ജോസഫ് പുലിക്കുന്നേൽ
(2009 ഒക്‌ടോബർ 24 -ാം തീയതി തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ കേരള കാത്തലിക് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാറിൽ ചെയ്ത അദ്ധ്യക്ഷപ്രസംഗം)
അടുത്തകാലത്തായി കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന പല സംഭവങ്ങളും മാധ്യമശ്രദ്ധക്ക് വിഷയമായിട്ടുണ്ട്. കത്തോലിക്കാ സഭയെ വേട്ടയാടുന്നതിന് ബോധപൂർവം ചിലർ നടത്തുന്ന പരിശ്രമത്തിന്റെ ഫലമാണിതെന്ന് ഇതിനോട് പ്രതികരിച്ചു കൊണ്ട് സഭാ വക്താക്കൾ പ്രസ്താവിച്ചു. കുറച്ചുകാലംമുമ്പുവരെ കന്യാസ്ത്രീമഠങ്ങൾ അന്ധകാര ഗുഹകളായിട്ടാണ് സമൂഹത്തിൽ നിലനിന്നത്. കന്യാസ്ത്രീ വസ്ത്രം ധരിച്ചവർ (ഈ വസ്ത്രത്തെ തിരുവസ്ത്രം എന്നു വിവരിക്കുന്നത് ശരിയല്ല) സമൂഹത്തിൽ എന്നും ബഹുമാനിതരായിരുന്നു.
കന്യാസ്ത്രീമഠങ്ങളിൽ നടന്ന ചില സംഭവങ്ങൾ കന്യാസ്ത്രീ മഠങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ പലരേയും പ്രേരിപ്പിച്ചു. സിസ്റ്റർ ജെസ്മി എഴുതിയ ''ആമേൻ'' എന്ന ഗ്രന്ഥം പുറത്തുവന്നതോടുകൂടിയാണ് ഈ ചർച്ച പൊതു സമൂഹത്തിൽ വ്യാപകവും സജീവവുമായത്. അടുത്തയിടെ എറണാകുളം രൂപതയിൽപെട്ട ഞാറയ്ക്കൽ ലിറ്റിൽ ഫ്‌ളവർ കോൺവെന്റ്(സി.എം.സി.) പ്രശ്‌നം ആ അന്വേഷണത്തിന് ആക്കം വർദ്ധിപ്പിച്ചു. കന്യാസ്ത്രീയമ്മമാരുടെ ആത്മഹത്യകളും വനിതാ കമ്മീഷൻ വിശകലനത്തിന് വിധേയമാക്കി.
എന്താണ് ഇന്നു കന്യാസ്ത്രീ മഠങ്ങളിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം? ഉപരിപ്ലവമായി പ്രശ്‌നം പഠിക്കുന്നവർ എളുപ്പത്തിൽ കണ്ടുപിടിക്കുന്ന ഒരു കാരണമുണ്ട്, ലൈംഗികത. മനുഷ്യന്റെ അടിസ്ഥാന ചോദനയായ ലൈംഗികതയെ ചെറുപ്പത്തിൽതന്നെ അടിച്ചമർത്തുന്ന കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലെ സംവിധാനമാണ് കന്യാസ്ത്രീ മഠങ്ങളിലെ പ്രശ്‌നം എന്ന് പലരും വ്യവഹരിക്കുന്നു. പക്ഷേ കന്യാസ്ത്രീ മഠങ്ങളിലെ പ്രശ്‌നങ്ങളുടെ മൂലകാരണം അടിച്ചമർത്തപ്പെട്ട ലൈംഗികതയാണോ അതോ അതിനേക്കാൾ പ്രധാനമായി മറ്റു വല്ലതും ഉണ്ടോ? പ്രശ്‌നത്തിന്റെ വേര് കൃത്രിമമായി അടിച്ചമർത്തപ്പെട്ട ലൈംഗികതയാണ് എന്നു വ്യവഹരിക്കുന്നതിനപ്പുറം കന്യാസ്ത്രീമഠങ്ങളിൽ ഇന്നു നിലനിൽക്കുന്ന മനുഷ്യസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നാണ് എന്റെ വിനീതമായ അഭിപ്രായം.
ദൈവം മനുഷ്യനെ പൂർണസ്വാതന്ത്ര്യത്തോടുകൂടിയാണ് സൃഷ്ടിച്ചത്. അവന് ദൈവ കല്പനകളെപോലും നിഷേധിക്കാനുള്ള അവകാശം നൽകപ്പെട്ടിരുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ചാണല്ലോ ആദവും ഹവ്വയും ദൈവ കല്പന ലംഘിച്ചത്. അതുപോലെ ക്രിസ്തുവും മനുഷ്യസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തു. യേശു മനുഷ്യസ്വാതന്ത്ര്യത്തിന്റെ എക്കാലത്തെയും ഒരു സമുന്നത മാതൃകയാണ്. തന്നെ ഒറ്റിക്കൊടുത്ത പ്രിയ ശിഷ്യനായിരുന്ന യൂദാസിന് അതിനുള്ള സ്വാതന്ത്ര്യം യേശു നൽകി.
പക്ഷേ ക്രിസ്തുവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട സഭ മനുഷ്യ സ്വാതന്ത്ര്യം നിഷേധിക്കാൻ ആരംഭിച്ചപ്പോൾ മുതൽ സഭയിൽ സംഘർഷം ആരംഭിച്ചു. ഇന്നും അതു തുടരുന്നു.
ആദിമസഭയിൽ ക്രിസ്തുവിന്റെ പഠനങ്ങൾ സാംശീകരിച്ച് അനുസരിച്ച ഒരു സഭാകൂട്ടായ്മയാണ് ഉണ്ടായിരുന്നത്. അവർ സ്വമനസ്സാൽ ഒരു സമൂഹമായി കൂട്ടായി ജീവിച്ചു. (അപ്പ. 2:42-47) അവിടെ എല്ലാപേരും തുല്യരായിരുന്നു. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലംവരെ ക്രൈസ്തവരുടെ സമൂഹ ജീവിതം തുല്യതയുടെ അടിസ്ഥാനത്തിലായിരുന്നു. ഈ വ്യവസ്ഥ ആരുടെമേലും അടിച്ചേൽപിച്ചതായിരുന്നില്ല. ഓരോരുത്തരും സ്വയം സ്വീകരിച്ചതായിരുന്നു. ആർക്കുവേണമെങ്കിലും ഈ കൂട്ടായ്മയിൽനിന്നും സ്വയം പിരിഞ്ഞുപോകാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഈ കൂട്ടായ്മയിൽ മേലന്വേഷകനല്ലാതെ അധികാരികളുണ്ടായിരുന്നില്ല. മേലന്വേഷകനാകട്ടെ എല്ലാവിധ മാനുഷിക സത്ഗുണങ്ങളുടെയും മാതൃകയായിരുന്നു താനും. (1 തിമോ 3:1,8)
ആദിമ സഭയിൽ നിലനിന്നിരുന്ന മേലന്വേഷക സ്ഥാനത്തെക്കുറിച്ച് ഡിഡാക്കെ (Didache) എന്ന പ്രാചീന ഗ്രന്ഥം ഇങ്ങനെ പറയുന്നു: 'Elect for yourselves, therefore, bishops and decons wothy of the Lord, humble men and not lovers of money, truthful and proven; for they also serve you in the ministry of the prophets and teachers. ( The Faith of the Early Fathers, Vol. I, Page 4).
മേലന്വേഷകർ ക്രിസ്തുവിന്റെ കല്പന അനുസരിച്ച് സമൂഹത്തെ സേവിക്കുന്നതിനുവേണ്ടി അവരാൽ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരായിരുന്നു (യോഹ. 13: 12-16). ഈ സമൂഹസമ്പ്രദായത്തിന്റെ നേതൃത്വത്തിലാണ് മതപീഢനങ്ങളെ അതിജീവിച്ച് ക്രൈസ്തവർ റോമൻ സാമ്രാജ്യത്തിൽ വളർന്നത്. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെയും പിൻഗാമികളുടെയും കാലത്ത് ക്രൈസ്തവ സഭ രാഷ്ട്രമതമായി തീർന്നു.റോമൻ സാമ്രാജ്യത്തിനുള്ളിലെ അധികാരവ്യവസ്ഥയുടെ ചുവടുപിടിച്ച് സഭ ഒരു കേന്ദ്രീകൃത അധികാര സ്ഥാപനമായിത്തീർന്നു. അതോടെ മേലന്വേഷകർ സഭയുടെ അധികാരികളായി. അവർ സഭയ്ക്കുള്ളിൽ സേവിക്കുന്നവരല്ല മറിച്ച് സഭയെ ഭരിക്കുന്നവരാണെന്നു വന്നുചേർന്നു.
സഭയ്ക്കുള്ളിലെ അധികാരവ്യവസ്ഥയിൽ വന്ന ഈ മാറ്റം യഥാർത്ഥ വിശ്വാസികളെ ദുഃഖിപ്പിച്ചു. പൂർവക്രൈസ്തവ പാരമ്പര്യമനുസരിച്ചുള്ള സഭാ വ്യവസ്ഥയിലേക്ക് തിരിച്ചുപോകാൻ യഥാർത്ഥ വിശ്വാസികൾ ആഗ്രഹിച്ചു. എല്ലാ ഭൗതിക വസ്തുക്കളും പൊതുവായതും എല്ലാവരുടേതുമായതും സേവനമല്ലാതെ അധികാരമില്ലാത്തതുമായ പുതിയ ക്രൈസ്തവ സമൂഹങ്ങൾ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും രൂപം കൊള്ളാൻ ആരംഭിച്ചു. എന്നാൽ രാജാധികാര പരിവേഷിതമായ റോമൻ സഭ ഈ പൂർവ സഭാഘടന അംഗീകരിക്കാൻ തയ്യാറായില്ല. സഭ എന്നാൽ സഭാഘടനയാണെന്നും സഭാഘടനയെന്നാൽ ചക്രവർത്തിയുടെ അംഗീകാരമുള്ള അധികാര വ്യവസ്ഥയാണെന്നുമുള്ള നിലപാടിൽ റോമൻ സഭ ഉറച്ചുനിന്നു. പൂർവസഭാ വ്യവസ്ഥയെ കാത്തു സൂക്ഷിക്കാൻ ആഗ്രഹിച്ചിരുന്ന സമൂഹങ്ങളെ ക്രൈസ്തവരായിപോലും അംഗീകരിക്കാൻ അധികാര സഭ തയ്യാറായില്ല.
അവരെ വിശ്വാസത്യാഗികളാണെന്നു പ്രഖ്യാപിച്ചു സഭാധികാരം അവരെ പീഡിപ്പിക്കാൻ ആരംഭിച്ചു. ഒരു കാലത്ത് റോമൻ സാമ്രാജ്യം ക്രൈസ്തവരെ പീഡിപ്പിച്ച അതേ ശൈലിയിലാണ് ''വിശ്വാസത്യാഗികളെ'' അധികാര സഭ പീഡിപ്പിച്ചത് എന്ന് ഓർക്കുക. അധികാര സഭയ്ക്കുള്ളിൽ ക്രിസ്തുവിനെ പിൻ ചെല്ലുന്നവരായി ജീവിക്കണമെന്നുണ്ടെങ്കിൽ മെത്രാന്റെയോ മാർപാപ്പായുടേയോ അനുവാദം ആവശ്യമാണെന്ന് വന്നു ചേർന്നു.
ഇറ്റലിയിൽ ജനിച്ച സെന്റ് ബനഡിക്ട് (ജനനം 480 അ.ഉ.) ആണ് ഔദ്യോഗിക സഭാ ഘടനയ്ക്കുള്ളിൽ ക്രിസ്തുവിനെ പിൻചെല്ലുന്നവർക്കുവേണ്ടി ഒരു സഭാ കൂട്ടായ്മക്ക് രൂപം കൊടുത്തത്. അദ്ദേഹം ഇറ്റലിയിലെ സമ്പന്ന കുടുംബത്തിലെ ഒരു അംഗമായിരുന്നു. ഇത്തരം സഭകൾക്കായി വളരെ കർക്കശമായ നിയമങ്ങൾ നിർമ്മിച്ചത് സെന്റ് ബനഡിക്ടാണെന്നു പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അത് ക്രോഡികരിച്ചത് റോമൻ സഭയിലെ ഔദ്യോഗിക നേതൃത്വമായിരുന്നു. ഈ നിയമം പിന്നീട് വളരെ കർക്കശമാക്കി ഇത്തരം കൂട്ടായ്മകളിൽ നടപ്പിലാക്കി.
ഇത്തരം വേറിട്ട ക്രൈസ്തവ സമൂഹങ്ങൾക്ക് മാർപാപ്പായുടെയോ മെത്രാന്റേയോ അനുവാദമില്ലാതെ നിലനിൽക്കാനാവില്ലെന്നു വന്നു. സഭാ വിരുദ്ധരും വിശ്വാസ ത്യാഗികളുമായി ഇത്തരം സമൂഹങ്ങളെ ചിത്രീകരിച്ച് പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. ഫ്രാൻസീസ് അസ്സീസിയുടെ ജീവ ചരിത്രത്തിൽ ഇങ്ങനെ പറയുന്നു. ''കത്തറി, പത്തറീനി, ആൽബിജെൻസിയസ്, ബെഗോമയിൻസ്, ബുൽഗാർസ,് വാൽഡൈൻസ് മുതലായ അനേകം സഭാ കൂട്ടായ്മകൾ 10-ാം നൂറ്റാണ്ടോടുകൂടി യൂറോപ്പിൽ രൂപം കൊണ്ടു. ഇവരെയെല്ലാം നിർദ്ദയം നശിപ്പിക്കുകയാണ് റോമാ ചെയ്തത്.''(അസ്സീസിയിലെ വി, ഫ്രാൻസിസ്, ലിയോ കപ്പൂച്ചിൻ)
മാർപാപ്പായുടെ അനുവാദമുള്ള സന്ന്യാസ-സന്ന്യാസിനി സഭകൾക്ക് സമ്പന്നന്മാർ ഭൂവിഭാഗവും സമ്പത്തും ദാനമായി നൽകി. ബനഡിക്ടിന്റെ സഹോദരിയായ സ്‌കൊളാസ്റ്റിക്കാ ബനഡിക്ടിനെ പിന്തുടർന്നു എന്നും പറയപ്പെടുന്നു. ബനഡിക്ടിനെ ചുറ്റിപറ്റി അനേകം കഥകൾ പ്രചരിച്ചു. ഒരു ബനഡിക്‌ടൈൻ കൾട്ടുതന്നെ സഭയ്ക്കുള്ളിൽ രൂപം കൊണ്ടു. സന്ന്യാസ സഭകളെ റോമൻ നിയമത്തിനു കീഴിലാക്കിയത് ബനഡിക്ടായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ക്രിസ്തുവിന്റേയും അപ്പസ്‌തോലന്മാരുടെയും ആദിമ സഭയുടെയും പാരമ്പര്യം ഈ സന്ന്യാസഭകളിലൂടെ നിലനിർത്താനാണ് സ്ഥാപകർ ആഗ്രഹിച്ചത്. യഥാർത്ഥത്തിൽ ബനഡിക്ട് നിയമാധിഷ്ഠിതമായ സഭയ്ക്ക് രൂപം കൊടുക്കാൻ ആഗ്രഹിച്ചിരുന്നുവോ എന്ന് സംശയമാണ്. ആദിമ സഭാ കാഴ്ചപ്പാടിൽ എല്ലാവർക്കുമായുള്ള ഒരു സമൂഹമായിരുന്നു ക്രൈസ്തവർ. ആ വ്യവസ്ഥയിലേക്ക് സഭയെ തിരിച്ചുകൊണ്ടുപോകാനാണ് ബനഡിക്ട് ആഗ്രഹിച്ചിരുന്നത്. പക്ഷേ അധികാര സഭയ്ക്കുള്ളിലെ നിയമാധിഷ്ഠിതമായ ഒരു പ്രത്യേക ഘടനയായി സന്ന്യാസസഭകൾ മാറി എന്നു മാത്രം. സന്ന്യാസികൾ എന്ന് അറിയപ്പെട്ടിരുന്ന ഈ വിഭാഗം കാണെക്കാണെ അവരുടെ ദാരിദ്ര്യവും കന്യാവ്രതവും അനുസരണയും ആവൃതിക്കുള്ളിൽ മാത്രമായി ഒതുക്കി. ഈ സഭകൾ മാർപാപ്പായുടെ ഭൗതികാധികാര സംരക്ഷണത്തിനുള്ള ഒരു സംവിധാനത്തിന്റെ ഭാഗമായി തീർന്നു.
12-ാം നൂറ്റാണ്ട് ആയപ്പോഴേക്കും സന്ന്യാസ സഭകളും അധഃപതിക്കാൻ ആരംഭിച്ചു. ക്രമീകൃതം എന്നു ഭാവിച്ചിരുന്ന അവരുടെ ജീവിതം തികച്ചും അക്രൈസ്തവമായിരുന്നു. ഈ അവസരത്തിലാണ് ഫ്രാൻസിസ് അസ്സീസി ക്രിസ്തുവിനെയും ആദിമ സഭയെയും സഭാവ്യവസ്ഥയെയും പിന്തുടരുന്നതിനുവേണ്ടി മുന്നിട്ടിറങ്ങിയത്. കുറെ വിശ്വാസികൾ അസ്സീസിയോടൊപ്പം ചേർന്നു. അവർ നിസ്സാര സഹോദരന്മാർ എന്ന് അറിയപ്പെട്ടു. അവ്യവസ്ഥാപിതമായ ഒരു ഘടനയായിരുന്നു ഫ്രാൻസിസിന്റെ നിസ്സാരസഹോദരന്മാർക്ക് ഉണ്ടായിരുന്നത്. ഇതിനെ അംഗീകരിക്കാൻ മാർപാപ്പായോ മെത്രാനോ തയ്യാറായില്ല. ഫ്രാൻസിസിന്റെ ജീവിത മാതൃക അനേകം ക്രൈസ്തവർക്ക് പ്രചോദനമായിതീർന്നു. ഫ്രാൻസിസിനെ ഇങ്ങനെ കയറൂരി വിടുന്നത് അപകടകരമാണെന്ന് അധികാര സഭയ്ക്ക് തോന്നി. ഫ്രാൻസീസ് അസ്സീസി നഗ്‌നപാദനായി ഒരു വടിമാത്രം ആയുധമായെടുത്ത് വിശുദ്ധ സ്ഥലം സന്ദർശിക്കുന്നതിന് യാത്രപോയി. ഈ അവസരത്തിൽ റോമിലെ അധികാരികൾ ഫ്രാൻസിസ് രൂപം കൊടുത്ത സമൂഹത്തെ ബനഡിക്ടൻ മാതൃകയിൽ ഒരു സന്ന്യാസ സഭയായി പുനർ വിരചിച്ചു.
ഫ്രാൻസിസിന്റെ അനുചരന്മാർ അന്ന് അത് സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ അവരെ മാർപാപ്പാ പാഷാണ്ഡരെന്ന് മുദ്രകുത്തി നശിപ്പിക്കുമായിരുന്നു. പുരുഷന്മാർക്കെന്നതുപോലെ ഏകദേശം ആറാം നൂറ്റാണ്ടോടുകൂടി സ്ത്രീകൾക്കും സന്ന്യാസ ഭവനങ്ങൾ സ്ഥാപിതമായി. പിൽക്കാലത്ത് സന്ന്യാസിനി-സന്ന്യാസ സഭകൾ യൂറോപ്പിൽ സമ്പന്ന സ്ഥാപനങ്ങളായി തുടർന്നു. ക്രിസ്തുവിന്റെ എതിർസാക്ഷ്യവും. കേരളത്തിൽ സന്ന്യാസ സമ്പ്രദായം ആരംഭിച്ചത് 19-ാം നൂറ്റാണ്ടിൽ കർമ്മലീത്ത സന്ന്യാസ സഭയുടെ മത അധിനിവേശകാലത്താണ്.
ഈ അടുത്തയിടെ രണ്ടു കന്യാസ്ത്രീയമ്മമാർ എന്നെ സന്ദർശിക്കുന്നതിന് എത്തി. ''നിങ്ങൾ ആരോടാണ് സന്ന്യാസവും ദാരിദ്ര്യവും അനുസരണയും വാഗ്ദാനം ചെയ്തിരിക്കുന്നത്'' എന്ന് ഞാൻ ചോദിച്ചു. അവർ ഉത്തരം പറഞ്ഞു: ''ഈശോയോട്''. അവരുടെ സന്ന്യാസ വാഗ്ദാനം ഈശോയോടല്ലെന്നും കാനോൻ നിയമമനുസരിച്ചാണെന്നും ഞാൻ പറഞ്ഞപ്പോൾ അവർ അത്ഭുതപ്പെട്ടു.
സന്ന്യാസ ജീവിതത്തെക്കുറിച്ചുളള കാനോൻ 412 1, 2 വകുപ്പുകൾ ഇങ്ങനെ പറയുന്നു: ''1. തങ്ങളുടെ പരമോന്നത ശ്രേഷ്ഠനെന്ന നിലയിൽ എല്ലാ സന്ന്യാസികളും റോമാ മാർപാപ്പായ്ക്കു വിധേയരായിരിക്കുന്നതോടൊപ്പം അനുസരണ വ്രതത്തിന്റെ പേരിൽ അദ്ദേഹത്തെ അനുസരിക്കുന്നതിനു കടപ്പെട്ടിരിക്കുകകൂടി ചെയ്യുന്നു.
2. സന്ന്യാസ സമൂഹങ്ങളുടെ നന്മയും പ്രേഷിതരംഗത്തെ ആവശ്യങ്ങളും കൂടുതൽ മെച്ചമായി സാധിക്കുന്നതിനു വേണ്ടി, സാർവ്വത്രിക സഭയുെടമേലുള്ള തന്റെ പരമാധികാരം ഉപയോഗിച്ച് മാർപാപ്പായ്ക്ക്, പൊതുനന്മയെ മുൻനിർത്തി, സമർപ്പിത സമൂഹങ്ങളെ രൂപതാ മെത്രാന്റെ ഭരണത്തിൽനിന്ന് സ്വതന്ത്രമാക്കി തനിക്കുമാത്രം വിധേയമാക്കുകയോ വേറൊരു സഭാധികാരിക്കു വിധേയമാക്കുകയോ ചെയ്യാവുന്നതാണ്.''
ഇതിൽനിന്നും സന്ന്യാസികൾ വ്രത വാഗ്ദാനം നടത്തുന്നത് ഈശോയോടല്ലെന്നും മാർപ്പാപ്പായോടും മെത്രാനോടുമാണെന്നു വരുന്നു. അങ്ങനെ വരുമ്പോൾ ഇവരുടെ പരമാധികാരി മാർപാപ്പായോ മെത്രാനോ ആണ്. വത്തിക്കാൻ രാഷ്ട്രത്തലവൻ കൂടിയായ റോമൻ മാർപാപ്പായോട് അനുസരണ വ്രതം എടുത്തവരാണ് സന്ന്യാസികൾ എന്നറിയപ്പെടുന്നവരെല്ലാം. തന്മൂലം ഇവർ വത്തിക്കാൻ രാഷ്ട്രത്തലവന്റെ അന്തർദ്ദേശീയ സേനാവ്യൂഹമാണ്.
കേരളത്തിലുള്ള എല്ലാപേർക്കും അറിയാവുന്ന ഒരു വസ്തുതയുണ്ട്. സന്ന്യാസ സഭകൾക്ക് (സ്ത്രീകളുടെയും പുരുഷന്മാരുടെയും) ദാരിദ്ര്യം ഇന്ന് വെള്ളിക്കോലിലെ വെള്ളിപോെലയാണ്. വമ്പിച്ച സ്വത്തിന് ഉടമകളാണ് ഈ സന്ന്യാസ സഭകൾ. ഗവൺമെന്റിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്മാരും ധാരാളമായി ഇന്ന് ഈ സന്ന്യാസ സഭകളിലുണ്ട്. സന്ന്യാസ സഭകൾ ഇന്ന് വലിയ കോർപ്പറേറ്റ് ധന സ്ഥാപനങ്ങളാണ്. ഈ ധന സ്ഥാപനങ്ങളിൽ ''ഉണ്ണാനും ഉടുക്കാനുമുള്ള'' പ്രതിഫലം സ്വീകരിച്ച് ജോലി ചെയ്യുന്നവരാണ് സന്ന്യാസ സഭാംഗങ്ങൾ. ലക്ഷക്കണക്കിന് രൂപ ഓരോ സന്ന്യാസിനി മഠങ്ങളിലേക്കും ഗവൺമെന്റിൽനിന്നും ശമ്പളമായും പെൻഷനായും ലഭിക്കുന്നുണ്ട്. ഇവ അവരുടെ സമ്പത്തു വർദ്ധിപ്പിക്കുകയോ പുതിയ സ്ഥാപനങ്ങൾക്കായി മുതലിറക്കുകയോ ചെയ്യുന്നു. സി.എം.ഐ സഭ ഇന്ന് ഇന്ത്യയിലെ അംബാനിമാരെപ്പോലെ സമ്പന്നമാണ് എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല.
ഇങ്ങനെ സമ്പത്ത് സന്ന്യാസ സഭകളിൽ കുന്നുകൂടുന്നതിനു കാരണം അവിടെ അംഗങ്ങൾക്ക് ''തിന്നാനും കുടിക്കാനും'' ഉള്ളതും ''അല്ലറ ചില്ലറ'' ചെലവുകൾക്കുള്ളതും മാത്രമാണ് ലഭിക്കുക. സഭ സമ്പന്നമാണെങ്കിലും സാധാരണ അംഗങ്ങൾ ദാരിദ്ര്യത്തിൽ കഴിയുന്നു. ഈ സന്ന്യാസ സഭകളിലെ പ്രയോരും മേലധികാരികളും തെരഞ്ഞെടുക്കപ്പെട്ടവരാണെന്നു പറയാമെങ്കിലും മെത്രാന്റെയും റോമിന്റേയും ഇടപെടലിലൂടെയാണ് സന്ന്യാസ സഭകളിൽ അധികാരസ്ഥാനികൾ നിയമിതരാകുന്നത് എന്ന് എല്ലാവർക്കും അറിയാം. മദർ തെരേസയുടെ മരണത്തിനുമുമ്പുതന്നെ ആ സന്ന്യാസിനി സഭയിൽ സുപ്പീരിയറെ നിയമിച്ചത് റോമിൽനിന്നായിരുന്നു.
ഒരു അമ്പത് കൊല്ലം മുമ്പ് രണ്ടോ മൂന്നോ സന്ന്യാസിനി സഭകൾ മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് യൂറോപ്പിൽ കുറ്റിയറ്റുപോയ സന്ന്യാസിനി സഭകൾ എല്ലാം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഠങ്ങൾ സ്ഥാപിച്ചു വരുന്നു. ഇവർക്ക് വൻതുക യൂറോപ്പിൽനിന്നും സംഭാവനയായി ലഭിക്കുന്നുമുണ്ട്. അവിടുത്തെ മഠങ്ങളിൽ അംഗങ്ങളില്ലാത്തതുകൊണ്ട് മഠങ്ങൾ വിറ്റുകൊണ്ടിരിക്കുകയാണ്. അവർക്ക് കേരളം ഒരു പുതിയ മേച്ചിൽപുറമാണ്. സന്ന്യാസ സഭകളുടെ സ്ഥിതിയും ഇതുതന്നെ. വേതനം കൊടുക്കാതെ ജോലി ചെയ്യാൻ തയ്യാറുള്ളവരെയാണ് ദൈവവിളിയിലൂടെ ആകർഷിച്ച് ഈ ശൃംഖലയിലെ അംഗങ്ങളാക്കുന്നത്.
എല്ലാ സന്ന്യാസ-സന്ന്യാസിനി സഭകളിലുംം യുവാക്കന്മാരുടെയും യുവതികളുടെയും സ്വാതന്ത്ര്യം പൂർണമായും സഭാധികാരത്തിന് അടിയറ വെച്ചിരിക്കുകയാണ്. അവർ അവകാശങ്ങളില്ലാത്ത കടമകൾ മാത്രമുള്ള ലോകത്തിലെ ഏക വിഭാഗമാണ്. ഈ സ്വാതന്ത്ര്യ നിഷേധം ഇന്ന് സഭകൾക്കുള്ളിൽ അന്തർസംഘർഷം സൃഷ്ടിക്കുന്നു. സന്ന്യസ-സന്ന്യാസിനി സഭകളിൽ ഇന്നു നിലനിൽക്കുന്ന ഈ ബന്ധനത്തിന്റെ ആഴം മനസ്സിലാക്കാൻ പലപ്പോഴും ക്രൈസ്തവർക്കും പൊതു സമൂഹത്തിനും കഴിയുന്നില്ല. കാരണം സന്ന്യാസിമാരെല്ലാം ക്രിസ്തുവിനുവേണ്ടി എല്ലാം ത്യജിച്ചവരാണ് എന്ന ഒരു പൊയ്മുഖം സഭകൾ സൃഷ്ടിച്ചിട്ടുണ്ട്.
സന്ന്യാസ സഭകളിൽ അംഗങ്ങൾക്ക് ചൊല്ലും ചോറും കൊടുക്കുന്നു. ആ നിലയിൽ സഭാംഗങ്ങളുടെ ഭൗതിക ജീവിതം സുരക്ഷിതമാണ് എന്നു പറയാം. എത്രതന്നെ ആഗ്രഹിച്ചാലും ഈ സുരക്ഷിതത്വത്തിൽനിന്നും പുറത്തുകടക്കാൻ ഉള്ള ആത്മബലം സന്ന്യാസ-സന്ന്യാസിനി സഭാംഗങ്ങൾക്ക് ഇല്ലെന്നുതന്നെ പറയാം.
ദരിദ്ര ക്രൈസ്തവ കുടുംബങ്ങളിൽ പെൺകുട്ടികൾ ഒരു ഭാരമാണ്. കാരണം ഇന്ന് നിലവിലുള്ള സ്ത്രീധന സമ്പ്രദായമാണ്. അതുകൊണ്ട് ഒരു പെൺകുട്ടി മഠത്തിൽപോയാൽ മാതാപിതാക്കന്മാർക്കും സഹോദരന്മാർക്കും അക്കാര്യത്തിൽ സന്തോഷമേ ഉള്ളൂ. ഒരു വലിയ സാമ്പത്തിക ഭാരം ഒഴിഞ്ഞല്ലോ എന്ന് ആശ്വാസവും! സ്വാതന്ത്ര്യം കാംക്ഷിച്ചുകൊണ്ട് ഒരു സന്ന്യാസിനി മഠം വിട്ടിറങ്ങിയാൽ എവിടെ പോകും? ആരാണ് ആശ്രയം? ഈ ചോദ്യം ഇന്ന് സജീവമാണ്.
ഇതിനുംപുറമേ മഠംവിട്ടു പോകുന്നവർക്ക് എതിരെ ജനാഭിപ്രായത്തിന്റെ ഒരു വൻ മതിൽ സഭാധികാരം സൃഷ്ടിച്ചിട്ടുണ്ട്. കന്യാസ്ത്രീ മഠത്തിൽ നിന്നും ഒരാൾ പുറത്തു വന്നാൽ അനേകതരം കള്ളക്കഥകൾ പറഞ്ഞു പരത്തി അവരെ സമൂഹത്തിൽ തേജോവധം ചെയ്യും. സി. ജസ്മിക്കെതിരെ നടത്തിയ അപവാദ പ്രചാരണവും ഞാറയ്ക്കൽ ലിറ്റിൽ ഫ്‌ളവർ കോൺവെന്റിലെ കന്യാസ്ത്രീകൾക്കെതിരെ രൂപത നടത്തുന്ന പോർവിളികളും എല്ലാം ഉദാഹരണങ്ങളാണ്. സഭയ്ക്കുള്ളിലെ അനീതിയോടു പോരാടാൻ തയ്യാറാകുന്ന കന്യാസ്ത്രീകൾക്ക് സമൂഹത്തിൽനിന്നും പിന്തുണ കിട്ടാൻ വിഷമമാണ്. ഉദ്യോഗസ്ഥകളായിരുന്ന കന്യാസ്ത്രീകൾക്ക് തങ്ങളുടെ വസ്ത്രം പോയാലും സമൂഹത്തിൽ ജീവിക്കാൻ കഴിഞ്ഞേക്കാം. അല്ലാത്തവർ അസ്വസ്ഥമനസ്സോടെ സന്ന്യാസിനി മഠങ്ങളിൽ ഞെരിഞ്ഞമരുകയാണ്. കന്യാസ്ത്രീ മഠങ്ങളിൽനിന്നും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനുവേണ്ടി പുറത്തുവരുന്നവരെ സംരക്ഷിക്കാൻ ഇന്ന് ഒരു സംവിധാനവും ഇല്ല.
സന്ന്യാസിനി ഭവനങ്ങളിൽ (സന്ന്യാസ ഭവനങ്ങളിലും) ദീർഘകാലം അടിമപ്പണി ചെയ്യുന്നവരിൽ ആരെങ്കിലും സ്വാതന്ത്ര്യം ആഗ്രഹിച്ച് പുറത്തു കടന്നാൽ അത്രയുംകാലം അവർ സഭയ്ക്കുള്ളിൽ ചെയ്ത കഠിനാദ്ധ്വാനത്തിന് (അടിമപ്പണിക്ക്) പ്രതിഫലം ഒന്നും ചോദിക്കാൻ പാടില്ല എന്നാണ് കാനോൻ നിയമ വ്യവസ്ഥ. (കാനോന 503 1) (ക്രൈസ്തവമായ ഉപവിക്കനുസരിച്ച് അവർക്ക് ജീവിക്കാനുള്ളത് കൊടുക്കണം എന്നു കാനോൻ നിയമത്തിൽ വകുപ്പുണ്ടെങ്കിലും വളരെ അപൂർവമായി മാത്രമേ ഇത് നടപ്പാക്കാറുള്ളൂ. ഈ നീതി സഭാധികാരം നടപ്പാക്കിയില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ ഇന്ന് നിയമങ്ങളില്ല. അല്ലെങ്കിൽ എവിടെ ചോദ്യം ചെയ്യും.)
സി.എം.സി കോൺവെന്റിലെ അംഗമായി 35കൊല്ലക്കാലം പ്രവർത്തിച്ച സി. ടീനയുടെ പ്രശ്‌നം എടുക്കാം. സി. ടീന ഒരു അഡ്വക്കേറ്റാണ്. സി.ടീനയെ സഭയിൽനിന്നും പുറത്താക്കിയതിലൂടെ കാനോൻ നിയമം കാറ്റിൽ പറത്തിയിരിക്കുകയാണ്.
കാനോൻ നിയമത്തിന്റെ ഒരു പ്രത്യേകത സഭയിൽ ഒരു പരമാധികാര രാഷ്ട്രത്തിലെന്നതുപോലെ അവരുടേതായ നിയമ കോടതികളുണ്ട് എന്നുള്ളതാണ്. ആ നിയമ കോടതികളാകട്ടെ ശ്ലൈഹിക സിംഹാസനത്തിന്റെ (മാർപാപ്പാ) അധികാരത്തിൻകീഴിൽ പ്രവർത്തിക്കുന്നു. അവിടെ മനുഷ്യാവകാശത്തിന് യാതൊരു പ്രസക്തിയുമില്ല. 501-ാം കാനോന താഴെ കൊടുക്കുന്നു.
കാനോന 501, 4 : കേസ് കോടതിനടപടി അനുസരിച്ച് കൈകാര്യം ചെയ്യപ്പെടേണ്ടതാണെങ്കിൽ പുറത്താക്കൽ കല്പന സ്ഥിരീകരിച്ച ആളിന്റെ തൊട്ടുമുകളിലുള്ള കോടതി അത് സംബന്ധിച്ച് തീരുമാനിക്കുന്നു. എന്നാൽ പുറത്താക്കൽ കല്പന പുറപ്പെടുവിച്ച അധികാരി ഇക്കാര്യത്തിൽ ശേഖരിച്ച നടപടികൾ അതേ കോടതിക്ക് കൈമാറുകയും അപ്പീൽ കൂടാതെയുള്ള ക്രിമിനൽ വിചാരണയെ സംബന്ധിച്ച കാനോനകൾ അനുസരിച്ച് കേസ് തുടർന്നു നടത്തപ്പെടുകയും വേണം.''
ഇതിൽനിന്നും സഭയ്ക്കുള്ളിലെ കോടതിയാണ് സന്ന്യാസ സഭകൾക്കുള്ളിലെ പ്രശ്‌നങ്ങൾക്ക് ഏക പ്രതിവിധിയെന്ന് സഭ പ്രഖ്യാപിക്കുന്നു. ഇവിടെ എല്ലാം ഭദ്രം!!!
പൗരന്മാരുടെ ബന്ധങ്ങളിലെ അവകാശങ്ങൾ ഇന്ന് നിയന്ത്രിക്കുന്നതും ക്രോഡീകരിക്കുന്നതും രാഷ്ട്രമാണ്. തൊഴിലാളികൾക്ക് ജോലി സുരക്ഷയും ഗ്രാറ്റുവിറ്റിയും പ്രോവിഡന്റ് ഫണ്ടും എല്ലാം ഗവൺമെന്റിന്റെ നിയമമനുസരിച്ചാണ് നടത്തപ്പെടുന്നത്.
ഒരു കന്യാസ്ത്രീ ശമ്പളം വാങ്ങുന്ന ജോലി ചെയ്താൽ അവർ മഠം വിട്ടു പോകുമ്പോൾ അവർ മഠത്തിനു നൽകിയ ശമ്പളത്തിലെ ഒരു ഭാഗം അവർക്ക് അർഹതപ്പെട്ടതാണ് എന്ന നിയമം നിർമിക്കണം.
ഒരാൾ കന്യാസ്ത്രീ മഠത്തിൽ വർഷങ്ങളോളം ജോലി ചെയ്താൽ അവർ മഠം വിട്ടു പുറത്തുവരുമ്പോൾ അവർ ചെയ്ത ജോലിക്ക് ആനുപാതികമായി പ്രതിഫലം നൽകാൻ കന്യാസ്ത്രീ മഠത്തിനു ബാദ്ധ്യതയുണ്ട് എന്ന നിയമം രാഷ്ട്രം നിർമ്മിക്കേണ്ടിയിരിക്കുന്നു.
കന്യാസ്ത്രീമാർ മഠത്തിനു പുറത്തുവന്നാലും ജീവിത സുരക്ഷ നേടാം എന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ കന്യാസ്ത്രീ മഠത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകൂ. പല കന്യാസ്ത്രീയമ്മമാരും കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നതിന്റെ പിമ്പിലുള്ള പ്രധാന പ്രേരണ അവരുടെ ജീവിത സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയാണ്.
No comments:
Post a Comment