CBCI പ്രസിഡന്റ് കർദ്ദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസിന് ഒരു തുറന്ന കത്ത്
ഫാ. സുഭാഷ് ആനന്ദ്, (ഭൂപാൽപുര, രാജസ്ഥാൻ) ഫോൺ-7426830977
[2020 ജൂൺ 11-ന് ലേഖകൻ CBCI പ്രസിഡന്റിന് അയച്ച തുറന്ന കത്തിന്റെ, കഴിഞ്ഞ ലക്കത്തിൽനിന്നുള്ള തുടർച്ച. സ്വന്തം തർജ്ജമ-എഡിറ്റർ]
*
''അപ്പോസ്തലരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പം മുറിക്കലിലും പ്രാർത്ഥനയിലും അവർ മുഴുകിയിരുന്നു. വിശ്വാസം സ്വീകരിച്ചവരെല്ലാം ഒരു സമൂഹമാകുകയും എല്ലാ വസ്തുക്കളും അവർക്ക് പൊതുവായിത്തീരുകയും ചെയ്തു. അവർ തങ്ങളുടെ വസ്തുവകകളും വിഭവങ്ങളും വിറ്റു, ഓരോരുത്തരുടെയും ആവശ്യാനുസരണം എല്ലാവർക്കുമായി പങ്കിടുകയും ചെയ്തു.
*
വർഷങ്ങൾക്കുമുമ്പ്, സഭാസംബന്ധിയായ ചില ചിന്തകൾ ഒരു ചരിത്ര പ്രൊഫസറുമായി ഞാൻ പങ്കുവയ്ക്കുകയായിരുന്നു. എന്റെ ആശയങ്ങളുമായി പൂർണ്ണയോജിപ്പിലായിരുന്നുവെങ്കിലും, അദ്ദേഹം എന്നോട് ഇപ്രകാരമാണു പറഞ്ഞത്: ''സുഭാഷ്, അതിശക്തമായ ഒരു ഭൂകമ്പമുണ്ടായി ഇന്നത്തെ സഭ അതിലുലഞ്ഞുതകർന്ന് നിലംപരിശാകാത്തിടത്തോളം കാലം സഭയിൽ ആശാവഹമായ ഒരു നീക്കവും ഉണ്ടാവുകയില്ല.'' ഇപ്പോഴിതാ, നിരവധി അവകാശവാദങ്ങളുമായി നിലനിന്നിരുന്ന ഒരു സംഘടിതമതത്തിന്റെയും സഹായംകൂടാതെതന്നെ തങ്ങൾക്ക് മികച്ച മനുഷ്യരായിരിക്കുവാൻ കഴിയുമെന്ന് ഈ കോവിഡ് മഹാവ്യാധി ആളുകളെ ബോധ്യപ്പെടുത്തിയിരിക്കുന്നു! യേശുവിനെ പ്രഘോഷിക്കുന്നതിന്റെ ലക്ഷ്യംതന്നെ, മനുഷ്യരെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കുക എന്നതാണ്. സഭയുടെ ഇടയധർമ്മത്തിന്റെ ഉദ്ദേശ്യം മനുഷ്യരെ കത്തോലിക്കരോ ക്രിസ്ത്യാനികളോ ആക്കുകയെന്നതല്ല; മറിച്ച്, അവരെ ആത്മാർത്ഥതയും സേവനോത്സുകതയും വിനയവും മനുഷ്യപ്പറ്റുമുള്ള മികച്ച മനുഷ്യവ്യക്തികളാക്കുക എന്നതാണ്. 2009 ജനുവരിയിൽ ഒരു ആഫ്രിക്കൻ ദൈവശാസ്ത്രജ്ഞൻ പറഞ്ഞത്, 'ആഫ്രിക്കയിൽ മാമോദീസാ മുങ്ങിയ അനേകരുണ്ട്, എന്നാൽ ക്രിസ്ത്യാനികൾ തീരെ കുറവാണ്' എന്നാണ്. ഇവിടെ ഇന്ത്യയിലും സന്ന്യസ്തതും വൈദികരും ബിഷപ്പുമാരുമടക്കം മാമോദീസ മുങ്ങിയ അനേകരുണ്ട്. എന്നാൽ ക്രിസ്ത്യാനികൾ അധികമില്ല. സഭാധികൃതരിൽ ആളുകൾ ഏറെ പ്രതീക്ഷിക്കുന്ന ക്രൈസ്തവമൂല്യങ്ങൾ ഇന്ന് ഭൂരിപക്ഷം വൈദികരിലും ബിഷപ്പുമാരിലും കാണാനില്ലാതായിരിക്കുന്നു. ഇതു പറയുന്നത്, ഇന്ത്യയിലെമ്പാടുംനിന്നായി 14000 പേരെ ഉൾപ്പെടുത്തി നടത്തിയ വിപുലമായ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിൽ ഇങ്ങനെ പറയുന്നു: ''അതുകൊണ്ട് ഒരു വൈദികനിൽ ഏറ്റവും മൂല്യവത്തായി കത്തോലിക്കാസമുദായം കാണുന്ന യോഗ്യതകളൊന്നും ഭൂരിപക്ഷം വൈദികരും മെത്രാന്മാരും പാലിക്കുന്നില്ല എന്ന് യാതൊരു അതിശയോക്തിയും കൂടാതെ പറയാൻ കഴിയും'' (P.Parathazham, Catholic Priests in India: Reflections on a survey, Vidyajyoti Journal of Theological Reflection, 52 (1988), PP.379-389, here P.381). 1998-നുശേഷം കാര്യങ്ങൾ കൂടുതൽ മോശമായിട്ടേയുള്ളു എന്നു ഞാൻ കരുതുന്നു.
ഇന്ത്യയിലെ മഹാഭൂരിപക്ഷം വൈദികരും മെത്രാന്മാരും സഭയിൽ വലുതായ ഒരു മാറ്റവും ആഗ്രഹിക്കാത്തവരാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തെങ്കിലുമൊക്കെ സൗന്ദര്യവർദ്ധക മേക്കപ്പിന് അവർ തയ്യാറാണ്. എന്നാൽ, ആഴത്തിലുള്ള അടിസ്ഥാനമാറ്റങ്ങൾ സഭയിലുണ്ടാകുന്നില്ലെങ്കിൽ, സഭ വിജയകരമായ ഒരു ഉപഭോക്തൃ ബിസിനസ്സായി (ഇീിൗൊലൃ ആൗശെില)ൈ തുടരുകമാത്രം ചെയ്യും. എന്നാലത് യേശുവിന്റെ സമൂഹമായിരിക്കുകയില്ല. നമുക്ക് ലൂക്കാ. എഴുതിയ അപ്പോ. പ്രവർത്തനം 2-ാമദ്ധ്യായം 42-മുതൽ 47-വരെയുള്ള വാക്യങ്ങളിൽ കാണുന്ന പ്രകാരത്തിലള്ള ലാളിത്യത്തിലേക്ക് സഭയെ തിരിച്ചു കൊണ്ടുപോകേണ്ടതുണ്ട്. യേശുവിന്റെ ആദ്യശിഷ്യന്മാർ യഹൂദപശ്ചാത്തലമുള്ളവരായിരുന്നു. അവർക്കുണ്ടായ ആത്മീയാനുഭവത്തേത്തുടർന്നുള്ള അവരുടെ ജീവിതത്തെ ലൂക്കാ വിവരിച്ചിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്:
''അപ്പോസ്തലരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പം മുറിക്കലിലും പ്രാർത്ഥനയിലും അവർ മുഴുകിയിരുന്നു. വിശ്വാസം സ്വീകരിച്ചവരെല്ലാം ഒരു സമൂഹമാകുകയും എല്ലാ വസ്തുക്കളും അവർക്ക് പൊതുവായിത്തീരുകയും ചെയ്തു. അവർ തങ്ങളുടെ വസ്തുവകകളും വിഭവങ്ങളും വിറ്റു, ഓരോരുത്തരുടെയും ആവശ്യാനുസരണം എല്ലാവർക്കുമായി പങ്കിടുകയും ചെയ്തു. അവർ അനുദിനം ദേവാലയത്തിൽ ഒരുമിച്ചു കൂടുകയും വീടുകളിൽ അപ്പം മുറിക്കുകയും ആഹ്ലാദത്തോടും ഉദാരമനസ്സോടുംകൂടി ഭക്ഷണത്തിൽ പങ്കുചേരുകയും ദൈവത്തെ സ്തുതിക്കുകയും സകലജനങ്ങളുടെയും പ്രീതിപാത്രങ്ങളാകുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കർത്താവ് ദിനംപ്രതി അവരുടെ കൂട്ടത്തിലേക്കു ചേർത്തുകൊണ്ടിരുന്നു'' (അപ്പോ. പ്രവ. 2:42-47).
ഈ വിവരണത്തിൽ, നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതും 'കർത്താവിന്റെ മേശയാചരണം (Lords Supper) സംബന്ധിച്ചു മാർഗ്ഗദർശകമാക്കേണ്ടതുമായ ചില പ്രധാന ഘടകങ്ങളുണ്ട്. (1) യേശുവിലുള്ള വിശ്വാസത്തിൽ അവർ ഒരുമിച്ചു ചേർന്നു. (2) അവരുടെ ഒന്നിച്ചു ചേരൽ അഗാധമായ ഒരു കൂട്ടായ്മാബോധത്തിന്റെ പ്രതീകമായിരുന്നു; തങ്ങൾക്കുള്ളത് അവർ പങ്കുവച്ചു; തന്മൂലം, അവരിൽ ദരിദ്രരുണ്ടായിരുന്നില്ല. (3) ഈ ഉദാരമനോഭാവം പ്രാർത്ഥനയിലൂടെ നിലനിന്നു. (4) തങ്ങൾ യഹൂദരാണെന്ന് അവർ വിശ്വസിച്ചു. അവർ ദേവാലയങ്ങളിലെ ആരാധന തുടർന്നു. (5) അവർ ആഹ്ലാദചിത്തരായിരുന്നു. (6) അവരുടെ ജീവിതം ശക്തമായ സാക്ഷ്യമായിരുന്നു. (7) അവർ യേശുവിനെ നിശ്ശബ്ദമായി പ്രഘോഷിച്ചുകൊണ്ട് അവനിലേക്കു മറ്റുള്ളവരെ ആകർഷിച്ചു. (8) 'അപ്പം മുറിക്കൽ' അവരുടെ കൂട്ടായ്മയുടെ സമൂർത്തപ്രകാശനമായി. ആ ഭക്ഷണം പങ്കുവയ്ക്കൽ അവർ തമ്മിലുള്ള പ്രതിബദ്ധതയുടെ പ്രകടനവും അതിന്റെ ആഴപ്പെടലുമായി. പൊതുവെ പറഞ്ഞാൽ, നമ്മുടെ വേദപാഠം, ധർമ്മോപദേശങ്ങൾ, ആരാധനക്രമങ്ങൾ, നിരവധിയായ അനുഷ്ഠാനങ്ങൾ, എണ്ണമറ്റ വഴിപാടുകൾ എന്നിവയെല്ലാംകൊണ്ട് നാം പരാജയപ്പെട്ടിരിക്കുന്നു. നമ്മളും യേശുവിന്റെ ആദ്യശിഷ്യഗണവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. തീർച്ചയായും, നമ്മൾ അതിഭീമമായ ഒരു പരാജയമാണ്.
ഒരു മതം കൂടുതലായി സംഘടിതമാകുന്തോറും, അതിന് വഞ്ചനയെയും അനീതിയെയും അർത്ഥസത്യങ്ങളെയും കൂടുതലായി ആശ്രയിക്കേണ്ടിവരുമെന്ന വസ്തുത എനിക്കു കൂടൂതൽകൂടുതലായി ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനുദാഹരണമായി ഒരു ഉദ്ധരണി ചൂണ്ടിക്കാട്ടാം: ''ബാലലൈംഗികപീഡകനും മയക്കുമരുന്നിന് അടിമയുമായിരുന്ന, 'ലീജിയണറീസ് ഓഫ് ക്രൈസ്റ്റ്' (Legionaries of Christ) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മാർഷ്യൽ മക്കിയേലി(Marcial Maciel)ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അടിപതറാത്ത പിന്തുണ നൽകിയതും, ആ കപടപുരോഹിതനെതിരെയുള്ള വിശ്വാസയോഗ്യമായ തെളിവുകളുടെ പരിശോധന പിടിവാശിയോടെ നിരാകരിച്ചതും ഏറ്റവുമധികം ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു'' (R.Mickens, 'Two Saints of a diverse Church, the tablet, 13 July 2013, pp. 6-7 here p.7a). എന്നിട്ടും ബെനഡിക്ട് 16-ാമൻ മാർപാപ്പാ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ, നിയമങ്ങൾ മറികടന്ന് വിശുദ്ധനായി നാമകരണം ചെയ്തു. അന്ന് ഭൂരിപക്ഷം മെത്രാന്മാരും ജോൺപോൾ രണ്ടാമന്റെ സ്ഥാനാർത്ഥികളായിരുന്നു. ബെനഡിക്ടിന് അവരുടെ പിന്തുണ ആവശ്യമായിരുന്നു.
യേശുവിന്റെ ആദ്യശിഷ്യന്മാരുടെ ലാളിത്യത്തിലേക്കു തിരികെപ്പോകാൻ നമുക്ക് സമയമായിരിക്കുന്നു. എന്റെ നിഷ്‌കളങ്കത ഏറിപ്പോകുന്നുവെന്നു നിങ്ങൾ പറഞ്ഞേക്കാം. എന്നെക്കാൾ എത്രയോ ഏറെ നിഷ്‌കളങ്കനായിരുന്നു യേശു എന്നാണ് ഞാൻ ചിന്തിക്കുന്നത്. ആ നിഷ്‌കളങ്കതയ്ക്ക് അല്പം മയം വരുത്തിയിരുന്നെങ്കിൽ അദ്ദേഹം ക്രൂശിക്കപ്പെടില്ലായിരുന്നു. ഉണർന്നെണീക്കാനും നമ്മുടെ സ്രോതസ്സുകളെക്കുറിച്ച് സത്യസന്ധമായി പഠിക്കാനും ആത്മപരിശോധന നടത്താനും ഇതാ നമുക്ക് സമയമെത്തിയിരിക്കുന്നു. സഭാപ്രബോധനങ്ങൾ നമുക്ക് ചൂണ്ടിക്കാട്ടാനാവില്ല. എന്തുകൊണ്ടെന്നാൽ, അവ മാനുഷികമാണ്. അതുകൊണ്ടുതന്നെ അതിനു തെറ്റു പറ്റാനുള്ള സാധ്യത വളരെയാണ്; കൂടാതെ, അതു മിക്കപ്പോഴും കാലത്തിനു പിറകിലായിരിക്കുകയും ചെയ്യും. യേശു എന്താണ് ഇന്ന് ആവശ്യപ്പെടുന്നത് എന്നതിനാണു പ്രാധാന്യം.
No comments:
Post a Comment