ചര്‍ച്ച് ആക്ട് വിഭാവനം ചെയ്യുന്നത് ക്രൈസ്തവ സഭകളുടെ ഭൗതികസമ്പത്തിന്റെ ഭരണം സുതാര്യമാക്കുക എന്നതുമാത്രമാണ്. എന്നാല്‍ ഇതു നടപ്പിലായാല്‍ കേരളത്തില്‍ വിപ്ലവകരമായ പരിണാമങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. അഭൂതപൂര്‍വ്വമായ അധികാര കൈമാറ്റമുണ്ടാകും. രാഷ്ട്രീയ, സാമൂഹിക ബന്ധങ്ങളില്‍ അര്‍ത്ഥവത്തായ അഴിച്ചുപണികള്‍ നടക്കും. വോട്ടുബാങ്കുകള്‍ തകരും. ഒരു പക്ഷെ ഐക്യകേരളത്തിന്റെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റുകൊണ്ടുവന്ന ഭൂനയബില്ലിനോളം തന്നെ ചരിത്രപ്രാധാന്യവും ആഘാതശേഷിയും ചര്‍ച്ച് ആക്ടിനുണ്ട്.
എന്താണ് ചര്‍ച്ച് ആക്ട്?
ജസ്റ്റീസ് കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഈ നിയമത്തിലെ വ്യവസ്ഥപ്രകാരം, ഓരോ പള്ളിയുടെയും കീഴിലുള്ള (ഇടവക) സഭാംഗങ്ങളെ പത്തോ പതിനഞ്ചോ വാര്‍ഡായി തിരിച്ച്, വോട്ടുചെയ്തു തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ അംഗങ്ങളായുള്ള ട്രസ്റ്റാണ് അതാതു പള്ളിയുടെ സ്ഥാപനങ്ങളും ഭൂസ്വത്തും നോക്കിനടത്തേണ്ടതും സുതാര്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതും.
ആത്മീയവും അനുഷ്ഠാന സംബന്ധവുമായ കാര്യങ്ങളുടെ ചുമതല വൈദികര്‍ക്കാരിയിക്കും. അതിനുവേണ്ട സാമ്പത്തികം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ട്രസ്റ്റു ചെയ്തു കൊടുക്കേണ്ടതാണ്.
ഓരോ രൂപതാസെന്ററിലേക്കും (മെത്രാസനം) അതിന്റെ കീഴിലുള്ള പള്ളികളില്‍നിന്ന് പ്രതിനിധികളെ തെരഞ്ഞെടുത്തയയ്ക്കും. ആ പ്രതിനിധികളുടെ ട്രസ്റ്റാണ്, ഇടവകകളിലേതുപോലെ, രൂപതയുടെ ഭൗതികസമ്പത്തു ഭരിക്കുന്നത്. ആത്മീയകാര്യങ്ങളുടെ തലവന്‍ ബിഷപ്പായിരിക്കും.
കണക്കുകള്‍ എല്ലാം ഓഡിറ്റു ചെയ്യിക്കണം. ഈ കണക്കുകള്‍ പരിശോധിക്കുക എന്ന ഇടപെടീല്‍ മാത്രമെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയുള്ളൂ.
ഇതാണ് ചര്‍ച്ച് ആക്ടിന്റെ സ്പിരിറ്റ്.
ചര്‍ച്ച് ആക്ട് വരുമോ?
ന്യൂനപക്ഷാവകാശം എന്ന തുരുപ്പുചീട്ടിന്റെ പേരില്‍ പല മുന്നനുഭവങ്ങളും ഉള്ളതുകൊണ്ട് ഈ ആക്ട് നടപ്പാകാന്‍ പോകുന്ന കാര്യമാണോ എന്നു സംശയിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യര്‍, ഭരണഘടനയുടെ 26-ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച് ആക്ട് രൂപപ്പെടുത്തിയിരിക്കുന്നത്.
മതസമൂഹങ്ങളുടെ അവകാശങ്ങള്‍ എണ്ണിപ്പറയുന്ന അതേ 26-ാം വകുപ്പുപ്രകാരം, മതസമൂഹങ്ങളുടെ രാഷ്ട്രീയമോ, സാമൂഹികമോ, സാമ്പത്തികമോ ആയ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍വേണ്ട നിയമങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
ചര്‍ച്ച് ആക്ട് അനിവാര്യമാക്കുന്ന അനേകം കാര്യങ്ങളുണ്ട്.
1. ഇന്ത്യയില്‍ മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന നിയമങ്ങളുണ്ട്. ക്രൈസ്തവസമുദായത്തിനു മാത്രം അത്തരം ഒരു നിയമവുമില്ലാത്തത് വിവേചനമാണ്.
ഇതരസമുദായക്കാരോ ക്രൈസ്തവരോ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസുകൊടുത്താല്‍ സുപ്രീ കോടതി തന്നെ നിയമമുണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
2. പുതിയ 'പൗരസ്ത്യകാനോന്‍ നിയമ'പ്രകാരം കേരളത്തിലെ പള്ളികളുടെ എല്ലാ സ്വത്തും മറ്റൊരു രാഷ്ട്രത്തിന്റെ തലവന്‍ കൂടിയായ മാര്‍പ്പാപ്പയുടേതാണ്. നമ്മുടെ ഭരണഘടനയുടെ ലംഘനമാണിത്.
മാര്‍പ്പാപ്പാ നേരിട്ട്, തന്റെ സ്വത്തു ഭരിക്കാന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരാണ് ബിഷപ്പുമാര്‍. അവര്‍ തന്നിഷ്ടപ്രകാരം നിയമം ഉണ്ടാക്കുകയും നടപ്പാക്കുകയും അനുസരിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. ഒരു പരമാധികാര രാഷ്ട്രത്തില്‍ അനുവദിക്കാന്‍ പറ്റാത്ത കാര്യമാണല്ലോ ഇത്?
സഭയുടെ 99.99% വരുന്ന അല്‍മായ വിഭാഗത്തിന് (സഭാംഗങ്ങള്‍) - യഥാര്‍ത്ഥത്തില്‍ സ്വത്ത് ഉണ്ടാക്കിയവര്‍ക്ക് - യാതൊരു അവകാശങ്ങളുമില്ല. പുതിയ, കാനോന്‍നിയമ പ്രകാരം അവരോട് ധനത്തിന്റെ കണക്കു പറയാനും സഭാധികാരത്തിനു ബാധ്യതയില്ല. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇതു ആശാസ്യമായ കാര്യമല്ല. 1991ല്‍ മാര്‍പ്പാപ്പ ഏകപക്ഷീയമായി നടപ്പിലാക്കിയ പൗരസ്ത്യ കാനോന്‍ നിയമത്തിനെതിരെ അക്കാലം മുതല്‍ കേരളത്തിലെ കോടതികളില്‍ കേസും നിലവിലുണ്ട്.
3. മതസമ്പത്തിനെ നിയന്ത്രിക്കുന്ന നിയമങ്ങളില്‍വച്ച് ഏറ്റവും കുറ്റമറ്റതെന്ന് അറിയപ്പെടുന്ന സിക്കുകാരുടെ ഗുരുദ്വാരാ ആക്ടിന്റെ സ്വഭാവത്തിലാണ് ചര്‍ച്ച് ആക്ടും വിഭാവനം ചെയ്തിട്ടുള്ളത്.
അക്കാരണത്താല്‍ ദേവസ്വം ബോര്‍ഡിനെപ്പോലെയോ വക്കഫ് ബോര്‍ഡിനെപ്പോലെയോ അഴിമതിയുണ്ടാകും എന്ന് ചര്‍ച്ച് ആക്ടിനെക്കുറിച്ച് ആര്‍ക്കും പറയാന്‍ കഴിയില്ല.
4. കേരളത്തിലെ ക്രൈസ്തവ സഭയുടെ പഴയപാരമ്പര്യവും പൈതൃകങ്ങളും പുനഃസ്ഥാപിക്കുന്നവിധത്തിലാണ് ചര്‍ച്ച് ആക്ട് രൂപപ്പെടുത്തിയിട്ടുള്ളത്. 1600 കൊല്ലം നിലനിന്ന 'പള്ളിയോഗങ്ങളും' സഭയിലെ ജനാധിപത്യവും, 1599ല്‍ പോര്‍ട്ടുഗീസുകാര്‍ വന്നാണ് ഉദയംപേരൂര്‍ സൂനഹദോസിലൂടെ തകര്‍ത്തുകളഞ്ഞത്.
5. ഓരോ പ്രാദേശിക സഭകള്‍ക്കും അവരുടെ പഴയ ഘടനയിലേക്കും പാരമ്പര്യത്തിലേക്കും തിരിച്ചുപോകാന്‍ സ്വാതന്ത്ര്യവും കടമയുമുണ്ടെന്ന് 2-ാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനമുണ്ട്. കത്തോലിക്കാ സഭകളുടെ പരമോന്നതമായ നിയമകാര്യസമിതിയാണ് സൂനഹദോസ്.
6. ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ (അപ്പസ്‌തോലര്‍) രൂപീകരിച്ച പൗരാണിക സഭയില്‍ തുടങ്ങി, ഭൗതികസമ്പത്തിന്റെ കൈകാര്യത്തില്‍നിന്ന് പുരോഹിതവിഭാഗം വിട്ടുനില്‍ക്കുകയായിരുന്നു. അതെല്ലാം വിശ്വാസികളില്‍നിന്നു തെരഞ്ഞെടുത്ത കര്‍ത്തവ്യന്മാരെ ഏല്പിച്ചിട്ട് ആത്മീയ കാര്യങ്ങളില്‍ മാത്രം പുരോഹിതര്‍ വ്യാപരിച്ചിരുന്നു.
ചര്‍ച്ച് ആക്ടിനെ ആരും എതിര്‍ക്കുന്നില്ല
മേല്‍പറഞ്ഞ പല കാരണങ്ങളാലും സഭാധികാരികള്‍ക്ക് ഈ ആക്ടിനെ പരസ്യമായി എതിര്‍ക്കാന്‍ കഴിയില്ല. പകരം അവര്‍ മറ്റൊരു അടവാണു സ്വീകരിച്ചത്. കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശചെയ്തതും ചര്‍ചച് ആക്ടുമായി ബന്ധമില്ലാത്തതുമായ 'ദയാവധം' 'വിവാഹമോചനം' തുടങ്ങിയ വിഷയങ്ങളുടെ പേരില്‍ അല്‍മായരെക്കൊണ്ടു വിയോജിപ്പുരേഖപ്പെടുത്തുന്ന നിവേദനത്തില്‍ ഒപ്പിടുവിച്ചുവാങ്ങി. ആ നിവേദനത്തില്‍ ചര്‍ച്ച് ആക്ടുംകൂടി - മുഖ്യമായി തന്നെ - അവര്‍ ഉള്‍പ്പെടുത്തിയിരുന്നു.
വളരെ ശ്രദ്ധേയമായ കാര്യം, ചര്‍ച്ച് ആക്ടിനെ നേരിട്ട് ആരും ഇതുവരെ എതിര്‍ത്തിട്ടില്ല എന്നുള്ളതാണ്. സമുദായ പ്രമുഖരോ, സഭാധികാരത്തോടു ചേര്‍ന്നുനില്‍ക്കുന്ന സംഘടനകളോപോലും ചര്‍ച്ച് ആക്ടിനെ എതിര്‍ക്കാത്തത്, പൗരോഹിത്യത്തിന്റെ വിഷപ്പല്ലു പറിയുന്നതില്‍ അവര്‍ക്കും എതിര്‍പ്പില്ലാത്തതുകൊണ്ടാണ് എന്നല്ലേ സൂചിപ്പിക്കുന്നത്?
കച്ചവടവും മരാമത്തു പണികളും ഇഷ്ടപ്പെടാത്ത ഒരുവിഭാഗം പുരോഹിതരും ചര്‍ച്ച് ആക്ടിനെ അനുകൂലിക്കുകയാണ്. ചര്‍ച്ച് ആക്ട് ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന അല്‍മായ സംഘടനകളുടെ മീറ്റിങ്ങുകളില്‍ ചില വൈദികരെങ്കിലും പങ്കെടുക്കുന്നതും അതുകൊണ്ടാണ്.
ചര്‍ച്ച് ആക്ടിന്റെ പ്രസക്തി
ചര്‍ച്ച് ആക്ട്, കേരളത്തിന്റെ പൊതു സമൂഹത്തില്‍കൊണ്ടുവരാവുന്ന വമ്പിച്ച മാറ്റങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകണമെങ്കില്‍ കേരള സമൂഹത്തില്‍ ക്രൈസ്തവ വിഭാഗത്തിനുള്ള സ്വാധീനവും നിര്‍ണ്ണായകത്വവും മനസ്സിലാക്കണം. ''കേരളത്തിന്റെ പരിണാമത്തില്‍ നിര്‍ണ്ണായകമായി ഇടപെട്ട രണ്ടു ശക്തികളുണ്ട്. ഒന്ന് ക്രിസ്ത്യാനിറ്റിയാണ്. മറ്റൊന്നു കമ്മ്യൂണിസവും.....'' സൂഷ്മ നിരീക്ഷകരായ ബുദ്ധിജീവികളൊക്കെ സിവിക്ചന്ദ്രന്റെ ഈ കാഴ്ചപ്പാടിനോടു യോജിക്കാനാണു സാധ്യത.
ഇന്ന്, വിവിധ ക്രൈസ്തവ സഭകള്‍ക്ക് സമ്പത്തിന്റെ ഓരോ സാമ്രാജ്യം തന്നെയുണ്ട്. പള്ളി, അരമന, മഠം, ആശ്രമം, ഇവയുടെ കീഴിലുള്ള, വന്‍കിട എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഭൂസ്വത്ത്, സ്‌കൂള്‍, കോളേജ്, ഹോസ്പിറ്റല്‍, വേറൊരു തലത്തില്‍ നില്ക്കുന്ന എണ്ണമറ്റ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മറ്റു വാടക മന്ദിരങ്ങള്‍, ഇവയുടെയെല്ലാം നടത്തിപ്പിലെ അധികാരമാറ്റമാണ് ചര്‍ച്ച് ആക്ടിലൂടെ വരാന്‍ പോകുന്നത്.
അതോടെ, സ്‌കൂള്‍, കോളേജ് അഡ്മിഷന്‍ അദ്ധ്യാപക നിയമനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവയ്‌ക്കെല്ലാം നിശ്ചിതമായ മാനദണ്ഡങ്ങളും സുതാര്യമായ കണക്കുകളും ഉണ്ടാകും. ലാഭക്കൊതിയും ധൂര്‍ത്തുമില്ലാത്ത സാധാരണക്കാരുടെ മേല്‍നോട്ടമാണ് ഇവിടെല്ലാം പുതുതായി വരുന്നത് എന്ന കാര്യമാണ് പ്രധാനം.
വിദ്യാര്‍ത്ഥികളുടെ ഫീസു കുറയും. രോഗികളുടെ ബില്ലു കുറയും. വൈദികരും കന്യാസ്ത്രീകളും കുത്തകയാക്കിയ ഉദ്യോഗങ്ങള്‍, യോഗ്യരായ കുടുംബജീവികള്‍ക്കു കിട്ടും.
ഒരു പക്ഷേ, സഭാധികാരികള്‍ക്കു പോലും കൃത്യമായി എണ്ണമറിയാത്തത്ര സ്വാശ്രയസ്‌കൂളുകളിലെ ആയിരക്കണക്കായ അദ്ധ്യാപക യുവതീയുവാക്കള്‍ക്കു ന്യായമായ ശമ്പളം ലഭിക്കും. തുണിക്കടയില്‍ ജോലിക്കു നില്ക്കുന്ന പെണ്‍കുട്ടികള്‍ക്കു കിട്ടുന്നത്ര നിസ്സാരമായ തുകയാണ് ഇപ്പോഴവര്‍ക്കു കിട്ടുന്നത്.കുട്ടികളില്‍നിന്നു മുടിഞ്ഞ ഫീസു വാങ്ങിക്കുന്ന പേരെടുത്ത സി.ബി.എസ്.സി സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ബിരുദാനന്തരബിരുദമുള്ള അദ്ധ്യാപകരുടെ കാര്യമാണ് ഈ പറയുന്നത് !
ഇവയോടൊപ്പം മേല്‍പറഞ്ഞ എണ്ണമറ്റ സ്ഥാപനങ്ങളിലെ പുതിയ നടത്തിപ്പുകാര്‍, വിവിധ ജാതിമതസ്ഥരായ മറ്റുള്ളവരോടും, മറ്റുള്ളവര്‍ അവരോടും ഇടപെടുന്ന രീതികള്‍, വിദ്യാര്‍ത്ഥികള്‍ക്കു കിട്ടുന്ന പുതിയ നീതിബോധവും സംസ്‌കാരവും എല്ലാം ചേര്‍ന്ന് സമൂഹത്തില്‍ ഗുണപരമായ മാറ്റത്തിന്റെ കാറ്റും വെളിച്ചവും കൊണ്ടുവരും. ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ അതു പടര്‍ന്നുകയറും.
ക്രൈസ്തവ സ്വാധീനവും ദുഃസ്വാധീനവും
ക്രൈസ്തവ സമൂഹത്തിനുള്ളിലുണ്ടാകുന്ന ഓരോ സാത്വികപരിണാമവും ഇതര സമൂഹങ്ങള്‍ക്ക് ആശ്വാസമാകും. ബിഷപ്പുമാരുടെ സ്ഥാപനങ്ങളുടെ പ്രൗഢിക്ക് ഒപ്പം നില്ക്കാനായി ഇതരസമുദായസ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും പാടുപെടുന്നത് എവിടെയും കാണാവുന്ന കാഴ്ചയാണ്. സാധാരണക്കാര്‍ക്കു കടന്നുചെല്ലാന്‍ പേടിയും അപകര്‍ഷതയും തോന്നുന്ന കോളേജുകെട്ടിടങ്ങളുടെയും പഞ്ചനക്ഷത്ര നിലവാരമുള്ള വ്യാപാരസ്ഥാപനങ്ങളുടെയും നിര്‍മ്മിതിക്കും, പ്രകൃതിയുടെയും പരിസ്ഥിതിയുടെയും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കും ഉള്ള അറുതികൂടിയായിരിക്കും ചര്‍ച്ച് ആക്ട് കൊണ്ടുവരുന്നത്.
വിദേശമിഷണറിമാരുടെ കാലത്ത്, സ്‌കൂളുകള്‍ സ്ഥാപിക്കുക, സാക്ഷരത നേടുക, പിന്നീടതിനെ കച്ചവടവല്ക്കരിക്കുക, കാടുവെട്ടിത്തെളിച്ചു കൃഷി, വിദേശജോലി, നഴ്‌സിംഗിന്റെ സാധ്യതകള്‍, ശാസ്ത്രീയമായ റബ്ബര്‍ കൃഷി ഇങ്ങനെ പല മേഖലകളിലും ഇതര സമുദായങ്ങള്‍ക്ക് ക്രൈസ്തവര്‍ നല്ലതും അത്ര നല്ലതല്ലാത്തതുമായ മാതൃകകളായിരുന്നല്ലോ മുന്‍കാലങ്ങളില്‍.
പ്രതീക്ഷയുടെ ആരവം
വിവിധസഭാവിഭാഗങ്ങളിലെ 13 അല്‍മായ സംഘടനകള്‍ ചേര്‍ന്ന് ജോയിന്റ് കൗണ്‍സിലുണ്ടാക്കി, ചര്‍ച്ച് ആക്ടിന്റെ സാക്ഷാത്ക്കാരത്തിനായി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രാദേശിക യോഗങ്ങള്‍, പോസ്റ്ററിംഗ് തുടങ്ങിയ പല ഘട്ടങ്ങളും താണ്ടി. ഒന്നുരണ്ടു വന്‍ സമ്മേളനങ്ങളും 'അല്‍മായ അവകാശപ്രഖ്യാപന'ങ്ങളും നടത്തി. 'ചര്‍ച്ച് ആക്ട് നടപ്പിലാക്കു' മെന്ന് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിക്കേ വോട്ടു ചെയ്യൂ എന്ന പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് അല്‍മായര്‍.
യു.ഡി.എഫ്., എല്‍.ഡി.എഫ്. ഭേദമില്ലാതെ ഏതു ഗവണ്‍മെന്റു വന്നാലും ചര്‍ച്ച് ആക്ട് നടപ്പിലാക്കാതെ ഏറെ നാള്‍ മുന്നോട്ടു പോകാനാകില്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. കാലത്തിന്റെ ഒരു ഇടപെടല്‍ കൂടി ചര്‍ച്ച് ആക്ടിലുണ്ടെന്നു തോന്നുന്നു. പരിഷ്‌കൃതസമൂഹങ്ങള്‍ തിരസ്‌കരിച്ചതും ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകേണ്ടതുമായ പ്രാകൃതമായ ഒരു സ്വേച്ഛാഭരണമാണ് ഇക്കാലത്തും ക്രിസ്തുവിന്റെ സഭകളിലുള്ളത്, എന്നതുതന്നെയാണ് അതിനു കാരണം.
സാക്ഷാത്ക്കാരം
സഭാനവീകരണ രംഗത്തെ പടനായകനായ ജോസഫ് പുലിക്കുന്നേലും അദ്ദേഹത്തോട് ഒപ്പം നിന്ന് ജസ്റ്റീസ് കെ.റ്റി. തോമസ്, പ്രൊഫ. എന്‍.എം. ജോസഫ്, ഡോ.എം.പി. പൈലി, തുടങ്ങിയവരെല്ലാം ഏറെ നാളായി ആവശ്യപ്പെട്ടിരുന്നതാണ്.നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ആക്ട്' പോലൊരു നിയമം. പുലിക്കുന്നേല്‍ പറയുന്നു, ''ഇനി എനിക്കു തിടുക്കമില്ല. അല്പം വൈകിയാല്‍ തന്നെ, ചര്‍ച്ച് ആക്ട് നിയമമാകാതിരിക്കാന്‍ പറ്റില്ല....!''
സ്വാശ്രയ മെഡിക്കല്‍ -എഞ്ചിനീയറിംഗ് പ്രവേശനകാലത്ത് കടുത്തവിശ്വാസികളായ മാതാപിതാക്കള്‍ പോലും മെത്രാന്മാരുടെ തനിനിറമറിയുകയും അവരെ ശപിക്കുകയും ചെയ്യുന്നതു കേള്‍ക്കാം. എന്നാല്‍ പെട്ടെന്നു തന്നെ അതെല്ലാം അവര്‍ മറക്കുകയും ദൈനംദിന ജീവിതത്തില്‍ തലപൂഴ്ത്തുകയും ചെയ്യുന്നു.തങ്ങള്‍ നിസ്സഹായരാണ് എന്ന ധാരണയാണിതിന്റെ കാരണം.വിദ്യാഭ്യാസമേഖലയാകെ കൈയ്യടക്കി വച്ചിരിക്കുന്ന മെത്രാന്മാര്‍ കേരളത്തിന്റെ പൊതുസമൂഹത്തിനുതന്നെ ഭീഷണിയാണ്.മുസ്ലീം എജ്യുക്കേഷന്‍ സൊസൈറ്റി നേതാക്കളുള്‍പ്പെടെയുള്ള സമുദായനേതാക്കളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇതു പറഞ്ഞു വിലപിച്ചിട്ടുള്ളതുമാണ്. പക്ഷേ ക്രൈസ്തവസഭാധികാരത്തിന്റെയും മെത്രാന്മാരുടെയും രാക്ഷസീയമായ വളര്‍ച്ചയും സ്വാധീനവും വര്‍ദ്ധിക്കുകയാണ്. 'ദുഷ്ടന്മാര്‍ പനപോലെ വളര്‍ത്തപ്പെടും' എന്ന പടുന്യായമല്ലാതെ മറ്റൊന്നും ഇതിന് പറയാനില്ല!ഈ ദുഷ്ടശക്തിയുടെ തലയ്ക്കുമുകളില്‍ തൂങ്ങുന്ന വാളാണ് ചര്‍ച്ച് ആക്ട്.
ചര്‍ച്ച് ആക്ട് നിയമമാക്കാന്‍ ഗവണ്‍മെന്റിനെയും രാഷ്ട്രീയപാര്‍ട്ടികളെയും പ്രേരിപ്പിക്കുകയും നിര്‍ബന്ധിതരാക്കുകയുമാണ് സാമൂഹ്യബോധമുള്ള കേരളീയരുടെ അടിയന്തിരമായ കടമ.മുല്ലപ്പെരിയാര്‍ പ്രശ്‌നം പോലെ തന്നെ ഗുരുതരമായതും അടിയന്തിരമായി പരിഹരിക്കേണ്ടതും കേരളീയര്‍ ഒന്നാകെ നേരിടുന്നതുമായ ഒരു വിപത്താണ് മെത്രാന്മാര്‍ പൊതുസമൂഹത്തിന്റെ മേല്‍ നടത്തുന്ന തേര്‍വാഴ്ച.
ജോണി ജെ. പ്ലാത്തോട്ടം
Ph: 944 620 3858