കെ ജി പോൾ (ഫോൺ - 9496577318)
പ്രസിഡന്റ് KCRM തൊടുപുഴ യൂണിറ്റ്
*
ജനന-മരണങ്ങൾക്കും ദുഃഖ-ദുരിതങ്ങൾക്കും വിധേയരായ നശ്വരജീവികളാണ് നാമെല്ലാവരും എന്ന് നാം കരുതിയേക്കാം. എന്നാൽ നാം അനശ്വരനായ സ്വർഗ്ഗീയപിതാവിന്റെ സന്തതികളാണെന്ന സത്യത്തിനുനേരെ നമ്മുടെ ആത്മീയനേത്രങ്ങൾ തുറക്കപ്പെടുന്ന കാലം വരികതന്നെ ചെയ്യും.
*
വേദപുസ്തകത്തിൽ ഇല്ലാത്തതും എന്നാൽ പിൽക്കാലത്ത് ക്രിസ്തീയ സഭയിൽ രൂപപ്പെട്ടതുമായ ദൈവത്തിന്റെ ത്രിത്വത്തെക്കുറിച്ചുള്ള വിവിധ ലേഖനങ്ങൾ വായിച്ചപ്പോൾ എന്റെ എളിയ മനസ്സിൽ വന്ന ചില ചിന്തകൾ ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.
ത്രിത്വത്തിൽ ഏകത്വവും ഏകത്വത്തിൽ ത്രിത്വവുമായി സ്ഥിതിചെയ്യുന്ന ആത്യന്തികസത്തയാകുന്നു ദൈവമെന്നും, അത് പിതാവ്-പുത്രൻ-പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളത്വങ്ങൾ ആകുന്നുവെന്നും, അപ്പോൾത്തന്നെ അതു മൂന്നും ഒരേ ദൈവത്തിന്റെ മൂന്ന് വ്യത്യസ്ത മുഖങ്ങളാകുന്നുവെന്നുമാണ് ക്രിസ്തീയസഭ വിവക്ഷിക്കുന്നത്. ദൈവം ഈ ത്രിത്വം ആണെന്ന വിശ്വാസം മൂന്നാം നൂറ്റാണ്ടുമുതൽ സഭയിൽ അംഗീകരിച്ചു പോരുന്നു. ത്രിത്വത്തിൽ രണ്ടാമൻ പുത്രനായ യേശുക്രിസ്തുവാണ്. അതായത്, യേശുക്രിസ്തുമാത്രമാണ് ദൈവപുത്രൻ എന്നുസാരം.
എന്നാൽ യേശുക്രിസ്തുവിന്റെ പുത്രത്വത്തെസംബന്ധിച്ച് സഭയുടെ ഇടുങ്ങിയ വിശദീകരണങ്ങളിൽ തൃപ്തരാകാത്തവർ ഇവിടെ ചില ചോദ്യങ്ങൾ ആവർത്തിച്ചുന്നയിക്കുന്നു. എന്തുകൊണ്ട് യേശുക്രിസ്തുമാത്രം ദൈവം ജനിപ്പിച്ച ഒരേയൊരു പുത്രൻ എന്ന് വിളിക്കപ്പെടണം? ഏത് അർത്ഥത്തിലാണ് യേശു സ്വർഗ്ഗീയ പിതാവിന്റെ ഏകജാതനായ പുത്രനായിരിക്കുന്നത്? ആവർത്തന പുസ്തകത്തിലെ 14-ാം അദ്ധ്യായത്തിൽ, 'നിങ്ങളോരോരുത്തരും നാഥനായ ദൈവത്തിന്റെ മക്കളാണെ'ന്ന് പറഞ്ഞിരിക്കെ, ഓരോ മനുഷ്യവ്യക്തിയും സ്വർഗ്ഗീയപിതാവിന്റെ സന്താനമല്ലേ? വീണ്ടും 32-ാം അദ്ധ്യായത്തിൽ, 'യഹോവയല്ലോ നിന്റെ പിതാവ്' എന്നും പറഞ്ഞിരിക്കുന്നു. ഉല്പത്തി 1:27-ൽ 'ദൈവം തന്റെ സ്വന്തം രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു' എന്ന് എഴുതിയിരിക്കുന്നു. ''നിങ്ങളെ മക്കളാക്കുന്ന ആത്മാവിനെയാണ് നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ നാം ആബാ പിതാവേ എന്നു വിളിക്കുമ്പോൾ ആ ആത്മാവുതന്നെ നാം ദൈവത്തിന്റെ മക്കളാണെന്ന് നമ്മുടെ ആത്മാവോടു ചേർന്ന് സാക്ഷ്യം നൽകുന്നു'' (റോമാ: 8:15-6) എന്ന് പുതിയ നിയമവും പറയുന്നു.
യേശുക്രിസ്തുമാത്രമാണ് ദൈവത്തിന്റെ ഏകജാതനായ പുത്രനെന്നും മനുഷ്യരായ നാമെല്ലാവരും കേവലസൃഷ്ടികളും പാപികളും ആണെന്നുമുള്ള ക്രിസ്തീയസഭയുടെ പ്രബോധനം യേശുവിന്റെതന്നെ പ്രബോധനത്തിന് കടകവിരുദ്ധമാണ്. ജർമ്മൻ ചിന്തകനായ മാക്‌സ് മുള്ളർ പറയുന്നതുപോലെ, യേശു വന്നത് താനാരാണെന്ന് നമ്മെ ബോധ്യപ്പെടുത്താനല്ല, പിന്നെയോ നാം ഓരോരുത്തരും ദൈവമക്കളാകുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്താനാണ്. മത്തായി 6-ാം അദ്ധ്യായത്തിൽ ഇതു വളരെ വ്യക്തമാണ്. നാം ഓരോരുത്തരും ദൈവമക്കൾ അഥവാ പുത്രന്മാർ ആയതുകൊണ്ടാണ്, ''സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' എന്ന പ്രാർത്ഥന യേശു നമ്മെ പഠിപ്പിച്ചത്. ദൈവം നമ്മുടെ പിതാവാണെങ്കിൽ മനുഷ്യരായ നമ്മൾ അവന്റെ പുത്രന്മാരല്ലേ? ആ പദവി യേശുവിനുമാത്രം അവകാശപ്പെട്ടതാണെന്ന ക്രിസ്തീയസങ്കല്പം എങ്ങനെ അംഗീകരിക്കാനാകും?
യേശുവിന് പ്രത്യേക ദിവ്യത്വം നൽകി അവനെ മനുഷ്യകുലത്തിൽനിന്ന് അടർത്തിമാറ്റി സ്വർഗ്ഗോന്നതങ്ങളിൽ ഒരു ആരാധനാമൂർത്തിയായി പ്രതിഷ്ഠിക്കുകയും, അതേസമയം മനുഷ്യരെ യാതൊരു ദിവ്യതയും ഇല്ലാത്ത കേവലപാപികളായി ചിത്രീകരിച്ച് തരംതാഴ്ത്തുകയുമാണ് ക്രിസ്തീയ സഭ യഥാർത്ഥത്തിൽ ചെയ്യുന്നത്. മനുഷ്യൻ ദൈവഭിന്നനാണെന്ന ചിന്തയാണ് സഭയിൽ ശക്തമായി നിലനിൽക്കുന്നത്. മനുഷ്യാത്മാവിന് പരമസത്തയായ പരമാത്മാവുമായി യാതൊരു ബന്ധവും ഇല്ലെന്ന വിശ്വാസമാണ് സഭയിൽ പൊതുവെ ഉള്ളത്. മനുഷ്യരെല്ലാം വ്യത്യസ്ത ആത്മാക്കളാണെന്നും മരണശേഷം ന്യായവിധിയിലൂടെ സ്വർഗ്ഗത്തിലോ നരകത്തിലോ പോകുമെന്നുംമറ്റുമാണ് വിശ്വാസം. സത്താപരമായി പരമാത്മാവും മനുഷ്യനിലെ ജീവാത്മാവും ഒന്നാണെന്ന ഭാരതീയദർശനത്തിനുനേരേ സഭ പുറംതിരിഞ്ഞു നിൽക്കുകയാണ്.
ഇങ്ങനെ മനുഷ്യനും ദൈവത്തിനും ഇടയിൽ ഒരു വിടവ് സൃഷ്ടിക്കപ്പെടുവാൻ പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്നാമതായി, ആദിമ ക്രൈസ്തവസഭയിലെ യഹൂദമതത്തിന്റെ സ്വാധീനവും അവരുടെ ഏകദൈവസങ്കല്പവും. യഹൂദമതവിശ്വാസികളുടെ ദൈവം പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഭരണാധികാരിയും ലോകത്തിൽനിന്നു വളരെ അകന്ന് ഉയരെ സ്വർഗ്ഗത്തിൽ വസിക്കുന്നവനും ആയിരുന്നു. മഹിമയും രാജകീയപ്രൗഢിയും തികഞ്ഞവൻ ആയിരുന്നതിനാൽ ആർക്കും അവനെ സമീപിക്കുവാൻ കഴിയുമായിരുന്നില്ല. ഈ കാഴ്ചപ്പാടനുസരിച്ച്, സ്വാഭാവികമായും ഉയരെ സ്വർഗ്ഗത്തിൽ വാഴുന്ന ഈ ദൈവവും മനുഷ്യനും തമ്മിൽ അകൽച്ചയുടെ ഒരു കടൽതന്നെയുണ്ടായിരുന്നു. മനുഷ്യനിലെ ദൈവികാംശം എന്ന ആശയം യഹൂദർക്ക് അജ്ഞാതമായിരുന്നു. അത്തരമൊരാശയം ദൈവനിന്ദയായിപ്പോലും അവർ പരിഗണിച്ചിരുന്നു. ഈ ചിന്താഗതിയുടെ സ്വാധീനം ഇന്ന് നമുക്ക് ക്രിസ്തുമതത്തിൽ കാണാം.
രണ്ടാമതായി, മനുഷ്യനും ദൈവത്തിനും ഇടയിൽ ഒരു വിടവ് ഉണ്ടായിരിക്കേണ്ടത് പുരോഹിതമതങ്ങളുടെയെല്ലാം ആവശ്യംകൂടിയാണ്. അല്ലാത്ത പക്ഷം, മനുഷ്യനും ദൈവത്തിനും ഇടയിൽ ഒരു ഇടനിലക്കാരൻ എന്ന നിലയിൽ പുരോഹിതന്മാർക്ക് സ്ഥാനമില്ലാതെവരും. മനുഷ്യൻ സർവ്വഥാ പാപിയാണെന്ന് ക്രിസ്തുമതം എപ്പോഴും പ്രഘോഷിക്കുന്നതിനു കാരണം, എങ്കിൽ മാത്രമേ കുമ്പസാരം, പാപമോചന കൂദാശകൾ, പുരോഹിതന്മാർ തുടങ്ങിയവ നിലനിൽക്കുകയുള്ളൂ എന്നതാണ്.
യേശു തന്റെ ദൈവികപുത്രത്വത്തെ സംബന്ധിച്ച് എന്തെങ്കിലും പ്രത്യേക അവകാശവാദം ഉന്നയിച്ചതായി കാണുന്നില്ല. അവൻ തന്റെ ശിഷ്യന്മാരെ ഒരിക്കലും തരംതാഴ്ത്തി കണ്ടിരുന്നില്ല. 'നിങ്ങൾ എന്റെ സ്‌നേഹിതന്മാർ' എന്നും (യോഹ. 15:14), 'നിങ്ങളുടെ ദൈവവും എന്റെ ദൈവവും' എന്നും (യോഹ. 20: 7) മറ്റുമുള്ള സംബോധനകൾ അതിനു തെളിവാണ്. 'നാം മക്കളും അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നെ' എന്നു പൗലോസും പറയുന്നു (റോമ.8:17). യേശു എക്കാലത്തും ശിഷ്യന്മാരെ കണ്ടത് തുല്യപദവിയിലാണ്. ആകയാൽ, വേദപുസ്തകാടിസ്ഥാനത്തിൽ യേശുവിനെപ്പോലെതന്നെ നാം ഓരോരുത്തരും ദൈവപുത്രന്മാർ തന്നെയാണ്. ഈ പുത്രപദവി നമ്മുടെ ഓരോരുത്തരുടെയും ജന്മാവകാശംകൂടിയാണ്. ഈ അവകാശം നമ്മിൽനിന്ന് ആർക്കും എടുത്തുകളയാനാകില്ല. സർവശക്തനും സർവജ്ഞനുമായ ദിവ്യസത്തയുടെ അഥവാ അനന്തമായ ആനന്ദത്തിന്റെ അനന്തരാവകാശികളാണ് നാമെല്ലാവരും. നാം മറ്റാരുടെയും സന്താനങ്ങളല്ല. നാം ഭൂമിയിലെ നമ്മുടെ മാതാപിതാക്കളുടെ സന്താനങ്ങളല്ല. അവർ നമ്മുടെ ശരീരത്തിന് ജന്മം നൽകിയവർമാത്രമാണ്. എന്നാൽ നാം ശരീരമല്ല, ആത്മാവാണ്; അതായത് പരമാത്മാവിന്റെ അംശമായ ജീവാത്മാവാണ്.
ജനന-മരണങ്ങൾക്കും ദുഃഖ-ദുരിതങ്ങൾക്കും വിധേയരായ നശ്വരജീവികളാണ് നാമെല്ലാവരും എന്ന് നാം കരുതിയേക്കാം. എന്നാൽ നാം അനശ്വരനായ സ്വർഗ്ഗീയപിതാവിന്റെ സന്തതികളാണെന്ന സത്യത്തിനുനേരെ നമ്മുടെ ആത്മീയനേത്രങ്ങൾ തുറക്കപ്പെടുന്ന കാലം വരികതന്നെ ചെയ്യും.
അങ്ങനെയെങ്കിൽ പിന്നെയെന്താണ് യേശുവിനെ സാധാരണ മനുഷ്യരിൽനിന്നു വ്യത്യസ്തനാക്കുന്നത്? യേശുവിനെപ്പോലെ ലോകത്തിന് രക്ഷാമാർഗ്ഗം കാട്ടിത്തന്ന ദിവ്യരക്ഷകരെല്ലാം ചെറുപ്പം മുതൽതന്നെ തങ്ങളുടെ ദൈവികപുത്രത്വത്തെക്കുറിച്ച് അവബോധം സിദ്ധിച്ചവരായിരുന്നു. അതുകൊണ്ടാണ് പന്ത്രണ്ടു വയസ്സുകാരനായ യേശു സ്വന്തം മാതാപിതാക്കളോട് ''ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കണമെന്ന കാര്യം നിങ്ങൾ അറിഞ്ഞിട്ടില്ലേ?'' എന്നു ചോദിക്കുന്നത് (ലൂക്കോ. 2:49). നിങ്ങൾ എന്റെ ശരീരത്തിന്റെമാത്രം ജനയിതാക്കളാണെന്ന് അവൻ അവരോടു പറയുകയായിരുന്നു.
എന്നാൽ സാധാരണ മനുഷ്യരായ നമുക്ക് നമ്മുടെ ദൈവികപുത്രത്വത്തെക്കുറിച്ച് അവബോധമില്ല. അതുകൊണ്ടുമാത്രം നാം പുത്രന്മാർ അല്ല എന്ന് വരുന്നുമില്ല. ഉദാഹരണത്തിന് , ഒരു ശതകോടീശ്വരന്റെ ബാലനായ മകൻ താൻ ഒരു കോടീശ്വരനാണെന്ന് അറിയുന്നില്ല. അവന്റെ ബോധതലം വികസിച്ചിട്ടില്ലാത്തതാണ് കാരണം. അതുപോലെ നമ്മുടെ ദൈവപുത്രത്വവും നാം അറിയുന്നില്ല എന്നേയുള്ളൂ. താൻ യഥാർത്ഥത്തിൽ ആരാണെന്ന് ഓരോരുത്തരും ആത്മജ്ഞാനത്തിലൂടെ അറിയുമ്പോൾമാത്രമേ മനുഷ്യന് അത് അനുഭവമാകുകയുള്ളൂ. (തുടരും)
No comments:
Post a Comment