ചാക്കോ കളരിക്കൽ ഫോൺ: (001)5866015195
(പ്രസിഡന്റ് KCRM-നോർത്ത് അമേരിക്ക)
2020-ലെ മിണ്ടാപ്രാണിയായ ഭീകരൻ കോവിഡ്-19 ക്രിസ്ത്യാനികളുടെ മരണാനന്തര ശേഷക്രിയയായ മരിച്ചടക്കിനുപോലും ബ്രേക്കിട്ടിരിക്കുകയാണ്. ഭൂമിയിൽ അടക്കംചെയ്തിരുന്ന ക്രിസ്ത്യാനിയുടെ ഭൗതികശരീരം ദഹിപ്പിക്കാനുള്ള അനുവാദവുമായി ചില രൂപതാനേതാക്കന്മാർ മുമ്പോട്ടുവന്നിരിക്കുകയാണിപ്പോൾ.വളരെ ശ്ലാഘനീയമായ നീക്കം.
സിമിത്തേരിയിലുള്ള ശവസംസ്‌കാരം എന്ന പരമ്പരാഗതനയത്തിന് 1963-ൽത്തന്നെ ഇളവുവരുത്തി ശവദാഹം നടത്താൻ വത്തിക്കാനിൽനിന്ന് അനുവദിച്ചതാണ്.1966-ൽ കത്തോലിക്കാപുരോഹിതർക്ക് ശവദാഹചടങ്ങിൽ ഔദ്യോഗികമായി പങ്കെടുക്കാനും മാർപാപ്പ അനുവാദം നൽകി. എന്നാൽ യാഥാസ്ഥിതികരായ കേരളത്തിലെ മെത്രാന്മാർ ആ വിവരം വിശ്വാസികളെ അറിയിക്കുകപോലും ചെയ്തില്ല. എന്റെ അറിവിൽ കേരളകത്തോലിക്കാസഭയിൽ നടന്ന ആദ്യത്തെ ശവദാഹം 2007-ൽ ഇടമറ്റംകാരനും CGH-Earth Group (Casino Hotel Group)-ന്റെ ഉടമയുമായിരുന്ന ശ്രീ. ഡൊമിനിക് ജോസഫ് (തൊമ്മിക്കുഞ്ഞ്) കുരുവിനാക്കുന്നേലിന്റേതാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾത്തന്നെ മേജർ ആർച്ചുബിഷപ്പ് മാർ വർക്കി വിതയത്തിൽനിന്നു ശവദാഹത്തിനുള്ള അനുവാദം വാങ്ങിയിരുന്നു. കത്തോലിക്കാസഭാധികാരം അനുവദിച്ചിരിക്കുന്ന ഒരു കാര്യത്തിന് എന്തിന് വീണ്ടും അനുവാദം വാങ്ങിക്കണം എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
ഈ അടുത്തകാലത്ത് ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വീട്ടുവളപ്പിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ദഹിപ്പിക്കുകയുണ്ടായി. ഏതാനും വർഷങ്ങൾക്കുമുമ്പ് അദ്ദേ ഹത്തിന്റെ ഭാര്യയെയും സ്വന്തംസ്ഥലത്ത് ദഹിപ്പിക്കുകയാണ് ചെയ്തത്. ഏറ്റവും കുറഞ്ഞ ചെലവിൽ ശവപ്പെട്ടിയോ വിലപിടിച്ച വസ്ത്രങ്ങളോ (Suit) പൊതുപ്രദർശനമോ (funeral visitation or wake) പുരോഹിതസാന്നിധ്യമോ പ്രാർത്ഥനകളോ ഒന്നുമില്ലാതെ കഴിവതുംവേഗം- സാധിക്കുമെങ്കിൽ 24 മണിക്കൂറിനുള്ളിൽ-എന്റെ ഭൗതികശരീരം ദഹിപ്പിക്കണ'മെന്നാണ് ഞങ്ങളുടെ ഫാമിലിട്രസ്റ്റിൽ ഞാൻ എഴുതിവെച്ചിരിക്കുന്നത്. എന്റെ അനവധി സുഹൃത്തുക്കളും അവരുടെ ഭൗതികശരീരം ദഹിപ്പിക്കണമെന്ന് അവരുടെ വിൽപത്രത്തിൽ എഴുതിവച്ചിരിക്കുന്ന വിവരം എനിക്കറിയാം. ശ്രീ സാമുവേൽ കൂടൽ അദ്ദേഹത്തിന്റെ സ്വന്തം ഭവനത്തിൽവെച്ച് മൂത്തമകനെക്കൊണ്ട്, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യയെയും അവരുടെ വീട്ടുവളപ്പിൽ ശവദാഹം നടത്തിക്കൊള്ളാമെന്ന് ക്ഷണിക്കപ്പെട്ട അനേകരുടെ മുൻപിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് യുട്യൂബിൽ കാണാൻ സാധിക്കും.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മൃതശരീരത്തെ ക്രെമറ്റോറിയം (Crematorium) ഉപയോഗിച്ചു ദഹിപ്പിക്കുന്ന രീതിയെ നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്. കോവിഡ് കാലത്ത് ശവം മറവുചെയ്യുന്നതിന് ശവം ദഹിപ്പിക്കലാണ് കരണീയമായ മാർഗ്ഗം. അത് ഭാരതീയസംസ്‌കാരത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഒരു പാരമ്പര്യവുമാണ്. ഉദാഹരണത്തിന്, ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിക്കുകാർ, ജൈനമതക്കാർ എന്നിവരെല്ലാം ശവദാഹമാണ് അവരുടെ സമുദായങ്ങളിൽ കാലാകാലങ്ങളായിട്ട് നടത്തിക്കൊണ്ടിരിക്കുന്ന സമ്പ്രദായം. ലോകത്തിലെ പല പ്രാചീനസംസ്‌കാരങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്ന ആചാരം നിലനിന്നിരുന്നു. ഇരുപതിനായിരം വർഷങ്ങൾക്കുമുൻപ് ആസ്ട്രേലിയയിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യൻ, യൂറോപ്യൻ, സിന്ധുനദീതടസംസ്‌കാരങ്ങളിലെല്ലാം മൃതശരീരം ദഹിപ്പിക്കൽ ഉണ്ടായിരുന്നു.
അഞ്ചാം നൂറ്റാണ്ടോടുകൂടി മൃതദേഹം മണ്ണിൽ സംസ്‌കരിക്കുന്നതിലേക്ക് പാശ്ചാത്യരാജ്യങ്ങൾ തിരിഞ്ഞത് ക്രിസ്ത്യൻ സ്വാധീനംകൊണ്ടുമാത്രമാണ്. യൂറോപ്പിലെ പുറജാതിക്കാർ ശവദാഹം നടത്തിയിരുന്നതുപോലെ ക്രിസ്ത്യാനികൾ ശവദാഹംചെയ്യാൻ പാടില്ലെന്ന് 789-ൽ വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവർത്തി ചാർലിമെയ്ൻ കല്പന പുറപ്പെടുവിച്ചു. കൂടാതെ, അതിനുവിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് വധശിക്ഷയും പ്രഖ്യാപിച്ചു. മരണശേഷം പുനരുദ്ധരിക്കപ്പെട്ട ശരീരം അന്ത്യവിധിക്കായി ദൈവമുൻപാകെ പ്ര ത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് മൃതശരീരം മണ്ണിൽ സംസ്‌കരിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നത്. കൂടാതെ, ശാസ്ത്രീയ അറിവിന്റെ പോരായ്മകൊണ്ടും ആകാം. നിത്യരക്ഷയുടെ അതീന്ദ്രിയമായ, അഥവാ അനുഭവജ്ഞാനാതീതമായ അവസ്ഥയാണ് മോക്ഷം. സൃഷ്ടിയായ ആത്മാവ് സ്രഷ്ടാവിൽ (ബ്രഹ്മനിൽ) ലയിക്കുന്നതാണ് ആത്യന്തികമായ സാക്ഷാത്കാരം. ഈ തിരിച്ചറിവിന്റെയും മൃതശരീരം ദഹിപ്പിക്കുന്നതിലെ ശാസ്ത്രീയഗുണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം കത്തോലിക്കാസഭ വൈകിയാണെങ്കിലും ശവം ദഹിപ്പിക്കൽ അനുവദിച്ചത്.
ശാസ്ത്രീയമായും സാമൂഹികമായും മതപരമായും മൃതശരീരം അഗ്നിക്കിരയാക്കുന്നതാണ് മണ്ണിൽ സംസ്‌കരിക്കുന്നതിലും അഭികാമ്യം. അതിന് പല കാരണങ്ങൾ ഉണ്ട്. മണ്ണിൽ സംസ്‌കരിച്ചാൽ, മൃതശരീരം ജീർ ണിക്കുമ്പോൾ അതിൽനിന്നും ഒഴുകിവരുന്നദ്രാവകം കുടിവെള്ളത്തിൽ കലർന്ന് മലിനമാകാൻ ഇടയുണ്ട്. മാത്രമല്ല, അത്തരം ശവസംസ്‌കാരത്തിന് വളരെ സ്ഥലം ആവശ്യമുണ്ട്. നഗരങ്ങളിലെല്ലാം സ്ഥലപരിമിതിയുള്ളതിനാൽ മൃതശരീരം ദഹിപ്പിക്കുന്നതാണ് പ്രായോഗികം. തന്നെയുമല്ല, ജനസംഖ്യ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇക്കാര്യത്തിൽ പരിസ്ഥിതിവിഷയം നാം പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്. ശവസംസ്‌കാരച്ചടങ്ങിലെ ആൾക്കൂട്ടത്തിന്റെ ഫലമായി രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതകൾ ഏറെയാണ്, പ്രത്യേകിച്ച് കോവിഡ് താണ്ഡവം നടത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ. സാമ്പത്തികമായി ചിന്തിച്ചാൽ ശവദാഹത്തിന് മരിച്ചടക്കിനേക്കാൾ ചെലവും ബുദ്ധിമുട്ടും കുറവാണ്; പാശ്ചാത്യനാടുകളിൽ പ്രത്യേകിച്ചും.
അമേരിക്കയിലെ Funeral Directors Association -ന്റെ Cremation and Burial Report 2017 അനുസരിച്ച് 50.2% അമേരിക്കക്കാർ ശവദാഹം നടത്തുകയാണ് ചെയ്തത്. അതിൽ 32% ശവസംസ്‌കാരവും ചടങ്ങുകളോ (funeral services) ഓർമ ആചരണങ്ങളോ (memorial services) ഇല്ലാതെയാണ് ശവദാഹം നടത്തിയത്. 2035 ആകുമ്പോഴേക്കും അത് 78.8%-മായി വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കത്തോലിക്കരുടെ ഇടയിൽപ്പോലും, അമേരിക്കയിൽ ഇന്ന് 40-45%വരെ ശവദാഹമാണ് നടക്കുന്നത്. മൃതശരീരം ദഹിപ്പിക്കൽ അമേരിക്കൻ സംസ്‌കാരത്തിൽപ്പെട്ടതല്ലെങ്കിലും അതിന്റെ ശാസ്ത്രീയമായ ഗുണങ്ങളാണ് (സുരക്ഷിതവും ആരോഗ്യപരവും ഏറ്റവും ചിലവുകുറഞ്ഞതും) അവരെ അതിന് പ്രേരിപ്പിക്കുന്നത്. യൂറോപ്പിൽ നൂറു വർഷങ്ങൾക്കുമുൻപുമുതൽ മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങൾ (crematoriums) നിർമിച്ചുതുടങ്ങിയിരുന്നു.
മൃതശരീരം അഗ്‌നിക്കിരയാക്കുന്ന ഭാരതസംസ്‌കാരം നിലനിൽക്കുകയും ആഗോള കത്തോലിക്കാസഭ മൃതശരീരം ദഹിപ്പിക്കുന്നതിന് അനുകൂലനിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുപോലും, എന്തുകൊണ്ട് ഭാരതത്തിലെ കത്തോലിക്കാസഭാധികാരം കോവിഡ് എന്ന മഹാമാരി പ്രത്യക്ഷപ്പെടുന്നതുവരെ ശവം ദഹിപ്പിക്കുന്നതിമുള്ള 'അനുവാദകല്പന'-യുമായി പ്രത്യക്ഷപ്പെടാൻ കാത്തിരുന്നു എന്ന ചോദ്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. അതിൽ ഒളിഞ്ഞിരിക്കുന്ന ഗൂഢലക്ഷ്യങ്ങൾ തീർച്ചയായും നാം കാണണം. സഭാപൗരന്മാർക്ക് കടിഞ്ഞാണിടാനും (തെമ്മാടിക്കുഴി) പള്ളിപ്പറമ്പിലെ ശവസംസ്‌കാരംവഴി ഇടവകാംഗങ്ങളെ സാമ്പത്തികമായി കുത്തിപ്പിഴിയാനും (കല്ലറവില്പന) അത് പ്രയോജനപ്പെടുമല്ലോ.
ശവം ദഹിപ്പിച്ചുകിട്ടുന്ന ചിതാഭസ്മം വായുവിൽ വിതറുകയോ വെള്ളത്തിൽ ഒഴുക്കുകയോ കുടുംബങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യരുതെന്നും, അത് സിമിത്തേരിയിൽ അടക്കം ചെയ്യണമെന്നുമാണ് പുതുതായി രൂപംകൊടുത്ത നിയമം അനുശാസിക്കുന്നത്. ആ നിയമത്തിൽ ദൈവശാസ്ത്രം ഒന്നുമില്ലെങ്കിലും മുഴുത്ത സാമ്പത്തികശാസ്ത്രം ഉണ്ടെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം അറിയാം. ചിതാഭസ്മം എന്തുചെയ്യണമെന്നുള്ള കാര്യം വ്യക്തികളുടെയോ കുടുംബത്തിന്റെയോ തീരുമാനത്തിന് വിട്ടുകൊടു0ക്കേണ്ടതാണ്. സഭാധികാരികൾ ആ വിഷയത്തിൽ ഇടപെടുന്നത് തെറ്റാണ്. വിശ്വാസികളിൽ അന്ധവിശ്വാസം കുത്തിവയ്ക്കാൻ പുരോഹിതർ എന്നും തത്രപ്പെട്ടുകൊണ്ടേയിരിക്കും. ഇത്തരംകാര്യങ്ങളിൽ വിശ്വാസികളെ നാം ബോധാവൽക്കരിക്കേണ്ടിയിരിക്കുന്നു.
ചിതാഭസ്മം അതർഹിക്കുന്ന ബഹുമാനത്തോടെ സൂക്ഷിക്കാൻ അനേകം മാർഗങ്ങളുണ്ട്. ചിതാഭസ്മം ചിതാഭസ്മകലശത്തിൽ (Urns) സ്വീകരിച്ച് മരിച്ച വ്യക്തിയുടെ കുടുംബങ്ങളിൽ സൂക്ഷിക്കാം; ചിതാഭസ്മകലശം പൊതുസൂക്ഷിപ്പു കെട്ടിടങ്ങളിൽ, അതായത് കൊളംബേറിയത്തിൽ (Columbarium) സൂക്ഷിക്കാം; ശവക്കല്ലറകൾ അടങ്ങിയ വലിയ കെട്ടിടത്തിൽ (Columbarium) സജ്ജമാക്കിയിരിക്കുന്ന പ്രത്യേകഭാഗത്ത് സൂക്ഷിക്കാം. കേരള കത്തോലിക്കാസഭയിലെ പ്രശ്‌നം, ശവം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങളോ ചിതാഭസ്മം സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ചാപ്പലുകളോ ഒന്നുമില്ല എന്ന ദുരവസ്ഥയാണ്. മെഗാ പള്ളികളും പള്ളിമുറികളും ആശുപത്രികളും ഷോപ്പിംഗ് കോംപ്ലക്‌സുകളും പണിയാനേ സഭാധികാരത്തിന് താത്പര്യമുള്ളു. വിശ്വാസികൾക്ക് ഗുണപ്രദമായവയ്ക്ക് സമയമോ പണമോ ഇല്ല. അതിനുള്ള വിശാലഹൃദയവും അവർക്കില്ല. സർക്കാറിന്റെ വനം കൈയേറി മലമുകളിൽ കുരിശുനാട്ടാനും ഭൂമി കള്ളക്കച്ചവടം ചെയ്യാനും ബലാത്സംഗകേസുകളിൽ പ്രതികളാകാനുമേ അവർക്ക് സമയമുള്ളു.
വിശ്വാസികളേ നിങ്ങൾ ഉണരുവിൻ! രൂപതാടിസ്ഥാനത്തിലെങ്കിലും ശവദാഹകെട്ടിടങ്ങൾ പണിയാനും ചിതാഭസ്മകലശങ്ങൾ നിർമിക്കാനും അവ സൂക്ഷിക്കാനുള്ള ചാപ്പലുകൾ പണിയാനും സഭാധികാരത്തോട് ആവശ്യപ്പെടുവിൻ! അങ്ങനെയെങ്കിലും, കല്ലറകൾക്ക് ലക്ഷങ്ങൾ നല്‌കേണ്ട ഗതികേടിൽനിന്ന് വിശ്വാസികൾക്ക് മോചിതരാകാമല്ലോ. മരിച്ചവർക്കായി പട്ടക്കാരന് പണം കൊടുത്ത് ദിവ്യബലി അർപ്പിക്കുന്നതിൽ അർത്ഥമില്ലെന്ന് വിശ്വാസികൾ തിരിച്ചറിയണം. ക്രിസ്ത്യാനികൾ സുവിശേഷാധിഷ്ഠിതമായി ജീവിക്കാൻ പഠിക്കണം.
ശവദാഹം തീരുമാനിച്ചുവെച്ചിരിക്കുന്ന വ്യക്തികൾ അവരുടെ തീരുമാനം പരസ്യപ്പെടുത്തി മറ്റുള്ളവർക്ക് മാതൃകയാകണമെന്നുകൂടി അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment