പ്രൊഫ. പി.എൽ ലൂക്കോസ്, ഫോൺ: 9446578174
*
സർവ്വാധിപത്യഭരണസംവിധാനംമാത്രമല്ല, കാലഹരണപ്പെട്ടതും
പരിഹാസ്യവുമായ വിശ്വാസങ്ങളും അനുശാസനങ്ങളുമാണ് വിശ്വാസികളെ
ദൈവത്തിൽനിന്ന് അകറ്റുന്നതെന്ന്
സഭയെ നയിക്കുന്നവർ മനസ്സിലാക്കണം.
*
വി.യോഹന്നാൻ എഴുതിയ
സുവിശേഷത്തിന്റെ അന്തർദ്ധാര,
'ൈദവം സ്‌നേഹമാകുന്നു' എന്ന
സന്ദേശമാണ്. ദൈവം നമ്മളെ
അഗാധമായി സ്‌നേഹിക്കുന്നു എന്നല്ല;
ദൈവത്തെ നമ്മൾ സ്‌നേഹിക്കണം എന്നല്ല;
എല്ലാവരുടെയും പൂർണ്ണ ഹൃദയത്തോടെയുള്ള
സ്‌നേഹത്തിനു ദൈവം യോഗ്യനാണ് എന്നുമല്ല.
ദൈവം സ്‌നേഹമാണ്; സ്‌നേഹത്തിന്റെ
മൂർത്തമായ രൂപമാണ് ദൈവം എന്നർത്ഥം.
*
ഉപസംഹാരം:
അമ്പരപ്പിക്കുന്ന ശാസ്ത്രീയനേട്ടങ്ങളുടെ കാലഘട്ടത്തിൽ ജീവിക്കുന്നതുകൊണ്ട് ഈശ്വരനിലും മതത്തിലുമുള്ള വിശ്വാസം തീർച്ചയായും ശാസ്ത്രീയമായിരിക്കണം എന്നു വിവക്ഷിക്കുന്നില്ല. എന്നാൽ, സാമാന്യബുദ്ധിയും അത്യാവശ്യം വേണ്ട ശാസ്ത്രീയാവബോധവുമുള്ള മനുഷ്യർക്ക് പമ്പരവിഡ്ഢിത്തമായും അത്യധികം യുക്തിഹീനമായും ബോധ്യപ്പെടുന്ന കാര്യങ്ങൾ വിശ്വാസസത്യങ്ങളായി നിർവിശങ്കം അംഗീകരിക്കുക എളുപ്പമല്ല. ഉത്പത്തിപ്പുസ്തകത്തിൽ വിവരിച്ചിട്ടുള്ളതുപോലെ ഒരു മാന്ത്രികവടിയുടെ സഹായത്തോടെ ആറു ദിവസംകൊണ്ടു ദൈവം സൃഷ്ടിച്ചതല്ല ഈ മഹാപ്രപഞ്ചമെന്ന് ഫ്രാൻസീസ് മാർപാപ്പാ 2014 മുതൽ ഒന്നിലേറെത്തവണ തുറന്നു പറഞ്ഞതിന്റെ പൊരുൾ പുരോഹിതപ്രമാണികളും മണ്ടന്മാരായ വിശ്വാസികളും വേണ്ടതുപോലെ മനസ്സിലാക്കുന്നില്ല. പ്രപഞ്ചം രൂപപ്പെട്ടത് മഹാവിസ്‌ഫോടനം (The Great Bang) മൂലമാണെന്നുള്ള ആധുനികശാസ്ത്രത്തിന്റെ നിഗമനം നിഷേധിക്കാൻ സഭയ്ക്കു കഴിയുമോ? 1859-ൽ ചാൾസ് ഡാർവിൻ അവിഷ്‌കരിച്ച പരിണാമസിദ്ധാന്തത്തെ ഒരു നൂറ്റാണ്ടുകാലം പല്ലും നഖവും ഉപയോഗിച്ച് എതിർത്ത സഭയുടെ ആവനാഴിയിൽ അസ്ത്രങ്ങളൊന്നും ഇപ്പോൾ അവശേഷിക്കുന്നില്ല. പഴയകാലം മുതൽ മനുഷ്യർ ഭൂമിയിൽ കണ്ടിട്ടുള്ളതും വിഭിന്ന രൂപങ്ങളിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതുമായ ലക്ഷക്കണക്കിനു ജീവജാലങ്ങളുടെയെല്ലാം ആവിർഭാവത്തിനുപിന്നിൽ ദൈവത്തിന്റെ കരങ്ങളുണ്ടെന്നു തെളിയിക്കാൻ ഒരു ദൈവശാസ്ത്രജ്ഞനും സാധ്യമല്ല. ഈ പ്രപഞ്ചവും അതിലുള്ള സകലതും ദൈവകരങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള വാദത്തിനുപകരം , ജീവൻ ആദ്യമായി എവിടെ ഉടലെടുത്തോ അവിടെ ദൈവത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കണം എന്നുമാത്രമാണ് വിവേകമുള്ള ദൈവശാസ്ത്രപണ്ഡിതന്മാർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. പ്രാചീന ഭാരതത്തിൽ ജീവിച്ചിരുന്ന ചാർവ്വാക മതക്കാരെപ്പോലെ ദൈവമില്ലെന്നു വിശ്വസിക്കുന്ന കോടിക്കണക്കിനു മനുഷ്യർ ലോകത്തിലുണ്ട്. അടുത്തകാലത്തു ജീവിച്ചിരുന്ന വിഖ്യാത ശാസ്ത്രജ്ഞന്മാരായ ആൽബർട്ട് ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിംഗും ദൈവാസ്തിക്യം നിഷേധിച്ചവരായിരുന്നു. കത്തോലിക്കാസഭയുടെ സർവ്വാധിപത്യഭരണസംവിധാനംമാത്രമല്ല, കാലഹരണപ്പെട്ടതും പരിഹാസ്യവുമായ വിശ്വാസങ്ങളും അനുശാസനങ്ങളുമാണ് വിശ്വാസികളെ ദൈവത്തിൽനിന്ന് അകറ്റുന്നതെന്ന് സഭയെ നയിക്കുന്നവർ മനസ്സിലാക്കണം. കാലാനുസൃതമായ നവീകരണം സഭയുടെ നടപടിക്രമങ്ങളിലും പ്രബോധനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അടിയന്തിരമായി നടപ്പാക്കിയില്ലെങ്കിൽ, യൂറോപ്യൻ രാജ്യങ്ങളിൽ കത്തോലിക്കാസഭ നാമാവശേഷമായതുപോലെ മറ്റു രാജ്യങ്ങളിലും സംഭവിക്കും. പത്തോ പതിനഞ്ചോ നൂറ്റാണ്ടുകൾക്കുമുൻപു ജീവിച്ചിരുന്ന, വിദ്യാഭ്യാസവും ശാസ്ത്രീയാവബോധവും യുക്തിചിന്തയും കുറവായിരുന്ന മനുഷ്യർ നിസ്സന്ദേഹം സ്വീകരിച്ചിരുന്ന വിശ്വാസങ്ങൾ ഇന്നത്തെ മനുഷ്യർക്കു സ്വീകാര്യമാകണമെന്നില്ല. കടിച്ചാൽ പൊട്ടാത്തതും വിഴുങ്ങിയാൽ ദഹിക്കാത്തതും, അതീവ സങ്കീർണ്ണവും വിചിത്രവുമായ ത്രിത്വസങ്കൽപ്പം ദൈവസ്‌നേഹം ഉദ്ദീപിപ്പിക്കാൻ ഒട്ടുംതന്നെ പര്യാപ്തമല്ല.
യഹൂദന്മാരിൽ ഏറ്റവും ധിഷണാശാലിയായിരുന്ന ഐ
ൻസ്റ്റീൻ യൂദന്മാരുടെ വേദപുസ്തകമായ പഴയ നിയമത്തെ വിലയിരുത്തിയത് വെറും പ്രാകൃതമായ ഐതിഹ്യങ്ങൾ (Primitive legends) എന്നാണ്. 1954-ൽ ഒരു സുഹൃത്തിന് ഐൻസ്റ്റീൻ എഴുതിയതും 2018 ഡിസംബറിൽ വലിയ തുകയ്ക്കു ലേലം ചെയ്യപ്പെട്ടതുമായ കത്തിലാണ്, എത്ര സൂക്ഷ്മവും ഗഹനവുമായ വ്യാഖ്യാനങ്ങൾ നല്കിയാലും പഴയനിയമ ഗ്രന്ഥങ്ങൾ കേവലം കെട്ടുകഥകൾ മാത്രമാണെന്ന് ഐൻസ്റ്റീൻ അഭിപ്രായപ്പെട്ടത് ! പണ്ടു കാലത്തു കേരളത്തിലെ ജനങ്ങൾ വാമൊഴിയായി പുതിയ തലമുറകൾക്കു കൈമാറിയിരുന്ന ഐതിഹ്യങ്ങൾ സമാഹരിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി 'ഐതിഹ്യമാല' രചിച്ചതുപോലെ, യൂദന്മാർക്കിടയിൽ പ്രചരിച്ചിരുന്ന മുത്തശ്ശിക്കഥകൾ ക്രിസ്തുവിനുമുൻപ് 586 മുതൽ 200 വരെയുള്ളകാലത്ത് അഞ്ചോ ആറോ പേർ ശേഖരിച്ച 'യഹൂദന്മാരുടെ ഐതിഹ്യമാല'യാണ് പഴയനിയമം! 'ദൈവനിവേശിത'മാണെന്നു കത്തോലിക്കാസഭ സർട്ടിഫിക്കറ്റ് നല്കിയിട്ടുള്ള ഈ കെട്ടുകഥകൾ ഉദ്ധരിച്ചാണ് ധ്യാനകേന്ദ്രങ്ങളിൽ ഓടിയെത്തുന്ന ഭോഷന്മാരെ വചനപ്രഘോഷകന്മാർ ഹർഷപുളകിതരാക്കുന്നത്! പഴയനിയമത്തിൽനിന്നുള്ള രണ്ടു വായനകളിലൂടെ ഞായറാഴ്ചകളിൽ ദേവാലയങ്ങളിലെത്തുന്ന അർക്കെങ്കിലും കടുകുമണിയോളം ആത്മീയ ഉത്തേജനം എന്നെങ്കിലും ലഭിച്ചിട്ടുണ്ടോയെന്ന് ഒരു സർവ്വേ നടത്തി കണ്ടുപിടിക്കേണ്ടതാണ്!
സത്യത്തിനു സാക്ഷ്യംവഹിക്കുകയാണ് തന്റെ ജീവിതലക്ഷ്യമെന്നു പീലാത്തോസിനോടു പ്രഖ്യാപിച്ച, മതമേധാവികളുടെ കാപട്യത്തിനും അധാർമ്മികതയ്ക്കും നീതിനിഷേധത്തിനും മനുഷ്യത്വമില്ലായ്മയ്ക്കുമെതിരെ വിപ്ലവകരമായ പോരാട്ടം നടത്തിയ, സ്‌നേഹത്തിന്റെയും കരുണയുടെയും സത്യത്തിന്റെയും നീതിയുടെയും വഴികളിലൂടെ എല്ലാ മനുഷ്യരെയും ദൈവത്തിലേക്കു നയിച്ച, മാനവചരിത്രത്തിൽ ആദ്യമായി ദൈവം സ്‌നേഹമാകുന്നു എന്നു പഠിപ്പിച്ച യേശുവിനെയാണ് സുവിശേഷങ്ങളിൽ നമ്മൾ കാണുന്നത്. യഹൂദവംശജനായ ഫ്‌ളാവിയുസ് ജോസഫുസ് ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഗ്രീക്കുഭാഷയിലെഴുതിയ യഹൂദരുടെ പുരാതന ചരിത്രത്തിലും ടാസിറ്റസ് (Tacitus) എന്ന റോമൻ ചരിത്രകാരൻ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലത്തീനിൽ എഴുതിയ ചരിത്രരേഖയിലും ഒരു സാമൂഹിക വിപ്ലവകാരി (Social agitator) ആയിട്ടാണ് ക്രിസ്തുവിനെപ്പറ്റി പരാമർശിക്കുന്നത്. യേശുവിന്റെ അപ്രതിഹതമായ വിമർശനശരങ്ങളേറ്റു പരിക്ഷീണരായ യഹൂദ പുരോഹിതന്മാരുടെ ഉള്ളിൽ ജ്വലിച്ച പ്രതികാരാഗ്നിയും അവരുടെ കുടിലതന്ത്രങ്ങളുമാണ് യേശുവിനെ കുരിശിലേറ്റിയതെന്ന് സുവിശേഷങ്ങളിൽ പകൽപോലെ വ്യക്തമാണ്. എന്നാൽ ഈ സത്യം തമസ്‌കരിച്ച്, മാനവകുലത്തിന്റെ ആദ്യമാതാപിതാക്കൾ ചെയ്‌തെന്നു സങ്കല്പിക്കുന്ന പാപത്തിനു പരിഹാരം ചെയ്യാനാണ് 20-22 ലക്ഷം വർഷങ്ങൾ കഴിഞ്ഞ് യേശു പീഡകൾ സഹിച്ചു കുരിശിൽതൂങ്ങി മരിച്ചത് എന്ന അർത്ഥശൂന്യവും അപഹാസ്യവും അപലപനീയവുമായ സിദ്ധാന്തത്തെയാണ് ക്രിസ്തീയ വിശ്വാസങ്ങളുടെ അടിസ്ഥാനശിലയാക്കിയിരിക്കുന്നത്. മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കായി യേശു സ്വമേധയാ കുരിശുമരണം വരിച്ചതാണെങ്കിൽ, യഹൂദന്മാർ യേശുവിനെ വധിച്ചു എന്നാരോപിച്ച് അവരുടെ വംശത്തെ ഉന്മൂലനം ചെയ്യാനായി 16-17 നൂറ്റാണ്ടുകാലം അനേകലക്ഷം യൂദന്മാരെ കത്തോലിക്കാസഭ കൊന്നൊടുക്കിയതിന്റെ ദൈവശാസ്ത്രം എന്താണ്? സത്യത്തിനു സാക്ഷ്യംവഹിക്കാൻ വന്ന യേശുക്രിസ്തുവിന്റെപേരിൽ സ്ഥാപിതമായ സഭയുടെ വിശ്വാസങ്ങൾ സത്യത്തിൽനിന്ന് എത്രയോ കാതം ദൂരെയാണ്!
ചരിത്രപരവും ബൈബിൾ അധിഷ്ഠിതവുമായ ഇത്തരം യാഥാർത്ഥ്യങ്ങൾക്കു വിരുദ്ധമായി എത്രയെളുപ്പത്തിലാണ് തെർതുല്യനും ആഗസ്തീനോസും ക്രിസ്തീയ സഭയെ ഹൈജാക്ക് ചെയ്തു തെറ്റായ വഴികളിൽ നയിച്ചത്! മോശയും യേശയ്യാ പ്രവാചകനും യേശുക്രിസ്തുവും പത്രോസും പൗലോസും ദൈവം ഏകനാണെന്ന് ആവർത്തിച്ചാവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതൊക്കെ മറന്ന് തെർതുല്യന്റെ ഹിപ്‌നോട്ടിസത്തിനു വിധേയമായ സഭ ത്രിത്വത്തിന്റെ പിറകേ പോയി. കാർഷിക വിദഗ്ദ്ധന്മാർ പലയിനം മാവിൻകമ്പുകൾ ഗ്രാഫ്റ്റുചെയ്യുന്നതുപോലെ, യഹോവയാകുന്ന പാഴ്മരത്തിൽ യേശുവിനെയും പരിശുദ്ധാത്മാവിനേയും ഒട്ടിച്ചുചേർത്ത് ത്രിത്വമെന്ന ഒട്ടുമാവുണ്ടാക്കി!
ദൈവം എന്ന സങ്കല്പത്തെപ്പറ്റിയുള്ള അടിസ്ഥാനപരവും മൗലികവുമായ ധാരണ ദൈവം അശരീരിയും അരൂപിയുമാണെന്നുള്ളതാണ്. ശരീരമില്ലാത്ത, പ്രത്യേകമായ ഏതെങ്കിലും ഭൗതികരൂപമില്ലാത്ത, ഇംഗ്ലീഷ് ഭാഷയിൽ സ്പിരിറ്റ് എന്നു പറയുന്ന ൈദവം എങ്ങനെയാണ് ത്രിത്വമാവുക! സർവ്വവ്യാപിയായി മനുഷ്യഹൃദയങ്ങളിലും പ്രപഞ്ചമൊട്ടാകെയും കുടികൊള്ളുന്ന ദൈവികൈചതന്യത്തിൽ എങ്ങനെയാണ് 'ഉത്ഭവത്തിൽത്തന്നെ വ്യതിരിക്തരായ മൂന്നാളുകൾ' ഉണ്ടാവുക! ശിലായുഗത്തിലെ മനുഷ്യർ അഗ്നിയെയും മഹാമേരുവിനെയും മിന്നൽപ്പിണറിനെയുംമറ്റും ഈശ്വരനായി സങ്കല്പിച്ചിരുന്നതുപോലെ, ആളുകളുടെ രൂപമുള്ള ദൈവത്തെ സങ്കല്പിക്കുന്നതുകൊണ്ടാണ് ജരാനരകൾ ബാധിച്ച പടുവൃദ്ധനായ ദൈവപിതാവിനെ ചിത്രീകരിക്കുന്നതും, സ്വർഗ്ഗത്തിലുള്ള മൂന്നു സിംഹാസനങ്ങളിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഉപവിഷ്ടരായിരിക്കുന്നു എന്നു പഠിപ്പിക്കുന്നതും! ആ സ്വർഗ്ഗവും സിംഹാസനങ്ങളും എവിടെയാണെന്നു കൃത്യമായി കണ്ടെത്താൻ നമ്മുടെ ദൈവശാസ്ത്രജ്ഞന്മാർ ഒരു ബഹിരാകാശയാത്ര നടത്തുമെന്നു പ്രത്യാശിക്കാം!
സർവ്വശക്തനായ ദൈവത്തിന്റെ ശക്തിവിശേഷങ്ങൾ കാലത്തിനും സാഹചര്യങ്ങൾക്കും അനുസൃതമായി തികച്ചും വിഭിന്നങ്ങളായ രൂപഭാവങ്ങളിൽ അനുഭവപ്പെടാം. പാണ്ഡവരുടെ ദൂതനായി കൗരവസദസ്സിലെത്തിയ ശ്രീകൃഷ്ണനെ പിടിച്ചുകെട്ടാൻ ആജ്ഞാപിച്ച ദുര്യോധനന്റെ വിജൃംഭിച്ച ധാർഷ്ഠ്യത്തെ നേരിടാൻ ശ്രീകൃഷ്ണന് തന്റെ വിശ്വരൂപം പ്രദർശിപ്പിക്കേണ്ടിവന്നു. അരൂപിയായ ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും ശക്തിയും ഓരോരുത്തർക്കും അനുഭവപ്പെടുന്നത് ഓരോ രീതിയിലായിരിക്കും. വായുവും വെള്ളവുംപോലെ ഒഴിച്ചുകൂടാനാവാത്ത ഇലക്ട്രിസിറ്റി ഏതെല്ലാം വിഭിന്ന രൂപങ്ങളിലാണ് നമ്മൾക്ക് അനുഭവപ്പെടുന്നത്! പല വസ്തുക്കളെയും ഉരുക്കി ദ്രവമാക്കാനും ചുട്ടുകരിച്ചു ഭസ്മമാക്കാനും ഉതകുന്ന രീതിയിൽ അത്യന്തം ഉയർന്ന താപമായി മാറുന്ന വൈദ്യുതിതന്നെയാണ് അതിശൈത്യംവഴി ദ്രവവസ്തുക്കളെ ഖനീഭവിപ്പിക്കുന്നത്. അലങ്കാരദീപങ്ങൾ വർണ്ണപ്രപഞ്ചം സൃഷ്ടിക്കുന്നതിനുള്ള പ്രകാശമായി മാറുന്നതും ഇതേ വൈദ്യുതി തന്നെയാണ്. ഇതുകൊണ്ടുമാത്രം താപവും ശൈത്യവും പ്രകാശവും ഒത്തുചേരുന്ന ത്രിശ്ശക്തിയാണു വൈദ്യുതി എന്നു നമ്മളാരും പറയാറില്ല. അതുപോലെ, യേശുവും യേശുവിന്റെ സ്വർഗ്ഗീയപിതാവും സഹായകനായ പരിശുദ്ധാത്മാവും പരസ്പരം വ്യതിരിക്തരായ മൂന്ന് ആളുകളല്ല; ഒരേ ദൈവികചൈതന്യത്തിന്റെ വ്യത്യസ്തങ്ങളായ രൂപഭാവങ്ങൾ മാത്രമാണ്. മൂന്നു തരത്തിലുള്ള പ്രതിഫലനങ്ങൾ അഥവാ ത്രിമാന ( വേൃലല റശാലിശെീിമഹ ) രൂപങ്ങളാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, സർവ്വശക്തനായ ദൈവത്തിന്റെ വിവിധ പ്രാദുർഭാവങ്ങളാണ് ( ാമിശളലേെമശേീി െ) പിതാവും പുത്രനും പരിശുദ്ധാത്മാവും.
വി.യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ അന്തർദ്ധാര, 'ൈദവം സ്‌നേഹമാകുന്നു' എന്ന സന്ദേശമാണ്. ദൈവം നമ്മളെ അഗാധമായി സ്‌നേഹിക്കുന്നു എന്നല്ല; ദൈവത്തെ നമ്മൾ സ്‌നേഹിക്കണം എന്നല്ല; എല്ലാവരുടെയും പൂർണ്ണ ഹൃദയത്തോടെയുള്ള സ്‌നേഹത്തിനു ൈദവം യോഗ്യനാണ് എന്നുമല്ല. ദൈവം സ്‌നേഹമാണ്; സ്‌നേഹത്തിന്റെ മൂർത്തമായ രൂപമാണ് ൈദവം എന്നർത്ഥം. അത്യധികം ഉദാത്തമായ ഒരു ദൈവസങ്കല്പം! നമ്മുടെ ഹൃദയത്തിൽ പതിയാനായി ഫ്രാൻസീസ് മാർപാപ്പാ കൂടെക്കുടെ ആവർത്തിക്കുന്നതും ഇതുതന്നെ. 'ദൈവം സ്‌നേഹമാണ്; ദൈവത്തിന്റെ നാമം കരുണ എന്നാണ്'. എല്ലാ മതങ്ങൾക്കും അതീതമായ, എല്ലാ മതക്കാർക്കും മനോഗുപ്തിയില്ലാതെ സ്വീകരിക്കാവുന്ന ഒരു ൈദവസങ്കല്പം! സ്പർദ്ധയും വിദ്വേഷവും ഭിന്നതകളും ഒഴിവാക്കി സർവ്വമതസൗഹാർദ്ദം കൈവരിക്കാനുള്ള ഒരു മഹാമന്ത്രമാണ് ദൈവം സ്‌നേഹമാകുന്നു' എന്ന കാഴ്ചപ്പാട്. നാസ്തികരെ എളുപ്പത്തിൽ ആസ്തികരാക്കാനുള്ള ഇന്ദ്രജാലമാണിത ദൈവം ത്രിത്വമാണ് എന്ന വിചിത്രവും സങ്കീർണ്ണവുമായ സങ്കല്പത്തേക്കാൾ എത്രയോ ശ്രേഷ്ഠവും ഗുണകരവും സർവ്വഥാ സ്വീകാര്യവുമാണ് ഈ സങ്കല്പം! ഫ്രാൻസീസ് മാർപാപ്പാ നമ്മളെ ബോധവാന്മാരാക്കുന്നതുവരെ കത്തോലിക്കാസഭയ്ക്ക് ഇത്രയും കാലം ഈ രീതിയിൽ ചിന്തിക്കാൻ കഴിഞ്ഞില്ല. കഷ്ടംതന്നെ ! (അവസാനിച്ചു)
No comments:
Post a Comment