനുമുള്ള സംവിധാനം അതിനുണ്ട്. സഭയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച് മുന്നേറാൻ അത്ര എളുപ്പമല്ല. കത്തോലിക്കാസഭ പിന്തുടരുന്നത് ഫ്യൂഡൽ വ്യവസ്ഥിതിയാണ്. ഇന്നും ജന്മി-കുടിയാൻ സമ്പ്രദായം നിലനിൽക്കുന്ന ഒരു സഭ.

ഈ സഭയുടെ ഘടന നിലനിൽക്കുന്നത് സാമ്പത്തികസംവിധാനവുമായി ബന്ധപ്പെട്ടാണ്. സഭയുടെ നിയന്ത്രണത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ,  ഹോസ്പിറ്റലുകൾ എല്ലാമുണ്ട്. രാഷ്ട്രീയത്തിലും ഇവർക്ക് വലിയ സ്വാധീനമാണുള്ളത്. ഈ സ്വാധീനം വേണ്ടവിധം വിനിയോഗിക്കുവാൻ ഇതിന്റെ തലപ്പത്തുള്ളവർക്കറിയാം; അതവർ ശരിക്കും ഉപയോഗിക്കുന്നു.

ഫ്രാങ്കോ കേസ് വന്നപ്പോൾ മനോരമപത്രം വാർത്ത മുക്കി. മനോരമപത്രം വിശ്വാസികളും നേതൃത്വവും വായിക്കുന്ന പത്രമാണെന്ന് വാദിക്കാം. എന്നാൽ, മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ 'ദേശാഭിമാനി'യിൽ എന്താണ് വാർത്ത വരാതിരുന്നത്? അവർ ഭരിക്കുന്ന പാർട്ടിയാണ്. ദേശാഭിമാനിയിൽ വാർത്തവന്നാൽ സഭാ വിശ്വാസികളുടെ വോട്ട് കിട്ടാതെ വന്നാലോ എന്ന് കമ്മ്യൂണിസ്റ്റുകാർ ഭയപ്പെട്ടു. അവരുടെ ഭയപ്പാടിന് കാതലൊന്നുമില്ല. ഇപ്പോൾ മെത്രാന്മാർ പറയുന്നിടത്ത് വോട്ട് ചെയ്യുന്നവരുടെ എണ്ണം തീരെക്കുറഞ്ഞുവെന്ന് ഈ രാഷ്ട്രീയക്കാർ മനസ്സിലാക്കിയിട്ടില്ല.

എറണാകുളത്ത് വഞ്ചീസ്‌ക്വയറിലെ സമരപ്പന്തലിൽ എത്രയോ കുറച്ച് രാഷ്ട്രീയ നേതാക്കളാണ് പങ്കെടുത്തത്! ബിന്ദു കൃഷ്ണനെയും ഷാനിമോൾ ഉസ്മാനെയുംപോലെ ചുരുക്കം ചിലർമാത്രം! സി.പി.എം-ന്റെയോ സി.പി.ഐ.-യുടെയോ ഒരു നേതാവും അതിൽ പങ്കെടുത്തില്ല. ഏതെങ്കിലും കാലത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, ഇവർ പണ്ട് കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തിട്ടുള്ളവരാണ് എന്ന് അവർ പറഞ്ഞാലോ എന്നാണ് ഭയം. സത്യത്തെ നേരിടുവാൻ തയ്യാറല്ല; അതാണ് കാരണം. സഭയ്ക്കകത്ത് ഒരു വിഷയം വരുമ്പോൾ, സഭയെ വെറുപ്പിക്കെണ്ടാ എന്നു കരുതി ഇവർ മാറിനിൽക്കുന്നു. സഭയുടെ പുറത്തുള്ളവരെ സംബന്ധിച്ച്, എന്നെങ്കിലും ഈ സഭയുമായി ഒന്നിച്ചു പ്രവർത്തിക്കേണ്ടി വന്നാലോ എന്നു കരുതി സഭാനേതാക്കളുമായി ഉരുമ്മി നടക്കാനുള്ള ത്വരയും നിലനിൽക്കുന്നു!

പക്ഷേ ഇതിനുള്ളിൽ ഒരു സത്യം തിരിച്ചറിയണം. കാലം മാറി. സത്യം തിരിച്ചറിയുന്നവരുടെ എണ്ണം കൂടി. ഈ സത്യാന്വേഷികളുടെ കൂടെനിൽക്കാൻ ധാരാളമാളുകൾ മുമ്പോട്ടു കടന്നുവരുന്നു. ഇത് വളരെവളരെ വലിയ ഒരു കാര്യമാണ്. സഭയിലെ അനീതികളെ സധൈര്യം ചൂണ്ടിക്കാണിക്കുന്നവർ ഇന്ന് പൊതുസമൂഹത്തിന് അനഭിമതരല്ല. അവരെ നീതിയുടെ പ്രവാചകന്മാരായി പൊതുസമൂഹം കാണാൻ തുടങ്ങി. അത് ഏറെ ശുഭകരമായ വസ്തുതയാണ്. എന്തായാലും മാറ്റം തുടങ്ങിയിരിക്കുന്നു; സത്യത്തിലേക്കുള്ള ചുവടുവയ്പിന് വേഗം കൂടിയിരിക്കുന്നു. വെളിച്ചം അകലെയല്ല. 

No comments:

Post a Comment