സത്യജ്വാല 2016 ഒക്ടോബര്‍ ലക്കത്തിലെ എഡിറ്റോറിയല്‍
ജോര്‍ജ് മൂലേച്ചാലില്‍
തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന'
എന്ന
തന്റെ ലേഖനത്തില്‍, ''ഊട്ടുനേര്‍ച്ച
പുനഃപരിശോധിക്കണം, വിശുദ്ധരുടെ
മാദ്ധ്യസ്ഥ്യശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത അഭികാമ്യമല്ല, നേര്‍ച്ചപ്പണം ധൂര്‍ത്തടിക്കുന്നതു നീതീകരിക്കാനാവില്ല, ലാളിത്യത്തിന്റെ മാതൃകകളായിരുന്ന വിശുദ്ധരുടെ തിരുനാളുകള്‍
ആഡംബരമാക്കുന്നതില്‍ അനൗചിത്യമുണ്ട്, സാമൂഹികപ്രതിബദ്ധതയോടുകൂടിയ
കാരുണ്യപ്രവര്‍ത്തനങ്ങള്‍കൊണ്ട് തിരുനാളുകളെ ക്രൈസ്തവസാക്ഷ്യത്തിന്റെ
അവസരങ്ങളാക്കണം'' എന്നൊക്കെ സീറോ-മലബാര്‍ മേജര്‍
ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രസ്താവിച്ചിട്ടുള്ളതായി 2016 ആഗസ്റ്റ് 18-ലെ പത്രങ്ങളില്‍
കാണുകയുണ്ടായി. ആഗസ്റ്റ് 28-നു സമാപിച്ച 42-ാമത് സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍
അസംബ്ലിയിലും, പാവങ്ങളുടെ പക്ഷംചേരുന്നതു
സംബന്ധിച്ചും ദേവാലയനിര്‍മ്മാണത്തിലെ ധൂര്‍ത്തിനെതിരായും സ്ത്രീ-പുരുഷസമത്വം
ഉറപ്പുവരുത്തുന്നതിനുവേണ്ടിയുമൊക്കെയുള്ള കുറെ നല്ല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നുവെന്നും
അതെല്ലാം സംബന്ധിച്ച് വിശ്വാസിസമൂഹത്തിനു പുതിയ മാര്‍ഗ്ഗരേഖകള്‍ നല്‍കുമെന്നും
വാര്‍ത്തകളില്‍ കാണുകയുണ്ടായി.
കേരളത്തിലുള്ള സഭാനവീകരണപ്രസ്ഥാനങ്ങളെങ്കിലും നിരന്തരമായി ആവശ്യപ്പെട്ടുപോന്നിരുന്ന
ഈ വിഷയങ്ങളില്‍ ചര്‍ച്ചയും അനുകൂലമായ പ്രസ്താവനകളുമെല്ലാം ഉണ്ടായി എന്നതില്‍ ഈ
സ്വതന്ത്രസഭാപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. അതോടൊപ്പംതന്നെ, ഇതെല്ലാം കേവലം പ്രസ്താവനകളില്‍ ഒതുങ്ങാതിരിക്കാന്‍, സഭയില്‍ തുടരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും
അനീതികള്‍ക്കുമെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിക്കുകയും
ചെയ്യാം. കാരണം, ഈ പ്രസ്താവനകളൊന്നും ആത്മാര്‍ത്ഥതയോടെ
നടത്തിയതല്ലെന്നും, അതിനവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയായിരുന്നുവെന്നുമുള്ളതാണു
സത്യം. മെത്രാന്മാര്‍ക്കും മൊത്തം പൗരോഹിത്യത്തിനുതന്നെയുംനേരെ, ഈ പ്രസ്ഥാനങ്ങള്‍ ഉതിര്‍ത്തുകൊണ്ടിരിക്കുന്ന വിമര്‍ശനശരങ്ങളില്‍നിന്നു
മുഖം സംരക്ഷിക്കാനും, ജനങ്ങളുടെ മുമ്പില്‍
തുടര്‍ന്നും എളിമയുടെയും വിശുദ്ധിയുടെയുമായ ഒരു മുഖം പ്രദര്‍ശിപ്പിക്കാനുംവേണ്ടി
നടത്തിയതാണ് ഈ പ്രസ്താവനകളൊക്കെ എന്ന് അവര്‍ക്കുപോലും നിശ്ചയമുണ്ടാകും.
പുതിയ തീരുമാനങ്ങള്‍ സംബന്ധിച്ച്, 'വിശ്വാസികള്‍ക്കു പുതിയ
മാര്‍ഗ്ഗരേഖകള്‍ നല്‍കു'മെന്ന പ്രസ്താവനതന്നെ
ഇതിനു പിന്നിലെ കാപട്യവും ആത്മാര്‍ത്ഥതയില്ലായ്മയും വെളിച്ചത്തു
കൊണ്ടുവരുന്നുണ്ട്. അതായത്, 'അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും ആര്‍ഭാടങ്ങളും സ്ത്രീവിവേചനവുമെല്ലാം നടമാടുന്നത്
വിശ്വാസികളുടെയിടയിലാണ്. അവരെ നേരെയാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍
ഞങ്ങളിതാ തിരുമനസ്സായിരിക്കുന്നു' എന്ന്! തങ്ങള്‍ ഇതില്‍നിന്നെല്ലാം
മുക്തരാണ് എന്ന തരത്തിലുള്ള ഈ സ്വയംനീതീകരണമനോഭാവമില്ലായിരുന്നെങ്കില്‍, 'വൈദികര്‍ക്കു പുതിയ മാര്‍ഗ്ഗരേഖ നല്‍കും' എന്ന വിധത്തിലെങ്കിലുമാകുമായിരുന്നു, സിനഡിന്റെ പ്രസ്താവന. കാരണം, വിശ്വാസികളുടെ മനസ്സുകളില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിത്തുകള്‍
വിതയ്ക്കുന്നതും നട്ടുനനച്ചുവളര്‍ത്തുന്നതും പൗരോഹിത്യമാണ്. ആധികാരികസഭ പേരു
വെട്ടിയ 'ഇല്ലാവിശുദ്ധരു'ടെ പേരുകളില്‍പ്പോലും നൊവേനകളും വ്യത്യസ്തങ്ങളായ
അനാചാരപാരമ്പര്യങ്ങളും നടപ്പാക്കി അന്ധവിശ്വാസത്തിന്റെ വഴികളിലൂടെ വലിച്ചിഴച്ച്
മെത്രാന്മാരുടെ അനുവാദത്തോടെ മനുഷ്യരെ ചൂഷണംചെയ്യുന്നത്, പുരോഹിതരല്ലാതെ മറ്റാരാണ്! വേഷവിധാനങ്ങളില്‍ വര്‍ണ്ണപ്പകിട്ടും
ആര്‍ഭാടവും പ്രകടിപ്പിക്കുന്നതും സിംഹാസനപ്രൗഢി കാട്ടുന്നതും മെത്രാന്മാരും
പുരോഹിതരുമല്ലാതെ മറ്റാരാണ്? ജനഹിതത്തെ അവഗണിച്ച്, ലളിതസുന്ദരവും ബലവത്തുമായ അവരുടെ പള്ളികള്‍ പൊളിച്ചുമാറ്റി
പുതിയ ആര്‍ഭാടപ്പള്ളികള്‍ പണിയാന്‍ ഇടവകക്കാരെ നിര്‍ബ്ബന്ധിക്കുന്നതും
പൗരോഹിത്യമാണ്.
സ്ത്രീ-പുരുഷസമത്വമില്ലായ്മ സഭാഘടനയ്ക്കുള്ളിലുള്ളത്ര വേറെ എവിടെയാണുള്ളത്?' കന്യാസ്ത്രീകളെ ലൈംഗികമായും അല്ലാതെയും ചൂഷണംചെയ്യുന്ന
പുരോഹിതരെ സംരക്ഷിക്കുകയും അവര്‍ക്കിരകളായിത്തീരുന്ന കന്യാസ്ത്രീകളെ
ഒറ്റപ്പെടുത്തിയും നാടുകടത്തിയുമൊക്കെ ശിക്ഷിക്കുകയും ചെയ്യുന്നത്
സ്ത്രീവിവേചനമല്ലാതെ മറ്റെന്താണ്? അദ്ധ്യാപികമാരായ
കന്യാസ്ത്രീകളുടെ ശമ്പളത്തില്‍നിന്നൊരു ഭാഗം 'നോക്കുകൂലി'യായി വസൂലാക്കുകയും
അദ്ധ്യാപകപുരോഹിതരെ അതില്‍ നിന്നൊഴിവാക്കുകയും ചെയ്യുന്ന രൂപതയുടെ നടപടി എത്രയോ
വലിയ സ്ത്രീവിവേചനമാണ്! ഇതൊക്കെ ചെയ്യുന്നത് മെത്രാന്മാരും അവരുടെ കീഴിലുള്ള
പുരോഹിതരുമാണെന്നിരിക്കേ, അവ സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വിശ്വാസിസമൂഹത്തിനു നല്‍കിയിട്ടെന്തു കാര്യമാണുള്ളത്?
നേര്‍ച്ചപ്പണം ധൂര്‍ത്തടിക്കുന്നതാരാണ്?
ബ്രഹ്മാണ്ഡ
അരമനകളും ആഡംബരകാറുകളും മെത്രാഭിഷേകമാമാങ്കങ്ങളുമെല്ലാം ഈ നേര്‍ച്ചപ്പണത്തിന്റെ
ധൂര്‍ത്തല്ലേ? കുറ്റവാളികളായ പുരോഹിതരെയും
മെത്രാന്മാരെയും സംരക്ഷിക്കാനും വിശ്വാസികള്‍ക്കെതിരെ കേസു നടത്താനും സുപ്രീം
കോടതിവരെ പോകുന്നതും ഈ നേര്‍ച്ചക്കാശിന്റെ ദുരുപയോഗവും ധൂര്‍ത്തുമല്ലാതെ
മറ്റെന്താണ്? ഇവയെല്ലാം നിര്‍ത്തലാക്കാന്‍
വിശ്വാസിസമൂഹത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് ഒരര്‍ത്ഥത്തില്‍ നല്ലതുതന്നെ!
കേരളസമൂഹത്തില്‍ ഏറ്റവും ദാരിദ്ര്യവും കഷ്ടപ്പാടുകളും നേരിടുന്ന
ദളിതകത്തോലിക്കരുടെ അഭിവൃദ്ധിക്കുവേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കുകയോ, ഈ വിഭാഗത്തിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ച് സിനഡില്‍ ഒന്നു
പരാമര്‍ശിക്കുകപോലുമോ ചെയ്യാത്ത നമ്മുടെ മെത്രാന്മാര്‍ പാവങ്ങളുടെ പക്ഷംചേരാന്‍
തീരുമാനിച്ചിരിക്കുന്നുവത്രെ! എന്തൊരു നീതിബോധം! ആയിരക്കണക്കിന് സഭാസ്ഥാപനങ്ങളില്‍
പ്രവേശനത്തിനും നിയമനങ്ങള്‍ക്കും ദളിത്കത്തോലിക്കര്‍ക്ക് സംവരണം നല്‍കരുത് എന്ന്
സഭാസമൂഹം എന്നെങ്കിലും ആവശ്യപ്പെട്ടതായി ഇന്നോളം ഒരു കേട്ടുകേള്‍വിപോലുമില്ല.
അതായത്, അത് നല്‍കാതിരിക്കുന്നതും
സഭാപൗരോഹിത്യംതന്നെ.
ചുരുക്കത്തില്‍, അടിയന്തിരമായി
പരിഹരിക്കേണ്ട വിഷയങ്ങളായി മാര്‍ ആലഞ്ചേരിയും മെത്രാന്‍ സിനഡും കണ്ടെത്തിയ മുഴുവന്‍
പ്രശ്‌നങ്ങളും അവരുടെയും അവരുടെ കീഴിലുള്ള പുരോഹിതരുടെയും സൃഷ്ടികളാണ്.
അതുകൊണ്ടുതന്നെ, അവയുടെ പരിഹാരത്തിന് അവരുടെ
ഭാഗത്തുനിന്നുള്ള ആത്മവിമര്‍ശനവും തിരുത്തലുകളുമാണ് ആദ്യമുണ്ടാകേണ്ടത്. അതിനവര്‍
തയ്യാറാകുന്നപക്ഷം, വിശ്വാസിസമൂഹം അതിനോടു
തീര്‍ച്ചയായും സഹകരിക്കും. അപ്പോള്‍ മാത്രമേ സഭാസമൂഹത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കേണ്ട ആവശ്യം വരുന്നുള്ളൂ.
സഭയിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യമെടുത്താല്‍, അവ ഏതെല്ലാമെന്ന് വ്യക്തമായി കാണാനുള്ള ആദ്ധ്യാത്മികഉള്‍ക്കാഴ്ച
ബഹുഭൂരിപക്ഷം മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ഇല്ല. അതുള്ളവര്‍ക്കാകട്ടെ, അതു വിളിച്ചുപറയാനുള്ള ധാര്‍മ്മികധീരതയുമില്ല. യഥാര്‍ത്ഥ
ദൈവവിശ്വാസവും അതുവഴിയുണ്ടാകുന്ന ദൈവപരിപാലനയിലുള്ള വിശ്വാസവും സഭാധികൃതര്‍ക്കുണ്ടായിരുന്നെങ്കില്‍, ആ വിശ്വാസം പകര്‍ന്നുകൊടുത്ത് ജീവിതത്തെ ശാന്തമായി
നേരിടാനുള്ള ആത്മബലവും പക്വതയും ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കു
കഴിയുമായിരുന്നു; വിശ്വാസികളെ 'ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും' തേടുന്നവരും അങ്ങനെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും നേടുന്നവരും
(മത്താ. 6:33) ആക്കി മാറ്റാന്‍
ശ്രമിക്കുമായിരുന്നു. ഇതൊക്കെ സാധിക്കണമെങ്കില്‍, സഭയെ നയിക്കുന്നവര്‍ ആത്മീയനിറവുള്ള ആചാര്യന്മാരും സത്യം ജ്വലിക്കുന്ന
ധീരപ്രവാചകരും ആകേണ്ടതുണ്ട്. അതിനു പക്ഷേ,
സാത്താന്‍
വച്ചു നീട്ടുന്ന സമ്പത്തും അധികാരവും പ്രതാപങ്ങളും യേശുവിനെപ്പോലെ ഉപേക്ഷിക്കാന്‍, ദൈവത്തെ സേവിക്കുന്നതിനായി മാമോന്‍ സേവ
വേണ്ടെന്നുവയ്ക്കാന്‍, തയ്യാറാകുന്നവര്‍ക്കു
മാത്രമേ സാധിക്കുകയുള്ളുവല്ലോ.
പ്രവാസിമലയാളികത്തോലിക്കരുടെ സഭാപൈതൃകസംരക്ഷണത്തിനെന്ന പേരില്‍, അവരുടെ ഹിതത്തിനു വിപരീതമായി, അവരുടെ പോക്കറ്റില്‍ കൈയിട്ടുവാരിക്കൊണ്ട് ലോകം മുഴുവന്‍
റീത്തധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന സീറോ-മലബാര്‍ മെത്രാന്മാരുടെ ആ നീക്കം
മാത്രംമതി, അവരുടെ
സാമ്പത്തിക-അധികാരക്കൊതികളും സ്വമഹത്വകാംക്ഷയും നേര്‍ബുദ്ധിയുള്ള ആര്‍ക്കും
വ്യക്തമായി കാണാന്‍; ഒപ്പംതന്നെ ഇവരുടെ
മനസ്സുകളെ ഭരിക്കുന്നത് ആദ്ധ്യാത്മികതയല്ലെന്നും ഭൗതികവാഞ്ഛകളാണെന്നു കാണാനും.
കേരളസഭയിലെ എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിസ്ഥാനകാരണം
സഭാദ്ധ്യക്ഷന്മാരുടെയും അവരുടെ കീഴ്ജീവനക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്ന
പുരോഹിത-കന്യാസ്ത്രീവൃന്ദങ്ങളുടെയും ആദ്ധ്യാത്മികശൂന്യതയും ആദ്ധ്യാത്മികലേബലിലുള്ള
ഭൗതികവ്യഗ്രതകളുമാണെന്ന് അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും കണ്ടെത്താനാകും.
നേര്‍ച്ചപ്പെട്ടി വച്ചുള്ള എല്ലാ പ്രതിമാവണക്കങ്ങളും അനുഷ്ഠാനങ്ങളും നേര്‍ച്ചകാഴ്ചകളും
അന്ധവിശ്വാസാചാരങ്ങളുടെ ഗണത്തില്‍പ്പെടുന്നു. 'നിങ്ങളുടെ എല്ലാ ആവശ്യങ്ങളും സ്വര്‍ഗീയപിതാവ് അറിയുന്നു. അതേക്കുറിച്ചു
നിങ്ങള്‍ ആകുലരാകേണ്ട' എന്ന് യേശു പറയുമ്പോള്‍, ദൈവത്തോടു വക്കാലത്തുപറയാന്‍ ശേഷിയുണ്ടെന്നു
വിശ്വസിപ്പിച്ച്, കാര്യസാധ്യത്തിനായി മനുഷ്യരെ
ഓരോരോ വിശുദ്ധരുടെ പ്രതിമകള്‍ക്കു മുമ്പിലേക്കു പറഞ്ഞുവിടുകയാണു പൗരോഹിത്യം! 'സ്വകാര്യവ്യഗ്രതകളില്‍ മുങ്ങിപ്പോകാതെ ദൈവരാജ്യം
അന്വേഷിക്കുന്നപക്ഷം, എല്ലാവരുടെയും
കാര്യങ്ങള്‍ നിവൃത്തിച്ചുകിട്ടു'മെന്ന യേശുവിന്റെ
വാക്കുകളില്‍ വിശ്വാസമുറപ്പിക്കാന്‍ ശ്രമിക്കാതെ, ഓരോരുത്തരെയും സ്വന്തം കാര്യങ്ങളില്‍ത്തന്നെ കെട്ടിയിട്ട് വിഹ്വലമനസ്‌കനും
സ്വകാര്യമാത്രപരനും അന്ധവിശ്വാസിയുമാക്കുന്നു, സഭാപൗരോഹിത്യം. അങ്ങനെ, യേശുവിരുദ്ധമായ തന്‍കാര്യസുവിശേഷം
പ്രഘോഷിക്കുകയും, അതിനായി കഴുന്നെടുക്കല്‍, അടിമവയ്പ്പിക്കല്‍, നൊവേനകള്‍, തീര്‍ത്ഥാടനങ്ങള്‍ മുതലായ അനാചാരങ്ങള്‍ക്കാവശ്യമായ
സംവിധാനങ്ങളൊരുക്കിക്കൊടുക്കുകയുംചെയ്തു പണസമ്പാദനം നടത്തുന്ന ഒരു
സ്ഥാപനമായിരിക്കുകയാണിന്നു സഭ. ഇതിന്റെയെല്ലാം മാനേജര്‍മാര്‍മാത്രമാണിന്നു സഭാദ്ധ്യക്ഷന്മാര്‍.
അവര്‍ക്കെങ്ങനെ, അവരിരിക്കുന്ന
അന്ധവിശ്വാസവൃക്ഷത്തിന്റെ ചുവടുവെട്ടാനാകും! ഇന്നത്തെ നിലയില്‍ അതു
സാധ്യമാവില്ലതന്നെ.
അതിനുസാധിക്കണമെങ്കില്‍, അതിനുമുമ്പ്
സഭാപൗരോഹിത്യംതന്നെ തങ്ങളിന്ന് എത്തിനില്‍ക്കുന്ന നിലപാടുകളെ യേശുവിന്റെ
പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ സമൂലമായ പുനഃപരിശോധനയ്ക്കും തിരുത്തലുകള്‍ക്കും
ധീരതയോടെ വിധേയമാക്കേണ്ടതുണ്ട്. ആത്മാന്വേഷത്തിലൂടെ, തന്നെ ചൂഴ്ന്നുനില്‍ക്കുകയും തന്നില്‍ കുടികൊള്ളുകയും ചെയ്യുന്ന ആത്മാവിനെ
കണ്ടെത്തുകയും തന്റെ ആ സത്തയില്‍ മുഴങ്ങിനില്‍ക്കുന്ന ദൈവവചനങ്ങള്‍ക്കു കാതുകൊടുക്കുകയും
ചെയ്യാന്‍ തയ്യാറാകേണ്ടതുണ്ട്. അതെല്ലാം പുരമുകളില്‍ കയറിനിന്ന് നിര്‍ഭയം
വിളിച്ചുപറയാന്‍ ധൈര്യപ്പെടേണ്ടതുമുണ്ട്. ദൈവവിളികേട്ട്
പൗരോഹിത്യത്തിലേക്കിറങ്ങിപ്പുറപ്പെട്ടവരില്‍ ഒരു ശതമാനംപേരെങ്കിലും ഈ യഥാര്‍ത്ഥ
ദൈവവിളിക്കു കാതുകൊടുക്കാന്‍ തയ്യാറായാല്‍
മതി, ഇന്നത്തെ അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും മാമോന്‍ഭരണവും സഭയില്‍നിന്നു നിഷ്‌ക്രമിച്ചുകൊള്ളും.
ജ്ഞാനവും ആത്മീയതയും നിറഞ്ഞ എത്രയോ നല്ല വൈദികര്‍, അധികാരപ്രമത്തവും സാത്താനികവുമായ ഇന്നത്തെ
സഭാഘടനയ്ക്കുള്ളില്‍ തങ്ങളുടെ എല്ലാ അറിവുകളും കഴിവുകളും, തങ്ങളുടെ അന്നം മുട്ടുമോ എന്നു ഭയന്ന്, പറയ്ക്കടിയിലെന്നപോലെ പൂഴ്ത്തിവച്ച്, അസ്വസ്ഥരായി കഴിയുന്നു! നന്മയും കാഴ്ചപ്പാടുമുള്ള എത്രയോ
കന്യാസ്ത്രീകള്‍, വായൊന്നു പൊളിച്ചാല്‍ ജീവിതം
തകരുമെന്നു ഭയന്ന് ആവൃതികള്‍ക്കുള്ളില്‍ എല്ലാം സഹിച്ചു കഴിയുന്നു! യേശുവില്‍
ധൈര്യപ്പെട്ട് ശിരസ്സുയര്‍ത്തി ഒന്നു നിവര്‍ന്നുനില്‍ക്കാന്‍ ഇവരില്‍ കുറേപേര്‍ക്കെങ്കിലും
കഴിഞ്ഞാല്‍മതി, ആ നിമിഷം സഭയില്‍ കാര്യങ്ങള്‍
മാറിമറിയാനാരംഭിക്കും. ... പേടിച്ചതിനു വിപരീതമായി, സംരക്ഷിതരും ജനഹൃദയങ്ങളില്‍ ഉന്നതസ്ഥാനമുള്ളവരുമായിത്തീരും, അവര്‍. അന്യഥാ പാഴായിപ്പോകുമായിരുന്ന അവരുടെ ജീവിതങ്ങള്‍
സഫലമായിത്തീരുകയും ചെയ്യും.
കേരളക്രൈസ്തവസമൂഹം കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളായി ഒന്നിനൊന്നു
പ്രബുദ്ധമായിക്കൊണ്ടിരിക്കുന്നു. പ്രജാസമാനരായിരുന്ന അത്മായര്‍ സഭാപൗരന്മാര്‍ എന്ന
അവസ്ഥയിലേക്കു വളരുകയാണ്. വളരെ പ്രകടമല്ലെങ്കിലും അതിന്റെ അനുരണനങ്ങള്‍
പുരോഹിത-കന്യാസ്ത്രീവിഭാഗങ്ങളിലും സംഭവിക്കുന്നുണ്ട്. ഈ പൗരബോധത്തിനുമുമ്പില്‍
പിടിച്ചുനില്‍ക്കാനാകാതെ സഭയിലെ രാജകീയപൗരോഹിത്യം വിറളിപൂണ്ടു
തുടങ്ങിയിരിക്കുന്നു. അതിനനുസൃതമായി, ഒരു വശത്ത്
അന്ധവിശ്വാസങ്ങള്‍ വളര്‍ത്തി വിശ്വാസികളെ പ്രജകളും അടിമകളുമാക്കാനുള്ള ശ്രമവും
മറുവശത്ത്, എല്ലാം പുനഃപരിശോധിക്കാം, മാറ്റാം എന്നു പ്രഖ്യാപിച്ചു പിടിച്ചുനില്‍ക്കാനുള്ള
ശ്രമവും നടക്കുകയാണ്... എണ്ണം എത്രയുണ്ടെങ്കിലും പ്രജകളൊരിക്കലും ചരിത്രം
സൃഷ്ടിക്കുന്നില്ല; മറിച്ച്, എണ്ണത്തിലെന്നും കുറവെങ്കിലും ഉള്ളുണര്‍വ്വു നേടിയ
പൗരന്മാരാണ് എന്നും എവിടെയും ചരിത്രം സൃഷ്ടിക്കുന്നത്. കേരളസഭയില്‍ ഒരു
നാവോത്ഥാനചരിത്രം സൃഷ്ടിക്കാന്‍ സഭാസമൂഹത്തിലെന്നപോലെ, പുരോഹിത-കന്യാസ്ത്രീവിഭാഗങ്ങളിലും ഈ പൗരബോധമുണര്‍ന്ന്
തമ്മില്‍ കൈകോര്‍ക്കാന്‍ ഇടവരട്ടെ!
സത്യജ്വാല ഇതുവരെയുള്ള ലക്കങ്ങള്‍ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കുവാന്‍
സന്ദര്‍ശിക്കുക: http://almayasabdam.com/sathyajvala/sathyajvala-2/