Translate

Sunday, September 27, 2020

വഞ്ചീസ്‌ക്വയർ കന്യാസ്ത്രീസമരത്തിനു രണ്ടു വയസ്സ്!

സി. എക്‌സ്. ഡൊമിനിക് സാവിയോ, ചെന്നൈ, ഫോൺ - 9600137598 

നീതിക്കുവേണ്ടി സഭാധികാരികളുടെ പടിവാതിലുകൾക്കുമുമ്പിൽ ഒരു കന്യാസ്ത്രീ നിറകണ്ണുകളോടെ മാറിമാറി മുട്ടിയിട്ടു തുറക്കാതെവന്നപ്പോൾ, തനിക്കു കിട്ടേണ്ട ദൈവനീതി ക്രിസ്തുവിന്റെ ഭൂമിയിലെ പ്രതിനിധികളെന്ന് അഭിനയിച്ച് വിശ്വാസികളെ പറ്റിച്ചു ജീവിക്കുന്ന പരാന്നഭോജികൾ നിഷേധിച്ചപ്പോൾ, ലോകത്താദ്യമായി ഒരു കന്യാസ്ത്രീ ഒരു ബിഷപ്പിനെതിരെ രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുമുമ്പിൽ പരാതിയുമായി ചെന്നു. 2018 ജൂൺ 27-ന് കുറവിലങ്ങാട്ട് പോലീസ് സ്റ്റേഷനിലാണ്, ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കുറവിലങ്ങാട്ട് മഠത്തിലെ ഒരു കന്യാസ്ത്രീ ലൈംഗികപീഡനമാരോപിച്ച് പരാതി നൽകിയത്.

അപ്പോഴും, ഭാരതകത്തോലിക്കാസഭയിലെ ഏറ്റവും വലിയ സമ്പന്നനും കാമദാഹിയും ക്രിമിനലുമായ ഫ്രാങ്കോയെന്ന ബിഷപ്പിനുമുമ്പിൽ, രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികളും ഭരണചക്രം തിരിക്കുന്നവരും, കേരളത്തിലെ അരമനകളിൽ വാഴുന്ന അംശവടി-അരക്കെട്ട് കൂമ്പൻതൊപ്പിക്കാരും ഓച്ഛാനിച്ചുനിൽക്കുകയായിരുന്നു!

എന്നാൽ, സത്യസന്ധരായ ഏതാനും പോലീസ് ഉദ്യോഗസ്ഥർ വൈക്കം ഡി.വൈ.എസ്.പി. ബി. സുഭാഷിന്റെ നേതൃത്വത്തിൽ തലനാരിഴകീറി പഴുതുകളടച്ച്  തെളിവുകൾ ശേഖരിച്ചു. പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും പ്രതിക്കെതിരെ FIR  രജിസ്റ്റർ ചെയ്യുകയും ചെയ്തു!

പക്ഷേ, ബിഷപ്പ് ഫ്രാങ്കോയുടെയും കേരളത്തിലെ സഹമെത്രാന്മാരുടെയും ഭരണ-രാഷ്ട്രീയ അവിഹിതകൂട്ടുകെട്ടിൽ തുടർനടപടിക്രമങ്ങൾ പൊടിപിടിക്കുന്ന അവസ്ഥയിലും അവതാളത്തിലുമായി.

ഈ സാഹചര്യത്തിലാണ്, K C R M - ന്റെ പ്രമുഖനേതാവ് ശ്രീ. കെ. ജോർജ് ജോസഫ്, ഫ്രാങ്കോയ്‌ക്കെതിരെയുള്ള പോലീസ് നടപടികൾ ശക്തിപ്പെടുത്തണമെന്നും പ്രതിയെ അറസ്റ്റുചെയ്യാൻ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെടുന്ന പൊതുതാല്പര്യ ഹർജിയുമായി 2018 ആഗസ്റ്റ് 6-ന്, തന്റെ സ്വന്തം ചെലവിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുന്നത്. തങ്ങളുടെ അന്വേഷണത്തിൽ, ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനാണെന്നുള്ളതിനു തെളിവുകളുണ്ടെന്നും വൈകാതെ അറസ്റ്റ് നടപടികളിലേക്ക് നീങ്ങുമെന്നുമുള്ള അന്വേഷണറിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ പോലീസിന് ഈ കേസ് നിമിത്തമായി.

എന്നാൽ, ചില ക്രിമിനൽ മെത്രാന്മാരുടെ രാഷ്ട്രീയസമ്മർദ്ദത്തിൽ അറസ്റ്റ് നീണ്ടുപോകുകയും കേസ് വീണ്ടും പുതപ്പിനടിയിൽ മൂടപ്പെടുകയുമാണുണ്ടായത്. K C R M - ന്റെ പാലായിലെയും തൊടുപുഴയിലെയും നേതാക്കൾക്കിടയിൽ, ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് വീണ്ടും കേസുമായി പോകണമോ, അതോ പ്രത്യക്ഷസമരത്തിലേക്കിറങ്ങണമോ എന്ന ചർച്ച സജീവമായി. സെപ്തം. 2-ന് തൊടുപുഴ യൂണിറ്റിലെ മുതിർന്ന നേതാവ് അഡ്വ. ജോസ് ജോസഫ്, ശ്രീ കെ ജോർജ് ജോസഫിനെയും K C R M - പ്രസിഡന്റ് പ്രൊഫ. പി.സി. ദേവസ്യയെയും വിളിച്ച് 'നമ്മളിങ്ങനെ ഇരുന്നാൽ മതിയോ? നമുക്കൊരു സമരം നടത്തണ്ടേ' എന്നു ചോദിക്കുകയും, 'മരിക്കുംവരെ നിരഹാരമിരിക്കാൻ ഞാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

അതായിരുന്നു നാഴികക്കല്ല്. പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിലായി. കെ. ജോർജ് ജോസഫിന്റെ ഫേസ്ബുക്കിൽ, 'Save Our Sisters' (SOS)ന്റെ പേരിൽ എറണാകുളത്ത് നിരാഹാരസമരം പ്രഖ്യാപിച്ച്, പിറ്റേന്നുതന്നെ പോസ്റ്റിട്ടു. പിന്നീട് തീയതി സെപ്തം. 8 എന്നു തീരുമാനിച്ചു. ഇതിനിടെ, 'ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ'(JCC) നേതാക്കളായ ഫെലിക്‌സ് പുല്ലൂടൻ, അഡ്വ. വർഗീസ് പറമ്പിൽ, സ്റ്റാൻലി പൗലോസ് എന്നിവരെ വിളിച്ച് പിന്തുണ ഉറപ്പാക്കുകയും വഞ്ചീസ്‌ക്വയർ ബുക്കുചെയ്യിക്കുകയും ചെയ്തു. കുറവിലങ്ങാട്ടെ കന്യാസ്ത്രീകളെ വിളിച്ച് സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. ആലോചിച്ച് തീരുമാനമറിയിക്കാം എന്നവർ പറഞ്ഞു.

സെപ്തം. 5-ന് കെ.സി.ആർ.എം. യോഗം ചേർന്ന് സമരം അനിശ്ചിതകാല നിരാഹാരമാക്കാൻ തീരുമാനിക്കുകയും അഡ്വ. ജോസ് ജോസഫിനേത്തുടർന്ന് നിരാഹാരമിരിക്കാൻ സ്റ്റീഫൻ മാത്യു, പ്രൊഫ. ഇപ്പൻ, സി.വി. സെബാസ്റ്റ്യൻ, ഒ.ഡി. കുര്യാക്കോസ് എന്നിവരുടെ ഒരു സന്നദ്ധസേനയ്ക്ക് രൂപം കൊടുക്കുകയുംചെയ്തു. സെപ്തം. 7-ന് തങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് അഡ്വ. ഇന്ദുലേഖയെയും കെ. ജോർജ് ജോസഫിനെയും കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ വിളിച്ചറിയിച്ചു.

അങ്ങനെ സെപ്തം. 8 വന്നു ചേർന്നു. ഷാമിയാന പന്തലൊരുങ്ങി, ബാനറുകളുയർന്നു. രാവിലെ 10.30-ന് ജെ.സി.സി.-യുടെ പ്രമുഖ നേതാവ് ഫെലിക്‌സ് ജെ. പുല്ലൂടന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനസമ്മേളനം നടന്നു. 82-കാരനായ അഡ്വ. ജോസ് ജോസഫും ഒപ്പം സ്റ്റീഫൻ മാത്യു, കെ.സി.ആർ.എം മുൻ പ്രസിഡന്റ് സി.വി. സെബാസ്റ്റ്യൻ എന്നിവരും നിരാഹാരസമരം ആരംഭിച്ചു. 11.15-ന് ഇരയായ കന്യാസ്ത്രീക്കു കൂട്ടിരിക്കുന്ന 5 കന്യാസ്ത്രീകളുമെത്തി. ഒപ്പം സിസ്റ്റർ ടീനായും സിസ്റ്റർ ആനി ജെയ്‌സുമുണ്ടായിരുന്നു. അതോടെ രംഗമുണർന്നു. വാർത്താചാലനുകളും പത്രങ്ങളും സമൂഹമാദ്ധ്യമങ്ങളും സജീവമായി. ജനം ഒഴുകിയെത്താൻ തുടങ്ങി.

എല്ലാ ദിവസവും രാവിലെ 11 മണിയോടെ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് കന്യാസ്ത്രീകൾ എത്തി 5 മണിവരെ സമരത്തിൽ ഉപവസിച്ച് പങ്കുചേർന്നു. അതോടെ കന്യാസ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ പൊതുസമൂഹം ഏറ്റെടുത്തു. അങ്ങനെ എളിയരീതിയിൽ തുടങ്ങിയ സമരം നീതിക്കുവേണ്ടിയുള്ള അതിശക്തമായ പോരാട്ടമായി മാറി. രാഷ്ട്രീയ നിറഭേദങ്ങൾക്കതീതമായ ഒരു ബഹുജനമുന്നേറ്റമായിത്തീർന്നു അത്.

മൂന്നാംദിവസം അഡ്വ. ജോസ് ജോസഫിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. സ്റ്റീഫൻ മാത്യു മുഖ്യസത്യഗ്രഹിയായി തുടർന്നു. അന്നു വൈകിട്ട് എ.എം.റ്റി. (അൃരവറശീരലീെി ങീ്‌ലാലി േളീൃ ഠൃമിുെമൃമിര്യ)യുടെ പ്രമുഖനേതാക്കളെത്തി സമരത്തിൽ സഹകരിക്കാൻ താത്പര്യമുണ്ടെന്നറിയിച്ചു. അവരെക്കൂടി ഉൾപ്പെടുത്തി 'ടഛട ആക്ഷൻ കൗൺസിൽ' എന്ന പേരിൽ സമരസമിതി വിപുലപ്പെടുത്തി പുനഃസംഘടിപ്പിച്ചു. ഫാ. അഗസ്റ്റിൻ വട്ടോളി കൺവീനറായി.

ഓരോ ദിവസവും വിവിധ ജനവിഭാഗങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കേരളത്തിലെമ്പാടും ഐക്യദാർഢ്യസമരങ്ങൾ  നടന്നു. കോഴിക്കോട്ട് പ്രൊഫ. എം.എൻ. കാരശ്ശേരി മാഷിന്റെയും മുൻകന്യാസ്ത്രീ മരിയാ തോമസിന്റെയും നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസസമരം നടത്തി. തിരുവന്തപരത്ത് വി. എം. സുധീരനും സുഗതകുമാരി ടീച്ചറും പങ്കെടുത്ത പിന്തുണാസമരം നടന്നു. കുറവിലങ്ങാട്ടും ജില്ലാ കേന്ദ്രങ്ങളിലും ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. വഞ്ചീസ്‌ക്വയർ കന്യാസ്ത്രീസമരം എല്ലാ പത്രങ്ങളിലും മുൻപേജ് വാർത്തയായി, ടിവി ചാനലുകളിലെല്ലാം മുഖ്യചർച്ചാവിഷയമായി.

9-ാം ദിവസം സ്റ്റീഫൻ മാത്യുവിനെ അറസ്റ്റുചെയ്ത് ആശുപത്രിയിലാക്കി. എങ്കിലും അവിടെയും അദ്ദേഹം നിരാഹാരം തുടർന്നു. അദ്ദേഹത്തെത്തുടർന്ന് അഡ്വ. ഇന്ദുലേഖയുടെ അമ്മയിലും കെ.സി.ആർ.എം പ്രവർത്തകയുമായ ശ്രീമതി അലോഷ്യാ ജോസഫ് നിരാഹാരമിരുന്നു. തുടർന്ന്, ഇരയായ കന്യാസ്ത്രീയുടെ സഹോദരി ഡാർലിയും ഏറ്റവുമവസാനം സാഹിത്യകാരി ഡോ. പി. ഗീതയുമാണ് നിരാഹാരമനുഷ്ഠിച്ചത്. സെപ്റ്റംബർ 21-ന് ബിഷപ്പ് ഫ്രാങ്കോ അറസ്റ്റു ചെയ്യപ്പെട്ടു. 22-ന് ഉച്ച സമയത്ത്, കന്യാസ്ത്രീകൾ പങ്കെടുത്ത സമാപനസമ്മേളനത്തോടെ ചരിത്രം സൃഷ്ടിച്ച വഞ്ചീസ്‌ക്വയർ കന്യാസ്ത്രീസമരം വിജയകരമായി പര്യവസാനിച്ചു.

ചരിത്രത്തിലിടം പിടിച്ച 'ടഛട'

വഞ്ചീസ്‌ക്വയർ സമരത്തിന്റെ വിജയംകൊണ്ട് തീരുന്നതായിരുന്നില്ല ടഛട-ന്റെ ദൗത്യം. സമ്മർദ്ദങ്ങളുടെ പിടിയിൽപ്പെട്ട് ഇഴഞ്ഞുനീങ്ങിയ കേസിന്റെ കുറ്റപത്ര സമർപ്പണം, സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം എന്നിങ്ങനെ ഓരോ ഘട്ടത്തിലും ടഛട-ന്റെ അതിശക്തമായ ഇടപെടൽ വേണ്ടിവന്നു. മുഖ്യമന്ത്രിയെ പലവട്ടം ചെന്നു കാണുകയും നിവേദനങ്ങൾ നൽകുകയും ചെയ്ത്, കേസിന്റെ നേരായ പുരോഗതിക്കായി സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു, ടഛട.

ബലാത്സംഗപ്രതി ഫ്രാങ്കോ കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി, 13 പ്രാവശ്യം പല കാരണങ്ങൾ പറഞ്ഞു കോടതിയിൽ ഹാജരാകാതെ ഒഴിഞ്ഞുമാറിയപ്പോൾ, അതിനുവേണ്ടി കോടതിയിൽ പറഞ്ഞ കാരണങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി സ്ഥിരീകരിക്കുകയും സത്യം ജനങ്ങളെ അറിയിക്കുകയും ചെയ്തതും 'ടഛട' തന്നെ.

പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നുള്ള പ്രതിയുടെ ആവശ്യം കീഴ്‌ക്കോടതിയും ഹൈക്കോടതിയും അവസാനം രാജ്യത്തെ പരമോന്നതകോടതിയും തള്ളുകയും കോട്ടയത്തെ കോടതിയിൽ നേരിട്ടു ഹാജരായി കുറ്റപത്രം വായിച്ചു കേൾക്കാൻ ഫ്രാങ്കോ നിർബന്ധിതനാകുകയും ചെയ്തിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, 'ടഛട' നടത്തിയ ശക്തമായ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. ബഹുമാനപ്പെട്ട ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതിക്കെതിരെ ശക്തമായി നീങ്ങുവാൻ സർക്കാർ നിർബന്ധിതമായതും ഈ സംഘടനയുടെ ജാഗ്രതാപൂർവമായ  പ്രവർത്തനത്തിന്റെ ഫലമായിട്ടാണ്.

കോടതികളിൽ പ്രതിയുടെ വാദമുഖങ്ങൾക്കു വിലയില്ലാതായത് സത്യസന്ധരായ അന്വേഷണ ഉദ്യോസ്ഥരുടെ കൃത്യമായ കണ്ടെത്തലുകൾമൂലമാണെന്നത് എടുത്തുപറയേണ്ടതുണ്ട്. കോടികൾ വാഗ്ദാനം ചെയ്തിട്ടുപോലും, പ്രതിയുടെ വലയിൽ വീഴാതെ തങ്ങളുടെ അന്വേഷണം സത്യസന്ധമായി പൂർത്തീകരിച്ചതിൽ  ഈ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദനമർഹിക്കുന്നു! രാജ്യത്തെ പരമോന്നത നീതിപീഠം ഈ ബലാത്സംഗ പ്രതിയുടെ അപേക്ഷ കൈകൊണ്ടു തൊടാതെ, പ്രതിയെ നിലംതൊടീക്കാതെ, കോട്ടയം കോടതിയിലേക്ക് ആട്ടിപ്പായിച്ചത് സത്യസന്ധരായ ഈ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്.

'പ്രതിക്ക് നീതികിട്ടണം, 'SOS'കോടികൾ വാങ്ങി ഞങ്ങളുടെ പിതാവ് ഫ്രാങ്കോയെ കുടുക്കിയതാണ്' എന്ന ദീനരോദനവുമായി, സഭാനേതൃത്വത്തിലെ ക്രിമിനൽ സ്വഭാവമുള്ളവരുടെ കൂലിപ്പണിക്കാരായ കുട്ടിക്കുരങ്ങന്മാരായി കുറേപ്പേർ വയറ്റിൽപ്പിഴപ്പ് അഭ്യാസികളായി മാറിയ വിരോധാഭാസവും ലോകം കണ്ടു!

ചരിത്രമായി മാറിയ വഞ്ചീസ്‌ക്വയർ കന്യാസ്ത്രീ സമരത്തിന് 2 വയസ്സു തികയാൻ പോകുന്ന ഈ സന്ദർഭത്തിൽ, ലോകം കണ്ടതിൽവെച്ച് ഏറ്റവും നീചനും നികൃഷ്ടനും കാമവെറിയനുമായ ഈ ബലാത്സംഗ പ്രതിയെ കോട്ടയത്തെ കോടതിയിലെ പ്രതിക്കൂട്ടിൽ കയറ്റിനിർത്തുവാൻ സുപ്രധാന പങ്കുവഹിച്ച കെ. ജോർജ് ജോസഫ്, ഫെലിക്‌സ് പുല്ലൂടൻ, ഷൈജു ആന്റണി, ശ്രീ റിജു കാഞ്ഞൂക്കാരൻ,  ഫാദർ അഗസ്റ്റിൻ വട്ടോളി മുതലായവരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.....! അഭിനന്ദനങ്ങൾ!

അതുപോലെ, നീതിക്കുവേണ്ടി പൊതുനിരത്തിലിറങ്ങി സമരം ചെയ്ത ലോകത്തിലെ ആദ്യകന്യാസ്ത്രീകളെന്ന നിലയിൽ, സിസ്റ്റർ അനുപമ, സിസ്റ്റർ ജോസഫൈൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീനാറോസ്, സിസ്റ്റർ ആൻസിറ്റ എന്നിവരെയും കേരളസഭാസമൂഹത്തിന് നന്ദിയോടെ ഓർക്കാതിരിക്കാൻ വയ്യ.

നിരാഹാരത്തിന് തുടക്കംകുറിച്ച അഡ്വ. ജോസ് ജോസഫ്, രണ്ടാഴ്ചനീണ്ട സമരകാലം മുഴുവൻ നിരാഹാരമനുഷ്ഠിച്ച സ്റ്റീഫൻ മാത്യു, ഇരുവരെയും അറസ്റ്റുചെയ്തു നീക്കിയപ്പോൾ സമരപ്പന്തലിൽ നിരാഹാരം തുടർന്ന, ശ്രീമതി അലോഷ്യാ ജോസഫ്, ശ്രീമതി ഡാർലി, ഡോ. പി. ഗീത എന്നിവരുടെ പേരുകളും കേരളസഭയുടെ നവോത്ഥാനചരിത്രത്തിൽ തങ്കലിപികളിൽ എഴിതപ്പെടേണ്ടതുണ്ട്. സെപ്തം. 8 മുതൽ 22 വരെ സമരപ്പന്തലിൽ സ്ഥിരസാന്നിദ്ധ്യമായി നിലകൊണ്ട് സമരനടത്തിപ്പിന് ചുക്കാൻ പിടിച്ച ഫ്രൊഫ, ജോസഫ് വർഗീസ് (ഇപ്പൻ), ഫാ. വട്ടോളി, കെ. ജോർജ് ജോസഫ്, അലോഷ്യാ ജോസഫ്, അഡ്വ. വർഗീസ് പറമ്പിൽ, റിജു കാഞ്ഞൂക്കാരൻ, പ്രൊഫ. പി. സി. ദേവസ്യ, സി.റ്റി. തങ്കച്ചൻ, ജിയോ ജോസഫ്, ഒ.ഡി കുര്യക്കോസ് എന്നിവരെയും നാം നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്.

ഈ സമരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ജനഹൃദയങ്ങളിലെത്തിയത് ചാനൽ ചർച്ചകളിലൂടെയാണ്. അതിനായി ചാനൽ ചർച്ചകളിൽവന്ന് മിന്നുന്ന പ്രകടനം കാഴ്ചവച്ച അഡ്വ. ഇന്ദുലേഖാ ജോസഫ്, ഷൈജു ആന്റണി, റോയി മാത്യു, കെ. ജോർജ് ജോസഫ്, ജോസഫ് വെളിവിൽ, പ്രൊഫ. ഇപ്പൻ, അഡ്വ. പോളച്ചൻ പുതിപ്പാറ, സിസ്റ്റർ ജെസ്മി, ജോമോൻ പുത്തൻപുരയ്ക്കൽ, പ്രൊഫ. എം. എൻ. കാരശ്ശേരി, സിസ്റ്റർ ലൂസി കളപ്പുര, ഫാ. പോൾ തേലക്കാട്ട്, സിസ്റ്റർ അനുപമയുടെ പിതാവ് വർഗീസ് ചേട്ടൻ, അഡ്വ. മേരിക്കുഞ്ഞ് എന്നിങ്ങനെ ജസ്റ്റീസ് കമാൽ പാഷാവരെയുള്ളവരെയും കേരള ക്രൈസ്തവസമൂഹത്തിന് നന്ദിയോടെ ഓർക്കാതിരിക്കാൻ വയ്യ. കാരണം, വഞ്ചീസ്‌ക്വയർ കന്യാസ്ത്രീസമരം കേരളസഭയിൽ നീതിദേവതയെ പ്രതിഷ്ഠിച്ച ഒരു നവോത്ഥാന വിപ്ലവമുഹൂർത്തമായിരുന്നു.

 

വൈദികകുറ്റകൃത്യങ്ങൾ കോടതിയിലെത്തുമ്പോൾ സംഭവിക്കുന്നത്...

അഡ്വ. ജയശങ്കർ,  ഫോൺ: 8089040611

['നസ്രാണി' യൂ ട്യൂബ് ചാനലിനുവേണ്ടി അഡ്വ. ജയശങ്കറുമായി കെ.സി.ആർ.എം. കമ്മിറ്റി അംഗവും സഭാനവീകരണരംഗത്തെ പ്രമുഖനേതാവുമായ ശ്രീ കെ. ജോർജ്ജ് ജോസഫ് നടത്തിയ അഭിമുഖത്തിൽനിന്ന്, കെ.സി.ആർ.എം. പ്രവർത്തകനും 'സഫലം' മാസികയുടെ അസ്സോസിയേറ്റ് എഡിറ്ററുമായ ശ്രീ ആന്റോ മാങ്കൂട്ടം തയ്യാറാക്കിയ ലേഖനം. സഭാസംബന്ധിയായ ഏതാണ്ട് എല്ലാ ആനുകാലിക വിഷയങ്ങളെയും സ്പർശിക്കുന്ന ഒരു മണിക്കൂറോളം ദൈർഘ്യമുള്ള അഭിമുഖത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതിൽ സംഗ്രഹിച്ചിരിക്കുന്നത്. അഭിമുഖം മുഴുവനായി കാണാൻ 'നസ്രാണി' (Nazrani) യൂ ട്യൂബ് ചാനൽ സന്ദർശിക്കുക.]

*

ഫ്രാങ്കോ കേസ് വന്നപ്പോൾ മനോരമപത്രം വാർത്ത മുക്കി. മനോരമപത്രം വിശ്വാസികളും നേതൃത്വവും വായിക്കുന്ന പത്രമാണെന്ന് വാദിക്കാം. എന്നാൽ, മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ 'ദേശാഭിമാനി'യിൽ എന്താണ് വാർത്ത വരാതിരുന്നത്? അവർ ഭരിക്കുന്ന പാർട്ടിയാണ്. ദേശാഭിമാനിയിൽ വാർത്തവന്നാൽ സഭാ വിശ്വാസികളുടെ വോട്ട് കിട്ടാതെ വന്നാലോ എന്ന് കമ്മ്യൂണിസ്റ്റുകാർ ഭയപ്പെട്ടു. അവരുടെ ഭയപ്പാടിന് കാതലൊന്നുമില്ല.

*

കത്തോലിക്കാസഭ ഒരു വലിയ സംവിധാനമാണ്. മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതിനേക്കാൾ ഭയങ്കരമായ ഒരു സംവിധാനമാണത്. ഒരു വൈദികനെതിരെ പോലീസിൽ പരാതി വന്നാൽ കേസ് എടുക്കുന്നതിനുമുമ്പ് പോലീസ് പലവട്ടം ആലോചിക്കും. ഇനി അഥവാ എങ്ങനെയെങ്കിലും കോടതിയിൽ എത്തിയാലോ? ശിക്ഷിക്കുന്നതിനുമുമ്പ് ജഡ്ജി നിരവധി തവണ ചിന്തിക്കും. ജഡ്ജി കത്തോലിക്കനാണെങ്കിലും അല്ലെങ്കിലും ഇതുതന്നെയാണ് സംഭവിക്കുക. കോടതിയുടെ ചായവ് സഭയുടെ ഭാഗത്തേക്കായിരിക്കും. ജഡ്ജിമാരിൽ ചിലർ സമുദായതാല്പര്യംവച്ച് വിധിക്കുന്നവർതന്നെ ഉണ്ട്. അരമനയിൽനിന്നു വിളിച്ചു പറയുമ്പോൾ അതനുസരിച്ച് മാറ്റിയെഴുതുന്നവരും ഉണ്ട.് മുൻ സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് പരസ്യമായി പറഞ്ഞിട്ടുണ്ട്, വിശ്വാസം പറയ്ക്കടിയിൽ വെക്കാനുള്ളതല്ല, എന്ന്. അദ്ദേഹം ജഡ്ജിയായിരുന്ന മുഴുവൻ കാലവും പ്രവൃത്തിയിൽ അത് തെളിയിച്ച ആളാണ്.

ഫ്രാങ്കോയെ സംബന്ധിച്ച് പറഞ്ഞാൽ, അദ്ദേഹം കേസ് പരമാവധി വൈകിക്കാനാണ് നോക്കുന്നത്. ബലാത്സംഗക്കേസുകളിൽ പ്രതികളാകുന്നവരുടെ ബുദ്ധിമുട്ട് അവർക്കുമാത്രമേ അറിയൂ.

 മുൻപും ഇതുപോലുള്ള കേസുകൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ഇതുപോലെ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല എന്നുമാത്രം. ഇപ്പോൾ സമൂഹം കുറേക്കൂടി അവബോധം നേടിയതാണ് കാര്യങ്ങൾ തുറന്ന് ചർച്ച ചെയ്യപ്പെടാൻ കാരണം. പണ്ടൊക്കെ ആളുകൾ ഒളിച്ചുവയ്ക്കുകയോ മറച്ചുപിടിക്കുകയോ ഒക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ കൂടുതൽ ആളുകൾ ചർച്ചചെയ്യാൻ തയ്യാറാകുന്നു എന്നതാണ് കാര്യം. മാത്രമല്ല, അന്നത്തെപ്പോലെ ഇതെല്ലാം ദൈവനിശ്ചയമാണ് എന്നതരത്തിലുള്ള നിസ്സംഗത ഭാവം ഇന്നില്ല.

അടുത്തകാലത്ത് കൊട്ടിയൂരിൽ റോബിൻ എന്ന വൈദികൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം നോക്കിയാൽ, ആ ഗർഭം ആ പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ സഭാനേതൃത്വമാണ് മുൻകൈ എടുത്തതെന്ന് കാണാം. ആ പെൺകുട്ടിക്ക് പ്രായപൂർത്തിയായി എന്ന കള്ളരേഖയുണ്ടാക്കുവാൻപോലും സഭാപ്രമാണിമാർ തയ്യാറായി. ഭാഗ്യവശാൽ ശാസ്ത്രീയ പരിശോധനയിലൂടെ കുട്ടിയുടെ പ്രായം തെളിയിക്കാൻ സാധിച്ചു. മാത്രവുമല്ല, ഡി.എൻ.എ പരിശോധനയിലൂടെ ജനിച്ച കുഞ്ഞിന്റെ പിതാവ് ഫാദർ റോബിൻ ആണെന്ന് തെളിയിക്കാനും സാധിച്ചു. അതുകൊണ്ടാണ് റോബിനെ കോടതി ശിക്ഷിച്ചത്.

 മറ്റൊന്ന്, ഇന്നു കോടതികളുടെ ചിന്താഗതിയിലും മാറ്റംവന്നു എന്നതാണ്. പണ്ടൊക്കെ ഒരു വൈദികൻ പ്രതിയായി കൂട്ടിൽ കയറി നിൽക്കുമ്പോൾതന്നെ ജഡ്ജി സ്വാഭാവികമായി വൈദികന്റെ പക്ഷത്തേക്ക് ചായും. മനപ്പൂർവ്വം മാറുന്നതല്ല, സ്വാഭാവികമായി ഒരു ചായ്‌വ് വരും. പിന്നെ എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ച് പ്രതിയെ വെറുതെ വിടാനുള്ള ഒരു ചിന്ത ഈ ജഡ്ജിമാർക്കുണ്ടാകും.

പഴയ മറിയക്കുട്ടി കൊലക്കേസ് നോക്കുക. ഫാദർ ബനഡിക്ടിന് കൊല്ലം സെഷൻസ് കോടതി ജഡ്ജി കുഞ്ഞിരാമൻ വൈദ്യർ വധശിക്ഷ വിധിച്ചു. പക്ഷേ, ഹൈക്കോടതിയിൽ എത്തിയപ്പോൾ വെറുതെവിട്ടു. നിരപരാധിത്തം തെളിഞ്ഞിട്ടല്ല. ആരോരുമില്ലാത്ത ഒരു മറിയക്കുട്ടി കൊല ചെയ്യപ്പെടുന്നു. കുറച്ച് അനാശാസ്യമായി ജീവിച്ച സ്ത്രീ. അതിന് നല്ല കുടുംബത്തിൽപെട്ട ഒരു പുരോഹിതനെ എന്തിന് ശിക്ഷിക്കണം എന്ന ചിന്ത ഹൈക്കോടതിയിലെ ജഡ്ജിമാർക്കുണ്ടായി. ആ രണ്ടു ജഡ്ജിമാരും വരേണ്യവർഗ്ഗത്തിൽപ്പെട്ടവരായിരുന്നു. ഒന്ന് പി.റ്റി. രാമൻ നായർ, രണ്ട് ഗോപാലൻ നമ്പ്യാർ.  രണ്ടു ജഡ്ജിമാരുടെയും ചിന്ത പ്രതിയെ എങ്ങനെ ശിക്ഷിക്കാതിരിക്കണമെന്നുള്ളതായിരുന്നു. മാത്രമല്ല, അന്നത്തെ വളരെ പ്രശസ്തനായ സുപ്രീംകോടതി വക്കീൽ അഡ്വ. ചാരിയെ ഒരുപാട് പണംമുടക്കി കൊണ്ടുവന്ന് സഭ വാദിപ്പിച്ചു. അങ്ങനെ ഫാദർ ബെനഡിക്ടിനെ കുറ്റവിമുക്തനാക്കി. വധശിക്ഷയ്ക്ക് വിധിച്ച കുഞ്ഞിരാമൻ വൈദ്യരും അദ്ദേഹത്തിന്റെ കുടുംബവും തകർന്നു തരിപ്പണമായെന്നാണ് സഭാനേതൃത്വം പിൽക്കാലത്തു പ്രചരിപ്പിച്ചുപോന്നത്! എന്നാൽ, ദീർഘായുഷ്മാനാണ് അദ്ദേഹം അന്തരിച്ചത.് ചീഫ് സെക്രട്ടറിയായി വിരമിച്ച പ്രശസ്തനായ ഭരത്ഭൂഷൺ ഐ.എ.എസ് അദ്ദേഹത്തിന്റെ മകനാണ്. എന്നിട്ടാണ്, കത്തോലിക്കാസഭയുടെ ഈ കുപ്രചരണം! അത് അന്നത്തെ കാലം. ഇന്ന് സ്ഥിതി മാറിവരികയാണ്. എങ്കിലും, പുരോഹിതരും കന്യാസ്ത്രീകളും പ്രതികളാകുന്ന കേസുകളിൽ ജഡ്ജിമാർ സ്വാഭാവികമായും അവരെ രക്ഷപെടുത്തുന്ന  രീതി ഇപ്പോഴും നിലനില്ക്കുന്നു.

എറണാകുളം അത്യുന്നത കർദ്ദിനാൾ ആലഞ്ചേരിയുമായി ബന്ധപ്പെട്ട ഭൂമിയിടപാടു വിഷയം എടുക്കാം. പണ്ടൊക്കെയാണെങ്കിൽ ഇങ്ങനെ ഒരു വിഷയത്തിൽ ചർച്ചപോലും വരില്ല. ഇന്നതല്ല സ്ഥിതി. സഭയ്ക്കകത്ത് ചോദ്യംചെയ്യുന്നു;  വൈദികർ ചോദ്യംചെയ്യുന്നു;  മെത്രാന്മാർ ചോദ്യംചെയ്യുന്നു. പൊതുസമൂഹത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നു. വൈകിട്ട് ടി.വി.യിൽ അൽമായർ കർദ്ദിനാളിനെ വിമർശിച്ച് സംസാരിക്കുന്നു. ആരും അല്മായരെ ശിക്ഷിക്കുന്നില്ല; അഥവാ അൽമായരെ ശിക്ഷിക്കുവാൻ സഭാനേതൃത്വത്തിന് സാധിക്കുന്നില്ല. അതുപോലെ, ബിഷപ്പ് ഫ്രാങ്കോ കേസ് എടുക്കുക. പൊതുസമൂഹം ഈ കന്യാസ്ത്രീ പീഡനക്കേസ് ഏറ്റെടുത്തില്ലേ? പണ്ടൊക്കെയാണെങ്കിൽ, കന്യാസ്ത്രീകൾ ഇങ്ങനെയൊരു പരാതി പറയാൻ തയ്യാറാകുമോ? അതിനുള്ള തന്റേടം കിട്ടുകയില്ലല്ലോ. ആ കന്യാസ്ത്രീകൾ ആദ്യം എവിടെയൊക്കെ പരാതി കൊടുത്തു! മെത്രാന്റെ പക്കൽ, ഇന്റർനൂൺഷ്യോയുടെയടുത്ത്, കർദ്ദിനാളിന്റെ മുമ്പിൽ... അവിടെ നിന്നെല്ലാം തിരസ്‌കരിക്കപ്പെട്ടപ്പോഴാണ് ആ കന്യാസ്ത്രീകൾ പോലീസിൽ പരാതിപ്പെട്ടത്. മനോരമപത്രം പിറ്റേന്ന് ചെറിയൊരു വാർത്ത കൊടുത്തു, മാതൃഭൂമി പത്രത്തിലാണ് വിശദമായ വാർത്ത വന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ പത്രങ്ങളും സമൂഹമാധ്യമങ്ങളും ഈ വാർത്ത ഏറ്റുപിടിച്ചു.

പിന്നീട് ഈ കന്യാസ്ത്രീമാർ എറണാകുളം വഞ്ചീസ്‌ക്വയറിൽ സമരംതുടങ്ങുന്നു. കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണല്ലോ, കന്യാസ്ത്രീകൾ ഇങ്ങനെ ഒരു പൊതുവേദിയിൽ ഒരു സമരവുമായി രംഗത്തുവരുന്നത്. മെത്രാനാൽ പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീയ്ക്ക് നീതി കിട്ടുന്നതിനുവേണ്ടി വേറെ ചില കന്യാസ്ത്രീകൾ സമരത്തിനിറങ്ങുക! ഇത് എവിടെയും കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഈ സമരത്തിന് പൊതുസമൂഹത്തിൽനിന്നും വലിയ സ്വീകാര്യത ലഭിക്കുന്നു. മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പിന്തുണയുമായി വരുന്നു. സമൂഹത്തിൽ ബഹുമാന്യരും പ്രശസ്തരുമായ ഒട്ടേറെപ്പേർ ഈ സമരത്തെ പിന്തുണയ്ക്കുന്നു. സമൂഹമനഃസാക്ഷിയുണരുന്നു...

ഇനി, വൈദികർക്കാണെങ്കിലും ആർക്കാണെങ്കിലും പഴയതുപോലെ ഒന്നും ചെയ്യാൻ സാധിക്കില്ല. ആളുകൾക്ക് പരാതി പറയാൻ അവസരം കിട്ടുന്നു. ആ പരാതിക്ക് പൊതു സമൂഹത്തിൽ ഒരു ഇടം കിട്ടുന്നു. സഭയ്ക്കകത്തുനിന്നും വൈദികരിൽനിന്നും പിന്തുണ കിട്ടുന്നു. അതത്ര ചെറിയ കാര്യമല്ല.  ഫ്രാങ്കോ വിഷയം ഉണ്ടായപ്പോൾ, സഭയിലെ ഭൂരിപക്ഷം അധികാരികളും അന്ധമായി ഫ്രാങ്കോയെ പിന്തുണച്ചപ്പോൾ, ഒരുപറ്റം വൈദികർ നീതിക്കുവേണ്ടി സംസാരിച്ചു. ഉദാഹരണത്തിന് ബഹു. തേലക്കാട്ടച്ചൻ, മെത്രാൻ ഭരണികുളങ്ങര തുടങ്ങിയവർ.

പിന്നെ, കത്തോലിക്കാസഭ വളരെ വലിയ ഒരു സംവിധാനമാണ്. അതിനെതിരെ പരാതി പറയുന്നവരെ ഒറ്റപ്പെടുത്തുവാനും ആവശ്യമെങ്കിൽ അവരെ നിശ്ശബ്ദരാക്കാനുമുള്ള സംവിധാനം അതിനുണ്ട്. സഭയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച് മുന്നേറാൻ അത്ര എളുപ്പമല്ല. കത്തോലിക്കാസഭ പിന്തുടരുന്നത് ഫ്യൂഡൽ വ്യവസ്ഥിതിയാണ്. ഇന്നും ജന്മി-കുടിയാൻ സമ്പ്രദായം നിലനിൽക്കുന്ന ഒരു സഭ.

ഈ സഭയുടെ ഘടന നിലനിൽക്കുന്നത് സാമ്പത്തികസംവിധാനവുമായി ബന്ധപ്പെട്ടാണ്. സഭയുടെ നിയന്ത്രണത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ,  ഹോസ്പിറ്റലുകൾ എല്ലാമുണ്ട്. രാഷ്ട്രീയത്തിലും ഇവർക്ക് വലിയ സ്വാധീനമാണുള്ളത്. ഈ സ്വാധീനം വേണ്ടവിധം വിനിയോഗിക്കുവാൻ ഇതിന്റെ തലപ്പത്തുള്ളവർക്കറിയാം; അതവർ ശരിക്കും ഉപയോഗിക്കുന്നു.

ഫ്രാങ്കോ കേസ് വന്നപ്പോൾ മനോരമപത്രം വാർത്ത മുക്കി. മനോരമപത്രം വിശ്വാസികളും നേതൃത്വവും വായിക്കുന്ന പത്രമാണെന്ന് വാദിക്കാം. എന്നാൽ, മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ 'ദേശാഭിമാനി'യിൽ എന്താണ് വാർത്ത വരാതിരുന്നത്? അവർ ഭരിക്കുന്ന പാർട്ടിയാണ്. ദേശാഭിമാനിയിൽ വാർത്തവന്നാൽ സഭാ വിശ്വാസികളുടെ വോട്ട് കിട്ടാതെ വന്നാലോ എന്ന് കമ്മ്യൂണിസ്റ്റുകാർ ഭയപ്പെട്ടു. അവരുടെ ഭയപ്പാടിന് കാതലൊന്നുമില്ല. ഇപ്പോൾ മെത്രാന്മാർ പറയുന്നിടത്ത് വോട്ട് ചെയ്യുന്നവരുടെ എണ്ണം തീരെക്കുറഞ്ഞുവെന്ന് ഈ രാഷ്ട്രീയക്കാർ മനസ്സിലാക്കിയിട്ടില്ല.

എറണാകുളത്ത് വഞ്ചീസ്‌ക്വയറിലെ സമരപ്പന്തലിൽ എത്രയോ കുറച്ച് രാഷ്ട്രീയ നേതാക്കളാണ് പങ്കെടുത്തത്! ബിന്ദു കൃഷ്ണനെയും ഷാനിമോൾ ഉസ്മാനെയുംപോലെ ചുരുക്കം ചിലർമാത്രം! സി.പി.എം-ന്റെയോ സി.പി.ഐ.-യുടെയോ ഒരു നേതാവും അതിൽ പങ്കെടുത്തില്ല. ഏതെങ്കിലും കാലത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, ഇവർ പണ്ട് കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തിട്ടുള്ളവരാണ് എന്ന് അവർ പറഞ്ഞാലോ എന്നാണ് ഭയം. സത്യത്തെ നേരിടുവാൻ തയ്യാറല്ല; അതാണ് കാരണം. സഭയ്ക്കകത്ത് ഒരു വിഷയം വരുമ്പോൾ, സഭയെ വെറുപ്പിക്കെണ്ടാ എന്നു കരുതി ഇവർ മാറിനിൽക്കുന്നു. സഭയുടെ പുറത്തുള്ളവരെ സംബന്ധിച്ച്, എന്നെങ്കിലും ഈ സഭയുമായി ഒന്നിച്ചു പ്രവർത്തിക്കേണ്ടി വന്നാലോ എന്നു കരുതി സഭാനേതാക്കളുമായി ഉരുമ്മി നടക്കാനുള്ള ത്വരയും നിലനിൽക്കുന്നു!

പക്ഷേ ഇതിനുള്ളിൽ ഒരു സത്യം തിരിച്ചറിയണം. കാലം മാറി. സത്യം തിരിച്ചറിയുന്നവരുടെ എണ്ണം കൂടി. ഈ സത്യാന്വേഷികളുടെ കൂടെനിൽക്കാൻ ധാരാളമാളുകൾ മുമ്പോട്ടു കടന്നുവരുന്നു. ഇത് വളരെവളരെ വലിയ ഒരു കാര്യമാണ്. സഭയിലെ അനീതികളെ സധൈര്യം ചൂണ്ടിക്കാണിക്കുന്നവർ ഇന്ന് പൊതുസമൂഹത്തിന് അനഭിമതരല്ല. അവരെ നീതിയുടെ പ്രവാചകന്മാരായി പൊതുസമൂഹം കാണാൻ തുടങ്ങി. അത് ഏറെ ശുഭകരമായ വസ്തുതയാണ്. എന്തായാലും മാറ്റം തുടങ്ങിയിരിക്കുന്നു; സത്യത്തിലേക്കുള്ള ചുവടുവയ്പിന് വേഗം കൂടിയിരിക്കുന്നു. വെളിച്ചം അകലെയല്ല. 

No comments:

Post a Comment