Translate

Thursday, January 19, 2012

പ്രതിഷേധയോഗം – റിപ്പോര്ട്ട് ‌


സഭാപരമായ മൃതസംസ്‌ക്കാരം നിഷേധിച്ചതിനെതിരെ പ്രതിഷേധയോഗത്തില്‍ ജനരോഷമിരമ്പി

പരേതനായ ശ്രീ കുട്ടപ്പന്‍ 
പാലാ രൂപതയുടെ കീഴില്‍ രാമപുരം ഫൊറോന പരിധിയില്‍ വരുന്ന മാനത്തൂര്‍ പള്ളിയില്‍ ജനുവരി ആറാം തിയതി നടന്ന ശവസംസ്‌കാരത്തില്‍ സഭാശുശ്രൂഷ നല്‍കാന്‍ വിസമ്മതിച്ച പള്ളിവികാരി മൈക്കിള്‍ നരിക്കാട്ടിനെതിരെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ജനരോഷം ആളിക്കത്തി.

കല്ലുവെട്ടത്ത് ശ്രീ കുട്ടപ്പന്‍ (തോമസ് വര്‍ക്കി, 58) എന്ന സാധുവും നിര്‍ദ്ദോഷിയുമായ വിശ്വാസിയുടെ മൃതദേഹത്തോടാണ്  വികാരി മനുഷ്യത്വരഹിതമായി പെരുമാറിയത്. ഇടവകക്കാരായ ഇരുന്നൂറ്റന്‍പതിലേറെ ആളുകള്‍ പങ്കെടുത്ത യോഗമാണ് നടന്നത്. ഇതില്‍നിന്നുതന്നെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു എന്ന് വ്യക്തമാണ്.

കുടുംബവിവരങ്ങള്‍ നല്‍കാനായി പള്ളിയില്‍നിന്നും ഏല്‍പ്പിച്ച കമ്പ്യൂട്ടര്‍ ഫോറം, എഴുത്തും വായനയും അറിയാത്ത കുട്ടപ്പന്‍ പൂരിപ്പിച്ചു നല്‍കിയില്ലെന്ന നിസാരകാരണം പറഞ്ഞാണ് വികാരി ഈ പ്രശ്‌നമത്രയും ഉണ്ടാക്കിയത്. പരേതന്റെ  ഭാര്യയും സഹോദരനും അപേക്ഷിച്ചിട്ടും വഴങ്ങാതിരുന്ന വികാരിയോട് ഇടവക പള്ളിക്കമ്മിറ്റിയംഗങ്ങള്‍, കൈക്കാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടിട്ടും തന്റെ നിലപാടില്‍ നിന്നു മാറാന്‍ ടി വികാരി തയ്യാറായില്ല. മൃതദേഹം പ്രവേശിപ്പിക്കാതിരിക്കാന്‍ പള്ളിയും സെമിത്തേരിയും  പൂട്ടിയിടുകവരെ ചെയ്തു. ഒടുവില്‍ മൃതദേഹം പള്ളിവരാന്തയില്‍ വെച്ചിട്ടു പോകുമെന്ന സ്ഥിതി വന്നപ്പോള്‍ സെമിത്തേരി തുറന്നു കൊടുത്തു. പക്ഷെ, അപ്പോഴും കര്‍മങ്ങള്‍ ചെയ്യാന്‍ വികാരി തയ്യറായില്ല. ഇടവകയിലെ മുതിര്‍ന്ന വിശ്വാസികളില്‍ ഒരാളായ ശ്രീ മണിമല മത്തച്ചന്‍ പ്രാര്‍ഥനചൊല്ലി അടക്കുകയാണുണ്ടായത്. വമ്പിച്ച ഒരു ജനക്കൂട്ടം ഇതിനെല്ലാം സക്ഷ്യംവഹിച്ചുകൊണ്ട്  സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തു.

ടി വികാരിയുടെ പ്രസംഗവും ഇടപെടലും വിശ്വാസികള്‍ക്ക് അസഹ്യമായിട്ട് നാളുകളേറെയായി. മെത്രാനോട് പരാതിപ്പെട്ടിട്ടും പ്രയോജനമില്ലാതായ സാഹചര്യത്തിലാണ് പ്രത്യക്ഷപ്രതിഷേധത്തിലേയ്ക്കു ജനങ്ങള്‍ നീങ്ങിയത്. ഇടവകക്കാര്‍ ഒന്നടങ്കം കടുത്ത പ്രതിഷേധത്തിലാണ്. ഈ പുരോഹിതന്റെ ഇടപെടല്‍മൂലം മുന്‍പ് പല അനിഷ്ടസംഭവങ്ങളും ഈ ഇടവകയില്‍ മാത്രമല്ല വികാരിയായിരുന്ന ഇടവകകളിലെല്ലാം ഉണ്ടായിട്ടുണ്ട്.

രൂപതയില്‍ത്തന്നെ നല്ലൊരു പങ്ക് വൈദികര്‍ ടി പുരോഹിതന്റെ ചെയ്തികളില്‍ അസംതൃപ്തരാണ്. എന്നിട്ടും ടിയാനെ സംരക്ഷിക്കുന്ന നിലപാടാണ് മെത്രാന്‍ സ്വീകരിക്കുന്നത്. മെത്രാന്റെ സ്വന്തം ഇടവകക്കാരനും സഹപാഠിയുമാണ് ടിയാന്‍ എന്നതാണത്രെ കാരണം. അതിന് ഇയാളെ തങ്ങള്‍ സഹിക്കേണ്ട  കാര്യമുണ്ടോ എന്നാണ് ഇടവകക്കാര്‍ ചോദിക്കുന്നത്. മാനത്തൂര്‍ പള്ളി പണിയാന്‍ സ്വന്തം നെറ്റിയിലെ വിയര്‍പ്പൊഴുക്കിയ കല്ലുവെട്ടത്തു വര്‍ക്കിയുടെ മകന് അന്ത്യവീശ്രമത്തിന് ഇടം നല്‍കാന്‍ വികാരിയുടെ ഔദാര്യം അവശ്യമില്ലെന്ന് ഓര്‍ക്കണമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിരന്തരം പരാജയപ്പെടുന്ന ടിയാനെ ഇടവക ഭരണത്തില്‍ നിന്ന് ഒഴിവാക്കി വിശ്രമജീവിതത്തിന് അയക്കണമെന്നും, ചെയ്ത തെറ്റിനു പ്രായശ്ചിത്തവും മാനനഷ്ടത്തിന് ഉചിതമായ നഷ്ടപരിഹാരവും ചെയ്ത് പ്രശ്‌നം പരിഹരിക്കപ്പെടണമെന്നുമാണ് സംഘടനയുടെയും വിശ്വാസികളുടെയും പൊതുനിലപാട്.

യോഗസ്ഥലം അനുവദിക്കാമെന്നു സമ്മതിച്ചിരുന്ന കടയുടമയെ സ്വാധീനിച്ചതിനെത്തുടര്‍ന്ന് യോഗസമയമായപ്പോള്‍ അദ്ദേഹം പിന്മാറി. അതേത്തുടര്‍ന്ന് പെട്ടെന്നു മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വന്നെങ്കിലും ജനങ്ങളുടെ സഹകരണം കൊണ്ട് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.


ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ വര്‍ക്കിങ്ങ് പ്രസിഡന്റ് ശ്രീ. ജോസഫ് വെളിവില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എങ്ങനെയാണ് അഭയക്കേസ് 20 വര്‍ഷമായി വിചാരണപോലും തുടങ്ങാതെ നീട്ടിക്കൊണ്ട് പോകാന്‍ കഴിയുന്നത്?  എങ്ങനെയാണ് സമര്‍ഥരായ പുരോഹിതരുണ്ടാകുന്ന കുടുംബത്തിനു അവിശ്വസനീയ സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതെന്നു അദ്ദേഹം ചോദിച്ചു. പള്ളിനിയമം നടപ്പാക്കി വിശ്വാസികള്‍ക്ക് സാമ്പത്തിക രണാധികാരം വിട്ടുനല്‍കുന്നത് സുതാര്യതയ്ക്കും  പുരോഹിതരുടെ അന്തസിനും സയുടെ നിലനില്‍പിനും നല്ലതാണ്. അപ്പോള്‍ അഴിമതിയും അധികാരഗര്‍വും സഭാധികാരികളില്‍ നിന്നൊഴിവാകും. വിവാഹം, ശവസംസ്‌ക്കാരച്ചടങ്ങുകള്‍ എന്നിവയില്‍ ഇത്തരം മനുഷ്യത്വരഹിതനിലപാടുകള്‍ തനിയെ അവസാനിക്കും എന്നും ശ്രീ ജോസഫ് വെളിവില്‍ ചൂണ്ടിക്കാണിച്ചു.

പോപ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ വികലാംഗനായ ശ്രീ വക്കച്ചന്‍ ചെലവന അദ്ദേഹത്തില്‍ നിന്നും കുര്‍ബാന സ്വീകരിച്ചതാണ്. സഹോദരനോടൊപ്പമാണ് വക്കച്ചന്‍ കഴിഞ്ഞിരുന്നത്. സഹോദരനാകട്ടെ കടുത്ത ഈശ്വരവിശ്വാസിയും ബൈബിള്‍ പണ്ഡിതനും. വിഗ്രഹാരാധന തെറ്റായതിനാല്‍ ബൈബിള്‍ മാത്രമാണ് അദ്ദേഹം വീട്ടില്‍ പ്രതിഷ്ഠിച്ചി രുന്നത്.  വീടു സന്ദര്‍ശിച്ച വികാരി റവ. ജോഫി കൂട്ടുമ്മല്‍ (മഴനൃത്തം ഫെയിം!) ഇനി താന്‍ വരുമ്പോള്‍ ബൈബിള്‍ മാറ്റി തിരുക്കുടുംബത്തിന്റെയും  മറ്റും രൂപങ്ങള്‍ വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാം പ്രമാണത്തിന്റെ ലംഘനമാണെന്നതിനാല്‍ അദ്ദേഹം ആവശ്യം നടപ്പാക്കിയില്ല. അങ്ങനെയിരിക്കെ വക്കച്ചന്‍ മരിച്ചു. വികാരി ചരമശുശ്രൂഷ നല്‍കിയില്ല; മൃതദേഹം സെമിത്തേരിയില്‍ അടക്കിച്ചില്ല. വക്കച്ചന് പഞ്ചായത്തു പൊതുശ്മശാനം അന്ത്യവിശ്രമസ്ഥാനമൊരുക്കി. ഇതറിഞ്ഞ ശ്രീ ജോസഫ് വെളിവില്‍ വക്കച്ചന്റെ വീട്ടുകാരുമായി ബണ്ഡപ്പെട്ടു; കേസു കൊടുത്തു. വികാരിയും മെത്രാനും ആവതു കള്ളത്തരങ്ങള്‍ പറയുകയും രേഖകളില്‍ തിരിമറി നടത്തുകയും ചെയ്തു. എന്നാല്‍ കോടതി അവ കള്ളമാണെന്നു കണ്ട്  വാദി ആവശ്യപ്പെട്ട 50000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും ശിക്ഷിച്ചു. മാത്രമല്ല മൃതദേഹം മാന്തിയെടുത്ത് സഭാശുശ്രൂഷകളോടെ അതേ പുരോഹിതനുതന്നെ തിരികെ സെമിത്തേരിയില്‍ അടക്കേണ്ടിയും വന്നു അദേഹം വിവരിച്ചു.

തൃശൂരില്‍ ഒരു സമാനസംവമുണ്ടായി; മൃതദേഹം പൊതുശ്മശാനത്തില്‍ അടക്കം ചെയ്തു. ഇതറിഞ്ഞ കേരള കാത്തലിക് ഫെഡറേഷന്റെ നേതാക്കളായ ശ്രീ ജോയി പോള്‍ പുതുശേരിയും വി.കെ. ജോയിയും കൂടി വീട്ടുകാരെ സന്ദര്‍ശിച്ച് കേസിനു പ്രേരിപ്പിച്ചെങ്കിലും ഭയവും സ്ത്രീകളുടെ പുരോഹിതവിധേയനിലപാടും മൂലം പിന്തിരിയേണ്ടിവന്നതും ജോയി പോള്‍ പുതുശേരി ചൂണ്ടിക്കാണിച്ചു. വിശ്വാസികളുടെ ഭയവും അടിമനിലപാടും പുരോഹിതരെ കൂടുതല്‍ ധാര്‍ഷ്ട്യക്കാരാക്കുന്നു എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

പുരോഹിതന്‍ എന്നത് പള്ളി, പാരിഷ് ഹാള്‍, സ്‌കൂള്‍, കോളെജ് എന്നിവ പണിയാനുള്ള കോണ്‍ട്രാക്ടറോ മേസ്തിരിയോ ഷോപ്പിങ്ങ് കോംപ്ലെക്‌സുകള്‍ നടത്താനുള്ള കോര്‍പ്പറേറ്റു മേധാവിയൊ അല്ലെന്നും വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ നടത്തിക്കൊടുക്കാനുള്ള ഇടവക ശൂശ്രൂഷിയാണെന്നും പുരോഹിതര്‍ മറന്നു പോകുന്നതാണ് നേതൃത്വത്തിനു ക്രിസ്തീയത നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും പോള്‍സണ്‍ കൈപ്പമംഗലം ചൂണ്ടിക്കാണിച്ചു. മരാമത്തു പണിയ്ക്ക് സമര്‍ഥരായ, അതിനായി പ്രത്യേകം പരിശീലനം നേടിയ വിശ്വാസികള്‍ സയ്ക്കുണ്ട്. പിന്നെന്തിനാണ് സ്വന്തം കടമ അവഗണിച്ചും പുരോഹിതന്‍ ഇത്ര കഷ്ടപ്പെടുന്നത്? എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ഇവരെ ജനം ബഹുമാനിക്കുന്നത് ഭയം കൊണ്ടാണ്. ഇവര്‍ കല്യാണം മുടക്കികളും ശവത്തിനു വില പേശുന്നവരുമാണ്  അദ്ദേഹം തുടര്‍ന്നു.

നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ അധ്വാനിച്ചുണ്ടാക്കിയ പള്ളിയും പള്ളിസ്വത്തുക്കളും പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ മെത്രാനെഴുതിയ  കത്തില്‍ പറഞ്ഞതുപോലെമെത്രാന്റെയോ കത്തനാരുടെയോ തന്തമാരുടേതല്ലെന്നു” പറയാന്‍ സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രൊഫ. ജോസഫ് വര്‍ഗീസ് പറഞ്ഞു. പുരോഹിതശാപം വേണ്ടതിലേറെ ഏറ്റ അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ധാരാളമായ അനുഗ്രഹം ചൊരിഞ്ഞിട്ടുണ്ടെന്നും എറ്റവും വലിയ ഉദാഹരണം ബംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ രക്ഷപെടില്ലെന്നു പറഞ്ഞ സ്വന്തം മകളെ മരണത്തില്‍ നിന്ന് ദൈവം രക്ഷിച്ചതാണെന്നും അദ്ദേഹം അനുസ്മരിച്ചു.

പുരോഹിതരുടെ അക്രൈസ്തവ നിലപാടുകളും പ്രത്യേകിച്ച് മൈക്കിള്‍ നരിക്കാട്ട് കത്തനാരുടെ ഞായറാഴ്ച പ്രസംഗത്തിലെ ഹീനമായ ശാപവും  പരാമര്‍ശങ്ങളും ശ്രീ. ജോസ് കണ്ടത്തില്‍ അക്കമിട്ടു നിരത്തി. ഹോമിയോ ആശുപത്രിക്ക് നല്‍കാമെന്നു പള്ളി സമ്മതിച്ചിരുന്ന സ്ഥലം നല്‍കാത്തത്, മറ്റു മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കുന്നത്, അവരോട് ശത്രുതയോടെ പെരുമാറുന്നത്, വിവാഹം, ശവസംസ്‌ക്കാരമെന്നീ ചടങ്ങുകള്‍ക്ക് പലതവണ തടസം നിന്നത്, ശവംതീനിയെന്ന പേരു ലഭിച്ചത് തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. ആദ്യകുര്‍ബന സ്വീകരിച്ചില്ലെന്ന കാരണം പറഞ്ഞ് മഞ്ഞപ്പിത്തം വന്നു മരിച്ച അഞ്ചുവയസുകാരനായിരുന്ന സ്വന്തം സഹോദരനെ തെമ്മാടിക്കുഴിയിലടക്കിയ പുരോഹിതക്രൂരത അദ്ദേഹം ചൂണ്ടിക്കാണിച്ചത് ശ്രോതാക്കളെ പിടിച്ചുലച്ചു. 

ടോമി നെടുംകുന്നേല്‍, കേസു നടത്തിപ്പിനാവശ്യമായ ഫണ്ട് നാട്ടുകാരുടെ സഹകരണത്തോടെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട്  ഫണ്ടിന്റെ ആദ്യഗഡു നല്‍കി.

ശ്രീ. ജെയിംസ് പാമ്പയ്ക്കല്‍ പുരോഹിതരുടെ കൊള്ളരുതായ്മകള്‍ കാരണം വിശ്വാസികള്‍ക്ക് തലയുയര്‍ത്തി നടാക്കാനാകാത്ത അവസ്ഥയുണ്ടായിരിക്കുന്നത് അഭയക്കേസിന്റെയും മറ്റും പശ്ചാത്തലത്തില്‍  ബൈബിള്‍ ഉദ്ധരണികളോടെ ചൂണ്ടിക്കാണിച്ചു.

കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം സെക്രട്ടറി ജോര്‍ജ് മൂലേച്ചാലില്‍,ഭാധികാരികളുടെ അക്രൈസ്തവ നിലപാടുകള്‍ക്കും നീതിനിഷേധത്തിനും എതിരെ വിശ്വാസികള്‍ക്കുവേണ്ടി നിലകൊള്ളുകയും ആവശ്യമായ പ്രചരണ ബോധവത്ക്കരണ നിയമപോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് കേരള കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനവും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലുമെന്ന് പറഞ്ഞുകൊണ്ട് അതിന്റെ നേതാക്കളെ പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. ട്രഷററായ ഷാജു തറപ്പേല്‍ വിശ്വാസികളുടെ സംഘടിത ചെറുത്തു നില്‍പു വഴി മാത്രമെ ഇത്തരം ദുഷ്പ്രവണതകളെ തടയാന്‍ കഴിയൂ എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട്  എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

2 comments:

  1. നിക്രുഷ്ടരായ ഈ പുരോഹിതര്‍ തീര്‍ച്ചയായും പ്രതികരണം അര്‍ഹിക്കുന്നു...ശക്തമായ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു പ്രതികരണം..

    ReplyDelete
  2. a legal action is awaited to punish the adamant priests and bishop. They haven't learned from the V.K.Kurian (Kuravilangad) Case. So believers should be more vigilant in such atrocities and injustice against the believers. Because without believers no chuch; no priests; no bishop. The believers should identify and mark their position themselves in the Church.

    ReplyDelete